ചന്ദ്രേട്ടൻ എവിടെയാ (2015)
Language : Malayalam
Genre : Comedy | Drama
Director : Sidharth Bharathan
IMDB Rating : 6.2
Chandrettan Evideya Theatrical Trailer
നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാർത് ഭരതൻ, സന്തോഷ് എച്ചിക്കാനം എഴുതി ദിലീപും നമിത പ്രമോദും അനുശ്രീയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ചന്ദ്രേട്ടൻ എവിടെയാ? പ്രദീപ് പിള്ളയാണ് സംഗീതം.
ചന്ദ്രമോഹൻ ഒരു സർക്കാരുദ്യോഗസ്ഥനാണ്, സുഷമ എന്ന ഭാര്യയും ഒരു കുട്ടിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബം. ചന്ദ്രമോഹൻ തിരുവനന്തപുരത്ത് താമസിച്ചാണ് ജോലി ചെയ്യുന്നത്. ചന്ദ്രമോഹന് ക്ലാസിക്കൽ നൃത്തം ഒരു വീക്നെസ്സാണ്. പിന്നെ കൂട്ടുകാരുമൊത്ത് മദ്യസേവയും പതിവാണ്. അങ്ങിനെയിരിക്കെ, ഗീതാഞ്ജലി എന്ന പെണ്കുട്ടിയെ പരിചയപ്പെടുന്നു, ഒരു നാഡി ജ്യോൽസ്യൻ പറഞ്ഞ പ്രകാരം, തൻറെ പൂർവജന്മത്തിലെ വസന്തമല്ലിക എന്ന പെണ്കുട്ടിയാണെന്ന് തെറ്റിദ്ധരിക്കുന്ന ചന്ദ്രമോഹൻ, അവരുമായി കൂടുതൽ അടുക്കുന്നു. ഇതേ തുടർന്നുള്ള പൊല്ലാപ്പും പ്രശ്നങ്ങളും ഒക്കെ ഒരു തമാശ രൂപേണ അവതരിപ്പിച്ചിരിക്കുകയാണ് സിദ്ധാർഥ്.
സ്ഥിരം മലയാളം ന്യൂ ജെനെറേഷൻ സിനിമകളിൽ കണ്ടു വരുന്ന ഒരേ അവിഹിത കഥയാണീ സിനിമയിലും. അവതരണത്തിന്റെ രീതിയിൽ മാത്രമേ ഇത്തിരി വ്യതസ്തമാവുന്നുള്ളൂ ചന്ദ്രേട്ടൻ എവിടെയാ?. കുറച്ചു ഹാസ്യത്തിന്റെ മേമ്പൊടി ചാര്തിക്കൊണ്ടാണ് സിദ്ധാർഥ് കൊണ്ട് വന്നിരിക്കുന്നത്. പഴയ വീഞ്ഞ് പഴയ കുപ്പിയിൽ തന്നെ അല്ലാതെ യാതൊരു മാറ്റവുമില്ല.
ദിലീപ്, പഴയ കാലത്തിലേക്കുള്ള അദ്ദേഹത്തിന്റെ റോളുകളിലേക്ക് ഉള്ള മടങ്ങിപ്പോക്കാണെന്നു തുടക്കത്തിൽ തോന്നിപ്പിച്ചുവെങ്കിലും, പക്ഷെ ആ റോളിലേക്ക് എത്താൻ ഒത്തിരി കഷ്ടപ്പെടുന്നതായിട്ടാണ് തോന്നിയത്. ഒരു അഞ്ചു വര്ഷം മുന്പിറങ്ങിയ ദിലീപിന്റെ സിനിമകളിലെ സ്ഥിരത കാണാൻ കഴിയുന്നില്ല എന്നുള്ളതാണ് വസ്തുത. അനുശ്രീ, മലയാളിയ്ക്ക് നല്ല ഒരു സ്വഭാവ നടിയെ കിട്ടി എന്നുള്ളതിൽ ആശ്വസിക്കാം. അവരുടെ അഭിനയം ഓരോ സിനിമ കഴിയുമ്പോഴും നന്നായി മെച്ചപ്പെട്ടു വരുന്നുണ്ട്. നമിത പ്രമോദ്, സുന്ദരിയായി (ഒരു മുതിർന്ന പെണ്ണായി) തോന്നിയെങ്കിലും പ്രത്യേകിച്ച് അഭിനയം പ്രകടിപ്പിക്കേണ്ട ഒരു റോൾ ആയി തോന്നിയില്ല.. പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.. സുമേഷ് ആയി വന്ന ഷൌബിൻ ഷഹീർ വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ചെറിയ റോളുകളിൽ പ്രത്യക്ഷപെട്ട മുകേഷ്, സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പൻ വിനോദ് എന്നിവരാരും മോശമാക്കിയില്ല..
ചില കോമഡി സീനുകൾ നന്നായിരുന്നുവെങ്കിലും, ദിലീപ്-കൊച്ചു പ്രേമൻ സീനുകൾ വൻ ബോറടിയ്ക്കുള്ള വക തരുന്നുണ്ട്.
പ്രശാന്ത് പിള്ളയുടെ സംഗീതമാണ് ഒരു തരത്തിൽ പറഞ്ഞാൽ അല്പമെങ്കിലും ആശ്വാസം തരുന്നത്. "വസന്തമല്ലികെ" എന്ന് തുടങ്ങുന്ന ഗാനം കാതിനു വളരെയധികം ഇമ്പം പകരുന്ന ഒന്ന് തന്നെയാണ്.
ബോക്സോഫീസിൽ സമീപ കാലത്ത് ദിലീപ് പടത്തിനു ലഭിയ്ക്കാത്ത ഒരു വിജയം ഈ ചിത്രം നൽകിയെങ്കിലും, ഒരു നല്ല ഹാസ്യ ചിത്രം എന്നാ പേരിൽ ഈ ചിത്രം നീതി പാലിച്ചിട്ടുണ്ടോ എന്നാ കാര്യത്തിൽ സംശയമാണ്.
എൻറെ റേറ്റിംഗ് : 5.9 ഓണ്‍ 10
No comments:
Post a Comment