ദി വെടടിങ് റിങ്ങർ (2015)
Language : English
Genre : Comedy | Drama
Director : Jeremy Garelick
IMDB Rating : 6.7
The Wedding Ringer Trailer
അമേരിക്കയിൽ പൊതുവെ കല്യാണങ്ങളിൽ ചെക്കനും പെണ്ണിനും ബെസ്റ്റ് മാൻ/ ബ്രൈട്സ്മൈട്സ് എന്നൊരു സമ്പ്രദായമുണ്ട്. അതായത് ചെക്കനു കൂടെ നില്ക്കാൻ ബെസ്റ്റ് മാനും (അത് 3 മുതൽ 7 വരെ ഉണ്ടാവാറുണ്ട്), പിന്നെ പെണ്ണിന് കൂടെ നിൽക്കാൻ ബ്രൈട്സ്മൈട്സ് ഉണ്ടാവാറുണ്ട്. അങ്ങിനെ കല്യാണത്തിനു വേണ്ടി ബെസ്റ്റ് മാനെ വിതരണം ചെയ്യുന്ന ജിമ്മി കാലഹാനെ പറ്റിയുള്ള കഥയാണ് ദി വെടടിംഗ് റിന്ഗർ. ദി ബ്രേക്ക് അപ് എന്ന ചിത്രം എഴുതിയ ജെറമി ഗാർലിക്ക് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ കന്നി സംരംഭം ഒരു വൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ടിയാൻ.ഇനി കഥയിലേക്ക് വരാം. സുഹൃത്തുക്കളില്ലാത്ത ഡഗ്, തന്റെ കല്യാണത്തിനു ബെസ്റ്റ്മാനു വേണ്ടിയുള്ള തിരച്ചിലാരംഭിക്കുന്നു. വെറും രണ്ടാഴ്ച മാത്രം കല്യാണത്തിനു ബാക്കിയുള്ളപ്പോൾ ഒരാൾ കൂടി ബെസ്റ്മാനായി ലഭിക്കാത്ത ഡഗ്, ജിമ്മി കാലഹാൻ എന്ന ബെസ്റ്റ് മാൻ ഏജൻസി നടത്തിപ്പുകാരനെ വാടകയ്ക്കെടുക്കുന്നു. ഡഗ് തന്റെ പ്രതിശ്രുത വധുവിനോട് തനിക്കു 7 സുഹൃത്തുക്കളുണ്ട്, അവരെല്ലാവരും ബെസ്റ്റ് മാൻ ആയി വരുമെന്ന് പറഞ്ഞത് മൂലം, ജിമ്മിയ്ക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ അത്രയും ആൾക്കാരെ കൂട്ട് ചേർക്കണം എന്ന അതി കഠിനമായ ജോലി ഏറ്റെടുക്കുന്നു. പിന്നീടുണ്ടാവുന്നതെല്ലാം കോമഡിയുടെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ.
ബെസ്റ്റ് മാൻ ജിമ്മി ആയി വന്ന കെവിൻ ഹാർട്ട് തന്റെ റോൾ അവിസ്മരണീയമാക്കി. കെവിന്റെ സംസാര ശൈലിയും അഭിനയവും എല്ലാം നമ്മളിൽ ഒരു നല്ല ചിരി ഉണർത്തും.ഡഗ് ഹാരിസ് ആയി അഭിനയിച്ച ജോഷ് ഗാട് ഒട്ടും മോശമാക്കിയില്ല.. കെവിൻ ഹാർട്ടും ജോഷും നല്ല ഒരു കെമിസ്ട്രി ഉളവാക്കിയിട്ടുണ്ട്. ഒലീവിയ തിർല്ബി, കെലീ കുകൂ, മിമി റോജേർസ്, നിക്കി വെലാൻ തുടങ്ങിയ ഒരു നീണ്ട താര നിര തന്നെയുണ്ടിതിൽ.
ഒരു നിമിഷം പോലും നമുക്ക് ബോറടിക്കാണ്ടാണ് ഈ കഥ ജെറമി ഗാർലിക്ക് നമുക്ക് വേണ്ടി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു പുതുമയുള്ള കഥ അതാണ് ഇതിന്റെ ഹൈലൈറ്റ് എന്ന് പറയാം. കുറച്ചു ക്ലിഷേ സീനുകൾ ഉണ്ടെങ്കിലും, അത് കഥയ്ക്കനുയോജ്യമായത് കൊണ്ട് നമുക്ക് ക്ഷമിക്കാം. മൊത്തത്തിൽ പറഞ്ഞാൽ ഈ ചിത്രം കണ്ടു കഴിയുമ്പോൾ, നമ്മുടെ ചുണ്ടിൽ ഒരു പുഞ്ചിരി സമ്മാനിച്ചിട്ടുണ്ടെങ്കിൽ അത് ഈ സംവിധായകന്റെ വിജയം തന്നെയാണ്.
മൈ വെർഡിക്റ്റ്: ഒരു ഫീൽ ഗുഡ് കോമഡി ഡ്രാമ
മൈ റേറ്റിംഗ്: 8 ഓണ്‍ 10
No comments:
Post a Comment