ചിറകൊടിഞ്ഞ കിനാവുകൾ (2015)
Language : Malayalam
Genre : Comedy | Drama | Parody
Director : Santosh Vishwanath
IMDB Rating : 6.7
Chirakodinja Kinavukal Theatrical Trailer
ഇംഗ്ലീഷിലും പല ഭാഷകളിലും സ്ഥിരമായി പരീക്ഷിച്ചിരുന്ന ഒരു രീതിയാണ് മുഖ്യധാര ചിത്രങ്ങളുടെ സ്പൂഫ്. അത് സൂക്ഷ്മമായി ചെയ്തില്ല എങ്കിൽ വെറും കോമാളിത്തരം ആയി പോകാനും സാധ്യതയുണ്ട്, പ്രേക്ഷകർ അത് വളരെ എളുപ്പത്തിൽ തള്ളിക്കളയാനും സാധ്യതയുള്ള സ്പൂഫ് ചിത്രത്തെ മലയാളത്തിലേക്ക് കൊണ്ട് വരുമ്പോൾ അതിനുള്ള സാധ്യത തള്ളിക്കളഞ്ഞു കൊണ്ട് സംവിധാനം ചെയ്യണം എന്ന ഒരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. ശ്രീനിവാസൻ തന്നെ എഴുതിയ അഴകിയ രാവണിലെ "ചിറകൊടിഞ്ഞ കിനാവുകൾ" ഒരു ഉപകഥ അല്ലെങ്കിൽ ഒരു ഏട് അവലമ്പിച്ചിട്ടാണ് ഈ ചിത്രവും തയാറാക്കിയിരിക്കുന്നത്. ക്ലീഷേകൾ നിറഞ്ഞ ഒരു കഥയെ, തയാറാക്കുമ്പോൾ അത് വിജയിക്കാൻ വേണ്ടിയ ഖടകങ്ങൾ ചേർക്കണം എന്നുള്ളത് ഒരു പരമമായ സത്യമാണ്.
മലയാള സിനിമാ ചരിത്രത്തോളം പഴക്കമുള്ള ക്ലിഷെകൾ എല്ലാം കൂടി ചേർത്തിണക്കി ഒരുക്കിയ ഈ കോമഡി ചിത്രം, അതിന്റെ അതേ ഭാവത്തിൽ കണ്ടില്ലാഎങ്കിൽ തികച്ചും ഒരു വിരസമായ ചിത്രമാകും. അതേ സമയം, മറിച്ചാണെങ്കിൽ 142 മിനുട്ടും ഉല്ലസിച്ചു കാണാൻ പറ്റുന്ന ചിത്രം ആണിത്. എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ കുറച്ചു ലാഗ് ചെയ്തെങ്കിലും ബാക്കിയുള്ള സീനുകൾ എല്ലാം തന്നെ വളരെ ആസ്വാദ്യകരമായിരുന്നു.
ചിറകൊടിഞ്ഞ കിനാവുകൾ എന്ന സിനിമ ആരംഭിക്കുന്നത് അഴകിയ രാവണിലെ അംബുജാക്ഷനിൽ നിന്നുമാണ്. തൻറെ കഥയുമായി സംവിധായകനെയും നിർമ്മാതാവിനെയും കാണാൻ പോകുന്നു. അവിടെ ചെല്ലുമ്പോൾ സംവിധായകാൻ നമ്മുടെ മലയാളി പ്രേക്ഷകരുടെ പൾസ് പറയുന്നതെല്ലാം ശരിക്കും യാഥാർത്ഥ്യം തന്നെയാണ്. ഇവിടെ പലർക്കും അത് പിടിക്കില്ല എന്നത് വാസ്തവം. അവിടെ മുതൽ ക്ലീഷേകളുടെ ആരംഭമാണ്. അങ്ങിനെ അംബുജാക്ഷൻ കഥ പറഞ്ഞു തുടങ്ങുന്നു. പണക്കാരിയായ പെണ്‍കുട്ടിയെ സ്നേഹിക്കുന്ന ഒരു പാവം തയ്യല്ക്കാരന്റെ കഥയാണ് അദ്ദേഹം പറയുന്നത്. പണക്കാരനായ പെണ്‍കുട്ടിയുടെ അച്ഛൻ വിറകുവെട്ടുകാരൻ അതിനു സമ്മതിക്കുന്നില്ല. അതിനിടയിൽ പ്രതിനായകനായാ NRI ക്കാരൻ വരുന്നു. അവസാനം, എല്ലാവരുടെയും എതിർപ്പുകൾ അവഗണിച്ചു തയ്യൽക്കാരനും സുമതിയും ഒരുമിക്കുന്നു. ഇതാണ് ഇതിവൃത്തം.. മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടുള്ള ഒരു മാതിരി എല്ലാ പഞ്ച് സീനുകൾ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കൂടിയും ഈ സിനിമയിലും അവരുടെ നിർമ്മാതാക്കൾ അറിയാതെ തന്നെ ക്ലിഷെകൾ കടന്നു വന്നത് ഒരു രസം കൊല്ലിയായി തോന്നി.. ചിരിക്കാൻ വേണ്ടി കുറെ സീൻസ് ഉണ്ടെങ്കിലും, കുറച്ചു സീനുകളൊക്കെ നല്ല ബോറായി തന്നെ തോന്നി. ഈ സിനിമയിൽ, ഉള്ള ഓരോ കഥാപാത്രങ്ങൾക്ക് വരെ ഒരു ക്ലിഷേ ഫീലിംഗ് ഉണ്ടാക്കി എന്നത് തന്നെ ഇതിലെ കഥ തിരക്കഥ തയാറാക്കിയ പ്രവീണിനും അരുണിനും അഭിമാനിക്കാവുന്ന കാര്യമാണ്. തികച്ചും അഭിനന്ദനാർഹമാണ്. ഇതിലെ ഭൂരിഭാഗം കഥാപാത്രങ്ങൾക്കും പേര് നല്കിയിട്ടില്ല എന്നതും ഈ ചിത്രത്തിനോട് കാട്ടിയിട്ടുള്ള ഒരു വ്യത്യസ്ത സമീപനമാണ്.
തയ്യൽക്കാരനും യൂകെകാരനുമായി വന്ന ചാക്കോച്ചൻ സാമാന്യം നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. റീമാ കല്ലുങ്കൽ എന്ന നടിയെ ഈ ചിത്രത്തിൽ മുന്പോന്നും തോന്നാത്ത ഒരു ആകർഷണീയത തോന്നി.. ആ കണ്ണുകൾ, കാണാൻ തന്നെ നല്ല ഭംഗിയായിരുന്നു. ശ്രിന്ദ അഷാബും തരക്കേടില്ലായിരുന്നു. ജോയ് മാത്യുവും തരക്കേടില്ലായിരുന്നു.. ശ്രീനിവാസൻ, സുനിൽ സുഖദ, മനോജ് കെ ജയൻ, ജേക്കബ് ഗ്രിഗറി, കീരിക്കാടാൻ ജോസ് (ഒരു വ്യത്യസ്ത വേഷത്തിൽ), എല്ലാവരും തന്നെ നന്നായിരുന്നു. പാട്ടുകൾ മനോഹരം, പ്രത്യേകിച്ച് നിലാക്കുടമേ എന്ന് തുടങ്ങുന്ന ഗാനം.
ഈ ചിത്രം ബോക്സോഫീസിൽ വിജയിക്കാഞ്ഞതും ഒരു ക്ലിഷേ തന്നെയാണ് എന്ന് പറയേണ്ടി വരും. "നല്ലതൊന്നും നായ്ക്കു പിടിക്കില്ലല്ലോ" എന്നൊരു പഴമൊഴിയും ഉണ്ടിവിടെ. നല്ലതിന് വേണ്ടി അല്ലെങ്കിൽ വ്യത്യസ്തതയ്ക്കു വേണ്ടി മുറവിളി കൂട്ടുന്ന മലയാളികൾക്ക് സ്വന്തം മുറ്റത്തു വ്യത്യസ്തത കൊണ്ട് വന്നാലും അയലത്തെ വീട്ടിലേക്കു തന്നെയാണ് നോട്ടം. അത് തന്നെ ഇവിടെയും സംഭവിച്ചിരിക്കുന്നു.
മൊത്തത്തിൽ പറഞ്ഞാൽ അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും, കണ്ടു രസിക്കാവുന്ന ഒരു വ്യത്യസ്ത ചിത്രം ആകുന്നു ചിറകൊടിഞ്ഞ കിനാവുകൾ.
എന്റെ റേറ്റിംഗ് 6.4 ഓണ്‍ 10
No comments:
Post a Comment