അനുക്ഷണം (2014)
Language : Telugu
Genre : Crime | Drama | Slasher | Thriller
Director : Ram Gopal Varma
IMDB Rating : 5.6
Anukshanam Theatrical Trailer
1990,2000 കാലഘട്ടത്തിൽ വളരെയധികം നല്ല ചിത്രങ്ങൾ (അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ) ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടായിരുന്നു. സത്യാ, ജംഗിൾ, രംഗീല, സർക്കാർ, കമ്പനി അങ്ങിനെ നിരവധി. ആ ചിത്രങ്ങൾ ഒക്കെ കാണാൻ തന്നെ ഒരു രസമായിരുന്നു, പ്രത്യേകിച്ചും വയലൻസ് ചിത്രങ്ങൾ. അതിലൊരു കിരീടം വെയ്ക്കാത്ത രാജാവ് തന്നെയായിരുന്നു അദ്ദേഹം. പക്ഷെ പിന്നീടെപ്പോഴോ പാളിപ്പോയി. വളരെ നാളുകൾക്കു ശേഷമാണ്, കുറെയധികം വർഷങ്ങൾ ആയിട്ടുണ്ടാകും ആർജിവിയുടെ ഒരു ചിത്രം കണ്ടിട്ട്. കാരണം അവസാനം കണ്ട ചിത്രങ്ങൾ ഒന്നും ഒരു ചലനവും എന്നിൽ ശ്രിഷ്ടിക്കാത്തവയായിരുന്നു. അത് കൊണ്ട് തന്നെ ഈ ചിത്രം കാണാനിരുന്നപ്പോഴും മനസ്സിൽ യാതൊരു വിധ പ്രതീക്ഷയും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാൽ സിനിമ തുടങ്ങി പുരോഗമിക്കുമ്പോഴേക്കും രാം ഗോപാൽ വർമ്മ എന്ന ആ സംവിധായകന്റെ കഴിവ് തെളിയിച്ചു തുടങ്ങി.
ആന്ധ്രയിൽ വൈകിട്ട് യാത്ര ചെയ്യുന്ന പെണ്‍കുട്ടികൾ കൊല്ലപ്പെടുന്നു. നിരന്തരമായി കൊലകൾ നടന്നു കൊണ്ടേയിരുന്നു. സീതാറാം എന്ന ഒരു ടാക്സി ഡ്രൈവർ ആണ് ഈ കൊലകൾക്ക് പിന്നിൽ. ഈ പെണ്‍കുട്ടികളെ കൊല്ലുന്നത് മൂലം ആനന്ദം തേടുന്ന ഒരു മനോ വൈകല്യമാണ് അയാൾക്ക്. ഗൗതം എന്ന DCPyum അയാളുടെ രണ്ടു അനുയായികളും കൂടിയാണ് കേസ് അന്യെഷിക്കുന്നുവെങ്കിലും ഒരു എത്തും പിടിയും കിട്ടുന്നില്ല.. ഒരു തുമ്പ് പോലും കിട്ടാത്തത് മൂലം മാധ്യമങ്ങളാൽ വേട്ടയാടപ്പെടുകായും ചെയ്യുന്നു. കേസന്യേഷണത്തിനു സഹായത്തിനായി അമേരിക്കയിൽ Behavioral Science Professor ഷൈലജയും എത്തുന്നു. പലയിടങ്ങളിൽ നിന്നും ശവശരീരങ്ങൾ ദിനം പ്രതി കണ്ടു കിട്ടുന്നതോടെ ജനങ്ങള് പൊതു നിരത്തുകളിൽ ഇറങ്ങാൻ ഭയപ്പെടുന്നു. എങ്ങിനെ പോലീസും ഷൈലജയും സീതാറാമിനെ പിടികൂടുന്നു എന്നതാണ് ശേഷം കാഴ്ചയിൽ.
രാം ഗോപാൽ വർമ്മയുടെ തിരക്കഥയും, സംവിധാനവുമാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. പഴയ ആ പ്രതാപത്തിൽ എത്തിയിട്ടില്ലെങ്കിലും, ഇപ്പോഴത്തെ ആർജിവിയുടെ ഫോം വെച്ച് നല്ലതായിരുന്നു. അതി ദാരുണമായ കൊലകളും, അതിന്റെ തീവ്രത അല്ലെങ്കിൽ കാഠിന്യം ശരിക്കും വരച്ചു കാട്ടിയിട്ടുണ്ട് (കൊറിയൻ സിനിമകളുടെ അത്രയ്ക്ക് അങ്ങ് എത്തിയില്ല.. പിന്നെ ഇത് ഭാരതമാണല്ലോ). ഒരു സീരിയൽ സൈക്കോ ത്രില്ലർ എങ്ങിനെ ചിത്രീകരിക്കാമൊ അത്രയും ആഴത്തിൽ തന്നെയാണ് ഈ ചിത്രവും ചിത്രീകരിച്ചിരിക്കുന്നത്. പിന്നെ ഇത്തിരി കല്ലുകടിയായി തോന്നിയത് ബ്രഹ്മാനന്ദംജിയുടെ കോമഡിയാരുന്നു. ഇത്രയും സീരിയസ് വിഷയം കൈകാര്യം ചെയ്യുമ്പോൾ അതിൽ കോമഡി കുത്തിക്കയറ്റണമായിരുന്നോ എന്നാണു എനിക്ക് തോന്നിയത്.
ബാക്ക്ഗ്രൌണ്ട് സ്കോർ കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി. ക്യാമറ, ലൈറ്റിംഗ്, ഫിൽറ്റർസ് ഉപയോഗിച്ചതൊക്കെ നന്നായിരുന്നു. സിനിമയുടെ ആ സീരിയസ് മൂഡ് നിലനിര്ത്താൻ സാധിച്ചു.
വൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. മഞ്ചു വിഷ്ണു, ഡിസിപി ഗൗതമായിട്ടു പ്രശംസനീയമായ പ്രകടനമാണ് കാഴ്ച വെച്ചത്. നോട്ടത്തിലും ഭാവത്തിലും ഒരു തികഞ്ഞ പോലീസുകാരന്റെ തീവ്രത കാട്ടിയിരുന്നു. നല്ല സെലെക്ഷൻ തന്നെയാരുന്നു വിഷ്ണുവിന് ഈ റോൾ. ഒരു സീൻ വിഷ്ണു കിടിലം പ്രകടനം ആയിരുന്നു. വില്ലനായി വന്ന സീരിയൽ കൊലയാളി ആയി അഭിനയിച്ച സൂര്യ ആണ് ഈ ചിത്രത്തിൽ ഏറ്റവും ആകർഷനീയമായിട്ടു എനിക്ക് തോന്നിയത്. ലളിതമായ സൌമ്യമായ രീതിയിൽ അതിലും ഗാംഭീര്യമായ ശബ്ദവും പിന്നെ ആ ക്രൂരത അവതരിപ്പിക്കുന്ന രീതിയുമെല്ലാം ആയപ്പോൾ ഒരു ശക്തനായ വില്ലനായി മാറി. രേവതി, ശൈലജ എന്ന പ്രോഫസ്സർ ആയിട്ട് നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഗൗതമിന്റെ അനുയായികളായി വന്ന സുപ്രീതും ഷ്രാവണും (രണ്ടു പേരും മിക്കവാറും തെലുങ്ക് പടങ്ങളിൽ വില്ലനായി വരുന്നതാണെങ്കിലും ഇതിൽ അല്പം വിത്യസ്തമാണ്) ന്നായിരുന്നു. റിപ്പോർട്ടർ ആയി വന്ന മധു ശാലിനി ഓവർ ആക്ടിംഗ് ആയി തോന്നിപ്പോയി. ഒരു പരിധി വരെ വെറുപ്പിച്ചു. ബ്രഹ്മാനന്ദം നല്ല രീതിയിൽ വെറുപ്പിച്ചു. ഒഴിവാക്കാമായിരുന്ന സീന്സ് ആയിരുന്നു അധെഹത്തിന്റെത്. വിഷ്ണുവിന്റെ ഭാര്യയായി വന്ന തേജസ്വിനി അധികം ഒന്നും ചെയ്യാനില്ലാരുന്നുവെങ്കിലും തരക്കേടില്ല എന്ന് പറയാം.
ബോക്സോഫീസിൽ ഈ ചിത്രം ഒരു ഇൻസ്റ്റന്റ് ഹിറ്റായിരുന്നു.
സ്ലാഷർ ചിത്രങ്ങളുടെ ഗണത്തിൽ ഒന്ന് കൂടെ.. തീര്ച്ചയായും കണ്ടിരിക്കാം..
എന്റെ റേറ്റിംഗ്: 7.2 ഓണ്‍ 10
വാൽക്കഷ്ണം: സിനിമ കണ്ടു കഴിഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത് ഈ ചിത്രം ഒരു സംഭവകഥയെ അടിസ്ഥാനമാക്കിയാണ് ചെയ്തിരിക്കുന്നു എന്ന്. കേട്ടപ്പോൾ ഒരു നിമിഷം ഞെട്ടി.
No comments:
Post a Comment