Cover Page

Cover Page

Saturday, September 24, 2016

192. Oozham (2016)

ഊഴം (2016)


Language : Malayalam
Genre : Action | Crime | Drama | Thriller
Director : Jeethu Joseph
IMDB : 6.7

Oozham Theatrical Trailer 


പൊതുവെ മിക്സഡ് റിവ്യൂ വരാറുള്ള മലയാള ചിത്രങ്ങൾ കാണാറില്ല കാരണം ഗൾഫിൽ പൊതുവെ സിനിമകൾ സമയം തെറ്റിയിറങ്ങുന്നതു കൊണ്ടായിരിക്കാം. പക്ഷെ ഇത് കാണാൻ അല്പം പ്രചോദനം നൽകിയത് രണ്ടു പേര് ആണ്. ഒന്ന് ജീത്തു ജോസഫ, രണ്ടു എൻറെ സുഹൃത്ത് ആൻസൻ.

അധികം മുഖവുര കൂടാതെ തന്നെ കാര്യത്തിലേക്കു കടക്കാം. സിനിമ തുടങ്ങിയ കാലം മുതൽ ഉള്ള ഒരു പ്രമേയം ആണ്, റിവഞ്ച്.  ഷേക്സ്പീരിയയാണ് കാലം മുതൽ പറയാറുള്ള ഒരു പഴമൊഴി ആണ് "റിവഞ്ച് ഈസ് എ ഡിഷ് ബെസ്ററ് സെർവ്ഡ് കോൾഡ് (Revenge is a dish best served cold)". പക്ഷെ ഈ റിവഞ്ച് ഒരുമാതിരി തണുത്തു വിറങ്ങലിച്ചു പോയി എന്ന് പറയാം.

കാലാകാലങ്ങളായി തമിഴിലും മലയാളത്തിലും എന്തിനു ഏതു ഭാഷകളിൽ ഉള്ള സിനിമ ആണെങ്കിലും അതിലുള്ള വരാറുള്ള കഥ  തന്നെയാണ് ജീത്തു ജോസഫ് ഇവിടെ ആവർത്തിച്ചിരിക്കുന്നത് (മുൻകൂർ ജാമ്യം സംവിധായകൻ നേരത്തെ ഇന്റർവ്യൂവിലൊക്കെ പറഞ്ഞെടുത്തിരുന്നു). നായകൻറെ അഭാവത്തിൽ കുടുംബത്തെ ഒന്നടങ്കം  കൊന്നൊടുക്കുന്നു. പിന്നീട് നായകൻ തിരിച്ചു വന്നു എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്തു പ്രതികാരം വീട്ടുന്നു. ഇവിടെ വ്യത്യസ്ത മേക്കിങ് എന്ന് ജീത്തു ജോസഫ് അവകാശപ്പെടുന്നത് എല്ലാ വില്ലന്മാരെയും ബോംബ് പൊട്ടിച്ചു കൊല്ലുന്നു എന്ന് മാത്രമാണ്. വേറെ മേക്കിങ്ങിൽ ഉള്ള പുതുമ നായകൻ അങ്ങ് അമേരിക്കയിൽ നിന്നും ഓൺലൈനിൽ ഇരുന്നു കാണുകയാണ്.  ആ സമയത്തു പ്രിത്വിരാജിന്റെ മുഖത്തു മിന്നി മറയുന്ന നവരസങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.

ചിത്രത്തിൻറെ തുടക്കം കണ്ടപ്പോഴേ സിനിമയുടെ നിലവാരം ഏകദേശം മനസ്സിലായിരുന്നു. ആദ്യത്തെ ബോംബ് സ്ഫോടനം (ഗ്രാഫിക്സ് - അന്യായം, എന്നാലും എൻറെ ജിത്തുവേട്ട നിങ്ങക്കിതെങ്ങിനെ കഴിയുന്നു). അപ്പോഴാണ് വില്ലൻ, വില്ലന്റെ ശിങ്കിടിയ്ക്കു നായകനെ ജീവനോടെ വേണം. (എന്തിനാണാവോ??). ഉണ്ടയില്ലാത്ത തോക്കും പിടിച്ചോണ്ട് നായകന് പുറകെ ഓടുന്ന കുറെ ജൂനിയർ ആർട്ടിസ്റ്റുകൾ സോറി വില്ലന്മാരുടെ ശിങ്കിടികൾ, (ഒരു വെടി പൊട്ടിച്ചാൽ തീരാവുന്ന കഥയെ ഉള്ളൂ..) എന്നാലും കാലിൽ വെടി വെച്ചാൽ ചാകില്ല എന്നീ മണ്ടന്മാർക്കു അറിയുകേല എന്ന് തോന്നുന്നു. ഇടയ്ക്കിടയ്ക്ക് നമ്മുടെ നായകൻ ക്രിസ്തുമസിന് പടക്കം പൊട്ടിക്കുന്ന ലാഘവത്തിൽ ബോംബുകൾ എറിഞ്ഞു പൊട്ടിക്കുന്നുമുണ്ട്. ഇതെല്ലാം നടക്കുന്നത് പട്ടാപ്പകൽ ചെന്നൈയിലെ ഒരു തെരുവിൽ. ഇതെല്ലാം നടക്കുമ്പോഴും പൊതുജനം ഒരാൾ പോലും അക്ഷരം മിണ്ടുന്നില്ല എന്നത് ഏറ്റവും വലിയ കാര്യം. അത് കഴിഞ്ഞു ഫ്‌ളാഷ്ബാക്കിലേക്കു ഒരു മിന്നിമറയൽ (ഉള്ളത് പറഞ്ഞാൽ, ആ സീഖ്‌വെൻസ് എനിക്കിഷ്ടപ്പെട്ടു.. ഒരു വെറൈറ്റി ഉണ്ടായിരുന്നു. പക്ഷെ തുടരെ തുടരെ  അതെ ശൈലി തന്നെ പിന്തുടർന്നപ്പോൾ.. നല്ല അന്യായ ബോറുമായി). നായകൻറെ അനിയത്തി ആയ അഭിനയിച്ച കുട്ടിയുടെ പേരെന്താണാവോ.. നല്ല ബോർ അഭിനയം ആയിരുന്നു. നല്ല രീതിയിൽ വെറുപ്പിക്കാൻ ആ കുട്ടിയെ കൊണ്ട് കഴിഞ്ഞു.  ആണു കാണൽ ചടങ്ങു (നായകനെ വീട്ടിൽ വന്നു അണോഫീഷ്യൽ  ആയിട്ടാണ് ഇത്) കഴിയുമ്പോൾ പ്രിത്വിയുടെ നാണിച്ചുള്ള അഭിനയം, തള്ളവിരല് കൊണ്ട് തറയിൽ പൂക്കളം തീർത്ത് നായകൻ (ഈ ജീത്തു ജോസഫിണിതെന്നാ പറ്റി). ദിവ്യ പിള്ളൈ മേക്കപ്പ് ഒക്കെ ഇട്ടപ്പോൾ കാണാൻ നല്ല രസമുണ്ടായിരുന്നു. മേക്കപ്പിടാതെ.. ആവോ.. എനിക്കറിയില്ല..നിങ്ങൾ തന്നെ പറ...

എല്ലാവരും പറഞ്ഞു ആദ്യ ഭാഗം ആണ് ഭേദം എന്നു. പക്ഷെ എനിക്കെന്തോ ആദ്യ ഭാഗം തന്നെ അല്പം മുഷിച്ചിൽ ആയിരുന്നു. രണ്ടാം ഭാഗത്തു പിന്നെ പ്രത്യേകിച്ചൊന്നും തന്നെയില്ലായിരുന്നു..ലോജിക്കില്ലാത്ത സീനുകളും അനാവശ്യ ഗ്രാഫിക്‌സും (നല്ലതായിരുന്നുവെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു), പിന്നെ അനാവശ്യ ഹെലിക്യാം ഷോട്ടുകൾ.  ഇതൊക്കെ കാണുമ്പോൾ ദൃശ്യം സംവിധാനം ചെയ്ത ഒരു സംവിധായകൻറെ പടമാണോ എന്നു തോന്നിപ്പോവും..

റിവഞ്ച് സിനിമകളിൽ സാധാരണമായി വില്ലന്മാർ ശക്തിയുള്ളവരല്ലയെങ്കിൽ ആസ്വാദനത്തിനു കോട്ടം തട്ടാൻ വളരെയേറെ സാധ്യത ഉണ്ട്. കാരണം ഒരു വൺമാൻ ഷോ ആയിപ്പോകും എന്നത് കൊണ്ടാണ്. ഇവിടെ. കോടീശ്വരന്മാർ ആണെങ്കിലും വകതിരിവ് തീരെയില്ലാത്ത വില്ലന്മാർ, നായകൻറെ ആശയ്ക്കനുസരിച്ചു നിന്ന് കൊടുത്ത് മരണത്തിലേക്ക് നടന്നടുക്കുന്ന വില്ലന്മാർ എന്നു തോന്നിപ്പോകും. 

പ്രിത്വിരാജ് ഒരു ഡെമോളിഷൻ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നതെന്ന് ആദ്യം പറയുന്നുമുണ്ട് അത് വിശ്വാസയോഗ്യമാക്കാൻ ലാപ്ടോപ്പിൽ ഒരു ബിൽഡിങ് ഡിമോളിഷ് ചെയ്യുന്ന സീനും കാട്ടുന്നുണ്ട്. അത്തരം കമ്പനിയിൽ ഒരു എഞ്ചിനീയർ ബോംബുണ്ടാക്കാനല്ല മരിച്ചു പ്ലാൻ ചെയ്യാനാണ് നിയോഗിക്കുന്നതെന്നു ജീത്തു ജോസഫിന് അറിയില്ല എന്നു തോന്നുന്നു. ഇതിൽ നായകൻ ബോംബുണ്ടാക്കുന്നതിൽ അഗ്രഗണ്യന് ആണ്.. സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ isisകാർ പിടിച്ചു കൊണ്ട് പോകാൻ സാധ്യതയുണ്ട്. 

എന്തൊക്കെ ടെക്നോളജിയാണ് പുള്ളി ഈ സിനിമയിൽ കൊണ്ട് വന്നത്. അതൊക്കെ സമ്മതിച്ചേ പറ്റൂ.. പക്ഷെ ഈ ടെക്‌നോളജിയുടെ ഒക്കെ ലോജിക് പുള്ളി അറിഞ്ഞിരുന്നാൽ നന്നായിരുന്നു!!!!

സത്യം പറഞ്ഞാൽ ക്ളീഷേകളാൽ സമ്പന്നമാണ് ഊഴം. മേക്കിങ് കിടു മേക്കിങ് കിടു എല്ലാവരും പറയുന്നത് ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തു, എനിക്ക് പുതുമ നിറഞ്ഞ ഒന്നും ഈ ചിത്രത്തിൽ കാണാൻ സാധിച്ചില്ല എന്നത് വാസ്തവം. ഉദാഹരണത്തിന് അവസാനം മലമുകളിൽ ഒക്കെ എന്തിനു പിടിച്ചു കൊണ്ട്  കെട്ടിയിട്ടു ബോംബ് പൊട്ടിച്ചു കൊല്ലാൻ പോയി എന്ന ചോദ്യങ്ങളൊക്കെ അനാവശ്യമാണെന്ന് പറയാം.പോലീസ് കള്ളന്മാരെ പിടിക്കാൻ വേണ്ടി സൈറനുമിട്ടൊക്കെ വന്നാൽ സംഭവ സ്ഥലത്തെത്തുമ്പോൾ കള്ളന്മാർ ഉണ്ടാവുമോ ആവോ?? ഇതൊക്കെ എന്ത് പഴകിയ ഏർപ്പാടാണ് ജിത്തു സാർ. 

ഇനി അല്പം പോസിറ്റിവ് കാര്യങ്ങൾ പറയാം.. ചിത്രം അല്പമെങ്കിലും പിടിച്ചു നിർത്താൻ ശ്രമിച്ചത് അനിൽ ജോണ്സൻറെ പശ്ചാത്തല സംഗീതവും പാട്ടുമാണ്. വളരെ മികച്ച നിലവാരം പുലർത്തിയിരുന്നു പശ്ചാത്തല സംഗീതം. ഹോളിവുഡ് ബോളിവുഡ് ലെവൽ ഒന്നും എത്തിയില്ലെങ്കിലും വളരെ മികച്ചതായി തോന്നി (പക്ഷെ ഹാൻസ് സിമ്മറിന്റെ ചില കമ്പോസിഷനുകൾ പോലെ തോന്നി). എന്നാലും കുഴപ്പമില്ല..
നീരജ്, ബാലചന്ദ്ര മേനോൻ, പശുപതി, ആൻസൻ, ടോണി ലൂക്, ജയപ്രകാശ് തങ്ങളുടെ റോളുകൾ നന്നായി തന്നെ ചെയ്തു. പ്രിത്വിരാജ്, മൊത്തത്തിൽ ബോറായിരുന്നുവെങ്കിലും ചില സമയത്തു നല്ല പ്രകടനമായിരുന്നു (പ്രത്യേകിച്ച് ഇംഗ്ലീഷ് പറയുന്ന സീനുകളിൽ).

ജീത്തു ജോസഫ് പറഞ്ഞതനുസരിച്ചു ഒരു ജോണറിൽ പോലും നീതി പുലർത്താൻ ഈ ചിത്രത്തിന് കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു ആസ്വാദന നിലവാരം പോലും നില നിർത്താൻ കഴിഞ്ഞില്ല...

എല്ലാം വായിച്ചു കഴിഞ്ഞു നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഞാൻ പറയട്ടെ.. (ഏതെങ്കിലും നടന്റെ ഫാനാണ് ഈ ചോദ്യം ചോദിക്കാൻ സാധ്യത).
"എന്നാൽ പിന്നെ തനിക്കു പോയൊരു പടം പിടിച്ചു കൂടെ??" എന്നൊക്കെ ആവും.. അങ്ങിനെ സിനിമ പിടിക്കാൻ പോവാണെങ്കിൽ ഈ നാട്ടിലെ ഒട്ടു മിക്ക ജനങ്ങളും സിനിമക്കാരാവില്ലെ സേട്ടാ...

എൻറെ റേറ്റിംഗ് 3.5 ഓൺ 10

ഇതൊരു റിവ്യൂ ആയിട്ട് ആരും കണക്കാക്കരുത്.. 1000 രൂപയോളം മുടക്കി സമയവും മെനക്കെടുത്തി തീയറ്ററിൽ ഇരുന്നു സിനിമ കണ്ടവന്റെ രോദനം ആയി മാത്രം കണക്കാക്കിയാൽ മാത്രം മതി. 
.മേൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻറെ വ്യക്തിഗതമായ അഭിപ്രായം മാത്രമാണ്.

Thursday, September 22, 2016

191. Saivam (2014)

സൈവം (2014)

 

Language : Tamil
Genre : Comedy | Drama | Family
Director : A.L. Vijay
IMDB : 6.7

Saivam theatrical Trailer


ഗായകനായ ഉണ്ണികൃഷ്ണന്റെ മകൾ ഉത്തര പാടിയ "അഴഗ്" എന്ന പാട്ടിനു ഏറ്റവും മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ ഈ ചിത്രത്തെ കുറിച്ച് അറിയുമായിരുന്നില്ല അതിനാൽ നാഷണൽ അവാർഡ് കമ്മിറ്റിയ്ക്ക് ഞാൻ എന്റെ നന്ദിയും അറിയിക്കുന്നു, കാരണം അവർ ഇങ്ങനെ ഒരു അവാർഡ് കൊടുത്തില്ലായിരുന്നുവെങ്കിൽ ഇത്ര മനോഹരമായ ചിത്രം എനിക്ക് കാണുവാനും കഴിയില്ലായിരുന്നു.

കതിരേശൻ, നഗരത്തിലെ ഒരു പ്രമാണി. ഗ്രാമത്തിലെ ഉത്സവത്തിനു പങ്കു ചേരാനും ഒഴിവുകാലം ചെലവിടാനും വർഷങ്ങൾക്കു ശേഷം  തൻറെ മക്കളും കുടുംബങ്ങളും വരുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. ഒരു ദുർ സംഭവം ആ വീട്ടിൽ അരങ്ങേറുന്നു. ക്ഷേത്രത്തിലേക്ക് നേർന്ന പാപ്പാ എന്ന് വിളിക്കുന്ന പൂവൻ കോഴിയെ കൊടുക്കാൻ വൈകിയത് മൂലം വന്ന ദൈവകോപമാണ് ആ ദുരനുഭവത്തിനു കാരണം എന്ന് എല്ലാവരും വിശ്വസിക്കുന്നു. പാപ്പായെ ഉത്സവത്തിന്റെ അന്ന് ക്ഷേത്രത്തിൽ കാണിയ്ക്ക വെയ്ക്കാം എന്ന് കതിരേശൻ തീരുമാനിക്കുന്നു. പിറ്റേ ദിവസം തന്നെ ആ പൂവൻ കോഴിയെ കാണാതാവുകയും തുടർന്ന് വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

നാസർ അവതരിപ്പിച്ച വൃദ്ധനായ കുടുംബത്തിന്റെ നാഥൻ കതിരേശൻ സാറാ അർജുൻ (ദൈവത്തിരുമകൾ) അവതരിപ്പിച്ച തമിഴ് സെൽവിയും ഈ ചിത്രത്തിൻറെ ഒരു മുതൽക്കൂട്ട് തന്നെയാണ്. രണ്ടു പേരും വളരെ മികച്ച പ്രകടനം കാഴ്ച വെച്ചു. സാറയെ കാണാനും തന്നെ ഒരു പ്രത്യേക ക്യൂട്ട്നെസ് ഉണ്ടായിരുന്നു. നാസറിന്റെ മകൻ ലുത്ഫുദീൻ ഈ ചിത്രത്തിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. ത്വര ദേശായി ലുത്ഫുദീന്റെ ജോഡിയായും നല്ല പ്രകടനം നടത്തി. നിരവധി നടീനടന്മാർ ഉണ്ടായിരുന്നു (പലരുടെയും പേരുകൾ അറിയില്ല എന്നതാണ് സത്യം). അവരെല്ലാവരും നല്ല രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശരവണൻ എന്ന ഒരു കുട്ടിയെ അവതരിപ്പിച്ച റേ പോൾ ഒരു പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. നല്ല രസം തന്നെയായിരുന്നു ആ കുട്ടിയുടെ അഭിനയം കാണാൻ.

 നർമവും സ്നേഹവും ശോകവും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ മിശ്രണം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ കൂടാതെ ഒരു പൊടിയ്ക്കു പ്രണയവും. ഒരു പുതുമയാർന്ന കഥയും മികച്ച രീതിയിൽ ഉള്ള അവതരണവും.  ഒരു കുട്ടിയുടെ മിണ്ടാപ്രാണിയോടും മനുഷ്യരോടും ഉള്ള സ്നേഹവും ചിത്രം വരച്ചു കാട്ടുന്നു. കുടുംബ ബന്ധങ്ങളിൽ ഇന്ന് അന്യം നിന്നു പൊയ്ക്കൊണ്ടിരുന്ന സ്നേഹവും ബന്ധത്തിന്റെ ശക്തിയും ആണ് ചിത്രം ശരിക്കും പ്രതിപാദിക്കുന്നത്. കൂട്ടുകുടുംബത്തിൽ നിന്നും ഇപ്പോൾ അണു കുടുംബത്തിലേക്ക് മാറ്റപ്പെടുമ്പോൾ ഉണ്ടാവുന്ന ബന്ധങ്ങളിലെ വിടവ് ഒക്കെ നമുക്കീ ചിത്രത്തിലൂടെ കാണാൻ സാധിക്കും. ചിലർക്കെങ്കിലും ആ ഒരു കാലഘട്ടത്തിന്റെ അഭാവം ചെറിയ ഒരു നൊമ്പരമെങ്കിലും സമ്മാനിക്കുമെന്നുറപ്പാണ്.  ചിത്രത്തിൻറെ സ്വഭാവത്തിനനുസരിച്ചുള്ള തനതായ ഒരു ക്ളൈമാക്‌സും.. ചിലപ്പോൾ ഒരു ക്ളീഷേ പോലെ തോന്നാം.. എന്നാലും ഇത്തരം കുടുംബചിത്രങ്ങൾക്ക് അധികം ട്വിസ്റ്റുകളുള്ള ക്ളൈമാക്‌സൊന്നും പ്രതീക്ഷിക്കാൻ കഴിയുകയില്ലല്ലോ, അല്ലെ??

 സംവിധായകനും നിർമാതാവും രചയിതാവുമായ എ.എൽ. വിജയ്ക്ക് തന്നെയാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്. അത്രയ്ക്ക് നന്നായി തന്നെയാണ് ചിത്രം ആഖ്യാനം ചെയ്തിരിക്കുന്നത്. 115 മിനുട്ട് ദൈർഘ്യമുള്ള സൈവം, പ്രേക്ഷകനെ ഒരു രീതിയിൽ പോലും ബോറടിപ്പിക്കുന്നില്ല മറിച്ചു വളരെ വേഗത്തിൽ തന്നെ ചിത്രം പറഞ്ഞു പോകുകയും ചെയ്യും.

നീരവ് ഷായുടെ ക്യാമറ ആണ് മറ്റൊരു പ്രധാന ആകർഷണം. ഗ്രാമത്തിൻറെ ഭംഗി വളരെ മികച്ച രീതിയിൽ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗാർഹികമായ ഷോട്ടുകൾ അദ്ദേഹം പ്രകൃത്യാ ഉള്ള വെളിച്ചം ഉപയോഗിച്ചിരിക്കുന്നത് മൂലം ഒരു വിശ്വസനീയമായ കാഴ്ചയും ഒരു ഉന്മേഷവും പ്രേക്ഷകന് സമ്മാനിക്കുന്നു.

ജി.വി. പ്രകാശ് കുമാറിൻറെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ചില ഘട്ടങ്ങളിൽ കഥ മുന്നോട്ടു കൊണ്ട് പോകുന്നതും അദ്ദേഹത്തിൻറെ സംഗീതം തന്നെ. അവാർഡ് ലഭിച്ച അഴകു എന്ന പാട്ടു വളരെയധികം ഹൃദ്യമായിരുന്നു.

എല്ലാവരും കാണാൻ ശ്രമിക്കണം ഈ ഫീൽ ഗുഡ് ചിത്രം. ആരെയും നിരാശരാക്കില്ല എന്നത് എൻറെ ഉറപ്പ്.

എൻറെ റേറ്റിംഗ് 09 ഓൺ 10 സി.

അറിവ് വെച്ച കാലം മുതൽ സിനിമയ്ക്കോ സിനിമയിൽ പ്രവർത്തിക്കുന്നവർക്കോ യാതൊരു ഉപകാരവുമില്ലാത്ത നാഷണൽ അവാർഡ് കമ്മിറ്റിയെ ആദ്യമായി ഒരു ഉപകാരം ഉണ്ടായി എന്ന് തോന്നിയ നിമിഷം.. അതായിരുന്നു സൈവം...

Tuesday, September 20, 2016

190. Pink (2016)

പിങ്ക് (2016)


Language : Hindi
Genre : Crime | Drama | Thriller
Director : Aniruddha Roy Chowdhury
IMDB : 9.0
 

പിങ്ക് - ഒരു ചിത്രത്തിന് ഇങ്ങനെ ഒരു പേരിടുമോ  സ്വാഭാവികമായും ഒരു പ്രേക്ഷകന് വരാവുന്ന സംശയം ആണ്. എന്തിനായിരിക്കും അങ്ങിനെ ഒരു പേര് ചിത്രത്തിൻറെ അണിയറക്കാർ തിരഞ്ഞെടുത്തത്. എന്റെ മനസിലും ഈ ചോദ്യം കടന്നു പോയതാണ്. പക്ഷെ, ചിത്രം കണ്ടു കഴിയുമ്പോൾ എതൊരു പ്രേക്ഷകനും മനസ്സിൽ ഉറപ്പിക്കും, അതെ!! ഇതേ പേര് തന്നെയാണ് ഈ ചിത്രത്തിന് ഏറ്റവും ഉചിതം.

മിനൽ അറോറ, ഫലഖ് അലി, ആൻഡ്രിയ മൂന്നു പേരും ഉറ്റസുഹൃത്തുക്കളാണ്. ഡൽഹിയിൽ ജോലിയുള്ളതു കൊണ്ട് മൂവരും ഒരുമിച്ചു തന്നെയാണ് താമസം. ഒരു രാത്രി ഒരു റോക് ഷോയിൽ വെച്ച് പരിചയപ്പെടുന്ന മൂന്നു ചെറുപ്പക്കാരുമായി പ്രശ്നമുണ്ടാവുന്നു. തന്നെ ബലാത്കാരമായി പീഡിപ്പിക്കാൻ ശ്രമിച്ച രാജ്‌വീറിനെ ബോട്ടിൽ വെച്ച് തലക്കടിച്ചു പരിക്കേൽപ്പിക്കുന്നു. പിന്നീട് സ്വാധീനമുള്ള രാവെറും കൂട്ടരെയും നിയമപരമായി നേരിടുന്ന മൂന്നു പെൺകുട്ടികളുടെ സഹായത്തിനെത്തുന്നതു ദീപക് സൈഗാൾ എന്ന വൃദ്ധനായ വക്കീൽ ആണ്. പിന്നീട് നടക്കുന്നത് ഉദ്യോഗജനകമായ ഒരു കോർട്-റൂം ത്രില്ലർ ആണ്.

അമിതാഭ് ബച്ചൻ എന്തു കൊണ്ട് സൂപ്പർസ്റ്റാറിനെക്കാൾ മികച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പിങ്കിലെ ദീപക് സൈഗാൾ എന്ന കഥാപാത്രം. ഈ എഴുപതാം വയസിലും തന്റെ കഥാപാത്രം തന്റെ തന്നെ കൈപ്പിടിയിലാക്കി അവതരിപ്പിക്കണമെങ്കിൽ വെറും പ്രതിഭ മാത്രം പോരാ.. നിശ്ചയദാർഢ്യം കൂടെ വേണം. അത്രയ്ക്ക് തകർപ്പൻ പെർഫോമൻസ്. കഥാപാത്രത്തിന് വേണ്ട തണുപ്പൻ സമീപനവും ആവശ്യം വരുമ്പോൾ അത് ഉച്ചസ്ഥായിയിൽ എത്തിക്കാനും യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിൽ കണ്ടില്ല. മികച്ച കഥാപാത്രം തന്നെയാണ് ദീപക് സൈഗാൾ.
പീയൂഷ് മിശ്ര അവതരിപ്പിച്ച പ്രശാന്ത് മെഹ്‌റ എന്ന കഥാപാത്രവും മികച്ചു നിന്നു. ഒരു എതിർ വക്കീൽ എന്ന നിലയ്ക്ക് തന്റെ കക്ഷിയുടെ ജയത്തിനു വേണ്ടി എത്രത്തോളം ആക്രമണകാരിയാകും എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കഥാപാത്രം.
താപ്‍സി പന്നു തന്റെ lifetime പെർഫോമൻസ് ആണ് മിനൽ എന്ന കഥാപാത്രത്തിലൂടെ നൽകിയത്. എത്ര ധൈര്യമുള്ള പെണ്ണാണെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ ദുർബല ആയി പോകുന്ന ഒരു പെണ്ണ്. അതാണവരുടെ കഥാപാത്രം.
കീർത്തി കുൽഹാരി (ശൈത്താൻ ഫെയിം) അവതരിപ്പിച്ച ഫലഖ് അലി വളരെ ശക്തമായ ഒരു കഥാപാത്രം ആണ്. അവർ അത് അനായാസത്തോടെ തന്നെ അവർ അവതരിപ്പിച്ചു.
മറ്റുള്ള കഥാപാത്രങ്ങൾ എല്ലാം തങ്ങളുടേതായ പ്രകടനങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.

ഒരു ഫെമിനിസ്റ്റ് ചിത്രം ആണോ എന്ന് ചോദിച്ചാൽ അതിനുത്തരം നൽകാൻ ഇത്തിരി പ്രയാസം തന്നെയാണ്. നമ്മുടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതി വളരെ നല്ല രീതിയിൽ തന്നെ സംവിധായകൻ ആയ അനിരുദ്ധ് ചൗധരിയും എഴുത്തുകാരനായ റിതേഷ് ഷായും അനാവരണം ചെയ്യുന്നു. കപട സദാചാരത്തെ വ്യക്തമായി വിമർശിക്കുന്നുമുണ്ട്. സ്വതന്ത്രയായി ഒരു സ്ത്രീയ്ക്ക് സമൂഹത്തിൽ നടക്കാൻ കഴിയില്ലായെന്നും, അവളെ ഏതു കണ്ണ് കൊണ്ടാണ് സമൂഹവും വ്യക്തികളും വീക്ഷിക്കുന്നതെന്നും വ്യക്തമായി കാണിച്ചു തരുന്നുമുണ്ട്. സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിൽ തുല്യ അവകാശം ആണെന്നു എല്ലാവരും വാദിക്കുന്നുണ്ടെങ്കിലും, പക്ഷെ ഒരിക്കലും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുമില്ല.. അനുവദിക്കുന്നുമില്ല. സ്ത്രീ എന്തു മാത്രം ദുർബല ആണെന്ന് വ്യക്തമായ സന്ദേശം നൽകാൻ ശ്രമിക്കുന്നുണ്ട്... സമൂഹം അതിനനുവദിക്കുന്നില്ല എന്നതാണ് സത്യം.

റിതേഷ് ഷായുടെ മികച്ച കഥയ്ക്ക് അതിലും മേലെ കൊണ്ടെത്തിക്കാൻ സംവിധായകൻ അനിരുദ്ധിന് കഴിഞ്ഞു എന്നതാണ് വിശ്വാസം. സ്ത്രീ അനുഭവിക്കുന്ന കഷ്ടതകൾ ഒരു ത്രില്ലറാക്കി അവതരിപ്പിച്ചു. ഒരു കൊമേഴ്‌സ്യൽ ചിത്രത്തിന് വേണ്ട ചേരുവകൾ ചേർത്തത് കൊണ്ട് ഒരു പ്രേക്ഷകനും വിരസത നൽകുന്നില്ല. ആദ്യ പകുതി നല്ല ഒരു ത്രില്ലർ ആണെങ്കിൽ രണ്ടാം പകുതി വളരെ ശക്തമായ ഒരു കോർട്ട് റൂം ഡ്രാമ ആയി മാറുന്നു എന്നാൽ കൂടി ത്രില്ലറിനുള്ള സാധ്യതയും കുറയ്ക്കുന്നില്ല. ശന്തനു മൊയ്ത്ര തന്റെ പശ്ചാത്തല സംഗീതം മികച്ച രീതിയിൽ തന്നെ കൊടുത്ത്. സിനിമയ്ക്ക് വേണ്ട രീതിയിൽ തന്നെയായിരുന്നു. അതും ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.

പിങ്ക് നിറം സ്ത്രൈണതയുടെയും, പ്രേമത്തിൻറെയും, കരുതലിന്റെയും, പ്രത്യാശയുടെയും, സാന്ത്വനത്തിന്റെയും  പ്രതീകമായിട്ടാണ് സാധാരണ കണക്കാക്കാറുള്ളത്. അത് ആക്രമണ സ്വഭാവത്തെ അടക്കാൻ കഴിവുള്ള ശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ സ്ത്രീ എന്ന ശക്തിയെ തന്നെയാണ് പിങ്ക് നിറം അനുസ്മരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ മേൽപറഞ്ഞ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നു എന്നുള്ളത് കൊണ്ട് പിങ്ക് ഒരു ഉചിതമായ പേര് തന്നെയാണ്.

മികച്ച ഒരു ചിത്രം. നിങ്ങൾ വേറെ എന്തൊക്കെ മിസ് ചെയ്താലും ഈ ചിത്രം ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് തന്നെയാണ്. അതിനർഹിച്ച വിജയം കൊടുക്കുന്നത് നിങ്ങളാൽ മാത്രമാണ്.

എന്റെ റേറ്റിങ് 09.2 ഓൺ 10

Friday, September 16, 2016

189. Suicide Squad (2016)

​സൂയിസൈഡ്‌ സ്ഖ്വാഡ്‌ (2016)



Language : English
Genre : Action | Adventure | Crime | Drama | Fantasy
Director : David Ayer
IMDB : 6.8

Suicide Squad Theatrical Trailer


ഒരു ചിത്രത്തിനു വേണ്ടി രണ്ടു വർഷത്തോളം കാത്തിരുന്നിട്ടുണ്ടെങ്കിൽ അത്‌ സൂയിസൈഡ്‌ സ്ഖ്വാഡിനു വേണ്ടിയാണു. മൂന്നു കാരണങ്ങൾ - സംവിധായകൻ ഡേവിഡ്‌ ആയർ, വിൽ സ്മിത്ത്‌ പിന്നെ ഇപ്പോഴത്തെ യുവാക്കളുടെ ഹൃദയമിടിപ്പ്‌ ആയ മാർഗ്ഗൊട്ട്‌ റോബി.. ഇത്തിരി വൈകിയാണെങ്കിലും വളരെയധികം പ്രതീക്ഷയോടെ ചിത്രത്തിനായി തീയറ്ററിൽ കയറി. രാത്രി 11 മണിക്കുള്ള ഷോ ആയതിനാൽ അധികം തിരക്കില്ലായിരുന്നു.

സൂപർമാൻറെ മരണത്തോടു കൂടി ലോകത്തെ ദുഷ്ടശക്തികളിൽ നിന്നും രക്ഷിക്കാൻ ഇന്റലിജൻസ്‌ ഓപ്പറേറ്റീവ്‌ ആയ കഠിനഹൃദയായ അമാൻഡ വാളർ ഒരു സംഘത്തെ ഒന്നിച്ചു ചേർക്കുന്നു. ഇവിടെ വ്യത്യസ്തമാകുന്നത് അവർ ക്രിമിനലുകൾ ആണെന്നുള്ളതാണ്.  ഡെഡ്ഷോട്ട്, ക്യാപ്റ്റൻ ബൂമറാങ്, എൽ ഡിയബ്ലോ, ഹാർലി ക്വീൻ, കറ്റാനാ,  കില്ലർ ക്രോക്, ഓൺഷാൻട്രസ്, സ്ലിപ്നോട്ട് തുടങ്ങിയവർ ആണ് സൂയിസൈഡ് സ്‌ക്വാഡ്. ഇവരെ നിയന്ത്രിക്കാൻ വേണ്ടി റിക് ഫ്‌ളാഗ് എന്ന ആർമി സ്‌പെഷ്യൽ ഫോഴ്സസ് ഓഫീസറും. 

ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ ഒരു കഥ തന്നെയാണ്. സ്ഥിരം കണ്ടു മടുത്ത സൂപ്പർഹീറോ ചിത്രങ്ങളുടെ കഥ തന്നെയാണ് ഈ ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത് എന്നത് ഏറ്റവും വലിയ പോരായ്മ ആയിട്ടാണ് തോന്നിയത്. ചില ആക്ഷൻ സീനുകൾ നന്നായിരുന്നു. ഗ്രാഫിക്‌സും തരക്കേടില്ലാരുന്നു. പക്ഷെ ഈ പറഞ്ഞ ചേരുവകൾ അല്ലല്ലോ ഒരു സൂപ്പർനായക ചിത്രങ്ങളുടെ മുഖമുദ്ര. വിൽ സ്മിത്ത് തന്റെ റോൾ വളരെ ഭംഗിയായി ചെയ്തു. മാർഗോട്ട് റോബിയാണ് ഏറ്റവും കൂടുതൽ ഈ ചിത്രത്തിൽ പ്രകടനം കാഴ്ച വെച്ചത്. ഒരു showstealer തന്നെയായിരുന്നു അവർ. സൗന്ദര്യവും ഭ്രാന്തും ഒരേ പോലെ തന്നെ നിലനിർത്തി തന്റെ കഥാപാത്രത്തിനെ പൂർണതയിലെത്തിച്ചു അവർ. ജേഡ് ലീറ്റോ അവതരിപ്പിച്ച ജോക്കർ ഒരിക്കൽ പോലും ഹീത്തിന്റെ നിലവാരത്തിൽ എത്തിയില്ല എന്ന് മാത്രമല്ല അധികം ഒന്നും ചെയ്യാനും ഉണ്ടായിരുന്നില്ല. മറ്റുള്ളവർക്കും ഇതേ അവസ്ഥ ആയിരുന്നു. കാർല ദേവേലിഗ്നെ അവതരിപ്പിച്ച ഒൻഷാൻറ്സ് സാമാന്യം നല്ല രീതിയിൽ ബോറായിരുന്നു. പ്രത്യേകിച്ച് അവസാന സീനുകളിലുള്ള അഭിനയം ഒരു തരത്തിൽ പോലും സഹിക്കാൻ കഴിവുള്ളതായിരുന്നില്ല. 

പശ്ചാത്തല സംഗീതം നന്നായിരുന്നു. കുറച്ചൊക്കെ സീനുകളോട് അനുബന്ധിച്ച സംഗീതം തന്നെയായിരുന്നു. ഡേവിഡ് ആയർ എന്ന സംവിധായകൻ ഒരു നല്ല ചിത്രം ഒരുക്കുമെന്ന പ്രതീക്ഷയോടെ തന്നെ ആണ് ഇത്രയും നാലും കാത്തിരുന്നത്. പക്ഷെ എന്റെ പ്രതീക്ഷ എല്ലാം അസ്ഥാനത്താക്കി ഒരു സാധാരണ ചിത്രം അതും ഒരു ഓളമില്ലാതെ പോയി

എന്റെ റേറ്റിങ് 6.3 ഓൺ 10 

Sunday, September 4, 2016

188. Morgan (2016)

മോർഗൻ (2016)



Language : English
Genre : Drama | Horror | Sci-Fi | Mystery
Director : Luke Scott
IMDB : 6.1

Morgan Theatrical Trailer


മോർഗൻ - ബയോ എഞ്ചിനീറിങ്ങിലൂടെ ഒരു പറ്റം ശാസ്ത്രജ്ഞൻമാർ സൃഷ്ടിച്ച കുട്ടിയാണ് അവൾ. തന്റെ ശ്രഷ്ടാക്കൾ പ്രതീക്ഷിച്ചതിലും മുകളിൽ ആയിരുന്നു അവളുടെ വളർച്ച. പക്ഷെ തന്റെ വികാരങ്ങൾ അടക്കി നിർത്താനും തിരിച്ചറിയാനും കഴിയാത്ത അവൾക്കു, തന്നെ വളർത്തിയ ക്ലാരയെന്ന ഡോക്ടറെ ദാരുണമായി ഉപദ്രവിക്കുന്നു. കമ്പനി ഉടമകൾ ലീ വെതർസ് എന്ന കൺസൽട്ടിനെ അവിടേക്കു എത്തുന്നു. മോർഗൻ എന്ന ആ ഉദ്യമം തുടർന്ന് കൊണ്ട് പോകണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ലക്‌ഷ്യം. പക്ഷെ ലീ അവിടെ എത്തുമ്പോൾ അവിടുത്തെ അവസ്ഥ എല്ലാം മാറി മറിയുന്നു..

മോർഗൻ ആയി അഭിനയിച്ച ആന്യ ടെയ്‌ലർ ജോയി മികച്ച പ്രകടനം കാഴ്ച വെച്ചു. ഒരു humanoid എങ്ങിനെ പെരുമാറുന്നു എന്നത് വളരെ നന്നായി തന്നെ ആ പത്തൊമ്പതുകാരി അവതരിപ്പിച്ചു. വികാരങ്ങൾ ഒക്കെ ആ മ്ലാനമായ മുഖത്ത് പ്രകടിപ്പിക്കാൻ ശ്രമിച്ചു. കേറ്റ് മാര ആണ് നായിക ആയ ലീ വേദർസിനെ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചു. ഒരു നിഗൂഢ സ്വഭാവം ഉള്ള ഒരു കഥാപാത്രം ആയി അവർ അവസാനം വരെയും കൊണ്ട് പോയി. മിഷേൽ യൂ, തോബി ജോൺസ്, റോസ് ലെസ്ലി തുടങ്ങിയ നിരവധി കഥാപാത്രങ്ങൾ ചിത്രത്തിൽ ഉണ്ടായിരുന്നു. അവരെല്ലാം അവരുടെ കഥാപാത്രങ്ങൾ നന്നായി തന്നെ അവതരിപ്പിച്ചു. 

പക്ഷെ..... അഭിനയം മാത്രം പോരല്ലോ ഒരു ചിത്രം നന്നാവാൻ. ഒരു നല്ല കഥ (എക്സ് മെഷീന ചിത്രവുമായി അല്പം സാമ്യം തോന്നാം), ശരിക്കും നല്ല ഒരു കൺസപ്റ്റ് മോശം സംവിധാനം കൊണ്ട് ഒന്നുമില്ലാതാക്കി  കളഞ്ഞു. ഇതിഹാസ സംവിധായകൻ റിഡ്‌ലി സ്കോട്ടിന്റെ മകനായ ലൂക് സ്കോട്ടിന്റെ പ്രഥമസംവിധാനസംരംഭമാണ് ഈ ചിത്രം. പക്ഷെ അത് വളരെ മോശം നിലവാരത്തിലേക്ക് കൂപ്പുകുത്തി എന്ന് നിസംശയം പറയാം..

ട്രെയിലർ തന്ന പ്രതീക്ഷ അക്ഷരാർത്ഥത്തിൽ നശിപ്പിച്ച കളഞ്ഞ സംവിധായകൻ ആയി ലുക്ക്. കഥ സ്ഥാപിച്ചെടുക്കാൻ തന്നെ വളരെ അധികം സമയം വേണ്ടി വന്നു. കൃത്യമായ ഒഴുക്കില്ലാതെ പോകുന്ന ചിത്രം താളം കണ്ടെത്താൻ വളരെയധികം വിഷമിക്കുന്നുണ്ട് .  വളരെ മെല്ലെ ഉള്ള ചിത്രത്തിൻറെ പോക്ക്  ആദ്യപകുതിയിൽ നമ്മെ വളരെയധികം ബോറടിപ്പിക്കുന്നുണ്ട്. പിന്നീട് ഒരു ചടുലതാളത്തിലേക്കു ചിത്രം  രൂപാന്തരപ്പെടുമ്പോഴേക്കും  സമയം വളരെയധികം വൈകിപോയിരുന്നു. ഒരു ഗംഭീര ട്വിസ്റ്റ് ചിത്രത്തിൽ ഉണ്ട്, പക്ഷെ ചിത്രത്തിൻറെ ഗതി അതിനു മുൻപേ തന്നെ തീരുമാനിക്കപ്പെട്ടതു മൂലം ആ ട്വിസ്റ്റ് നമുക്ക് പ്രത്യേകിച്ച് ഒരു പ്രതീതിയും ഉളവാക്കുന്നുമില്ല.  മാക്സ് റിക്ടർ നൽകിയ പശ്ചാത്തല സംഗീതം പ്രശംസാവഹം ആയിരുന്നു. ക്യാമറയും നന്നായി തന്നെ ചെയ്തിട്ടുണ്ട്.ആക്ഷൻ സീനുകൾ കുറവായിരുന്നുവെങ്കിലും ഉള്ളത് നന്നായി തന്നെ ചെയ്തു.

ഹൊറർ ജോൺറെ ആണ് ചിത്രം എന്ന് പറഞ്ഞു കേട്ടിരുന്നു. പക്ഷെ ഹൊറർ എന്ത് രീതിയിൽ ആണെന്ന് മാത്രം എനിക്ക് മനസിലായില്ല.. പേടിപ്പെടുത്തുന്ന ഒരു സീൻ പോളും ചിത്രത്തിൽ ഉണ്ടായിരുന്നില്ല.

മൊത്തത്തിൽ ചിത്രം എന്നിലെ പ്രേക്ഷകനെ പിടിച്ചിരുത്താൻ പോകുന്ന ഒന്നല്ലാതായി മാറി. 

ഞാൻ മോർഗാണ് കൊടുക്കുന്ന മാർക് 4 ഓൺ 10

ഒരു രണ്ടാം ഭാഗത്തിനുള്ള വാതിൽ തുറന്നിട്ടിട്ടാണ് ലൂക് സ്‌കോട്ട് ഈ ചിത്രം നിർത്തുന്നത്. പക്ഷെ ബോക്സോഫീസ് ഫലം നിർണയിക്കും.

Thursday, September 1, 2016

187. Don't Breathe (2016)



ഡോണ്ട് ബ്രീത്ത് (2016)



Language : English
Genre : Crime | Drama | Horror
Director : Fede Alvarez
IMDB : 7.8

 Don't Breathe Theatrical Trailer


ചില ചിത്രങ്ങൾ നമുക്കെപ്പോഴും അങ്ങിനെയാണ്, സിനിമ റിലീസ് ആകുന്നതു വരെയും അങ്ങിനെ ഒരു ചിത്രത്തെ പറ്റി യാതൊരു വിവരവും ഉണ്ടാവില്ല. എൻറെ ഒരു സുഹൃത്ത് പറഞ്ഞാതാണ് ഞാൻ ചിത്രത്തെ പറ്റി അറിയുന്നത്, തീയറ്റർ ലിസ്റ്റിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു ബി റേറ്റഡ് ചിത്രം ആണെന്ന് മാത്രം ആണ് വിചാരിച്ചതു. അങ്ങിനെ ചിത്രത്തിൻറെ ട്രെയിലർ എന്നെ തീയേറ്ററിലേക്ക് ആകർഷിച്ചു. ഒരു തീയറ്റർ വാച്ചിനുള്ള മുതൽ ട്രെയിലറിൽ നിന്നും തന്നെ മനസിലാക്കി.

അലക്സ്, റോക്കി, മണി എന്നിവർ സുഹൃത്തുക്കളാണ്. അലക്സിന്റെ അച്ഛൻ ഒരു സെക്ക്യൂരിറ്റി കമ്പനി ഉടമ കൂടിയാണ്. അച്ഛൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ചാവി കൈക്കലാക്കി അവരുടെ വീട്ടിൽ അതിക്രമിച്ചു കടന്നു ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയാണ് അവർ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തു ഒറ്റപ്പെട്ട വീട്ടിൽ അന്ധനായ മുൻ പട്ടാളക്കാരൻ 300000 ഡോളറുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും എന്ന നിഗമനത്തോട് കൂടി അവർ വീട് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. അനായാസമായി കൃത്യം നടപ്പിലാക്കാൻ കഴിയും എന്ന നിശ്ചയധാർട്യത്തോട് കൂടി വീട്ടിൽ കയറുന്ന അവർക്കു പക്ഷെ പ്രതീക്ഷിച്ചതിലും ഭീകരമായ അവസ്ഥ ആണ് നേരിടേണ്ടി വന്നത്.

2013 പുറത്തിറങ്ങിയ ഈവിൾ ഡെഡ് സംവിധാനം ചെയ്ത ഫെഡ് ആൽവാരസ് ആണീ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സംഭാഷണങ്ങൾക്ക് അധികം പ്രാധാന്യം നൽകാതെ ആണ് ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഒന്നര (90 മിനിറ്റ്) മണിക്കൂർ ത്രില്ലും വയലൻസും ട്വിസ്റ്റുകളും ഹൊററും സമന്വയിപ്പിച്ചു ഒരു സഞ്ചാരം തന്നെ ഒരുക്കുന്നുണ്ട് ചിത്രത്തിൽ. ഡോണ്ട് ബ്രീത്ത് എന്ന സിനിമയുടെ പേരിനോട് നീതി പുലർത്തുന്ന ചിത്രം. അല്പം ക്ളീഷേകൾ ഒക്കെ ഉണ്ടെങ്കിലും ഒരു നിമിഷം പോലും നമ്മുടെ ശ്വാസം പോലും വിടാൻ സമ്മതിക്കുന്നില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ഒരു ആന്തൽ നമ്മുടെ ഉള്ളിൽ ഉണ്ടാവും.

ചിത്രത്തിൻറെ മറ്റൊരു സവിശേഷത ഇതിന്റെ ലൈറ്റിങ്ങും അതിലുപരി നല്ല കിടിലൻ ക്യാമറാവർക്കുമാണ്. ക്യാമറ ചലിപ്പിച്ച പെഡ്രോ ലൂക്ക് ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം മികച്ചു നിന്നു. ഹൃദയം തന്നെ നിന്നു പോകാൻ  കഴിയുന്ന ജംപ് സ്കേർസ് തരാൻ കഴിയുന്ന നിരവധി സീനുകൾ ഉണ്ട് ചിത്രത്തിൽ.

അന്ധവൃദ്ധൻ ആയി അഭിനയിച്ച അതികായനായ സ്റ്റീഫൻ ലാങ് (അവതാർ ചിത്രം കണ്ടിട്ടുള്ളവർ ഇദ്ദേഹത്തെ ഓർമിക്കും) അസൂയാവഹമായ പ്രകടനം ആണ് കാഴ്ച വെച്ചത്. അത്രയ്ക്ക് കറ കളഞ്ഞ പ്രകടനം ആയിരുന്നു. റോക്കി ആയി അഭിനയിച്ച ജെൻ ലേവിഅലക്സ് ആയി ഡൈലൻ മിനറ്റ് വളരെ മികച്ച പ്രകടനം കാഴ്ച വെച്ചു. മണി വളരെ കുറച്ചു നേരം മാത്രം സ്ക്രീനിൽ ഉണ്ടായിരുന്നുവെങ്കിലും, ഉള്ള ജോലി വൃത്തിയ്ക്കു തന്നെ ചെയ്തു.

ഒന്നര മണിക്കൂർ പോകുന്നത് ഒരു വട്ടം കൂടി ചിന്തിക്കാൻ ഇട നൽകാതെ ആവേശത്തിന്റെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തിയ ചിത്രത്തിന് ഞാൻ കൊടുക്കുന്ന മാർക്ക് 10ഇൽ 9.2 ആണ്.

ചിത്രം കണ്ടു കഴിഞ്ഞപ്പോഴും എന്നെ കുഴക്കിയ രണ്ടു ചോദ്യങ്ങൾ ആണ്.
1.
ആരാണ് നായകൻ??? 2. ആരാണ് വില്ലൻ??