Cover Page

Cover Page

Sunday, June 10, 2018

272. Three Steps Above Heaven (Tres metros sobre el cielo) (2010)

ത്രീ സ്റ്റെപ്സ്  എബവ്‌  ഹെവൻ (ട്രെസ്‌ മെട്രോസ് സോബറെ എൽ സിയെലോ) (2010)



Language : Spanish (Spain)
Genre : Action | Drama | Romance
Director : Fernandez Alfred Moline
IMDB : 7.0

Three Steps Above Heaven Theatrical Trailer


​ആലിലയിൽ മയിൽപ്പീലി തണ്ടാലെഴുതപ്പെട്ട ഒരു മനോഹരമായ കവിതയാണു പ്രണയം. ആർക്കും ആരോടുമെപ്പോൾ വേണമെങ്കിലും ഉള്ളിൽ ജനിക്കുന്ന വികാരം, അതാണു പ്രണയം. പ്രണയിക്കുമ്പോൾ, ചുറ്റുമുള്ള ലോകം അവസാനിച്ചു പോയാലും അതൊന്നുമറിയാതെ വീണ്ടും വീണ്ടും പ്രണയിച്ചു കൊണ്ടേയിരിക്കും. ഭാഷയെന്നോ നിറമെന്നോ ധനമെന്നൊ സ്വഭാവമെന്നൊ വിത്യാസമില്ലാതെ പലരും ആ വികാരത്തിൽ അടിമപ്പെട്ടു പോയിട്ടുണ്ടാകും. പ്രണയത്തിനു വേണ്ടി മാതാപിതാക്കളെ  തിരസ്‌കരിക്കുന്നവർ, സൗഹൃദം ത്യജിക്കുന്നവർ, സുഖലോലമായ ജീവിതത്തിൽ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ പോകുന്നവർ അങ്ങിനെ പ്രണയത്തിന്റെ അന്ധത ബാധിച്ചു എന്തൊക്കെ കാട്ടിക്കൂട്ടുന്നവരെ നമ്മൾക്കിടയിൽ കാണാൻ കഴിയും.. പ്രണയം പലപ്പോഴും പൈങ്കിളിയാണു, അതങ്ങിനെ ആകണമല്ലോ.. അല്ലെങ്കിൽ പ്രണയത്തിനെങ്ങിനെ നൈർമ്മല്യത കൈ വരും.. ​പറഞ്ഞു പറഞ്ഞു പറയാനുള്ളത് മാറി പോയി, ക്ഷമിക്കുക.

Federico Moccia എഴുതിയ ട്രേസ് മേട്രോസ് സൊബ്രെ എല്‍ സിയെലോ (Three Steps Above Heaven) എന്ന സ്പാനിഷ് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് Fernando Gonzales Moline സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം. 

സ്വഭാവം കൊണ്ടും ജീവിതരീതി കൊണ്ടും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന Hഉം ബാബിയുടെയും പ്രണയകഥയാണ് TSAH. ഒരു യാഥാസ്ഥിതിക എന്നാല്‍ അല്‍പം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ള കുടുംബത്തില്‍ ജനിച്ച H എന്ന ഹുഗോ സ്ട്രീറ്റ് റേസിംഗും തല്ലും വഴക്കുമായി മുന്‍പോട്ടു ജീവിതം തള്ളി നീക്കുന്ന സമയത്താണ് സ്കൂളില്‍ പഠിക്കുന്ന സുന്ദരിയായ ബാബിയെ കാണുന്നത്. കണ്ട മാത്രയിലെ Hന്‍റെ ചുറ്റുമുള്ള ലോകം തന്നെ മാറി മറിഞ്ഞു. സമൂഹത്തിലെ ഏറ്റവും ധനികരായ ദമ്പതികളുടെ മകളാണ് ബാബി. ബാബിക്ക് അവളുടെ കൂട്ടുകാരിയായ മറീനയും കുടുംബവും സ്കൂളും മാത്രം ആണ് ഉലകം. ആദ്യം ഹുഗോ ഇഷ്ടമല്ലാത്ത അവള്‍ക്ക് പതിയെ Hഉമായി പ്രണയത്തിലാവുന്നു. ബാബിക്ക് H വേറെ ഒരു ലോകമായിരുന്നു. പ്രണയത്തിന്‍റെ കൊട്ടാരത്തില്‍ അവള്‍ റാണിയായി വിരഹിച്ചു പോന്നു. പക്ഷെ ക്ഷിപ്രകൊപിയായ Hനെ ബാബിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അവര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യം തീരെയുണ്ടായിരുന്നില്ല. ബാബിയുടെയും Hന്‍റെയും പ്രണയം സാക്ഷാത്കരിക്കുമോ? അവരുടെ കുടുംബങ്ങള്‍ അംഗീകരിക്കുമോ??

Hന്‍റെയും ബാബിയുടെയും പ്രണയത്തിനു പുറമേ  പോലോയുടെയും മറിയയുടെയും പ്രണയവും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. പ്രണയകഥകള്‍ ആകുമ്പോള്‍ സ്ഥിരം ക്ലീഷേകള്‍ അല്‍പസ്വല്‍പമായി ഉണ്ടെങ്കിലും ചിത്രത്തിന്‍റെ ക്ലൈമാക്സ് വേറൊരു തലത്തില്‍ കൊണ്ടെത്തിക്കുന്നു. ആഖ്യാനശൈലി മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ തമാശകളും sentimental സീനുകളും കൊണ്ട് സമ്പുഷ്ടമാണ്. Daniel Aranyo നിര്‍വഹിച്ചിരിക്കുന്ന ക്യാമറ ഓരോ സീനുകളിലും മികച്ചു നിന്നു. Manel Santisteban ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഹൃദ്യമായിരുന്നു. മികച്ച പാട്ടുകളും TSAHനു നല്ല മൈലേജ് നല്‍കിയിട്ടുണ്ട്.

H എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സ്പെയിനിന്‍റെ മുന്‍നിര നായകന്മാരില്‍ ഒരാളായ മാര്യോ കസസ് ആണ്.  സ്വതവേ കഥാപാത്രത്തിന്‍റെ സ്ഥായീ ഭാവമായ കലിപ്പ് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മികച്ചു നില്‍ക്കുകയും അതേ സമയം പ്രണയത്തിന്‍റെ മയില്‍പീലികളില്‍ അദ്ദേഹത്തിന്‍റെ മുഖത്ത് കൂടെ മിന്നി മറയിക്കാനും സാധിക്കാന്‍ കഴിഞ്ഞതിലാണ് മരിയോ എന്നാ നടന്‍റെ വിജയവും. ബാബിയെ അവതരിപ്പിച്ചത് അതീവ സുന്ദരിയായ മരിയ വല്‍വെര്‍ടെ (Ali & Nino) ആണ്. നിഷ്കളങ്കത നിറഞ്ഞ കൌമാര പെണ്‍കോടിയായി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പോളോ ആയി അല്‍വാരോ സര്‍വാന്റസും കടീന ആയി മരീന സലസും മികച്ച പ്രകടനം കാഴ്ച വെച്ചു. നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരന്മാരും കലാകാരികളും അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചു.

പ്രണയമിഷ്ടപ്പെടുന്നവര്‍ക്ക് ഒരു സങ്കോചവും കൂടാതെ തന്നെ ഈ ചിത്രം കാണാം. 

എന്‍റെ റേറ്റിംഗ് 8.7 ഓണ്‍ 10

Saturday, June 2, 2018

271. Only The Brave (2017)

ഒൺലി ദി ബ്രേവ് (2017)



Language : English
Genre : Action | Biography | Drama
Director : Joseph Kosinski
IMDB : 7.7

Only The Brave Theatrical Trailer


അഗ്നി, ലോകത്തിലെ ഏറ്റവും മനോഹരമായതും എന്നാൽ അപകടകാരിയുമായ ഒരു വസ്തു ആണ്. അതിൽ സംശയമില്ല. ഒരു ചെറിയ തീപ്പൊരിയിൽ നിന്നും ഈ ലോകം മുഴുവൻ ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് അഗ്നിക്ക്. പുരാണങ്ങളിൽ അഗ്നിക്ക് ആത്മാവിനെ ശുദ്ധീകരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെയാണല്ലോ പഞ്ചഭൂതത്തിലെ ഒന്നായി അഗ്നിയെ കണക്കാക്കുന്നത്.

അമേരിക്കയിലെ ഏറ്റവും മാരകമായ ഒരു ദുരന്തമായിരുന്നു യാർണൽ കാട്ടുതീ. പത്തൊൻപതു പേരുടെ ജീവനും വളരെയധികം നാശനഷ്ടങ്ങളും അരിസോണയിലെ യാർണൽ പട്ടണത്തിനു വിതച്ച ഈ പ്രകൃതിക്ഷോഭം അമേരിക്കൻ അഗ്നിദുരന്തങ്ങളിൽ ആറാം സ്ഥാനത്താണ്. 2013 ജൂൺ 28നു ഒരു മിന്നലിനാൽ ഉത്ഭവിച്ച ഈ കാട്ടു തീ പന്ത്രണ്ടു ദിവസത്തോളം നീണ്ടു നിൽക്കുകയും 8400 ഏക്കറോളം കത്തി നശിപ്പിക്കുകയും 664 അമേരിക്കൻ ഡോളറിൻറെ നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്തു. ഈ അപകടകരമായ കാട്ടു തീയ്ക്കെതിരെ പൊരുതിയ Granite Mountain Hotshots എന്ന അഗ്നിശമനസേനയുടെ യഥാർത്ഥ കഥ പറയുന്നതാണ് ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത "ഒൺലി ദി ബ്രേവ്". "No Exit" എന്ന പേരിൽ GQ മാഗസിനിൽ ഷോൺ ഫ്ലിൻ എഴുതിയ ലേഖനത്തെ ആസ്പദമാക്കി കെൻ നോളനും (ബ്ലാക്ക് ഹോക് ഡൌൺ, ട്രാൻസ്ഫോർമേഴ്‌സ്) എറിക് വാറൻ സിംഗറും (അമേരിക്കൻ ഹസിൽ, ദി ഇൻറ്റർനാഷണൽ) ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജോസഫ് ട്രാപ്പാനീസ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ലൈഫ് ഓഫ് പൈ, ഒബ്‌ളീവിയൻ തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്ളോഡിയോ മിറാൻഡ ആണ് ഒൺലി ദി ബ്രേവിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്.

Granite Mountain Hotshotsൻറെ കഥ പറയുന്ന ഈ ചിത്രം. അവരുടെ ടീം നിർവഹിച്ചിരുന്നു ചുമതല അത്യന്തം രസകരമോടെയും ചിത്രീകരിച്ചിരിക്കുന്നു. തീ പിടുത്ത സമയത്തിൽ അവർ കാണിക്കുന്ന ഉത്സാഹം, പിന്നെ ടീമംഗങ്ങളുടെ ആ കെട്ടുറപ്പ്, കുടുംബജീവിതം, പ്രശ്നങ്ങൾ എല്ലാം വളരെ മികച്ചതും ഹൃദ്യവുമായ രീതിയിലാണ് കോസിൻസ്കി ചിത്രീകരിച്ചിരിക്കുന്നത്. എറിക് സൂപ് മാർഷ് എന്ന സൂപ്രണ്ട് നയിക്കുന്ന അഗ്നിശമനസേനയുടെ വളർച്ചയുടെ മുന്നേറുന്ന ചിത്രം, യാർണൽ കാട്ടുതീ ശമിപ്പിക്കുവാൻ ഇറങ്ങുന്നതും, ദുരന്ത പര്യവസാനിയായി മാറുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുപതു പേരടങ്ങുന്ന ടീമിൽ ഒരേയൊരാൾ ദുരന്തത്തെ അതിജീവിച്ചു, അതും വെറും ഭാഗ്യം കൊണ്ട് മാത്രം.

വളരെ മികച്ച രീതിയിൽ തന്നെയാണ് ചിത്രം ആഖ്യാനിച്ചിരിക്കുന്നതു. ഒരേ പോലെ തന്നെ കുടുംബ ബന്ധങ്ങളിലെ ആഴവും സ്നേഹവും, അത് പോലെ തന്നെ കൂട്ടാളികളുടെ സ്നേഹവും പരിചരണങ്ങളും, ആപത്തിനെതിരെ ഉള്ള പോരാട്ടവുമൊക്കെ മനോഹരമായി വരച്ചു കാട്ടിയിരുന്നു. മികച്ച പശ്ചാത്തല സംഗീതവും അതിനു ആക്കം നൽകി. ക്യാമറവർക്, വിഎഫ്എക്സ് എന്നിവയും മികച്ചു നിന്നു. തീയുടെ രൗദ്രത ശരിക്കും മനസിലാക്കി തരുന്ന ക്യാമറയും, വിഎഫ്എക്‌സും.

ജോഷ് ബ്രോലിൻ എറിക് സൂപ് മാർഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിൻറെ കയ്യിൽ ആ കഥാപാത്രം തീർത്തും ഭദ്രമായിരുന്നു. മൈൽസ് ടെല്ലർ മുഖ്യ കഥാപാത്രമായ ബ്രെണ്ടൻ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. ജെന്നിഫർ കൊണാലി, ജെയിംസ് ബാഡ്ജ്, ജെഫ് ബ്രിഡ്ജസ്, റ്റയിലർ കിട്ച് തുടങ്ങി പേരറിയാത്ത ഒരു പാട് അഭിനേതാക്കൾ, അഭിനയത്തിലൂടെ ചിത്രം ജീവസുറ്റതാക്കി. ജോഷ് ബ്രോലിൻറെ കഥാപാത്രം, എനിക്ക് പേഴ്സണലായും വളരെയധികം ഇഷ്ടപ്പെട്ട ഒന്ന് കൂടിയാണ്.

തുടക്കത്തിൽ നിങ്ങളെ ഒത്തിരി സന്തോഷിപ്പിക്കുകയും അവസാനം നിങ്ങളെ തീർത്തും സന്താപത്തിലാക്കുകയും ചെയ്യും ഈ ചിത്രം.

എൻ്റെ റേറ്റിങ് 08 ഓൺ 10

നിരൂപക പ്രശംസകൾ ധാരാളം ഏറ്റു വാങ്ങിയ ചിത്രം പക്ഷെ ബോക്സ്ഓഫീസിൽ ഒരു വൻ പരാജയമായി മാറി.