Cover Page

Cover Page

Saturday, April 28, 2018

267. Tumhari Sulu (2018)

തുംഹാരി സുലു (2018)



Language :Hindi
Genre : Comedy | Drama | Family
Director : Suresh Triveni
IMDB : 7.0

Tumhari Sulu Theatrical Trailer


ഹലോ..
നിങ്ങളുടെ രാത്രികൾ ഉറക്കമില്ലാതാക്കാൻ,
നിങ്ങളുടെ സ്വപ്‌നങ്ങൾ അലങ്കരിക്കാൻ,
ഞാൻ സുലു.
ഹൃദയത്തിൻറെ ബട്ടൺ നിങ്ങളുടെ ഫോണിൽ അമർത്തി എന്നോട് സംസാരിക്കൂ..
എന്താ സംസാരിക്കില്ലേ??

 ഈ സംഭാഷണം വിദ്യാ ബാലൻ സുലു എന്ന കഥാപാത്രത്തിലൂടെ ഉരുവിടുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക ആകർഷണീയത അനുഭവപ്പെടും. ആ ശബ്ദത്തിലൂടെ പകരുന്ന ഫീൽ, മുഖത്തുള്ള ഭാവം, ശരീര ഭാഷ.. ഓരോ സീനിലും എല്ലാം സമന്വയിപ്പിച്ചു കൊണ്ട് വന്നു വിദ്യാ ബാലൻ. ഒരു മികച്ച നടി തന്നെയാണു എന്നു അരക്കെട്ടുറപ്പിക്കുന്ന പ്രകടനം. സത്യം പറഞ്ഞാൽ വിദ്യാ ബാലൻ ഇതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥാപാത്രം കൂടിയായി മാറി.

ഇപ്പോഴും വലിയ വലിയ സ്വപ്‌നങ്ങൾ കാണുന്ന അത് പോലെ ജീവിതത്തിൽ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ വീട്ടമ്മ ആണ് സുലോചന എന്ന സുലു. സ്‌കൂളിൽ പഠിക്കുന്ന മകനും ഒരു തയ്യൽക്കടയിൽ ജോലിയുള്ള ഭർത്താവുമായി സുന്ദരമായി കുടുംബ ജീവിതം നയിക്കുന്നു. ഒരു ദിവസം RJ ആയി മാറുകയും അതിലൂടെ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റവുമാണ് സുരേഷ്ത്രിവേണി കഥയെഴുതി സംവിധാനം ചെയ്യുന്ന തുംഹാരി സുലുവിലൂടെ പറയുന്നത്.

സിനിമയുടെ നാഡിയും ജീവസ്വാഹ്വാസവുമാണ് സുലുവായി ജീവിച്ച വിദ്യാ ബാലൻ. ഈ അടുത്തു ഇത്ര CUTE & SMART പ്രകടനം ഒരു സ്ത്രീ കഥാപാത്രത്തിൽ നിന്നും കണ്ടിട്ടില്ല. അത്രയ്ക്ക് മികച്ചു നിൽക്കുന്ന പ്രകടനം. ഇടയ്ക്കിടയിൽ ചോർന്നു പോകുന്ന എനർജി വിദ്യാ ബാലൻ തന്നെ തന്റെ ആകർഷകമായ പ്രകടനത്തിലൂടെ കൈ പിടിച്ചുയർത്തുന്നുണ്ട്. ചില സീനുകളിലെ അവരുടെ പ്രകടനം കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു  മുത്തം കൊടുക്കാൻ
തോന്നിപ്പോയി.
 സുലോചനയുടെ ഭർത്താവ് അശോക് ആയി മാനവ് കൗൾ വേഷമിട്ടു. PERFECT CASTING എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രം. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മാനവ് തൻ്റെ റോൾ മികച്ചതാക്കി എന്ന് നിസംശയം പറയാം. അത് പോലെ തന്നെ സുലു-അശോക് ദമ്പതികളുടെ മകനായി വേഷമിട്ട അഭിഷേക് ശർമ്മ. വിപ്ലവകാരിയായ കവിയും ഷോ പ്രൊഡ്യൂസറുമായി (പങ്കജ്) വേഷമിട്ട വിജയ് മൗര്യ തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് സുലുവുമായുള്ള കോംബോ ഒക്കെ വളരെയധികം ചിരി പടർത്തുന്നതായിരുന്നു. നേഹ ധൂപിയ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം വെല്ലുവിളി ആ കഥാപാത്രം കൊടുത്തില്ല എന്നത് കൊണ്ട് തന്നെ മോശമല്ലാത്ത രീതിയിൽ അവർ കൈകാര്യം ചെയുകയും ചെയ്തു. ചെറിയ റോളുകളും മറ്റും അവതരിപ്പിച്ചു കൊണ്ട് നിരവധി കലാകാരന്മാർ ഉണ്ടായിരുന്നു, അവർ തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ഒരു കാഥാകാരൻ തന്നെ സംവിധായകൻ ആയാലുള്ള ഗുണം ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എത്ര വ്യക്തമായി തങ്ങളുടെ മനസ്സിൽ വിരിയുന്ന ഭാവനയെ അഭ്രപാളിയിൽ മനോഹരമായി എത്തിക്കാൻ കഴിയുമെന്നതാണ് അവരുടെ മികച്ച ഗുണം. ഇവിടെ സുരേഷ് ത്രിവേണി രണ്ടു ജോലിയും ഒറ്റയ്ക്ക് ചെയ്തത്  കൊണ്ട്, ഒരു ഫീൽ ഗുഡ് ചിത്രം നമുക്ക് ലഭിച്ചു. സംഭാഷണങ്ങൾ നല്ല രീതിയിൽ തന്നെ എഴുതുകയും അത് നിറവേറ്റുകയും ചെയ്തു.

നിരവധി സംഗീതജ്ഞർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി.ഗുരു റാന്തവായുടെ ഹിറ്റ് ഗാനം ആയ തു മേരി റാണി "ബൻ  ജാ റാണി" ആയി ചിത്രത്തിലുണ്ട്. കേൾക്കാൻ ഇമ്പവും എന്നാൽ അല്പം തമാശ നിറഞ്ഞ ഒരു ഗാനമാണ്, എനിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. തനിഷ്‌ക് ബഗ്ചി രണ്ടു ഗാനങ്ങളും, ശന്തനു ഘതക്, അമർത്യ രാഹുൽ ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നു. മിസ്റ്റർ ഇന്ത്യയിലെ ഹവാ ഹവാ എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ വളരെ മനോഹരമായി തന്നെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. റഫു എന്ന ഗാനവും ഹൃദ്യമാണ്.
കരൺ കുൽക്കർണി ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തൻ്റെ ജോലി 101 ശതമാനവും അദ്ദേഹം മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ട്. ഒരു ഫാമിലി ഡ്രാമയ്ക്കു പശ്ചാത്തല സംഗീതം ഒരു പ്രേക്ഷകൻറെ മനസ്സിൽ ആഴത്തോളം സ്പര്ശിക്കണം, അങ്ങിനെ സ്പർശിച്ചാൽ ആ സംഗീത സംവിധായകന്റെ വിജയം തന്നെയാണ്. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.

സൗരഭ് ഗോസ്വാമിയുടെ ക്യാമറവർക്ക് മികച്ചു നിന്ന് എന്ന് നിസംശയം പറയാൻ കഴിയും. ഇൻഡോർ ആണെങ്കിലും ഔട്ട്ഡോർ ആണെങ്കിലും ലൈറ്റിങ് ഒക്കെ മനോഹരമായി ഒരുക്കി ഒരു മികച്ച ദൃശ്യവിരുന്നൊരുക്കി. ശിവകുമാർ പണിക്കരുടെ കത്രികയും നല്ല പോലെ പണിയെടുത്തു. ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ തന്നെ അദ്ദേഹം വെട്ടി ഒട്ടിച്ചു.

മൊത്തത്തിൽ പറഞ്ഞാൽ, വിദ്യാ ബാലൻ എന്ന നടിയുടെ സുരേഷ് ത്രിവേണിയുടെ ഒരു മികച്ച ഫാമിലി ചിത്രമാണ് തുംഹാരി സുലു.


A Feel Good Entertainer that will give you mixed emotions and you will be smiling even after the movie.


എൻറെ റേറ്റിംഗ് 08 ഓൺ 10

ജ്യോതികയെ  വെച്ച് ഈ വർഷം തന്നെ ഈ സിനിമയുടെ റീമേക്ക് വരുന്നു എന്നറിയാൻ കഴിഞ്ഞു. കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹൻ ആണ്. വിദ്ധാർഥ് ജ്യോതികയുടെ ഭർത്താവ് കഥാപത്രം ചെയ്യും. സംഗീതം നൽകുന്നത് എ ആർ റഹ്‌മാന്റെ അനന്തിരവനായ എ.എച്. കാഷിഫ് ആണ്. വിദ്യ അനായാസമായി ചെയ്തു ഫലിപ്പിച്ച ആ കഥാപാത്രം ജ്യോതിക എങ്ങിനെ ചെയ്യും എന്ന് നമുക്ക് കാത്തിരുന്നു കാണാം.

Friday, April 27, 2018

266. Avengers : Infinity War (2018)

ഇൻഫിനിറ്റി വാർ (2018)




Language : English
Genre : Action | Adventure | Fantasy
Director : Anthony Russo & Joe Russo
IMDB : 9.2

Avengers : Infinity War Theatrical Trailer


കുരുക്ഷേത്ര യുദ്ധം നിങ്ങൾ കണ്ടിട്ടുണ്ടോ?? ഇല്ലായെങ്കിൽ ധൈര്യമായി ടിക്കറ്റു എടുത്തു ഇൻഫിനിറ്റി വാർസ് കാണുക. തെല്ലും നിരാശപ്പെടുത്തില്ല പുതിയ മാർവൽ സിനിമ.

പ്രപഞ്ചം തന്നെ കാല്‍ക്കീഴിലാക്കാന്‍ കഴിയുന്ന ആറു infinity Stones വേണ്ടിയുള്ള യുദ്ധമാണ് ഇൻഫിനിറ്റി വാർ. marvel cinematic Universe-ലെ വില്ലന്മാർക്ക് വില്ലനായ താനോസ് ആറ്‌ വിശിഷ്ട കല്ലുകൾക്ക് വേണ്ടി നടത്തുന്ന യുദ്ധമാണ്. മനസ് വിചാരിക്കുന്നിത്ത് ചെന്നെത്താന്‍ കഴിവ് നല്‍കുന്ന (ടെലിപ്പോര്‍ട്ടിങ്ങ്) Space Stone (Blue), ബുദ്ധിയും വിവരവും നല്‍കുന്ന Mind Stone (Yellow),  പ്രപഞ്ചം തന്നെ മാറ്റുവാനും ഇരുണ്ടതാക്കി മാറ്റുവാൻ കഴിയുന്ന Reality Stone (Red), നഗരങ്ങള്‍ ഒറ്റയടിക്ക് നശിപ്പിക്കാന്‍ കഴിയുന്ന Power Stone (Purple), സമയം നിയന്ത്രിക്കാന്‍ കഴിയുന്ന  Time Stone (Green), ഏറ്റവും വിശിഷ്ടമായ എന്തും ചെയ്യാന്‍ കഴിയുന്ന Soul Stone (Orange) തുടങ്ങിയ കല്ലുകള്‍ താനോസിന്‍റെ കയ്യില്‍ ലഭിച്ചു കഴിഞ്ഞാലുള്ള ഭവിഷത്ത് അറിയാവുന്ന സൂപര്‍ ഹീറോകള്‍ എല്ലാം കൈകോര്‍ത്തു താനോസിനെ എതിര്‍ക്കുന്നതാണ് കഥ. തിന്മയ്ക്കു മേല്‍ നന്മ ജയിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട ഒന്ന് തന്നെയാണ്. എന്താണെങ്കിലും മരണം അനിവാര്യമാണ്. ഇഷ്ടപ്പെട്ട നായകന്മാര്‍ രണഭൂമിയില്‍ വീഴുമോ?? അതോ അവര്‍ താനോസിനെ തകര്‍ക്കുമോ? എന്നാ പല ചോദ്യങ്ങള്‍ മനസ്സില്‍ കൂടി ഇങ്ങനെ കടന്നു പോയിക്കൊണ്ടേയിരിക്കും. സിനിമയുടെ കഥയെ പറ്റി പറയുമ്പോള്‍ തന്നെ മുഴുവന്‍ സ്പോയിലര്‍ ആകുമെന്നത് കൊണ്ട് തന്നെ അതിലേക്കു കടക്കുന്നില്ല.

തുടക്കം മുതല്‍ അവസാനം വരെയും നമ്മളെ വേറെ ഒരു ലോകത്തെക്ക് കൊണ്ട് പോകാന്‍ കഴിയുന്നുണ്ട് ഇനിഫിനിടി വാറിന്. നിരവധി വീരയോധാക്കള്‍ സിനിമയില്‍ അണി നിരക്കുന്നുണ്ട്. അവഞ്ചറുകള്‍ കൂടാതെ ഗാര്‍ഡിയന്‍സ്, ബ്ലാക്ക് പാന്തര്‍, സ്പൈഡര്‍മാന്‍,  ഡോക്ടര്‍ സ്ട്രെഞ്ച് കൂടാതെ നിരവധി പേര്‍ താനോസിനെതിരെ യുദ്ധം ചെയ്യുവാന്‍ വേണ്ടി അണി നിരക്കുന്നുണ്ട്. കഥയ്ക്ക് മേല്‍ ആക്ഷനും ഗ്രാഫിക്സിനും തന്നെയാണ് ഇത്തവണയും മാര്‍വല്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. വളരെ ചടുലമായ കഥാഖ്യാനം ഒരിക്കല്‍ പോലും സിനിമയുടെ മൂഡും വേഗതയും കുറയ്ക്കുന്നില്ല.സീരിയസ് ആയ മൂടിലൂടെ പോകുമ്പോഴും മാര്‍വല്‍ സിനിമകളുടെ കൈമുതലായ കോമഡികള്‍ക്കും ഒരു നല്ല ഇടം നല്‍കുന്നുണ്ട്. തോര്‍, റാക്കൂണ്‍,  കൂട്ടുകെട്ടിലുള്ള തമാശകള്‍, സ്റ്റാര്‍ ലോര്‍ഡ്‌, ട്രാക്സ്, അയണ്‍മാന്‍, സ്പൈഡര്‍മാന്‍ തുടങ്ങിയവര്‍ നല്ല ഒരു ചിരി വിരുന്നു ഒരുക്കിയിട്ടുണ്ട്. പക്ഷെ കഥയുടെ സീരിയസ്നസില്‍ തമാശകളുടെ ഡോസ് അല്പം കുറഞ്ഞ പോലെയും തോന്നി. ഇത്രയും സൂപര്‍ഹീറോകള്‍ അണി നിരക്കുന്ന ചിത്രത്തില്‍ സ്വാഭാവികമായും പലരുടെയും റോളുകള്‍ക്ക് അല്പം പ്രാധാന്യം കുറഞ്ഞു പോവാറുണ്ട്. എന്നാല്‍ മാസ് സീനുകൾക്കൊന്നും ഒരു പഞ്ഞവുമില്ല..

എല്ലാവരുടെ സ്ക്രീന്‍ പ്രസന്‍സും ഡയലോഗുകളും നല്ല രീതിയില്‍ വീതിച്ചു കൊടുത്തെങ്കിലും സ്കാര്‍ലറ്റിന്‍റെ ബ്ലാക്ക് വിഡോയ്ക്ക് നല്ല രീതിയില്‍ പ്രാധാന്യം കുറഞ്ഞ പോലെ തോന്നി. അതിലും കൂടുതല്‍ വിഷനും സ്കാര്‍ലറ്റ് വിച്ചിനും ലഭിച്ചു. അവരുടെ സീനുകള്‍ പലപ്പോഴും വൈകാരികത കൂടിയുമിരുന്നു. പ്രകടനങ്ങളില്‍ എല്ലാവരും ഒന്നിനോടൊന്നു മെച്ചം എന്ന് തന്നെ പറയണം. ക്യാപ്റ്റന്‍ അമേരിക്കയുടെ ഇന്‍ട്രോ കിടു തന്നെയായിരുന്നു, ക്രിസ് ഇവാന്‍സ് ലുക്ക് ഒരു രക്ഷയുമില്ല. ക്രിസ് ഹെംസ് വർത്തിന്റെ തോര്‍ ഒരു അന്യായ ഐറ്റം തന്നെയാരുന്നു. തോറിന്‍റെ എന്ട്രി ഒക്കെ കിടു.  സൂപര്‍ ഹീറോ സിനിമകളിലെ ഏറ്റവും മികച്ച വില്ലനെന്ന വിശേഷണം ഇനി ജോഷ്‌ ബ്രോലിന്‍റെ താനോസിനു മാത്രം സ്വന്തം. ആളുടെ സ്ക്രീനിലെക്കുള്ള വരവിനു ശേഷം പ്രേക്ഷകരായ നമ്മള്‍ക്ക് ഒരിക്കല്‍ പോലും അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാന്‍ കൂടി കഴിയില്ല. ക്രൂരനായ ഒരു വില്ലനാനെങ്കിലും ഉള്ളില്‍ ഒരു മാടപ്രാവ് ഒളിഞ്ഞു കിടക്കുന്നുമുണ്ട്.

ക്യാമറ വര്‍ക്ക്, വിഎഫ്എക്സ്, പശ്ചാത്തല സംഗീതം, തുടങ്ങിയ ടെക്ക്നിക്കല്‍ വശമോന്നും ഒരു നെഗടീവ് പോലും പറയാനില്ല. Alan Silvestriയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. Trent Opaloch ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. Ant Man, Captain America സീരീസ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഇരട്ട സംവിധായകര്‍ ആന്തണി റുസോയും ജോ റുസോയുമാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. അവരുടെ റോള്‍ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു in and out entertainer തന്നെ അവര്‍ ഒരുക്കിയിട്ടുണ്ട്.

ഒരു പോരായ്മ തോന്നിയത്, നിരവധി സൂപര്‍ഹീറോകള്‍ ഈ സിനിമയില്‍ ഇഹലോക വാസം വെടിയുന്നുണ്ട് (സ്പോയിലര്‍ ആകുമോ എന്നതറിയില്ല, കാരണം അത് ഒഴിച്ച് കൂടാനാവാത്ത കാര്യമാണല്ലോ) പക്ഷെ അവരുടെ പിന്‍വാങ്ങല്‍ വൈകാരികമായി പ്രേക്ഷകനുള്ളിലേക്ക് വരുത്താന്‍ കഴിയുന്നില്ല (എനിക്ക് മാത്രം തോന്നിയതാണോ എന്നുമറിയില്ല), അതിനു മുന്നേ അടുത്ത സീനിലേക്ക് പോകുകയാണ്. പക്ഷെ, ഈ മരിച്ചവര്‍ എല്ലാം ഇനിയും ചിത്രങ്ങളില്‍ അണിനിരക്കും എന്നത് ഉറപ്പാണ്. ഏതെല്ലാം എന്ന് മാത്രമേ അറിയേണ്ടതുള്ളൂ.

MCU തങ്ങളുടെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അവരുടെ ഫാന്‍സിനു ആഘോഷിക്കാന്‍ അവരുടെ ചരിത്രത്തിലെ മികച്ച സിനിമ തന്നെ നല്‍കിയെന്നത് ഒരു സത്യം തന്നെയാണ്.

എന്‍റെ റേറ്റിംഗ് 9.4 ഓണ്‍ 10

ഐമാക്സ് അറ്റ്‌മോസ് തീയറ്ററില്‍ കാണുവാന്‍ ശ്രമിക്കുക. ഒരിക്കല്‍ പോലും നിരാശരാവില്ല

Thursday, April 19, 2018

265. Ugly (2014)

അഗ്ലി (2014)




Language : Hindi
Genre : Crime | Drama | Mystery | Thriller
Director : Anurag Kashyap
IMDB : 8.1

Ugly Theatrical Trailer

ഒരു സിനിമയുടെ സ്വഭാവം അനുസരിച്ചു പേരിടുന്നത് വിരളമാവും. എന്നാൽ അനുരാഗ് കശ്യപിൻറെ സിനിമകളുടെ ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ, സിനിമയ്ക്ക് ചേർന്നു നിൽക്കുന്ന പേരാകും ഭൂരിഭാഗവും ഉണ്ടാവുക. അല്ലെങ്കിൽ അദ്ദേഹത്തിൻറെ സിനിമകളുടെ പേരുകൾ ഉദാഹരണമായി എടുത്തു നോക്കുക. പാഞ്ച്, ബ്ളാക്ക് ഫ്രൈഡേ, നോ സ്‌മോക്കിങ്, ദേവ് ഡി, ഗുലാൽ, ഗാങ്സ് ഓഫ് വാസേപൂർ, രാമൻ രാഘവ് ഇങ്ങനെ നീളുന്ന സിനിമകളുടെ പേരിൽ ഒരെണ്ണം കൂടിയാണ് അഗ്ലി.

2014ൽ അനുരാഗ് കശ്യപ്, വികാസ് ബല്ല (ക്വീൻ സംവിധായകൻ) തുടങ്ങിയവർ നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ് അഗ്ലി. "വിരൂപമായ" എന്നർത്ഥം വരുന്ന അഗ്ലി (UGLY), മനുഷ്യ മനസുകളുടെ അഴുകിയ / ജീർണ്ണിച്ച ചിന്താഗതിയെ ഒരു മറയുമില്ലാതെ വരച്ചു കാട്ടുന്നു.

ഒരു പത്തു വയസുള്ള കുട്ടിയുടെ തിരോധാനവും ആ കുട്ടിയുമായി ബന്ധപ്പെട്ട ചിലരുടെ ഒരാഴ്ചത്തെ ജീവിതത്തിലോട്ടുള്ള ഒരു എത്തിനോട്ടം ആണ് അഗ്ലി. ഒരു ആക്ഷൻ പാക്ക്ഡ് ത്രില്ലർ പ്രതീക്ഷിച്ചു ഈ സിനിമ കാണരുത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്, മറിച്ചു കഥാപാത്രങ്ങളിലെ  വികാര വേലിയേറ്റങ്ങളിലൂടെ ഉള്ള ഒരു യാത്രയാണ് അഗ്ലി. 

ബന്ധങ്ങൾക്കും മേലെ പണത്തിനും, പകയ്ക്കും, പ്രശസ്തിക്കും മാത്രം പ്രാധാന്യം കൊടുക്കുന്ന ഒരു കൂട്ടം മനുഷ്യർ. അവരിൽ പിതാവുണ്ട്, മാതാവുണ്ട്, സുഹൃത്തുണ്ട്, സുഹൃത്തുക്കൾ ഉണ്ട്, പോലീസ് ഓഫീസർ ഉണ്ട്, പക്ഷെ  സ്വാർത്ഥ താൽപര്യങ്ങൾക്കു മാത്രം മുൻതൂക്കം കൊടുക്കുന്നു. അതിനിടയിൽ ഒരു കൊച്ചു പെൺകുട്ടിയുടെ തിരോധാനം അവരിൽ പലരും ഒരു കരുവാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. മദ്യപാനത്തിന് അടിമയായ 'അമ്മ, അവരുടെ രണ്ടാം ഭർത്താവ് - പോലീസ് ഓഫീസർ കോളേജിൽ തനിക്കു നേരിട്ട അപമാനത്തിനു മറുപടിയായി ഭാര്യയാക്കിയത്, ഭാര്യയെ തല്ലുന്ന സിനിമയിൽ നല്ലൊരു കഥാപാത്രത്തിനായി അലയുന്ന മുൻ ഭർത്താവ്, അയാളുടെ വ്യാമോഹിയായ സുഹൃത്ത്, ഇതിനിടയിൽ പെട്ടുഴലുന്ന ഒരു കൊച്ചു കുട്ടി. അവൾ ജീവിച്ചിരിപ്പുണ്ടോ? അവളെ ആരാണ് തട്ടിക്കൊണ്ടു പോയത്? അവളെവിടെ പോയി? ഈ കഥാപാത്രങ്ങൾക്കെല്ലാം എന്ത് സംഭവിക്കും? എന്നുള്ള പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് അഗ്ലി.

പതിവ് പോലെ കഥയെക്കാളും കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് തുടക്കം മുതൽ തന്നെ പ്രേക്ഷകന് മാനസിക പിരിമുറുക്കം നൽകി മുന്നേറുന്ന ചിത്രമാണ് അഗ്ലി. അനുരാഗ് കശ്യപ് എന്ന അതികായനായ സംവിധായകൻറെ കയ്യൊപ് പതിഞ്ഞിട്ടുണ്ട്. ഒരിക്കൽ പോലും പ്രവചിക്കാനാവാത്ത കഥാസന്ദർഭങ്ങൾ നമ്മളെ ഒരു രോമാഞ്ചപുളകിതമായ യാത്രയിലേക്കു കൊണ്ട് പോകും. അപ്രതീക്ഷിത ട്വിസ്റ്റുകൾ പ്രേക്ഷകന് നിരന്തരമായ ഞെട്ടൽ സമ്മാനിക്കും എന്നത് ഉറപ്പ്. വളരെ പിരിമുറക്കം നിറഞ്ഞ സന്ദര്ഭങ്ങളിലൂടെ ആണ് ചിത്രത്തിൻറെ യാത്ര എങ്കിലും ഇടയ്ക്ക് വരുന്ന കോമഡി ഒരു ആശ്വാസവുമാകുന്നുണ്ട്. കൃത്യമായി place ചെയ്തിട്ടുള്ളതിനാൽ ഒരു കല്ലുകടിയും അനുഭവപ്പെടില്ല.

Nikos Andritsakis നിർവഹിച്ച ക്യാമറ മനോഹരമായിരുന്നു. ഒരു ഡാർക് മൂഡിലേക്ക് പ്രേക്ഷകനെ കൊണ്ട് പോകാൻ കഴിയുന്ന ക്യാമറവർക്ക്. Brian MComber നിർവഹിച്ച പശ്ചാത്തലസംഗീതം അഗ്ലിയുടെ മൂഡിന് ചേർന്നത് തന്നെയായിരുന്നു. വളരെ മികച്ചു നിന്നിരുന്നു. ജിവി പ്രകാശ് കുമാർ ആണ് പാട്ടുകൾക്ക് ഈണം നൽകിയത്. മോശമല്ലായിരുന്നു എന്ന് പറയാം.

കാസ്റ്റിംഗ് ഡയറക്ർ ആയ മുകേഷ് ചാബ്രയ്ക്ക് കൊടുക്കണം ഭൂരിഭാഗം മാർക്ക്. അത്രയ്ക്ക് മികച്ച കാസ്റ്റിംഗ് ആണ് അഗ്ലിക്ക് വേണ്ടി അദ്ദേഹം നടത്തിയത്. തേജസ്വിനി കൊൽഹാപുരിയുടെ 'അമ്മ കഥാപാത്രം മികച്ച  പ്രകടനം കാഴ്ച വെച്ചു. രാഹുൽ ഭട്ട് പരാജിതനായ നടൻറെ (രാഹുൽ കപൂർ) കഥാപാത്രം അനായാസേന അവതരിപ്പിച്ചു. ജീവിതത്തിലും ഏകദേശം സമാന സ്വഭാവം ഉള്ള ജീവിതമാണെന്ന് ഞാൻ പിന്നീട് എവിടെയോ വായിച്ചിരുന്നു. റോണിത് റോയ് ക്രൂരനെന്ന തോന്നിപ്പിക്കുന്ന രണ്ടാം ഭർത്താവിൻറെ റോൾ മികച്ചതാക്കി. ഇൻസ്പെക്ടർ യാദവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗിരീഷ് കുൽക്കർണി അക്ഷരാർത്ഥത്തിൽ തകർപ്പൻ പ്രകടനം  ആയിരുന്നു. ശക്തി കപൂറിൻറെ മകൻ സിദ്ധാന്ത്  കപൂറിൻറെ ആദ്യ ചിത്രം കൂടി ആണിത്. തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു. ചൈതന്യ മിശ്ര എന്ന രാഹുലിൻറെ സുഹൃത്തായി വിനീത് കുമാർ സിംഗ് മികച്ച പ്രകടനം കാഴ്ച വെച്ചു. സുർവീൻ ചാവ്‌ല, അബീർ ഗോസ്വാമി തുടങ്ങിയർ മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ആലിയ ഭട്ട് ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെട്ടു.

മൊത്തത്തിൽ പറഞ്ഞാൽ അനുരാഗ് കശ്യപിന്റെ മികച്ച ഒരു ഡാർക്ക് മോഡ് ത്രില്ലർ ആണ്. ഒരു പുതിയ അനുഭവമാകും 130 മിനുട്ടുകളോളം ദൈർഘ്യമുള്ള അഗ്ലി 

എൻ്റെ റേറ്റിംഗ് 8.2 ഓൺ 10

Tuesday, April 10, 2018

264. A Quiet Place (2018)

ക്വൈറ്റ് പ്ലേസ് (2018)



Language : English
Genre : Drama | Horror | Thriller
Director : John Krasinski
IMDB : 8.2

A Quiet Place Theatrical Trailer


​​ഭൂമിയിൽ അവശേഷിക്കുന്ന അപൂർവ്വം ചിലരിൽ മാത്രമാണു ഞങ്ങൾ. പേരറിയാത്ത കാഴ്ചശക്തിയില്ലാത്ത എന്നാൽ അപാര കേൾവിശക്തിയുള്ള ഭീകരജീവികൾ ഭൂമിയിൽ വാഴാൻ തുടങ്ങിയിട്ടു ഇന്നേക്ക്‌ 89 ദിവസം കഴിയുന്നു. ഞാൻ എവ്ലിൻ അബോട്ട് എൻ്റെ ഭർത്താവും മൂന്നു മക്കളും കൂടി ഹൈപർ മാർക്കറ്റിൽ മരുന്നുകൾക്കും മറ്റു കാര്യങ്ങൾക്കുമായി വന്നു മടങ്ങിപ്പോകെ ഞങ്ങളുടെ ഏറ്റവും ഇളയ മകനെ ആ ജീവി കണ്മുന്നിൽ നിന്നും പിടിച്ചെടുത്തു കൊണ്ട് പോയത്. നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു..  ഒന്നുറക്കെ കരയാൻ പോലും എനിക്ക് അല്ല ഞങ്ങൾക്ക് കഴിഞ്ഞില്ല. എത്ര നേർത്ത ശബ്ദം വന്നാലും അതേതു ദിക്കിലാണെങ്കിലും നിമിഷ നേരത്തിനുള്ളിൽ എത്തി ഇരയെ വക വരുത്തുന്ന നികൃഷ്ട ജീവികളിൽ നിന്നും രക്ഷപെടാനായി പല വഴികളും ചെയ്തു വെച്ചിട്ടുണ്ട്‌. ദുർബലമായ ഒന്നും അവരിൽ ഇല്ല എന്നത് കൊണ്ട് ചെറുത്തു നിൽക്കാനും കഴിയുകയില്ല. ഇനി അടുത്ത ആര്? ഇനി എത്ര നാൾ? എന്ന ചോദ്യം മാത്രം.

ഒറ്റ വാക്കിൽ പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിമനോഹരം. ഇതൊരു സ്ഥിരം ഫോർമുലയിൽ ഉള്ള ഒരു ഹൊറർ ത്രില്ലർ ആയി കണക്കാക്കാൻ കഴിയുകയില്ല, മറിച്ചു വികാര വേലിയേറ്റങ്ങളും കുടുംബ ബന്ധങ്ങളും ഇഴ ചേർത്തു നിർത്തി, ക്ളീഷേകളും ജമ്പ് സ്കേറുകളും പരമാവധി ഒഴിവാക്കി സിനിമ തുടങ്ങുന്ന ആദ്യ നിമിഷം മുതൽ തീരുന്നതു വരെയും പ്രേക്ഷകനെ ആവേശത്തിൻ്റെയും ഭയത്തിൻറെയും മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ. ക്ളീഷേകൾ പരമാവധി ഒഴിവാക്കിയെങ്കിലും അല്പം ക്ളീഷേകൾ ഉണ്ട് എന്നിരുന്നാലും അപ്രതീക്ഷിത സീനുകൾ നിരവധിയാണ്.

ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ആകർഷണം ഇതിന്‍റെ സംവിധാനം തന്നെയാണ്. അമേരിക്കൻ നടനായ ജോൺ ക്രാസിൻസ്കി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നായക കഥാപാത്രവും തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ടെൻഷൻ ഉളവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അല്പം സ്ലോ നോട്ടിൽ തുടങ്ങുന്നുവെങ്കിലും കഥാപാത്രങ്ങളെയും ചുറ്റുപാടും പ്രേക്ഷകൻറെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മളറിയാതെ കഥാപാത്രം അനുഭവിക്കുന്ന വികാരങ്ങളെല്ലാം നമ്മുടേതെന്നാക്കാനും കഴിഞ്ഞു. അതിനാൽ, ചിത്രം കാണുന്നതിലുപരി അനുഭവിക്കുക എന്ന പ്രതീതി ലഭിക്കും. കഥാപാത്രത്തിന്റെ ഭയം നമ്മുടെ ഭയമാണ് വിഷമങ്ങളും സന്തോഷങ്ങളും നമ്മുടേതാണെന്ന പ്രതീതി മൊത്തത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജോണ്‍ ക്രാസിന്‍സ്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എ ക്വൈറ്റ് പ്ലേസ്. വേറെ ഒരു പ്രത്യേകത എടുത്തു പറയുകയാണെങ്കില്‍ 
അധിക സംഭാഷണങ്ങള്‍ നിരവധി ഇല്ല, കൂടുതലും ആശയവിനിമയം നടത്തുന്നത് ആംഗ്യ ഭാഷയില്‍ കൂടിയാണ്. അതൊരിക്കലും ആസ്വാദനത്തിനെ ബാധിക്കുകയുമില്ല.

ചിത്രത്തിന്‍റെ technical വശങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും, എന്ത് മാത്രം അണിയറയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്നു . ക്യാമറ, ലൊക്കേഷൻ, ലൊക്കേഷൻ സെറ്റ്  വർക്ക്, ലൈറ്റിങ്ങ്, സൗണ്ട് ഡിസൈൻ എന്നിവയിൽ എല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. ഭയം പ്രേക്ഷകനിൽ എത്തിക്കാൻ മാർക്കോ ബെൽട്രാമിക്ക് കഴിഞ്ഞിട്ടുണ്ട്. ലോഗൻ, സ്നോപിയേഴ്‌സർ, വാം ബോഡീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിൻ്റെ  കഴിവ് എടുത്തു പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. ചിത്രത്തിൻറെ ആഖ്യാനത്തിനു ഇഴ ചേർന്ന് നിന്ന് പശ്ചാത്തല സംഗീതം. ഇത് ശരിക്കും ആസ്വദിക്കണമെങ്കിൽ തീയറ്ററിൽ തന്നെ പോകണം.

Charlotte Bruus Christensenൻറെ ക്യാമറവർക്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള പ്രേക്ഷകൻറെ  യാത്രയിൽ ചുക്കാൻ പിടിച്ചത് അദ്ദേഹം തന്നെയാണ്. 

സംവിധായകൻ തന്നെ മുഖ്യ കഥാപാത്രമായ ലീ അബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കുറവും എടുത്തു പറയാനാകാത്ത കഥാപാത്രം. ഒരു നല്ല പിതാവായും, ഒരു രക്ഷകനായും നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഭാര്യാ കഥാപാത്രമായ എവ്ലിനെ ജോൺ  കറാസിൻസ്കിയുടെ ജീവിതത്തിലെ ഭാര്യയായ എമിലി ബ്ലണ്ട് അവതരിപ്പിച്ചു. മികച്ച കഥാപാത്രം ആയിരുന്നു അവരുടേത്. കുട്ടികളുടെ കഥാപാത്രങ്ങൾ ഒക്കെ അഭിനയത്തിൽ വളരെ അധികം മികച്ചു നിന്നു. ഒരു വിഎഫ്എക്സ് ചിത്രത്തിൽ അഭിനയിക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ഇല്ലാത്ത വസ്തു ഉണ്ടെന്നു സങ്കൽപ്പിച്ചു, അതും ഭയ രസം മുഖത്തു വരുത്തുക എന്ന് പറഞ്ഞാൽ അതിലും പാടേറിയ ഒന്നാണ്. അതൊരു സങ്കോചവും കൂടാതെ അവർ ചെയ്തു. അവിടെ സംവിധായകനായ ജോണിൻറെ പങ്കു വളരെ വലുതുമാണ്. 


മൊത്തത്തിൽ പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഭയത്തിൻറെ മുൾമുനയിൽ നിർത്തുന്ന ഒരു ഇമോഷണൽ ഹൊറർ ത്രില്ലർ ആണ് A Quiet Place.

A must watch in this genre and horror loving fans.

My Rating 8.9 on 10 (Dont Bite off your nails, coz you need that later)

ചിത്രത്തിലെ രണ്ടു മൂന്നു സിറ്റുവേഷനുകള്‍ എനിക്ക് കല്ല്‌ കടിയായി ഭവിച്ചു, പ്രത്യേകിച്ച് നായിക ശബ്ദമൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്നത്.  Logically and Practically ചിന്തിക്കുകയാണെങ്കില്‍ അങ്ങിനെ ഒരു അബദ്ധം ഒരു normal human being ചെയ്യുകയില്ല. പക്ഷെ അങ്ങിനെ ഒരു സിറ്റുവേഷന്‍ അവതരിപ്പിച്ചത് കൊണ്ട്, കുറച്ചു കിടിലന്‍ ഭയം ഉളവാക്കുന്ന സീനുകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു.





Saturday, April 7, 2018

263. Mounam Sammadham (1990)

മൗനം സമ്മതം (1990)



Language : Tamil
Genre : Crime | Drama | Mystery | Suspense | Thriller
Director : K. Madhu
IMDB : 7.5


"കല്യാണ തേൻ നിലാ" എന്ന നിത്യ ഹരിത ഗാനം മൂളാത്ത സംഗീതപ്രേമികൾ വിരളമായിരിക്കും. മമ്മൂട്ടിയെന്ന അനുഗ്രഹീത നടൻ തമിഴിൽ അരങ്ങേറ്റം കുറിച്ച മൗനം സമ്മതം എന്ന ചിത്രത്തിലെ ഗാനമാണു. KJ യേശുദാസ്‌, KS ചിത്ര എന്നിവർ ആലപിച്ച ഗാനത്തിനു സംഗീതം നൽകിയത്‌ ഇസൈജ്ഞാനി ഇളയരാജയും രചിച്ചത്‌ പുലമൈ പിത്തനുമാണു.

തന്റെ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തിയതിനു അന്നു രാവിലെ സുന്ദരത്തിനെ കോടതി തൂക്കുമരണം വിധിച്ചു. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുന്ദരം അല്ല ചെയ്തതെന്നു ഉറച്ചു വിശ്വസിക്കുന്ന കുടുമ്പത്തിനു ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകണമെങ്കിലും കുടുമ്പ വക്കീലായ ശേഖറിനു ആത്മവിശ്വാസം തീരെ പോര താനും. ആയിടയ്ക്കാണു ശേഖറിന്റെ സുഹ്രുത്തായ രാജ നാട്ടിൽ ഒരു കോൺഫറൻസിനെത്തുന്നത്‌. രാജയോടു ഈ കേസ്‌ വാദിക്കണമെന്നും സുന്ദരം നിരപരാധിയാണു എന്നൊക്കെ ശേഖർ അപേക്ഷിക്കുമെങ്കിലും രാജ അതു ചെവി കൊടുക്കുന്നില്ല. അടുത്ത ദിവസം ഡൽഹിക്ക്‌ പോകാനായി തയാറെടുക്കുന്ന രാജ അവിചാരിതമായി ഒരു പത്രം കാണുന്നു. ആ പത്രത്തിൽ താൻ പണ്ടിഷ്ടപ്പെട്ടിരുന്ന ഹേമ സുന്ദരത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണുകയും ഹേമ സുന്ദരത്തിന്റെ സഹോദരി ആണെന്നു മനസിലാക്കുകയും രാജ തന്റെ ഡൽഹി യാത്ര കാൻസലാക്കി താൻ ഈ കേസ്‌ വാദിക്കാം എന്നു ശേഖറിനെ അറിയിക്കുന്നു. പിന്നീട്‌ തെളിവുകൾ എതിരായിട്ടും, രാജ ശേഖറിന്റെ സഹായത്തോടെ കേസ്‌ അന്യേഷിക്കുകയും വാദിക്കുകയും ചെയ്യുന്നു.. കേസ്‌ ആരു ജയിക്കും എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ലെങ്കിലും ആരാവും കുറ്റവാളി എന്ന ചോദ്യം അവസാന നിമിഷം വരെയും നിലനിർത്തുന്നു.

SN സ്വാമി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത്‌ മലയാളിയായ K മധു ആണു. തലൈപ്പ്‌ സെയ്തികൾക്ക്‌ ശേഷം കെ മധു തമിഴിൽ രണ്ടാമത്‌‌ ചെയ്ത ചിത്ര കൂടിയാണു മൗനം സമ്മതം. SN സ്വാമിയുടെ സ്ഥിരം ശൈലിയായ അന്ത്യ നിമിഷം വരെയും സസ്പെൻസ്‌ നിലനിർത്തുന്ന‌ ത്രില്ലർ പിന്തുടരുന്ന ഈ ചിത്രം ഒരു ഗംഭീര ഹിറ്റ്‌ കൂടിയാരുന്നു. കുറ്റവാളി ആരാണെന്ന ചോദ്യത്തിനുള്ള ക്ലൂ തുടക്കം മുതലേ പ്രേക്ഷകനു കൊടുക്കുന്നുമുണ്ട്‌. 1988ൽ പുറത്തിറങ്ങിയ അതേ റ്റീമിന്റെ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ സമാന കഥ തന്നെയാണു മൗനം സമ്മതം എന്ന ഈ ചിത്രത്തിലും. അൽപ സ്വൽപ കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റം മാത്രം. എന്നിരുന്നാലും ബോറടിക്കാതെ തന്നെ ചിത്രം കണ്ടിരിക്കാനും കഴിയും. അതിനു ഇളയരാജയുടെ പശ്ചാത്തല സംഗീതം നൽകുന്ന മൈലേജ്‌ ചില്ലറയല്ല. ഫൈറ്റ്‌ സീനുകൾ അത്ര മികച്ചതല്ലെങ്കിലും തരക്കേടില്ലായിരുന്നു. അന്നത്തെ ചാർട്ട്‌ ബസ്റ്ററുകളായ ഗാനങ്ങളും ഒരു പ്രത്യേകത തന്നെയായിരുന്നു. കല്യാണ തേൻ നിലാ ഒരു കൾട്ട്‌ ആണെന്നുള്ളത്‌ ഞാൻ പ്രത്യേകിച്ച്‌ ഇങ്ങനെ എടുത്തു പറയേണ്ട ആവശ്യമില്ലല്ലൊ..

മമ്മൂട്ടി തന്റെ ആദ്യ തമിഴ്‌ ചിത്രമാണെന്നുള്ള സങ്കോചമില്ലാതെ അഭിനയിച്ചു. ഡയലോഗ് ഡെലിവറിയൊക്കെ മികച്ചു നിന്നു. അമല സുന്ദരിയായി തോന്നിയെങ്കിലും അത്ര മികച്ച റൊൾ എന്നൊന്നും പറയാൻ കഴിയുകയില്ല. വൈ.ജി. മഹേന്ദ്രൻ, ചാർളി എന്നിവരുടെ പ്രകടനവും മോശമല്ലായിരുന്നു. നാഗേഷ്‌ വില്ലനായി നന്നായി, എന്നാൽ MS ത്രിപ്പൂണിത്തുറയുമായി ഉള്ള കോമഡി ശരിക്കും അലോസരമുണ്ടാക്കുന്നതായിരുന്നു. ആ പഴയ കാല ബോറിംഗ്‌ കോമഡി ട്രാക്ക്‌. തമിഴ്‌ സ്റ്റാർ ശരത്‌കുമാർ ഒരു ചെറിയ വേഷം ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്‌. സുകുമാരി, പ്രതാപചന്ദ്രൻ, ശ്രീജ, കൊച്ചിൻ ഹനീഫ തുടങ്ങിയ നിരവധി മലയാളികലാകാരന്മാർ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്‌ എന്നതൊരു പ്രത്യേകത തന്നെയാണു.

ആവർത്തനം അൽപമുണ്ടെങ്കിലും വിരസതയില്ലാതെ ആസ്വദിച്ചു കാണാവുന്ന typical SN സ്വാമി ത്രില്ലർ

എന്റെ റേറ്റിംഗ്‌ : 7.8 ഓൺ 10