Cover Page

Cover Page

Thursday, March 16, 2017

241. SPL2: Saat Po Long 2 (Kill Zone2 : A Time For Consequences) (2015)

എസ്പിഎൽ 2 : സാഥ് പോ ലോങ്ങ് 2 (കിൽ സോൺ 2 : എ ടൈം ഫോർ കോൺസെക്യുൻസസ്‌) (2015)



Language : Mandarin | Thai
Genre : Action | Crime | Drama
Director : Cheung Pou-Soi
IMDB : 6.7

SPL2 : A Time For Consequences Theatrical Trailer


അവയവകടത്തും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും വർധിച്ചു വരുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. യാതൊരു മാർഗത്തിലും ഇതിനൊരു തടയിടാൻ കഴിയാത്തത്ര ഈ ക്രൈം ഇന്ന് ലോകത്തു വളർന്നിട്ടുണ്ട്. ഇതേ ആശയം ഉപയോഗിച്ച് നിരവധി ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.  തൻറെ സ്വയലാഭത്തിനു വേണ്ടി ഏതറ്റവും വരെയും പോകുന്ന നീചന്മാരായ ആളുകൾ തിങ്ങി വസിക്കുന്ന ഒരിടമാണല്ലോ ഭൂമിയെന്നോർക്കുമ്പോഴാണ് വ്യസനം. 

എസ്പിഎൽ എന്ന ചിത്രത്തിൻറെ വിജയത്തിനു ശേഷം ആണ് ഇങ്ങനെ ഒരു സീക്വൽ വരുന്നത്. പേരിൽ മാത്രമേ തുടർച്ചയുള്ളൂവെങ്കിലും, പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭവും ആണ് ചിത്രത്തിൻറെ സംവിധായകൻ ആയ ച്യൂങ് പോ സോയി തിരഞ്ഞെടുത്തത്.

ഡ്രഗ് - അവയവ കടത്തു മാഫിയയിൽ രഹസ്യമായി ചാരപ്രവർത്തി ചെയ്യുന്ന ഒരു പോലീസുകാരനായിരുന്ന കിറ്റ്, ഒരു ഏറ്റുമുട്ടലിനിടയ്ക്ക് തൻറെ രഹസ്യം പുറത്താവുന്നു.  തങ്ങളെ ചതിച്ചതിനു പകരമായി അയാളെ വേറൊരു തായിലാൻഡിലുള്ള ഒരു ജയിലിൽ പാർപ്പിക്കുന്നു. അവിടെ ചായ് എന്ന ഒരു കോൺസ്റ്റബിൾ ആണ് കിറ്റിനെ നോക്കാൻ ജയിലധികൃതർ ഏൽപ്പിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിച്ച ഒരു ചായിന്റെ കുട്ടിയെ രക്ഷപെടുത്തണമെങ്കിൽ കിറ്റ് വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ. കിറ്റാരാണെന്നു മനസിലാക്കുന്ന ചായ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നീട് അവർ മാഫിയയെ എങ്ങിനെ കീഴ്പ്പെടുത്തുന്നതോടെ ചിത്രം അവസാനിക്കുന്നു.

വയലൻസിൻറെ അതിപ്രസരമുള്ള ആക്ഷൻ സീക്വൻസുകൾ ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. പക്ഷെ പ്രവചനാതീതമായ കഥയും തിരക്കഥയും ചിത്രത്തിന്റെ ബലഹീനതയുമാണ്. ത്രില്ലടിക്കാൻ പാകത്തിലുള്ള ആഖ്യാനത്തിൻറെ അഭാവവും ചിത്രത്തെ പിന്നോട്ടടിക്കുന്നു. പശ്ചാത്തല സംഗീതം, ക്യാമറ, ആക്ഷൻ എന്നീ നിലകളിൽ നിലവാരം പുലർത്തി.  

കിറ്റ് എന്ന പോലീസുദ്യോഗസ്ഥനായി വൂ ജിങ് അഭിനയിച്ചു. സത്യം പറഞ്ഞാൽ വൂ ജിങ്ങിനെ എനിക്കത്ര കണ്ടു മതിപ്പില്ല. അഭിനയത്തിലും ആക്ഷനിലും നല്ല ഓവർ ആക്ടിങ് ആണ്. ഈ ചിത്രത്തിലും വ്യത്യാസമായി ഒന്നുമില്ലാരുന്നു. പക്ഷെ ആക്ഷൻ ചെയ്തിരിക്കുന്നത് നന്നായി. ടോണി ജായുടെ പഴയ പ്രഭാവം ഒന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല.  ഒരു സൈഡ് ആക്ടർ എന്ന രീതിയിൽ മാത്രമാണ് എനിക്ക് തോന്നിയത്. സൈമൺ യാം പതിവ് പോലെ നന്നായി ചെയ്തു. ഴാങ് ജിൻ,  തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. പ്രധാന വില്ലൻ ഈ ചിത്രത്തിൽ കാമിയോ അപ്പിയറൻസ് ആണ് എന്നതൊരു പ്രത്യേകത ആണ്. മ്ലാനവും എന്നാൽ ശാന്തപ്രകൃതവും ഉള്ള ഒരു വില്ലൻ. ലൂയിസ് കൂ ആണ് വില്ലനായ മിസ്റ്റർ ഹാങിനെ അവതരിപ്പിച്ചത്.

മൊട്ടത്തതിൽ പറഞ്ഞാൽ വലിയ പ്രതീക്ഷ ഒന്നും വെയ്ക്കാതെ കാണുകയാണെങ്കിൽ ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ചിത്രം. ആദ്യ ഭാഗവുമായി താരതമ്യം ചെയ്‌താൽ വലിയ മെച്ചം ഒന്നും തോന്നുകയുമില്ല.

എൻറെ റേറ്റിംഗ് 5.5 ഓൺ 10






Monday, March 6, 2017

240. The Lego Batman Movie (2017)

ദി ലിഗോ ബാറ്റ്മാൻ മൂവി (2017)




Language : English
Genre : Action | Animation | Adventure | Comedy | Family
Director : Chris McKay
IMDB : 7.7


The Lego Batman Movie Theatrical Trailer


മൂന്നു വർഷം മുൻപ് ക്രാഗിൾ എന്ന ദുഷ്ടശക്തിയിൽ നിന്നും ലോകത്തെ രക്ഷിച്ച എമറ്റും കൂട്ടരെയും സഹായിക്കാൻ മുൻപിൽ നിന്ന ബാറ്റ്മാൻ ഗോതം സിറ്റിയിൽ മടങ്ങിയെത്തി തന്റെ രക്ഷാപ്രവർത്തനം നടത്തി പോന്നു. ജോക്കർ എന്ന ഭീകര വില്ലൻ ഉയർത്തിയ ഭീഷണി മാറി കടക്കാൻ ശ്രമിക്കുന്ന ബാറ്റ്മാൻ ജോക്കറോട് പറയുന്നു, "നീ എനിക്ക് ചേർന്ന വില്ലനെ അല്ല" എന്നു. ഇത് കേട്ട ജോക്കറിന് വിഷമം ആകുകയും എങ്ങിനെയും ബാറ്റ്മാനോട് ഒരിക്കലും മറക്കാനാവാത്ത പക പോക്കണം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അന്നേ ദിവസം കമ്മീഷണർ ഗോർഡൻറെ വിരമിക്കൽ ചടങ്ങിനിടെ ഗോർഡൻറെ മകളായ ബാർബറ കമ്മീഷണർ പദവി ഏറ്റെടുക്കുന്നു. ബാറ്റ്‌മാനെ അല്പം തരാം താഴ്ത്തി പറയുകയും കുറ്റങ്ങൾക്കെതിരെ പോരാടാൻ ബാറ്റ്മാൻ എന്ന ആളെ ആവശ്യമില്ലെന്നും, കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ബാറ്റ്മാൻ തങ്ങളെ സഹായിക്കട്ടെയെന്നും പറയുന്നതു കേട്ട് നായകന് വളരെയധികം അമർഷം ഉണ്ടാവുന്നു. പിന്നീടുള്ളത് പറഞ്ഞാൽ സ്പോയിലർ ആകുമെന്ന കൊണ്ട് നിർത്തുന്നു.

കുറച്ചധികം സീരിയസ് ആയി കണ്ടു വന്ന ബാറ്റ്മാൻ എന്ന കഥാപാത്രം ആദ്യ ഭാഗമായി വന്ന ലിഗോ മൂവിയിൽ ചിരിപ്പിച്ചുവെങ്കിലും ഈ ചിത്രത്തിൽ ഒരു ചിരിലഹളയാക്കുകയാണ് ബാറ്റ്മാൻ. തുടക്കം മുതൽ അവസാനം വരെയും കൗണ്ടറുകളും തകർപ്പൻ കോമഡി ഡയലോഗുകളും കൊണ്ട് ബാറ്റ്മാൻ തകർത്ത് വാരുകയാണ്. സെൽഫ് ട്രോളുകളും കൗണ്ടറുകളും നിരവധി ആണ്. വില്ലനായ ജോക്കർ വരെ തമാശകളുണ്ടാക്കുന്നുവന്നതും ശ്രദ്ധേയം. 

ലിഗോ മൂവിയുടെ അനിമേഷൻ കോർഡിനേറ്റർ ആയിരുന്ന ക്രിസ് മക്കെ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ലിഗോ മൂവീ അവശേഷിപ്പിച്ച അളവ്കോലിനു ഒരു കോട്ടവും തട്ടാതെ തന്നെ അദ്ദേഹം ചിത്രം ചെയ്തിരിക്കുന്നു. നർമമുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളും അൽപം വൈകാരികതയും കലർത്തിയെടുത്ത ചിത്രം മനോഹരമായി തന്നെ വന്നു ഭവിച്ചു. 

വിൽ ആർനറ്റ് ആണ് ബാറ്റ്മാന് ശബ്ദം നൽകിയത്. ആ ശബ്ദത്തിനു തന്നെ ഒരു പ്രത്യേകത ഉണ്ടായിരുന്നു. വില്ലിനെ കൂടാതെ സാക്ക് ഗലീഫിയനാകിസ് , മൈക്കൽ സെറ, റൊസാരിയോ ഡോസൻ, റാൾഫ് ഫിയെൻസ്, മറയ കാരി, സൊ ക്രാവിത്സ് തുടങ്ങിയ പ്രമുഖരും കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരിക്കുന്നു.

എത്ര കലുഷിതമായ മനസുള്ള പ്രേക്ഷകന് ആണെങ്കിലും ഈ ചിത്രം കണ്ടു കഴിഞ്ഞാൽ മനസ് നിറഞ്ഞു ചിരിക്കുമെന്നു ഉറപ്പാണ്. കണ്ടിട്ടില്ലാത്തവർ കാണണമെന്ന് അഭ്യർത്ഥിക്കുന്നു.

എൻറെ റേറ്റിംഗ് 09 ഓൺ 10 

ലിഗോ സീരീസിലെ ആദ്യചിത്രമായ ലിഗോ മൂവിയുടെ അത്രയും വിജയം നേടാൻ കഴിഞ്ഞില്ല എന്നത് ഒരു വിഷമകരമായ വാർത്തയാണ്. എന്ന് കരുതി ഫ്ലോപ്പ് എന്നല്ല ഉദ്ദേശിച്ചത്.


Sunday, March 5, 2017

239. SPL: Sha Po Land (Kill Zone) (2005)

എസ്പിഎൽ : ഷാ പോ ലാൻഡ് (കിൽ സോൺ) (2005)




Language : Mandarin
Genre : Action | Crime | Drama | Thriller
Director : Wilson Yip
IMDB : 7.1


SPL: Sha Po Land Theatrical Trailer


ഹോംഗ് കോങ്ങ് അടക്കി ഭരിച്ചിരുന്ന ഒരു ക്രൂരനായ മാഫിയ തലവനാണ് വോങ് പോ. വോങ് പോയെ കുടിക്കാനായി കണ്ണിലെണ്ണയൊഴിച്ചു നടക്കുന്ന മൂന്നു പോലീസുകാരുടെ തലവൻ ആണ് പോലീസ് ഇൻസ്‌പെക്ടർ ആയ ചാൻ. 
ചാനിനോട് ഏറ്റവും കൂറുള്ള മൂന്നു പേരാണ് ഉള്ളത്, വാഹ്, സും, ലോക്. ഒരു നാൾ വോങ് പോയ്ക്കെതിരെ കേസിൽ സാക്ഷിയെ കൊണ്ട് കോടതിയിൽ പോകുന്ന വഴിക്കു വാടകകൊലയാളി ആയ ജാക്ക് വണ്ടിയിടിച്ചു സാക്ഷിയെ വക വരുത്തുന്നു. തെളിവൊന്നുമില്ലാതെ വോങ് പോയെ കോടതി കുറ്റ വിമുക്തനാക്കുന്നു. ആ അപകടത്തിൽ നിന്നും രക്ഷപെട്ട സാക്ഷിയുടെ മകളെ ചാൻ എടുത്തു വളർത്തുന്നു. പക്ഷെ, ദുരന്തം അവിടം കൊണ്ടും തീരുന്നില്ല, ചാനിൻറെ മസ്തിഷ്കത്തിൽ ഒരു ടൂമർ വളരുന്നുണ്ടെന്നു ഡോക്ടർ പറയുന്നു. തൻറെ ടൂമർ വളരുന്നതിനൊപ്പം പകയും വളർന്നു, എങ്ങിനെയും വോങ് പോയെ നിയമത്തിനു മുൻപിൽ കൊണ്ട് വരണമെന്നാണ് ഒരു ജീവിതാഭിലാഷമായി എടുക്കുന്നു.

മൂന്നു വർഷം അങ്ങിനെ പിന്നിടുന്നു, ചാൻ വിരമിക്കുന്ന ദിവസം അടുത്തു കൊണ്ടേയിരുന്നു. ചാനിന്റെ കയ്യിൽ നിന്നും ഔദ്യോഗികമായി ചുമതലയേൽക്കുന്നതിനായി മാ ക്യൂൻ എത്തുന്നു.  ഇവർ അഞ്ചു പേരും എങ്ങിനെ വോങ് പോയെ കുടുക്കുന്നുവന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. ഒരു രാത്രി നടക്കുന്ന സംഭവമാണ് ചിത്രത്തിൻറെ രണ്ടാം പകുതി എന്നതും വളരെ ത്രിൽ നൽകുന്നതുമാണ്.

ചിത്രത്തിൻറെ സംവിധായകൻ ആയ വിത്സൺ യിപ് നിരവധി ആക്ഷൻ സിനിമകളുടെ സംവിധായകൻ, ചിത്രത്തിൽ കൂടുതലും ബോക്സോഫീസ് വിജയവും നേടിയവയാണ്. ചിത്രത്തിന്റ ഇതിവൃത്തം കേൾക്കുമ്പോൾ സാധാരണമായി തോന്നുമെങ്കിലും മേക്കിങ് കൊണ്ട് ചില ട്വിസ്റ്റുകൾ കൊണ്ട് വളരെ മികച്ചതാക്കി കൊണ്ട് പോകുന്നു. പ്രേക്ഷകന് നൽകുന്ന ഉദ്യോഗജനകമായ സീനുകൾ ഒരു നല്ല COP - ACTION സിനിമകൾക്ക് യോജിച്ച രീതിയിൽ ആണ്. ചിത്രത്തിൻറെ ഭൂരിഭാഗം സീനുകളും രാത്രിയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്, അതിനാൽ ലൈറ്റിങ്ങും ക്യാമറയ്ക്കും ഉള്ള ജോലിയും കൂടുതലാണെന്നു ഞാൻ പറയാതെ തന്നെ മനസിലാകുമല്ലോ. ഈ രണ്ടു മേഖലയിലും യാതൊരു കുറവും വരുത്താതെ തന്നെ നിർവഹിച്ചിട്ടുണ്ട്. ലാം വാ ചെൻ ആണ് ക്യാമറ ചലിപ്പിച്ചത്. പശ്ചാത്തല സംഗീതം ഒരു ഹോളിവുഡ് ലെവലിൽ നിന്നു. ചടുലമായ എഡിറ്റിങ്ങും തകർപ്പൻ ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തിൻറെ മികവ് ഉയർത്തുന്നു.

ഡോണി യെൻ, സൈമൺ യാം എന്നിവർ യഥാക്രമം മാക്വീൻ ചാൻ എന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.  രണ്ടു പേരും വളരെ മികച്ച പ്രകടനം ആയിരുന്നു. സൈമൺ യാം ഒരു പിടി മുന്നിൽ വികാരങ്ങൾ കൊണ്ട് നിറഞ്ഞെങ്കിൽ ടോണി ആക്ഷനിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച്. പ്രസിദ്ധനായ സമോ ഹാങ്ങ് ആണ് വില്ലനായ വോങ് പോയെ അവതരിപ്പിച്ചതു. ക്രൂരനായ വില്ലനായി തിളങ്ങിയെന്നു മാത്രമല്ല, അദ്ദേഹത്തിൻറെ പൊണ്ണത്തടി ഉണ്ടെങ്കിലും മാർഷ്യൽ ആർട്ടിലെ പ്രാഗത്ഭ്യം വിളിച്ചോതുന്ന ആക്ഷൻ സീനുകളും ആയിരുന്നു. വു ജിങ് വാടകക്കൊലയാളിയായ ജാക്കിനെ അവതരിപ്പിച്ചു. ആക്ഷൻ നല്ലതായിരുന്നുവെങ്കിൽ ഓവർ അഭിനയം കാരണം ഇത്തിരി മോശം എന്ന് പറയേണ്ടതായി വരും.

മൊത്തത്തിൽ പറഞ്ഞാൽ ഒരു കിടിലൻ ആക്ഷൻ ചിത്രമാണ് എസ്പിഎൽ.

എന്റെ റേറ്റിംഗ് 08 ഓൺ 10 

ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം 2015ൽ ടോണി ജയയും വു ജിന്നും നായകനായി പുറത്തിറങ്ങിയിട്ടുണ്ട്. അതിന്റെ നിരൂപണമായി മറ്റൊരവസരത്തിൽ വരാം.

Saturday, March 4, 2017

238. Logan (2017)

ലോഗൻ (2017)




Language : English | Spanish
Genre : Action | Adventure | Drama | Sci-Fi
Director : James Mangold
IMDB : 8.9


Logan Theatrical Trailer




സൂപർ ഹീറോ ചിത്രങ്ങൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ആരാധിക്കുന്ന ഒരു അമാനുഷിക നായകൻ ആണു വൂൾവറീൻ. കഥാപാത്രത്തിനോടുള്ള അഭിനിവേശം ആണൊ അതവതരിപ്പിച്ച നായകനോടുള്ള ഇഷ്ടക്കൂടുതൽ ആണൊയെന്നറിയില്ല. ചിലപ്പോൾ കഥാപാത്രം അവതരിപ്പിക്കാൻ ഇതിലും മികച്ച ഒരു നടനും കാണില്ലായിരിക്കാം. ഹ്യു ജാക്ക്മാൻ അവതരിപ്പിക്കുന്ന അവസാന വൂൾവറീൻ കഥാപാത്രം എന്ന നിലയ്ക്കും രണ്ടു ട്രെയിലറും തന്ന പ്രതീക്ഷയും എന്നെ യു...ലെ ആദ്യ ഷോ കാണുവാൻ പ്രേരിപ്പിച്ചു.

ഊർജ്ജസ്വലനല്ലാത്ത വളരെയധികം ക്ഷീണിതനും ആയ ലോഗനിൽ നിന്നുമാണു ചിത്രം ആരംഭിക്കുന്നത്‌. ഒരു ലിമൂസിൻ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന ലോഗൻ രോഗാതുരനായ പ്രൊഫസർ ചാൾസും കാലിബൻ എന്ന പിന്തുടരാൻ കഴിവുള്ള മ്യൂട്ടന്റുമായി മെക്സിക്കൻ ബോർഡറിലെ ഒരു സ്ഥലത്തു ഒളിച്ചു താമസിക്കുന്നുതന്റെ healing factor വർഷങ്ങളായുള്ള ജീവിതം കൊണ്ടു വഷളായിക്കൊണ്ടിരിക്കുന്ന ലോഗന്റെ അടുത്ത്ലോറ എന്ന കുഞ്ഞു പെൺകുട്ടി വന്നു ചേരുന്നു. അവളെ തേടി ഒരു പറ്റം ദുഷ്ടരായ മനുഷ്യരുമുണ്ടായിരുന്നു.. അവരെ എങ്ങിനെ ചെറുത്തു പെൺകുട്ടിയെ രക്ഷിക്കും എന്നതാണ് ശേഷഭാഗം

മറ്റുള്ള വൂൾവറീൻ ചിത്രങ്ങൾ / മാർവൽ സിനിമകളെ അപേക്ഷിച്ചു നോക്കിക്കഴിഞ്ഞാൽ ചിത്രത്തിന് ശക്തമായ ഒരു കഥയുണ്ട്ആത്മാവുണ്ട്, ബന്ധങ്ങളുടെ ദൃഢത ഉണ്ട്, വീര്യം നിറഞ്ഞ അഭിനയമുഹൂർത്തങ്ങൾ ഉണ്ട്. ഇതൊരു മാർവൽ ചിത്രമാണെന്ന് മനസ്സിൽ വെയ്ക്കാതെ കാണാൻ ശ്രമിക്കുക. കാരണം അങ്ങിനെ ഒരു ചിന്ത ചിത്രം കാണുമ്പോൾ നിങ്ങളുടെ മനസിൽ ഉണ്ടാവില്ല. എന്നെ വിശ്വസിക്കാം.
വൂൾവറീൻ ത്രയത്തിലെ ആദ്യ ഭാഗം സംവിധാനം ചെയ്ത ജെയിംസ് മാൻഗോൾഡ്, സ്കോട്ട് ഫ്രാൻക് മൈക്കൽ ഗ്രീനുമൊപ്പം ചേർന്നാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. മുൻപ് പറഞ്ഞ പോലെ ശക്തമായ കഥ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന എല്ലാ ഘടകങ്ങളും അതിന്റേതായ അളവിൽ മിശ്രണം ചെയ്തിട്ടുണ്ട്. തുടക്കം മുതൽ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാനം. നിരവധി ചോദ്യങ്ങൾ ഉള്ളിൽ ഉടലെടുക്കും, പക്ഷെ ക്രമേണ ഓരോ ചോദ്യങ്ങളുടെയും ഉത്തരം അവരുടെ സംഭാഷണത്തിൽ കൂടി മനസിലാകും. അത് കൊണ്ട് ഇതൊരു സമ്പൂർണ ആക്ഷൻ ചിത്രം എന്ന ലേബലിൽ കാണുവാൻ ശ്രമിക്കാതിരിക്കുക. കാരണം, സംഭാഷണങ്ങൾക്ക് ചിത്രത്തിൽ വളരെ പ്രാധാന്യം കൊടുത്തിട്ടുണ്ട്. ചിത്രത്തിന്റെ ആഖ്യാന രീതി പ്രേക്ഷകന്റെ മനസ്സിൽ ഒരു പിരിമുറക്കം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഒരു സീരിയസ് സിനിമയിൽ അല്പസ്വല്പം തമാശയും കലർത്താൻ കഴിഞ്ഞിട്ടുണ്ട് സംവിധായകന്, അതിനാൽ പ്രേക്ഷകന് ബോറടിക്കാതെ ആസ്വാദ്യകരമാകുകയും ചെയ്തു.

ആക്ഷൻ സീനുകൾ top notch എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ലോഗൻ, ലോറ എന്നിവരുടെ ആക്ഷൻ സീനുകൾ, വളരെ മികച്ചു നിൽക്കുന്ന രക്തച്ചൊരിച്ചിൽ ഉള്ള ആക്ഷൻ ചിത്രവുമാണ്. ആക്ഷൻ സീനുകൾ വിശ്വാസ്യകരവുമാണ്. ഡെഡ്പൂൾ കഴിഞ്ഞാൽ ചിലപ്പോൾ ഏറ്റവും കൂടുതൽ bloodshed gore violence  ഉള്ള മാർവൽ ചിത്രമാകും ലോഗൻ.

ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത് പ്രസിദ്ധനായ മാർകോ ബെൽട്രാമി ആണ്. അദ്ദേഹത്തിന്റെ പഴയ സിനിമകളേക്കാൾ വെല്ലുന്ന സംഗീതം ചിത്രത്തിന് കുറച്ചൊന്നുമല്ല സംഭാവന ചെയ്തത്. ടെൻഷൻ നിറഞ്ഞ മോഡിലേക്ക് കൊണ്ട് പോകാൻ അതിനാൽ വളരെ എളുപ്പവുമായിരുന്നു

എടുത്തു പറയേണ്ട അടുത്ത പ്രധാന ഘടകം ക്യാമറവർക്ക്. ആക്ഷൻ ചിത്രങ്ങളുടെ ക്യാമറാമാന് എപ്പോഴും പിടിപ്പതു പണിയുണ്ടാവും. കാരണം വേഗത കൂടിയ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകന്റെ മനം കവരണമെങ്കിൽ അത്രയും മികച്ച ക്യാമറ വർക് വേണം. നിരവധി മുന്തിയ സംവിധായകരോടുമൊത്തു ജോലി ചെയ്ത ജോൺ മത്തീസൻ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. ഇമോഷണൽ സെൻസ് ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ ചെയ്തു. ഓരോ ഫ്രേമും ആംഗിളുകളും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.
എഡിറ്റിങ് നിർവഹിച്ച മൈക്കൽ മക്കസ്കർ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്. ഒരിടത്തു പോലും ലാഗ് വരുത്താതെ crispy എഡിറ്റിങ് ആയിരുന്നു അദ്ദേഹം ചെയ്തത്.

ഹ്യു ജാക്ക്മാൻ എന്ന നടന്റെ കഴിവിനെ പരമാവധി ചൂഷണം ചെയ്ത ചിത്രമായിരിക്കും ലോഗൻ. തൻറെ പതിനേഴു വർഷത്തെ വൂൾവറീൻ അവതരണത്തിൽ, ഇത് വരെ അദ്ദേഹം മോശം അഭിനയം കാഴ്ച വെച്ചിട്ടില്ല. എന്നാൽ ചിത്രത്തിൽ പതിന്മടങ്ങു ശൗര്യത്തോടെയും പൂർണതയിലുമാണദ്ദേഹം തൻറെ ലോഗൻ അഥവാ വൂൾവറീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഓരോ സീനും മികച്ചു നിന്നു. ചിലയിടങ്ങളിൽ നമ്മുടെ കണ്ണുകളെ ഈറനണിയിപ്പിക്കാൻ കഴിയുകയും ചെയ്തു.

പതിനൊന്നു വയസുകാരിയായ കൊച്ചു മിടുക്കി ഡാഫ്നെ കീൻ ആണ് ലോറ എന്ന മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അത്യുഗ്രൻ പ്രകടനം. നോട്ടത്തിലും ഭാവത്തിലും അവതരണത്തിലും ഒരിക്കൽ പോലും തൻറെ ആദ്യ ചിത്രമാണിത് എന്ന ചിന്ത നമ്മളിലേക്ക് പകർന്നു തരുന്നില്ല. മാസ് എലമെന്റുകൾ ധാരാളം കുട്ടിയിൽ ചാർത്തപ്പെട്ടിട്ടുണ്ട്. തീയറ്റർ/ടെലിവിഷൻ നടൻ വില കീൻ-ന്റെ മകൾ ആണ് ഡാഫ്നെ.

പാട്രിക്ക് സ്റ്റീവാർട്ട്  തൻറെ പ്രൊഫസർ ചാൾസ് എന്ന റോൾ മികച്ചതാക്കി. മറ്റുള്ള ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു അദ്ദേഹത്തിൻറെ കഥാപാത്രം.
കാലിബാൻ ആയി സ്റ്റീഫൻ മെർച്ചൻറ്, ഡൊണാൾഡ് പിയേഴ്സ് ആയി ബോയ്ഡ്ഹോൾബ്രുക്, സാണ്ടർ റൈസ് ആയി റിച്ചാർഡ് ഗ്രാന്റും മികച്ച പിന്തുണ നൽകി.

സത്യം പറഞ്ഞാൽ ചിത്രത്തിൽ മുഴുവൻ സമയവും മുഴുകിയിരുന്നതിനാൽ നെഗറ്റിവ് ഒന്നും തന്നെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

ഒറ്റ വാക്കിൽ പറഞ്ഞാൽ 'Marvel'lous

ഇന്ന് വരെ ഇറങ്ങിയിട്ടുള്ള മികച്ച എക്സ്-മെൻ ചിത്രമായും, മികച്ച മാർവൽ ചിത്രമായും, ഹ്യു ജാക്ക്മാന്റെ മികച്ച ചിത്രമായുംജെയിംസ് മാൻഗോൾഡിന്റെ ഏറ്റവും മികച്ച ചിത്രമായും, വൂൾവറീൻ ചിത്രങ്ങളിലെ മികച്ച ചിത്രമായും ലോഗൻ വിശേഷിക്കപ്പെടും എന്നെനിക്കുറപ്പാണ്.

One of the best finale created ever for a legendary character. "Mark my words"

എന്റെ റേറ്റിംഗ് 9.5  ഓൺ 10 (based on my satisfaction)

മാർവൽ മാറ്റത്തിന്റെ പാതയിലാണെന്ന് പറയുന്നത് എത്ര സത്യമാണ്.