Cover Page

Cover Page

Saturday, May 13, 2017

246. Guardians Of The Galaxy Vol. 2 (2017)

Guardians Of The Galaxy Vol. 2 (2017)

ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി വോള്യം 2 (2017)




Language : English
Genre : Action | Adventure | Comedy | Sci-Fi
Director : James Gunn
IMDB : 8.2

Guardians Of The Galaxy Vol. 2 Theatrical Trailer


മൂന്നു വർഷം മുൻപ് മാർവലിൻറെ ഗാർഡിയൻസ് തീയറ്ററിൽ ഇറങ്ങുമ്പോൾ വെറും ട്രെയിലർ കണ്ടിട്ടുള്ള പ്രതീക്ഷ വെച്ച് മാത്രം തീയറ്ററിൽ കയറിയതാണ്. പ്രതീക്ഷകളറ്റ എനിക്ക് സിനിമ തന്നത് ഒരു പ്രത്യേക സന്തോഷവും ഉന്മേഷവും ആയിരുന്നു. ഒരു ലാഗുമില്ലാതെ മുഴുനീള സിനിമ എന്നങ്ങു ആസ്വദിച്ചു കണ്ടു. അന്ന് ഗ്രൂട്ട് ഇല്ലാണ്ടായപ്പോൾ റോക്കറ്റിൻറെ കൂട്ട് നഷ്ടപ്പെട്ടുവല്ലോ എന്നോർത്തു വിഷമിക്കുകയും ചെയ്തു. എന്നാൽ പുതുനാമ്പു വന്നത് കാണിച്ചു ആ സങ്കടം പെട്ടെന്ന് തന്നെ ഇല്ലാതാക്കി. 

രണ്ടാം ഭാഗം തുടങ്ങുന്നത് അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗാർഡിയൻസിനെയുമാണ്.  അപ്പോഴാണ് കുഞ്ഞു ഗ്രൂട്ടിനെ സ്‌ക്രീനിൽ കാണിക്കുന്നത്. പിന്നണിയിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോഴും നൃത്തം ചെയ്തു നടക്കുന്ന ഗ്രൂട്ടിൻറെ മേൽ നിന്നും നമുക്ക് കണ്ണെടുക്കാൻ കഴിയുകയില്ല. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് പാത്രമാകുന്നു. ആ യുദ്ധത്തിനിടയ്ക്ക് ക്വിലിൻറെ അച്ഛനായ ഈഗോ അവരുടെ രക്ഷയ്ക്കെത്തുന്നു. യുദ്ധത്തിനവസാനം ക്വിലാലിനെയും കൂട്ടരെയും ഈഗോ അയാളുടെ ഗ്രഹത്തിലേക്കു ക്ഷണിക്കുന്നു. അവിടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയും ഒരിക്കൽ കൂടി ഗാർഡിയൻസ് പ്രപഞ്ചത്തിൻറെ രക്ഷകർ ആകുകയാണ്.

ഇത്തവണയും രക്ഷകരുടെ കഥയാണെങ്കിലും (സൂപ്പർ ഹീറോ ചിത്രങ്ങളുടെ പ്രധാന അജണ്ട അതാണല്ലോ) വളരെ മികച്ച രീതിയിൽ കഥ പറയുവാൻ ശ്രമിച്ചിട്ടുണ്ട്. VFX മികച്ചു നിന്നു, കഥാപാത്രങ്ങളെ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാഖ്യാനം ആദ്യ ഭാഗം പോലെ തന്നെ വളരെ വേഗതയാര്ജിച്ച ഒന്ന് തന്നെയായിരുന്നു. ആക്ഷനും കോമഡിയും ഒരു പടി കൂടി മേലെ തന്നെയായിരുന്നു. ചിരിക്കാനുള്ള വക എല്ലാവരും സംഭാവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് റോക്കറ്റ് - ഗ്രൂട്ട് - ഡ്രാക്സ് ടീം. ഗ്രൂട്ട് സ്‌ക്രീനിൽ വന്നു കഴിഞ്ഞാൽ വേറൊന്നും കാണാൻ തോന്നില്ല. അത്രയ്ക്ക് ക്യൂട്ട് ആയിരുന്നു ബേബി ഗ്രൂട്ട്. ശരിക്കും നമുക്ക് ഗ്രൂട്ടിനെ ഇഷ്ടപ്പെട്ടു പോകും. പശ്ചാത്തല സംഗീതം നിർവഹിച്ച ടൈലർ ബെറ്റ്‌സ് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.
നല്ല രീതിയിൽ തന്നെ കഥ മുൻപോട്ടു പ്രയാണം നടത്തിയെങ്കിലും മികച്ചൊരു വില്ലന്റെ അഭാവം ക്ളൈമാക്സിലെല്ലാം നിഴലിച്ചു. പ്രേക്ഷകനിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും മൊത്തത്തിൽ ഒരു ആസ്വാദ്യകരമായ ചിത്രമായി മാറുകയും ചെയ്തു.

ക്രിസ് പ്രാറ്റ് തൻറെ ക്വിൽ അഥവാ സ്റ്റാർ-ലോർഡ് എന്ന കഥാപാത്രം മോശമാക്കിയില്ല. കോമഡിയിലും ആക്ഷനിലും സെന്റിമെൻറ്സിലും അദ്ദേഹം നന്നായി അവതരിപ്പിച്ചു.
ഗൊമോറയായി സോയി സൽടാനയും നെബുല ആയി കാരൻ ഗില്ല്യനും നല്ല പ്രകടനം കാഴ്ച വെച്ചു. ഡേവ് ബാറ്റിസ്റ്റ ഡ്രാക്സ് ആയി തകർപ്പൻ പ്രകടനം ആയിരുന്നു. കോമഡി ഒക്കെ അനായാസമായിട്ടാണ് കൈകാര്യം ചെയ്തത്.
ക്വില്ലിന്റെ അച്ഛനായ ഈഗോയെ അവതരിപ്പിച്ചത് കർട്ട് റസൽ ആയിരുന്നു. എഴുപതിനടുത്തു പ്രായം വരുന്ന കർട്ടിന്റെ ഗ്ളാമറിനൊരു കോട്ടം തട്ടിയിട്ടില്ലായെന്നു തോന്നിപ്പോകും. അഭിനയം മോശമല്ലായിരുന്നു.
റാക്കറ്റിനു ശബ്ദം കൊടുത്ത ബ്രാഡ്ലി കൂപ്പറും ബേബി ഗ്രൂട്ടിനു ശബ്ദം കൊടുത്ത വിൻ ഡീസലും തകർത്തു വാരി. യോണ്ടുവിനെ അവതരിപ്പിച്ച മൈക്കേൽ റൂക്കറിന് ഇത്തവണ അല്പം മികച്ച റോൾ ലഭിക്കുകയും അതദ്ദേഹം നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
സിൽവസ്റ്റർ സ്റ്റാലോൺ, വിങ് റെയിംസ്, മിഷേൽ യോ, ഡേവിഡ് ഹാസൽഹോഫ്, തുടങ്ങിയവർ കാമിയോ വേഷങ്ങളിൽ വന്നു പോവുകയും ചെയ്തു.

മൊട്ടത്തത്തിൽ എനിക്കൊത്തിരി ഇഷ്ടപ്പെട്ട ചിത്രമായി മാറി ഗാർഡിയൻസ് 2, ഒന്നാം ഭാഗത്തിന്റെ അത്രയും എത്തിയോ എന്ന് ചോദിച്ചാൽ, എത്തിയില്ലെങ്കിലും, രണ്ടേകാൽ മണിക്കൂർ ജീവിതത്തിൻറെ വ്യഥകളൊന്നും ആലോചിക്കാനുള്ള സമയം തരാത്ത ഒരു അടിപൊളി ചിത്രം. തീയറ്ററിൽ നിന്നും കാണുവാൻ ശ്രമിക്കുക.

എൻറെ റേറ്റിങ് 9 ഓൺ 10 (എട്ടാണ് കൊടുക്കാൻ ഉദ്ദേശിച്ചത്, കുട്ടി ഗ്രൂട്ടിനു ഞാൻ ഒരു മാർക് കൂടി കൂടുതൽ കൊടുക്കുന്നു.. LOVE YOU GROOT)

Sunday, May 7, 2017

245. The Hurt Locker (2008)

ദി ഹർട്ട് ലോക്കർ (2008)


Language : English
Genre : Drama | War
Director : Katheryn Begalow
IMDB : 7.8

The Hurt Locker Theatrical Trailer

ഞാൻ സെർജെന്റ്  JT സാൻബോൺ, ഇപ്പോൾ ഇറാഖിൽ US Army Explosive Ordnance Disposal അഥവാ EOD ടീമിൽ ജോലി ചെയ്യുന്നു. ബോംബുകൾ കണ്ടെടുക്കുമ്പോൾ നിർവീര്യമാക്കുന്ന വളരെ വിഷമകരമായ ജോലിയാണ് ചെയ്യേണ്ടുന്നത്. ഈ മരണമണി മുഴക്കുന്ന ജോലിയിൽ തീരെ താല്പര്യമില്ല, വീട്ടിലേക്കു തിരിച്ചു പോകുന്ന നാൾ കാത്തു കഴിയുകയാണ്. അതിനിടെയിൽ ആണ്, എന്റെ ടീമിന്റെ സ്റ്റാഫ് സെർജെന്റ് മാത്ത്യു തോംപ്സൺ ബോംബ് നിർവീര്യമാക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെടുന്നത്. കണ്മുന്നിൽ നടന്ന ഈ സംഭവത്തിൽ നിന്നും മുക്തമാകാൻ എനിക്കും എന്റെ പങ്കാളി ഓവനും കഴിഞ്ഞില്ല എന്നത് ആണ് വികൃതമായ സത്യം. മാത്യുവിന് പകരമായി സ്പെഷ്യലിസ്റ് ആയി വന്നതാണ് വിൽ എന്ന് വിളിക്കുന്ന വില്യം ജെയിംസ്.
അയാളുടെ നിലപാടുകളും സാഹസികതയും ഫീൽഡിലെ ഇടപെടലുകളും  അതീവ അപകടകരമാം വിധത്തിൽ ആണ്. പ്രോട്ടോകോൾക്കെതിരായ ചെയ്തികൾ ആണ് ചെയ്തു കൂട്ടുന്നത്. അദ്ദേഹത്തിൻറെ ഈ ഒരു ക്രിയ കാരണം എനിക്കെന്റെ വീട്ടിലേക്കു ജീവനോടെ തിരിച്ചു പോകാൻ കഴിയുമോയെന്ന് അറിയില്ല.

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇതെന്റെ കഥയാണെന്ന്. ഇതെന്റെ കഥയല്ല, ഞാൻ അല്ല ഈ കഥയിലെ നായകൻ. അത് വില്യമാണ്.

2008ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡും മികച്ച സംവിധായികയ്ക്കുള്ള ഓസ്കാർ അവാർഡും ഉൾപ്പടെ ആറു അക്കാദമി അവാർഡ് നേടിയ ചിത്രത്തിനെ പറ്റിയാണ് വിവരിച്ചത്. ക്രിസ് ഹെഡ്ജസ് എഴുതിയ War is a Force that Gives Us Meaning എന്ന കാതറീൻ ബിഗാലോ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യുദ്ധഭൂമിയിൽ എന്താണ് നടക്കുന്നതെന്നു നമ്മുടെ കണ്മുന്നിൽ കാണുന്നതു പോലെയാണ് കാതറിൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അൽപം മെല്ലെയാണ് കഥയുടെ ആഖ്യാനമെങ്കിലും ഓരോ നിമിഷവും ഉദ്യോഗജനകവുമായാണ് ചിത്രം അരങ്ങേറുന്നത്. കഥാപാത്രങ്ങളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചം.  എടുത്തു പറയേണ്ട ഒന്നു ചിത്രത്തിൻറെ  ക്യമാറ ചലിപ്പിച്ച ബാരി ആര്കറോയ്ഡിന്റെ കരവിരുതാണ്. ഒരു യുദ്ധഭൂമിയുടെ ഒറിജിനാലിറ്റി ക്യാമറയിലൂടെ പകർന്നു നൽകി. അതിനു ചേരുന്ന രീതിയിൽ പശ്ചാത്തല സംഗീതം മാർകോ ബെൽട്രാമിയും ബക് സാൻഡർസും നൽകി. ചിത്രത്തിൻറെ മൂട് നില നിർത്തുന്നതിൽ അവർ വഹിച്ച പങ്കു വളരെ വലുത് തന്നെയായിരുന്നു.മികച്ച എഡിറ്റിങ് ആയിരുന്നു മറ്റൊരു ആകർഷക ഘടകം.

ജെറമി റെന്നെറും ആന്തണി മാക്കിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതു വളരെ മികച്ച രീതിയിൽ ആയിരുന്നു. ജെറമി ഒരു പിടി മുന്നിൽ നിന്നു.  രാജ്യത്തിനു വേണ്ടി മരുഭൂമിയിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെടുന്ന ഓരോ പട്ടാളക്കാരുടെയും പ്രതിനിധികൾ ആയിരുന്നു അവർ. തുടർച്ചയായ ഈ യുദ്ധഭൂമിയിലെ ജീവിതത്തിൽ നിന്നും കിട്ടുന്ന Stress അവരുടെ മാനസിക നിലയെ ചൂഷണം ചെയ്യുന്നതൊക്കെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ബ്രയാൻ ഗെറാഘട്ടി അവതരിപ്പിച്ച ഓവനും പ്രത്യേക പരാമർശം അർഹിക്കുന്നു. യുദ്ധം തീരെ താല്പര്യമില്ലാത്ത ഒരു പട്ടാളക്കാരൻ അദ്ദേഹത്തിൻറെ കഥാപാത്രം. റാൾഫ് ഫിയെൻസ്, ഗയ് പിയേഴ്സ്, ഡേവിഡ് മോർസേ തുടങ്ങിയ പ്രഗത്ഭർ ചെറിയ റോളുകൾ ആണെങ്കിലും നന്നായി തന്നെ ചെയ്തു,

ഒൻപതു വിഭാഗങ്ങളിൽ നോമിനേഷൻ നേടുകയും, അതിൽ ആര് പുരസ്കാരങ്ങൾ അക്കാദമി നിശയിൽ നേടിയ ചിത്രമാണ് ദി ഹർട്ട് ലോക്കർ. ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് മിക്സിങ്, മികച്ച സൗണ്ട് എഡിറ്റിങ് എന്നീ വിഭാഗത്തിൽ ആണ് പുരസ്കാരങ്ങൾ ലഭിച്ചത്.

കുറച്ചു ലൂപ്പ്ഹോൾസും ലോജിക്കില്ലായ്മ ഉണ്ടെങ്കിലും നഖങ്ങൾ കടിച്ചു തീർക്കാനുതകുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ ആണ് ഈ ചിത്രം. ത്രില്ലർ ജോൻറെകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്നതാണ്.

എൻറെ റേറ്റിംഗ് 8.3 ഓൺ 10