Cover Page

Cover Page

Monday, October 31, 2016

200. Kodi (2016)

കൊടി (2016)

 

Language : Tamil
Genre : Action | Drama | Romance | Thriller
Director : R.S. Durai Senthilkumar
IMDB : 7.6


Kodi Theatrical Trailer


കൊടിയ്ക്കു പാർട്ടിയെന്നു വെച്ചാൽ ജീവനാണു.. സത്യസന്ധമായ നയങ്ങളും വീക്ഷണങ്ങളുമുള്ള കൊടി കുഞ്ഞുന്നാൾ മുതൽക്ക്‌ തന്നെ പാർട്ടി എന്നുള്ള മന്ത്രം മാത്രമാണു ഉരുവിടുന്നത്‌. കൊടിയുടെ ഇരട്ട സഹോദരൻ കോളേജ്‌ പ്രഫസർ ആയ അൻബും അമ്മയുമൊത്താണു താമസം. കളിക്കൂട്ടുകാരിയും എതിർ പാർട്ടിയിൽ പ്രവർത്തിക്കുന്ന രുദ്ര ആണു കൊടിയുടെ പ്രണയിനി. അൻബുവിന്റെ സഖിയായി മാലതിയും. തന്റെ പട്ടണത്തിൽ ഉള്ള ഒരു ഫാക്റ്ററിയിൽ നിന്നും പുറന്തള്ളുന്ന മെർക്കുറി മൂലം അവിടുത്തെ ജനങ്ങളുടെ ആരൊഗ്യം തകരാറിലാകുന്നതു മൂലം അതിനെതിരെ പോരാടുന്ന കൊടിയുടെ കഥ ആണു ചിത്രം അനാവരണം ചെയ്തിരിക്കുന്നത്‌. 

തങ്കമഗൻ തൊടരി എന്ന രണ്ടു ബോക്സോഫീസ്‌ ദുരന്തങ്ങൾക്കു ശേഷം ആർ.എസ്‌. സെന്തിൽകുമാറുമായിട്ടു ധനുഷ്‌ കൈകോർത്തിരിക്കുന്ന ചിത്രമാണു കൊടി. പൂർണ്ണാമായും ഒരു രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരുക്കുന്ന ഈ ചിത്രത്തിൽ പ്രണയവും, ചതിയും, കോമഡിയും, ആക്ഷനും എല്ലാം കൃത്യമായി മിശ്രണം ചെയ്തിരിക്കുന്നു. ധനുഷിനെ കൂടാതെ ത്രിഷ, ശരണ്യ, എസ്‌.എ. ചന്ദ്രശേഖർ, അനുപമ പരമേശ്വരൻ, കരുണാസ്‌ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സന്തോഷ്‌ നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

ധനുഷ്‌ തന്റെ രണ്ടു റോളുകളിലും തകർത്താടി.. നല്ല സ്ക്രീൻ പ്രസൻസ്‌ ഉണ്ടായിരുന്നു ധനുഷിനു ചിത്രത്തിലാകമാനം. ധനുഷിന്റെ അഭിനയ റേഞ്ചിനടുത്തൊന്നുമെത്തില്ലെങ്കിലും ഒട്ടും മുഷിയാതെ തന്നെ അദ്ദേഹം തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ത്രിഷ അവതരിപ്പിച്ച രുദ്ര എന്ന കഥാപാത്രം, അവരുടെ കരീറിലെ മികച്ചതും ശക്തവുമായതാണു. അതു അവർ വളരെ മികച്ച രീതിയിൽ തന്നെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. പക്ഷെ എന്റെ അഭിപ്രായത്തിൽ ത്രിഷ തന്നെ ആ കഥാപാത്രത്തിനു ശബ്ദം നൽകിയിരുന്നുവെങ്കിൽ ഇതിലും മികച്ചതാക്കാമായിരുന്നു.. കാരണം മുഖത്തു വന്ന ഭാവങ്ങൾക്കു പറ്റിയ ഒരു ഡബ്ബിംഗ്‌ അല്ലായിരുന്നു. ത്രിഷ വളരെ സുന്ദരിയായി തന്നെ കാണപ്പെട്ടു.
അനുപമ പരമേശ്വരൻ എന്നെ ശരിക്കും അതിശയിപ്പിച്ചു കളഞ്ഞു. പ്രേമത്തിനു ശേഷം ഈ ചിതത്തിലാണു അവരെ കാണുന്നത്‌. ഒരു പുതുമുഖ നടിയെന്ന സങ്കോചം ഒന്നുമില്ലാതെ മാലതിയെന്ന കഥാപാത്രത്തെ അവർ തന്മയത്തോടെ അഭിനയിച്ചു..
വിജയുടെ അച്ചൻ ആയ എസ്‌.എ. ചന്ദ്രശേഖർ നല്ല ഒരു റോൾ ചെയ്തിട്ടുണ്ടു. തമിഴിന്റെ സ്ഥിരം അമ്മയായ ശരണ്യ, കാളി വെങ്കട്ട്‌, മാരിമുത്തു എന്നിവർ അവരുടെ കഥാപാത്രങ്ങൾക്കൊത്ത അഭിനയം കാഴ്ച വെച്ചു. കരുണാസ്‌ ചെറിയ റോൾ ആയിരുന്നുവെങ്കിലും ആ കഥാപാത്രം കഥയ്ക്‌ക്ക്‌ നൽകിയ മൈലേജ്‌ മറക്കാൻ കഴിയില്ല.

ദുരൈ എന്ന സംവിധായകന്റെ കഴിവു ഈ ചിത്രത്തിൽ തീർത്തും കാണാൻ കഴിയും. അധികം സമയം കഥാപാത്ര നിർമ്മിതിയ്ക്കു വേണ്ടി ചിലവാക്കാതെ തന്നെ പെട്ടെന്നു തന്നെ പ്രേക്ഷകനിൽ രെജിസ്റ്റർ ചെയ്യിക്കാൻ കഴിഞ്ഞു. ഓരോ കഥാപാത്രങ്ങൾക്കും ഈ ചിത്രതിൽ വ്യക്തിത്വമുണ്ടായിരുന്നു എന്നതും ഒരു പ്ലസ്‌ പോയിന്റാണു. കഥാഖ്യാനവും മികച്ചു നിന്നു.. ആദ്യ പകുതിയിൽ കോമഡിയ്ക്കും പ്രണയത്തിനും അൽപം ആക്ഷനും പ്രാധാന്യം കൊടുത്തെങ്കിൽ രണ്ടാം പകുതി രാഷ്ട്രീയത്തിനും പ്രതികാരത്തിനുമാണു ഊന്നൽ നൽകിയതു.

കൊടിയെന്ന ചിത്രത്തിന്റെ ജീവനാഡി സന്തോഷ്‌ നാരായണൻ ആണു. കാഷ്മോരയിലെ മോശം പ്രകടനം ആയിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ അദ്ദേഹം നിറഞ്ഞാടി. കഥയും സന്ദർഭവും എന്താവശ്യപ്പെടുന്നുവോ അതിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം. മൂന്നു ഗാനങ്ങൾ മികച്ചു നിന്നു.

സാധാരണയായ ക്യാമറാവർക്ക്‌ ആവശ്യപ്പെട്ട ചിത്രത്തിൽ തരക്കേടില്ലാതെ തന്നെ ക്യാമറ വെങ്കിടേഷ്‌ കൈകാര്യം ചെയ്തു. പ്രകാശ്‌ മബ്ബുവിന്റെ ചിത്രസംയോജനവും മികച്ചു നിന്നു. ആക്ഷൻ കൊറിയോ ചെയ്ത ആളുടെ പേരെന്താണെന്നറിയില്ല എന്നിരുന്നാലും വിശ്വാസ്യത തോന്നുന്ന ഫൈറ്റായിരുന്നു ചിത്രത്തിലുൾപ്പെടുത്തിയിരുന്നത്‌.

മൊത്തത്തിൽ പറഞ്ഞാൽ ഈ ദീപാവലി വെടിക്കെട്ടു കൊടി തന്നെയാണു. വളരെ നല്ല ഒരു പൊളിറ്റിക്കൽ ത്രില്ലർ. ത്രിഷയുടെ കഥാപാത്രം എന്നാളും ഓർമ്മ നിലനിൽക്കും.

എന്റെ റേറ്റിംഗ്‌ 7.3 ഓൺ 10

Saturday, October 29, 2016

199. Jack Reacher: Never Go Back (2016)

ജാക്ക് റീച്ചർ 2 നെവർ ഗോ ബാക്ക് (2016)



Language: English
Genre : Action | Mystery | Thriller
Director: Edward Zwick
IMDB : 6.4

Jack Reacher Never Go Back Theatrical Trailer


മിലിട്ടറിയിൽ നിന്നും വിരമിച്ച ജാക്ക് റീച്ചർ നാലു വർഷങ്ങൾക്കു ശേഷം ഹെഡ്ക്വാർട്ടറിൽ ഉള്ള തന്റെ ഫോൺ സുഹൃത്ത് സൂസൻടർണറിനെ കാണുവാൻ വേണ്ടി പോകുന്നു. അവിടെ ചെല്ലുമ്പോഴാണ് ജാക് അറിയുന്നത്, സൂസനെ ചാരപ്രവർത്തി ചെയ്തതിനുരാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ് എന്ന്. ഇതിൽ എന്തോ പന്തികേട് തോന്നി, സൂസൻറെ വക്കീലിനെ കണ്ടു കാര്യങ്ങൾഅറിയുന്നു. തന്റെ മകളെന്ന് അവകാശപ്പെടുന്ന കുട്ടിയേയും സൂസനെയും രക്ഷിക്കുക എന്ന ദൗത്യം ആണിത്തവണ ജാക്ക് റീച്ചർഏറ്റെടുക്കുന്നത്.

ടോം ക്രൂസ് തന്നെയാണ് ഈ ചിത്രത്തിലെയും ആകർഷണം. അദ്ദേഹത്തിൻറെ സ്‌ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയില്ല, അത്രയ്ക്കുംമികച്ച  ലുക്ക് ആണ്. പക്ഷെ പ്രായം മുഖത്ത് വിളിച്ചറിയിക്കുന്നുമുണ്ട്. എന്നിരുന്നാലും ഈ പ്രായത്തിലും കാണിക്കുന്ന ആ ഉത്സാഹംഅല്ലെങ്കിൽ സ്പിരിറ്റ് സമ്മതിച്ചു കൊടുത്തേ മതിയാകൂ. ആക്ഷനിലും അഭിനയത്തിലും മികച്ചു തന്നെ നിന്നു. ജാക്കിന്റെ അത്രയും തന്നെപ്രാധാന്യം ഉള്ള കഥാപാത്രം ആണ് മേജർ സൂസൻ ടർണർ, അവരെ അവതരിപ്പിച്ചത് സുന്ദരിയായ കോബി സ്മാൾഡേഴ്സ് ആണ്. അഭിനയത്തിലുംആക്ഷനിലും അവർ മുന്തിയ പ്രകടനം കാഴ്ച വെച്ചു. സാമന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിക യറോഷ് നല്ല അസ്സല് വെറുപ്പീര്ആയിരുന്നു. വില്ലന്മാർക്കൊന്നും ഒരു എനർജി ഇല്ലായിരുന്നു ഈ ചിത്രത്തിൽ. എന്തോ!!! നല്ല പോരായ്മ തോന്നി..

ചിത്രത്തിന് തരക്കേടില്ലാത്ത ഒരു കഥയുണ്ടായിരുന്നു, പക്ഷെ എഡ്‌വേഡ്‌ സ്‌വിക്ക് എന്ന മാസ്മരിക സംവിധായകന് ഈ ചിത്രം എടുത്തതിൽനല്ല പിഴവാണ് സംഭവിച്ചിരിക്കുന്നത്. ദി ലാസ്‌റ് സാമുറായിയും ഡെഫിയൻസും ബ്ലഡ് ഡയമണ്ടും ഒക്കെ എടുത്ത സംവിധായകൻതന്നെയാണോ എന്നൊരു നമ്മൾ ചിന്തിച്ചു പോകും. ക്ളീഷേകളുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ മാതിരിയായിരുന്നു രണ്ടാംപകുതിയുടെ ഓട്ടം.മിക്ക സിനിമകളിലും കണ്ടു മടുത്ത സീനുകൾ കൊണ്ട് വിരസത പകർന്നു. ചിത്രത്തിൽ മികച്ചു നിന്ന ഒരു വിഭാഗം എന്ന്പറഞ്ഞാൽ, അത് ആക്ഷൻ ആണ്. ടോം ക്രൂസും കോബിയും മികച്ചു നിൽക്കുകയും. നല്ല high octane ആക്ഷൻ സീക്വേൻസും കാണാൻ കഴിയും.അത്യുജ്വല ആക്ഷൻ കൊറിയോ.. പക്ഷെ അത് മാത്രം പോരല്ലോ ഒരു ത്രില്ലർ സിനിമയ്ക്ക്.

മൊത്തത്തിൽ ഒരു disappointing ചിത്രം തന്നെയാണ് ജാക്ക് റീച്ചർ 2. ആദ്യ ഭാഗത്തിന് നല്ലൊരു പിന്തുടർച്ച അവകാശപ്പെടാൻ ഈ ചിത്രത്തിന്കഴിയുകയില്ല എന്നുറപ്പ്.

എന്റെ റേറ്റിംഗ് 5.3 ഓൺ 10

അറം പറ്റുക എന്ന് കേട്ടിട്ടുണ്ട്. ഒരു സിനിമയുടെ പേര് ഇങ്ങനെ അറം പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല.. 

Friday, October 28, 2016

198. Kashmora (2016)

കാഷ്‌മോര (2016)



Language : Tamil
Genre : Comedy | Drama | Fantasy
Director : Gokul
IMDB : 7.9

Kashmora Theatrical Trailer


സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ പോസ്റ്ററിലും പിന്നീട് ട്രെയിലറും നമ്മളിലുളവാക്കിയ പ്രതീക്ഷ. കാർത്തിയുടെയും നയൻതാരയുടെ ലുക്കും ഒക്കെ നല്ല പ്രതികരണം നേടിയവയും ആണ്. അങ്ങിനെയാണ് രാത്രി 10:30ക്കുള്ള ഷോയ്ക്കു പോയത്. അത്യാവശ്യം നല്ല ആളുകളോട് കൂടി തന്നെ ചിത്രം തുടങ്ങി.

പ്രേതങ്ങളെ ഒഴിപ്പിക്കുന്നു എന്ന പേരിൽ നാട്ടുകാരെ മുഴുവൻ പറ്റിച്ചു നടക്കുന്ന കാഷ്‌മോറയും കുടുംബവും. അവരുടെ കൂടെ നിന്ന് പ്രേതത്തെ കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ യാമിനി അവരുടെ കൂടെ ചേരുന്നു. എന്നാൽ ഒരു പ്രത്യേക ഉദ്യമം ഏറ്റെടുക്കുന്നതോടെ കാഷ്‌മോറയുടെയും കുടുംബത്തിന്റെയും ജീവിതം തന്നെ മാറി മറിയുന്നു. ശരിക്കും പറഞ്ഞാൽ കഥ ഒറ്റ വരിയിൽ എഴുതാൻ പറ്റില്ല. ഒരു മൾട്ടിലെയർ ശൈലിയായാണ് എനിക്ക് തോന്നിയത്. ഒരു കോംപ്ലക്സ് ലെയർ തോന്നി.

കാർത്തി, നയൻതാര രണ്ടു പേരും തങ്ങളുടെ റോളുകൾ അവിസ്മരണീയമാക്കും വിധം ചെയ്തു. മൂന്നു വ്യത്യസ്ത ഗെറ്റപ്പിൽ വരുന്ന കാർത്തി എല്ലാറ്റിനും തന്റെ കഴിവ് പ്രകടിപ്പിച്ചു. കോമഡിയും ഭീഭത്സവുമായ അവതരണം അനായാസമായി അവതരിപ്പിച്ചു. 
നയൻതാര ഒരു extended കാമിയോ ആയാണ് എനിക്ക് തോന്നിയത്. സ്‌ക്രീനിൽ ഉണ്ടായിരുന്ന സീനുകളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു അവർ. പ്രായം കൂടുന്തോറും നയൻസിന്റെ തേജസും സൗന്ദര്യവും വർധിക്കുന്നത് പോലെയാണ് തോന്നിയത്.
ശ്രീദിവ്യ തന്റെ റോൾ തരക്കേടില്ലാതെ ചെയ്തു. 
ഒരിടവേളയ്ക്കു ശേഷമാണ് വിവേക് എന്ന നടൻറെ ഒരു ചിത്രം ഞാൻ കാണുന്നത്. വിവേക്, അക്ഷരാർത്ഥത്തിൽ മിന്നിച്ചു കളഞ്ഞു. കോമഡി ടൈമിംഗ് ഒക്കെ അസാധ്യം. ജാനകിരി മധുമിതയും കോമഡി നന്നായി കൈകാര്യം ചെയ്തു. പിന്നെയും കുറെ പേര് ഉണ്ടായിരുന്നു, പേരറിയാത്തതു കൊണ്ട് അവരെ പ്രതിപാദിച്ചു പറയുന്നില്ല. 

ഗ്രാഫിക്സ് നന്നായിരുന്നു. അത്ര മോശം എന്നൊന്നും പറയാൻ കഴിയില്ല.. പക്ഷെ അത് നന്നായിട്ടു ചെയ്തിട്ടുണ്ട്.

കഥയും കോമഡിയും അഭിനയവും ഗ്രാഫിക്‌സും ഒക്കെ നന്നായിരുന്നുവെങ്കിലും കാഷ്‌മോര എന്ന ചിത്രം പല കാര്യങ്ങളിലും വളരെയധികം പുറകിൽ തന്നെയാണ്. പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കിലും. സംവിധാനം, കാര്യങ്ങൾ അവതരിപ്പിച്ച രീതി ഒക്കെ മോശം തന്നെയായിരുന്നു. ഒരു ഹൊറർ മൂഡിൽ കൊണ്ട് വരുന്ന ഓപ്പണിങ് സീനുകൾ, വളരെ മികച്ച രീതിയിൽ തന്നെ ചെയ്തു, പക്ഷെ ഒരു പാട്ടോടു കൂടി കാര്യങ്ങൾ കൈവിട്ടു പോകുന്നു. സംവിധായകനും  ചിത്രസംയോജകനും ആണ് ഇതിന്റെ ഉത്തരവാദിയായി തോന്നിയത്. മോശം എഡിറ്റിങ് ചിത്രത്തിൻറെ ആഖ്യാനത്തിൽ വളരെ അധികം ഇടിവ് വരുത്തുന്നുണ്ട്. ഒരു racy narration വേണ്ട ഒരു ചിത്രത്തിന് ഇത്ര മോശം എഡിറ്റിങ്ങും സംവിധാനവും വളരെയധികം പിറകോട്ടടിക്കുന്നുണ്ട്.

സന്തോഷ് നാരായണന്റെ പാട്ടുകൾ വളരെയധികം മോശം ആയിരുന്നു. രണ്ടാം പകുതിയിൽ നയൻസിന്റെ ഒരു പാട്ടിൽ ശരിക്കും ഞാൻ ഉറങ്ങി പോവുകയും ചെയ്തു. പശ്ചാത്തല സംഗീതം ചില ഭാഗങ്ങളിൽ നന്നായിരുന്നുവെങ്കിലും മൊത്തത്തിൽ നിലവാരത്തിനും താഴെയായിരുന്നു. ഒരു നല്ല സൗണ്ട് ഡിസൈനറിന്റെ അഭാവം എടുത്തു കാണിക്കുന്നുണ്ട്.

കണ്ടിരിക്കാവുന്ന ആദ്യ പകുതിയും, വിരസത തരുന്ന രണ്ടാം പകുതിയും (ചില സമയത്തു സട കുടഞ്ഞെഴുന്നേൽക്കുന്നുണ്ടെങ്കിലും) ഈ ചിത്രം എനിക്ക് സമ്പൂർണ തൃപ്തി നൽകിയില്ല.. ഒരു തീയറ്റർ പോയി തന്നെ ഈ സിനിമ കാണണോ എന്ന് എന്നോട് ചോദിച്ചാൽ ഇല്ല എന്നാവും എന്റെ ഉത്തരം. പിന്നെ ഇതെല്ലാം വ്യക്തികളുടെ ഇച്ഛ അനുസരിച്ചിരിക്കുമല്ലോ.'

എന്റെ റേറ്റിങ് : 5.2 ഓൺ 10

സംവിധാനത്തിലും ഒക്കെ കുറച്ചു നല്ല രീതിയിൽ ശ്രദ്ധ കടത്തിയിരുന്നുവെങ്കിൽ ഒരു മികച്ച ചിത്രം ആയി മാറിയേനെ..


Wednesday, October 26, 2016

197. The Prey (La Proie) (2011)

ദി പ്രേ (ലാ പ്രോയി) (2011)



Language : French
Genre : Action | Crime | Thriller
Director : Eric Valette
IMDB : 6.7

The Prey Theatrical Trailer


ബാങ്ക് കൊള്ളയടിച്ചതിനു ആറു മാസത്തെ തടവിന് ശിക്ഷിച്ചതാണ് ഫ്രാൻക് അഡ്രിയാനെ. ഊമയായ കുഞ്ഞും  ഭാര്യയുമുള്ള ഫ്രാൻകിൻറെ രഹസ്യം ദുർബലനായ സെൽമേറ്റ് മോറിയേലിനോട് പറയുന്നു. ശിക്ഷ അനുഭവിക്കാതെ പുറത്തിറങ്ങുന്ന മോറിയേൽ ഒരു സീരിയൽ കില്ലർ ആണെന്നറിയുന്ന ഫ്രാൻക് ജയിൽ ചാടുന്നു. മോറിയേലിനെ അന്വേഷിച്ചു ഫ്രാൻകും, ഫ്രാൻകിനെ അന്വേഷിച്ചു പോലീസും. ഒരു ക്യാറ്റ് ആൻഡ് മൗസ് ജയിൻ ആണ് ഈ ത്രില്ലറിൽ പിന്നീട് കാണാൻ കഴിയുന്നത്.

ഫ്രാൻകിനു തന്റെ ഭാര്യയേയും കുഞ്ഞിനേയും രക്ഷിക്കാൻ കഴിയുമോ? പോലീസ് ഫ്രാൻകിനെ കുരുക്കിൽ വീഴ്ത്തുമോ?  മൗറിയേലിനെ തടയാൻ ഫ്രാൻകിനു കഴിയുമോ? എന്നുള്ള പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണീ ആക്ഷൻ ത്രില്ലർ.

വൺ മിസ്ഡ് കോൾ സംവിധാനം ചെയ്ത എറിക് വാലറ്റ ആണീ ഫ്രഞ്ച് ചിത്രത്തിൻറെ സംവിധായകൻ. ആൽബർട്ട് ലുപോണ്ട്, ആലിസ് ടാഗ്ലിയോണി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ആൽബർട്ട് എന്ന നടനെ പരമാവധി ചൂഷണം ചെയ്ത ഒരു ചിത്രം കൂടിയാണിത്. ഒരു വല്ലാത്ത സ്‌ക്രീൻ പ്രസൻസ് ആണ് അദ്ദേഹത്തിന്റെ.. അഭിനയത്തിലും മോശമല്ല. ആലീസ് ക്ലെയർ എന്ന പോലീസ് ഉദ്യോഗസ്ഥയെ അവതരിപ്പിച്ചു. സുന്ദരിയായ അവർ തന്മയത്വത്തോടെ തന്നെ തന്റെ റോൾ അവതരിപ്പിച്ചു. വില്ലനായി വന്ന ആളും മോശമാക്കിയില്ല.

എന്നെ ഏറ്റവും ആകർഷിച്ചത് ചിത്രത്തിൻറെ പശ്ചാത്തലസംഗീതം ആയിരുന്നു. മൂഡ് നിലനിർത്തി എന്ന് മാത്രമല്ല, ഉടനീളം കാണാൻ ഉള്ള ഒരു താല്പര്യവും എന്നിലുളവാക്കി, നല്ല ആക്ഷൻ സീകവൻസുകൾ ചിത്രത്തിന് മുതൽക്കൂട്ടായി.

കഥയെ പറ്റി പറയുകയാണെങ്കിൽ, ഒരു സാധാരണ പ്രതികാര ചിത്രം. പല ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടുള്ള പ്രമേയം. ക്ളൈമാക്സ് ഒക്കെ നമുക്കൂഹിക്കാൻ കഴിയുമെങ്കിലും, ചില സീനുകൾ നമ്മൾ ഒട്ടും പ്രതീക്ഷിക്കാതെ കയറി വന്നു അത്ഭുതപ്പെടുത്തുകയും ചെയ്യും. കുറച്ചൊക്കെ ക്ളീഷേകളും ഉണ്ട്. എന്നിരുന്നാലും ചിത്രത്തിൻറെ പുരോഗതിയെ ഒരിക്കൽ പോലും പിന്നോട്ടടിക്കുന്നില്ല. തുടക്കത്തിൽ തന്നെ വില്ലൻ ആരെന്നു നമ്മെ മനസിലാക്കിപ്പിക്കുന്നുണ്ട് സംവിധായകൻ. നിരവധി ലൂപ്പ്ഹോൾസ് ചിത്രത്തിൽ ഉണ്ട്. അതൊക്കെ ആസ്വാദനതാളത്തിന്റെ ലെവൽ വെച്ച് നോക്കിയാൽ നിഷ്കരുണം തള്ളിക്കളയാവുന്നതു ആണ്.

ഒരു തവണ കണ്ടിരിക്കാവുന്ന ഒരു നല്ല ആക്ഷൻ ത്രില്ലർ.

എൻ്റെ റേറ്റിംഗ് 6.8 ഓൺ 10

സ്റ്റീവൻ സ്പീൽബെർഗ് ലിയാം നീസണെയും ജേസൺ സ്റ്റേതാമിനെയും വെച്ച് ഈ ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു എന്നൊരു വാർത്ത കേട്ടിരുന്നു. പിന്നീടെന്തായോ എന്നറിയില്ല !!!!

മലയാളത്തിലേക്ക് മോഹൻലാലിനെ വെച്ച് വേണമെങ്കിൽ ശ്രമിക്കാവുന്ന ഒരു സ്ക്രിപ്ട് ആണ് ദി പ്രേ. ഭാവിയിൽ ഉണ്ടായിക്കൂടണം എന്നില്ലല്ലോ??

Monday, October 24, 2016

196. Jack Reacher (2012)

ജാക്ക് റീച്ചർ (2012)



Language : English
Genre : Action | Crime | Drama | Mystery | Thriller
Director : Christopher McQuarrie
IMDB : 7.0



2012ൽ റിലീസ് ആയ ജാക്ക് റീച്ചർ എന്ന ചിത്രം കാണാൻ എന്നെ തീയേറ്ററിലേക്ക് ആനയിച്ചത് ഒരൊറ്റ പേര് മാത്രം ആയിരുന്നു. ഹോളിവുഡ് ചിത്രങ്ങൾ കാണാൻ തുടങ്ങിയ നാൾ മുതൽ മനസ്സിൽ കയറിയ ഒരു പേരായിരുന്നു  ടോം ക്രൂസ്. 

ഒരു സാധാരണ പട്ടണത്തിലെ ഒരു സുപ്രഭാതത്തിൽ അഞ്ചു പേർ വെടിയേറ്റ് വീഴുന്നു.  കുറ്റവാളിയായി ഒരു മുൻ മിലിട്ടറിക്കാരനെ അറസ്റ് ചെയ്യുന്നു. അദ്ദേഹത്തിന്റെ ആവശ്യം ജാക്ക് റീച്ചർ എന്ന മിലിട്ടറി അന്വേഷണോദ്യോഗസ്ഥനെ നിയോഗിക്കണം എന്നതായിരുന്നു. അദ്ദേഹത്തിൻറെ വക്കീലായ ഹെലനുമായി ചേർന്ന് ജാക്ക് നടത്തുന്ന അന്വേഷണം പല രഹസ്യങ്ങളുടെയും ചുരുളഴിയാൻ കാരണമാകുന്നു.

ചിത്രത്തിൻറെ ഏറ്റവും വലിയ മുതൽക്കൂട്ട് എന്താണെന്ന് വെച്ചാൽ,  വളരെ നല്ല കഥയും തിരക്കഥയും, കഥാപാത്രവികസനവും, ചടുലമായ ആക്ഷൻ സീനുകളും, വേഗതയാർന്ന ആഖ്യാനവുമാണ്. ജാക്ക് റീച്ചർ എന്ന സിനിമ ഒരു രീതിയിൽ പോലും സാധാരണ പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നതാണ് വ്യത്യസ്തത. അതിനു നന്ദി പറയേണ്ടത് മികച്ച ചിത്രങ്ങളായ ദി യൂഷ്വൽ സസ്‌പെക്ട്സ്, എഡ്ജ് ഓഫ് ടുമോറോ,  വാൾക്കിരിയ്ക്കു വേണ്ടി ഒക്കെ തിരക്കഥ എഴുതിയ ക്രിസ്റ്റഫർ മക്വേറി എന്ന സംവിധായകനാണു. അദ്ദേഹത്തിൻറെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. നല്ല സംഭാഷണ ശകലങ്ങളും പശ്ചാത്തല സംഗീതവും മൂഡ് നിലനിർത്തി. 

ടോം ക്രൂസ് ഷോ തന്നെയാണ് തുടക്കം മുതൽ അവസാനം വരെയും. ഹാർഡ്കോർ ആക്ഷനും അല്പം തമാശയും ഒക്കെ ഇടകലർത്തിയുമുള്ള അദ്ദേഹത്തിന്റെ അഭിനയം ചിത്രത്തിൻറെ മൈലേജ് വളരെയധികം നീട്ടി. ചിലപ്പോഴൊക്കെ ജെയിംസ് ബോണ്ടും ജോൺ മക്‌ലീനും (ഡൈ ഹാർഡ് നായകൻ) ഇടകലർന്ന ഒരു കഥാപാത്രമാണോ ജാക്ക് റീച്ചർ എന്ന് തോന്നാം.. അതിനു ജീവൻ നൽകിയ ടോം ക്രൂസ് ഒരു പ്രത്യേക പ്രശംസ അർഹിക്കുന്നു. റോസാമുണ്ട് പൈക് തന്റെ കഥാപാത്രം ഭംഗിയായി ചെയ്തു.റോബർട്ട് ഡ്യൂവൽ, ജയ് മക്കാർട്ടിനി, ഡേവിഡ് ഒയേലോവോ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി. 

ഒരു ചടുലത നിറഞ്ഞ ഈ ആക്ഷൻ ചിത്രം ഒരിക്കലും നിരാശ സമ്മാനിക്കുകയില്ല. ഞാൻ പരമാവധി ആസ്വദിക്കുകയും ചെയ്തത് കൊണ്ട്ആ 8.6 ആണ് എന്റെ റേറ്റിങ്. 

ഇതിൽ കുറച്ചു ഗുണ്ടകളോട് ജാക്ക് പറയുന്ന ഡയലോഗ് മോഹൻലാൽ ചെപ്പു  പറയുന്നതുമായി സാമ്യം തോന്നി. ഇനി ക്രിസ്റ്റഫർ ചൂണ്ടിയത് വല്ലതുമാണോ??? പിന്നീട് ജാക്ക് റീച്ചറിലെ അതേ സംഭാഷണം വിജയ് കുറച്ചു റൗഡികളോട് തെറി എന്ന ചിത്രത്തിലും പറഞ്ഞിട്ടുണ്ട്.

Saturday, October 8, 2016

195. Remo (2016)

റെമോ (2016)


Language : Tamil
Genre : Action | Comedy | Drama | Romance
Director : Bakkiyaraj Kannan
IMDB : 8.0

Remo Theatrical Trailer


നിങ്ങൾക്ക് രണ്ടര മണിക്കൂർ ആസ്വദിച്ചു ഒരു സിനിമ കാണണോ? ലോജിക്കുകൾക്കെല്ലാം സ്ഥാനം കൊടുക്കാതെ രണ്ടര മണിക്കൂർ ഇടതടവില്ലാതെ ചിരിക്കാനും രസിക്കുവാനും ആണ് പുതുമുഖമായ ഭാക്കിയരാജ് സംവിധാനം ചെയ്ത ശിവകാർത്തികേയൻ നായകനായ റെമോ.

എസ്.കെ എന്ന് വിളിപ്പേരുള്ള തമിഴ് സിനിമകളിൽ മുന്തിയ നടനായി തിളങ്ങാൻ വേണ്ടി കച്ച കെട്ടിയിറക്കിയ ഒരു അഭ്യസ്തവിദ്യ തീരെയില്ലാത്ത ഒരു യുവാവിന്റെ കഥയാണ് റെമോ. ഒരു ദിവസം ഒരു തെരുവിൽ വെച്ചൊരു പെൺകുട്ടിയെ കാണുന്നു. അന്നേ വരെ ഒരു പെണ്ണിനോട് പ്രണയത്തിന്റെ ഭാഷയിലൂടെ സംസാരിക്കാൻ അറിയാത്തത അവളോട് അവനു അടങ്ങാത്ത പ്രണയം തോന്നി. തന്റെ പ്രേമം അറിയിക്കുവാൻ വേണ്ടി അവളെ കാണാൻ ചെല്ലുമ്പോൾ അവൻ അറിയുന്നു, അവളുടെ കല്യാണം ഒരു ഡോക്ടറുമായി ഉറപ്പിച്ചിരിക്കുന്നു എന്നു. എങ്ങിനെയും അവളുടെ മനസ്സിൽ ഇടം പിടിക്കാനായി റെമോ എന്ന ഒരു നഴ്‌സിന്റെ വേഷം കെട്ടി അവളോട് ചങ്ങാത്തം കൂടുന്നു. അവളുടെ മനസ്സിൽ ആശയക്കുഴപ്പം വരുത്തിത്തീർത്തു മനസ്സിൽ കച്ച കെട്ടിയിറങ്ങുന്നു എസ്കെ. പിന്നീടുള്ള സംഭവങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

ശിവകാർത്തികേയൻ റെമോ ആയും എസ്കെ ആയും വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. മൊത്തത്തിൽ പറഞ്ഞാൽ ഒരു ശിവ ഷോ തന്നെയായിരുന്നു. റെമോയെ കാണാൻ ഒരു പ്രത്യേക അഴക് തന്നെയുണ്ടായിരുന്നു, ഒരു സ്ത്രീയെ പോലെ തന്നെ തോന്നിപ്പിച്ചു (ദിലീപേട്ടൻ മായാമോഹിനി ചെയ്യുന്നതിന് മുൻപ് ഈ ചിത്രം കണ്ടിരുന്നെങ്കിൽ). അത്രയ്ക്ക് കിടിലൻ മേക്കപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നു, കുറച്ചു VFX കൂടിയായപ്പോൾ നല്ല ചേലാരുന്നു റെമോയെ കാണുവാൻ.. എസ്കെ ആയ ശിവ നല്ല സ്മാർട്ട് തന്നെയായിരുന്നു.
കീർത്തി സുരേഷ്, സൗന്ദര്യത്തിലും അഭിനയത്തിലും മികച്ചു നിന്നു. ഓരോ ഫ്രെയിമിലും കീർത്തിയെ കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു. മലയാളികളുടെ കൈയിൽ നിന്നും പോയെന്ന തോന്നുന്നത്.
രണ്ടു പേരും നല്ല ചർച്ചയും ഉണ്ടായിരുന്നു.

നമ്മുടെ മൂവീസ്ട്രീറ്റ് മെമ്പർ കൂടിയായ ആൻസൻ പോൾ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ രണ്ടു മൂന്നു ചെറിയ സീനിൽ വരുന്നതല്ലാതെ വേറെ പ്രത്യേകിച്ച് ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല സ്മാർട്ട് ആയി കാണപ്പെട്ടു. രണ്ടാം പകുതിയിൽ ക്ളൈമാക്സിനോടടുത്തു വന്നു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. നല്ല തകർപ്പൻ പെർഫോമൻസ്. വില്ലന് ഇപ്പോഴും നായകൻറെ അടി കിട്ടാനാണാല്ലോ വിധി. അദ്ദേഹത്തിന് ചിലപ്പോൾ ഈ റോൾ മുന്പോട്ടുള്ള പാതയിൽ ഒരു മുതൽക്കൂട്ടാകും എന്നു വിശ്വസിക്കുന്നു.

യോഗി ബാബു, മൊട്ട രാജേന്ദ്രൻ, സതീഷ്, പിന്നെ തമിഴ് സിനിമയിലെ സ്ഥിരം അമ്മയായ വിനോദിനി എന്നിവർ ശിവയുടെ കൂടെ തന്നെ കോമഡി ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തു. എല്ലാവരും മികച്ചു നിന്നുവെങ്കിലും എടുത്തു പറയേണ്ടത് യോഗി ബാബു ആണ്. ആൾ അസാധ്യ കൗണ്ടർ ആയിരുന്നു.
സംവിധായാകൻ ആയ കെ.എസ്. രവികുമാർ ഒരു ചെറിയ റോളിൽ വരുന്നുണ്ട്, അദ്ദേഹവും നിരാശനാക്കിയില്ല.

തന്റെ ആദ്യ സിനിമ നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട് ഭാഗ്യരാജ് കണ്ണൻ. ഒരു നിമിഷം പോലും ലാഗ് അടിപ്പിച്ചില്ല എന്നു മാത്രം അല്ല ശോകസീനിൽ വരെ ഒരു ചെറിയ നർമം കൊണ്ട് വരുന്നുണ്ട് (പണ്ട് മലയാളത്തിൽ വൺ മാൻ ഷോ എന്ന ചിത്രത്തിലും ഇതേ ഒരവസ്ഥ ഉണ്ടായിരുന്നു). പക്ഷെ എറ്റവും വലിയ ഒരു പോരായ്മ ചിത്രത്തിന് എടുത്തു പറയാൻ പറ്റിയ ഒരു കഥ ഇല്ല എന്നതാണ്. മേക്കിങ്ങും കോമഡിയും  പാട്ടുകളും കൊണ്ടൊക്കെ ആ വിടവ് നികത്താൻ  സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. അതിലദ്ദേഹം വിജയം കണ്ടു എന്ന് വേണം പറയാൻ.

സംഗീതം കൈകാര്യം ചെയ്തത് അനിരുദ്ധ് രവിചന്ദർ. പാട്ടുകൾ സീനുകളുടെ കൂടെ പോയത് കൊണ്ട് കുഴപ്പമില്ലായിരുന്നു. പക്ഷെ കുറെയേറെ പാട്ടുകൾ അരോചകവും ചിത്രത്തിൻറെ നീളം കൂട്ടുകയും ചെയ്തു. ശാന്തമായ സന്ദർഭങ്ങളിൽ നല്ല പശ്ചാത്തല സംഗീതവും മാസ് സീൻ വരുമ്പോൾ ചെവിയുടെ ഡയഫ്രം തകർക്കുന്ന കോലാഹലം ആണ്. തീർത്തും അരോചകം ആയിരുന്നു.
ഇത്രയും ചിത്രങ്ങൾ കഴിഞ്ഞിട്ടും ഇത്ര നോയിസി ആയിട്ട് സംഗീതം കൊടുക്കുന്ന ഒരു സംഗീത സംവിധായകൻ ഇല്ലെന്നു തോന്നുന്നു. ഒരു ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ. ഇതായിരുന്നു ചിത്രത്തിൽ എന്റെ കാഴ്ചപ്പാടിൽ പോരായ്മ തോന്നിയ വിഭാഗം.
ആക്ഷൻ തരക്കേടില്ലായിരുന്നു. പക്ഷെ മാട്രിക്സ് ശൈലിയിലുള്ള ആക്ഷൻ രംഗങ്ങൾ ഒക്കെ ഒഴിവാക്കാം എന്നു തോന്നി.

ആസ്വാദന നിലവാരം വെച്ച് ഞാൻ റെമോ എന്ന ചിത്രത്തിന് കൊടുക്കുന്ന മാർക്ക് 7.6 ഓൺ 10

ഒരു മുഴുനീള കോമഡി ചിത്രമാണ് റെമോ. കൗണ്ടറുകളും ചിരിക്കാൻ ഉതകുന്ന പല സന്ദര്ഭങ്ങളും ചിത്രത്തിൽ ഉടനീളം ഉണ്ട്. നിങ്ങൾ ലോജിക് ഒന്നും മനസ്സിൽ ചിന്തിക്കാതെ കാണുവാണെങ്കിൽ നിങ്ങളെ ഈ ചിത്രം ഒട്ടും നിരാശപ്പെടുത്തുകയില്ല. 

194. Mirzya (2016)

മിർസിയ (2016)



Language : Hindi
Genre : Action | Drama | Fantasy | Musical | Romance
Director : Rakesh OmPrakash Mehra
IMDB : 5.7


സ്പോയിലറുകൾ ഉണ്ട്, ക്ഷമിക്കുക..

രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു സിനിമാപ്രവർത്തകൻ ആണ്. തന്റെ ആദ്യ ചിത്രമായ രംഗ് ദേ ബസന്തിയിൽ തുടങ്ങിയ ഇഷ്ടം ദില്ലി 6 കണ്ടപ്പോഴും ഭാഗ് മിൽഖാ ഭാഗ് കണ്ടപ്പോഴെല്ലാം അദ്ദേഹത്തിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി കൂടി വന്നു. പ്രസിദ്ധമായ മിർസാ സാഹിബാൻ പ്രണയകഥയെ ആസ്പദമാക്കി ഇതിഹാസ എഴുത്തുകാരൻ ഗുൽസാറിനൊപ്പം മിർസിയ എന്ന ചിത്രം പുറത്തിറക്കുന്നു കേട്ടപ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കുന്നതിനും മേലെ ആയിരുന്നു. ട്രെയിലറും പാട്ടുകളും ആ ആഹ്ളാദത്തിനു ആക്കം കൂട്ടി.

രണ്ടു കഥകളാണ് ചിത്രത്തിൽ ഒരേ സമയം പറഞ്ഞു പോകുന്നത്. മിർസാ സാഹിബാൻ കഥയും (പഴയ കാലഘട്ടം), പിന്നെ ആധുനിക കാലഘട്ടത്തിലെ കരൺ-സുചിത്ര-മിർസ (മോനിഷ) എന്നിവരുടെ പ്രണയകഥയും.
മിർസ-സാഹിബാൻ കഥ ഞാൻ അധികം വിവരിക്കുന്നില്ല.. മോനിഷും സുചിത്രയും കുട്ടിക്കാലം മുതൽക്കു തന്നെ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ്. സുഹൃദ്ബന്ധത്തിലും മേലെ ആയിരുന്നു അവരുടെ ബന്ധം എന്നൂഹിക്കാം. പക്ഷെ ഒരു പ്രത്യേക കാരണം മൂലം മോനിഷിനു ജയിലിൽ പോകേണ്ടി വരുന്നു അവിടെ രണ്ടു പേരും പിരിയുകയാണ്. അവിടുന്ന് രക്ഷപെട്ടു അവൻ ഒരു കൊല്ലന്മാരുടെ താഴ്വരയിൽ എത്തുന്നു. അവിടെ ഒരു മുസ്‌ലിം കുടുംബം അവനെ ആദിൽ മിർസ എന്ന് പേരിട്ടു വളർത്തുന്നു. അവിടെ രാജകുടുംബത്തിൽ കുതിരക്കാരനായി ജോലിയും ചെയ്യുന്നു. അവിടെ വെച്ച് തന്റെ ബാല്യകാലത്തിൽ നഷ്ടപ്പെട്ടു പോയ സഖിയെ കണ്ടു മുട്ടുന്നു (എന്ന് പറയാൻ കഴിയില്ല) കാരണം മിർസയ്ക്കറിയാം അവളുടെ കല്യാണം രാജകുമാരന് വേണ്ടി ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ് എന്ന്). കൂടാതെ കരണും സുചിത്രയും പ്രണയബദ്ധരുമാണ്.  അവൻ ദൂരെ നിന്നും അവളെ കണ്ടു കൊണ്ടേയിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾ അറിയുന്നു തനിക്കു നഷ്ടപ്പെട്ടു പോയ ബാല്യകാല സുഹൃത്താണ് തന്റെ മുന്നിൽ നിൽക്കുന്ന ആദിൽ മിർസ എന്ന്. അത്രയും നാളും സ്നേഹിച്ച കിരണിനെ ഒറ്റ നിമിഷം കൊണ്ട് തൂക്കിയെറിഞ്ഞു ആദിലിന്റെ കൂടെ  പോകാൻ അവൾ ആഗ്രഹിക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം എതൊരു കൊച്ചു കുട്ടിക്കും പ്രവചിക്കാൻ കഴിയുന്നതാണ്.

സിനിമ തുടങ്ങി, ചിത്രത്തിൻറെ ടൈറ്റിൽ കാർഡ് എഴുതുന്നതിൽ കൂടി വ്യത്യസ്തതയോടെ മികവ് പുലർത്തി. പ്രാചീന കാലഘട്ടത്തിലെ ഒരു രണവേദിയാണ് ആദ്യം കാണിക്കുന്നത്. ഉള്ളത് പറയാം, കിടിലൻ ക്യാമറവർക്കും ഗ്രാഫിക്‌സും അതിലേറെ സ്റ്റൈലിഷ് എക്സിക്ക്യൂഷനും. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതില്ലല്ലോ.. അത്രയ്ക്ക് ആവേശം നൽകും, പെട്ടെന്ന് തന്നെ ആധുനിക കാലഘട്ടം കാണിച്ചു. ആദ്യം കരുതി ഇതൊരു മഗധീരയുടെ വേർഷൻ ആണോ എന്ന്. ഒരു ഇരുപതു മിനുട്ട് കഴിയുന്നതോടെ ചിത്രത്തിൻറെ തുടക്കത്തിൽ കിട്ടിയ ആവേശം പെട്ടെന്ന് തന്നെ കേട്ട് പോയി.. വളരെ അധികം മെല്ലെപ്പോക്കാകുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന സിനിമയായി മാറാൻ അധികം താമസം വേണ്ടി വന്നില്ല. മിർസ സാഹിബാന്റെ കഥ ഒരു ദൃശ്യ വിരുന്നായി തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പക്ഷെ ആധുനിക കാലത്തിലെ കഥയ്ക്ക് ഒരു ന്യായീകരണം നൽകാൻ കഥാകൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് വിരസമായ ഒരു സിനിമയാക്കി മാറ്റി.  ഒരിക്കൽ പോലും ആധുനിക കാലത്തു ആവിഷ്കരിച്ചിരിക്കുന്ന പ്രണയത്തിനു യാതൊരു വിധ ന്യായീകരണവും അർഹിക്കുന്നില്ല. അത് കണ്ടു കഴിയുമ്പോൾ നിങ്ങൾക്കും മനസിലാവും.

ഹർഷവർധൻ കപൂറിന്റെ അരങ്ങേറ്റം മികച്ചതാണെങ്കിലും, ഒരു ഹിറ്റ് നൽകാൻ കഴിയുമോ എന്ന് സംശയമാണ്. താടിയും മീശയും എടുത്തു കഴിഞ്ഞാൽ ഒരു സ്ത്രീയുടെ മുഖമാണ് ഹർഷയ്ക്ക്. സൈയാമി ഖേർ മോഡേൺ വേഷങ്ങൾ ഭയങ്കര സുന്ദരിയായി തോന്നി പക്ഷെ സാഹിബയായിട്ടു അത്ര പോരായെന്നു തോന്നി. രണ്ടു പേരും പുതുമുഖം ആണ് എന്നത് തോന്നുകയേ ഇല്ല, നല്ല അഭിനയം കാഴ്ച വെച്ചു. അനുജ് ചൗധരി അവതരിപ്പിച്ച കരൺ എന്ന കഥാപാത്രവും നന്നായിരുന്നു.

ഗുൽസാർ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ എങ്ങിനെ ഈ ചിത്രത്തിൻറെ കഥ പിറന്നു എന്നാണു എനിക്ക് സംശയം. സംവിധായകൻ ആയ മെഹ്‌റ ചിത്രം ഞാൻ പറഞ്ഞുവല്ലോ പ്രാചീന കാലത്തെ കഥ വളരെ മികച്ച രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നുവെങ്കിലും പുതിയ കാലത്തെ കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഒരു സംഗീത സാന്ദ്രമായ പ്രണയകഥയാണെങ്കിലും പലപ്പോഴും ചിത്രത്തിൻറെ വേഗതയെ കഥയും തിരക്കഥയും പുറകോട്ടടിക്കുന്നുണ്ട്. സംഗീതം നന്നായിരുന്നു, രണ്ടു മൂന്നു ഗാനങ്ങൾ മികച്ചു നിന്നു, പക്ഷെ മൊത്തത്തിൽ ശരാശരി നിലവാരം മാത്രമേ പുലർത്തിയുളളൂ. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ചില സന്ദർഭങ്ങളിൽ ഉള്ളത്, എവിടെയൊക്കെയോ കേട്ടു മറന്ന ഈണങ്ങൾ ഓർമ്മിപ്പിച്ചു.
ഇടയ്ക്കു ഒരു പുലിയെ കാണിക്കുന്നുണ്ട്, അത് ഗ്രാഫിക്സ് ആണോ അതോ ശരിക്കുമുള്ളതാണോ എന്ന് സംശയിച്ചു പോകും. അത്രയ്ക്ക് മികച്ച ഗ്രാഫിക്സ്. യുദ്ധം ഒക്കെ മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഇടവേളയില്ലാത്ത ഈ സിനിമ കണ്ടു മുഴുമിപ്പിക്കാൻ ഒരു സാധാരണ പ്രേക്ഷകൻ ഇത്തിരി കഷ്ടപ്പെടും എന്നാണു എന്റെ ഒരു വിലയിരുത്തൽ.

ഈ പാളിപ്പോയ പ്രണയകാവ്യത്തിന് ഞാൻ നൽകുന്നതു 04 ഓൺ 10.

വെറും 35 കോടിയിൽ മികച്ച രീതിയിൽ (പ്രാചീന കാലം) കഴിഞ്ഞ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്‌ക്കു ഒരു ബാഹുബലിയോ ഒക്കെ നിർമ്മിച്ച മുതൽ മുടക്കുണ്ടെങ്കിൽ ഒരു ബ്രഹ്മാണ്ഡ സിനിമ ഒരുക്കാൻ കഴിയും എന്നതിൽ യാതൊരു തർക്കവുമില്ല.
ചിത്രം കാണണം എന്ന് നിർബന്ധമുള്ളവർ ഡിവിഡി ഇറങ്ങുമ്പോൾ കാണുന്നതാവും അഭികാമ്യം.

Tuesday, October 4, 2016

193. Deep Water Horizon (2016)

ഡീപ് വാട്ടർ ഹൊറൈസൺ (2016)



Language : English
Genre : Action | Drama | Thriller
Director : Peter Berg
IMDB : 7.6

Deep Water Horizon Theatrical Trailer




അമേരിക്ക കണ്ട ഏറ്റവും വലിയ ഓയിൽ ദുരന്തം ആണ് ഡീപ് വാട്ടർ ഹൊറൈസൺ ഓയിൽ സ്പിൽ (DeepWater Horizon Oil Spill Disaster). 2010 നടന്ന സംഭവം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വാതക ചോർച്ചയും അത് പോലെ പാരിസ്ഥിതിയിലെ ഏറ്റവും കൂടുതൽ നാശം വിതച്ച ദുരന്തമാണ് മെക്സിക്കൻ ഗൾഫിലെ ഡീപ് വാട്ടർ ഹൊറൈസണിലുണ്ടായതു. 11 പേർ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കപെടുകയും ചെയ്തു. പണക്കൊതിയന്മാരായ മേലാളന്മാരുടെ അനാസ്ഥ മൂലം ഉണ്ടായ കൊടിയ വിപത്തിന്റെ നേർ ആഖ്യാനം ആണ് പീറ്റർ ബെർഗ് സംവിധാനം ചെയ്ത ഡീപ് വാട്ടർ ഹൊറൈസൺ എന്ന ചിത്രം.

ന്യൂ യോർക്ക് ടൈംസിൽ വന്ന ഒരു ആർട്ടിക്കിളിനും ഓയിൽ സ്പിൽ ദുരന്തത്തിനും ആധാരമാക്കിയാണ് സംവിധായകനായ പീറ്റർ ബർഗും എഴുത്തുകാരായ മാത്യു സാൻഡും മാത്യു മൈക്കൽ കാർണാഹാനും സിനിമ തയാറാക്കിയിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ ചീഫ് ഇലക്ട്രിക്കൽ ടെക്നീഷ്യനായ മൈക്ക് വില്യംസിന്റെയും ഓപ്പറേഷൻ മാനേജരായ ജിമ്മി ഹാരലിൻറെയും റിഗ് ജോലിക്കാരി ആൻഡ്രിയ ഫ്ളേറ്റാസിൻറെയും കണ്ണിലൂടെ ആണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. യഥാർത്ഥ ജീവിതത്തിലെ നായകനായ മൈക് വില്യംസ് ആണ് പ്രധാന കഥാപാത്രം. ബിപി (ബ്രിട്ടീഷ് പെട്രോളിയം) ജോലിക്കാരനായ ഡൊണാൾഡ് വിഡ്രിൻ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മൂലം ഉണ്ടാകുന്ന സ്ഫോടനം ആണ് കൈകാര്യം ചെയ്തിരിക്കുന്ന കാതലായ വിഷയം.

ദുരന്തചിത്രങ്ങൾ ചിത്രീകരിക്കാൻ ഹോളിവുഡിന്റത്രയും വേറെ ഒരു ഇന്ഡസ്ട്രിക്കും കഴിയില്ല എന്ന് അടിവരായിട്ടിരിക്കുന്ന ചിത്രം. അത്ര ഹൃദ്യവും അതെ പോലെ ഫലപ്രദമായ ഒരു ആഖ്യാനം ആയിരുന്നു. ആദ്യ മുപ്പതു മിനുട്ട് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതു കൂടാതെ തന്നെ റിഗ്ഗിൽ സംഭവിക്കുന്ന പല കാര്യങ്ങളും ഉൾപ്പെടുത്തിയത് കൊണ്ട് കാണുന്ന പ്രേക്ഷകന് യാതൊരു മുഷിപ്പും തോന്നുകയില്ല.. മറിച്ചു, എല്ലാ കഥാപാത്രങ്ങളെയും പറ്റി ശരിക്കും അറിയാനും കഴിഞ്ഞു. ഇവരാരും, ഒരു പേപ്പറിലോ പേനയിലോ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളല്ലല്ലോ.. അത് കൊണ്ട് തന്നെ അതിന്റേതായ ആകാംഷയും ഉണ്ടായിരുന്നു. പക്ഷെ കൂടുതൽ ആഴത്തിൽ ഇറങ്ങിക്കിച്ചെന്നില്ല എന്നത് ഒരു പോരായ്മയായി തോന്നി.

ഒരു ഡ്രില്ലിങ് റിഗ്ഗിൽ എന്താണ് സാധാരണ നടക്കുന്നതെന്ന് ചിത്രത്തിൽ കാണിക്കാതെ പെട്ടെന്ന് തന്നെ സ്ഫോടനം എങ്ങിനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായി തന്നെ കാണിക്കുന്നു. ഗ്രാഫിക്സ് വളരെയധികം മികച്ചു നിന്നു. എങ്ങിനെയാണ് റിഗ്ഗിലെ പൊട്ടിത്തെറി ഉണ്ടാകുന്നതെന്ന് ഒരു ചെറിയ ഉദാഹരണം ചിത്രത്തിൻറെ തുടക്കത്തിൽ കാണിച്ചു തരുന്നുണ്ട്. അത് സംവിധായകന്റെ ബുദ്ധിയെ ഞാൻ പ്രശംസിക്കുന്നു. ഒരു സിംബോളിക് അപ്പ്രോച്..

സ്ഫോടനം നടന്നു കഴിയുമ്പോൾ ഒരു ഡ്രാമ മോഡിൽ പോകുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ടോപ് ഗിയറിൽ എത്തുന്നു. പിന്നീട് ഞരമ്പ് വരെ തണുത്തു പോകുന്ന ത്രില്ലിംഗ് അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു യഥാർത്ഥ സംഭവം മുൻപിൽ കാണുന്ന പ്രതീതിയോടു ചിത്രം നമ്മുടെ മുൻപിൽ അവതരിക്കപ്പെടുന്നു. ഒന്രിഖ് ഷെഡിയാക് ചലിപ്പിച്ച ക്യാമറ മികച്ചതായിരുന്നു. ഒരേ പോലെ എരിയൽ ഷോട്ടുകളും  ഗ്രൗണ്ട് ഷോട്ടുകളും ക്ളോസപ്പ് ഷോട്ടുകളും നല്ല രീതിയിൽ മിശ്രണം ചെയ്തിരിക്കുന്നു. ശബ്ദമിശ്രണവും മികച്ചു നിന്നു. ഹാൻസ് സിമ്മറിന്റെ കൂടെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ള സ്റ്റീവ് ജെബ്ലോസ്കി ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.

മാർക് വാൾബെർഗ്, കർട്ട് റസൽ, ജിയാ റോഡ്രിഗസ്, ധില്ലൻ ബ്രിയാൻ, കേറ്റ് ഹഡ്സൻ, ജോൺ മാൽക്കോവിച് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാർക്, കർട്ട് റസൽ, ധില്ലൻ എന്നിവർ. വില്ലൻ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡൊണാൾഡിനെ അവതരിപ്പിച്ചത് ജോൺ.

ചുരുക്കത്തിൽ പറഞ്ഞാൽ ദുരന്തം പ്രമേയം ആയി എടുത്ത ഒരു കിടിലൻ ത്രില്ലർ.. തീയറ്ററിൽ നിന്നും കണ്ടാൽ ശരിക്കും എഫക്ടീവ് ആയ ഒരു ഫാസ്റ് പേസ്ഡ് ത്രില്ലർ.

എൻറെ റേറ്റിങ് 08.70 ഓൺ 10

എൻഡ് ക്രെഡിറ്റുകളിൽ ശരിക്കുമുള്ള ആളുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടായി. ഒറ്റ ചോദ്യം മനസ്സിൽ കൂടി മിന്നി മറഞ്ഞു. ഒരു മനുഷ്യന് ഇത്രയും ധീരത ഉണ്ടാവുമോ???