Cover Page

Cover Page

Monday, October 29, 2018

287. Radius (2017)

റേഡിയസ് (2017)




Language : English
Genre : Mystery | Sci-Fi | Thriller
Director : Caroline Labrèche & Steeve Léonard
IMDB : 6.2

Radius Theatrical Trailer


അന്ന് പുലർച്ചെ ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുന്നത് മാതിരിയായിരുന്നു. എല്ലുകൾ മുഴുവൻ നുറുങ്ങിയ പോൽ, ദേഹമാസകലം മുറിവേറ്റ പോലെ വേദന എന്നെ കാർന്നു തിന്നു കൊണ്ടേയിരുന്നു. തകർന്ന കാറിനുള്ളിൽ നിന്നും ഞാനിറങ്ങുമ്പോൾ മാത്രമാണ് ഞാൻ ഒരു അപകടത്തിൽ പെട്ടു എന്നു മനസിലായത്. ഞാൻ ഇറങ്ങി നടന്നു, ആരെയും വഴിയിൽ കണ്ടില്ല. അപ്പൊഴാണ് ഒരു കാർ എതിരെ വരുന്നത് കണ്ടത്. ഞാൻ ഒരു ലിഫ്റ്റിനായി കൈ കാട്ടി. അത് നിയന്ത്രണം വിട്ടു വരുന്നത് പോലെ തോന്നി പക്ഷെ എന്റെ മുൻപിൽ വന്നു നിന്നു.ഓടി കയറാൻ നോക്കിയപ്പോൾ, അതിൽ ഉണ്ടായിരുന്ന ആൾ മരിച്ചിരുന്നു. എങ്ങിനെ ??? എങ്ങിനെ ?? ഞാൻ മൊബൈൽ ഫോണിൽ 911 ഡയൽ ചെയ്തു ആക്സിഡൻറ് റിപ്പോർട് ചെയ്യാൻ ശ്രമിക്കവേ അവർ എന്നോട് എൻ്റെ നാമം ചോദിച്ചു. എൻറെ പേർ എന്താണ്??? അത് കൂടി ഞാൻ മറന്നു പോയിരിക്കുന്നു. ഞാൻ ആരാണെന്നു പോലും എനിക്കറിയില്ല?? എനിക്കെന്തു സംഭവിച്ചു എന്നും അറിയില്ല??? എൻറെ ഓർമ്മശക്തി നഷ്ടപ്പെട്ടുവോ?? ഞാൻ വീണ്ടും നടന്നു, ഞാൻ പോകുന്ന വഴികളിൽ പല ജീവികളും മനുഷ്യരും മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. ഇനി ഈ നാട് മുഴുവൻ ഒരു സോംബി സിനിമകളിലും ഒക്കെ കാണുന്നത് പോലെ വൈറസ് ബാധ മൂലം ഉണ്ടായതാണോ? അറിയില്ല? കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

അത്യന്തം ഉദ്യോഗജനകമായ ഒരു കഥാസാരം അതും അധികം ആരും പറഞ്ഞിട്ടില്ലാത്ത കഥ അതിവിദഗ്ധമായ രീതിയിൽ തന്നെ കഥ പറഞ്ഞിരിക്കുന്നു. Caroline Labrèche, Steeve Léonard കഥയെഴുതി സംവിധാനം ചെയ്ത ഈ സൈഫൈ ചിത്രം ഒരു മികച്ച ത്രില്ലർ ഗണത്തിൽ പെടുത്താൻ നിസംശയം കഴിയും. തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരു ഡാർക് മോഡ്, അവസാനം വരെയും പ്രേക്ഷകരെ മുഷിപ്പിക്കാതെയും, എന്നാൽ അത്യാവശ്യം നല്ല രീതിയിൽ ഉത്കണ്ഠാകുലർ ആക്കി തന്നെയാണ് കഥ മുൻപോട്ടു കുതിക്കുന്നത്‌. ട്വിസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരിൽ ഒരു സ്വാധീനം ചെലുത്തുകയും ക്ളൈമാക്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത രീതിയിൽ ട്വിസ്റ്റ് നൽകി പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. വെറും രണ്ടു പ്രധാന കഥാപാത്രങ്ങളെ മാത്രം അണി നിരത്തി ഇത്രയും മികച്ച രീതിയിൽ കഥ പറഞ്ഞ സംവിധായകരെ അനുമോദിച്ചില്ലെങ്കിൽ അത് ഒരു കുറച്ചിൽ ആകും.

രണ്ടു പ്രധാന കഥാപാത്രങ്ങളും പിന്നെ അധികം സ്ക്രീൻസ്പേസ് ഇല്ലാത്തത കുറച്ചു കഥാപാത്രങ്ങളും മാത്രമാണ് ചിത്രത്തിലുള്ളത്. ഡീഗോ ക്ലട്ടൻഹോഫ്, ഷാർലറ്റ് സുള്ളിവൻ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു പേരും പ്രകടനത്തിൽ മികച്ചു നിന്നു.  നായകൻ ആയി അഭിനയിച്ച ഡീഗോ ഓരോ അർത്ഥത്തിലും സീനുകളിലും നിറഞ്ഞു നിന്നു.

ചിത്രത്തിൻറെ ആഖ്യാനത്തിൽ പ്രധാന പങ്കു വഹിച്ച മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു. ചിത്രസംയോജനം, ഛായാഗ്രാഹണം പിന്നെ പശ്ചാത്തല സംഗീതം. മൂന്നു ഡിപ്പാർട്ട്മെന്റും മികവുറ്റതാക്കാൻ സംവിധായകൻ സ്റ്റീവ് ലിയോണാർഡ് നിർവഹിച്ച എഡിറ്റിംഗും, സൈമൺ വില്ലേന്യൂവിന്റെ ക്യാമറയ്ക്കും ബെൻവോ ഷാറസ്റ്റിൻറെ സംഗീതത്തിനും കഴിഞ്ഞു.

മൊത്തത്തിൽ ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എന്നെ പൂർണമായും ത്രിപ്ത്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രമാണ് റേഡിയസ്. ഒരു സൈഫൈ ത്രില്ലർ പ്രേമിയാണ് നിങ്ങളെങ്കിൽ, നിങ്ങളും എന്റെ ചേരിയിൽ വരുമെന്ന് ഉറപ്പാണ്.

കാണൂ, അഭിപ്രായം പറയുക.

എൻറെ  റേറ്റിങ് 8.3 ഓൺ 10

Monday, October 22, 2018

286. Sandakozhi 2 (2018)

സണ്ടക്കോഴി  2 (2018)



Language : Tamil
Genre : Action | Drama | Family
Director : N. Lingusaamy
IMDB: 6.4

Sandakkozhi 2 Theatrical Trailer


പതിമൂന്നു വർഷങ്ങൾക്കു  മുൻപ് സണ്ടക്കോഴി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം വിശാലിൻറെ കരിയറിൽ കുറച്ചൊന്നുമല്ല മൈലേജ് കൂട്ടിയത്. ആദ്യ ചിത്രം ഹിറ്റായതിനു പിന്നാലെ രണ്ടാം ചിത്രം ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് നേടിയത് കൊണ്ട് തന്നെ തമിഴകത്തിലെ ഒരു പ്രത്യേക ഇടമുണ്ടാക്കാനും ഫാൻസ്‌ ഉണ്ടാക്കാനും വിശാലിന് കഴിഞ്ഞു. അത് കൊണ്ടായിരിക്കാം തന്റെ കരീറിലെ  25ആം സിനിമ തന്നെ താനാക്കിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാകട്ടെയെന്നു വിശാൽ തീരുമാനിച്ചതിൻറെ പിന്നിലെ ചേതോവികാരം.

ഏഴു വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ഉത്സവം നടത്താൻ വേണ്ടി ദുരൈ ശ്രമിക്കുകയും, അതിനു സർക്കാർ അനുമതി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, ഏഴു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കലാപത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട പേച്ചി അടുത്ത ഉത്സവത്തിന് മുൻപ് തൻ്റെ ഭർത്താവിനെ വെട്ടിവീഴ്ത്തിയ ആളുകളുടെ വംശത്തിലെ അവസാനത്തെ ആൺതരിയെയും കൊല്ലും എന്ന ശപഥമെടുത്തു. പലരെയും കൊന്നൊടുക്കുകയും അവസാനം അമ്പു എന്ന ഒരാൾ മാത്രം അവശേഷിക്കുന്നു.ദുരൈ, അൻബുവിൻറെ സംരക്ഷണം ഏറ്റെടുക്കുന്നു. ദുരൈയുടെ മകൻ ബാലുവും ഏഴു വർഷത്തിന് ശേഷം ഉത്സവം കൂടാൻ നാട്ടിലെത്തുന്നു. ബാലുവും ദുരൈയും ഒരു പക്ഷം, മറുപക്ഷം പേച്ചിയും കൂട്ടരും. 

തന്നെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു സണ്ടക്കോഴി ആദ്യപകുതി ആസ്വാദ്യകരമായി പോകുകയും, തമാശയും, ആക്ഷനും, കുറച്ചു മാസ് സീനുകളും ഇടകലർത്തി (ക്ളീഷേകൾ നിരവധി ആണ്) മുഷിപ്പിക്കാതെ മുൻപോട്ടു പോകുന്നു. രണ്ടാം പകുതി, കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പാറിക്കളിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒരു ദിശയും അറിയാതെ, എന്തൊക്കെയോ കാട്ടിക്കൂട്ടി, റബർ ബാൻഡ് പോലെ വലിച്ചു നീട്ടി ക്ഷമയെ പരീക്ഷിക്കുന്ന ലിങ്കുസാമി എന്ന സംവിധായകനെ ആണ് കാണാൻ കഴിഞ്ഞത്. ക്ളീഷേകളുടെ പെരുമഴയായിരുന്നു ചിത്രം. തൊണ്ണൂറുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കഥാഖ്യാനം നല്ലൊരു രസംകൊല്ലി ആയി അവശേഷിപ്പിച്ചു. കഥ അത്ര പുതുമയുള്ളതായി തോന്നിയില്ല, പാണ്ഡിരാജ് സംവിധാനം ചെയ്ത അരുൾനിധി നായകനായി അഭിനയിച്ച വംശവും സമാന കഥയായിരുന്നു പറഞ്ഞത്. 

ആക്ഷൻ ആദ്യപകുതിയിലൊക്കെ മെച്ചം ആയിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ദഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, പ്രത്യേകിച്ചും ക്ളൈമാക്സില് ഒക്കെ വളരെ മോശം ആയിരുന്നു. പക്ഷെ ഇന്റർവെൽ ബ്ലോക്കിന് തൊട്ടു മുൻപിൽ രണ്ടു ലൊക്കേഷനിൽ വെച്ചുള്ള ഫൈറ്റ് ഒരേ സമയം കാണിച്ചത് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എഡിറ്റർ പ്രവീൺ KL ചെയ്ത ജോലി പ്രശംസനീയം.

യുവാൻ ശങ്കർ രാജയുടെ ഗാനങ്ങൾ കേൾക്കാൻ നല്ലതായിരുന്നുവെങ്കിലും അനവസരത്തിൽ ഉള്ള ഉപയോഗം നന്നേ മടുപ്പു സൃഷ്ടിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ആയിരുന്നു പാട്ടുകളുടെ ബഹളം. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ആസ്വാദനത്തിനു കോട്ടം തട്ടിയത് കഥാഖ്യാനം മൂലമായിരുന്നു. വരലക്ഷ്മിയുടെ തീം മ്യൂസിക് മികച്ചു നിന്നു, ഒരു മാസ് വില്ലന് വേണ്ട സംഗീതം.

കറുപ്പൻ, വാല് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച KA ശക്തിവേൽ ആണ് സണ്ടക്കോഴി 2വിനും ക്യാമറ ചലിപ്പിച്ചത്. മോശമല്ലാത്ത ക്യാമറവർക്ക് ആയിരുന്നു.

രാജ് കിരൺ, ഈ പ്രായത്തിലും ഉള്ള സ്‌ക്രീൻ പ്രസൻസ് അപാരം തന്നെയാണ്. അദ്ദേഹം ആദ്യ പകുതി കിടിലൻ പെർഫോമൻസ് ആയിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ കാര്യമായി ചെയ്യാൻ ഉണ്ടായിരുന്നില്ല. ആക്ഷനൊക്കെ, ഓങ്കിയടിച്ചാ  ഒൺഡ്രാ ടൺ വെയിറ്റ് എഫക്ട് ഉണ്ടായിരുന്നു ഓരോ ഇടിക്കും.
വരലക്ഷ്മി ശരത്കുമാർ തന്നെയായിരുന്നു സണ്ടക്കോഴി 2വിൻറെ പ്രധാന ആകർഷണം. മിന്നിച്ചു കളഞ്ഞ അഭിനയ പ്രകടനം. വില്ലത്തിയായി നിറഞ്ഞാടി. അവരുടെ ഡയലോഗുകളും ഡയലോഗ് ഡെലിവറിയും ആറ്റിറ്റൂട് എല്ലാം കൊണ്ടും നിറഞ്ഞു നിന്നു.
വിശാൽ, നായകനായി മോശമല്ലാത്ത രീതിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു, എന്നിരുന്നാലും സെന്റിമെന്റൽ സീനുകളിൽ കാലിടറുന്നുണ്ടോ എന്ന തോന്നൽ ഉളവാക്കി.
തമിഴകത്തെ നായിക സെൻസേഷൻ ആയ കീർത്തി സുരേഷ്, ഒരു ബബ്ലി, വായാടിയായ ഗ്രാമത്തിൻ പെൺകൊടി ആയി അഭിനയിച്ചു. ഉള്ളത്  പറഞ്ഞാൽ നല്ല രസമുണ്ടായിരുന്നു അവരുടെ അഭിനയം. 
കാഞ്ചാ കറുപ്പും, രാംദോസ്സും ആയിരുന്നു കോമഡി ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്തത്. അതിൽ കറുപ്പിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാംദോസ് തരക്കേടില്ലാതെ കുറച്ചു ചിരി പടർത്തി.

അപ്പാനി രവി, ഹരീഷ് പേരടി, കൃഷ്ണ, ഷണ്മുഖരാജൻ തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അവരെല്ലാം, അവരുടെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്നെ പ്രകടനം നടത്തി. ആദ്യഭാഗത്തിൽ നിന്നും ഉള്ള വില്ലൻ ലാൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്

മൊത്തത്തിൽ പറഞ്ഞാൽ, വരലക്ഷ്മിയുടെയും രാജകിരണിന്റെയും പ്രകടനവും യുവാൻറെ  സംഗീതവുമില്ലെങ്കിൽ വെറും നീർക്കുമിള ആണീ ചിത്രം. ക്ളീഷേകളുടെ തൃശൂർ പൂരമീ സണ്ടക്കോഴി.

എന്റെ റേറ്റിങ് 4 ഓൺ 10 

ആദ്യപകുതിയിൽ കുടിച്ചോടുകയും നിന്ന നിൽപ്പിൽ ഉറങ്ങി വീഴുകയും ചെയ്തു ഈ സണ്ടക്കോഴി. ഇങ്ങനെ ഒരു തുടർച്ച വേണമായിരുന്നോ എന്ന് അണിയറക്കാർ ചിന്തിക്കേണ്ടതായിരുന്നു.






Thursday, October 18, 2018

285. Andhadhun (2018)

അന്ധാധുൻ  (2018)


Language: Hindi
Genre : Action | Crime | Drama | Thriller
Director : Sreeram Raghavan
IMDB: 9.1


ആകാശ്, അന്ധനായ ഒരു പിയാനിസ്റ്റ് ആണ്. മികച്ച ഒരു സംഗീതജ്ഞൻ ആകണം എന്ന അഭിലാഷത്തോട് ജീവിക്കുന്ന  ആകാശിൻറെ ജീവിതത്തിലേക്ക് സോഫി എത്തുന്നു. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ഒരു കൊലപാതകം, ആകാശിന്റെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിക്കുന്നു. ശ്രീരാം രാഘവൻറെ അന്ധാധുൻ, ആകാശിനെയും ആകാശിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്നു.

ജോണി ഗദ്ദർ, ബദ്‌ലാപൂർ, ഏക് ഹസീന ഥി, തുടങ്ങിയ ഡാർക്ക് ഷേഡ് ഉള്ള ചിത്രങ്ങൾ സംവിധാനം ചെയ്തു ബോളിവുഡിൻറെ പ്രിയങ്കരനായി മാറിയ ഒരു സംവിധായകൻ ആണ് ശ്രീരാം രാഘവൻ.  ക്വാളിറ്റി സിനിമകൾ മാത്രം കൈമുതലുള്ള ശ്രീറാമിൻറെ ചിത്രം എന്ന ഒരൊറ്റ ലേബലിൽ ആണ് ഈ സിനിമ തീയറ്ററിൽ കണ്ടത്. മിനിമം ക്വാളിറ്റി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു കിടുക്കാച്ചി ബ്ലാക്ക് കോമഡി ത്രില്ലർ ആണ്. L'Accordeur (The Piano Tuner) എന്ന സ്പാനിഷ് ഷോർട് ഫിലിമിനെ ആസ്പദമാക്കി ശ്രീറാം രാഘവനും ഹേമന്ത് റാവുവും മറ്റു മൂന്നു പേരും കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ക്ലൂവും പ്രേക്ഷകന് കൊടുക്കാത്ത ബുദ്ധിപൂർവമായ എഴുത്ത്.തുടക്കം മുതൽ അവസാനം വരെയും നിഗൂഢതകൾ നിറച്ചു മുന്നേറിയ ചിത്രം ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. അളന്നു കുറിച്ചുള്ള സംഭാഷണ ശകലങ്ങൾ, വ്യക്തമായ പ്ലാനിങ്ങോട് കൂടിയുള്ള തിരക്കഥയും അതിന്റെ ആഖ്യാനവും ഈ ചിത്രത്തെ ബോളിവുഡിൽ ഇന്ന് വരെ ഇറങ്ങിയ ത്രില്ലറുകളിൽ ഏറ്റവും മുന്തിയ സ്ഥാനത്തിന് അർഹതയുള്ളതാക്കുന്നു. കടുത്ത ഒരു ബ്രില്യൻറ്  ആയ ത്രില്ലർ ആണെങ്കിലും നർമം മികച്ച രീതിയിൽ തന്നെ ചാലിച്ച് ചേർത്തിട്ടുണ്ട്. പൊട്ടിച്ചിരിക്കാനുതകുന്ന ഡയലോഗുകൾ, സീനുകൾ എല്ലാം ഒരു മികച്ച ഡാർക് / ബ്ലാക്ക് കോമഡി ആക്കി ഈ ചിത്രത്തെ മാറ്റുന്നു.

പയ്യന്നൂരിൽ നിന്നുമുള്ള K.U. മോഹനൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.  മനോഹരമായ ഫ്രേമുകൾ, ഡാർക്ക് ഫ്രേമുകൾ, കഥാപാത്രത്തിനോടൊത്തു തന്നെ ചലിക്കുന്ന ക്യാമറക്കണ്ണുകൾ പ്രേക്ഷകന് സിനിമയോടുള്ള അടുപ്പം കൂട്ടുകയും കഥയോട് ഇഴുകി ചേരുകയും ചെയ്യുന്നു. അമിത് ത്രിവേദി, റഫ്താർ, ഗിരീഷ് നാകോഡ് എന്നിവർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അമിത് ത്രിവേദി തന്നെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ എല്ലാം തന്നെ സിനിമയോട് ചേർന്നു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ആയതിനാൽ ആസ്വാദനത്തിനു ഇടയിൽ ഉള്ള കല്ലുകടി ആയി ഭവിക്കുന്നില്ല. പശ്ചാത്തല സംഗീതം യഥാർത്ഥത്തിൽ ചിത്രത്തിൻറെ ജോൺറെ വെച്ച് നോക്കുകയാണെങ്കിൽ ഒരു വലിയ പ്ലസ് പോയിന്റാണ്.

തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയായ പൂജ ലഥ സുർത്തി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറും ഇരുപതു മിനുട്ടു നീളമുള്ള ചിത്രത്തിൽ വ്യക്തമായ കാഴ്ചപ്പാടോടു കൂടി തന്നെ കത്രിക ചലിപ്പിച്ചിരിക്കുന്നു.

ആയുഷ്മാൻ ഖുറാന, അയൽവക്കത്തിലെ പയ്യൻ എന്ന ലേബലിൽ നിന്നും വളരെയേറെ കാതം സഞ്ചരിച്ചു തന്നെ ആണ് ആകാശിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കണിക പോലും തെറ്റ് ചൂണ്ടിക്കാണിക്കാൻ പറ്റാത്ത പ്രകടനം. രണ്ടു മാസം പിയാനോ ട്രെയിനിങ്ങിനു പോയിട്ടാണ് ഈ സിനിമ ചെയ്തത് എന്ന് വായിച്ചിരുന്നു. പക്ഷെ, പിയാനോ വായിക്കുന്നതിലൊക്കെ എന്ത് കൃത്യത ആണ്. ആദ്യഭാഗത്തും രണ്ടാം ഭാഗത്തും വ്യത്യസ്‍ത മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.

നായകൻ ആയി ആയുഷ്മാൻ സൂപ്പർ പ്രകടനം ആയിരുന്നുവെങ്കിൽ, തബു ചെയ്ത സിമി എന്ന കഥാപാത്രത്തിൻറെ  പ്രകടനത്തിനെ എന്ത് പേരിട്ടു വിളിക്കും എന്നുള്ള കൺഫ്യൂഷനിലാണ് ഞാൻ.വയസു അമ്പതു ആകാറായി എന്നാലും ആ ഗ്രേസ്, സമ്മതിച്ചു കൊടുത്തേ മതിയാവൂ. പണ്ട് കുഞ്ഞിലേ കണ്ട കാലാപാനിയിലെ തബുവിൽ നിന്നും ഒരു അഞ്ചു വയസു ചിലപ്പോൾ കൂടിയിട്ടുണ്ടാവും. സ്വഭാവ നടിയായും യാതൊരു ദാക്ഷിണ്യവുമില്ലാത്ത വില്ലത്തിയായും തബു നിറഞ്ഞാടി.

രാധിക ആപ്‌തെ, തൻറെ സ്ഥിരം റോളുകളിൽ നിന്നും അൽപം വ്യത്യസ്തമായി ഒരു മോഡേൺ ഫൺലിവിങ് കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.ആയുഷ്മാനുമായി നല്ല കെമിസ്ട്രി ഉണ്ടായിരുന്നു അവർക്ക്, അത് കൊണ്ട് തന്നെ രണ്ടു പേരും ഒരുമിച്ചുള്ള സീനുകൾ ഒക്കെ നന്നായിരുന്നു. ഒരു പ്രത്യേക രസം തന്നെയാണ് അവരുടെ അഭിനയം കാണുവാൻ.

മാനവ് വിജ്, ഇദ്ദേഹത്തെ ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്. നല്ല അഭിനയം ആയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയായ രസികയെ അവതരിപ്പിച്ചത് അശ്വിനി കാൽശേഖർ ആണ്. രണ്ടു പേരുടെയും ഒരുമിച്ചുള്ള സീനുകൾ ഒക്കെ രസകരമായിരുന്നു.

വളരെ കുറച്ചു കേന്ദ്ര കഥാപാത്രങ്ങളിൽ കൂടി ആയിരുന്നു പ്രധാനമായും പറഞ്ഞു പോയത്. അനിൽ ധവാൻ, സക്കീർ ഹുസ്സൈൻ, ഛായാ കദം, ഗോപാൽ കെ. സിങ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു.

എൻഡിങ് സീൻ, പ്രേക്ഷകർക്ക് വിട്ടു കൊടുത്ത് കൊണ്ടാണ് ശ്രീറാം രാഘവൻ ഈ ചിത്രം അവതരിപ്പിക്കുന്നത്. അതിൽ തന്നെ ഒരു ബ്രില്യൻസ് കാട്ടിയിട്ടുമുണ്ട്.

One of the Best Hindi Thriller in the recent times.

ഒരിക്കലും പ്രതീക്ഷിക്കാത്ത സീനുകളും, ക്രൈം നടക്കുന്ന സമയത്തു തന്നെ ഉള്ള കോമഡി സീനുകളും, ഘോരമായ സീനുകളും, അതിഗംഭീരം പെർഫോമൻസും കൊണ്ട്  സമ്പന്നമായ ഒരു Intelligent Dark Comedy Thriller ആണ് അന്ധാധുൻ.

ഒരിക്കലും ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.

എന്റെ റേറ്റിങ് 9.2 10

Tuesday, October 9, 2018

284. Varathan (2018)

വരത്തൻ (2018)


Language: Malayalam
Genre : Action | Crime | Thriller
Director : Amal Neerad
IMDB : 8.0 


Varathan Theatrical Trailer



അബിയും പ്രിയയും പ്രവാസിദമ്പതികൾ ആണ്. അബിയുടെ ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമാവുമ്പോൾ പ്രിയയെയും കൊണ്ട് അവളുടെ നാട്ടിലെ ബംഗ്ളാവിൽ അവധിക്കാലം ചിലവിടാനെത്തുന്നു. എന്നാൽ സദാചാര പോലീസുകാരുടെ ചിന്താഗതിയുള്ള നാട്ടുകാരും പ്രിയയുടെ സൗന്ദര്യത്തിൽ കാമമുദിച്ച ചിലവരും അവരുടെ ജീവിതം ദുസ്സഹമാക്കുന്നു. എങ്ങിനെ  ആക്രമണത്തിൽ നിന്നും തരണം ചെയ്യുന്നുവെന്ന് വരത്തനിലൂടെ അമൽ നീരദ് പറയുന്നു.

സി.ഐ.എ എന്ന ദുരന്ത ചിത്രത്തിന്  (എന്നെ സംബന്ധിച്ചിടത്തോളം) ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് വരത്തൻ. സുഹാസ് - ഷർഫു എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും രെജിസ്റ്റർ ചെയ്യുവാൻ വേണ്ടിയും അവരുടെ വ്യാപ്തി കൊടുക്കുവാൻ വേണ്ടിയും വളരെ സാവധാനമാണ് കഥ പറഞ്ഞു പോകുന്നത്.അല്പം വിത്യസ്ത ശൈലി ഉപയോഗിച്ച് എന്ന് പറയാം. അതൊരു കൊടുങ്കാറ്റിന് മുന്നിലുള്ള ഒരു ശാന്തത ആണെന്ന് അവസാന മുപ്പതു മിനുട്ട് കണ്ടാൽ മനസിലാകും. ഒരു ത്രില്ലറിന് വേണ്ട യഥാർത്ഥ മുന്നൊരുക്കം സംവിധായകൻ അമൽ നീരദും തിരക്കഥാകൃത്തുക്കളും നടത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം. അത് തന്നെയാണ് ഒരു യഥാർത്ഥ ക്രൈം ത്രില്ലർ ഡ്രാമയുടെ സൗന്ദര്യവും. സീനുകളിൽ കാട്ടാതെ അതായത് പ്രേക്ഷകനെ പല കാഴ്ചകളും കാട്ടാതെ തന്നെ പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ട്, അതുമെനിക്ക് ഇഷ്ടമായി.

ലിറ്റിൽ സ്വയമ്പിൻറെ ക്യാമറാ വർക്ക് എടുത്തു പറയേണ്ട ഒന്നാണ്, ഇടുക്കി / വാകത്താനം ഏരിയയുടെ സൗന്ദര്യം പകർത്തുന്നതിലും, സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലും നല്ല പങ്കു വഹിച്ചു. അത് പോലെ തന്നെ എടുത്തു പറയേണ്ടത് ഇന്റീരിയർ ലൈറ്റിങ്. പ്രത്യേകിച്ചും ക്ളൈമാക്സിനോടനുബന്ധിച്ചുള്ള ഇന്റീരിയർ സീനുകളിൽ ഉപയോഗിച്ച ലൈറ്റിങ് ഒക്കെ മികച്ചു നിന്നു.

സുഷിൻ ശ്യാം നിർവഹിച്ച പശ്ചാത്തല സംഗീതം നന്നായിരുന്നു. നല്ല മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സിംഹഭാഗവും സഹായിച്ചിട്ടുണ്ട്. പക്ഷെ, തുടക്കത്തിൽ ഒക്കെ അനാവശ്യമായി ജമ്പ് സ്കെയിറിനായി ഉപയോഗിച്ചതും, അനവസരത്തിലുള്ള ബിജിഎം ഉപയോഗം അത്ര ശരിയായില്ലായെന്നു തോന്നി. ഇടയ്ക്ക് യോഹാൻ യോഹാൻസണ്ണിൻറെ  അറൈവളിലെ ഹെപ്റ്റാപോഡ് തീം ഒക്കെ കേൾക്കാൻ കഴിഞ്ഞു (ടൈറ്റിൽ ക്രെഡിറ്റിൽ ഒറിജിനൽ സ്‌കോർ എന്ന് ലിഖിതപ്പെടുത്തിയിരുന്നു). 

ഏതു കഥാപാത്രവും കയ്യിൽ ലഭിച്ചാൽ അദ്ദേഹത്തിൻറെ ശൈലിയിലൂടെ അഭിനയിച്ചു വിജയിപ്പിക്കുന്നതിന് മിടുക്കൻ ആണല്ലോ ഫഹദ് ഫാസിൽ. തുടക്കത്തിൽ ഉള്ള അബി എന്ന കഥാപാത്രത്തിൽ നിന്നും ക്ളൈമാക്സിലുള്ള അബിയുമായുള്ള അന്തരം അത്ര മികച്ചതായി തന്നെ വെള്ളിത്തിരയിൽ ആടി.
ഐശ്വര്യ ലക്ഷ്മി, ഓരോ സിനിമ കഴിയുംതോറും തൻ്റെ കഥാപാത്രങ്ങൾക്കൊക്കെ ജീവൻ കൊടുക്കുന്നതിൽ പെർഫെക്ഷനിലേക്ക് നടന്നടുക്കുന്ന ഒരു നടി. മികച്ച പ്രകടനം തന്നെയായിരുന്നു.
ഷറഫുദ്ദീൻ, കണ്ടു മടുത്ത കഥാപാത്രങ്ങളിൽ നിന്നും ഒരു മികച്ച ട്രാൻസ്ഫോർമേഷൻ തന്നെയാണ് ജോസി. നോട്ടത്തിലും ഭാവത്തിലും ക്രൂരത കൊണ്ട് വരാൻ കഴിഞ്ഞ ഷറഫ് ഒരു നല്ല നടൻ ആയി മാറുമെന്നതിൽ തർക്കമില്ല.
ഹാസ്യതാരമായ അശോകൻറെ മകൻ അർജുൻ, ജോണിയെന്ന നെഗറ്റിവ് കഥാപാത്രത്തെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തു.
വിജിലേഷ് കരയാട് അവതരിപ്പിച്ച കഥാപാത്രം കാണുന്ന പ്രേക്ഷകന് അറപ്പുണ്ടാക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചതിൽ വിജയിച്ചു എന്ന് പറയാം.
ദിലീഷ് പോത്തൻ, സാമാന്യം അദ്ദേഹത്തിൻ്റെ ശൈലിയിൽ തന്നെ ബെന്നി എന്ന കഥാപാത്രം അവതരിപ്പിച്ചു. ഷോബി തിലകൻ ചെയ്ത റോൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും ക്ളൈമാക്സിലൊക്കെ അല്പം ചിരി പടർത്താൻ കഴിഞ്ഞു. ചേതൻ, പാർവതി, തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകൾ മികചാത്താക്കാൻ പരമാവധി ശ്രമിക്കുകയും, അതിലെല്ലാം നന്നായി വിജയിക്കുകയും ചെയ്തു.

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ത്രില്ലർ സിനിമയായി മാറി വരത്തൻ. ഒന്ന് കൂടി തീയ്യറ്ററിൽ കണ്ടാലും ബോറടിക്കാൻ സാധ്യതയില്ലാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്.

എൻ്റെ റേറ്റിങ് 8.6 ഓൺ 10

Friday, October 5, 2018

283. Venom (2018)

വെനം (2018)



Language : English
Genre : Action | Comedy | Sci-Fi
Director: Ruben Fleischer
IMDB: 7.1


സ്പൈഡര്‍മാന്‍ 3യിലൂടെ മാര്‍വല്‍ അവതരിപ്പിച്ച വില്ലന്‍, നായകനായി അവതരിച്ച ചിത്രമാണ് റൂബന്‍ ഫ്ലെഷര്‍ സംവിധാനം ചെയ്ത വെനം. ട്രെയിലര്‍ മുതല്‍ക്കു തന്നെ വളരെ നല്ല പ്രതീക്ഷ പുലര്‍ത്തി വന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ക്രിട്ടിക്കുകള്‍ എല്ലാം ഭ്രഷ്ട് കല്‍പിച്ചത് കൊണ്ട് തീര്‍ത്തും പ്രതീക്ഷയില്ലാതെ കാണാന്‍ പോയത് ടോം ഹാര്‍ഡി എന്ന നടന്‍റെ പേര് വെനത്തിന്‍റെ കൂടെ ഉണ്ടെന്നത് കൊണ്ട് മാത്രമാണ്.

എഡി ബ്രോക്ക്, സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ഒരു മികച്ച റിപ്പോര്‍ട്ടര്‍ ആണ്. ലൈഫ് ഫൌണ്ടേഷന്‍ CEO കാള്‍ട്ടന്‍ ട്രേക്കിനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതനിടയില്‍  അയാള്‍ ചെയ്ത കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്നതോടെ അയാളുടെ ജീവിതം തകിടം മറിയുന്നു. അയാളുടെ ജോലി, പെണ്ണ്, ഫ്ലാറ്റ്, എല്ലാം നഷ്ടപ്പെട്ടു ജീവിതം നയിക്കുന്നു. ആറു മാസം കടന്നു പോയി.  തന്‍റെ പരീക്ഷണങ്ങള്‍ക്ക് മനുഷ്യരെ ഉപയോഗിച്ച് കൊല്ലുന്നത് കണ്ടു മനം മടുത്ത ലൈഫ് ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞ ഡോറ സ്കിര്‍ത് എഡിയെ കണ്ടു അവിടെ നടക്കുന്ന കൊല്ലരുതായ്മകള്‍ ധരിപ്പിക്കുന്നു. തെളിവുകള്‍ എടുക്കാന്‍ വേണ്ടി ഫൌണ്ടേഷനില്‍ എത്തുന്നു. അവിടെ വെച്ച് വെനം ബ്രോക്കിന്‍റെ ശരീരത്ത് കയറി കൂടുന്നു. ബ്രോക്കിന്‍റെ ജീവിതം മാറ്റി മറിക്കുമോ? വെനം വില്ലനാണോ നായകനാണോ?? എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കില്‍ സിനിമ കാണണം.

പ്രത്യക്ഷത്തില്‍ ഒരു ഹൊറര്‍ മൂഡ്‌ നല്‍കുന്ന ചിത്രമാണെങ്കിലും, വെനത്തിന്‍റെവരവോടു ചിരിച്ചുല്ലസിക്കാന്‍ ഉള്ള കോമഡി സീനുകളാല്‍ സമ്പന്നമാണ്. ലുക്കില്‍ ഭീകരനാണെങ്കിലും വെനം ഭയങ്കര ക്യൂട്ട് ആണ്. ഏതു കഥാപാത്രം കിട്ടിയാലും അതിഗംഭീരമായി അവതരിപ്പിക്കുന്ന ടോം ഹാര്‍ഡിയുടെ കയ്യില്‍ ടോം ബ്രോക്ക് ഭദ്രമായിരുന്നു. സിനിമയുടനീളം വെനം/ബ്രോക്ക് ഷോ ആയിരുന്നു. മൊത്തത്തില്‍ തകര്‍ത്താടി. ഒരു വല്ലാത്ത എഫ്ഫെകറ്റ് ആണ് അദ്ദേഹം സ്ക്രീനിലുല്ലപ്പോള്‍.
വില്ലന്‍ കഥാപാത്രം കാള്‍ട്ടന്‍ ട്രേക്കിനെ അവതരിപ്പിച്ച റിസ് അഹ്മദിനു വേണ്ടത്ര സ്ക്രീന്‍സ്പേസ് ലഭിച്ചോ എന്ന് സംശയമാണ്. ഉള്ളത് വെടിപ്പായി ചെയ്തിട്ടുണ്ട്. 
എഡി ബ്രോക്കിന്‍റെ പ്രണയഭാജനമായ ആന്‍ വെയിങ്ങിനെ അവതരിപ്പിച്ചത് മിഷേല്‍ വില്യംസ് ആണ്. അവരുടെ റോള്‍ ഭംഗിയാക്കി.

സൂപര്‍ഹീറോ ചിത്രങ്ങള്‍ക്ക് ലോജിക് നോക്കാന്‍ പാടില്ലാന്നു പറയാറുണ്ട്, അതിവിടെയും ബാധകമാണ്. റൂബന്‍ ഫ്ലെഷര്‍, സോമ്പീലാന്‍ഡ്, ഗാംഗ്സ്റ്റര്‍ സ്ക്വാഡ്, 30 മിനുട്സ് ഓര്‍ ലെസ് തുടങ്ങിയ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ്. തുടക്കം അല്‍പം സ്ലോ ആയി തുടങ്ങി പിന്നെ അതിവേഗത്തിലുള്ള ആഖ്യാനം ആണ് മൊത്തത്തില്‍ ആസ്വാദനത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ആദ്യഭാഗത്തില്‍ ഉള്ള ഫൈറ്റ് സീക്വന്‍സും കാര്‍-ബൈക്ക് ചേസ് ഒക്കെ അസാധ്യം ആയിരുന്നു. VFX Department നന്നായി. ആക്ഷന്‍ കൊറിയോഗ്രഫിയും നന്നായിരുന്നു. പശ്ചാത്തല സംഗീതം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല, എന്നാല്‍ ചില ഇടത്ത് തരക്കെടില്ലാരുന്നു. ക്ലൈമാക്സ് ഒക്കെ അല്പം കൂടി ഭേദപ്പെടുത്തി എടുക്കാമായിരുന്നു.

മൊത്തത്തില്‍ പറഞ്ഞാല്‍, ഭീമാകാരനായ വെനത്തിനെ നിങ്ങള്‍ ശരിക്കുമിഷ്ടപ്പെടും. ഡയലോഗുകള്‍ ഒക്കെ കോമഡിയുടെ മേമ്പൊടി ചാലിച്ചെടുത്ത ഒരു നല്ല Entertainer. 

ക്രിട്ടിക്സ് പറയുന്നത് കാര്യമാക്കണ്ട.. ഒരു പൈസാ വസൂല്‍ തന്നെയാണ് ടോം ഹാര്‍ഡിയുടെ വെനം

എന്‍റെ റേറ്റിംഗ് 7.8 ഓണ്‍ 10

Thursday, October 4, 2018

282. Pyaar Prema Kaadhal (2018)

പ്യാർ പ്രേമാ കാതൽ (2018)


Language : Tamil
Genre : Comedy | Drama | Romance
Director : Elaan
IMDB : 7.0


Pyaar Prema Kaadhal Theatrical Trailer



ചെന്നൈയിലെ ഒരു ഐറ്റി കമ്പനിയിൽ ജോലി ചെയ്യുന്ന എനിക്ക് എന്നും ജോലിക്കു പോകുമ്പോൾ കൃത്യനിഷ്ഠ പാലിക്കുന്നതിൽ അതീവ ജാഗ്രത പാലിച്ചിരുന്നു. ഹ!! നിങ്ങൾ ഇപ്പോൾ കരുതി കാണും, ശ്രീകുമാർ ഒരു കർമ്മനിരതൻ ആണെന്ന്.. അങ്ങിനെ വിചാരിച്ചെങ്കിലും നിങ്ങൾക്ക് തെറ്റി. ഞാനിരിക്കുന്ന ക്യൂബിക്കിളിനു സമീപത്തെ ജനലിൽ കൂടി നോക്കിയാൽ അടുത്ത ബിൽഡിങ്ങിൽ ഉള്ള ഒരു ഓഫീസിലെ സുന്ദരിയായ പെണ്ണിനെ കാണാൻ കഴിയും. അവളെ കണ്ടു കഴിഞ്ഞാൽ, ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുകേല എന്ന് വിനോദ് പറഞ്ഞ പോലെയാ. അതെ ഫീലിംഗ്. പേരെന്താണെന്നും ഊരെന്താണെന്നൊന്നും അറിയുകേലാ, എന്നാലും എനിക്കിഷ്ടാ. പക്ഷെ എൻറെ സ്നേഹനിധിയായ മാതാപിതാക്കൾ എനിക്ക് കല്യാണം ആലോചിച്ചു കൊണ്ടിരിക്കുകയാണ്. അവർക്കു പ്രേമ വിവാഹം ഒന്നും താത്പര്യമില്ലാത്ത കൊണ്ട് എൻ്റെ  ഇഷ്ടങ്ങൾ ഞാൻ സ്വയം ഉള്ളിലൊതുക്കി. എനിക്ക് ഈ ലോകത്തു ഏറ്റവും ഇഷ്ടവും ഉള്ള എൻറെ അമ്മയ്ക്ക് അത് വിഷമം ആയാൽ എനിക്ക് അത് താങ്ങാൻ കഴിയുകേല.
പെട്ടെന്നൊരു ദിവസം അവളെ ജനൽ പാളികളിൽ കൂടി നോക്കിയപ്പോൾ കണ്ടില്ല. എൻറെ മനസൊന്നു പിടച്ചു. പക്ഷെ, ദൈവവിധി എൻ്റെ കൂടെയായതു കൊണ്ടാവാം, അവൾ എൻറെ സഹപ്രവർത്തക ആയി എൻ്റെ ഓഫീസിൽ തന്നെ. സത്യം പറഞ്ഞാൽ, ഒറ്റ നിമിഷം സന്തോഷം കൊണ്ട് ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി. പേര് പോലും ചോദിക്കാൻ എനിക്ക് നാണമായിരുന്നു. പക്ഷെ, അവൾ ഇങ്ങോട്ടു വന്നപ്പോൾ, എൻ്റെ പേര് പോലും മര്യാദയ്ക്ക് പറയാൻ കഴിഞ്ഞില്ല. എനിക്കവളെ എന്റെ ജീവനേക്കാളൂം ഇഷ്ടമാണ്, പക്ഷെ സംസാരിക്കാൻ തന്നെ നാണം. പക്ഷെ പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയി. പ്രണയം ആയി. ഞങ്ങൾ എനിക്കവളോട് അടങ്ങാത്ത പ്രണയം ആയിരുന്നു. പിരിഞ്ഞു ജീവിക്കാൻ സാധ്യമല്ലാത്ത ഞങ്ങൾ വിവാഹത്തിനു തീരെ താത്പര്യം ഇല്ലാതിരുന്ന സിന്ധുജ പറഞ്ഞു, നമുക്ക് living together ആകാം. പക്ഷെ അവൾക്കു ഞങ്ങളുടെ സ്നേഹത്തേക്കാളുമുപരി അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്‌കരിക്കുക എന്ന ലക്‌ഷ്യം മാത്രമായിരുന്നു. എൻ്റെ  കല്യാണം നടക്കുന്നത് കാണാൻ വേണ്ടി മാത്രം നോമ്പ് നോറ്റിരുന്ന അമ്മയെ സന്തോഷിപ്പിക്കാൻ എനിക്ക് കല്യാണം കഴിച്ചേ പറ്റൂ. അവളോട് ഞാൻ അവസാനം ചോദിച്ചു , "കല്യാണം" അതോ "സ്വപ്നം", അത് പോലെ അവളെന്നോട് ചോദിച്ചു, "'അമ്മ" അതോ "അവൾ". ഇതിന്റെ ഉത്തരം നിങ്ങൾക്ക് അറിയണമെങ്കിൽ ഈ കഥ എഴുതി സംവിധാനം ചെയ്ത എലാനോട് ചോദിക്കണം. എലാനോട് ചോദിക്കാൻ കഴിഞ്ഞില്ലെങ്കിൽ എൻറെ കഥ പറഞ്ഞ "പ്യാർ പ്രേമാ കാതൽ" സിനിമ കണ്ടാലും മതി.

യുവാൻ ശങ്കർ രാജാ ആദ്യമായി നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്തത് പുതുമുഖമായ ഏലാൻ ആണ്. എൻ്റെ  കഥയായതു കൊണ്ട് പറയുകയല്ല, പുള്ളി നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. പ്രണയം പൈങ്കിളി ആണെന്നാണല്ലോ പറയാറ്. എൻ്റെ  കഥയിലും പൈങ്കിളിയുണ്ട്, പക്ഷെ ഏലാൻ വളരെ സമർത്ഥമായി സ്ഥിരം ക്ളീഷേകൾ ഒഴിവാക്കിയിട്ടുണ്ട്.ക്ളൈമാക്സ് കൂടി വളരെ നല്ല രീതിയിൽ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്, അത് കൊണ്ട് നിങ്ങള്ക്ക് ബോറടിക്കാൻ സാധ്യത കുറവാണ്. സാഹചര്യത്തിനൊത്ത തമാശകളും അൽപ സ്വല്പം കണ്ണ് നിറയുന്ന നൊമ്പരങ്ങളും എൻറെ  ജീവിതത്തിൽ ചേർത്തു മൊത്തത്തിൽ കളറാക്കിയിട്ടുണ്ട്.
രാജാ ഭട്ടാചാർജി ആണ് ക്യാമറ ചലിപ്പിച്ചത്, ഞങ്ങളുടെ ഓരോ ചലനങ്ങളും മികച്ച ലൈറ്റിങ് ഒക്കെ അറേഞ്ച് ചെയ്തു അദ്ദേഹത്തിൻറെ ക്യാമറയിൽ ഒപ്പിയെടുത്തു. സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും, അദ്ദേഹത്തിൻറെ കഴിവ്. ആ പിന്നെ രാജാജി ഷൂട്ട് ചെയ്തത് മൊത്തം അങ്ങ് സിനിമയാക്കിയില്ല, എലാനുമായി സംസാരിച്ചുമൊക്കെ S. മണികുമാരൻ കത്രിക വെച്ചിട്ടുണ്ട്. ഞാൻ തന്നെ അന്തം വിട്ടു പോയി, എന്റെ കുറെ ഡയലോഗും സീനുമൊക്കെ കാണാൻ പറ്റിയില്ലല്ലോന്നു. പിന്നെ, this is all in the game എന്നല്ലേ..
എൻ്റെ കഥ ധൈര്യപൂർവം എടുക്കാൻ ധൈര്യം കാട്ടിയ മഹാൻ ആണ് യുവാൻ എന്ന് പറഞ്ഞല്ലോ, അദ്ദേഹം തന്നെയാണ് സിനിമയുടെ സംഗീതവും നിർവഹിച്ചത്.വല്ലാത്തൊരു അനുഭൂതി ആയിരുന്നു, എന്റെ ചില റൊമാന്റിക് സ്വഭാവങ്ങളും ഞാനും സിന്ധുജയും തമ്മിലുള്ള പ്രണയത്തിന്റെ സീനുകൾക്കുമൊക്കെ യുവാന്റെ സംഗീതം. കിടിലൻ പാട്ടുകളാൽ  നിറഞ്ഞു നിൽക്കുന്ന സിനിമയ്ക്ക്, സന്ദർഭോചിതമായി പശ്ചാത്തല സംഗീതവും നൽകി അദ്ദേഹം. പ്രണയം ഓരോ നിമിഷവും പൂത്തുലഞ്ഞു നിൽക്കുന്നത് കാണാൻ കഴിയും ആ സംഗീതം കേൾക്കുമ്പോൾ. പിന്നെ നിങ്ങൾക്കറിയാല്ലോ, ഇപ്പോൾ തന്നെ ഈ ആൽബത്തിലെ പല പാട്ടുകളും ഹിറ്റാണെന്നു.

എന്നെ സ്‌ക്രീനിൽ അവതരിപ്പിച്ചത് നിങ്ങൾ കുറച്ചു പേർക്കെങ്കിലും അറിയാവുന്ന ഹരീഷ് കല്യാൺ ആണ്.ബിഗ് ബോസ് ആദ്യ സീസണിൽ മൂന്നാം സ്ഥാനം നേടിയ വ്യക്തിയും സിന്ധു സമവേലി, പൊരിയാളൻ, വില അമ്പ്  തുടങ്ങിയ ചിത്രങ്ങളിൽ നായകൻ ആയി അഭിനയിച്ച വ്യക്തിയാണ്. ശരിക്കും ഞാൻ തന്നെ അച്ചിലി ടത് മാതിരി ആയിരുന്നു ഹരീഷ് കല്യാണും  അയാളുടെ പ്രകടനവും. എനിക്ക് വളരെയേറെ സന്തോഷം തോന്നി.
എൻറെ ഗ്ലാമറിനു ചേർച്ചയുള്ള നായികയെ ആണ് സംവിധായകൻ കണ്ടെത്തിയത് എന്ന് പറഞ്ഞത്. എന്നെക്കാളും ഗ്ലാമർ കൂടി പോയോ എന്നാണു റൈസാ  വിൽസണെ ആദ്യം കണ്ടപ്പോൾ തോന്നിയത്. പിന്നെ അഡ്ജസ്റ്റ് ചെയ്യാം. സിന്ധുജ അവരുടെ കയ്യിൽ ഭദ്രമായിരുന്നു. ബാഗ്ലൂർ മോഡൽ ആയിരുന്ന റൈസയും ബിഗ് ബോസിലൂടെ ആണ് പ്രശസ്തി നേടിയത്.

എൻ്റെ അച്ഛനുമമ്മയുമായി അഭിനയിച്ചത് രാജറാണി സിനിമയിലൂടെ പ്രശസ്തനായ പാണ്ഢ്യനും പിന്നെ രേഖയുമാണ്. രണ്ടുപേരും നന്നായിരുന്നു. സിന്ദുജയുടെ അച്ഛൻ ആയി അഭിനയിച്ചത് പഴയകാല നായക നടൻ ആനന്ദ് ബാബു. നല്ല പോലെ അദ്ദേഹം തൻറെകഥാപാത്രത്തെ അവതരിപ്പിച്ചു. രാംദോസ് എൻ്റെ ജീവിതത്തിൽ കുറച്ചു നല്ല കാര്യവും ഒരു മെന്ററും ആയ തയ്യൽക്കാരൻ തങ്കരാജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.


ക്രിട്ടിക്കുകൾ ഒക്കെ എൻ്റെ ജീവിത കഥയ്ക്ക് പാസ് മാർക്കും അതിനു എംഎൽഎയും ഇട്ടിരുന്നു., തീയറ്ററിലും നല്ല വിജയം ആയിരുന്നു. യുവാൻ  ശങ്കർ രാജ ആ സന്തോഷത്തിൽ സംവിധായകൻ ഏലാനു കാറൊക്കെ വാങ്ങി കൊടുത്തു. ഹിന്ദിയിൽ ഇപ്പൊ എൻ്റെ  കഥ സിനിമയാക്കാൻ പോവാണ്. നായകൻ ഹരീഷ് കല്യാണും, നായിക ഹിന്ദിയിൽ നിന്നുമായിരിക്കുമെന്നു പറഞ്ഞു കേൾക്കുന്നു.

എന്തായാലും എൻ്റെ കഥ നല്ല ഒരു സിനിമയാക്കി മാറ്റിയ ഏലാനു അഭിനന്ദനം. ഒരു എട്ടു മാർക് ഞാൻ കൊടുക്കും. നിങ്ങളോ?

Monday, October 1, 2018

281. Ranam (2018)

രണം (2018)




Language : Malayalam
Genre : Action | Crime | Drama
Director : Nirmal Sahadev
IMDB: 7.6


Ranam Theatrical Trailer


ഇത് ഡീട്രോയിറ്റിൻ്റെ  കഥയാണ്. എൻ്റെ കഥയാണ്. ഒരിക്കൽ പ്രൗഢിയോടെ തല ഉയർത്തി നിന്നിരുന്ന ഡിട്രോയിറ്റിൻറെ കഥ. ദിശയറിയാതെയുള്ള ജീവിതത്തിൽ പുതിയൊരു ദിശയിലേക്ക് സഞ്ചരിക്കാൻ ഞാൻ പോരാടിയ രണത്തിൻറെ കഥ. ഞാൻ ആദി, വളരെക്കാലമായി ദാമോദർ രത്നത്തിൻറെ  കീഴിൽ RED-X എന്ന മയക്കുമരുന്ന് വിൽപന  ആണ് ജോലി. ഒരു വലിയ കട ബാധ്യത ഭാസ്കരൻ ചേട്ടൻ വരുത്തി വെച്ചത് മൂലം ഗത്യന്തരം ഇല്ലാതെയാണ് രത്നത്തിൻറെ കൂടെ ജോലി ചെയ്യേണ്ട അവസ്ഥ വന്നത്. മാഫിയ എന്നത് ഒരു ചക്രവ്യൂഹം ആണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ അവിടെ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ലക്ഷ്യമാണ് എനിക്ക് മുന്നിലുള്ളത്. ദാമോദർ രത്നം, ചക്രവ്യൂഹത്തിൻ്റെ  കവചങ്ങളുടെ ശക്തി കൂട്ടുമെന്നുമറിയാം. എന്നന്നേക്കുമായി ഇവിടം വിട്ടു നല്ല ഒരു ജീവിതം നയിക്കണം. ഭാസ്കരൻ ചേട്ടനെയും കുടുംബത്തിന്റെയും സുരക്ഷിതമായ താവളത്തിലെത്തിക്കണം. ഡീട്രോയിട് നഗരത്തിൻറെ underworld തൻ്റെയും തൻ്റെ അനുജൻറെയും കാൽക്കീഴിൽ കൊണ്ട് വരണമെന്ന് ദൃഢനിശ്ചയത്തോടെ കരുക്കൾ നീക്കുന്ന ദാമോദർ രത്നം, മറു വശത്തു ഏകയായ സീമയും ഭാസ്കരേട്ടനും കുടുംബവും. 

ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു എന്ന യാതൊരു സങ്കോചവും ഇല്ലാതെ തന്നെ നിർമൽ സഹദേവ് അണിയിച്ചൊരുക്കിയ ചിത്രം. ഗാങ്സ്റ്റർ ക്രൈം ഡ്രാമകൾ എനിക്കെന്നും ഇഷ്ടമുള്ള ഒരു ജോൺറെ ആണ്, എന്നാൽ അതിൽ ഒരു വികാരപരമായ ട്രീറ്റ്മെൻറ്  ആണ് നിർമൽ ഈ സിനിമക്ക് നൽകിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി  കൊടുത്താണ് നിർമൽ സഹദേവ് രചിച്ചിരിക്കുന്നത്. നായകൻ, സഹനായകൻ, നായിക, വില്ലൻ, സഹനടൻ, നടി , എല്ലാവരുടെയും കഥകൾ നല്ല രീതിയിൽ തന്നെ വരച്ചു കാട്ടിയിട്ടുണ്ട്. കഥാപാത്രങ്ങൾ രജിസ്റ്റർ ചെയ്തെടുക്കാം അല്പം സമയമെടുത്തു. ഒരു സമ്പൂർണ ആക്ഷൻ ചിത്രമെന്നതിലുപരി വൈകാരിക തലങ്ങളെ ആണ് ഈ സിനിമ കൂടുതലും അളക്കാൻ ഉപയോഗിച്ചിരിക്കുന്നു. പല വട്ടം പല ഭാഷകൾ കണ്ട കഥ തന്നെ പൊടി തട്ടി പുതിയ രൂപത്തിൽ വരുമ്പോൾ  സിനിമയുടെ മേക്കിങ്, ക്യാമറ കൊണ്ട് നമ്മെ പിടിച്ചിരുത്തും. മികവുറ്റ മേക്കിങ്, മലയാള സിനിമയിൽ ഒരു നാഴികക്കല്ലായി മാറാൻ അധികം താമസം വേണ്ട.

ജിഗ്മെ ടെൻസിങ് (ക്യാമറ), ശ്രീജിത്ത് സാരംഗ് (എഡിറ്റിങ്) അടങ്ങിയ ടെക്ക്നിക്കൽ ക്രൂ നല്ല ഔട്ട്പുട്ട് ആണ് നൽകിയത്. അടുത്ത കാലത്തു കണ്ട സിനിമകളിൽ ഏറ്റവും നല്ല സിങ്ക് സൗണ്ട് ഈ ചിത്രത്തിലാണെന്നു ഒരു സംശയം കൂടാതെയും പറയാൻ കഴിയും. മികച്ച ശബ്ദലേഖനമായിരുന്നു മൊത്തത്തിൽ.
പക്ഷെ, ഇവരിലെല്ലാം വിഭിന്നമായി സിനിമയുടെ നട്ടെല്ല് തന്നെയായി മാറിയത് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആയിരുന്നു. ഓരോ സീനിലും തൻ്റെ  വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു എന്ന് നിസംശയം പറയാം. റിലീസിന് മുൻപേ ഹിറ്റായ "രണം" എന്ന ടൈറ്റിൽ സോങ് തന്നെ ഗാനങ്ങളിൽ ഹൈലൈറ്റ്. തുടക്കം മുതൽ സാഹചര്യത്തിനനുകൂലമായി തന്നെ പശ്ചാത്തലമൊരുക്കി സിനിമയുടെ ജീവവായു ആയി മാറി. "രണം" എന്ന നോട്ട് പല സ്കെയിലിലായി പല സ്ഥലത്തും ഉപയോഗിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

പ്രിത്വിരാജിൻ്റെ ആദി എന്ന കഥാപാത്രം അദ്ദേഹം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. പക്ഷെ ചില സമയത്തെ ഭാവാഭിനയം നല്ല ബോറുമായിരുന്നു.
കുറേക്കാലമായി തന്നെ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം ഒരു ജീവൻ തോന്നിയിരുന്നു, രണത്തിലും വിത്യസ്തമായില്ല. പക്ഷെ അവസാനമൊക്കെ നാടകീയത പ്രിത്വിയുടെയും നന്ദുവിന്റേയും അഭിനയത്തിൽ പ്രതിഫലിച്ചു കണ്ടു. 

ഇഷ തൽവാർ, തൻറെ  കഥാപാത്രത്തെ നീതിപൂർവമായ തന്നെ അവതരിപ്പിച്ചു. കൂടുതൽ സുന്ദരിയായി സ്‌ക്രീനിൽ തോന്നി. 
റഹ്മാൻ , ശരിക്കും ഒരു അണ്ടർറേറ്റഡ് അഭിനേതാവായി എനിക്കെന്നും തോന്നാറ്. ഇവിടെയും അദ്ദേഹത്തിൻറെ പരമാവധി ഉപയോഗിക്കാൻ സംവിധായകൻ ശ്രമിച്ചില്ലായെന്നു തോന്നുന്നു. ആദ്യം ദാമോദർ രത്നം എന്ന കഥാപാത്രത്തെ സമ്പത് ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു കേട്ടിരുന്നു. തീരുമാനം മാറിയത് നന്നായി എന്ന് തോന്നുന്നു, സാമ്പത്തിനേക്കാളും മിതഭാഷിയായ എന്നാൽ subtle വില്ലൻ ആയി റഹ്‌മാൻ തിളങ്ങി.
അശ്വിൻ കുമാർ, പതിവ് രീതിയിലുള്ള റോൾ തന്നെ, പ്രത്യേകിച്ച് തകർത്താടാൻ ഉള്ള വേഷം ഉണ്ടായിരുന്നില്ല. എന്നാൽ, രോഷാകുലനായ ദാമോദർ രത്നത്തിന്റെ സഹോദരനായി കുഴപ്പമില്ലാതെ ചെയ്തു. മാത്യു അരുൺ (പുതുമുഖം) എന്തോ നല്ല ബോറിങ് അഭിനയമാണ് തോന്നി. സെലിൻ ജോസ് ദീപിക എന്ന കഥാപാത്രം ആയി പ്രീതിപ്പെടുത്തി.

ക്രൈം ഡ്രാമകളുടെ ആരാധകൻ ആണ് നിങ്ങളെങ്കിൽ ധൈര്യമായി കാണാം. മികച്ച മേക്കിങ്, ഇന്റർനാഷണൽ  ബാക്ഗ്രൗണ്ട് സ്‌കോർ എന്നിവയിൽ മികച്ചു നിൽക്കുന്ന ചിത്രം. പക്ഷെ എല്ലാ തരം  പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല.

എൻറെ  റേറ്റിംഗ് 7.5 ഓൺ 10