Cover Page

Cover Page

Saturday, August 27, 2016

186. Anuraga Karikkin Vellam (2016)

​അനുരാഗകരിക്കിൻ വെള്ളം (2016)



Language : Malayalam
Genre : Comedy | Drama | Romance
Director : Khalid Rahman
IMDB : ​7.7​

​Spoilers ഉണ്ടാവാം..
"അനുരാഗകരിക്കിൻ വെള്ളം" ഈ ചിത്രത്തിന് ഇടാൻ ഇതിലും മനോഹരമായ ഒരു പേര് വേറെയുണ്ടാവില്ല. ഒരു ചെന്തെങ്ങിന്റെ കരിക്കു തെങ്ങിൽ നിന്നും വെട്ടിയിറക്കുമ്പോൾ തന്നെ കുടിച്ച ഒരു അനുഭൂതി ആണ് ചിത്രം എനിക്ക് നൽകിയത്.

പ്രിത്വിരാജിന്റെ ഓഗസ്റ് സിനിമാസ് നിർമ്മിച്ച് ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തു ബിജു മേനോൻ, ആസിഫ് അലി, ആശാ ശരത്, പുതുമുഖമായ രജിഷ വിജയൻ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായ ചിത്രമാണ് അനുരാഗ കരിക്കിൻ വെള്ളം. മലയാള മനോരമയുടെ എഡിറ്റർ ആയിരുന്ന നവീൻ ഭാസ്കർ ആണ് ഈ അച്ഛന്റെയും മകന്റെയും പ്രണയകഥകൾ എഴുതിയത്. ണ്ടിട്ട് മാസങ്ങൾ ആയെങ്കിലും തിരക്ക് കാരണം ഇപ്പോഴാണ് എഴുതാൻ അല്പം സമയം കിട്ടിയത്.

രണ്ടു തലമുറകളുടെ പ്രണയവും നഷ്ടപ്രണയവും ആണ് ഈ ചിത്രത്തിൻറെ ഇതിവൃത്തം. സംവിധായകൻ എടുത്ത ഈ വിഷയം ആണ് ഏറ്റവും മനോഹരമായി എനിക്ക് തോന്നിയത്. പ്രണയം അല്ലെങ്കിൽ അനുരാഗം ഓരോ മനുഷ്യനിലും എങ്ങിനെ ആണ് ഉത്ഭവിക്കുന്നത്, അത് എന്ത് മാത്രം സ്വാധീനം ചെലുത്തുന്നു എന്ന് സംവിധായകൻ ആയ ഖാലിദ് റഹ്‌മാൻ വളരെ തന്മയത്വത്തോട് കൂടി അഭ്രപാളിയിൽ അവതരിപ്പിച്ചിരിക്കുന്നു. കഥയിലോട്ടു ഞാൻ അധികം കടക്കുന്നില്ല, കാരണം ഇത് വായിക്കുന്ന എല്ലാവരും ചിത്രം കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു. നിരവധി കഥാപാത്രങ്ങൾ ഉള്ള ചിത്രമാണെങ്കിലും ഞാൻ നാല് പ്രധാന കഥാപാത്രങ്ങളുടെ അനാവരണം ആണ് ചെയ്യുന്നത്.

ഇപ്പോഴത്തെ തലമുറയിലെ യുവത്വത്തിന്റെ നേർകാഴ്ച ആണ് ആസിഫ് അലി അവതരിപ്പിച്ച അഭി എന്ന കഥാപാത്രം. ആർക്കിടെക്ട് ആയ അഭിയ്ക്ക് തന്റെ കരിയറിൽ വലുതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഉണ്ട് പക്ഷെ സ്വന്തമായി ഒരു അഭിപ്രായം എടുക്കാനുള്ള കഴിവോ അല്ലെങ്കിൽ ഉത്തരവാദിത്വമോ എടുക്കാൻ കഴിയുന്നുമില്ല.. പല കാര്യങ്ങൾക്കും കൂട്ടുകാരുടെ ഉപദേശം സ്വീകരിക്കുന്ന അഭിയെ നമുക്കിവിടെ കാണാൻ കഴിയും. അവിടെ പക്വതയില്ലായ്മ ആണ് വെളിപ്പെടുന്നത്. കൂടെ കോളേജിൽ പഠിച്ച എലിസബേത് എന്ന എലിയുമായുള്ള പ്രണയം പലപ്പോഴും ഒരു ബാധ്യതയായി മാറുന്നു. കാരണം എലിയ്ക്കു അഭിയുടെ മേൽ ഉള്ള ആ വൈകാരികമായ അടുപ്പവും ഫോണിൽ കൂടി ഓരോ നിമിഷവും ഇടവിട്ടുള്ള സംവാദവും എല്ലാം അസ്വസ്ഥമാക്കുന്നുമുണ്ട്. ഇവിടെ, അഭി എലിയുടെ സ്നേഹം മനസിലാക്കാൻ ശ്രമിക്കുന്നില്ല, എന്നാൽ മനസിലാക്കി വരുമ്പോഴേക്കും വൈകിയും പോകുന്നു. ഇത് ഒരു വിധം എല്ലാ ചെറുപ്പക്കാരുടെ ജീവിതത്തിലും സംഭവിക്കുന്നതാണ്. സാഹചര്യങ്ങൾ അനുകൂലമായിരുന്നിട്ടും യഥാർത്ഥ പ്രണയം മനസിലാക്കാൻ എപ്പോഴും വൈകിപ്പോകുന്നത് മൂലം നഷ്ടപ്പെടുന്ന പ്രണയം കാണുവാൻ സാധിക്കും. ആസിഫ് അലി വളരെ മികച്ച രീതിയിൽ തന്നെ ഈ റോൾ അവതരിപ്പിച്ചു. ഒരു നടനായി വളരെയേറെ അദ്ദേഹം മെച്ചപ്പെട്ടിട്ടുണ്ട്, അത് പല സീനുകളിലും നമുക്ക് കാണാൻ കഴിയും.

എലിസബേത് അഥവാ എലിയെ അവതരിപ്പിച്ച റെജിഷ വിജയൻ ഒരു പുതുമുഖമെന്നു ഒരിക്കൽ പോലും പ്രേക്ഷകന് തോന്നാത്ത വിധം അഭിനയിച്ചു. അത്രയ്ക്ക് സ്ഫുരിക്കുന്ന പ്രകടനം ആയിരുന്നു അവരുടേത്. അപക്വമായ എലി എന്ന പ്രണയിനിയിൽ നിന്നും പക്വതയാർന്ന ഒരു സ്ത്രീയിലേക്കുള്ള പരിവർത്തനം വിശ്വാസയോഗ്യമായി തന്നെയാണ് അവർ കൈകാര്യം ചെയ്തത്. ഇന്ന് വളരെ കുറച്ചു മാത്രം കണ്ടു വരുന്ന പെൺകുട്ടികളുടെ പ്രതിനിധി ആണ് എലിസബേത്. ഓരോ ചെറിയ അനുഭവം ഓർമ്മകളിൽ മുത്തായി കാത്തു സൂക്ഷിക്കുന്ന എലിയ്ക്കു അഭിയെ പിരിഞ്ഞിരിക്കുന്നതു അത്ര എളുപ്പമായിരുന്നില്ല. അഭിയുടെ ഓരോ ചലനങ്ങളും അറിഞ്ഞിരിക്കാൻ അവൾ കൊതിച്ചു, പക്ഷെ അഭിയ്ക്കതു അരോചകമാകുന്നത് അറിഞ്ഞിരുന്നില്ല.. പിന്നീട് യാഥാർഥ്യത്തെ തിരിച്ചറിഞ്ഞു സോണിയെ വരാനായി തിരഞ്ഞെടുക്കാൻ അല്പം വേദനയോടു കൂടി അവൾക്കു കഴിഞ്ഞു. അതെ സമയം, രഘു എന്ന അഭിയുടെ അച്ഛനോട് അയാളുടെ കൗമാര പ്രണയിനി ആയിരുന്ന അനുരാധ എന്ന സ്ത്രീയായി ഫോണിൽ സംസാരിച്ചു കൊണ്ട് അയാളുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്താൻ കഴിയുന്നുണ്ട് എലി എന്ന കഥാപാത്രത്തിന്. ഈ ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രം എന്റെ അഭിപ്രായത്തിൽ എലിസബേത് ആയിരുന്നു.

രഘു ഒരു നല്ല പോലീസുകാരൻ ആണ്. തെറ്റുകൾ കൺമുൻപിൽ കണ്ടാൽ അതിനെതിരെ പ്രതികരിക്കുന്ന പോലീസുകാരൻ. ഭാര്യയും രണ്ടു കുട്ടികൾ ഉണ്ടെങ്കിലും അവരോടു രഘുവിന് അത്ര കണ്ടിഷ്ടമല്ലായിരുന്നു. കാരണം മറ്റൊന്നുമല്ല, തന്റെ യുവത്വത്തിൽ ഉണ്ടായ ഒരു നഷ്ടപ്രണയത്തിന്റെ ഓർമ്മയിൽ ആയിരുന്നു രഘു എന്നും. അതിനാൽ സുമ എന്ന ഭാര്യയോടും കുട്ടികളോടും സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാനും പെരുമാറാനും അയാൾ മറന്നു പോവുകയും ചെയ്യുന്നു. തന്റേതായ ലോകത്തിന്റെ ചട്ടക്കൂടിൽ നിന്നും പൊളിച്ചു വരാൻ അയാൾ ശ്രമിച്ചിരുന്നുമില്ല. പക്ഷെ, ഒരു ദിവസം അപ്രതീക്ഷിതമായി തന്റെ മുൻപ്രണയിനിയായ അനുരാധയെ കാണുന്നത് മൂലം അയാളുടെ ജീവിതം വേറെ ഒരു തലത്തിലൂടെ കൊണ്ട് പോകുന്നു. അനുരാധയെ എങ്ങിനെയും കണ്ടുമുട്ടി സംസാരിക്കണം എന്ന് ആഗ്രഹിക്കുന്നു. എലിസബേത് അനുരാധയെന്ന ഭാവേന രഘുവിനോട് സംസാരിക്കുകയും എങ്ങിനെ ഒരു നല്ല ഭർത്താവ്, ഒരു നല്ല അച്ഛൻ ആകണം എന്ന് പഠിപ്പിച്ചു കൊടുക്കുന്നു. അനുരാധ എന്ന കഥാപാത്രം രഘുവിനെ ഒരു നല്ല മനുഷ്യൻ ആക്കി തീർക്കുന്നു. അനുരാധയോട് താൻ തുടർന്ന് പോരുന്ന സല്ലാപം അത് തന്റെ ഭാര്യയിൽ നിന്നും അയാൾ മറച്ചു വെയ്ക്കുന്നുമില്ല. അവസാനം, തനിക്കു പറ്റിയ തെറ്റ് തന്റെ മകന് ആവർത്തിക്കരുത് എന്ന ചിന്ത അഭിയെയും എലിയെയും കൂട്ടി യോജിപ്പിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നു. ബിജു മേനോൻ ലഘുവായ തിളക്കമാർന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ശരിക്കും അയാൾക്ക് വേണ്ടി ജന്മമെടുത്ത കഥാപാത്രമാണോ എന്ന് വരെ തോന്നിപ്പോവും.

എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ആശാ ശരത് അവതരിപ്പിച്ച സുമ എന്ന കഥാപാത്രം. ഒരു ശരാശരി വീട്ടമ്മയെ അതിന്റേതായ പൂര്ണതയിലെത്തിക്കാൻ ആശാ ശരത്തിനു കഴിഞ്ഞു. അധികം ഡയലോഗുകൾ ഇല്ലെങ്കിലും, ശരീരഭാഷ കൊണ്ടും നോട്ടം കൊണ്ടും ഭാവം കൊണ്ടും തന്റെ കഥാപാത്രം എന്താവശ്യപ്പെടുന്നുണ്ടോ അതെല്ലാം പ്രേക്ഷകന് നൽകുന്നുണ്ട്. തന്റെ ഭർത്താവിൽ നിന്നും ഒരു സ്നേഹത്തോടെയുള്ള വാക്കോ നോക്കൂ ഇലാതെയിരുന്നിട്ടും പതിയെയും മക്കളെയും അകമഴിഞ്ഞ് സ്നേഹിക്കുന്ന ഒരു ഉത്തമ കുടുംബിനി തന്നെയാണ് സുമ. ഇന്ന് സമൂഹത്തിലുള്ള ഭൂരിഭാഗമാ സ്ത്രീകളും സുമ എന്ന കഥാപാത്രത്തെ കണ്ടു പഠിച്ചാൽ പല വിവാഹമോചനങ്ങളും കാറ്റിൽ പറത്താൻ കഴിയും. ഒരു മെക്കാനിക്കൽ ജീവിതം നയിക്കുന്ന സ്ത്രീ പക്ഷെ സ്നേഹത്തിലിന്റെ പ്രത്യാശാ കിരണങ്ങൾ എന്നെങ്കിലും തന്റെ മേൽ വരുമെന്ന പ്രതീക്ഷയിൽ ജീവിക്കുന്നു. പ്രത്യാശ ആണല്ലോ മനുഷ്യനെ ജീവിപ്പിക്കാൻ ഉതകുന്ന പ്രധാന ഘടകം. രഘുവിനു തന്റെ മുൻപ്രണയിനിയുമായിട്ടുള്ള സംവാദം അവർക്കു യാതൊരു രീതിയിൽ പ്രശ്നം ഉണ്ടാക്കുന്നില്ല, കാരണം അവിടെ നമ്മളെ സൂചിപ്പിക്കുന്നത് അവർക്കു രഘുവിന് മേലുള്ള വിശ്വാസം തന്നെയാണ്. ആ വിശ്വാസം അവരുടെ ജീവിത ഫലഭൂയിഷ്ഠമാക്കുന്നുമുണ്ട്. ആദ്യമായിട്ട് രഘു അനുരാധയെ കാണാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, അവർക്കു വേണ്ടി മധുര പലഹാരങ്ങളും എല്ലാം ചെയ്തു രഘുവിനെ യാത്ര അയക്കുന്നുമുണ്ട് സുമ എന്ന വീട്ടമ്മ.

അഭിയുടെ കൂട്ടുകാരായി അഭിനയിച്ച സൗബിൻ ഷഹീർ, ശ്രീനാഥ് ഭാസി, രഘുവിന്റെ സുഹൃത്ത് ആയി അഭിനയിച്ച സുധീർ കരമന, എലിയുടെ അച്ഛനായി വന്ന മണിയൻപിള്ള രാജു, രഘുവിന്റെ മേലാളൻ ആയ ഇർഷാദ്, സോണിയായി വന്ന നാജി എന്നിവർ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അനുരാധ എന്ന ചെറിയ റോൾ മുൻകാല നായിക നന്ദിനിയും അഭിനയിച്ചു. ഇവരുടെ കൂട്ടുകെട്ട് നല്ല ചിരി പകർന്നു നൽകി. എല്ലാവരും മികച്ച രീതിയിൽ തന്നെ സിനിമയെ മുന്നോട്ടു കൊണ്ട് പോകാനുള്ള ചേരുവകൾ ചേർത്തു.

ആസിഫ് അലിയ്ക്കു 10-15 വയസു മാത്രം വിത്യാസം മാത്രമുള്ള ആശാ ശരത്തും ബിജു മേനോനും, ആസിഫിന്റെ മാതാപിതാക്കൾ ആയി വന്ന ആ ഒരു ധീരമായ സമീപനം എത്ര അഭിനന്ദിച്ചാലും മതി വരില്ല.

പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതം മികച്ചു നിന്നു. സന്ദർഭത്തിനനുസരിച്ചു തന്നെ അദ്ദേഹം സംഗീതം നൽകി. പക്ഷെ, പാട്ടുകൾ താരതമ്യേന ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ.

ജിംഷി ഖാലിദിന്റെ ഛായാഗ്രാഹണം നന്നായിരുന്നു. ഖാലിദ് റഹ്‌മാന്റെ വേഗതയാർന്ന ആഖ്യാനത്തിനു അത് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു. ഒരു കവിത പോലെ മനോഹരം ആയിരുന്നു അനുരാഗ കരിക്കിൻ വെള്ളം.

നവീൻ ഭാസ്കർ ഒരിക്കൽ പറയുകയുണ്ടായി, "തന്റെ കൂട്ടുകാരുടെയും എന്റെയും ജീവിതത്തിലെ ഏടുകൾ ആണ് ഈ ചിത്രത്തിൻറെ ആധാരം" എന്ന്. അത് കൊണ്ട് തന്നെയാവും ഈ ചിത്രം എനിക്ക് ഇത്ര ഹൃദ്യമാവാനും കാരണം.

എന്റെ റേറ്റിങ് 8.8 ഓൺ 10

അവസാനം അച്ഛൻ മകനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. "പ്രേമം വരും, പോകും... പോയാലും എന്തെങ്കിലുമൊക്കെ തന്നിട്ടേ പോകൂ". എന്തർത്ഥഗർഭമായ വരികൾ ആണ്. അതെങ്ങിനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നതാണ് അതിൻറെ സവിശേഷതയും..

Wednesday, August 24, 2016

185. The Shallows (2016)

ദി ഷാലോസ്‌ (2016)


Language : English
Genre : Drama | Thriller
Director : Jaume Collet-Serra
IMDB : 6.7

The Shallows Theatrical Trailer


ജൊം കൊള്ളെ സെറ.. അങ്ങിനെ ചിലപ്പോൾ പറഞ്ഞാൽ ഇവിടെ ആർക്കും അറിയാൻ സാധ്യത കുറവായിരിക്കും. എന്നാൽ ഓർഫൻ എന്ന ഒരൊറ്റ ചിത്രം മതി ഇദ്ദേഹത്തിന്റെ പേരു എല്ലാവർക്കും കാലങ്ങളോളം ഓർമ്മ വെയ്ക്കാൻ.. റൺ ഓൾ നൈറ്റ്‌ എന്ന ലിയാം നീസൻ നായകനായ ഹിറ്റ്‌ ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു ദി ഷാലോസ്‌. 

കില്ലർ ഷാർക്ക്‌ ആസ്പദമാക്കി നിരവധി ചിത്രങ്ങൾ ഹോളിവുഡിൽ പുറത്തിറങ്ങാറുണ്ടു. അതിൽ ഭൂരിഭാഗവും നിലവാരമില്ലാത്ത സി ക്ലാസ്‌ ചിത്രങ്ങളുമാണു. അതിനാൽ പൊതുവെ നല്ല ഒരു പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും റിലീസ്‌ ആയാൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതേ സമയം നിലവാരവും നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ.

തന്റെ അമ്മ മരിച്ചതിനു ശേഷം മെഡിക്കൽ വിദ്ധ്യാർത്ഥിനി ആയ നാൻസി തന്റെ ഒഴിവുകാലം ആഘോഷിക്കാനായി മെക്സിക്കൊയിലെ അധികം പ്രസിദ്ധമല്ലാത്ത ഒരു ഒഴിഞ്ഞ ബീച്ചിൽ എത്തുന്നു. മനോഹരമായ ബീച്ചിൽ കുറച്ചു നേരം ജലകേളികൾ അതായതു സർഫിംഗ്‌ നടത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അങ്ങിനെ നാൻസി സമുദ്രത്തിലൂടെ നീന്തിത്തുടിക്കുംബോൾ ആണു ഒരു തിമിംഗലം ചത്തതു ശ്രദ്ധയിൽ പെടുന്നതു. അവൾ നീന്തി അതിനടുത്തെത്തുംബൊഴാണു ആ സമുദ്രത്തിൽ താൻ മാത്രമല്ല വേറെ തന്നെ കാത്തു ഒരു വലിയ വിപത്തുമുണ്ടെന്നു മനസിലാകുന്നത്‌.. അതെ!!! ഭീകരനായ കൊലയാളി സ്രാവ്‌. ആദ്യത്തെ ആക്രമണത്തിൽ തന്നെ നാൻസിക്കു ആഴത്തിൽ മുറിവേറ്റു. യാതൊരു വിധത്തിലും രക്ഷപെടാൻ കഴിയാതെ അവൾക്കു കൂട്ടായി ഒരു കടൽകാക്കയും മാത്രം.. നാൻസി രക്ഷപെടുമോ ഇല്ലയൊ എന്നതാണു കഥയുടെ മുഴുരൂപം...

അത്യന്തം ആവേശകരമായ രീതിയിലും പ്രേക്ഷകനെ നല്ല രീതിയിൽ തന്നെ ത്രില്ലടിപ്പിക്കാൻ കഴിയുന്നുണ്ടു ചിത്രത്തിനു. ഈ ജോണറിലുള്ള ചിത്രത്തിൽ സ്ഥിരം ഉണ്ടാകാറുള്ള ക്ലീഷേ സീനുകൾ ഉണ്ടെങ്കിലും, അങ്ങിനെ ഒരു സന്ദർഭത്തിൽ കൂടിയും രസച്ചരട്‌ പൊട്ടുന്നില്ല എന്നതു സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. ഫ്ലാവിയൊ ലബിയാനൊയുടെ ക്യാമറാവർക്ക്‌ മികച്ചു നിന്നു. സമുദ്രത്തിലടിയിലെ സീനുകൾ ഒക്കെ കാണാൻ ഒരു പ്രത്യേക ആകർഷണീയതയുണ്ടായിരുന്നു. സാങ്കൽപിക ബീച്ച്‌ ആയ മെക്സിക്കൊയിലെ ദ്വീപായി ചിത്രീകരിച്ചതു ഓസ്‌ട്രെലിയയിലെ ലോർഡ്‌ ഹൊവ്‌ ദ്വീപിലാണു. വളരെയധികം ആകർഷികമായ ഒരു ദ്വീപ്‌ അതു മനോഹരമായി തന്നെ ചിത്രീകരിക്കുകയും ചെയ്തു. മാർക്ക്‌ ബെൽട്രാമിയുടെ പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു. പതിഞ്ഞ താളത്തിലും പിന്നീടു ത്രില്ലിംഗ്‌ ഭാവത്തിലും മാറുന്ന സംഗീതം ചിത്രം ആസ്വദിക്കുന്നതിൽ വളരെയധികം സഹായിച്ചു.

ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ നാൻസി എന്ന കഥാപാത്രം ബ്ലേക്‌ ലൈവ്‌ലി എന്ന സുന്ദരിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഒന്നര മണിക്കൂർ സമയം സ്വയം ചുമലിലേറ്റിയ അവർ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. വളരെ മികച്ച അഭിനയപ്രകടനം ആണു അവർ കാഴ്ച വെച്ചതു. വേറെ അഭിനേതാക്കൾ അധികം ഇല്ലാത്തതു കൊണ്ടു അതേ പറ്റി എടുത്തു പറയുന്നില്ല..

ട്രെയിലർ കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ടാണു ഈ ചിത്രം കാണാൻ തീരുമാനിച്ചതു എന്നാൽ മനസ്സിൽ അധികം പ്രതീക്ഷയും വെച്ചില്ല എന്നത്‌ സത്യം. അതു കൊണ്ടാവാം എന്നെ വളരെയധികം രസിപ്പിക്കുകയും ചെയ്തു ദി ഷാലോസ്‌.

ഈ ഷാർക്ക്‌ ഫൈറ്റിംഗ്‌ സർവ്വൈവൽ ത്രില്ലറിനു ഞാൻ കൊടുക്കുന്നതു 7.4 ഓൺ 10 ആണു..

Monday, August 22, 2016

184. Kardesim Benim (2016)


കർദെസിം ബെനിം (2016)





Language : Turkish

Genre : Comedy | Drama | Romance

Director : Mert Baykal

IMDB : 6.2

Kardesim Benim Theatrical Trailer




അല്ലെങ്കിലും മനുഷ്യൻ അങ്ങിനെയാണു... പ്രശസ്തിയുടെ കൊടുമുടി കയറിക്കഴിഞ്ഞാൽ പിന്നെ ബന്ധങ്ങൾക്കും സൗഹൃദത്തിനും ഒക്കെ ചിലർ ചിലപ്പോൾ വിലകൾ കൊടുക്കാറെയില്ല. പ്രശസ്തരായ രണ്ടു സഹോദരന്മാരുടെ കഥ പറയുകയാണു മെർട്ട്‌ ബേയ്കാൽ കർദ്ദെസിം ബെനിം എന്ന തുർക്കിഷ്‌ ചിത്രത്തിലൂടെ. സഫർ കുലുങ്ക്‌ ആണു കഥ എഴുതിയിരിക്കുന്നതു. മുറാദ്‌ ബോസ്‌, ബുറാക്‌ ഒസിവിറ്റ്‌ നായകന്മാരായും അസ്ലി എൻവർ നായികയായും അഭിനയിച്ചിരിക്കുന്നു.

ഒസാനും ഹകാനും തങ്ങളുടെ അച്ചൻ മരിച്ചതറിഞ്ഞു സംസ്കാരത്തിനു എത്തിയതാണു. വളരെക്കാലമായി രണ്ടു പേരും തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നുമില്ല പോരാത്തതിനു രണ്ടു പേർക്കും നേരിൽ കാണുന്നതു കൂടി ഇഷ്ടവുമല്ലായിരുന്നു. അവിടെ വെച്ചു അച്ചൻ മരിക്കുന്നതിനു മുൻപു തങ്ങൾക്കു വിൽപത്രത്തിനു പകരം ഒരു വീഡിയോ റെക്കൊർഡ്‌ ചെയ്തു വെച്ചിട്ടുണ്ടെന്നും അതു രണ്ടു പേരും ഒരുമിച്ചു തന്നെ കാണണം എന്നുമായിരുന്നു അദ്ധേഹത്തിന്റെ നിബന്ധന. അങ്ങിനെ രണ്ടു പേരുംകൂടി കാണാൻ തുടങ്ങി. അവരുടെ വീടു ഒരു പച്ചക്കറി വിൽപ്പനക്കാരനു അഞ്ചു വർഷം മുൻപു വിൽക്കുകയും അതു പോരാതെ അയാൾക്ക്‌ ധാരാളം കടം കൊടുതു തീർക്കുകയും വേണം എന്നു ഇളയ മകൻ ആയ ഒസാനോടു പറയുന്നു. മൂത്ത മകനായ ഹകാനു അവശേഷിക്കുന്ന ഒരു പഴയ കാറും കൊടുക്കുന്നു എന്നാൽ താക്കോൽ ഒസാനും കൊടുക്കുന്നു. എന്നിട്ട്‌ അവരോട്‌ തന്റെ അന്ത്യാഭിലാഷം പറയുന്നു. ആ കാറിൽ രണ്ടു പേരും ഒരുമിച്ചു ഉർലയെന്ന സ്ഥലത്തു പോയി ഒരു കല്യാണത്തിനു വേണ്ടി പാടണം എന്നായിരുന്നു. അവർ യാത്ര ആരംഭിക്കുന്നു, കൂടെ സെയ്നെപ്‌ എന്ന പത്രക്കാരിയും... അവരുടെ ആ യാത്ര പല മാറ്റങ്ങൾക്കുള്ള തുടക്കവുമായിരുന്നു.

വളരെ ലളിതമായ കഥ അതിലും ലളിതമായി തന്നെയാണു സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്‌. ഏകദേശം 120 മിനുട്ട്‌ നീളമുള്ള ചിത്രം ഒരു ഘട്ടത്തിൽ പോലും നമ്മളെ മടുപ്പിക്കുന്നില്ല, മിക്ക സീനുകളും ക്ലീഷെകൾ നിറഞ്ഞതായതായിരുന്നുവെങ്കിലും ആസ്വാദ്യകരമായി തന്നെ ചിത്രീകരിച്ചു. പശ്ചാത്തല സംഗീതം മികച്ചതല്ലായിരുന്നുവെങ്കിലും ചിത്രത്തിന്റെ രൂപഘടനയോട്‌ യോജിച്ചു തന്നെ നിന്നു. തുർക്കിയുടെ പ്രകൃതി സൗന്ദര്യം നന്നായി തന്നെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട്‌ ചിത്രത്തിന്റെ ക്യാമറാമാനു. തമാശയും പ്രണയവും വിഷാദവും തുടങ്ങിയ വികാരങ്ങൾ എല്ലാം ഈ ചിത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല അതു വൃത്തിയായി തന്നെ ചെയ്തിട്ടുമുണ്ട്‌.

നായകന്മാരായി അഭിനയിച്ച മുറാദ്‌, ബുറാക്‌ എന്നിവർ കാഴ്ചയിൽ സുമുഖന്മാരും നല്ല അഭിനയവുമായിരുന്നു. എല്ലാ വികാരങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ടു. സുന്ദരിയായ അസ്‌ലി എൻവർ വിശ്വാസയോഗ്യമായ പ്രകടനം കാഴ്ച വെച്ചു. മറ്റുള്ള അഭിനേതാക്കൾ അവരവരുടെ ഭാഗം നന്നായി ചെയ്തു.

ക്ലീഷേകൾ ഉണ്ടെങ്കിലും വിരസമാകാത്ത ഒരു ഫീൽ ഗൂഡ്‌ ചിത്രം ആണു കർദേസിം ബെനിം.

എന്റെ റേറ്റിംഗ്‌ 7 ഓൺ 10

 "ഇൻസെന്റീസ്‌" എന്ന കനേഡിയൻ ചിത്രത്തിന്റെ കഥയുമായി നല്ല രീതിയിൽ സാമ്യം തോന്നുന്നുവെങ്കിലും രണ്ടു ചിത്രവും കൈകാര്യം ചെയ്തിരിക്കുന്ന രീതി നല്ല വിത്യാസമുള്ളതാണു.