ലാസ്റ്റ് സ്റ്റോപ്പ് 174 (അൾടിമ പറാട 174) (2007)
Language : Portugese
Genre : Biography | Crime | Drama]
Director : Bruno Barreto
IMDB Rating : 7.1
ബ്രസീൽ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഫുട്ബോളും, സാംബാ ഡാൻസും, വശ്യമായ കടൽ തീരങ്ങളും പിന്നെ ക്രിസ്തുവിന്റെ 100 അടി ഉയരമുള്ള ശില്പവുമാണ്. പക്ഷെ, അവിടെ നടക്കുന്നത് എന്താണെന്ന് പുറമേ നിന്നും ഉള്ളവർക്ക് അധികമൊന്നുമറിയില്ല എന്നതൊരു വാസ്തവം. നഗരങ്ങളിൽ അറുംകൊലകളും മയക്കുമരുന്ന് വിപണിയും കവർച്ചയും സജീവമാണ്, ഏതൊരു ടൂറിസ്റ്റിനും ഭയപ്പെടാൻ പോകുന്ന ഒന്നാണ് ബ്രസീലിലെ പല നഗരങ്ങളും അവിടെയുള്ള ഈ സ്ഥിരം സംഭവങ്ങളും.
2000ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചെയ്ത ഒരു ചിത്രമാണ് ലാസ്റ്റ് സ്റ്റോപ്പ് 174. ബ്രൂണോ ബരേറ്റോ സംവിധാനം ചെയ്ത ഈ ചിത്രം യാഥാർഥ്യത്തോട് നൂറു ശതമാനം അടുത്തു കിടക്കുന്ന ഒരു ചിത്രമാണ്.
ട്രോപ ഡി എലീറ്റ് എന്നാ ഹിറ്റ് ചിത്ര പരമ്പരകൾ എഴുതിയ ബ്രൗലിയൊ മണ്ടോവനി ആണ് ഈ ചിത്രവും രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് മനസിലാവും, അദ്ദേഹം ബ്രസീലിയൻ ക്രൈം വരച്ചു കാട്ടുന്നതിൽ ഉള്ള കഴിവ്. എന്തായാലും എന്റെ ഇഷ്ട ചിത്രങ്ങളിലുൾപ്പെടും ട്രോപാ. ഇനി ലാസ്റ്റ് സ്റ്റോപ്പ് 174 എന്ന ചിത്രത്തിലേക്ക് തിരിച്ചു വരാം.
സാൻട്രോ എന്ന ഒരു കൌമാരക്കാരൻറെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സ്വന്തം അമ്മയെ കണ്മുന്നിൽ വെടിയേറ്റ് മരിയ്ക്കുമ്പോൾ തന്നെ, അവൻറെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും വിലങ്ങു വീണിരുന്നു. പക്ഷെ, പ്രതീക്ഷ കളയാതെ അവൻ റിയോയിലേക്ക് വണ്ടി കയറുന്നു. അവിടെയും അവനു കയ്‌പ്പേറിയ അനുഭവങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. വഴിയോരത്താണ് താമസമെങ്കിലും വളരെ പെട്ടെന്ന് തന്നെ അവൻ, മയക്കുമരുന്നിനു അടിമയായി. ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ കിടക്കുമ്പോഴാണ് അവനെ പോലീസ് ജയിലിൽ പിടിച്ചിടുന്നത്. അവിടെ വെച്ച് അവനു ഒരു കൂട്ടുകാരനെ കിട്ടുന്നു, അവൻറെ പേരും സമാനമായ പേര് തന്നെയായിരുന്നു. അലെക്സാണ്ട്രോ. രണ്ടു പേരും കൂടി ജയിൽ ചാടുന്നു. പിന്നീട് അവർ മോഷണവും, പിടിച്ചുപറിയും, കൊലപാതകവും ഒക്കെ സർവ്വ സാധാരണമെന്ന പോലെ ചെയ്തു പോന്നു. ഒരു വലിയ റാപ്പർ ആകണമെന്ന മോഹം അപ്പോഴും അവൻ ഉള്ളിലൊതുക്കി ജീവിച്ചു. അവനെഴുത്തും വായനയും അറിയില്ലായിരുന്നു എന്ന പോരായ്മയും വേറെ. നല്ല ഒരു മനുഷ്യനായി ജീവിക്കണം എന്ന ആഗ്രഹം തിരസ്കരിക്കപ്പെട്ട സാൻഡ്രോയുടെ മനസ് പതറുന്നു. ഒരു നാൾ അത്യധികം മയക്കുമരുന്ന് കഴിച്ചു ഒരു ബസ് ഹൈജാക്ക് ചെയ്യുന്നു. ആരെയും ഉപദ്രവിക്കാനോ ഒന്നുമല്ലായിരുന്നു അവൻറെ ഉദ്ദേശ്യം. അവനോടു സമൂഹം കാണിച്ച അവഗണനയോടുള്ള അറപ്പും വിദ്വെഷവുമായിരുന്നു ഉള്ളിൽ നിന്നും അണ പൊട്ടി പുറത്തു വന്നത്.
ശരിക്കും പറഞ്ഞാൽ, ഒരു സംഭവ കഥയാണ് സംവിധായകൻ പറയാൻ ഉദ്ദേശിച്ചതെങ്കിലും, പക്ഷെ അതിൽ സമൂഹ വ്യവസ്ഥിതിയുടെയും നീതിവ്യവസ്ഥിതിയുടെയും മറയില്ലാത്ത സത്യങ്ങളാണ് വിളിച്ചു ഓതിയത്. ബ്രസീലിയൻ ചേരികളിൽ വളർന്നു വരുന്ന കുട്ടികളുടെയും, അവിടെ ജീവിക്കുന്ന മനുഷ്യരുടെയും നിസ്സഹായതയാണ് പച്ചയായി കാട്ടുന്നത്. ഒരാൾ നന്നാവണം എന്ന് കരുതിയാലും, സമൂഹം അവനെ അതിനനുവദിക്കുന്നില്ല എന്നതിൻറെ ഒരു ഉദാഹരണം മാത്രമാണീ ചിത്രം. അതെ മാതിരി, ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങളുടെയും കൊള്ളരുതായ്മയുടെയും പിടിച്ചുപറിയുടെയും കേന്ദ്രമാണ് ബ്രസീൽ. അതും കൃത്യമായി കാണിച്ചിരിക്കുന്നു. അവിടെ ജീവിക്കുന്നവർക്ക് ഇപ്പോൾ ഈ അക്രമങ്ങൾ ഒന്നും അല്ലാതായിരിക്കുന്നു എന്നതിൻറെ തെളിവ് ആണ് ഇതിലെ ഒരു സീൻ. സാണ്ട്രോ ബസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വണ്ടിയിലുള്ള ഒരു പെൺകുട്ടി തന്റെ ബോസിനെ വിളിച്ചിട്ട് പറയും, "ഞാൻ ഓഫീസിലെത്താൻ ഇത്തിരി വൈകും, ഇവിടെ ഞാൻ സഞ്ചരിക്കുന്ന ബസ് ഹൈജാക്ക് ചെയ്തിരിക്കുകയാണ്" (not the exact dialogue).
ക്യാമറ വർക്കൊക്കെ ഗംഭീരം. ഡയലോഗുകൾ എല്ലാം തകർത്തു (കൂടുതലും അസഭ്യ വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് ചിലപ്പോൾ അത് ആലോസരമുണ്ടാക്കാനും സാധ്യതയുണ്ട്). ലീഡ് ആക്ടറിന്റെ അഭിനയം ശരിക്കും നന്നായിട്ടുണ്ട്, ഒരു പുതുമുഖം എന്നതു വെച്ച് നോക്കിയാൽ excellent.
ബ്രസീലിൻറെ യഥാർത്ഥ സൌന്ദര്യം ആസ്വദിക്കണം എന്നുള്ളവർ ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.
എന്റെ റേറ്റിംഗ് 7.9 ഓണ്‍ 10
No comments:
Post a Comment