ജില്ലുന്നു ഒരു കാതൽ (2006)
Language : Tamil
Genre : Comedy | Drama | Romance
Director : N. Krishnaa
IMDB Rating : 6.6
Jillunnu Oru Kadhal Theatrical Trailer
എൻ. കൃഷ്ണ സംവിധാനം ചെയ്ത കന്നി ചിത്രമാണ് ജില്ലുന്നു ഒരു കാതൽ. സൂര്യയും, ജ്യോതികയും, ഭൂമിക ചവ്ലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം റിലീസ് ആയതു 2006-ൽ ആണ്. അന്നിത് ഒരു സാധാരണ ഹിറ്റിലോതുങ്ങിയെങ്കിലും പിന്നീട് ഇത് യുവാക്കളുടെ ഇടയിൽ ഒരു പ്രത്യേക സ്വാധീനം ചെലുതാൻ കഴിഞ്ഞിട്ടുണ്ട്. എ.ആർ. റഹ്മാന്റെ മാസ്മരിക സംഗീതവും ആർ.ഡി. രാജശേഖറിന്റെ ക്യാമറയുമാണു ഈ ചിത്രത്തിൻറെ ഹൈലൈറ്റ്.
കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന കുന്ധവി എന്ന ഒരു സാധാരണ പെണ്‍കുട്ടിയിൽ നിന്നുമാണ്. ചെറിയ പ്രായത്തിൽ തന്നെ പ്രേമിച്ചു കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന കുന്ധവിയ്ക്ക് പക്ഷെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനായ ഗൗതമിനു ഭാര്യയാകേണ്ടി വന്നു.
ആറു വർഷങ്ങൾക്കു ശേഷം, ഐഷു എന്ന അഞ്ചു വയസുകാരി മകളുമൊത്തു മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് ഗൗതവും കുന്ധവിയും ഉള്ള സന്തുഷ്ട കുടുംബം. ഇതിനിടെ ഒരു പ്രബന്ധം അവതരിപ്പിക്കാൻ ന്യൂ യോർക്കിലേക്ക് ക്ഷണം ലഭിക്കുന്ന ഗൗതം, കുറച്ചു നാളുകൾക്കായി അവിടേക്ക് പോകുന്നു. കുന്ധവി അതെ സമയം, പഴയ ഗൗതമിന്റെ പഴയ സാധനങ്ങളുടെ ശേഖരം തിരയുന്നതിനിടെ ഒരു ഡയറി കണ്ടെത്തുന്നു. അത് ഗൗതം കോളേജിൽ പഠിക്കുമ്പോൾ എഴുതിയതായിരുന്നു. അതിൽ, ഗൗതമിനു ഒരു പ്രണയവും ഉണ്ടെന്നു മനസിലാക്കുന്നു. ആ പഴയ കാമുകിയുടെ പേര് ഐശ്വര്യാ എന്ന ഐഷു ആയിരുന്നു. ഇത് കുന്ധവിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഗൗതമിന്റെ മനസ്സിൽ വേറൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു എന്നറിഞ്ഞത്, അവരുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. ന്യൂ യോർക്കിൽ നിന്നും ഗൗതം തിരിച്ചു വന്നപ്പോഴും അവർ അത് മനസ്സിൽ വെച്ച് ഗൗതമിനെ ഒഴിവാക്കിക്കൊണ്ടെയിരുന്നു. ഇത് ഗൗതമിനും മനസിലാകുന്നു. അങ്ങിനെ കുന്ധവി, ഗൗതമിന്റെ കാമുകിയായ ഐശ്വര്യയെ കണ്ടെത്തുന്നു. ഐശ്വര്യാ ഒത്തിരി മാറി പോയിരിക്കുന്നു, ഇപ്പോൾ ഒരു മോഡേണ്‍ ഗേൾ ആയി മാറിയ അവരോടു പറയുന്നു, ഒരു നാൾ ഗൗതമിന്റെ കൂടെ ചെലവഴിക്കണം, അന്നേ ദിവസം കുന്ധവിയും അവരുടെ കുഞ്ഞായ ഐഷുവും ഗൗതമിന്റെയും ഐശ്വര്യയുടെയും ജീവിതത്തിൽ ഉണ്ടാവില്ല എന്നും പറയുന്നു. തുടര്ന്നുണ്ടാകുന്ന മൂവരുടെയും മാനസിക സംഘർഷങ്ങളും ആയി ശുഭ പര്യവസാനിക്കുന്നു.
ഈ ചിത്രത്തിൻറെ മുതല്ക്കൂട്ടു എന്ന് പറയുന്നത് ആദ്യപകുതിയും പിന്നെ ഗൌതമിൻറെ കോളേജ് ജീവിതത്തിലെ പ്രണയവും ആണ്. വളരെ ഹൃദ്യമായി തന്നെ ഗൗതമിന്റെ കുടുംബ ജീവിതവും അതെ മാതിരി പ്രണയകാലവും കാണിച്ചിരിക്കുന്നു. പക്ഷെ തുടക്കത്തിൽ കിട്ടിയ ഫ്ലോ രണ്ടാം പകുതി ക്ലൈമാക്സിനോടടുത്തു കൈവിട്ടു പോയ മാതിരി ഉണ്ടായിരുന്നു. എങ്ങിനെയോ തീർത്ത ഫീലിംഗ് ആയിരുന്നു എനിക്ക് സമ്മാനിച്ചത്. എങ്കിലും ഒരു നല്ല ചിത്രം നൽകാൻ കഴിഞ്ഞു സംവിധായകൻ കൃഷ്ണയ്ക്ക്.
സൂര്യ കുടുംബനാഥനായിട്ടും കോളേജ് ജീവിതത്തിലെ ഒരു റിബൽ കാമുകനായിട്ടും അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. ജ്യോതികയും കുറുമ്പുള്ള കൌമാരക്കാരിയായിട്ടും അതെ സമയം ഒരു ഒത്ത കുടുംബിനിയായിട്ടും, ഭൂമിക ചവ്ലയും ഒരു സാധാരണ സൽവാർ കമീസ് പെണ്‍കുട്ടിയായും പിന്നീട് മോഡേണ്‍ പെണ്‍കുട്ടിയായും കസറി. ഐഷുവായി വന്ന കൊച്ചു മിടുക്കി ശ്രിയ ശർമയും വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. വടിവേലുവും സന്താനവും കോമഡിയിൽ തരക്കേടില്ലായിരുന്നു.
എ.ആർ. റഹ്മാന്റെ പാട്ടുകൾ എല്ലാം ഹൃദ്യമായിരുന്നു. മുൻപേ വാ, ന്യൂ യോർക്ക് നഗരം ഇൻസ്റ്റന്റ് ഹിറ്റുകളായിരുന്നു. ഇപ്പോൾ കേട്ടാലും ആ പാടുകളിലെ പ്രണയത്തിന്റെ തീവ്രതയും ആ പുതുമയും നില നില്ക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും വളരെയധികം മികച്ചു നിന്നു, ഈ ചിത്രത്തിൻറെ ജീവനും അതിൽ തന്നെയായിരുന്നു.
എൻറെ മനസിനോട് അടുത്തു നിൽക്കുന്ന ഒരു ചിത്രമാണ് ജില്ലുന്നു ഒരു കാതൽ.
എന്റെ റേറ്റിംഗ്: 8.1 ഓണ്‍ 10
No comments:
Post a Comment