Cover Page

Cover Page

Tuesday, April 10, 2018

264. A Quiet Place (2018)

ക്വൈറ്റ് പ്ലേസ് (2018)



Language : English
Genre : Drama | Horror | Thriller
Director : John Krasinski
IMDB : 8.2

A Quiet Place Theatrical Trailer


​​ഭൂമിയിൽ അവശേഷിക്കുന്ന അപൂർവ്വം ചിലരിൽ മാത്രമാണു ഞങ്ങൾ. പേരറിയാത്ത കാഴ്ചശക്തിയില്ലാത്ത എന്നാൽ അപാര കേൾവിശക്തിയുള്ള ഭീകരജീവികൾ ഭൂമിയിൽ വാഴാൻ തുടങ്ങിയിട്ടു ഇന്നേക്ക്‌ 89 ദിവസം കഴിയുന്നു. ഞാൻ എവ്ലിൻ അബോട്ട് എൻ്റെ ഭർത്താവും മൂന്നു മക്കളും കൂടി ഹൈപർ മാർക്കറ്റിൽ മരുന്നുകൾക്കും മറ്റു കാര്യങ്ങൾക്കുമായി വന്നു മടങ്ങിപ്പോകെ ഞങ്ങളുടെ ഏറ്റവും ഇളയ മകനെ ആ ജീവി കണ്മുന്നിൽ നിന്നും പിടിച്ചെടുത്തു കൊണ്ട് പോയത്. നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു..  ഒന്നുറക്കെ കരയാൻ പോലും എനിക്ക് അല്ല ഞങ്ങൾക്ക് കഴിഞ്ഞില്ല. എത്ര നേർത്ത ശബ്ദം വന്നാലും അതേതു ദിക്കിലാണെങ്കിലും നിമിഷ നേരത്തിനുള്ളിൽ എത്തി ഇരയെ വക വരുത്തുന്ന നികൃഷ്ട ജീവികളിൽ നിന്നും രക്ഷപെടാനായി പല വഴികളും ചെയ്തു വെച്ചിട്ടുണ്ട്‌. ദുർബലമായ ഒന്നും അവരിൽ ഇല്ല എന്നത് കൊണ്ട് ചെറുത്തു നിൽക്കാനും കഴിയുകയില്ല. ഇനി അടുത്ത ആര്? ഇനി എത്ര നാൾ? എന്ന ചോദ്യം മാത്രം.

ഒറ്റ വാക്കിൽ പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിമനോഹരം. ഇതൊരു സ്ഥിരം ഫോർമുലയിൽ ഉള്ള ഒരു ഹൊറർ ത്രില്ലർ ആയി കണക്കാക്കാൻ കഴിയുകയില്ല, മറിച്ചു വികാര വേലിയേറ്റങ്ങളും കുടുംബ ബന്ധങ്ങളും ഇഴ ചേർത്തു നിർത്തി, ക്ളീഷേകളും ജമ്പ് സ്കേറുകളും പരമാവധി ഒഴിവാക്കി സിനിമ തുടങ്ങുന്ന ആദ്യ നിമിഷം മുതൽ തീരുന്നതു വരെയും പ്രേക്ഷകനെ ആവേശത്തിൻ്റെയും ഭയത്തിൻറെയും മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ. ക്ളീഷേകൾ പരമാവധി ഒഴിവാക്കിയെങ്കിലും അല്പം ക്ളീഷേകൾ ഉണ്ട് എന്നിരുന്നാലും അപ്രതീക്ഷിത സീനുകൾ നിരവധിയാണ്.

ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ആകർഷണം ഇതിന്‍റെ സംവിധാനം തന്നെയാണ്. അമേരിക്കൻ നടനായ ജോൺ ക്രാസിൻസ്കി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നായക കഥാപാത്രവും തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ടെൻഷൻ ഉളവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അല്പം സ്ലോ നോട്ടിൽ തുടങ്ങുന്നുവെങ്കിലും കഥാപാത്രങ്ങളെയും ചുറ്റുപാടും പ്രേക്ഷകൻറെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മളറിയാതെ കഥാപാത്രം അനുഭവിക്കുന്ന വികാരങ്ങളെല്ലാം നമ്മുടേതെന്നാക്കാനും കഴിഞ്ഞു. അതിനാൽ, ചിത്രം കാണുന്നതിലുപരി അനുഭവിക്കുക എന്ന പ്രതീതി ലഭിക്കും. കഥാപാത്രത്തിന്റെ ഭയം നമ്മുടെ ഭയമാണ് വിഷമങ്ങളും സന്തോഷങ്ങളും നമ്മുടേതാണെന്ന പ്രതീതി മൊത്തത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജോണ്‍ ക്രാസിന്‍സ്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എ ക്വൈറ്റ് പ്ലേസ്. വേറെ ഒരു പ്രത്യേകത എടുത്തു പറയുകയാണെങ്കില്‍ 
അധിക സംഭാഷണങ്ങള്‍ നിരവധി ഇല്ല, കൂടുതലും ആശയവിനിമയം നടത്തുന്നത് ആംഗ്യ ഭാഷയില്‍ കൂടിയാണ്. അതൊരിക്കലും ആസ്വാദനത്തിനെ ബാധിക്കുകയുമില്ല.

ചിത്രത്തിന്‍റെ technical വശങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും, എന്ത് മാത്രം അണിയറയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്നു . ക്യാമറ, ലൊക്കേഷൻ, ലൊക്കേഷൻ സെറ്റ്  വർക്ക്, ലൈറ്റിങ്ങ്, സൗണ്ട് ഡിസൈൻ എന്നിവയിൽ എല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. ഭയം പ്രേക്ഷകനിൽ എത്തിക്കാൻ മാർക്കോ ബെൽട്രാമിക്ക് കഴിഞ്ഞിട്ടുണ്ട്. ലോഗൻ, സ്നോപിയേഴ്‌സർ, വാം ബോഡീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിൻ്റെ  കഴിവ് എടുത്തു പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. ചിത്രത്തിൻറെ ആഖ്യാനത്തിനു ഇഴ ചേർന്ന് നിന്ന് പശ്ചാത്തല സംഗീതം. ഇത് ശരിക്കും ആസ്വദിക്കണമെങ്കിൽ തീയറ്ററിൽ തന്നെ പോകണം.

Charlotte Bruus Christensenൻറെ ക്യാമറവർക്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള പ്രേക്ഷകൻറെ  യാത്രയിൽ ചുക്കാൻ പിടിച്ചത് അദ്ദേഹം തന്നെയാണ്. 

സംവിധായകൻ തന്നെ മുഖ്യ കഥാപാത്രമായ ലീ അബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കുറവും എടുത്തു പറയാനാകാത്ത കഥാപാത്രം. ഒരു നല്ല പിതാവായും, ഒരു രക്ഷകനായും നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഭാര്യാ കഥാപാത്രമായ എവ്ലിനെ ജോൺ  കറാസിൻസ്കിയുടെ ജീവിതത്തിലെ ഭാര്യയായ എമിലി ബ്ലണ്ട് അവതരിപ്പിച്ചു. മികച്ച കഥാപാത്രം ആയിരുന്നു അവരുടേത്. കുട്ടികളുടെ കഥാപാത്രങ്ങൾ ഒക്കെ അഭിനയത്തിൽ വളരെ അധികം മികച്ചു നിന്നു. ഒരു വിഎഫ്എക്സ് ചിത്രത്തിൽ അഭിനയിക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ഇല്ലാത്ത വസ്തു ഉണ്ടെന്നു സങ്കൽപ്പിച്ചു, അതും ഭയ രസം മുഖത്തു വരുത്തുക എന്ന് പറഞ്ഞാൽ അതിലും പാടേറിയ ഒന്നാണ്. അതൊരു സങ്കോചവും കൂടാതെ അവർ ചെയ്തു. അവിടെ സംവിധായകനായ ജോണിൻറെ പങ്കു വളരെ വലുതുമാണ്. 


മൊത്തത്തിൽ പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഭയത്തിൻറെ മുൾമുനയിൽ നിർത്തുന്ന ഒരു ഇമോഷണൽ ഹൊറർ ത്രില്ലർ ആണ് A Quiet Place.

A must watch in this genre and horror loving fans.

My Rating 8.9 on 10 (Dont Bite off your nails, coz you need that later)

ചിത്രത്തിലെ രണ്ടു മൂന്നു സിറ്റുവേഷനുകള്‍ എനിക്ക് കല്ല്‌ കടിയായി ഭവിച്ചു, പ്രത്യേകിച്ച് നായിക ശബ്ദമൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്നത്.  Logically and Practically ചിന്തിക്കുകയാണെങ്കില്‍ അങ്ങിനെ ഒരു അബദ്ധം ഒരു normal human being ചെയ്യുകയില്ല. പക്ഷെ അങ്ങിനെ ഒരു സിറ്റുവേഷന്‍ അവതരിപ്പിച്ചത് കൊണ്ട്, കുറച്ചു കിടിലന്‍ ഭയം ഉളവാക്കുന്ന സീനുകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു.





No comments:

Post a Comment