മൗനം സമ്മതം (1990)
Language : Tamil
Genre : Crime | Drama | Mystery | Suspense | Thriller
Director : K. Madhu
IMDB : 7.5
"കല്യാണ തേൻ നിലാ" എന്ന നിത്യ ഹരിത ഗാനം മൂളാത്ത സംഗീതപ്രേമികൾ
വിരളമായിരിക്കും. മമ്മൂട്ടിയെന്ന അനുഗ്രഹീത നടൻ തമിഴിൽ അരങ്ങേറ്റം കുറിച്ച
മൗനം സമ്മതം എന്ന ചിത്രത്തിലെ ഗാനമാണു. KJ യേശുദാസ്, KS ചിത്ര എന്നിവർ
ആലപിച്ച ഗാനത്തിനു സംഗീതം നൽകിയത് ഇസൈജ്ഞാനി ഇളയരാജയും രചിച്ചത് പുലമൈ
പിത്തനുമാണു.
തന്റെ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തിയതിനു അന്നു രാവിലെ സുന്ദരത്തിനെ
കോടതി തൂക്കുമരണം വിധിച്ചു. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുന്ദരം അല്ല
ചെയ്തതെന്നു ഉറച്ചു വിശ്വസിക്കുന്ന കുടുമ്പത്തിനു ഒന്നും ചെയ്യാനാവാതെ
പകച്ചു നിൽക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകണമെങ്കിലും കുടുമ്പ വക്കീലായ
ശേഖറിനു ആത്മവിശ്വാസം തീരെ പോര താനും. ആയിടയ്ക്കാണു ശേഖറിന്റെ സുഹ്രുത്തായ
രാജ നാട്ടിൽ ഒരു കോൺഫറൻസിനെത്തുന്നത്. രാജയോടു ഈ കേസ് വാദിക്കണമെന്നും
സുന്ദരം നിരപരാധിയാണു എന്നൊക്കെ ശേഖർ അപേക്ഷിക്കുമെങ്കിലും രാജ അതു ചെവി
കൊടുക്കുന്നില്ല. അടുത്ത ദിവസം ഡൽഹിക്ക് പോകാനായി തയാറെടുക്കുന്ന രാജ
അവിചാരിതമായി ഒരു പത്രം കാണുന്നു. ആ പത്രത്തിൽ താൻ പണ്ടിഷ്ടപ്പെട്ടിരുന്ന
ഹേമ സുന്ദരത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണുകയും ഹേമ സുന്ദരത്തിന്റെ
സഹോദരി ആണെന്നു മനസിലാക്കുകയും രാജ തന്റെ ഡൽഹി യാത്ര കാൻസലാക്കി താൻ ഈ
കേസ് വാദിക്കാം എന്നു ശേഖറിനെ അറിയിക്കുന്നു. പിന്നീട് തെളിവുകൾ
എതിരായിട്ടും, രാജ ശേഖറിന്റെ സഹായത്തോടെ കേസ് അന്യേഷിക്കുകയും
വാദിക്കുകയും ചെയ്യുന്നു.. കേസ് ആരു ജയിക്കും എന്ന ചോദ്യത്തിനിവിടെ
പ്രസക്തിയില്ലെങ്കിലും ആരാവും കുറ്റവാളി എന്ന ചോദ്യം അവസാന നിമിഷം വരെയും
നിലനിർത്തുന്നു.
SN സ്വാമി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത് മലയാളിയായ K മധു ആണു.
തലൈപ്പ് സെയ്തികൾക്ക് ശേഷം കെ മധു തമിഴിൽ രണ്ടാമത് ചെയ്ത ചിത്ര
കൂടിയാണു മൗനം സമ്മതം. SN സ്വാമിയുടെ സ്ഥിരം ശൈലിയായ അന്ത്യ നിമിഷം വരെയും
സസ്പെൻസ് നിലനിർത്തുന്ന ത്രില്ലർ പിന്തുടരുന്ന ഈ ചിത്രം ഒരു ഗംഭീര
ഹിറ്റ് കൂടിയാരുന്നു. കുറ്റവാളി ആരാണെന്ന ചോദ്യത്തിനുള്ള ക്ലൂ തുടക്കം
മുതലേ പ്രേക്ഷകനു കൊടുക്കുന്നുമുണ്ട്. 1988ൽ പുറത്തിറങ്ങിയ അതേ റ്റീമിന്റെ
ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ സമാന കഥ തന്നെയാണു മൗനം സമ്മതം എന്ന ഈ
ചിത്രത്തിലും. അൽപ സ്വൽപ കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റം മാത്രം.
എന്നിരുന്നാലും ബോറടിക്കാതെ തന്നെ ചിത്രം കണ്ടിരിക്കാനും കഴിയും. അതിനു
ഇളയരാജയുടെ പശ്ചാത്തല സംഗീതം നൽകുന്ന മൈലേജ് ചില്ലറയല്ല. ഫൈറ്റ് സീനുകൾ
അത്ര മികച്ചതല്ലെങ്കിലും തരക്കേടില്ലായിരുന്നു. അന്നത്തെ ചാർട്ട്
ബസ്റ്ററുകളായ ഗാനങ്ങളും ഒരു പ്രത്യേകത തന്നെയായിരുന്നു. കല്യാണ തേൻ നിലാ
ഒരു കൾട്ട് ആണെന്നുള്ളത് ഞാൻ പ്രത്യേകിച്ച് ഇങ്ങനെ എടുത്തു പറയേണ്ട
ആവശ്യമില്ലല്ലൊ..
മമ്മൂട്ടി തന്റെ ആദ്യ തമിഴ് ചിത്രമാണെന്നുള്ള
സങ്കോചമില്ലാതെ അഭിനയിച്ചു. ഡയലോഗ് ഡെലിവറിയൊക്കെ മികച്ചു നിന്നു. അമല
സുന്ദരിയായി തോന്നിയെങ്കിലും അത്ര മികച്ച റൊൾ എന്നൊന്നും പറയാൻ
കഴിയുകയില്ല. വൈ.ജി. മഹേന്ദ്രൻ, ചാർളി എന്നിവരുടെ പ്രകടനവും
മോശമല്ലായിരുന്നു. നാഗേഷ് വില്ലനായി നന്നായി, എന്നാൽ MS
ത്രിപ്പൂണിത്തുറയുമായി ഉള്ള കോമഡി ശരിക്കും അലോസരമുണ്ടാക്കുന്നതായിരുന്നു. ആ
പഴയ കാല ബോറിംഗ് കോമഡി ട്രാക്ക്. തമിഴ് സ്റ്റാർ ശരത്‌കുമാർ ഒരു ചെറിയ
വേഷം ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്. സുകുമാരി, പ്രതാപചന്ദ്രൻ, ശ്രീജ,
കൊച്ചിൻ ഹനീഫ തുടങ്ങിയ നിരവധി മലയാളികലാകാരന്മാർ ഈ ചിത്രത്തിൽ
വേഷമിട്ടിട്ടുണ്ട് എന്നതൊരു പ്രത്യേകത തന്നെയാണു.
ആവർത്തനം അൽപമുണ്ടെങ്കിലും വിരസതയില്ലാതെ ആസ്വദിച്ചു കാണാവുന്ന typical SN സ്വാമി ത്രില്ലർ
എന്റെ റേറ്റിംഗ് : 7.8 ഓൺ 10
നല്ല റിവ്യൂ നന്ദി
ReplyDelete