Cover Page

Cover Page

Monday, February 19, 2018

262. Hush (2016)

ഹഷ് (2016)



Language : English
Genre : Horror | Thriller
Director : Michael Flanagan
IMDB : 6.6


Hush Theatrical Trailer



മരണവും തന്നെ കൊല്ലാന്‍ വരുന്നവന്‍റെ യഥാര്‍ത്ഥ ആഗാമാനോദേശ്യവും മുന്നില്‍ കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ എന്താവും ചെയ്യുക. അതിജീവനത്തിനുള്ള വഴികള്‍ തേടും. പക്ഷെ, കൊലയാളിക്ക്

വളരെയധികം പോസിറ്റീവ് റിവ്യുകള്‍ വായിച്ചറിഞ്ഞത്തിനു ശേഷം പ്രതീക്ഷയുടെ ചിറകില്‍ ഹഷ് എന്ന ചിത്രം കാണാന്‍ ആരംഭിച്ചു.

പതിമൂന്നാം വയസിൽ ഒരു അസുഖം മൂലം കേൾവിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു യുവ സാഹിത്യകാരി ആണ് മാഡി. മരങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് മാഡിയുടെ താമസം. അവരുടെ കൂട്ടുകാരിയും അയൽക്കാരിയും ആയ സാറാ മാഡിയുടെ ഒരു പുസ്തകം തിരിച്ചു കൊടുത്ത് പോരും വഴി ഒരു കൊലയാളിയുടെ കയ്യിലകപ്പെടുകയും, സഹായത്തിനായി മാഡിയെ അവൾ അലമുറയിട്ടു വിളിച്ചുവെങ്കിലും, അവൾ കേൾക്കുന്നില്ല. മാഡി ബധിരയും മൂകയുമാണെന്നു കൊലയാളി മനസിലാക്കുകയും അവന്റെ അടുത്ത ഇര മാഡി ആണെന്നും നിശ്ചയിക്കുന്നു. പിന്നീട് നടക്കുന്നതു ഒരു
cat 'n' mouse game ആണ്. നിരാലമ്പയും ബധിരയും മൂകയും ആയ അവൾക്കെന്തു ചെയ്യാൻ കഴിയും?

ഹൊറർ ത്രില്ലറുകൾ എടുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള സംവിധായകൻ ആണ് മൈക്കൽ ഫ്ലാനഗൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് ഹഷ്. അദ്ദേഹം തൻറെ ഭാര്യയും ഈ സിനിമയിലെ നായികയുമായ കേറ്റ് സീഗാളുമൊത്താണ് കഥ എഴുതിയിരിക്കുന്നത്. എടുത്തു പറയാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത ഇതിവൃത്തം  ആണ് ചിത്രത്തിനെങ്കിലും നായികയുടെയും സംവിധായകൻ്റെയും കഴിവും പ്രകടനവും നമ്മെ പിടിച്ചിരുത്തുവാൻ സഹായിച്ചിരുന്നു. ഫ്ലാനഗൻ്റെ ആഖ്യാനവും ചിത്രത്തിന്റെ സംവിധാനവും മികച്ചു നിന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രസംയോജനവും നിർവഹിച്ചത്. ഒരു സംവിധായകൻ തന്നെ കത്രിക എടുത്തു കഴിഞ്ഞാൽ നമുക്കറിയാം, അതിന്റെ പരിണത ഫലം എത്രത്തോളം നന്നായി ഇരിക്കുമെന്ന്. ആ വിഭാഗത്തിലും ഒരിക്കലും നിരാശ സമ്മാനിച്ചില്ല അദ്ദേഹം. ടെൻഷൻ വലിഞ്ഞു മുറുകുന്ന സീനുകളും മാസ് സീനുകളും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും പതിവ് ക്ളീഷേകളും നിരവധി ഉണ്ടായിരുന്നു. പണ്ട് സ്ക്രീം എന്ന ഒരു സീരിയൽ കില്ലർ ചിത്രം ഇറങ്ങിയിരുന്നു. പലർക്കും ഓർമ്മയുണ്ടാകാം. തുടക്കത്തിൽ വില്ലൻ്റെ introduction ഒക്കെ ആ സിനിമയെ ഓർമ്മിപ്പിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ഉള്ള മാറ്റവും അമ്പരിപ്പിച്ചു. ഭയത്തോടൊപ്പം കുറച്ചു gore violence ഉണ്ടായിരുന്നത് നന്നായി.

കേറ്റ് സീഗൾ തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. അവരുടെ അഭിനയം നമ്മെ ശരിക്കും ആ കഥാപാത്രത്തിൽ ലയിച്ചിരുന്നു കാണുന്ന പ്രതീതി ഉളവാക്കി. വില്ലനെ അവതരിപ്പിച്ച ജോൺ ഗലാഗർ ജൂനിയർ, തൻ്റെ കഥാപാത്രത്തിന് ഉതകുന്ന അഭിനയം കാഴ്ച വെച്ചു. രണ്ടു പേരുടെയും അഭിനയം നമ്മുടെ രക്തസമ്മർദ്ദം കൂട്ടുന്ന അവസ്ഥയുണ്ടാക്കി എന്നത് സമ്മതിച്ചു തരേണ്ട ഒരു വസ്തുത തന്നെയാണ്.

സിനിമയുടെ മൂഡിന് അനുസൃതമായി സംഗീതം നൽകിയത് ദി ന്യൂട്ടൻ ബ്രദർസ് ആണ്. അവരുടെ കൃത്യമായ അവസരത്തിൽ നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന് നൽകുന്ന മൈലേജ് ചില്ലറയല്ല. ജെയിംസ് നീസ്റ്റ് ആണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്തത്. ചടുലമായ ക്യാമറ വർക് ഒരു positive factor ആയിരുന്നു.

കുറച്ചൊക്കെ ക്ളീഷേകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യ കാഴ്ചയിൽ ഹഷ് അല്പം പോലും നിരാശ നൽകില്ല എന്ന് നൂറു ശതമാനം ഉറപ്പു. എന്നിരുന്നാലും ഓൺലൈൻ റിവ്യൂസ് ഒക്കെ കണ്ടു വളരെയധികം പ്രതീക്ഷ നല്കിയതിനാലാവാം, എനിക്ക് ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ഹൊറർ ചിത്രമായി മാറി.

എൻ്റെ റേറ്റിംഗ് 6.8 ഓൺ 10

വെറും ഒരു മില്യൺ മാത്രമായിരുന്നു ഈ ചിത്രത്തിൻറെ മുതൽ മുടക്കെന്ന് മനസിലാക്കാൻ കഴിഞ്ഞു. തീയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ സ്‌കേറി സീനുകൾക്കു ഒരു effect ഉണ്ടായേനെ എന്ന് തോന്നിപ്പോയി.

No comments:

Post a Comment