ആദി (2018)
Language : Malayalam
Genre : Action | Crime | Thriller
Director : Jeethu Joseph
IMDB : 7.7
Aadhi Theatrical Trailer
എല്ലാ തവണയും നാട്ടിലേക്ക് വിമാനം കയറുമ്പോൾ പറ്റ്വാച്ചാ കുറേ മലയാള സിനിമകൾ റിലീസിന്റെ അന്നും അല്ലതെയും കാണണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇതിനു മുൻപ് ഞാൻ കേരളത്തിലെ തീയറ്ററിൽ നിന്നും കണ്ടത് പ്രേതം മാത്രമാണു. ഇത്തവണ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കാണാൻ സാധിച്ചത് പ്രണവ് മോഹൻലാൽ ആദ്യമായി അഭിനയിച്ച ആദി ആണു.
ഒരു പ്രസിദ്ധ സംഗീതജ്ഞൻ ആകണം എന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു യുവാവ് ആണു ആദി. സുഹ്രുത്തിന്റെ സഹായപ്രകാരം ബെംഗലൂരുവിലെ ഒരു ക്ലബിൽ പാടുന്നതിനിടയ്ക്ക് സംഭവിക്കുന്ന അത്യാഹിതം പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ഒരു കൂട്ടം ആളുകളുടെ ഇരയായി മാറിയ ആദി അവരിൽ നിന്നും എങ്ങിനെ രക്ഷ നേടുന്നുവെന്നതാണു ചിത്രത്തിന്റെ ഇതിവ്ര്യത്തം.
തുടക്കക്കാരന്‍ എന്നാ യാതൊരു സങ്കോചവും കൂടാതെ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്റെ റോള്‍ അനായാസം ചെയ്തു. പല റിവ്യുകളിലും കണ്ടിരുന്നു, പ്രണവ് അഭിനയ സീനുകളില്‍ എല്ലാം മോശമായിരുന്നു എന്ന്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു തുടക്കക്കാരന്‍ എന്നാ നിലയിലും പ്രണവ് തന്‍റെ ജോലി നീതീകരിച്ചു. ആക്ഷന്‍ ഒക്കെ ഇത്ര അനായാസം ചെയ്യുന്നത് കണ്ടു, ഇദ്ദേഹം എന്ത് മാത്രം പരിശ്രമം ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയും. പാര്‍കൂര്‍ ഒക്കെ മികച്ചു നിന്നു. ആ ഒരു പരിശ്രമത്തിനു എന്‍റെ ഒരു പ്രത്യേക അഭിനന്ദനം. അഭിനയം കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ ഒരു നല്ല നടന്‍ എന്നാ നിലയിലേക്ക് ഉയരാന്‍ കഴിയും. സ്ക്രീനില്‍ പല തവണ പ്രണവിനെ കാണുമ്പോള്‍ പഴയ ഒന്നാമനിലെ ആ കൊച്ചു പയ്യനെ തന്നെയാണ് ഓര്‍മ്മ വരിക. ഒരു നിഷ്കളങ്കതയാണ് ആ മുഖത്തെപ്പോഴും കാണാന്‍ സാധിക്കുന്നത്.
സിദ്ദിഖ്, ലെന ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ദിഖിനു ഈ റോള്‍ ഒക്കെ പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ തന്നെ ചെയ്തു. ലെന, തുടക്കം ഒക്കെ നന്നായിരുന്നെങ്കിലും സെന്‍റിമെന്‍റല്‍ സീനുകള്‍ കുറച്ചൊക്കെ കയ്യടക്കത്തോടെ ചെയ്യാം എന്ന് തോന്നിപ്പോയി. അല്‍പം ഓവര്‍ തന്നെയായിരുന്നു. അനുശ്രീ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ കഥാപാത്രത്തിന് ഒരു grace ഉണ്ടായിരുന്നു .
എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു സിജു വിത്സണ്‍, ഷറഫുദ്ദീന്‍ അവതരിപ്പിച്ച യഥാക്രമം ജയകൃഷ്ണന്‍, ശരത് എന്നാ കഥാപാത്രങ്ങള്‍. ഷറഫ് തന്റെ റോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്ഥിരം ചളിയടിയില്‍ നിന്നും മാറി സഞ്ചരിച്ചു ഒരു പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. സിജു വിത്സന്‍റെ അഭിനയത്തിലുള്ള മേക് ഓവര്‍ മികച്ചു നിന്നു. സ്ഥിരം ഫോര്‍മുലായിക് റോളില്‍ നിന്നും നെഗടീവ് ഷേഡ് ഉള്ള കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചു. ഇവര്‍ക്ക് ആദി എന്നാ ചിത്രം കൊണ്ട് നല്ല റോളുകള്‍ തേടിയെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്.
മേഘനാഥന്‍ എന്ന നടനെ വീണ്ടും തിരശീലയില്‍ കാണുമ്പോള്‍ ഒരു സന്തോഷം. അദ്ദേഹമോക്കെ നല്ല അഭിനേതാവായിട്ടും അവസരങ്ങള്‍ കുറയുന്നത് വലിയ കഷ്ടമാണ്. നമ്മുടെ സംവിധായകര്‍ നല്ല ആര്‍ട്ടിസ്റ്റുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വളരെ പിന്നോക്കം ആണ്.
ജഗപതി ബാബുവിന്‍റെ ആവശ്യകത ആ റോളിനുണ്ടോ എന്നതൊരു ചോദ്യം അവശേഷിക്കുന്നു. അദിതി തരക്കേടില്ലാ.. എവിടെയൊക്കെയോ നിവേദ തോമസിന്‍റെ ചായ കാചിയിട്ടുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??
മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ശരിക്കും അനാവശ്യമായി തോന്നി. പക്ഷെ മോഹന്‍ലാല്‍ ഇത്തിരി നേരം ഉണ്ടായിരുന്നുവെങ്കിലും നല്ല ഗ്ലാമറസ് തന്നെയാരുന്നു, . <3
ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. ജീത്തു ജോസഫ് കൈകാര്യം ചെയ്ത ആ വകുപ്പ്, ഒരു സിനിമക്ക് വേണ്ടി താത്കാലിക കെട്ടിപ്പടുക്കല്‍ ആണോ എന്ന് തോന്നിപ്പോകും. സംവിധായകന്‍റെ മേലങ്കി ഒരു പരിധി വരെ ന്യായമായി കൈകാര്യം ചെയ്തു. എന്നിരുന്നാലും ലെന - സിദ്ദിഖ് കോമ്പോ ആയ വൈകാരിക സീനുകള്‍ അല്പം കൂടെ ചിട്ടയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ. എഡിറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു, എന്നാല്‍ മോശമല്ലായിരുന്നു താനും. Crisp Editingന്‍റെ കുറവ് ഉണ്ടായിരുന്നു.
ആക്ഷന്‍ സീക്വന്‍സുകള്‍ എല്ലാം തന്നെ നന്നായിരുന്നു, അല്‍പം സ്പോയിലര്‍ കലര്‍ത്തുകയാണെങ്കില്‍, ഗരാജില്‍ നിന്നും ഓടി രക്ഷപെട്ടു വരുന്ന ആദി ചെന്നെത്തുന്നത് ഒരു കോട്ടയില്‍ ആണ്, (ബാംഗളൂരില്‍ അങ്ങിനെ ഒരു കോട്ട ഞാനവിടെ ജോലി ചെയ്യുന്ന സമയത്തുണ്ടായിരുന്നില്ല എന്നതൊരു സത്യം, പുതുതായിട്ട് വല്ലതും ഉണ്ടാക്കിയതാണോ.. പോക്കിരിയില്‍ മറ്റും കണ്ടിട്ടുണ്ട്).. ആ ലൊക്കേഷന്‍ ഒക്കെ സത്യം പറഞ്ഞാല്‍ പാര്‍ക്കൂര്‍ അഭ്യാസം കാട്ടാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. പക്ഷെ എന്നിരുന്നാലും അത് ഒട്ടും ബോര്‍ ആക്കിയുമില്ല. റോപ് ഉപയോഗിച്ച സീനുകളില്‍ ഒന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകില്ല എന്നതാണ്
ക്യാമറാമാന്‍ ആണ് എന്‍റെ അഭിപ്രായത്തില്‍ ടെക്നിക്കലി മികച്ചു നിന്നത്. സതീഷ് കുറുപ്പ് അനായാസേന കൈകാര്യം ചെയ്തു. ചേസ് സീനുകളിലും പാര്‍ക്കൂര്‍ അഭ്യാസം നിറഞ്ഞ സീനുകളിലും ഒക്കെ അദ്ദേഹത്തിന്‍റെ കരവിരുതും കഴിവും അറിയാന്‍ കഴിഞ്ഞു. മികച്ച ക്യാമറവര്‍ക്ക് എന്ന് നിസംശയം പറയാം.
അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത പാട്ടുകള്‍ നന്നായിരുന്നു. പ്രണവ് പാടിയഭിനയിച്ച ജിപ്സി വുമണ്‍ അസാധ്യമായിരുന്നു. ഗിറ്റാര്‍ കോര്‍ഡോക്കെ വായിക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും, പ്രണവിന്‍റെ സംഗീതത്തോടുള്ള ഒരഭിനിവേശം.പക്ഷെ, പശ്ചാത്തല സംഗീതം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ചേസിംഗ് സീനുകള്‍ക്കൊന്നും അത്ര effective impact ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ tension മുറുകുന്ന സീനുകള്‍ക്ക് ആവശ്യമായ സംഗീതവും നല്‍കുവാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആവറേജ് സ്കോര്‍.
ഒരു തരത്തില്‍ പറഞ്ഞാല്‍ അത്ര മികച്ച ചിത്രമെന്നോന്നും അവകാശപ്പെടാനില്ലാത്ത കഥയുമൊക്കെയാണെങ്കിലും, മോശമല്ലാത്ത ആദ്യ പകുതിയും, ത്രില്‍ ആവശ്യത്തിലധികം തരുന്ന രണ്ടാം പകുതിയും (പ്രണവിന്‍റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്) കൊണ്ട് തൃപ്തികരമായ ചിത്രമായി തോന്നി.
എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10
No comments:
Post a Comment