Cover Page

Cover Page

Monday, August 10, 2015

65. Kaaka Muttai (2015)

കാക്കാ മുട്ടൈ (2015)

Language : Tamil
Genre : Comedy | Drama
Director : Manikandan M.
IMDB Rating : 8.9


 കുട്ടികൾക്ക് ഇപ്പോഴും ആശകലുണ്ടാവും, അത് പലതാവും. ചില കുട്ടികൾക്ക് കാറുകൾ, മറ്റു ചിലർക്ക് കളിപ്പാട്ടങ്ങൾ, മറ്റു ചിലർക്ക് യാത്ര പോകാനും വഴക്കുണ്ടാക്കാനുമോക്കെയായിരിക്കും. അങ്ങിനെ കുട്ടികളുടെ ഒരു മോഹത്തെ അല്ലെങ്കിൽ ആഗ്രഹത്തെ കേന്ദ്രീകരിച്ചു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കാമുട്ടൈ. ധനുഷും വെട്രിമാരനും ചേർന്നാണ് ഈ കുടുംബ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച നടനും (കുട്ടികളുടെ വകുപ്പിൽ) ദേശീയ അവാർഡുകളും ലഭിച്ചിരുന്നു.

ചെന്നൈ നഗരത്തിലെ ഒരു ചേരിയിൽ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെയാണ് ചിന്ന കാക്കാമുട്ടൈയുടെയും പെരിയ കാക്കാമുട്ടൈയുടെയും താമസം. ട്രെയിനിൽ നിന്നും വീഴുന്ന കൽക്കരി പെറുക്കിയെടുത്തു കടയിൽ കൊണ്ട് പോയി വിട്ടു കിട്ടുന്ന കാശാണ് അവർക്ക് വരുമാനം. അച്ഛൻ ജയിലിലായത് കൊണ്ട് അമ്മ തയ്യൽ പണിയ്ക്ക് പോയിട്ടാണ് ആ കുടുംബം കഴിഞ്ഞു പോകുന്നത്. കാക്കയുടെ കൂട്ടിൽ നിന്നും എടുക്കുന്ന മുട്ട കുടിക്കലാണ് രണ്ടു പേരുടെയും പ്രഭാത കർമ്മം.

അങ്ങിനെയിരിക്കെ, അവരുടെ ചേരിയുടെ സമീപ പ്രദേശത്തു ഒരു പിസ്സാ ഷോപ്പ് തുടങ്ങുന്നു, അവിടെ ഉത്ഘാടനത്തിനു കടയുടമയുടെ സുഹൃത്തായ ശിമ്പു എന്ന ടി.ആർ. ശിലമ്പരസൻ എത്തുന്നു. ശിലമ്പരസനെ അങ്ങേയറ്റം ആരാധിക്കുന്ന അവർ, അദ്ദേഹം കഴിക്കുന്ന പിസ്സാ കഴിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടാവുന്നു. അതവരുടെ ജീവിത ലക്‌ഷ്യം മാതിരി കണ്ടു അതിനു വേണ്ടി കഷ്ടപ്പെടുന്നു. അവര്ക്ക് പിസ കഴിക്കാൻ വേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടും ഒക്കെ വലിയ ക്യാൻവാസിൽ കാണിച്ചിരിക്കുകയാണ് സംവിധായകനായ മണികണ്ഠൻ.

ഈ ചിത്രത്തിലെ നായകനും ജീവനാഡിയും മികച്ചൊരു കഥ തന്നെയാണ്. അത് നർമ്മം ചാലിച്ച് എടുത്തിരിക്കുന്ന രീതിയും വളരെ മികച്ചു തന്നെ നിന്നു. പല സിനിമകളിലും ചേരി ഭയങ്കര മോശമായാണ് ചിത്രീകരിക്കാറാണ് പതിവ്. എന്നാൽ, ഈ സിനിമയിൽ മണികണ്ഠൻ വളരെ വ്യത്യസ്തമായി തന്നെ ചിത്രീകരിച്ചു, ഒരേ സമയം ചേരിയിൽ ജീവിക്കുന്നവരുടെ ജീവിതവും പിന്നീട് കുട്ടികളുടെ ജീവിതവും നന്നായി കലർത്തിയെടുത്തു. മണികണ്ഠൻ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തത്. 

ജിവി പ്രകാശ് കുമാറിൻറെ ഗാനങ്ങളെല്ലാം മികച്ചു നിന്നു, എല്ലാ ഗാനങ്ങളും സന്ദർഭോചിതമായിരുന്നു. അത് പോലെ തന്നെ പശ്ചാത്തലസംഗീതവും മികച്ചു തന്നെ നിന്നു, സിനിമയെ നല്ല രീതിയിൽ തന്നെ സഹായിചിട്ടുമുണ്ട്.

പെരിയ കാക്കാമുട്ടൈയായും ചിന്ന കാക്കാമുട്ടൈയായും അഭിനയിച്ച വിഗ്നേഷും രമേഷും അവിസ്മരണീയമായ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അവർക്ക് അവാർഡ് കോടുത്തതിൽ ഒരു തെറ്റും പറയാൻ കഴിയുകയില്ല. സിനിമ കണ്ടു തീർന്നാലും അവരുടെ അഭിനയവും ചിരിയും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല. അത്രയേറെ നിഷ്കളങ്കമായിട്ടാണ് അവരുടെ അവതരണം. കുട്ടികളുടെ അമ്മയായി അഭിനയിച്ചു ഐശ്വര്യ രാജേഷിനു ഒരു ചെറിയ പ്രശംസ കൊടുക്കണം, വെറും 25 വയസുള്ള അവർ രണ്ടു കുട്ടികളുടെ അമ്മ അതും ഡീഗ്ലാം റോളിൽ എത്തിയിട്ടുണ്ടെങ്കിൽ അതവരുടെ അർപ്പണമനോഭാവത്തെയാണ് കാണിക്കുന്നത്. അവരുടെ വിഷമത്തോടെയുള്ള പുഞ്ചിരിയും അഭിനയവും എന്തായാലും കുറെ വര്ഷങ്ങലെങ്കിലും എല്ലാവരുടെയും മനസ്സിൽ നില നിൽക്കും. അൽഫൊൻസ് പുത്രന്റെ നേരത്തിലൂടെ അരങ്ങേറ്റം കുറിച്ച രമേശ്‌ തിലക് നല്ല പ്രകടനമാണ് നടത്തിയത്. യോഗി ബാബുവിന്റെയും രമേശ്‌ തിലകിന്റെ തമാശകളും നന്നായിരുന്നു. ബാബു ആന്റണി വലുതായി ഒന്നും ചെയ്യാനില്ലായിരുന്നുവെങ്കിലും, അദ്ദേഹവും അദ്ദേഹത്തിന്റെ റോൾ ഭംഗിയായി തന്നെ ചെയ്തു. ഈ കുട്ടി ചിത്രത്തിൽ കാമിയൊ റോളിൽ വരാൻ മനസ് കാണിച്ച ശിമ്പുവിന്റെ മനസിനെ പ്രശംസിച്ചേ മതിയാവൂ.

ഇത് കുട്ടികളുടെ ചിത്രം എന്നാ നിലയ്ക്കാണ് മികച്ച ചിത്രത്തിനുള്ള അവാര്ഡ് ലഭിച്ചത്. പക്ഷെ, എൻറെ അഭിപ്രായത്തിൽ ഏതു പ്രായക്കാരനും ഒരു എതിരഭിപ്രായമില്ലാതെ ആനന്ദിച്ചു ആസ്വദിച്ചു കാണാവുന്ന ചിത്രമാണ്. കണ്ടു കഴിഞ്ഞാലും ആ കുട്ടികളുടെ പുഞ്ചിരി ഒന്നും കുറെയേറെ നാൾ നമ്മുടെ മനസ്സിൽ നിൽക്കും.

എന്റെ റേറ്റിംഗ്  : 8.2 ഓണ്‍ 10


No comments:

Post a Comment