Cover Page

Cover Page

Wednesday, August 12, 2015

67. Midnight FM (Shim-yaui FM) (2010)

മിഡ്നൈറ്റ് എഫ്.എം (ഷിം-യി എഫ്.എം.) (2010)

Language : Korean
Genre : Drama | Mystery | Thriller
Director : Kim Sang-man
IMDB Rating : 6.7

Midnight FM Theatrical Trailer

ചില ആൾക്കാരുടെ  സംസാരം നമ്മൾ ഒരു രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിൽ ഇഷ്ടപ്പെടാറുണ്ട്, അത് ചിലപ്പോൾ ശബ്ദമാകാം, അല്ലെങ്കിൽ സംസാരിക്കുന്ന രീതിയാവാം, അതുമല്ലെങ്കിൽ അവർ സംസാരിക്കുന്ന വിഷയം ആകാം, അങ്ങിനെ നിര നീണ്ടു തന്നെ കിടക്കുന്നു. അവർ സംസാരിക്കുമ്പോൾ ചില ആൾക്കാരിൽ ഒരു മാറ്റം വരുത്താറുണ്ട്, ചിലരിൽ പ്രചോദനമാകാറുണ്ട്, ചിലരെ ആവേശം കൊള്ളിക്കാറുണ്ട്, എന്നാൽ മറ്റു ചിലർക്കു അതൊരു മാർഗനിർദേശം കൂടിയാണ്. എന്നാൽ, ഒത്തിരി പേരിലെക്കെത്തപ്പെടുന്ന മാധ്യമാത്തിലൂടെയാണ് ഈ സംസാരമെങ്കിലൊ?? സംസാരിക്കുന്ന നമ്മൾ പോലുമറിയാതെ തന്നെ സമൂഹത്തിലുള്ളവരിൽ ഒരു ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.

 കിം സാംഗ്-മാൻ സംവിധാനം ചെയ്ത മിഡ്നൈറ്റ് എഫ് എം അത്തരത്തിൽ ഒരു സങ്കീർണമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. കോ സുൻ-യങ്ങ് ഒരു പ്രസിദ്ധ ടെലിവിഷൻ വാർത്താനിവേദികയും അതെ സമയം അർദ്ധരാത്രിയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടിയുടെ അവതാരികയുമാണ്. കൊറിയയിൽ അവർ വളരെയധികം പ്രസിദ്ധയാണ്, പൊതുജനങ്ങൾ അവരുടെ പരിപാടി കേൾക്കാൻ വേണ്ടി കാതോർത്തിരിക്കുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല, രാത്രിയിലും ജോലി ചെയ്യുന്നവരുടെ (കൊറിയക്കാർ പൊതുവെ കഠിനാധ്വാനികൾ ആണല്ലോ, രാത്രിയും പകലെന്നില്ലാതെ ജോലി ചെയ്യുന്നവർ)
കാതിൽ പെയ്തിറങ്ങുന്ന അവരുടെ മധുരമായ ശബ്ദവും അവരുടെ അവതരണശൈലിയും ഒക്കെ അവിടെയുല്ലവര്ക്ക് വളരെ അധികം ഇഷ്ടമാണ്. അവതരണ ശൈലി പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്,സുൻ-യങ്ങ് പാട്ടുകൾ തെരഞ്ഞെടുത്തു പ്രക്ഷേപണം ചെയ്യുമ്പോൾ അവർ ആ പാട്ടിനു മുന്നോടിയായി സിനിമയുടെ വിശേഷണവും കൊടുക്കാറുണ്ട്.

അന്നും ഒരു സാധാരണ ദിവസമായിരുന്നു. അവരുടെ വിടവാങ്ങൽ ചടങ്ങിനു ശേഷം അവർ റേഡിയോ സ്റ്റെഷനിലേക്കു പോകുകയാണ്. തന്റെ രോഗിയായ മകളോട് സംസാരിച്ചു കൊണ്ട് അവർ റേഡിയോ സ്റ്റെഷനിലെക്കു യാത്ര തുടങ്ങി. ജോലി രാജി വെച്ച് സുൻ-യങ്ങ് അമേരിക്കയ്ക്ക് തന്റെ മകളുടെ ഹൃദയ ശാസ്തക്രിയ നടത്തുവാൻ വേണ്ടിയാണ് പോകുന്നത്. മകളെ തന്റെ അനിയത്തിയുടെ കൂടെയിരിത്തിയിട്ടാണ് ജോലിയ്ക്ക് പോയത്. 

അവർ അങ്ങിനെ, തന്റെ കരീറിലെ അവസാന ഷോയ്ക്ക് തുടക്കം കുറിക്കുന്നു. മാൻ ഡോംഗ് സൂ എന്ന ആരാധകനിൽ നിന്നും ഒരു കോൾ വരുന്നു. തന്റെ മകളെയും അനുജത്തിയെയും അവരുടെ വീട്ടിൽ തന്നെ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും താൻ പറയുന്നത് പോലെ ചെയ്യാത്ത പക്ഷം അവരെ കൊന്നു കളയുമെന്നുമായിരുന്നു അയാൾ  പറഞ്ഞത്. പോലീസിനെ അറിയിക്കാൻ പാടില്ല എന്നും താൻ മുൻപേ അയച്ചു കൊടുത്ത ഒരു Playlist പ്രകാരം പാട്ടുകളും വിവരണവും നടത്തണവുമെന്നായിരുന്നു ഡോംഗ് സൂവിന്റെ ആജ്ഞ. 
തൻറെ കുടുംബത്തിനെ എങ്ങിനെ രക്ഷിക്കും?? നിസഹയായ അവർ എങ്ങിനെ രക്ഷിക്കും? ഡോംഗ് സൂ എന്ന കുറ്റവാളിയെ എങ്ങിനെ അകപ്പെടുത്തും? എന്നുള്ളതിനുള്ള ഉത്തരം കിട്ടാൻ ഈ ചിത്രം മുഴുവൻ കണ്ടേ മതിയാകൂ.

ആദ്യമേ തന്നെ  പറയട്ടെ, ഇത് നമ്മൾ സ്ഥിരം കാണുന്ന ഫോർമുലയിൽ ഉള്ള ഒരു ത്രില്ലർ അല്ല. വളരെ വ്യത്യസ്തമായ ഒരു വിഷയം പ്രമേയമാക്കി അതിലും മികച്ച ഒരു കഥയും കഥാപാത്രങ്ങളും ഉള്ള, ഒരു അസാധാരണ ത്രില്ലർ  എന്ന് മാത്രമേ ഈ ചിത്രത്തിനെ വിശേഷിപ്പിക്കാൻ ആകൂ. സംവിധായകൻ തന്നെ കഥയും എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു മികച്ച സൃഷ്ടി തന്നെയാണ് നമ്മുടെ മുൻപിൽ കൊണ്ട് വന്നിരിക്കുന്നത്. ഈ ചിത്രം കാണുന്ന പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കും എന്നതിൽ യാതൊരു സംശയുമില്ല (സത്യം പറയട്ടെ, ആദ്യ പകുതി ശരിക്കും എന്റെ വിരളിലുള്ള നഖങ്ങൾ മുഴുവൻ കടിച്ചു തീർത്തു). അവസാന ഭാഗം വരുമ്പോൾ ഇത്തിരി ക്ലിഷേ അനുഭവപ്പെടുമെങ്കിലും അതിനെ നമുക്ക് ന്യായീകരിക്കാൻ കഴിയും എന്നുള്ളത് എന്റെ ഉറപ്പു. ചിത്രത്തിനോത്ത പശ്ചാത്തല സംഗീതം, ഓരോ സീനുകളിൽ അതിന്റേതായ ഫീൽ നല്കാൻ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. കിം ജുങ്ങ്-സ്യൊങ്ങ് ആണ് സംഗീതം നിർവഹിച്ചിട്ടുള്ളത്.

ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു പ്രാധാന്യം ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നായികയായ സൂ ഏ അവിസ്മരണീയ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പിന്നെ, കൊറിയൻ പെണ്‍കുട്ടികളുടെ സൌന്ദര്യം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അവർ അക്ഷരാർത്ഥത്തിൽ മിന്നിച്ചു. വില്ലനും (യൂ ജി ടെ) ഒട്ടും മോശമല്ലാരുന്നു. ഓരോ ഭാവങ്ങളിലും ക്രൂരത പ്രതിഭലിച്ചു. നായികയുടെ മകളായി അഭിനയിച്ച കുട്ടി (ചിത്രത്തിൽ സംസാരിക്കുന്നില്ല), ഹോ!! പ്രത്യേകിചോന്നും പറയാനില്ല. അഭിനയത്തിന്റെ മാനദണ്ഡം ഒരിക്കലും വാചാലത അല്ലെന്നു അരക്കെട്ടിട്ടുറപ്പിക്കുന്നു.

ഒരിക്കലും മിസ്‌ ചെയ്യാൻ പാടില്ലാത്ത ഒരു NAIL BITING THRILLER

എൻറെ റേറ്റിംഗ് : 8.5 ഓണ്‍ 10


No comments:

Post a Comment