സൈവം (2014)
Language : Tamil
Genre : Comedy | Drama | Family
Director : A.L. Vijay
IMDB : 6.7
Genre : Comedy | Drama | Family
Director : A.L. Vijay
IMDB : 6.7
Saivam theatrical Trailer
ഗായകനായ ഉണ്ണികൃഷ്ണന്റെ മകൾ ഉത്തര പാടിയ "അഴഗ്" എന്ന പാട്ടിനു ഏറ്റവും മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കിട്ടിയില്ലായിരുന്നുവെങ്കിൽ ഞാൻ ഈ ചിത്രത്തെ കുറിച്ച് അറിയുമായിരുന്നില്ല അതിനാൽ നാഷണൽ അവാർഡ് കമ്മിറ്റിയ്ക്ക് ഞാൻ എന്റെ നന്ദിയും അറിയിക്കുന്നു, കാരണം അവർ ഇങ്ങനെ ഒരു അവാർഡ് കൊടുത്തില്ലായിരുന്നുവെങ്കിൽ ഇത്ര മനോഹരമായ ചിത്രം എനിക്ക് കാണുവാനും കഴിയില്ലായിരുന്നു.
കതിരേശൻ, നഗരത്തിലെ ഒരു പ്രമാണി. ഗ്രാമത്തിലെ ഉത്സവത്തിനു പങ്കു ചേരാനും ഒഴിവുകാലം ചെലവിടാനും വർഷങ്ങൾക്കു ശേഷം തൻറെ മക്കളും കുടുംബങ്ങളും വരുന്നതിന്റെ ത്രില്ലിലാണ് അദ്ദേഹം. ഒരു ദുർ സംഭവം ആ വീട്ടിൽ അരങ്ങേറുന്നു. ക്ഷേത്രത്തിലേക്ക് നേർന്ന പാപ്പാ എന്ന് വിളിക്കുന്ന പൂവൻ കോഴിയെ കൊടുക്കാൻ വൈകിയത് മൂലം വന്ന ദൈവകോപമാണ് ആ ദുരനുഭവത്തിനു കാരണം എന്ന് എല്ലാവരും വിശ്വസിക്കുന്നു. പാപ്പായെ ഉത്സവത്തിന്റെ അന്ന് ക്ഷേത്രത്തിൽ കാണിയ്ക്ക വെയ്ക്കാം എന്ന് കതിരേശൻ തീരുമാനിക്കുന്നു. പിറ്റേ ദിവസം തന്നെ ആ പൂവൻ കോഴിയെ കാണാതാവുകയും തുടർന്ന് വീട്ടിൽ നടക്കുന്ന സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
നാസർ അവതരിപ്പിച്ച വൃദ്ധനായ കുടുംബത്തിന്റെ നാഥൻ കതിരേശൻ സാറാ അർജുൻ (ദൈവത്തിരുമകൾ) അവതരിപ്പിച്ച തമിഴ് സെൽവിയും ഈ ചിത്രത്തിൻറെ ഒരു മുതൽക്കൂട്ട് തന്നെയാണ്. രണ്ടു പേരും വളരെ മികച്ച പ്രകടനം കാഴ്ച വെച്ചു. സാറയെ കാണാനും തന്നെ ഒരു പ്രത്യേക ക്യൂട്ട്നെസ് ഉണ്ടായിരുന്നു. നാസറിന്റെ മകൻ ലുത്ഫുദീൻ ഈ ചിത്രത്തിൽ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. ത്വര ദേശായി ലുത്ഫുദീന്റെ ജോഡിയായും നല്ല പ്രകടനം നടത്തി. നിരവധി നടീനടന്മാർ ഉണ്ടായിരുന്നു (പലരുടെയും പേരുകൾ അറിയില്ല എന്നതാണ് സത്യം). അവരെല്ലാവരും നല്ല രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ശരവണൻ എന്ന ഒരു കുട്ടിയെ അവതരിപ്പിച്ച റേ പോൾ ഒരു പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. നല്ല രസം തന്നെയായിരുന്നു ആ കുട്ടിയുടെ അഭിനയം കാണാൻ.
നർമവും സ്നേഹവും ശോകവും ഒക്കെ വളരെ മികച്ച രീതിയിൽ തന്നെ മിശ്രണം ചെയ്തിട്ടുണ്ട് ഈ ചിത്രത്തിൽ കൂടാതെ ഒരു പൊടിയ്ക്കു പ്രണയവും. ഒരു പുതുമയാർന്ന കഥയും മികച്ച രീതിയിൽ ഉള്ള അവതരണവും. ഒരു കുട്ടിയുടെ മിണ്ടാപ്രാണിയോടും മനുഷ്യരോടും ഉള്ള സ്നേഹവും ചിത്രം വരച്ചു കാട്ടുന്നു. കുടുംബ ബന്ധങ്ങളിൽ ഇന്ന് അന്യം നിന്നു പൊയ്ക്കൊണ്ടിരുന്ന സ്നേഹവും ബന്ധത്തിന്റെ ശക്തിയും ആണ് ചിത്രം ശരിക്കും പ്രതിപാദിക്കുന്നത്. കൂട്ടുകുടുംബത്തിൽ നിന്നും ഇപ്പോൾ അണു കുടുംബത്തിലേക്ക് മാറ്റപ്പെടുമ്പോൾ ഉണ്ടാവുന്ന ബന്ധങ്ങളിലെ വിടവ് ഒക്കെ നമുക്കീ ചിത്രത്തിലൂടെ കാണാൻ സാധിക്കും. ചിലർക്കെങ്കിലും ആ ഒരു കാലഘട്ടത്തിന്റെ അഭാവം ചെറിയ ഒരു നൊമ്പരമെങ്കിലും സമ്മാനിക്കുമെന്നുറപ്പാണ്. ചിത്രത്തിൻറെ സ്വഭാവത്തിനനുസരിച്ചുള്ള തനതായ ഒരു ക്ളൈമാക്‌സും.. ചിലപ്പോൾ ഒരു ക്ളീഷേ പോലെ തോന്നാം.. എന്നാലും ഇത്തരം കുടുംബചിത്രങ്ങൾക്ക് അധികം ട്വിസ്റ്റുകളുള്ള ക്ളൈമാക്‌സൊന്നും പ്രതീക്ഷിക്കാൻ കഴിയുകയില്ലല്ലോ, അല്ലെ??
സംവിധായകനും നിർമാതാവും രചയിതാവുമായ എ.എൽ. വിജയ്ക്ക് തന്നെയാണ് മുഴുവൻ ക്രെഡിറ്റും നൽകേണ്ടത്. അത്രയ്ക്ക് നന്നായി തന്നെയാണ് ചിത്രം ആഖ്യാനം ചെയ്തിരിക്കുന്നത്. 115 മിനുട്ട് ദൈർഘ്യമുള്ള സൈവം, പ്രേക്ഷകനെ ഒരു രീതിയിൽ പോലും ബോറടിപ്പിക്കുന്നില്ല മറിച്ചു വളരെ വേഗത്തിൽ തന്നെ ചിത്രം പറഞ്ഞു പോകുകയും ചെയ്യും.
നീരവ് ഷായുടെ ക്യാമറ ആണ് മറ്റൊരു പ്രധാന ആകർഷണം. ഗ്രാമത്തിൻറെ ഭംഗി വളരെ മികച്ച രീതിയിൽ അദ്ദേഹം ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗാർഹികമായ ഷോട്ടുകൾ അദ്ദേഹം പ്രകൃത്യാ ഉള്ള വെളിച്ചം ഉപയോഗിച്ചിരിക്കുന്നത് മൂലം ഒരു വിശ്വസനീയമായ കാഴ്ചയും ഒരു ഉന്മേഷവും പ്രേക്ഷകന് സമ്മാനിക്കുന്നു.
ജി.വി. പ്രകാശ് കുമാറിൻറെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ചില ഘട്ടങ്ങളിൽ കഥ മുന്നോട്ടു കൊണ്ട് പോകുന്നതും അദ്ദേഹത്തിൻറെ സംഗീതം തന്നെ. അവാർഡ് ലഭിച്ച അഴകു എന്ന പാട്ടു വളരെയധികം ഹൃദ്യമായിരുന്നു.
എല്ലാവരും കാണാൻ ശ്രമിക്കണം ഈ ഫീൽ ഗുഡ് ചിത്രം. ആരെയും നിരാശരാക്കില്ല എന്നത് എൻറെ ഉറപ്പ്.
എൻറെ റേറ്റിംഗ് 09 ഓൺ 10 സി.
അറിവ് വെച്ച കാലം മുതൽ സിനിമയ്ക്കോ സിനിമയിൽ പ്രവർത്തിക്കുന്നവർക്കോ യാതൊരു ഉപകാരവുമില്ലാത്ത നാഷണൽ അവാർഡ് കമ്മിറ്റിയെ ആദ്യമായി ഒരു ഉപകാരം ഉണ്ടായി എന്ന് തോന്നിയ നിമിഷം.. അതായിരുന്നു സൈവം...
No comments:
Post a Comment