പിങ്ക് (2016)
Language : Hindi
Genre : Crime | Drama | Thriller
Director : Aniruddha Roy Chowdhury
IMDB : 9.0
പിങ്ക് - ഒരു ചിത്രത്തിന് ഇങ്ങനെ ഒരു പേരിടുമോ സ്വാഭാവികമായും ഒരു പ്രേക്ഷകന് വരാവുന്ന സംശയം ആണ്. എന്തിനായിരിക്കും അങ്ങിനെ ഒരു പേര് ചിത്രത്തിൻറെ അണിയറക്കാർ തിരഞ്ഞെടുത്തത്. എന്റെ മനസിലും ഈ ചോദ്യം കടന്നു പോയതാണ്. പക്ഷെ, ചിത്രം കണ്ടു കഴിയുമ്പോൾ എതൊരു പ്രേക്ഷകനും മനസ്സിൽ ഉറപ്പിക്കും, അതെ!! ഇതേ പേര് തന്നെയാണ് ഈ ചിത്രത്തിന് ഏറ്റവും ഉചിതം.
മിനൽ അറോറ, ഫലഖ് അലി, ആൻഡ്രിയ മൂന്നു പേരും ഉറ്റസുഹൃത്തുക്കളാണ്. ഡൽഹിയിൽ ജോലിയുള്ളതു കൊണ്ട് മൂവരും ഒരുമിച്ചു തന്നെയാണ് താമസം. ഒരു രാത്രി ഒരു റോക് ഷോയിൽ വെച്ച് പരിചയപ്പെടുന്ന മൂന്നു ചെറുപ്പക്കാരുമായി പ്രശ്നമുണ്ടാവുന്നു. തന്നെ ബലാത്കാരമായി പീഡിപ്പിക്കാൻ ശ്രമിച്ച രാജ്‌വീറിനെ ബോട്ടിൽ വെച്ച് തലക്കടിച്ചു പരിക്കേൽപ്പിക്കുന്നു. പിന്നീട് സ്വാധീനമുള്ള രാവെറും കൂട്ടരെയും നിയമപരമായി നേരിടുന്ന മൂന്നു പെൺകുട്ടികളുടെ സഹായത്തിനെത്തുന്നതു ദീപക് സൈഗാൾ എന്ന വൃദ്ധനായ വക്കീൽ ആണ്. പിന്നീട് നടക്കുന്നത് ഉദ്യോഗജനകമായ ഒരു കോർട്-റൂം ത്രില്ലർ ആണ്.
അമിതാഭ് ബച്ചൻ എന്തു കൊണ്ട് സൂപ്പർസ്റ്റാറിനെക്കാൾ മികച്ചത് എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് പിങ്കിലെ ദീപക് സൈഗാൾ എന്ന കഥാപാത്രം. ഈ എഴുപതാം വയസിലും തന്റെ കഥാപാത്രം തന്റെ തന്നെ കൈപ്പിടിയിലാക്കി അവതരിപ്പിക്കണമെങ്കിൽ വെറും പ്രതിഭ മാത്രം പോരാ.. നിശ്ചയദാർഢ്യം കൂടെ വേണം. അത്രയ്ക്ക് തകർപ്പൻ പെർഫോമൻസ്. കഥാപാത്രത്തിന് വേണ്ട തണുപ്പൻ സമീപനവും ആവശ്യം വരുമ്പോൾ അത് ഉച്ചസ്ഥായിയിൽ എത്തിക്കാനും യാതൊരു ബുദ്ധിമുട്ടും അദ്ദേഹത്തിൽ കണ്ടില്ല. മികച്ച കഥാപാത്രം തന്നെയാണ് ദീപക് സൈഗാൾ.
പീയൂഷ് മിശ്ര അവതരിപ്പിച്ച പ്രശാന്ത് മെഹ്‌റ എന്ന കഥാപാത്രവും മികച്ചു നിന്നു. ഒരു എതിർ വക്കീൽ എന്ന നിലയ്ക്ക് തന്റെ കക്ഷിയുടെ ജയത്തിനു വേണ്ടി എത്രത്തോളം ആക്രമണകാരിയാകും എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ കഥാപാത്രം.
താപ്‍സി പന്നു തന്റെ lifetime പെർഫോമൻസ് ആണ് മിനൽ എന്ന കഥാപാത്രത്തിലൂടെ നൽകിയത്. എത്ര ധൈര്യമുള്ള പെണ്ണാണെങ്കിലും പ്രതികൂല സാഹചര്യങ്ങളിൽ ദുർബല ആയി പോകുന്ന ഒരു പെണ്ണ്. അതാണവരുടെ കഥാപാത്രം.
കീർത്തി കുൽഹാരി (ശൈത്താൻ ഫെയിം) അവതരിപ്പിച്ച ഫലഖ് അലി വളരെ ശക്തമായ ഒരു കഥാപാത്രം ആണ്. അവർ അത് അനായാസത്തോടെ തന്നെ അവർ അവതരിപ്പിച്ചു.
മറ്റുള്ള കഥാപാത്രങ്ങൾ എല്ലാം തങ്ങളുടേതായ പ്രകടനങ്ങൾ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.
ഒരു ഫെമിനിസ്റ്റ് ചിത്രം ആണോ എന്ന് ചോദിച്ചാൽ അതിനുത്തരം നൽകാൻ ഇത്തിരി പ്രയാസം തന്നെയാണ്. നമ്മുടെ സമൂഹത്തിന്റെ ഇടുങ്ങിയ ചിന്താഗതി വളരെ നല്ല രീതിയിൽ തന്നെ സംവിധായകൻ ആയ അനിരുദ്ധ് ചൗധരിയും എഴുത്തുകാരനായ റിതേഷ് ഷായും അനാവരണം ചെയ്യുന്നു. കപട സദാചാരത്തെ വ്യക്തമായി വിമർശിക്കുന്നുമുണ്ട്. സ്വതന്ത്രയായി ഒരു സ്ത്രീയ്ക്ക് സമൂഹത്തിൽ നടക്കാൻ കഴിയില്ലായെന്നും, അവളെ ഏതു കണ്ണ് കൊണ്ടാണ് സമൂഹവും വ്യക്തികളും വീക്ഷിക്കുന്നതെന്നും വ്യക്തമായി കാണിച്ചു തരുന്നുമുണ്ട്. സ്ത്രീയ്ക്കും പുരുഷനും സമൂഹത്തിൽ തുല്യ അവകാശം ആണെന്നു എല്ലാവരും വാദിക്കുന്നുണ്ടെങ്കിലും, പക്ഷെ ഒരിക്കലും അത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നുമില്ല.. അനുവദിക്കുന്നുമില്ല. സ്ത്രീ എന്തു മാത്രം ദുർബല ആണെന്ന് വ്യക്തമായ സന്ദേശം നൽകാൻ ശ്രമിക്കുന്നുണ്ട്... സമൂഹം അതിനനുവദിക്കുന്നില്ല എന്നതാണ് സത്യം.
റിതേഷ് ഷായുടെ മികച്ച കഥയ്ക്ക് അതിലും മേലെ കൊണ്ടെത്തിക്കാൻ സംവിധായകൻ അനിരുദ്ധിന് കഴിഞ്ഞു എന്നതാണ് വിശ്വാസം. സ്ത്രീ അനുഭവിക്കുന്ന കഷ്ടതകൾ ഒരു ത്രില്ലറാക്കി അവതരിപ്പിച്ചു. ഒരു കൊമേഴ്‌സ്യൽ ചിത്രത്തിന് വേണ്ട ചേരുവകൾ ചേർത്തത് കൊണ്ട് ഒരു പ്രേക്ഷകനും വിരസത നൽകുന്നില്ല. ആദ്യ പകുതി നല്ല ഒരു ത്രില്ലർ ആണെങ്കിൽ രണ്ടാം പകുതി വളരെ ശക്തമായ ഒരു കോർട്ട് റൂം ഡ്രാമ ആയി മാറുന്നു എന്നാൽ കൂടി ത്രില്ലറിനുള്ള സാധ്യതയും കുറയ്ക്കുന്നില്ല. ശന്തനു മൊയ്ത്ര തന്റെ പശ്ചാത്തല സംഗീതം മികച്ച രീതിയിൽ തന്നെ കൊടുത്ത്. സിനിമയ്ക്ക് വേണ്ട രീതിയിൽ തന്നെയായിരുന്നു. അതും ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.
പിങ്ക് നിറം സ്ത്രൈണതയുടെയും, പ്രേമത്തിൻറെയും, കരുതലിന്റെയും, പ്രത്യാശയുടെയും, സാന്ത്വനത്തിന്റെയും പ്രതീകമായിട്ടാണ് സാധാരണ കണക്കാക്കാറുള്ളത്. അത് ആക്രമണ സ്വഭാവത്തെ അടക്കാൻ കഴിവുള്ള ശക്തിയെയും പ്രതിനിധാനം ചെയ്യുന്നു. ചുരുക്കി പറഞ്ഞാൽ സ്ത്രീ എന്ന ശക്തിയെ തന്നെയാണ് പിങ്ക് നിറം അനുസ്മരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ മേൽപറഞ്ഞ എല്ലാ കാര്യങ്ങളും ഉൾപ്പെടുന്നു എന്നുള്ളത് കൊണ്ട് പിങ്ക് ഒരു ഉചിതമായ പേര് തന്നെയാണ്.
മികച്ച ഒരു ചിത്രം. നിങ്ങൾ വേറെ എന്തൊക്കെ മിസ് ചെയ്താലും ഈ ചിത്രം ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് തന്നെയാണ്. അതിനർഹിച്ച വിജയം കൊടുക്കുന്നത് നിങ്ങളാൽ മാത്രമാണ്.
എന്റെ റേറ്റിങ് 09.2 ഓൺ 10
No comments:
Post a Comment