ഊഴം (2016)
Language : Malayalam
Genre : Action | Crime | Drama | Thriller
Director : Jeethu Joseph
IMDB : 6.7
Oozham Theatrical Trailer
പൊതുവെ മിക്സഡ് റിവ്യൂ വരാറുള്ള മലയാള ചിത്രങ്ങൾ കാണാറില്ല കാരണം ഗൾഫിൽ പൊതുവെ സിനിമകൾ സമയം തെറ്റിയിറങ്ങുന്നതു കൊണ്ടായിരിക്കാം. പക്ഷെ ഇത് കാണാൻ അല്പം പ്രചോദനം നൽകിയത് രണ്ടു പേര് ആണ്. ഒന്ന് ജീത്തു ജോസഫ, രണ്ടു എൻറെ സുഹൃത്ത് ആൻസൻ.
അധികം മുഖവുര കൂടാതെ തന്നെ കാര്യത്തിലേക്കു കടക്കാം. സിനിമ തുടങ്ങിയ കാലം മുതൽ ഉള്ള ഒരു പ്രമേയം ആണ്, റിവഞ്ച്. ഷേക്സ്പീരിയയാണ് കാലം മുതൽ പറയാറുള്ള ഒരു പഴമൊഴി ആണ് "റിവഞ്ച് ഈസ് എ ഡിഷ് ബെസ്ററ് സെർവ്ഡ് കോൾഡ് (Revenge is a dish best served cold)". പക്ഷെ ഈ റിവഞ്ച് ഒരുമാതിരി തണുത്തു വിറങ്ങലിച്ചു പോയി എന്ന് പറയാം.
കാലാകാലങ്ങളായി തമിഴിലും മലയാളത്തിലും എന്തിനു ഏതു ഭാഷകളിൽ ഉള്ള സിനിമ ആണെങ്കിലും അതിലുള്ള വരാറുള്ള കഥ തന്നെയാണ് ജീത്തു ജോസഫ് ഇവിടെ ആവർത്തിച്ചിരിക്കുന്നത് (മുൻകൂർ ജാമ്യം സംവിധായകൻ നേരത്തെ ഇന്റർവ്യൂവിലൊക്കെ പറഞ്ഞെടുത്തിരുന്നു). നായകൻറെ അഭാവത്തിൽ കുടുംബത്തെ ഒന്നടങ്കം കൊന്നൊടുക്കുന്നു. പിന്നീട് നായകൻ തിരിച്ചു വന്നു എതിരാളികളെയെല്ലാം ഉന്മൂലനം ചെയ്തു പ്രതികാരം വീട്ടുന്നു. ഇവിടെ വ്യത്യസ്ത മേക്കിങ് എന്ന് ജീത്തു ജോസഫ് അവകാശപ്പെടുന്നത് എല്ലാ വില്ലന്മാരെയും ബോംബ് പൊട്ടിച്ചു കൊല്ലുന്നു എന്ന് മാത്രമാണ്. വേറെ മേക്കിങ്ങിൽ ഉള്ള പുതുമ നായകൻ അങ്ങ് അമേരിക്കയിൽ നിന്നും ഓൺലൈനിൽ ഇരുന്നു കാണുകയാണ്. ആ സമയത്തു പ്രിത്വിരാജിന്റെ മുഖത്തു മിന്നി മറയുന്ന നവരസങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.
ചിത്രത്തിൻറെ തുടക്കം കണ്ടപ്പോഴേ സിനിമയുടെ നിലവാരം ഏകദേശം മനസ്സിലായിരുന്നു. ആദ്യത്തെ ബോംബ് സ്ഫോടനം (ഗ്രാഫിക്സ് - അന്യായം, എന്നാലും എൻറെ ജിത്തുവേട്ട നിങ്ങക്കിതെങ്ങിനെ കഴിയുന്നു). അപ്പോഴാണ് വില്ലൻ, വില്ലന്റെ ശിങ്കിടിയ്ക്കു നായകനെ ജീവനോടെ വേണം. (എന്തിനാണാവോ??). ഉണ്ടയില്ലാത്ത തോക്കും പിടിച്ചോണ്ട് നായകന് പുറകെ ഓടുന്ന കുറെ ജൂനിയർ ആർട്ടിസ്റ്റുകൾ സോറി വില്ലന്മാരുടെ ശിങ്കിടികൾ, (ഒരു വെടി പൊട്ടിച്ചാൽ തീരാവുന്ന കഥയെ ഉള്ളൂ..) എന്നാലും കാലിൽ വെടി വെച്ചാൽ ചാകില്ല എന്നീ മണ്ടന്മാർക്കു അറിയുകേല എന്ന് തോന്നുന്നു. ഇടയ്ക്കിടയ്ക്ക് നമ്മുടെ നായകൻ ക്രിസ്തുമസിന് പടക്കം പൊട്ടിക്കുന്ന ലാഘവത്തിൽ ബോംബുകൾ എറിഞ്ഞു പൊട്ടിക്കുന്നുമുണ്ട്. ഇതെല്ലാം നടക്കുന്നത് പട്ടാപ്പകൽ ചെന്നൈയിലെ ഒരു തെരുവിൽ. ഇതെല്ലാം നടക്കുമ്പോഴും പൊതുജനം ഒരാൾ പോലും അക്ഷരം മിണ്ടുന്നില്ല എന്നത് ഏറ്റവും വലിയ കാര്യം. അത് കഴിഞ്ഞു ഫ്‌ളാഷ്ബാക്കിലേക്കു ഒരു മിന്നിമറയൽ (ഉള്ളത് പറഞ്ഞാൽ, ആ സീഖ്‌വെൻസ് എനിക്കിഷ്ടപ്പെട്ടു.. ഒരു വെറൈറ്റി ഉണ്ടായിരുന്നു. പക്ഷെ തുടരെ തുടരെ അതെ ശൈലി തന്നെ പിന്തുടർന്നപ്പോൾ.. നല്ല അന്യായ ബോറുമായി). നായകൻറെ അനിയത്തി ആയ അഭിനയിച്ച കുട്ടിയുടെ പേരെന്താണാവോ.. നല്ല ബോർ അഭിനയം ആയിരുന്നു. നല്ല രീതിയിൽ വെറുപ്പിക്കാൻ ആ കുട്ടിയെ കൊണ്ട് കഴിഞ്ഞു. ആണു കാണൽ ചടങ്ങു (നായകനെ വീട്ടിൽ വന്നു അണോഫീഷ്യൽ ആയിട്ടാണ് ഇത്) കഴിയുമ്പോൾ പ്രിത്വിയുടെ നാണിച്ചുള്ള അഭിനയം, തള്ളവിരല് കൊണ്ട് തറയിൽ പൂക്കളം തീർത്ത് നായകൻ (ഈ ജീത്തു ജോസഫിണിതെന്നാ പറ്റി). ദിവ്യ പിള്ളൈ മേക്കപ്പ് ഒക്കെ ഇട്ടപ്പോൾ കാണാൻ നല്ല രസമുണ്ടായിരുന്നു. മേക്കപ്പിടാതെ.. ആവോ.. എനിക്കറിയില്ല..നിങ്ങൾ തന്നെ പറ...
എല്ലാവരും പറഞ്ഞു ആദ്യ ഭാഗം ആണ് ഭേദം എന്നു. പക്ഷെ എനിക്കെന്തോ ആദ്യ ഭാഗം തന്നെ അല്പം മുഷിച്ചിൽ ആയിരുന്നു. രണ്ടാം ഭാഗത്തു പിന്നെ പ്രത്യേകിച്ചൊന്നും തന്നെയില്ലായിരുന്നു..ലോജിക്കില്ലാത്ത സീനുകളും അനാവശ്യ ഗ്രാഫിക്‌സും (നല്ലതായിരുന്നുവെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു), പിന്നെ അനാവശ്യ ഹെലിക്യാം ഷോട്ടുകൾ. ഇതൊക്കെ കാണുമ്പോൾ ദൃശ്യം സംവിധാനം ചെയ്ത ഒരു സംവിധായകൻറെ പടമാണോ എന്നു തോന്നിപ്പോവും..
റിവഞ്ച് സിനിമകളിൽ സാധാരണമായി വില്ലന്മാർ ശക്തിയുള്ളവരല്ലയെങ്കിൽ ആസ്വാദനത്തിനു കോട്ടം തട്ടാൻ വളരെയേറെ സാധ്യത ഉണ്ട്. കാരണം ഒരു വൺമാൻ ഷോ ആയിപ്പോകും എന്നത് കൊണ്ടാണ്. ഇവിടെ. കോടീശ്വരന്മാർ ആണെങ്കിലും വകതിരിവ് തീരെയില്ലാത്ത വില്ലന്മാർ, നായകൻറെ ആശയ്ക്കനുസരിച്ചു നിന്ന് കൊടുത്ത് മരണത്തിലേക്ക് നടന്നടുക്കുന്ന വില്ലന്മാർ എന്നു തോന്നിപ്പോകും.
പ്രിത്വിരാജ് ഒരു ഡെമോളിഷൻ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നതെന്ന് ആദ്യം പറയുന്നുമുണ്ട് അത് വിശ്വാസയോഗ്യമാക്കാൻ ലാപ്ടോപ്പിൽ ഒരു ബിൽഡിങ് ഡിമോളിഷ് ചെയ്യുന്ന സീനും കാട്ടുന്നുണ്ട്. അത്തരം കമ്പനിയിൽ ഒരു എഞ്ചിനീയർ ബോംബുണ്ടാക്കാനല്ല മരിച്ചു പ്ലാൻ ചെയ്യാനാണ് നിയോഗിക്കുന്നതെന്നു ജീത്തു ജോസഫിന് അറിയില്ല എന്നു തോന്നുന്നു. ഇതിൽ നായകൻ ബോംബുണ്ടാക്കുന്നതിൽ അഗ്രഗണ്യന് ആണ്.. സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ isisകാർ പിടിച്ചു കൊണ്ട് പോകാൻ സാധ്യതയുണ്ട്.
എന്തൊക്കെ ടെക്നോളജിയാണ് പുള്ളി ഈ സിനിമയിൽ കൊണ്ട് വന്നത്. അതൊക്കെ സമ്മതിച്ചേ പറ്റൂ.. പക്ഷെ ഈ ടെക്‌നോളജിയുടെ ഒക്കെ ലോജിക് പുള്ളി അറിഞ്ഞിരുന്നാൽ നന്നായിരുന്നു!!!!
സത്യം പറഞ്ഞാൽ ക്ളീഷേകളാൽ സമ്പന്നമാണ് ഊഴം. മേക്കിങ് കിടു മേക്കിങ് കിടു എല്ലാവരും പറയുന്നത് ഞാൻ വായിക്കുകയും കേൾക്കുകയും ചെയ്തു, എനിക്ക് പുതുമ നിറഞ്ഞ ഒന്നും ഈ ചിത്രത്തിൽ കാണാൻ സാധിച്ചില്ല എന്നത് വാസ്തവം. ഉദാഹരണത്തിന് അവസാനം മലമുകളിൽ ഒക്കെ എന്തിനു പിടിച്ചു കൊണ്ട് കെട്ടിയിട്ടു ബോംബ് പൊട്ടിച്ചു കൊല്ലാൻ പോയി എന്ന ചോദ്യങ്ങളൊക്കെ അനാവശ്യമാണെന്ന് പറയാം.പോലീസ് കള്ളന്മാരെ പിടിക്കാൻ വേണ്ടി സൈറനുമിട്ടൊക്കെ വന്നാൽ സംഭവ സ്ഥലത്തെത്തുമ്പോൾ കള്ളന്മാർ ഉണ്ടാവുമോ ആവോ?? ഇതൊക്കെ എന്ത് പഴകിയ ഏർപ്പാടാണ് ജിത്തു സാർ.
ഇനി അല്പം പോസിറ്റിവ് കാര്യങ്ങൾ പറയാം.. ചിത്രം അല്പമെങ്കിലും പിടിച്ചു നിർത്താൻ ശ്രമിച്ചത് അനിൽ ജോണ്സൻറെ പശ്ചാത്തല സംഗീതവും പാട്ടുമാണ്. വളരെ മികച്ച നിലവാരം പുലർത്തിയിരുന്നു പശ്ചാത്തല സംഗീതം. ഹോളിവുഡ് ബോളിവുഡ് ലെവൽ ഒന്നും എത്തിയില്ലെങ്കിലും വളരെ മികച്ചതായി തോന്നി (പക്ഷെ ഹാൻസ് സിമ്മറിന്റെ ചില കമ്പോസിഷനുകൾ പോലെ തോന്നി). എന്നാലും കുഴപ്പമില്ല..
നീരജ്, ബാലചന്ദ്ര മേനോൻ, പശുപതി, ആൻസൻ, ടോണി ലൂക്, ജയപ്രകാശ് തങ്ങളുടെ റോളുകൾ നന്നായി തന്നെ ചെയ്തു. പ്രിത്വിരാജ്, മൊത്തത്തിൽ ബോറായിരുന്നുവെങ്കിലും ചില സമയത്തു നല്ല പ്രകടനമായിരുന്നു (പ്രത്യേകിച്ച് ഇംഗ്ലീഷ് പറയുന്ന സീനുകളിൽ).
ജീത്തു ജോസഫ് പറഞ്ഞതനുസരിച്ചു ഒരു ജോണറിൽ പോലും നീതി പുലർത്താൻ ഈ ചിത്രത്തിന് കഴിഞ്ഞില്ലെന്നു മാത്രമല്ല ഒരു ആസ്വാദന നിലവാരം പോലും നില നിർത്താൻ കഴിഞ്ഞില്ല...
എല്ലാം വായിച്ചു കഴിഞ്ഞു നിങ്ങളുടെ മനസ്സിൽ തോന്നുന്ന ഒരു കാര്യം ഞാൻ പറയട്ടെ.. (ഏതെങ്കിലും നടന്റെ ഫാനാണ് ഈ ചോദ്യം ചോദിക്കാൻ സാധ്യത).
"എന്നാൽ പിന്നെ തനിക്കു പോയൊരു പടം പിടിച്ചു കൂടെ??" എന്നൊക്കെ ആവും.. അങ്ങിനെ സിനിമ പിടിക്കാൻ പോവാണെങ്കിൽ ഈ നാട്ടിലെ ഒട്ടു മിക്ക ജനങ്ങളും സിനിമക്കാരാവില്ലെ സേട്ടാ...
എൻറെ റേറ്റിംഗ് 3.5 ഓൺ 10
ഇതൊരു റിവ്യൂ ആയിട്ട് ആരും കണക്കാക്കരുത്.. 1000 രൂപയോളം മുടക്കി സമയവും മെനക്കെടുത്തി തീയറ്ററിൽ ഇരുന്നു സിനിമ കണ്ടവന്റെ രോദനം ആയി മാത്രം കണക്കാക്കിയാൽ മാത്രം മതി.
.മേൽ പറഞ്ഞ എല്ലാ കാര്യങ്ങളും എൻറെ വ്യക്തിഗതമായ അഭിപ്രായം മാത്രമാണ്.
No comments:
Post a Comment