Cover Page

Cover Page

Saturday, December 16, 2017

256. Okja (2017)

ഓക്യ (2017)



Language : English | Korean
Genre : Action | Comedy | Drama| Fantasy
Director : Bong Joon Ho
IMDB : 7.4

Okja Theatrical Trailer

ഞാൻ മീജ, സൌത്ത് കൊറിയയിലെ മലനിരകൾക്കിടയിൽ മുത്തശ്ശനും ഒക്ജയുമായി ആണ് താമസം. കുഞ്ഞു വയസു മുതൽ എൻ്റെ കൂടെ കളിക്കൂട്ടുകാരന് ആയി ഓക്യ ഉണ്ട്. അങ്ങ് ദൂരെ നിന്നുമുള്ള വലിയ കോട്ടും സൂട്ടുമുള്ള ആളുകൾ മുത്തശനു വളർത്താൻ  ഏൽപ്പിച്ചതാണ് ഓക്യയെ. പക്ഷെ ഒരു ദിവസം ഓക്യയെ അവർ ന്യൂ യോർക്ക് എന്ന നഗരത്തിലേക്ക് കൊണ്ട് പോയി. അവർ അവളെ മാംസം ആക്കി വിപണിയിൽ വിറ്റഴിക്കും എന്നാ പറയുന്നത് അതിനു മുൻപേ എനിക്കവളെ എങ്ങിനെ എങ്കിലും രക്ഷപെടുത്തണം. മുത്തശ്ശൻറെ  സമ്മതം ഞാൻ ന്യൂ യോർക്കിലേക്ക് പോകുകയാണ്. ഭാഷ അറിയില്ല, നാടും അറിയില്ല, ആളുകളെയും അറിയില്ല.. പക്ഷെ ഞാൻ അവളെ രക്ഷിക്കും.

മീജയുടെയും ഓക്യയുടെയും കഥ പറയുന്നത് SnowPiercer, Mother , Memories of Murder തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജൂ ഹോ (Bong Joon Ho) ആണ്. വെറുതെ IMDBയിൽ തിരഞ്ഞു നടക്കുമ്പോഴാണ് ഇങ്ങനെ ഒരു ചിത്രത്തെ പറ്റി അറിയുന്നത്. ട്രെയിലർ കണ്ടപ്പോൾ ഇഷ്ടമായി അങ്ങിനെ കാണുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെയും അവളുടെ പന്നിയുടെയും സൗഹൃദത്തിൻറെയും സ്നേഹത്തിൻറെയും കഥ പറയുന്ന ഓക്യ (പന്നിയുടെ പേര്) ഹൃദയഹാരിയും വികാരനിർഭരമായ ചിത്രം കൂടിയാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, അതിൽ നിന്നും അധികം വിഭിന്നമാവുന്നില്ല ഓക്ജ. എന്നാൽ മികച്ച CGI വിഷ്വൽസും ക്യാമറവർക്കും ആക്ഷൻ സീക്വൻസും നല്ല അഭിനയ-നർമ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം ഒരിക്കൽ പോലും നമ്മെ നിരാശപ്പെടുത്തില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ സന്ദർഭോചിതമായി മികച്ചു നിന്നു

An Seo Hyun എന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രമായ മീജോയെ അവതരിപ്പിച്ചിരിക്കുന്നത്. നല്ല പക്വതയാർന്ന പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. വികാരനിർഭരമായ രംഗങ്ങൾ എല്ലാം തന്നെ അവളുടെ മുഖത്തൂടെ മിന്നി മറഞ്ഞു. റ്റിൽഡാ സവിൻറൺ (Tilda Swinton) മുഖ്യ വില്ലത്തിയെ അവതരിപ്പിച്ചു. ജാക്ക് ജൈലൻഹാൽ (Jake Gyllenhaal) കോമഡിയുടെ മേമ്പൊടിയോടു ചേർത്ത വില്ലനെയും അവതരിപ്പിച്ചു. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളോട് ശരി വെയ്ക്കുന്ന പ്രകടനമായിരുന്നു. പോൾ ഡാനോ (Swiss Army Men, Prisoners Fame) വില്ലത്തിയെ എതിർക്കുന്ന ഒരു കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. ഒരു സീരിയസ് ചിത്രമാണെങ്കിലും മിക്ക സീനുകളിലും കോമഡി നന്നായി വർക്ക് ഔട്ടായിട്ടുണ്ട്.

ബോങ് ജൂ ഹോ (Bong Joon Ho) എന്ന അനുഗ്രഹീത സംവിധായകന്റെ മുൻപുള്ള ചിത്രങ്ങളുടെ നിലവാരം എത്തില്ലെങ്കിലും ഒരു ഫാൻറസി കോമഡി ചിത്രം ഒരു തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാം. നിങ്ങൾ ഓക്യയെയും മേജോയെയും ഇഷ്ടപ്പെടും എന്നത് തീർച്ച. കണ്ടു കഴിയുമ്പോൾ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിലും മനസിലും വിടരുമെന്നത് തീർച്ച.

എൻ്റെ റേറ്റിംഗ് 7.6 ഓൺ 10


ഇംഗ്ലീഷ്- കൊറിയൻ ഭാഷകൾ മിശ്രിതമായി ഒരുക്കിയ ഈ ചിത്രം സൗത്ത് കൊറിയയിൽ ചില തീയറ്ററിൽ റിലീസായി ലാഭം കൊയ്തു. പക്ഷെ, 50 മില്യനോളം ചെലവഴിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്.

No comments:

Post a Comment