Cover Page

Cover Page

Wednesday, December 20, 2017

257. Bad Genius (Chalard Games Goeng)

ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്)



Language : Thai
Genre : Crime | Drama | Thriller
Director : Nattawut Poonpiriya
IMDB : 7.9

Bad Genius Theatrical Trailer

പൊതുവെ വളരെയധികം മികച്ച അഭിപ്രായങ്ങൾ വന്നു കഴിഞ്ഞാൽ ആ സിനിമ കാണുന്നത് വിരളമാണ്. കാരണം, പ്രതീക്ഷയുടെ ചിറകിലേറി വാനോളം പറന്നുയർന്നാവും സിനിമ കാണുവാൻ ഇരിക്കുക. അത് ശരിക്കും നമ്മുടെ ആസ്വാദന തലത്തിനു ഭംഗം വരുത്തുകയും ചെയ്യും. അങ്ങിനെ ഒഴിവാക്കിയ ചിത്രങ്ങൾ നിരവധി, പിന്നീട് വർഷങ്ങൾക്കിപ്പുറം ആവും കാണുവാൻ സാധിക്കുക..

സോഷ്യൽ മീഡിയകളിൽ ഈ അടുത്തു നിറഞ്ഞു നിന്നിരുന്ന ഒരു ത്രില്ലർ ഉണ്ടായിരുന്നു. തായിലൻഡ് ചിത്രമായ ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്). ആദ്യമൊക്കെ കാണണ്ട എന്നൊക്കെ വിചാരിച്ചു ആവേശമൊക്കെ അടങ്ങുമ്പോൾ കാണാം എന്ന് കരുതി. പക്ഷെ, എന്തോ രണ്ടു ദിവസം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ ചിത്രം കാണാൻ ആരംഭിച്ചു.

സ്‌കൂളിൽ കോപ്പിയടി നടക്കുന്നതൊക്കെ സർവ സാധാരണമാണ്. ദേഹത്തും കയ്യിലും പേനയിലും റബറിലും ഒക്കെ എഴുതിയിട്ട് കോപ്പിയടിക്കുന്ന ചെറിയ രീതി മുതൽ മൈക്രോ സിറോക്സ് ആയി ഒരു വിഷയത്തിന്റെ പുസ്തകം തന്നെ ഹാളിൽ കൊണ്ട് പോയി കോപ്പിയടിച്ചതും വരെ ഞാൻ കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. ഇവിടെ സ്‌കൂളിൽ പഠിക്കുന്ന വളരെ മിടുക്കിയായ ഒരു പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും ചേർന്ന് കോപ്പിയടിക്കുന്ന രീതി ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിൽ എത്തിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. പ്രതീക്ഷയുടെ എവറസ്റ്റിൽ നിന്ന് കൂടി കണ്ടിട്ടും ലവലേശം മങ്ങൽ ഏൽപ്പിച്ചില്ലായെന്നത് ഒരു വസ്തുത. 130 മിനുട്ടിൽ അവസാന കുറച്ചു നിമിഷങ്ങളിൽ വന്ന ലാഗ് ഒഴിച്ചാൽ, നമ്മളെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ നിറയെ ഉണ്ട്. വളരെ സിംപിളായ ഒരു കഥാതന്തു സംവിധാനത്തിൻറെയും മുഖ്യഅഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ മൂഡ് നിലനിർത്തുന്ന പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണീ തായി ത്രില്ലർ. ത്രില്ലറിലുപരി ഒരു ഹീസ്റ്റ് ചിത്രം കൂടിയാണ് ബാഡ് ജീനിയസ്.

Countdown എന്ന ത്രില്ലറിന് ശേഷം Nattawut Poonpiriya അണിയിച്ചൊരുക്കിയ രണ്ടാമത്തെ ചിത്രം ആണ് ബാഡ് ജീനിയസ്. വളരെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തെ മറ്റുള്ള ത്രില്ലിൽ നിന്നും മാറ്റി നിർത്തുന്നത്. സംവിധായകന്റെ മനസറിഞ്ഞു കൊണ്ടുള്ള ഛായാഗ്രാഹണവും, എഡിറ്റിങ്ങും, കളറിങ്ങും ഒക്കെ കൊണ്ട് തന്നെ ഒരു മികച്ച ചിത്രമായി മാറി. CRISPY EDITING ബാഡ് ജീനിയസിൻറെ വേഗത നിയന്ത്രിക്കുന്നതിൽ അവിഭാജ്യ ഘടകമായി മാറി. ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയ ഒരു impact പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഓരോ നിമിഷവും ഉള്ളിൽ ഒരു ആകാംഷ ജനിപ്പിക്കാൻ സീനുകൾക്കനുസൃതമായുള്ള പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു.

താരതമ്യേന പുതുമുഖങ്ങളോടെ ആണ് ബാഡ് ജീനിയസ് നിർമ്മിച്ചത്. മുഖ്യ കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ചത് ഫാഷൻ മോഡൽ ആയ ചുടിമോൻ (Chutimon Chuengcharoensukying) എന്ന പെൺകുട്ടിയാണ്, അവരുടെ ആദ്യ ഫീച്ചർ ഫിലിം ആയ ഈ ചിത്രത്തിൽ ഏതൊരു ആൾക്കും അസൂയാ ഉണ്ടാക്കുന്ന വിധമായ പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. കുട്ടികളുടെ കഥാപാത്രങ്ങൾ ചെയ്ത എല്ലാവരുടെയും ആദ്യ ചിത്രമാണെങ്കിലും ഇവരെല്ലാം ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തരുമാണ്.എല്ലാവരും തങ്ങളുടെ ജോലി ഭംഗിയായി തന്നെ അവതരിപ്പിച്ചു. മുഖ്യ കഥാപാത്രങ്ങൾ ചെയ്ത ഇവരുടെ അഭിനയം കണ്ടാൽ ഒരിക്കൽ പോലും ഒരു പ്രേക്ഷകന് ഇവർ തുടക്കക്കാർ ആണെന്നു തോന്നുകയുമില്ല. ഒറ്റ വാക്കി തകർപ്പൻ.

ത്രില്ലർ വിഭാഗത്തിലുള്ള ഹീസ്റ്റ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ബാഡ് ജീനിയസ്.

എൻറെ റേറ്റിംഗ് 09 ഓൺ 10

No comments:

Post a Comment