വാർക്രാഫ്റ്റ് (2016)
Language : English
Genre : Action | Fantasy
Director : Duncan Jones
IMDB : 8.2
Warcraft Theatrical Trailer
സ്കൂളിലും കോളജിലും പഠിക്കുമ്പോൾ സ്ഥിരമായി കളിച്ചിരുന്ന ഗെയിമുകൾ ആയിരുന്നു വാർക്രാഫ്റ്റും (Warcraft) ഏജ് ഓഫ് എമ്പൈർസും (Age of Empires). അതിലൊന്നു സിനിമയാക്കും എന്ന് കേട്ടപ്പോൾ വലുതായി ഞാൻ പ്രതീക്ഷ ഒന്നും കൊടുത്തില്ല. കാരണം മിക്ക ഗേമുകളും സിനിമയാക്കി നശിപ്പിച്ച പാരമ്പര്യം ആണല്ലോ ഹോളിവുഡിന്. ഇത് അത് പോലെ ആകുമെന്ന് കരുതി, അത് കൊണ്ട് തന്നെ റിലീസ് ആയ അന്ന് കാണാൻ യാതൊരു താല്പര്യവുമുണ്ടായില്ല. പൊതുവെ ഉള്ള റിവ്യൂ മൂലം കണ്ടേക്കാം എന്ന് കരുതി 2-ഡി ടിക്കറ്റ് കരസ്ഥമാക്കി (3-ഡി ചിത്രങ്ങളുടെ ആരാധകനല്ല ഞാൻ).
അസെരോത് സാമ്രാജ്യം ഇന്ന് ഒരു യുദ്ധത്തിൻറെ ഭീഷണിയാണ്. ഡ്രെനർ എന്ന ഗ്രഹത്തിൽ നിന്നും ഓർക്കുകൾ (orcs) അസെരോത് കീഴടക്കാൻ വേണ്ടി എത്തിയിരിക്കുകയാണ്. അസെരോത്തിൽ മനുഷ്യരും മറ്റും സമാധാനത്തോടെ കഴിഞ്ഞിരുന്ന അവർ തങ്ങളുടെ തകർച്ച ഒഴിവാക്കണമെങ്കിൽ യുദ്ധം ചെയ്തെ മതിയാവൂ.. മനുഷ്യരും ഓർക്കുകളും തമ്മിലുള്ള യുദ്ധം ആണ് ഈ ചിത്രം. കഥ കുറച്ചു കൊമ്പ്ലക്സ് ആയതു കൊണ്ട് അധികം വിവരിക്കാൻ കഴിയുകയില്ല.ഗേം കളിച്ചവർക്ക് ഇതിലുള്ള കുലങ്ങളെയും വംശങ്ങളെയും പറ്റി അറിയാൻ കഴിയും. അല്ലാത്തവർ സിനിമയുടെ ഒഴുക്കിനൊത്തു മുൻപോട്ടു പോകുന്നതാവും നല്ലത്.
ആദ്യമേ പറയട്ടെ, എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച ചിത്രമാണിത്. ഒരു തരി പ്രതീക്ഷ പോലുമില്ലാതെ കാണാൻ തുടങ്ങിയ എനിക്ക് ചിത്രത്തിൻറെ കഥാഗതിയും, കഥാപാത്രങ്ങളും (കൂടുതലും motion capture ആണ്), ഗ്രാഫിക്സും, ആക്ഷനും എന്നെ കണ്ണഞ്ചിപ്പിച്ചു തന്നെ കളഞ്ഞു. നല്ല വേഗതയേറിയ കഥയും അതിനൊത്ത തിരക്കഥയും. ഗ്രാഫിക്സ് ഒക്കെ അന്യായം തന്നെയായിരുന്നു.ചില സമയത്തൊക്കെ ലോഡ് ഓഫ് ദി റിങ്ങ്സ് സ്റ്റൈൽ തോന്നിയെങ്കിലും, ചിത്രം ഗേമിൽ നിന്ന് അവലംബിച്ചതായോണ്ട് എനിക്ക് മുഷിച്ചിൽ തോന്നിയില്ല. ചിത്രത്തിൻറെ ഏറ്റവും മികച്ച ഒരു സംഗതി പറയുക ആണെങ്കിൽ, കഥാപാത്രങ്ങൾ ആണ് ചിത്രത്തിൻറെ കഥാഗതി നിർണയിക്കുന്നത് എന്നതാണ്. പശ്ചാത്തല സംഗീതം നന്നായിരുന്നു. അതിലുപരി, സൌണ്ട് ഡിസൈൻ ഒരു രക്ഷയുമില്ല. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കിയത്. അവരുടെ ക്രൂവിന് ഒരു സലാം. സോർസ് കോഡ് സംവിധാനം ചെയ്ത ഡങ്കൻ ജോൺസ് ആണ് സംവിധാനം ചെയ്തിരിക്കുന്നു. അദ്ദേഹം അത് മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.
കഥാപാത്രങ്ങളിൽ ചിലത് പരിചയപ്പെടുത്തുകയാണെങ്കി,
വൈകിങ്ങിലൂടെ പ്രശസ്തനായ ട്രാവിസ് ഫിമ്മൽ, ലോതർ എന്നാ നായകനെ അവതരിപ്പിച്ചു. അദ്ദേഹം നല്ല രീതിയിൽ തന്റെ റോൾ ചെയ്തു ഫലിപ്പിച്ചു.
ടോബി കെബ്ബെൽ അവതരിപ്പിച്ച ടുറോറ്റൻ അല്ലെങ്കിൽ ചീഫ്റ്റൻ ഹോർഡ് കൂട്ടത്തിലെ നല്ലവനായ ഒരു ഓർക് കൂട്ടത്തിന്റെ തലവൻ. തന്റെ ജനതയ്ക്ക് നല്ലത് മാത്രം ചിന്തിക്കുന്ന ഒരു ഓർക്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.
പോള പാറ്റൻ (mi 4 fame) ഗരോണ എന്ന പാതി മനുഷ്യനും ഓർക്കുമായ യുവതിയെ നന്നായി തന്നെ അവതരിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇവരിലാണ് കഥ ഊന്നിയിരിക്കുന്നത്.
ഡോമിനിക് കൂപർ, രൂത്ത് നെഗ സ്ട്രോങ്ങ്‌വിണ്ടിന്റെ രാജാവും രാജ്ഞിയും. ഒരു ജനത മൊത്തം അവരെ ആശ്രയിച്ചു നില്ക്കുന്നു.
മായാജാലം സ്വായത്തമാക്കിയ സംരക്ഷകൻ മെട്വി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ബെൻ ഫൊസ്റ്റർ മികച്ചു നിന്നു.
ഇനിയും നിരവധി ഉണ്ടെങ്കിലും, അവരിലെല്ലാം കൂടിയാണ് കഥ മുൻപോട്ടു കൊണ്ട് പോകുന്നത്. കഥാപാത്രങ്ങളെ പെട്ടെന്ന് തന്നെ നമ്മിൽ രേഖപ്പെടുത്തുന്നത് മൂലം നമുക്ക് ഒരു ആശയക്കുഴപ്പത്തിന് ഇടയുണ്ടാകുന്നില്ല.
എന്തോ, എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.. കാരണം ശരിക്കും ഒരു പോപ്‌കോൺ ആക്ഷൻ ഫാൻടസി ചിത്രം എന്നാ നിലയിൽ എന്നെ പൂർണമായും തൃപ്തിപ്പെടുത്തി ഈ ചിത്രം. 3ഡി കുറച്ചു കൂടി എഫക്റ്റീവ് എന്ന് തോന്നി. ചിലപ്പോൾ ഞാൻ ഒരിക്കൽ കൂടി 3ഡി എങ്ങിനെ ഉണ്ടാവും എന്നരീയാൻ പോകാൻ സാധ്യതയുണ്ട്.
എൻറെ റേറ്റിംഗ് 8.4 ഓൺ 10