Cover Page

Cover Page

Monday, May 16, 2016

153. Marshland (La Isla Minima) (2014)

153. മാർഷ് ലാൻഡ് (ലാ ഐല മിനിമ) (2014)





Language : Spanish (Spain)

Genre : Crime | Drama | Thriller
Director : Alberto Rodriguez
IMDB : 7.3


Marshland Theatrical Trailer



2014ൽ സ്പെയിനിൽ ഇറങ്ങിയ ഒരു കുറ്റാന്യേഷണ ചിത്രം ആണ് ആൽബർട്ടോ റോഡ്രിഗസ് സംവിധാനം ചെയ്ത മാർഷ് ലാൻഡ്. വളരെയധികം അവാർഡുകളും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിലും വിജയം ആയിരുന്നു. 

യുവാനും പെദ്രോയും ഒരുമിച്ചു ജോലി ചെയ്യുന്ന കുറ്റാന്യേഷകർ  ആണെങ്കിലും, രണ്ടു പേരുടെയും സ്വഭാവത്തിൽ വെവ്വേറെ ധ്രുവങ്ങളിൽ ഉള്ളവരാണ്. യുവാൻ കർക്കശക്കാരനും ആക്രമണസ്വഭാവമുള്ള പഴയകാല പോലീസ് ഓഫീസർ ആണെങ്കിൽ പെദ്രോ പുതുയുഗത്തിലെ സത്യസന്ധനായ ഓഫീസറുമാണ്. സ്ത്രീലമ്പടനായ യുവാനെ പെദ്രോയ്ക്കിഷ്ടമല്ല എങ്കിലും കൂട്ടാളി ആയതു കൊണ്ട് മാത്രം ക്ഷമിച്ചു മുൻപോട്ടു പോകാൻ ശ്രമിക്കുന്നു.
മദ്രിദിലുള്ള അവരെ സ്പെയിനിലെ സേവില്ലെയിലെ ഉൾനാടൻ ഗ്രാമത്തിൽ മൂന്നു ദിവസമായി കാണാതായ രണ്ടു കൗമാര സഹോദരികളെ കണ്ടെത്താനായി എത്തുന്നു. അവരുടെ അന്വേഷണം പുരോഗമിക്കെ, പല അപ്രിയ സത്യങ്ങളും പുറത്തു കൊണ്ട് വരുന്നു. 

മുഖ്യകഥാപാത്രങ്ങളായ യുവാനെയും പെദ്രോയെയും അവതരിപ്പിച്ചത് ഹാവിയർ ഗുട്ട്രെസും (Javier Gutierrez) റവുൾ അറിവാലോയും (Raul Arevalo)  ആണ്. രണ്ടു പേരും നല്ല കുറ്റമറ്റ പ്രകടനം ആണ് കാഴ്ച വെച്ചത് എന്നിരുന്നാലും എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് യുവാൻ എന്നാ കഥാപാത്രത്തെയാണ്. എന്തോ ഒരു ആകർഷണീയത തോന്നി. വില്ലൻ കഥാപാത്രങ്ങളെ ചെയ്തവരും നന്നായിരുന്നു.

ഒരു ഡ്രാമാ ചിത്രം ആണെങ്കിലും ഒരു നിമിഷം പോലും ബോറടിയ്ക്കാതെ വളരെയധികം പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു തിരക്കഥയാണ് സംവിധായകനും എഴുത്തുകാരനും കൂടി തയാറാക്കിയത്. ഒരു സാധാരണ അല്ലെങ്കിൽ സ്ഥിരം ഉള്ള ക്രൈം കുറ്റാന്യേഷണചിത്രം ആണെങ്കിലും കഥ പറയുന്ന രീതി, അത് ആഖ്യാനിക്കുന്ന രീതികൾ കൊണ്ട് മികച്ചു നിന്നു. ഓരോ നിമിഷവും ഉള്ളിൽ ജിജ്ഞാസ ജനിപ്പിക്കുന്ന സീനുകൾ നിരവധി. എല്ലാ കലാകാരന്മാരും അവരവരുടെ റോളുകൾ മികച്ച രീതിയിൽ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. സംവിധായകന് അവിടെ ഒരു കൈയ്യടി കൂടി.
104 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിനെ കാണാൻ കൊതിപ്പിക്കുന്ന ഖടകം, ഈ ചിത്രത്തിൻറെ ക്യാമറവർക്ക് ആണ്. തുടക്കം മുതൽക്കു തന്നെ നമുക്കത് അറിയാൻ കഴിയും. അത്യുഗ്രം എന്നാ വാക്ക് മാത്രം ഞാൻ ഉപയോഗിക്കുന്നു. ഓരോ സീനും ചിത്രം കണ്ടു കഴിയുമ്പോഴും മനസ്സിൽ നിന്നും പോകില്ല. ഒരു ചതുപ്പുനിലത്തിനു ഇത്ര മനോഹാരിത ഉണ്ടെന്നു എനിക്കിപ്പഴാണ് അറിയാൻ കഴിഞ്ഞത്. satellite ഷോട്ടുകൾ ഈ ചിത്രത്തിൽ നിരവധി ഉണ്ട്, അത് ചിലപ്പോൾ ഉപയോഗിച്ചിരിക്കുന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്നാവാം ഇത്. നല്ല wide frames ചിത്രത്തിന് ഒരു മുതൽകൂട്ട് തന്നെയാണ്.
വളരെ മികച്ച പശ്ചാത്തല സംഗീതം ത്രില്ലർ മോഡിൽ കൊണ്ട് പോകുന്നു. അധികം ബഹളമൊന്നുമില്ലെങ്കിലും, വേണ്ടിയ ഇടത്ത് മാത്രം സംഗീതം ഉപയോഗിച്ച് മറ്റുള്ള ഭാഗത്ത് നിശബ്ദത മാത്രം. കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു അനുഭവം നമുക്കുള്ളിലേക്ക് പകർന്നു തരുന്നു.

ട്രൂ ഡിറ്റക്ടീവ് എന്ന വിഖ്യാത സീരീസിനെ ഈ ചിത്രം അനുസ്മരിപ്പിക്കുന്നുണ്ട്. സംവിധായകൻ തിരഞ്ഞെടുത്ത രീതി ആയിരിക്കാം എന്നിരുന്നാലും പ്രശംസനീയം ആണ്. ട്രൂ ഡിറ്റക്ടീവ് ഇഷ്ടപ്പെട്ടവർക്ക് യാതൊരു മടിയും കൂടാതെ കാണാവുന്നതാണ്. കാണാൻ ശ്രമിക്കുക.

എന്റെ റേറ്റിംഗ് 8.8 ഓൺ 10

No comments:

Post a Comment