സീറോ (2016)
Language : Tamil
Genre : Drama | Fantasy | Horror | Romance | Thriller
Director : Shiva Mohaa (Arun Kumar)
IMDB : 6.5
Zero Theatrical Trailer
എന്തായിരിക്കാം സീറോ എന്ന പേര് ഈ പടത്തിനിടാൻ കാരണം? പല കുറി ആലോചിച്ചതാണ്. ഈ ചിത്രം കാണുന്നതിനു മുൻപ് ഉണ്ടായിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം നൽകി പ്രണയത്തിൽ പൊതിഞ്ഞ ഈ ഫാൻറസി ഹൊറർ. നമ്മുടെ ഭാരതത്തിൽ അധികം ആരും തൊടാത്ത ഒരു ജോനർ ആണ് ഫാൻറസി ഹൊറർ, ആദ്യമേ ഇങ്ങനെ ഒരു പരീക്ഷണത്തിന് മുതിർന്ന സംവിധായകാൻ ശിവ മൊഹായ്ക്ക് ഒരു അഭിവാദനം. മങ്കാത്ത വേതാളം എന്നീ ചിത്രങ്ങളിൽ കൂടി പ്രശസ്തനായ അശ്വിൻ ആണ് നായകൻ. നായകനെക്കാളുപരി പ്രാധാന്യം ഈ ചിത്രത്തിലെ നായികയ്ക്കാണ്. മലയാളിയായ ശിവദ നായർ ആണ് മുഖ്യകഥാപാത്രമായ പ്രിയയെ അവതരിപ്പിക്കുന്നത്. ജെഡി ചക്രവർത്തി പ്രധാന ഒരു റോളിൽ ചിത്രത്തിലുടനീളം ഉണ്ട്.
ആദിയിൽ ഉൽപ്പത്തിയെ പറ്റി ഒരു ചെറിയ വിവരണം ഉണ്ട്. പക്ഷെ അതും ചിത്രവുമായി എന്താണ് ബന്ധം എന്ന് കണ്ടിരിക്കുന്ന ഏതൊരു പ്രേക്ഷകൻറെ മനസ്സിൽ കൂടിയും കടന്നു പോകുന്ന ഒരു ചോദ്യമാണ്. പോകെ പോകെ അതിന്റെ ഉത്തരം നമുക്ക് പറഞ്ഞു തരും.
പ്രിയയുടെ ഭൂതകാലം ശരിക്കും അറിയാവുന്ന ബാലയുടെ അച്ഛൻ, അവരുടെ കല്യാണത്തിനു സമ്മതിക്കുന്നില്ല. എങ്കിലും അച്ഛൻറെ എതിർപ്പിനെ അവഗണിച്ചു ബാല അനാഥയായ പ്രിയയെ വിവാഹം ചെയ്യുന്നു. കുറച്ചു കാലം സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന അവരുടെ ജീവിതം, പെട്ടെന്ന് പ്രിയയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങൾ മൂലം മാറി മറിയുന്നു. എന്തായിരിക്കും പ്രിയയ്ക്ക് സംഭവിച്ചത്? അവരുടെ ജീവിതത്തിനു എന്ത് സംഭവിച്ചു? എന്നുള്ള പല ചോദ്യങ്ങളുടെയും ഉത്തരം മുഴുനീള ചിത്രത്തിലൂടെ പറഞ്ഞു തരുന്നു.
ഒരു വ്യത്യസ്തമായ പ്രമേയം അതിന്റെ ഏറ്റവും മികവുറ്റ ഭാവത്തിൽ സംവിധായകൻ ശിവ് മൊഹാ അവതരിപ്പിച്ചിരിക്കുന്നത്. ഭരത്ബാലയുടെ ശിഷ്യൻ തന്നെയാണ് താൻ എന്നതിന്റെ തെളിവാണ്, ചിത്രത്തിൻറെ രൂപകൽപനയും, ഫ്രേമുകൾ. താനെന്തു മനസ്സിൽ വിചാരിചിരിക്കുന്നുവോ അത് മനസറിഞ്ഞു കൊണ്ട് ക്യാമറമാൻ ബാബു കുമാർ ഒപ്പിയെടുത്തിരിക്കുന്നു. മികവുറ്റ തിരക്കഥ ആണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ബലം.VFX, CGI മികച്ചു നിന്നു, ചെറിയ ഒരു ബജറ്റിൽ നിന്നു ഇത്രയും മികച്ച ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് കാണുമ്പോഴാ ശങ്കറിനെയും ഒക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നത്. രണ്ടാം പകുതിയിൽ അശ്വിൻറെ മേക്കപ്പിൽ വന്ന continuity error ഇല്ലായിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായേനെ എന്ന് തോന്നി.
പാട്ടുകൾ വളരെ ഇമ്പമുള്ളതും, കേട്ട് കഴിഞ്ഞാൽ മനസ്സിൽ നിന്നും പോകാതതുമാണ്. ചിത്രത്തിൻറെ ഗണമനുസരിച്ചുള്ള പശ്ചാത്തല സംഗീതം മികവേകി. നിവാസ് കെ പ്രസന്ന ആയിരുന്നു സംഗീതം. അദ്ദേഹത്തിന്റെ കഴിവനുസരിച്ച് വളരെ നീണ്ട ഒരു ഭാവി ഉണ്ടെന്നു ഉറപ്പാണ്.
അശ്വിൻ തന്റെ റോൾ നന്നായി തന്നെ ചെയ്തു. യാതൊരു പിഴവും തോന്നിയില്ല. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനത്തെ അസാധുവയ്ക്കുന്ന രീതിയിൽ ആയിരുന്നു ശിവദയുടെ പ്രകടനം. ഓരോ നിമിഷവും ഉണ്ടാകുന്ന ഭാവമാറ്റങ്ങൾ എല്ലാം ഉജ്വലം. സു സു സുധി വാത്മീകത്തിനു ശേഷം വീണ്ടും മനസ്സിൽ പതിഞ്ഞ ഒരു പ്രകടനം ആണ് പ്രിയ എന്ന കഥാപാത്രത്തിൻറെ പ്രകടനം. ജെ.ഡി. ചക്രവർത്തി പരമപ്രധാനമായ ഒരു റോൾ കൈകാര്യം ചെയ്തു. വളരെ കുറച്ചു അഭിനേതാക്കൾ മാത്രമേയുള്ളൂ ഈ ചിത്രത്തിനുള്ള മറ്റൊരു പ്രത്യേകത. അവരെല്ലാം നല്ല രീതിയിൽ തന്നെ അഭിനയം കാഴ്ച വെച്ചു.
ഒരു മികവുറ്റ ഫാന്റസി ഹൊറർ ശ്രേണിയിലുള്ള പടം, ഇനി ആ ജോനറിനു അന്യേഷിച്ചു ലോകം മൊത്തം അലയേണ്ടതില്ല, നമ്മുടെ രാജ്യത്തും ഉണ്ട്. ഇനിയും ഇത്തരം നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചു കൊണ്ട്. നിർത്തുന്നു.
എൻറെ റേറ്റിംഗ് 9 ഓൺ 10
ഒരു രണ്ടാം ഭാഗത്തിനുള്ള വിത്തിട്ടിട്ടാണ് സംവിധായകൻ ഈ ചിത്രത്തിൽ നിന്നും തൽക്കാലം വിട വാങ്ങിയിരിക്കുന്നത്.
No comments:
Post a Comment