ഐ ആം എ ഹീറോ (2015)
Language : Japanese
Genre : Action | Comedy | Horror | Thriller
Director : Shinsuke Sato
IMDB : 6.9
I Am A Hero Theatrical Trailer
ഞാൻ ഹിഡിയോ സുസുകി. സ്‌കൂളിൽ വെച്ചു മികച്ച മാംഗാ കലാകാരനുള്ള സമ്മാനം ഒക്കെ ലഭിച്ച ഞാൻ എന്റെ ജീവിതത്തിൽ അത്ര കണ്ടു വിജയം നേടാനായില്ല. എന്റെ പേരിൽ ഒരു നായകൻ ഉണ്ടെങ്കിലും എന്റെ ആത്മവിശ്വാസക്കുറവും ഭീരുത്വവും എന്നെ എല്ലാത്തിലും നിന്ന് പിന്നോട്ട് വലിക്കുന്നു. എൻറെ ജോലിയിൽ സംതൃപ്തി തരാത്ത ശമ്പളവും എൻറെ ബന്ധങ്ങൾ പ്രത്യേകിച്ച് എന്റെ കാമുകിയും എന്നെ വെറുക്കുന്നു. എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസകഥാപാത്രമായി എത്ര നാൾ. എങ്ങിനെയും ജീവിതത്തിൽ വിജയിക്കണം എന്നും ഒരു നായകൻ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ സാധിക്കുന്നില്ല.
അങ്ങിനെ ഒരു നാൾ, എന്തോ അജ്ഞാതകാരണം കൊണ്ട് എന്റെ കാമുകിയും സഹപ്രവർത്തകരും എന്തിനു ഈ നാട്ടിലെ ജനങ്ങൾ മുഴുവൻ ഒരു മൃഗീയമനുഷ്യർ ആകുന്നു. നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ സോംബികൾ ആകുന്നു. എല്ലാവരിലും നിന്നും രക്ഷപെട്ടോടുന്ന എന്റെ കൈവശം ഒരു ഷോട്ട്ഗൺ മാത്രമേ ഉള്ളു. അത് മാത്രമേ എനിക്ക് രക്ഷയായി ഉള്ളൂ. രക്ഷപെട്ടോടുന്ന സമയം എന്റെ കൂടെ ഹിറോമി എന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടിയും കൂടെ കൂടുന്നു. ഇപ്പോൾ അവളുടെ ഉത്തരവാദിത്വവും എന്റെ ചുമലിൽ മാത്രം. ഞങ്ങൾക്ക് ഈ സോംബികളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ മൗണ്ട് ഫിജിയിൽ എത്തണം, അവിടെ ഈ വൈറസിന് രക്ഷപെടാൻ പറ്റില്ല. എന്റെ യാത്ര തുടങ്ങുകയാണ്. നിങ്ങളും എന്റെ യാത്രയുടെ സാഹസികത അറിയണമെങ്കിൽ ഐ ആം എ ഹീറോ എന്ന ചിത്രം കാണുക.
പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജാപ്പനീസ് കോമിക്കുകളിൽ നിറഞ്ഞു നിന്ന ഒരു വകഭേദം ആണ് മാംഗ. വിശ്വപ്രസിദ്ധമായ ഈ പ്രത്യേക ശൈലിയിലുള്ള അനിമേഷൻ കോമിക്കുകൾ അന്നും ഇന്നും ജാപ്പനീസ് സംസ്കാരത്തിൽ സൃഷ്ടിച്ച തരംഗം ഒന്ന് വേറെ തന്നെയാണ്. കെങ്കോ ഹനസാവാ എന്ന മാംഗാ കലാകാരൻ ജന്മം നൽകിയ ഐ ആം എ ഹീറോ എന്ന മാംഗാ സീരീസിന്റെ സിനിമാപതിപ്പാണ് അതെ പേരിലുള്ള ഈ ചിത്രം.
90 ശതമാനവും ക്ളീഷേകൾ ഒഴിവാക്കിയ ഒരു മനോഹരമായ സോംബി ത്രില്ലർ ആണീ ചിത്രം. അടുത്ത നടക്കാൻ പോകുന്നത് നമുക്ക് പ്രവചിക്കാൻ കഴിയുമെങ്കിലും, കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സീനുകൾ കൊണ്ട് സമ്പുഷ്ടമാണ് ഐ ആം എ ഹീറോ. ആ ക്രെഡിറ്റ് സംവിധായകനായ സാട്ടോയ്‌ക്ക് തന്നെ സ്വന്തം. മികച്ച രീതിയിൽ തന്നെ സീനുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ക്യാമറവർക്കും ആക്ഷനും സിജിഐയും മികച്ചു നിൽക്കുന്നു ഈ ചിത്രത്തിൽ. ടെക്ക്നിക്കലി ഒരു ബ്രില്യൻറ് അപ്പ്രോച് മൊത്തത്തിൽ ഉണ്ട്. സിനിമയ്ക്ക് നൂറു ശതമാനം യോജിക്കുന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൻറെ സംഗീതസംവിധായകനായ നിമ ഫക്രാര.
വികാരങ്ങളും പ്രണയവും നഷ്ടബോധവും ഭയവും ഹൊറർ എലമെന്റുകളും എല്ലാം വ്യക്തമായി തന്നെ കോർത്തിണക്കി ദൃശ്യവൽക്കരിച്ചതിനാൽ ഒരു സമ്പൂർണ ചിത്രം എന്ന് കൂടി പറയാം.
ഹിഡിയോ സുസുകി ആയി വേഷമിടുന്നത് യോ ഐസുമി, കാഥാപാത്രത്തിന്റെ ആവശ്യകത മനസിലാക്കി അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചു. ആക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിനൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും ഗൺഫൈറ്റിൽ മികച്ചു നിന്നു. കസമി അരിമുറ, മസാമി നാഗസാവ മുഖ്യ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവർ തങ്ങളുടെ നല്ല രീതിയിൽ ചെയ്തു പ്രതിഫലിപ്പിച്ചു. ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു ഘടകം എന്നത് സോംബികളെ അവതരിപ്പിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്, ഒരു കുറ്റവും കണ്ടുപിടിക്കാൻ കഴിയില്ല.
സോംബി ചിത്രങ്ങളിലെ ഒരു നവീന രത്നം ആണ് ഐ ആം എ ഹീറോ.
എൻറെ റേറ്റിംഗ് 8.2 ഓൺ 10
No comments:
Post a Comment