കൊളൈഡ് (2016)
Language : English | German
Genre : Action | Crime | Thriller
Director : Eran Creevy
IMDB : 5.7
Collide Theatrical Trailer
ചില സിനിമകൾ ക്രിട്ടിക്കുകൾക്കു തീരെ ഇഷ്ടപ്പെടുകയില്ല, ഐഎംഡിബിയിലും മോശം റേറ്റിങ് ആയിരിക്കും, അത് സാധാരണ നമ്മൾ ഒഴിവാക്കുകയാണ് പതിവ്. ഏറാൻ ക്രീവി സംവിധാനം ചെയ്ത വെൽക്കം റ്റു ദി പഞ്ച് എനിക്കൊരു പരിധി വരെ ഇഷ്ടപ്പെട്ട ചിത്രമാണ്. അതിനു ശേഷം അദ്ദേഹം ഉയർന്നു വരുന്ന താരം നിക്കോളാസ് ഹോൾട്ടിനെ നായകനാക്കി ചെയ്ത ചിത്രമാണ് കൊളൈഡ്. ഇതിഹാസതാരം ആന്തണി ഹോപ്കിൻസ്, ബെൻ കിങ്സ്ലി, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയ സ്റ്റാർ വാർസ് റോഗിലെ നായിക ഫെലിസിറ്റി ജോൺസ് തുടങ്ങിയ വലിയ പേരുകൾ കൂടി ഈ ചിത്രത്തിലുള്ളത് കൊണ്ട് കാണാമെന്നു തീരുമാനിച്ചു. വെറുതെ ട്രെയിലർ കണ്ടപ്പോഴും മോശമാകില്ല എന്ന് കരുതി.
കേസി, അല്ലറ ചില്ലറ തരികിട പരിപാടിയുമായി ജർമനിയിൽ ജീവിക്കുന്ന ഒരു അമേരിക്കൻ പൗരനാണ്. തുർക്കിക്കാരനായ ഗെറാനു വേണ്ടി മയക്കുമരുന്ന് ആളുകളിൽ എത്തിച്ചു കൊടുക്കലാണ് പ്രധാന ജോലി. കൂടെ മത്തയാസമുണ്ട്. ഒരു ക്ലബിൽ വെച്ചു ജർമനിയിലെ അമേരിക്കക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിജൂലിയറ്റിനെ കാണുകയും ഉള്ളിൽ അനുരാഗം മൊട്ടിടുകയും ചെയ്യുന്നു. ജൂലിയറ്റ് നിർദേശപ്രകാരം ഗെറാനൊത്തുള്ള മയക്കുമരുന്നു കച്ചവടം നിർത്തി ഒരു ചെറിയ ജോലി ചെയ്യുന്നു. പക്ഷെ, വിധി അവരെ വേട്ടയാടിയത് ജൂലിയറ്റിന്റെ കിഡ്‌നിയിലൂടെയാണ്. ചികിത്സക്ക് വേണ്ടി പണമില്ലാതെ വിഷമിക്കുന്ന കെസി, ഗെറാന്റെ നിർദേശപ്രകാരം ഹാഗൻ എന്ന ജർമ്മൻ ബിസിനസ്/അണ്ടർവേൾഡ് തലവന്റെ മയക്കുമരുന്നു കടത്തുന്ന ലോറി കടത്തുവാൻ മെത്തയാസിന്റെ കൂടെ പദ്ധതിയിടുന്നു. പിന്നീട് സംഭവിക്കുന്നതെല്ലാം കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ പോകുന്നു.
ഉള്ളത് പറഞ്ഞാൽ, എനിക്ക് ഈ ചിത്രം ഇഷ്ടായി. കാർ ചേസുകളും ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ് കൊളൈഡ്. കഥയെക്കാളുപരി ആക്ഷൻ സീനുകൾക്കും കാർ ചേസുകൾക്കും തന്നെയാണ് ചിത്രം പ്രാധാന്യം കൊടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആ ജോൺറേയോട് നീതി പുലർത്തുന്നുമുണ്ട്. അദ്ദേഹത്തിൻറെ മുൻസിഹ്റിഹരവുമായി തട്ടിച്ചു നോക്കിയാൽ സാങ്കേതികപരമായി അല്പം മുന്നിട്ടു നിൽക്കുന്നുണ്ട് കൊളൈഡ്. അത്യാവശ്യം വേഗതയാർന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് എഡ് വൈൽഡ് ആണ്. നന്നായി തന്നെ അദ്ദേഹത്തിൻറെ ജോലി നിർവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ചിത്രങ്ങൾക്ക് പൊതുവെ സംഗീതം കൊടുക്കാറുള്ള ഇലാൻ ഏഷ്ക്കരി ആണ് ഈ ചിത്രത്തിൻറെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന സംഗീതം ചിത്രവുമായി നല്ല ചേർച്ചയുമുണ്ടായിരുന്നു. കുറെയധികം സംഭാഷണങ്ങൾ ജർമ്മൻഭാഷയിലുമുണ്ടായിരുന്നും, അതിനെല്ലാം സബ്ടൈറ്റിൽ കൊടുത്തത് കൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.
നിക്കോളാസ് ഹോൾട്ടിന് താങ്ങുന്നതിനും മേലെയായിരുന്നു കെസി എന്ന കഥാപാത്രമെങ്കിലും അദ്ദേഹം സമചിത്തത പാലിച്ചു കൈകാര്യം ചെയ്തു. ജൂലിയറ്റിനെ അവതരിപ്പിച്ച ഫെലിസിറ്റിക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബെൻ കിങ്സ്ലി, നല്ല രസമുള്ള ഒരു റോൾ ചെയ്തു. തുർക്കിഷ് ഡ്രഗ് ഏജന്റായ ഗെറാനെ ആണദ്ദേഹം അവതരിപ്പിച്ചത്. ആന്തണി ഹോപ്കിൻസ്, ഒരു ചെറിയ റോൾ കിട്ടിയാൽ തന്നെ അഭിനയിച്ചു തകർക്കും, ആ അഭിപ്രായത്തിനു ഈ പ്രായത്തിലും കോട്ടം തെറ്റിയിട്ടില്ല. ക്രൂരതയുടെ വേറൊരു തലത്തിലൂടെ ആണ് അദ്ദേഹം ഇതിൽ അഭിനയിച്ചു ഫലിപ്പിച്ചത്.
അധികം ഒന്നും പ്രതീക്ഷ വെയ്ക്കാതെയും തലച്ചോറിന് അല്പം വിശ്രമം നൽകിയും 99 മിനുട്ടുള്ള ഈ ചിത്രം നിങ്ങൾ കണ്ടാൽ ഇഷ്ടപ്പെടും എന്നത് തീർച്ച.
എന്റെ റേറ്റിംഗ് 7.1 ഓൺ 10
No comments:
Post a Comment