Cover Page

Cover Page

Wednesday, February 1, 2017

228. Raees (2017)

റയീസ് (2017)



Language : Hindi
Genre : Action | Crime | Drama | Thriller
Director : Rahul Dholakia
IMDB : 7.9


Raees Theatrical Trailer


ചിത്രം അനൗൺസ് ചെയ്ത മുതൽക്കു തന്നെ ഷാരൂഖ് ഖാൻ ഫാൻസിനിടയിലും പ്രേക്ഷകർക്കിടയിലും ഒരു ഓളം സൃഷ്ടിക്കാൻ കഴിഞ്ഞ ചിത്രമാണ് റയീസ്. അബ്ദുൽ ലത്തീഫ് എന്ന ക്രിമിനലിൻറെ ജീവിതകഥ ആണ് സിനിമയാക്കുന്നത് എന്ന ഒരു കിംവദന്തി ആദ്യം പരന്നിരുന്നെങ്കിലും അതെല്ലാം സിനിമാവക്ത്താക്കൾ നിഷേധിച്ചിരുന്നു. അതിനാൽ ഇതൊരു സ്വതന്ത്ര സിനിമയായി കണക്കാക്കാം. ക്രിട്ടിക്കുകൾ വാഴ്ത്തിയ പർസാനിയ എന്ന ചിത്രത്തിന് ശേഷം രാഹുൽ ധോലാക്യ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റയീസ്. ഷാരൂഖ് ഖാനു പുറമെ, നവാസുദ്ധീൻ സിദ്ദിഖി പാകിസ്ഥാനി സീരിയൽ നടി മാഹിറ ഖാൻ, മുഹമ്മദ് സീഷാൻ അയൂബ്, അതുൽ കുൽക്കർണി, നരേന്ദ്ര ജാ തുടങ്ങി ഒരു നീണ്ട നിര തന്നെ സിനിമയിൽ വേഷമിട്ടിട്ടുണ്ട്. രാം സമ്പത് സംഗീതം നിർവഹിച്ചിരിക്കുന്നു.

മദ്യം നിരോധിത സംസ്ഥാനമായ ഗുജറാത്തിലെ റയീസ് എന്ന ഒരു കള്ളുകച്ചവടക്കാരൻറെ ഉയർച്ചയുടെയും താഴ്ചയുടെയും കഥയാണ് റയീസ് എന്ന് തന്നെ പേരുള്ള ഈ ചിത്രം പറയുന്നത്. 

ടൈറ്റിൽ റോളിൽ വന്ന ഷാരൂഖ് ഖാൻ, നഷ്ടപ്പെട്ട നടൻ എന്നുള്ള പ്രതാപം തിരിച്ചു പിടിക്കാനായി ഫാനിലൂടെ ശ്രമിക്കുകയും റയീസിലൂടെ പൂർത്തീകരിക്കുകയും ചെയ്തു. വളരെ മികച്ച പ്രകടനം തന്നെയായിരുന്നു എന്നെനിക്ക് നിസംശയം പറയാൻ കഴിയും. ഇമോഷനൽ സീനുകളിലും കലിപ്പ് സീനുകളിലും   അദ്ദേഹം മസാലപ്പടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു മുൻപുള്ള ഷാരൂഖിനെ കാണുവാൻ സാധിച്ചു. ആക്ഷൻ രംഗങ്ങളിലും മികവ് പുലർത്തി.
നവാസുദ്ധീൻ സിദ്ദിഖിയും തൻറെ കഥാപാത്രത്തെ മികച്ചതാക്കി, പക്ഷെ, അദ്ദേഹത്തിൻറെ സ്‌ക്രീൻസ്‌പേസ് വളരെ കുറവായിരുന്നു, പ്രത്യേകിച്ച് രണ്ടാം ഭാഗത്തിൽ.
സാദിഖ് എന്ന റയീസിന്റെ സുഹൃത്തും സന്തതസഹചാരിയെയും അവതരിപ്പിച്ച മുഹമ്മദ് സീഷാൻ തന്റേതായ ഒരു മുദ്ര പതിപ്പിക്കാൻ കഴിഞ്ഞു. 
നായികയെ അവതരിപ്പിച്ച മാഹിറ ഖാൻ, ഒരു പുതുമുഖ നടിയുടെ അങ്കലാപ്പുകൾ ഇല്ലാതെ തന്നെ ചെയ്തു തീർത്തു. ഒരു നായികയ്ക്ക് വേണ്ട സൗന്ദര്യവും ലുക്കും ഇല്ലായെന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നു. ഭാരതത്തിലെന്താ നടിമാർ ഒന്നുമില്ലായിരുന്നുവോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു. 
അതുൽ കുൽക്കർണിയും തന്റെ കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. നിരവധി കഥാപാത്രങ്ങൾ ചിത്രത്തിലൂടെ മിന്നി മറഞ്ഞു പോകുന്നുണ്ട്, അവർ എല്ലാവരും മോശം പറയിക്കാത്ത രീതിയിൽ തന്നെ അഭിനയിച്ചു, തങ്ങളുടെ ഭാഗം പൂർത്തീകരിച്ചു.

കഥാകൃത്തുകളിൽ രാഹുൽ ധോലാക്യ കൂടാതെ മൂന്നു പേർ കൂടി ഉണ്ടായിരുന്നു. കുഴപ്പമില്ലാത്ത കഥയായിരുന്നുവെങ്കിലും, ഒരു മികച്ച തിരക്കഥ ഇല്ലാതെ പോയത് ഒരു പോരായ്മ തന്നെയാണ്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കൈവിട്ട രീതിയിൽ  ക്ളൈമാക്സിനോടടുപ്പിച്  പഴയ ഊർജ്ജം തിരിച്ചെടുത്തു. അനാവശ്യമായി തിരുകി കയറ്റിയ പാട്ടുകൾ ആയിരുന്നു വേറൊരു പോരായ്മ. ചില പാട്ടുകളുടെ ആവശ്യകത ഉണ്ടോ എന്ന് തോന്നി പോവും. ആക്ഷൻ സീനുകൾ ചിലതു കൊള്ളാമായിരുന്നുവെങ്കിലും, സ്പൈഡർമാൻ ബാധ ഷാരൂഖിനെ പിടികൂടിയിരുന്ന കാരണം ചിലന്തി വലിഞ്ഞു കയറുന്ന മാതിരിയാണ് കെട്ടിടങ്ങൾ കയറിയത് (പാർകൗർ ടെക്നിക്)   പിന്നെ പറന്നും.. അതൊക്കെ ഒഴിവാക്കിയിരുന്നെങ്കിൽ ഒരു മികച്ച ആക്ഷൻ സീനുകൾ ഉണ്ടാകുമായിരുന്നു. ലോജിക്കുകൾ ചിലയിടത്ത് സംവിധായകൻ മറന്നു പോയി എന്ന് തോന്നും.
പശ്ചാത്തല സംഗീതം, ഒരു രക്ഷയുമില്ലായിരുന്നു. കഥയോടും സിനിമയോടും ഇഴുകി ചേർന്നുള്ള പശ്ചാത്തല സംഗീതം. രാം സമ്പത് ആണോ ചെയ്തതെന്നറിയില്ല. എന്തായാലും പാട്ടുകളേക്കാൾ മികച്ചു നിന്ന സംഗീതം ആയിരുന്നു പശ്ചാത്തലത്തിൽ ഉപയോഗിച്ചതെന്നത് ചിത്രത്തിൻറെ ആഖ്യാനത്തെ കുറെയൊക്കെ സഹായിച്ചു.
രാം സമ്പത്തിന്റെ പാട്ടുകൾ തരക്കേടില്ല എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ. സാലിമാ രസമുണ്ടായിരുന്നു കേൾക്കാൻ, പക്ഷെ അനവസരത്തിൽ ഉപയോഗിച്ചു ശരിക്കും ആ പാട്ട് സിനിമക്ക് ആവശ്യമില്ലായിരുന്നു താനും.

റയീസ് എന്ന കഥാപാത്രം നായകനാണോ വില്ലനാണോ എന്ന ഒരു ചോദ്യം പ്രേക്ഷകർക്ക് വിട്ടു കൊടുത്തിട്ടാണീ ചിത്രം അവസാനിക്കുന്നത്.

ഒരു സാധാരണ പ്രേക്ഷകന് ഒരു തവണയും ഡൈ ഹാർഡ് ഷാരൂഖ് ഖാൻ ഫാനിനു തിമിർക്കാനും പറ്റിയ സിനിമ ആണ് റയീസ്. കുറച്ചു കൂടി മികച്ച കെട്ടുറപ്പും അതിനൊത്ത മികച്ച സംവിധാനം ഉണ്ടായിരുന്നുവെങ്കിൽ ഒരു ക്ലാസ്-മാസ് ചിത്രമായി മാറിയേനെ...

എൻറെ  റേറ്റിങ് : 7.0/10.0

No comments:

Post a Comment