ഏലിയൻ (1979)
Language : English
Genre : Fantasy | Horror | Sci-Fi | Thriller
Director : Ridley Scott
IMDB : 8.5
Alien Theatrical Trailer
അവസാനം എങ്ങിനെ ആയിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ഒരു സിനിമ കാണുക, അതും ആവേശഭരിതമായ അന്തരീക്ഷമുള്ള സിനിമ യാതൊരു മടുപ്പും കൂടി കാണുവാൻ കഴിയുക ചില സിനിമകളുടെ പ്രത്യേകത ആണ്. വളരെ നാളായി എന്റെ കയ്യിൽ ഉണ്ടായിരുന്ന ചിത്രവും കാണാൻ കഴിയാഞ്ഞ ഒരു ചിത്രവുമാണ് റിഡ്‌ലി സ്‌കോട്ട് എന്ന അതികായൻ സംവിധാനം ചെയ്ത ചിത്രമാണ് ഏലിയൻ. ഡാൻ ഓ ബന്നൻ റൊണാൾഡ് ഷൂസെറ്റ് എഴുതിയ കഥയ്ക്ക് ഡാൻ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെറി ഗോൾഡ്‌സ്മിത്ത് സംഗീതം നിർവഹിച്ചിരിക്കുന്നു. ക്രിട്ടിക്കുകളുടെ ഇടയിലും പ്രേക്ഷകരുടെ ഇടയിലും ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിൻറെ ക്യാമറ ചലിപ്പിച്ചത് ഡെറിക് വാൻലിറ്റ് ആണ്.
ഏഴു പേരടങ്ങുന്ന നൊസ്ട്രോമോ എന്ന വാണിജ്യ ബഹിരാകാശ പേടകം അവരുടെ ദൗത്യം പൂർത്തീകരിച്ചു മടങ്ങുന്ന യാത്രയിലാണ്. യാത്രാമദ്ധ്യേ ദുരൂഹത നിറഞ്ഞ ഒരു ട്രാൻസ്മിഷൻ അടുത്തുള്ള ചെറുഗ്രഹത്തിൽ നിന്നും അവർക്കു കിട്ടുന്നു, കമ്പനിയുടെ പ്രോട്ടോകോൾ അനുസരിച്ചു അവിടെ എന്താണെന്ന് അന്വേഷിക്കാതെ അവർക്കു മടങ്ങാൻ ആവില്ല. അതിനാൽ അവർ ആ ചെറിയ ഗ്രഹത്തിൽ ഇറങ്ങുന്ന സമയത്ത് അവരുടെ പേടകത്തിന് ചെറിയ കേടുപാടുകൾ സംഭവിക്കുന്നു. സിഗ്നൽ എവിടെ നിന്നും വരുന്നതെന്നറിയാൻ അന്വേഷിച്ചിറങ്ങുന്ന അവർ കാണുന്നത് ഒരു ഏലിയൻ പേടകം ആണ്. അവിടെ നിന്നും അവരുടെ കൂടെ ഒരു ജീവിയും പേടകത്തിൽ കയറിപ്പറ്റുന്നു. അതീവ അപകടകാരിയായ ആ ഏലിയൻ പേടകത്തിലുള്ള ക്രൂ മെമ്പറെ ഓരോരുത്തർ ആയി വേട്ടയാടാൻ ആരംഭിക്കുന്നു. കഥാനായികയായ റിപ്ലിയും കൂട്ടരും എങ്ങിനെ ആ അന്യഗ്രഹജീവിയെ നേരിടുന്നു എന്നതാണ് കഥാസാരം.
സിഗോർണി വീവർ ആണ് പ്രധാന കഥാപാത്രമായ റിപ്ലി എന്ന വാറണ്ട് ഓഫീസറിനെ അവതരിപ്പിക്കുന്നത്. വെറും രണ്ടു സിനിമ മാത്രം അഭിനയിച്ച സിഗ് ആദ്യമായാണ് ഒരു നായികാ വേഷത്തിൽ എത്തുന്നത്. ഒരു പുതുമുഖമെന്ന വേവലാതി ഒന്നും തന്നെയില്ലാതെ മികച്ച രീതിയിൽ അവർ അഭിനയിച്ചു.
അല്പം സ്റ്റാർവാല്യൂ ഉണ്ടായിരുന്ന നടൻ ടോം സ്‌കേറീട് ആണ് ഡാലസ് എന്ന ക്യാപ്റ്റനെ അവതരിപ്പിച്ചത്. സ്ക്രീൻ സ്പേസ് അത്ര ഉണ്ടായിരുന്നില്ല എങ്കിലും ഉള്ള സമയത്തു അദ്ദേഹം തന്റെ വേഷം നന്നായി തന്നെ ചെയ്തു.
ഹാരി ദീൻ, ജോൺ ഹർട്ട്, വെറോണിക്ക, ഇയാൻ ഹോം, യാഫെത് കോട്ടോ, ബോലായി ബഡഹോ തുടങ്ങിയവർ മറ്റുള്ള വേഷങ്ങൾ അവതരിപ്പിച്ചു.
അവസാന എഴുപതുകളിൽ ഉണ്ടായിരുന്ന സാങ്കേതിക വിദ്യകളുടെ പരിമിതിക്കുള്ളിൽ നിന്നും തയാറാക്കിയ ഒരു ചിത്രമാണ് ഏലിയൻ. പൂർണമായും സെറ്റും ഗ്രാഫിക്‌സും ഉപയോഗിച്ച ലോക്കെഷനും കഥാസന്ദർഭവും ആയിരുന്നു ഏലിയൻ എന്ന ചിത്രത്തിലേത്. ഏലിയൻറെ രൂപകൽപന അക്കാലത്തു വളരെയധികം പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത ഒന്നുമായിരുന്നു. ഗ്രാഫിക്സ് അക്കാലത്തെ പരിമിതി വെച്ച് നോക്കിയാൽ മികച്ചു നിന്ന ഒന്ന് തന്നെയായിരുന്നു. ഇന്നത്തെ മിക്ക ഹൊറർ സിനിമകളിലും കാണുന്ന തരം ജംപ് സ്‌കെയർ തന്നെയായിരുന്നു എലിയനിലും ഉപയോഗിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ ഡാർക് ഫിൽറ്ററുകൾ ഉപയോഗിച്ചിരുന്നത് കൊണ്ട് പൂർണമായും ഒരു ഹൊറർ ചിത്രത്തിൻറെ പ്രതീതി നൽകി. ഭയം അത്ര കണ്ടു ജനിപ്പിച്ചില്ല എങ്കിലും ഒരു ഡാർക് മൂഡ് നല്ല രീതിയിൽ നില നിർത്തി. ജെറി ഗോൾഡ്‌സ്മിത്തിൻറെ സംഗീതം അത് നില നിർത്താൻ വളരെയധികം സഹായകവുമായിരുന്നു. ക്യാമറവർക്ക് മികച്ചു നിന്നു. റിഡ്‌ലി സ്കോട്ടിന്റെ സംവിധാനത്തെ പറ്റി അധികം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.. ആഖ്യാന ശൈലിയിൽ അദ്ദേഹത്തിൻറെ സമീപനം എപ്പോഴും മികച്ചത് തന്നെയാണ്. ഇവിടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. നല്ല വേഗതയാർന്നതും ഉദ്യോഗജനകവുമായിരുന്നു അദ്ദേഹത്തിന്റെ ആഖ്യാനം, അത് കൊണ്ട് തന്നെ ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ മുൻപോട്ടു കൊണ്ട് പോകാൻ കഴിയുന്നുണ്ട്.
വെറും അക്കാലത്തെ 11 മില്യൺ ഡോളർ (ഇന്നത്തെ 37 മില്യൺ) മുടക്കുമുതൽ മാത്രമുണ്ടായിരുന്ന ഏലിയൻ ഏകദേശം 204 മില്യൺ ഡോളറോളം (684 മില്യൺ ഡോളർ) ലോകമാകമാനം സമാഹരിച്ചു ഒരു ബ്ലോക്ക്ബസ്റ്റർ ചിത്രമായി മാറി.
മൊത്തത്തിൽ നാലു ഭാഗത്തോളം ഇത് വരെ ഏലിയൻ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഏലിയൻസ് 2 ജെയിൻസ് കാമറൂണും ഏലിയൻസ് 3 ഡേവിഡ് ഫിഞ്ചറും നാലാം ഭാഗം ജോൺ പിയർ യൂനാട്ടും ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ചാം ഭാഗത്തിന്റെ എഴുത്തു ജോലികൾ ആരംഭിച്ചു എന്നാണു കേൾക്കാൻ കഴിഞ്ഞത്.
എൻറെ റേറ്റിംഗ് 8 ഓൺ 10
No comments:
Post a Comment