Cover Page

Cover Page

Saturday, February 11, 2017

231. Asura : The City Of Madness (2016)

അസുര : ദി സിറ്റി ഓഫ് മാഡ്നെസ് (2016)



Language : Korean
Genre : Action | Crime | Drama
Director : Kim Sung-So
IMDB : 6.5

Asura The City Of Madness Theatrical Trailer


വില്ലന്മാർ എല്ലാ സിനിമയിലും ഉണ്ടാവും അതെ മാതിരി ആ സിനിമയിൽ വില്ലനെതിരെ പടവാളോങ്ങി  നായകനും ഉണ്ടാവും. എന്നാൽ അസുര ദി സിറ്റി ഓഫ് മാഡ്നെസ് എന്ന ഈ ക്രൈം ഡ്രാമ ത്രില്ലറിൽ തുടക്കം മുതൽ ഒടുക്കം വരെ നമ്മെ ചോദിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്, "ആരാണ് നായകൻ? ആരാണ് വില്ലൻ?" ഈ സിനിമയെ പറ്റി പറഞ്ഞാൽ എല്ലാവരും വില്ലന്മാർ തന്നെയാണ്. ഒരു നാട്, അവിടെ മൊത്തം വില്ലന്മാർ. അവിടുത്തെ അവസ്ഥ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. എത്ര നല്ലവൻ ആയ മനുഷ്യൻ ആയാലും അവന്റെ ഉള്ളിൽ ഒരു മൃഗം ഉറങ്ങികിടപ്പുണ്ട് എന്ന് പറയുന്നത് എത്ര സത്യമാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അത് സട കുഴഞ്ഞു എഴുന്നേൽക്കുക തന്നെ ചെയ്യും. അസുര എന്ന ചിത്രത്തിലൂടെ കൊറിയൻ രാഷ്ട്രീയ വ്യവസ്ഥയും അഴിമതിയും അക്രമവും അനാവരണം ചെയ്യുകയാണ് സംവിധായകൻ ആയ കിം സുങ് സൊ.

അന്നം, എന്ന കൊറിയയിലെ ഒരു കാല്പനിക നഗരം, അവിടുത്തേ മേയർ ക്രൂരനും അഴിമതിക്കാരനായ പാർക്ക് സുങ് ബേ ആണ്. ഏകാധിപതി എന്ന രീതിയിൽ ആണ് ആ നഗരം ഭരിക്കുന്നത്. ഭൂരിഭാഗം ആളുകളും അയാളുടെ കാൽക്കീഴിൽ തന്നെയാണ്, തന്റെ ഇച്ഛാഭംഗം വരുത്തുന്നവരെ, അല്ലെങ്കിൽ തന്റെ വഴിയിൽ കുറുക്കു വരുന്നവരെ ഒന്നുകിൽ കാശെറിഞ്ഞു തൻറെ വരുതിയിലാക്കുക അല്ലെങ്കിൽ വക വരുത്തുക. അതിനു സിറ്റിയിലെ പോലീസും മേലാധികാരികൾ എല്ലാം കൂട്ടുണ്ട് അയാൾക്ക്. എന്നാൽ അയാൾക്കെതിരെ പ്രവർത്തിക്കുന്നവരും പോലീസിനിടയിൽ ഉണ്ട്. അയാളെ ഏതു വിധേനയും കുടുക്കണം എന്ന് മാത്രം മനസ്സിൽ വിചാരിച്ചു നടക്കുന്നവർ. പാർക്കിനെ വലയിലാക്കാൻ അവർ ഏതറ്റവും ഏതു ദുഷ്ടമുറയും ഉപയോഗിക്കും.
ഇവിടെ, ഒരു കുറ്റവാളിയായ പോലീസ് ഓഫീസർ ചെകുത്താനും കടലിനും ഇടയിൽ പെടുന്നതാണു കഥ. അയാൾക്ക് ഏതു ഭാഗത്തിന് പിന്തുണ പ്രഖ്യാപിക്കണം എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവസ്ഥയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.

ഒരു മികച്ച കഥ, ഇത്തിരി കൺഫ്യൂസിങ് (മനപൂർവം) ആയിട്ട് തന്നെ ആഖ്യാനിച്ചിരിക്കുന്നു. നായകസങ്കൽപം ഒരർത്ഥത്തിൽ പൊളിച്ചെഴുതി ഇരിക്കുന്നുവെന്നു പറയാം.  പ്രേക്ഷകന് നായകൻ ആരാണ് വില്ലൻ ആരാണ് എന്ന കൺഫ്യൂഷനും ആരെ മനസ്സാൽ പിന്തുണക്കണമെന്നും അറിയാതെ കുഴക്കി വിടുന്നു. മികച്ച ക്യാമറവർക്കും ലൈറ്റിങ്ങും വിഎഫ്എക്സ്ഉം ആണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. ഒരു ഡാർക് ഷേഡ് എപ്പോഴും നില നിർത്തി ചിത്രത്തിൻറെ മൂഡ് അങ്ങിനെ തന്നെ നിലനിർത്തി. പശ്ചാത്തല സംഗീതം മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ, എനിക്ക് വ്യക്തിപരമായ വളരെയധികം ഇഷ്ടപ്പെട്ട സംഗീതം ആയിരുന്നു. കാസ്റ്റിംഗ് മികച്ചു നിന്നുവെന്നും പറയാം, ഓരോ കഥാപാത്രത്തിനും വേണ്ട രീതിയിൽ തന്നെ നടന്മാരെ കാസ്റ് ചെയ്തിരിക്കുന്നു. ആക്ഷൻ സീനുകൾ, സ്ഥിരം കൊറിയൻ ചിത്രങ്ങളിൽ കാണുന്നത് പോലെ ഭീകരവും, രക്തച്ചൊരിച്ചിൽ കൂടുതലുള്ളവയുമായിരുന്നു, അത് കൊണ്ട് ലോലഹൃദയന്മാർ ഈ ചിത്രം ഒഴിവാക്കുന്നതാണ് നല്ലത്, മറിച്ചു വൾഗർ ആക്ഷൻ ഇഷ്ടമുള്ളവർക്ക് ഇതൊരാഘോഷവുമായിരിക്കും.  ഫിനാലെ സീനുകൾ എല്ലാം മികച്ചു നിന്ന്. ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ചിലതൊക്കെ നമുക്ക് പ്രവചിക്കാൻ കഴിയുമെങ്കിലും, ഭൂരിഭാഗവും അടുത്തു സംഭവിക്കാൻ പോകുന്ന സീനുകൾ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ലായെന്നതാണ്. അതിനാൽ മുൻപോട്ടു കാണുന്നതിൽ നമ്മെ താല്പരരുമാക്കും.

കൊറിയൻ സിനിമാ ഇന്ഡസ്ട്രിയിലെ അതികായന്മാർ ആണ് ചിത്രത്തിലെ പ്രധാന റോളുകൾ എല്ലാം തന്നെ ചെയ്തിരിക്കുന്നത്. ജുങ് വൂസുങ് ദുഷിച്ച പോലീസ് ഓഫിസർ ഹാൻടൂ ക്യൂങ്ങിനെ അവതരിപ്പിക്കുന്നു. മികച്ച അഭിനയം ആയിരുന്നു കാഴ്ച വെച്ചത്. രണ്ടു കൂട്ടരുടെ ഇടയിൽ പെട്ട് പോകുമ്പോൾ നിസഹായനായി നിൽക്കേണ്ടി വരുന്ന സന്ദർഭങ്ങൾ എല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു. ഹ്വാങ് ജാമിൻ, വളരെ ക്രൂരനായ മേയർ പാർക്കിനെ അവതരിപ്പിച്ചു. ദുഷ്ടത കണ്ണിലും പ്രവർത്തിയിലും കൊണ്ട് വരാൻ അദ്ദേഹത്തിന് പൂർണമായും കഴിഞ്ഞു. ക്വക് ഡോ വോൻ, ജ്യൂ ജി ഹാൻ, ജുങ് മാൻ സിഖ് പ്രധാനമായ റോളുകൾ വളരെ അനായാസകരമായി ചെയ്തു. ഇവരിൽ നാല് പേരിൽ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നതെങ്കിലും നിരവധി കഥാപാത്രങ്ങൾ തിരശീലയിൽ മിന്നി മറഞ്ഞു അവരുടേതായ പങ്കു മനോഹരമായി നിറവേറ്റിയിട്ടുണ്ട്.

ഒരു വയലൻറ് ആക്ഷൻ ജോൺറെയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു ചിത്രമാണ് അസുര.  നിങ്ങൾകീ വിഭാഗം ഇഷ്ടമാണെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്.

എൻറെ റേറ്റിങ് 7.7 ഓൺ 10




No comments:

Post a Comment