കട്ടപ്പനയിലെ ഋഥ്വിക് റോഷൻ (2016)
Language : Malayalam
Genre : Comedy | Drama
Director : Nadirsha
IMDB :7.6
Kattapanayile Rithvik Roshan Theatrical Trailer
അമർ അക്ബർ ആന്തണിയ്ക്കു ശേഷം നാദിർഷാ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നാട്ടിൽ നല്ല രീതിയിൽ കളക്ഷൻ നേടിയത് കൊണ്ടാവും പെട്ടെന്ന് തന്നെ ഇവിടെ ഗൾഫിലും റിലീസ് ആയി.
സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയ കൃഷ്ണൻ എന്ന കിച്ചുവിന്റെ അഭിലാഷങ്ങൾ നർമത്തിൽ പൊതിഞ്ഞു ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കിച്ചുവായി വേഷമിട്ടത് വിഷ്ണു ഉണ്ണികൃഷ്ണൻ ആണ്. അക്ഷരാർത്ഥത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സംഭാഷണശൈലിയും, നർമ്മങ്ങളും, വൈകാരികപ്രകടങ്ങളിലും വിഷ്ണു മികച്ചു നിന്നുവെന്നു തന്നെ പറയാം. ധർമജൻ ബോൾഗാട്ടിയുടെ ദാസപ്പൻ എന്ന കിച്ചുവിന്റെ സുഹൃത്തും സന്തതസഹചാരിയും മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. തീയറ്റർ ആകെയും ഇളകി മറിയാനുള്ള ഡയലോഗുകൾ അദ്ദേഹത്തിൻറെ കയ്യിൽ സമ്പന്നമായിരുന്നു. സന്തോഷവും സന്താപവും അവതരിപ്പിക്കുന്നതിൽ ധർമജൻ യാതൊരു പിശുക്കും കാട്ടിയില്ല. നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ധർമജൻ നാളെയുടെ ഒരു വാഗ്ദാനം എന്ന് തന്നെ പറയാം.
സലീം കുമാർ, വളരെക്കാലത്തിനു ശേഷം പണ്ടുള്ള തമാശക്കാരന്റെ മിന്നായം കാണുവാൻ കഴിഞ്ഞു. പഴയ കഥാപാത്രങ്ങൾ ഒക്കെ താരതമ്യം ചെയ്‌താൽ സലിം കുമാർ അത്ര മികച്ചു നിന്നില്ലെങ്കിലും, വളരെ കാലം അദ്ദേഹത്തിനു നഷ്ടപ്പെട്ട ആ നർമം തിരിച്ചു കൊണ്ട് വന്നതിനു നാദിർഷായ്ക്ക് നന്ദി. സിദ്ദിഖ് തന്റെ റോൾ, എപ്പോഴത്തെയും പോലെ തകർത്തഭിനയിച്ചു. ഷാജോൺ, ചെറുതായിരുന്നുവെങ്കിലും മികച്ച അഭിനയപ്രകടനം തന്നെ നടത്തി.
നായികമാരിൽ ഒരാളായി പ്രയാഗ അഭിനയിച്ചു. സുന്ദരിയായി തോന്നിയെങ്കിലും, അഭിനയം ഒരു ഏച്ചുകെട്ടലായി തോന്നി. രണ്ടാമത്തെ നായികയെ അവതരിപ്പിച്ച ലിജോമോൾ നന്നായി തന്നെ അവതരിപ്പിച്ചു എന്നാണു എന്റെ പക്ഷം.
സീമ ജി നായർ, സിജു വിത്സൺ, പ്രദീപ് കോട്ടയം, സ്വാസിക, ജാഫർ ഇടുക്കി തുടങ്ങിയ നിരവധി താരങ്ങൾ കഥാപാത്രങ്ങൾ തിരശീലയിൽ വന്നു പോയിക്കൊണ്ടിരുന്നു. ആരുടേയും അഭിനയം മോശം എന്ന് പറയാൻ കഴിയില്ല.
വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിന്റെ തിരക്കഥയും നാദിർഷായുടെ സംവിധാനവും തന്നെയാണ് ഈ ചിത്രത്തിൻറെ മികച്ചതായി നിൽക്കുന്നത്. നാദിർഷാ എന്ന സംവിധായകൻ, അമർ അക്ബർ ആന്റണിയിൽ നിന്നും ഒത്തിരി ദൂരം മുൻപോട്ടു വന്നിരിക്കുന്നു എന്ന് ഈ സിനിമ കണ്ടാൽ നിസംശയം പറയാൻ കഴിയും. ഓരോ ചെറിയ ഡീറ്റെയിലിങ് വരെ അദ്ദേഹം മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും ഇടവിടാതെ കൗണ്ടറുകളും തമാശകളും വന്നു കൊണ്ടിരുന്നത് തന്നെ ചിത്രത്തിൻറെ ആസ്വാദനതലത്തെ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം നിർവഹിച്ച ബിജിബാൽ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ശാംദത്ത് നിർവഹിച്ച ഛായാഗ്രാഹണം നന്നായിരുന്നു. കട്ടപ്പനയുടെ സൗന്ദര്യം ഒന്നും ഒപ്പിയെടുക്കാനുള്ള സമയം സ്ക്രിപ്ട് കൊടുത്തില്ലായെന്നു തോന്നുന്നു, പ്രകൃതി സൗന്ദര്യത്തേക്കാളുപരി, കഥയ്ക്കനുയോജ്യമായി കഥാപാത്രങ്ങളുടെ കൂടെ തന്നെ ക്യാമറ ചലിപ്പിക്കാൻ കഴിഞ്ഞു. നാദിർഷായുടെ സംഗീതം മോശമല്ലായിരുന്നു, തീയറ്ററിൽ കാണുമ്പോൾ ഒരോളം ഉണ്ടാക്കാൻ കഴിഞ്ഞു.
മൊത്തത്തിൽ പറഞ്ഞാൽ, ഒട്ടും മുഷിപ്പിക്കാതെയുള്ള എന്നാൽ നല്ല തമാശയും (ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ല എന്നാണു എന്റെ തോന്നൽ) അല്പം കണ്ണ് നനയിക്കുന്ന സങ്കടങ്ങളൊക്കെ നിറഞ്ഞ ഒരു മികച്ച എന്റർറ്റെയിനർ തന്നെയാണ് കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ.
എന്റെ റേറ്റിംഗ് 8 ഓൺ 10
No comments:
Post a Comment