Cover Page

Cover Page

Monday, June 27, 2016

176. Our Brand Is Crisis (2015)

ഔർ ബ്രാൻഡ് ഈസ് ക്രൈസിസ് (2015)



Language : English | Spanish
Genre : Comedy | Drama
Director : David Gordon Green
IMDB : 6.1

Our Brand Is Crisis Theatrical Trailer


പൊതുജനം കഴുതയാണല്ലോ. അതു കാലാകാലങ്ങളായി ആളുകൾ മാറുന്നതല്ലാതെ പൊതുജനത്തിന്റെ സ്വഭാവത്തിനും ബുദ്ധിയ്ക്കും മാറ്റം വരില്ലല്ലോ. അതു ചൂഷണം ചെയ്യാനും എപ്പോഴും നിരവധി പേരുണ്ടാവും. അറിയാം, അവർക്കു തങ്ങൾ പറ്റിക്കപ്പെടുകയാണെന്നത്, എങ്കിലും അതിനു വേണ്ടി നിന്നു കൊടുക്കുകയും ചെയ്യും. ഞാൻ പറഞ്ഞു വരുന്നത് വേറൊന്നുമല്ല, തിരഞ്ഞെടുപ്പ് എന്ന പ്രഹസനത്തിന്റെ കാര്യം തന്നെയാണ്. തിരഞ്ഞെടുപ്പിൻറെ വാഗ്ദാനങ്ങളും പ്രത്യാശകളും വാക്കുകളും നിരവധി ചൊരിയുകയും ജയിച്ചു കഴിയുമ്പോൾ മൂടും തട്ടി സ്വന്തം കാര്യം നോക്കി പോകുന്ന പ്രതിനിധികളും അതു കണ്ടു ഒന്നും ചെയ്യാനറിയാതെ വായയും തുറന്നു നിൽക്കുന്ന പൊതുജനവും.

ഔർ ബ്രാൻഡ് ഈസ് ക്രൈസിസ് എന്ന ഈ ചിത്രം അത്തരമൊരു വിഷയം ആണ് ലഘുവായി കൈകാര്യം ചെയ്യുന്നത്. ഡേവിഡ് ഗോർഡൻ ഗ്രീൻ സംവിധാനം ചെയ്ത ഈ സാന്ദ്രാ ബുള്ളോക്ക് ചിത്രം കഴിഞ്ഞ വർഷം റിലീസായി വിജയം കണ്ട ഒരു കോമഡി ചിത്രമാണ്. ഒരു കോമഡി ചിത്രത്തിലുപരി ഒരു സീരിയസ് വിഷയം ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രചാരണപ്രവർത്തനത്തിൽ നിന്നും വിരമിച്ച ജേൻ ബോഡീനെ ഒരു പുതിയ ഉദ്യമം തേടിയെത്തുന്നു. ബൊളീവിയയിൽ 2002ലെ രാഷ്ട്രപതി മത്സരത്തിൽ പിന്നോക്കം നിക്കുന്ന കാസില്ലോയെ വിജയത്തിൽ എത്തിക്കുക എന്നതായിരുന്നു അത്. ആദ്യം വിസമ്മതിക്കുന്ന ജേൻ പിന്നീട് ആ വെല്ലുവിളി ഏറ്റെടുക്കുന്നു. അങ്ങിനെ ബൊളീവിയയിൽ ബെന്നിനും നെല്ലിനും കൂടെയെത്തുന്ന ജേനിനു എതിരാളി ശക്തനായ റിവേറയുടെ പ്രചാരകൻ പാറ്റ് കാൻഡി ആണ്. പാറ്റ് കാണ്ടിയിൽ നിന്നും പല തവണ തോൽവി ഏറ്റു വാങ്ങിയിട്ടുള്ള ജേൻ എങ്ങിനെയും അയാളെ തോൽപ്പിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായുള്ളൂ. 

പാളിപ്പോയ ഒരു സിനിമയിലെ ഏറ്റവും ആകർഷണമായി തോന്നിയത് സാന്ദ്രയുടെ ജേൻ എന്ന റോൾ ആണ്. വളരെ മികച്ച ഒരു പ്രകടനം ആണ് സാന്ദ്ര കാഴ്ച്ച വെച്ചത്. പാറ്റിനെ അവതരിപ്പിച്ച ബില്ലി ബോബ് ത്രോൺടനും നല്ല പ്രകടനം കാഴ്ച വെച്ചു. ആന്തണി മാക്കിയുടെ ബെന്നിന് അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ലയെങ്കിലും ഉള്ളത് ഭംഗിയായി അവതരിപ്പിച്ചു. 

കോമഡിയ്ക്ക് വേണ്ടി കുറെ സീനുകൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊക്കെ ഏച്ചു കെട്ടിയ മാതിരി ആണ് തോന്നിയത്. ഉള്ളത് പറഞ്ഞാൽ കോമഡി ഘടകം തീർത്തും എന്നെ നിരാശനാക്കി. ഇതിൽ കൂടി പറഞ്ഞ വിഷയം വളരെയധികം പ്രശംസനീയമാണ്, ആരു അധികാരത്തിൽ വന്നാലും ജനങ്ങൾക്ക് ആവശ്യമുള്ളതൊന്നും ലഭിക്കുകയില്ല എന്ന തത്വം ഇവിടെയും ശരി വെയ്ക്കുന്നു. രണ്ടു മൂന്നു പാട്ടുകൾ എനിക്കീ ചിത്രത്തിൽ ഇഷ്ടപ്പെട്ടു. സംവിധാനം മോശമായിട്ടാണ് തോന്നിയത്.

വെറുതെ കാണാം എന്നുള്ളതല്ലാതെ പ്രത്യേകിച്ചൊന്നും വാഗ്ദാനം ചെയ്യാനില്ലാത്ത ചിത്രം 

എൻറെ റേറ്റിങ് 5.0 ഓൺ 10

No comments:

Post a Comment