Cover Page

Cover Page

Wednesday, December 27, 2017

258. Midnight Runners (Cheongnyeon gyeongchal) (2017)

മിഡ്നൈറ്റ് റണ്ണർസ് (2017)




Language : Korean
Genre : Action | Comedy | Crime | Thriller
Director : Kim Joo-hwan
IMDB : 7.1

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു ക്രൈം ആണ് മനുഷ്യക്കടത്ത്. അവയവങ്ങൾക്ക് വേണ്ടി, surrogacy (വാടക ഗര്ഭധാരണത്തിന്) വേണ്ടി, നിർബന്ധിത തൊഴിലാളികൾക്ക് വേണ്ടി,  വേശ്യാവൃത്തിക്കു വേണ്ടി മനുഷ്യരെ കടത്താറുണ്ട്. ഇതിനു വേണ്ടി അന്താരാഷ്‌ട്ര തലങ്ങളിൽ ഒരു വലിയ വലയം തന്നെയുണ്ടെന്നതാണ് വിഷമകരമായ നേർചിത്രം. ഇതേ സംഭവങ്ങളെ അവലംബിച്ചു എല്ലാ ഭാഷയിലും നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. കോമഡിയും ആക്ഷനും മിശ്രണം ചെയ്തു മേൽ പറഞ്ഞ ക്രൈം അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് മിഡ്‌നൈറ്റ് റണ്ണർസ് (Cheongnyeon gyeongchal).

സോളിലെ വളരെ പ്രസിദ്ധമായ പോലീസ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ആണ് ഗി ജൂണും ഹീ യൂളും. തമാശക്കാരനും എടുത്തുചാട്ടക്കാരനും ലോലഹൃദയനുമാണ് ഗിജൂൺ, എന്നാൽ അതിൻറെ നേർ വിപരീത സ്വഭാവമുള്ള ആളാണ് ഹീ യൂൾ. ഹീ യൂൾ ഒരു പുസ്തകപ്പുഴവുവും, അൽപം ചിന്തിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യുകയുമുള്ളൂ. തുടക്കത്തിൽ രണ്ടു പേരും ശത്രുക്കൾ ആയിരുന്നുവെങ്കിലും  പിന്നീട് അവർ ഉറ്റ സുഹൃത്തുക്കൾ ആയി മാറി. ഒരു രാത്രിയിൽ ആഘോഷിക്കാൻ വേണ്ടി രണ്ടു പേരും സിറ്റിയിലേക്ക് പോകുകയും, അവിടെ വെച്ച് അവർ ഒരു പെൺകുട്ടിയെ കിഡ്നാപ് ചെയ്യുന്നത് കാണുന്നു. അവർ കിഡ്നാപ് ചെയ്ത വണ്ടിക്ക് പിന്നാലെ ഓടുകയും, എന്നാൽ അവരെ പിടിക്കാൻ കഴിയുന്നില്ല. അവർ അടുത്തു കണ്ട ഒരു പോലീസ് സ്റ്റേഷനിൽ ഈ ക്രൈം റിപ്പോർട്ട് ചെയ്യുവാൻ ശ്രമിക്കുകയും, പക്ഷെ അവിടെ ഏതോ ഹൈ പ്രൊഫൈൽ കിഡ്‌നാപ്പിംഗ് കേസ് അന്വേഷിക്കാൻ വേണ്ടി ഓടുന്ന പോലീസുകാർ അവരുടെ ആവശ്യം തിരസ്കരിക്കുന്നു. സർവകലാശാലയിൽ പഠിച്ച അറിവ് വെച്ച് രണ്ടു പേരും കൂടി കിഡ്നാപ് ചെയ്യപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേട്ടാൽ ഞെട്ടുന്ന രഹസ്യങ്ങളുടെ ചുരുളഴിയുന്നു.

തുടക്കം ചിരിച്ചു മറിയാനുള്ള തമാശകളോടെ ആരംഭിക്കുന്ന ചിത്രം, കുറച്ചു നേരത്തിനുള്ളിൽ ടോപ് ഗിയറിലേക്ക് മാറുന്നു. ആക്ഷനും, സീരിയസ് ആയ കാര്യങ്ങളും മിശ്രിതമായി അവതരിപ്പിക്കുമ്പോഴും തമാശയുടെ അളവ് കുറയാതിരിക്കാൻ സംവിധായകൻ ആയ കിം ജൂ ഹ്വാൻ (Kim Joo-hwan) ശ്രദ്ധിച്ചു. ആക്ഷൻ കൊറിയോഗ്രാഫി മികച്ചു നിന്നു. ക്യാമറവർക്ക്, സിജിഐ തുടങ്ങിയ ഡിപ്പാർട്ട്മെന്റും നന്നായിരുന്നു. സന്ദർഭോചിതമായ പശ്ചാത്തലസംഗീതം ചിത്രത്തിൻറെ മാറ്റ് കൂട്ടി. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, കിംമിന്റെ സംവിധാന പാടവം ആണ്. SLAPSTICK കോമഡിയും ആക്ഷനും പിന്നെ മനം നടുക്കുന്ന കഥാപശ്ചാത്തലം (പ്രത്യേകിച്ച് മനുഷ്യക്കടത്തുകളുടെ പിന്നാമ്പുറം) എല്ലാം വളരെ മികച്ച രീതിയിൽ മാറി മറിഞ്ഞു വരുന്നു എന്നത് അദ്ദേഹത്തിൻറെ കഴിവാണ് കണക്കാക്കാം. ഒരു തരത്തിൽ കൊറിയൻ പോലീസിനെ കണക്കിനാട്ട് വിമർശിക്കുന്നുമുണ്ട് മിഡ്‌നൈറ്റ് റണ്ണർസ്.

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർക് സിയോ ജൂൺ (Park Seo‑joon) കാങ് ഹ നിയുൽ (Kang Ha-neul) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ച്. പാർക്ക്, കോമഡി രംഗങ്ങളെല്ലാം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. രണ്ടു പേർക്കും ഒരു പ്രത്യേകത തന്നെയുണ്ട് അഭിനയത്തിൽ. ആക്ഷനും കോമഡിയും സെന്റിമെൻറ്സും ഒക്കെ വിശ്വാസയോഗ്യമായ തന്നെ പ്രകടിപ്പിച്ചു. വില്ലന്റെ പേര് അറിയില്ലയെങ്കിലും അദ്ദേഹവും നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരുന്നത്, എന്നിരുന്നാലും ചിത്രം നായക കഥാപാത്രങ്ങളെ ആയിരുന്നു പ്രധാനമായും ഫോക്കസ് ചെയ്തിരുന്നത്. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അവരുടെ ജോലി കൃത്യമായും ചെയ്തു.

വെറും 7 മില്യൺ കൊറിയൻ വോൺ മാത്രം ചെലവുള്ള മിഡ്‌നൈറ്റ് റണ്ണർസ് ഇതിനോടകം 41 ബില്യണോളം കളക്ട് ചെയ്തു 2017ൽ  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പട്ടികയിൽ നാലാം സ്ഥാനത്തിലെത്തി.

109 മിനുട്ടുകൾ മാത്രം താഴെയുള്ള ചിത്രം ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കുകയില്ല. വയറു നിറച്ചു ചിരിക്കാനും നല്ല തകർപ്പൻ ആക്ഷൻ സീനുകൾക്കും ഈ ബഡി കോപ് ത്രില്ലർ മറക്കാതെ കാണുക.
നിങ്ങളെ നിരാശരാക്കുകേല എന്ന് എൻറെ ഉറപ്പ്.



എന്‍റെ റേറ്റിംഗ് 8.5 ഓണ്‍ 10






Wednesday, December 20, 2017

257. Bad Genius (Chalard Games Goeng)

ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്)



Language : Thai
Genre : Crime | Drama | Thriller
Director : Nattawut Poonpiriya
IMDB : 7.9

Bad Genius Theatrical Trailer

പൊതുവെ വളരെയധികം മികച്ച അഭിപ്രായങ്ങൾ വന്നു കഴിഞ്ഞാൽ ആ സിനിമ കാണുന്നത് വിരളമാണ്. കാരണം, പ്രതീക്ഷയുടെ ചിറകിലേറി വാനോളം പറന്നുയർന്നാവും സിനിമ കാണുവാൻ ഇരിക്കുക. അത് ശരിക്കും നമ്മുടെ ആസ്വാദന തലത്തിനു ഭംഗം വരുത്തുകയും ചെയ്യും. അങ്ങിനെ ഒഴിവാക്കിയ ചിത്രങ്ങൾ നിരവധി, പിന്നീട് വർഷങ്ങൾക്കിപ്പുറം ആവും കാണുവാൻ സാധിക്കുക..

സോഷ്യൽ മീഡിയകളിൽ ഈ അടുത്തു നിറഞ്ഞു നിന്നിരുന്ന ഒരു ത്രില്ലർ ഉണ്ടായിരുന്നു. തായിലൻഡ് ചിത്രമായ ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്). ആദ്യമൊക്കെ കാണണ്ട എന്നൊക്കെ വിചാരിച്ചു ആവേശമൊക്കെ അടങ്ങുമ്പോൾ കാണാം എന്ന് കരുതി. പക്ഷെ, എന്തോ രണ്ടു ദിവസം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ ചിത്രം കാണാൻ ആരംഭിച്ചു.

സ്‌കൂളിൽ കോപ്പിയടി നടക്കുന്നതൊക്കെ സർവ സാധാരണമാണ്. ദേഹത്തും കയ്യിലും പേനയിലും റബറിലും ഒക്കെ എഴുതിയിട്ട് കോപ്പിയടിക്കുന്ന ചെറിയ രീതി മുതൽ മൈക്രോ സിറോക്സ് ആയി ഒരു വിഷയത്തിന്റെ പുസ്തകം തന്നെ ഹാളിൽ കൊണ്ട് പോയി കോപ്പിയടിച്ചതും വരെ ഞാൻ കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. ഇവിടെ സ്‌കൂളിൽ പഠിക്കുന്ന വളരെ മിടുക്കിയായ ഒരു പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും ചേർന്ന് കോപ്പിയടിക്കുന്ന രീതി ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിൽ എത്തിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. പ്രതീക്ഷയുടെ എവറസ്റ്റിൽ നിന്ന് കൂടി കണ്ടിട്ടും ലവലേശം മങ്ങൽ ഏൽപ്പിച്ചില്ലായെന്നത് ഒരു വസ്തുത. 130 മിനുട്ടിൽ അവസാന കുറച്ചു നിമിഷങ്ങളിൽ വന്ന ലാഗ് ഒഴിച്ചാൽ, നമ്മളെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ നിറയെ ഉണ്ട്. വളരെ സിംപിളായ ഒരു കഥാതന്തു സംവിധാനത്തിൻറെയും മുഖ്യഅഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ മൂഡ് നിലനിർത്തുന്ന പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണീ തായി ത്രില്ലർ. ത്രില്ലറിലുപരി ഒരു ഹീസ്റ്റ് ചിത്രം കൂടിയാണ് ബാഡ് ജീനിയസ്.

Countdown എന്ന ത്രില്ലറിന് ശേഷം Nattawut Poonpiriya അണിയിച്ചൊരുക്കിയ രണ്ടാമത്തെ ചിത്രം ആണ് ബാഡ് ജീനിയസ്. വളരെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തെ മറ്റുള്ള ത്രില്ലിൽ നിന്നും മാറ്റി നിർത്തുന്നത്. സംവിധായകന്റെ മനസറിഞ്ഞു കൊണ്ടുള്ള ഛായാഗ്രാഹണവും, എഡിറ്റിങ്ങും, കളറിങ്ങും ഒക്കെ കൊണ്ട് തന്നെ ഒരു മികച്ച ചിത്രമായി മാറി. CRISPY EDITING ബാഡ് ജീനിയസിൻറെ വേഗത നിയന്ത്രിക്കുന്നതിൽ അവിഭാജ്യ ഘടകമായി മാറി. ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയ ഒരു impact പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഓരോ നിമിഷവും ഉള്ളിൽ ഒരു ആകാംഷ ജനിപ്പിക്കാൻ സീനുകൾക്കനുസൃതമായുള്ള പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു.

താരതമ്യേന പുതുമുഖങ്ങളോടെ ആണ് ബാഡ് ജീനിയസ് നിർമ്മിച്ചത്. മുഖ്യ കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ചത് ഫാഷൻ മോഡൽ ആയ ചുടിമോൻ (Chutimon Chuengcharoensukying) എന്ന പെൺകുട്ടിയാണ്, അവരുടെ ആദ്യ ഫീച്ചർ ഫിലിം ആയ ഈ ചിത്രത്തിൽ ഏതൊരു ആൾക്കും അസൂയാ ഉണ്ടാക്കുന്ന വിധമായ പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. കുട്ടികളുടെ കഥാപാത്രങ്ങൾ ചെയ്ത എല്ലാവരുടെയും ആദ്യ ചിത്രമാണെങ്കിലും ഇവരെല്ലാം ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തരുമാണ്.എല്ലാവരും തങ്ങളുടെ ജോലി ഭംഗിയായി തന്നെ അവതരിപ്പിച്ചു. മുഖ്യ കഥാപാത്രങ്ങൾ ചെയ്ത ഇവരുടെ അഭിനയം കണ്ടാൽ ഒരിക്കൽ പോലും ഒരു പ്രേക്ഷകന് ഇവർ തുടക്കക്കാർ ആണെന്നു തോന്നുകയുമില്ല. ഒറ്റ വാക്കി തകർപ്പൻ.

ത്രില്ലർ വിഭാഗത്തിലുള്ള ഹീസ്റ്റ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ബാഡ് ജീനിയസ്.

എൻറെ റേറ്റിംഗ് 09 ഓൺ 10

Saturday, December 16, 2017

256. Okja (2017)

ഓക്യ (2017)



Language : English | Korean
Genre : Action | Comedy | Drama| Fantasy
Director : Bong Joon Ho
IMDB : 7.4

Okja Theatrical Trailer

ഞാൻ മീജ, സൌത്ത് കൊറിയയിലെ മലനിരകൾക്കിടയിൽ മുത്തശ്ശനും ഒക്ജയുമായി ആണ് താമസം. കുഞ്ഞു വയസു മുതൽ എൻ്റെ കൂടെ കളിക്കൂട്ടുകാരന് ആയി ഓക്യ ഉണ്ട്. അങ്ങ് ദൂരെ നിന്നുമുള്ള വലിയ കോട്ടും സൂട്ടുമുള്ള ആളുകൾ മുത്തശനു വളർത്താൻ  ഏൽപ്പിച്ചതാണ് ഓക്യയെ. പക്ഷെ ഒരു ദിവസം ഓക്യയെ അവർ ന്യൂ യോർക്ക് എന്ന നഗരത്തിലേക്ക് കൊണ്ട് പോയി. അവർ അവളെ മാംസം ആക്കി വിപണിയിൽ വിറ്റഴിക്കും എന്നാ പറയുന്നത് അതിനു മുൻപേ എനിക്കവളെ എങ്ങിനെ എങ്കിലും രക്ഷപെടുത്തണം. മുത്തശ്ശൻറെ  സമ്മതം ഞാൻ ന്യൂ യോർക്കിലേക്ക് പോകുകയാണ്. ഭാഷ അറിയില്ല, നാടും അറിയില്ല, ആളുകളെയും അറിയില്ല.. പക്ഷെ ഞാൻ അവളെ രക്ഷിക്കും.

മീജയുടെയും ഓക്യയുടെയും കഥ പറയുന്നത് SnowPiercer, Mother , Memories of Murder തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജൂ ഹോ (Bong Joon Ho) ആണ്. വെറുതെ IMDBയിൽ തിരഞ്ഞു നടക്കുമ്പോഴാണ് ഇങ്ങനെ ഒരു ചിത്രത്തെ പറ്റി അറിയുന്നത്. ട്രെയിലർ കണ്ടപ്പോൾ ഇഷ്ടമായി അങ്ങിനെ കാണുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെയും അവളുടെ പന്നിയുടെയും സൗഹൃദത്തിൻറെയും സ്നേഹത്തിൻറെയും കഥ പറയുന്ന ഓക്യ (പന്നിയുടെ പേര്) ഹൃദയഹാരിയും വികാരനിർഭരമായ ചിത്രം കൂടിയാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, അതിൽ നിന്നും അധികം വിഭിന്നമാവുന്നില്ല ഓക്ജ. എന്നാൽ മികച്ച CGI വിഷ്വൽസും ക്യാമറവർക്കും ആക്ഷൻ സീക്വൻസും നല്ല അഭിനയ-നർമ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം ഒരിക്കൽ പോലും നമ്മെ നിരാശപ്പെടുത്തില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ സന്ദർഭോചിതമായി മികച്ചു നിന്നു

An Seo Hyun എന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രമായ മീജോയെ അവതരിപ്പിച്ചിരിക്കുന്നത്. നല്ല പക്വതയാർന്ന പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. വികാരനിർഭരമായ രംഗങ്ങൾ എല്ലാം തന്നെ അവളുടെ മുഖത്തൂടെ മിന്നി മറഞ്ഞു. റ്റിൽഡാ സവിൻറൺ (Tilda Swinton) മുഖ്യ വില്ലത്തിയെ അവതരിപ്പിച്ചു. ജാക്ക് ജൈലൻഹാൽ (Jake Gyllenhaal) കോമഡിയുടെ മേമ്പൊടിയോടു ചേർത്ത വില്ലനെയും അവതരിപ്പിച്ചു. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളോട് ശരി വെയ്ക്കുന്ന പ്രകടനമായിരുന്നു. പോൾ ഡാനോ (Swiss Army Men, Prisoners Fame) വില്ലത്തിയെ എതിർക്കുന്ന ഒരു കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. ഒരു സീരിയസ് ചിത്രമാണെങ്കിലും മിക്ക സീനുകളിലും കോമഡി നന്നായി വർക്ക് ഔട്ടായിട്ടുണ്ട്.

ബോങ് ജൂ ഹോ (Bong Joon Ho) എന്ന അനുഗ്രഹീത സംവിധായകന്റെ മുൻപുള്ള ചിത്രങ്ങളുടെ നിലവാരം എത്തില്ലെങ്കിലും ഒരു ഫാൻറസി കോമഡി ചിത്രം ഒരു തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാം. നിങ്ങൾ ഓക്യയെയും മേജോയെയും ഇഷ്ടപ്പെടും എന്നത് തീർച്ച. കണ്ടു കഴിയുമ്പോൾ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിലും മനസിലും വിടരുമെന്നത് തീർച്ച.

എൻ്റെ റേറ്റിംഗ് 7.6 ഓൺ 10


ഇംഗ്ലീഷ്- കൊറിയൻ ഭാഷകൾ മിശ്രിതമായി ഒരുക്കിയ ഈ ചിത്രം സൗത്ത് കൊറിയയിൽ ചില തീയറ്ററിൽ റിലീസായി ലാഭം കൊയ്തു. പക്ഷെ, 50 മില്യനോളം ചെലവഴിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്.

Saturday, December 2, 2017

255. Thor: Ragnarok (2017)

തോർ : റാഗ്നറോക് (2017)





Language : English
Genre : Action | Adventure | Comedy | Fantasy
Director : Taika Waititi
IMDB : 8.2

Thor Ragnarok Theatrical Trailer


അച്ഛൻ ഓഡിൻ മരണപ്പെടുന്നതിനു തൊട്ടു മുൻപാണ് ഞാൻ അറിഞ്ഞത് എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു എന്നത്. മരണത്തിന്റെ ദേവത ആയിരുന്നു അവർ. അച്ഛനു ശേഷം തടങ്കലിലായിരുന്ന അവർ അസ്ഗാർഡിന്റെ കിരീടത്തിനായി വരും. എന്ത് വില കൊടുത്തും അസ്ഗാർഡ് അവരുടെ കൈപ്പിടിയിൽ അമരാതെ നോക്കണം. കൂടെയുള്ളത് കുടിച്ച വെള്ളത്തിൽ  പറ്റില്ലാത്ത സഹോദരൻ ലോകിയും.

മാർവൽ സിനിമാറ്റിക് ശ്ര്യംഖലയിലെ പതിനേഴാമത്തെ ചിത്രവും തോർ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി റാഗ്നറോക്. ന്യൂസീലൻഡ് സംവിധായകൻ ആയ ടായ്ക വൈറ്റി ആണ് സംവിധായകൻ. കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല, വളരെ കാലമായി മാർവൽ  പറയുന്ന സൂപ്പർ ഹീറോ കഥ തന്നെ. ലോകം രക്ഷിക്കാനായി വില്ലന് മേൽ സമ്പൂർണ വിജയം നേടുന്ന സൂപ്പർ നായക കഥാപാത്രം. 

ക്രിസ് ഹെംസ്വർത്ത് തോർ ആയി ശരിക്കും തകർത്ത് വാരി. കോമഡി ഒക്കെ അനായാസമായി തന്നെ ക്രിസ് കൈകാര്യം ചെയ്തു. ആ സിക്സ് പാക്ക് ബോഡിയിൽ ഇത്രയും കോമഡിയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. കേറ്റ്  ബ്ലാൻചറ്റ് ഹേല ആയി മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയത്. ലോകിയായി ടോം ഹിഡിൽസ്റ്റൺ, ഹൾക്ക് തുടങ്ങിയവർ കോമഡിയുടെ കാര്യത്തിൽ പിന്നിലല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഉപരി നല്ല നർമ്മമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ചിത്രം. ഡോക്ടർ സ്ട്രേഞ്ച് ഒരു കാമിയോ റോളിൽ വന്നു സ്‌ക്രീൻ നിറഞ്ഞു നിന്നു.

മാർവൽ സിനിമകളുടെ പ്രത്യേകത ആണ്, കോമഡിയും ആക്ഷനും എല്ലാം സമാസമം സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നത്. അത് കൊണ്ട് തന്നെ ഏതൊരു പ്രേക്ഷകനും ആസ്വദിച്ചു കാണുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. റാഗ്നറോർക്കിലും സ്ഥിതി വ്യത്യസ്തമല്ല എന്ന് തന്നെ പറയാം. നല്ല രീതിയിൽ പ്ളേസ്  ചെയ്ത കോമഡി ശരിക്കും വർക്ക് ഔട്ടായിട്ടുണ്ട്. ഗ്രാഫിക്സ് എല്ലാം മിൿച്ചു നിന്ന്.  ഒരു അഡ്വെഞ്ചർ ഫാന്റസി സിനിമക്ക് വേണ്ടിയാ എല്ലാ ചേരുവകളും സമാസം ചേർത്തിട്ടുണ്ട്. 

മൊത്തത്തിൽ ഒരു തവണ ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർടെയിനർ . പക്ഷെ എനിക്കിപ്പോഴും തോർ  ആദ്യ ഭാഗം തന്നെ പ്രിയപ്പെട്ടത്. 

എൻറെ  റേറ്റിംഗ് 7.5 ഓൺ 10 

പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഇൻഫിനിറ്റി വാറുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു കാരണം ഇപ്പോൾ ഇറങ്ങിയ ട്രെയിലറിൽ അതിൻറെ  സൂചനകൾ തരുന്നുണ്ട്.

Friday, October 20, 2017

254. Bedevilled (2010)

ബീഡെവില്‍ഡ് (2010)




Language : Korean
Genre : Drama | Horror | Thriller
Director : Cheol-soo Jang
IMDB : 7.3

Bedevilled Theatrical Trailer


മുപ്പതു വര്‍ഷത്തോളമായി ഞാനീ ദ്വീപില്‍ ഇവരുടെ പീഡനവും അനുഭവിച്ചു കിടക്കുന്നു. എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപെടണം, പക്ഷെ പല തവണ അതിനു വേണ്ടി ആഗ്രഹിച്ചെങ്കിലും എന്‍റെ മകളെ മാത്രം ഓര്‍ത്ത്‌ ഉപേക്ഷിച്ചു. എന്‍റെ ഉറ്റസഖി ഇവിടെ കുറച്ചു ദിവസത്തേക്ക് വന്നപ്പോഴെങ്കിലും ഞാന്‍ ഒന്നാശ്വസിച്ചു. അവളെന്നെ ഈ പൈശാചിക മനോഭാവമുള്ളവരുടെ ഇടയില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിച്ചു. പക്ഷെ എന്റെ കുഞ്ഞു മകളെ അവര്‍ നശിപ്പിക്കുന്നതിനു മുന്പ് തന്നെ എനിക്കിവിടുന്നു രക്ഷപെടണം. എന്നെ രക്ഷപെടുത്താന്‍ പറ്റിയില്ലെങ്കിലും എന്റെ മകളെ മാത്രം ഇവിടുന്നു രക്ഷപെടുത്തുമോ എന്ന് ഞാന്‍ എന്റെ കൂട്ടുകാരിയോട് കെഞ്ചി നോക്കി. അവളും അവളുടെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടച്ചു. എല്ലാ പ്രതീക്ഷയും അറ്റ ഞാന്‍ എന്‍റെ കുഞ്ഞിനേയും കൊണ്ട് ഇന്ന് രാത്രി രക്ഷപെടാന്‍ പോവുകയാണ്. പിടിക്കപ്പെടില്ല എന്ന് പ്രത്യാശിക്കുന്നു..

സ്ത്രീ എന്നാല്‍ സഹനശക്തിയുടെയും ക്ഷമയുടെയും പര്യായമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിപ്പ ഏതു രാജ്യത്താണേലും ഏതു ഭാഷയിലാണേലും. ഭൂമിയോളം അവള്‍ ക്ഷമിക്കും, പിന്നെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചാല്‍ ഉഗ്രമൂര്‍ത്തിയായി എല്ലാം കത്തിചാമ്പലാക്കും.. അങ്ങിനെയാണല്ലോ ഇപ്പോഴും വേണ്ടത്. ഇത്തരത്തിലൊരു പ്രതികാരകഥയുമായാണ് കൊറിയന്‍ എഴുത്തുകാരനായ ക്വാങ്ങ്‌ യങ്ങ്‌ സംവിധായകനായ ച്യൂല്‍ സൂ ജാങ്ങിലൂടെ അഭ്രപാളിയില്‍ കൊണ്ട് വന്നിരിക്കുന്നത്.  കിം കി-ഡുക്കിന്റെ സഹസംവിധായകന്‍ ആയിരുന്ന ച്യൂല്‍ സൂ ജാങ്ങിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാരുന്നു ഇത്. തന്‍റെ പ്രഥമ ചിത്രമെന്ന ഒരു സങ്കോചവും കൂടാതെ തന്നെ അദ്ദേഹം തന്റെ ജോലി നിറവേറ്റി എന്ന് പറയാം. മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമാരവര്‍ക്ക് എടുത്തു പറയേണ്ട ഒന്നാണ്. ഒത്ത പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡ്‌ നിലനിര്‍ത്താന്‍  കഴിഞ്ഞു. കിംകിടുക്കിന്റെ ചിത്രങ്ങളില്‍ കാണുവാന്‍ കഴിയുന്ന വയലന്‍സ് ഈ ചിത്രത്തിലും കാണുവാന്‍ കഴിയും. വയലന്‍സിന്റെ ആധിക്യം മൂലം ഈ ചിത്രം ഹൊറര്‍ ജോണ്‍റെയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുനത്. പൂര്‍ണതയില്‍ കാണിക്കാതെ തന്നെ പീഡനവും മറ്റും കണ്ടിരിക്കുന്നവരുടെ മനസ്സില്‍ പതിപ്പിക്കാനും അനുഭവിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

മുഖ്യ കഥാപാത്രമായ കിം ബോകിനെ അവതരിപ്പിച്ച യോങ്ങ്‌ ഹീ സൊ അസാമാന്യ പ്രകടനം ആണ് കാഴ്ച വെച്ചത്. തന്‍റെ നിസഹായാവസ്ഥയും പ്രതികാരവും സ്നേഹവും തുടങ്ങിയ വികാരങ്ങള്‍ അവര്‍ മനോഹരമായി അവതരിപ്പിച്ചു. ഹേ വോണ്‍ എന്നാ കിമ്മിന്റെ സഖിയെ അവതരിപ്പിച്ച സ്യോങ്ങ് മോശമല്ലായിരുന്നു. മറ്റുള്ള നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. 

പ്രതികാരകഥ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും കാണുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവവും, കണ്ടു കഴിയുമ്പോള്‍ കിം ബോക് നിങ്ങളെ വേട്ടയാടും.

എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10

Friday, September 15, 2017

253. Thupparivaalan (2017)

തുപ്പറിവാളൻ (2017)



Language: Tamil
Genre : Action | Drama | Thriller
Director : Mysskin
IMDB : 8.1

Thupparivaalan Theatrical Trailer


കനിയൻ പൂങ്കുന്ദ്രൻ, അതീവ ബുദ്ധിശാലിയായ ഒരു പ്രൈവറ്റ് ഡിറ്റക്ടീവിനെ അന്ന് വീട്ടിൽ കാണാനെത്തിയത് ഒരു സ്‌കൂൾ കുട്ടിയായിരുന്നു. തൻ്റെ നായ്ക്കുട്ടിയെ ആരോ കൊന്നുവെന്നും, കൊന്ന ആളെ കണ്ടു പിടിച്ചു കൊടുക്കണമെന്നായിരുന്നു ആ കുട്ടിയുടെ ആവശ്യം. കനി, ആ കേസ് ഏറ്റെടുക്കുന്നു. അന്വേഷിച്ചു തുടങ്ങിയ കനിയ്ക്കും തൻ്റെ സന്തതസഹാചാരിയായ മനോഹരനും നേരിടേണ്ടി വന്നത് ബിഗ്ഷോട്ടുകൾ ആയിരുന്നു.

തുപ്പറിവാളന് വേണ്ടി കുറെ നാളായി കാത്തിരുന്നതിനു ഏക കാരണം മിസ്കിൻ ആയിരുന്നു. വ്യത്യസ്തതയാർന്ന മേക്കിങ് കൊണ്ട് തൻ്റെ ചിത്രങ്ങൾക്ക് അദ്ദേഹത്തിൻറെ ചിത്രങ്ങൾക്ക് ഒരു കയ്യൊപ്പു പതിഞ്ഞിരുന്നു. ബ്രിട്ടീഷുകാർക്ക് ഷെർലോക്ക് ഹോംസ്  പോലെ, തമിഴർക്കുള്ള ഒരു ഡിറ്റക്ടീവ് ആണ് തുപ്പറിവാളൻ. വിശാൽ തുപ്പറിവാളനായ കനിയെ അവതരിപ്പിക്കുന്നു. മിസ്കിന്റെ തന്നെ പിസാസിലൂടെ അരങ്ങേറിയ അറോൾ കൊറേലി ആണ് ചിത്രത്തിൻറെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തത് കാർത്തിക് വെങ്കട്ടരാമൻ.

സരസമായ രീതിയിലും എന്നാൽ അല്പം ഗൗരവമാർന്ന രീതിയിലും ചിത്രം ആരംഭിച്ചു. വിശാൽ, കനിയെന്ന ഡിറ്റക്ടീവ് കഥാപാത്രത്തെ വിശ്വാസയോഗ്യമായി തന്നെ അവതരിപ്പിച്ചു. അല്പം നട്ട് ക്റാക്ക് സ്വഭാവമുള്ള കനി വിശാലിന്റെ കയ്യിൽ ഭദ്രമായിരുന്നു, പ്രീ-ക്ളൈമാക്സിനു തൊട്ടു മുൻപ് വരെ. വികാരനിർഭരമായ സീനുകളിൽ വിശാൽ അഭിനയിച്ചു ഫലിപ്പിക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി മികച്ചു നിന്നെങ്കിലും, ക്യാമറ വർക്കിലെ പോരായ്മ ഉടനീളം നിറഞ്ഞു നിന്നിരുന്നു. മികച്ച ആക്ഷൻ ബ്ലോക്കുകൾ ഉണ്ടായിരുന്നുവെങ്കിലും ആ സീനുകൾക്കുള്ള ആക്കം വളരെയധികം കുറവുമായിരുന്നു. വളരെ മികച്ച ഒരു നടനായ പ്രസന്നയെ അല്പം കോമാളി രൂപത്തിലുള്ള ക്യാരക്ടർ കൊടുത്തത് മോശമായി എന്ന് പറയാം. അദ്ദേഹത്തിൻറെ അഭിനയത്തിൽ ന്യൂനത ഒന്നുമുണ്ടായിരുന്നില്ല. മലയാളി മങ്ക അനു ഇമ്മാനുവേൽ നായികാ (പേരിനു) കഥാപാത്രത്തെ അവതരിപ്പിച്ചു, പക്ഷെ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. വളരെക്കാലത്തിനു ശേഷമാണ് ഇന്നലത്തെ സുന്ദരിയായിരുന്നു സിമ്രാനെ സ്‌ക്രീനിൽ കാണുന്നത്. പക്ഷെ കാണേണ്ടിയിരുന്നില്ല എന്ന തോന്നൽ അവരുടെ പ്രകടനത്തിലൂടെ അവർ മനസിലാക്കി തന്നു. പരിതാപകരമായ പ്രകടനം തന്നെയായിരുന്നു അവരുടേത്.  ഭാഗ്യരാജ്, ആൻഡ്രിയ, വിനയ് റായി, ജോൺ തുടങ്ങിയവർ നെഗറ്റീവ് ചായ്വുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവർ ആരും മോശമാക്കിയില്ല എന്ന് പറയാം. 

ഷെർലക്ക് ഹോംസിന്റെ വികലമായ ഒരാവിഷ്കാരമാണ് തുപ്പറിവാളൻ. സെറ്റുകളും, ചില ആക്ഷൻ സീനുകളും, എന്തിനു മുഖ്യ കഥാപാത്രമായ കനിയുടെ ഡയലോഗ് ഡെലിവറിയും എല്ലാം ഷെർലക് ഹോംസ് സീരീസ് സിനിമകളുടെ ഒരു സ്വാധീനം നമുക്ക് സിനിമയിലൂടനീളം കാണാൻ കഴിയും. സ്വന്തമായ ഒരു ശൈലിയുള്ള മിസ്കിൻ, പാശ്ചാത്യ സിനിമകളുടെ സീനുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സംവിധാനം ചെയ്തത് സിനിമക്ക് പലപ്പോഴും വിനയായി മാറുന്നുണ്ട്. പിന്നെ സ്ഥിര മിസ്കിൻ സിനിമകളിലെ സീനുകൾ ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുമുണ്ട്. എന്നാൽ, ചില സീനുകൾ ഒക്കെ വേറെ ലെവൽ തന്നെ ആയിരുന്നു. ക്രൈം ചെയ്യുന്നത് കാണിക്കാതെ ആ സീനിന്റെ തീവ്രത പ്രേക്ഷകനിലേക്കു മികച്ച രീതിയിൽ എത്തിക്കുന്നുണ്ട്. ഇങ്ങനത്തെ ഒരു വേഗതയാർന്ന ആഖ്യാന ശൈലി വേണ്ടിയ തിരക്കഥയ്ക്ക് മിസ്കിൻ സ്റ്റൈൽ ഉൾപ്പെടുത്തിയത് ഒരു ന്യൂനതയാണെന്നു എനിക്ക് തോന്നി.ഇടയില്‍ മുളയിടുന്ന തമാശകള്‍, ഒരു ചെറു പുഞ്ചിരി തരുന്നുണ്ട്. പ്രവചിക്കാനാവുന്ന സീനുകള്‍ ആണ് ഈ ത്രില്ലറില്‍ കൂടുതലും തരുന്നുണ്ട്.

ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് ഘടകം, ക്യാമറവർക്ക് ആണ്. കാർത്തിക് വെങ്കട്ടരാമൻ നിർവഹിച്ച ക്യാമറ അമച്വറിഷ് വർക്ക് ആണെന്ന് ഊന്നിയൂന്നി പറയേണ്ടി വരും. അദ്ദേഹം സിനിമയിൽ ചില സീനുകളിൽ പ്രത്യേകിച്ച് ക്ളൈമാക്സ് സീനുകളിൽ ഉപയോഗിച്ചിരിക്കുന്ന ഫിൽറ്ററുകൾ ഒക്കെ അനാവശ്യമായിരുന്നു. ലോങ്ങ് ഷോട്ടുകൾക്കു ക്ളോസപ്പ് ലെവലിലും മറിച്ചും ഉപയോഗിച്ച് അപൂർണമായ സീനുകളാക്കി മാറ്റി. ആക്ഷൻ സീനുകളും ഇതേ കാരണം കൊണ്ട്ത ന്നെ ഒരു സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. 
കാണാൻ കൊള്ളാവുന്ന രീതിയിൽ ആക്കാൻ എഡിറ്റർ നന്നേ പാട് പെട്ടിട്ടുണ്ടായിരിക്കുമെന്നുറപ്പാണ്. 
അറോൾ കൊറേലി നിർവഹിച്ച സംഗീതം നന്നായിരുന്ന്. ചില സമയത്തൊക്കെ ഒരു അന്താരാഷ്‌ട്ര ലെവൽ ബിജിഎം ആയി തോന്നി. പക്ഷെ പിസാസിലെ സംഗീതത്തിന്റെ തനിയാവർത്തനമായി ഇടയ്ക്കിടെ തോന്നി. 

മൊത്തത്തിൽ പറഞ്ഞാൽ, ഒരു തവണ മാത്രം എന്നാൽ മനസ്സിൽ ഒന്നും  തങ്ങാത്ത സംഗതികൾ ഒന്നുമില്ലാത്ത ഒരാവറേജ്‌ അനുഭവമായി എനിക്ക് തുപ്പറിവാളൻ. ഓരോരുത്തർക്കും ഓരോ വീസ്‌ക്ഷണ കോൺ, അല്ലെ.??

എന്റെ റേറ്റിങ്  ഓൺ 5.5 on 10

Thursday, September 7, 2017

252. Confidential Assignment (Gonjo) (2017)

കോൺഫിഡൻഷ്യൽ അസൈൻമെൻറ് (2017) 



Language : Korean
Genre : Action | Comedy | Thriller
Director : Kim Sung-Hoon
IMDB : 6.4

Confidential Assignment Theatrical Trailer

രണ്ടു രാജ്യം. രണ്ടു ഗവൺമെന്റ്. രണ്ടു ഡിറ്റക്ടീവ്‌സ്. രണ്ടു ലക്ഷ്യങ്ങൾ. ഒരു ശത്രു. 

നോർത്ത് കൊറിയയുടെ കറൻസി പ്ളേറ്റുകൾ മോഷണം നടത്തി സൗത്ത് കൊറിയയിലേക്ക് പലായനം നടത്തിയ ചാ കി സ്യൂങ്ങിനെ വലയിലാക്കാൻ അവിടുത്തെ ഇം ച്യുൽ റിയൂങ് സൗത്ത് കൊറിയയിലേക്ക് പോകുന്നു. നോർത്ത് കൊറിയൻ ഗവണ്മെന്റ് പ്രത്യേകമായി നിയോഗിച്ച ഒരു അന്വേഷകൻ ആണ് ഇം. ഇമ്മിനെ സഹായിക്കാന്‍ സൌത്ത് കൊറിയന്‍ ഡിറ്റക്ടീവ് ആയ കാങ് ജിൻ ടെയെ അവിടുത്തെ ഗവണ്മെന്റും നിയോക്കുന്നു. രണ്ടു പേർക്കും വെവ്വേറെ ലക്ഷ്യങ്ങൾ ആണ്, രണ്ടു പേരുടെ രീതികളും വ്യത്യസ്തം. ഇവർ എങ്ങിനെ ചാ കി സ്യൂങ്ങിനെ പിടിയിലാകുന്ന എന്നത് ശേഷഭാഗം.

യൂൻ ഹ്യോൺ സൊ എഴുതിയ ഈ ആക്ഷൻ ത്രില്ലർ കഥ സംവിധാനം ചെയ്തത് കിം സുങ് ഹുൻ ആണ്. ഒരു ഹൈബ്രിഡ് ത്രില്ലർ ആണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്. തമാശയും അല്പം സീരിയസ്നസും സമാസമം ചാലിച്ച ഒരു ആക്ഷൻ എന്റർറ്റെയിനർ എന്ന് നിസംശയം വിളിക്കാൻ കഴിയുന്ന ഒരു കലാ സൃഷ്ടി. മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്യുൻ ബിൻ (ഫെറ്റൽ എൻകൗണ്ടർ, മില്യണർസ് ഫസ്റ്റ് ലവ് ഫെയിം), യൂ ഹേ ജിൻ തകർത്ത് വാരി. രണ്ടു പേരും തമ്മിലുള്ള കെമിസ്ട്രി നന്നായി തന്നെ വർക്ക്ഔട്ട് ചെയ്തു. ആക്ഷനിലും രണ്ടു പേരും മികച്ചു നിന്നു.

കഥയ്ക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലെങ്കിലും, ചടുലമായ വിഷ്വലുകളും ഫ്രയിമുകളും ആണ് ചിത്രത്തിൻറെ പ്രത്യേകത. സിനിമയുടെ ആഖ്യാനത്തിനൊത്ത പശ്ചാത്തല സംഗീതം മികച്ചു നിന്നു. ക്യാമറവർക്ക്, കാർ ചേസ് തുടങ്ങിയ ഒരു ഹോളിവുഡ് ലെവൽ ഉണ്ടായിരുന്നു. 

ലീതൽ വെപ്പൺ, ബാഡ് കമ്പനി പോലെയുള്ള ചിത്രങ്ങളുടെ രീതി തന്നെയാണ് ഈ ചിത്രവും പിന്തുടരുന്നത്. അതിനാൽ പ്രേക്ഷകന്റെ ആസ്വാദനത്തിനു യാതൊരു ഇളക്കവും സംഭവിക്കില്ല. ഇത്തരം ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ധൈര്യമായി കാണാവുന്ന ചിത്രമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ്. 


എൻറെ റേറ്റിംഗ് 7.2 ഓൺ 10 

Friday, September 1, 2017

251. Pandigai (2017)

പണ്ടിഗൈ (2017)



Language : Tamil
Genre : Action | Comedy | Romance | Thriller
Director : Feroz
IMDB : 7.0

Pandigai Theatrical Trailer


പന്തയം വെച്ച് ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം എനിക്ക് വീണ്ടെടുക്കണം. അത് വീണ്ടെടുക്കണമെങ്കിൽ എന്റെ സുഹൃത്ത് ഇന്ന് പണ്ടികയിൽ തോക്കണം. അവൻ തോറ്റേ പറ്റുകയുള്ളൂ. അവൻ ചതിക്കില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. അവൻ ജയിച്ചാൽ, ഞാൻ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാണ്ടാവും. 

ഒരു ഗെയിം സെന്റർ നടത്തുന്ന മുനിക്ക് വാതുവെപ്പ് / പന്തയം വെക്കൽ ഒരു ഹോബി ആണ്. ഒരു വാതുവെപ്പിൽ തൻറെ വീട് പന്തയം വെക്കുന്ന മുനിക്ക് എല്ലാം നഷ്ടമാവുന്നതിനെ തുടർന്ന് ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി ചെയ്യുന്ന വേലുവിന്റെ സഹായം തേടുന്നു. വേലുവിനു വിദേശത്തു പോയി ജോലി ചെയ്തു കുറച്ചു സമ്പാദ്യം ഉണ്ടാക്കുക എന്നത് ആണ് ആഗ്രഹം. എന്നാൽ മുനിയുടെ പ്രലോഭനത്തിൽ വഴങ്ങി ദാദാ നടത്തുന്ന പണ്ടിഗൈയിൽ മത്സരിക്കാൻ പോകുന്നു. ഒരു ഫൈറ്റിനു പതിനായിരം രൂപ ആണ് വേലുവിനു കിട്ടുക. അവിടെ സ്ഥിരം ഫൈറ്റർ ആയി വേലു മാറുന്നു. എന്നാൽ അവസാനമായി ഒരു ഗുസ്തിക്കായി ഗോദയിൽ ഇറങ്ങിയ വേലുവിന്റെയും മുനിയുടെയും കണക്കു കൂട്ടൽ മുഴുവൻ തകിടം മറിയുന്നു.

നവാഗതനായ ഫിറോസ് എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് പണ്ടിഗൈ. പണ്ടിഗൈ എന്നാൽ തമിഴിൽ ഉത്സവം ആണെങ്കിൽ ഇവിടെ അർത്ഥമാക്കുന്നത് ഒരു നിയമവിരുദ്ധമായ ഒരു ഗുസ്തി വാതുവെപ്പ് ക്ലബ് ആണ്. വളരെ മികച്ച രീതിയിൽ തന്നെ ഫിറോസ് തൻറെ ആദ്യ സംരംഭം അണിയിച്ചൊരുക്കിയിട്ടുണ്ട്. മുഴുനീള ഒരു ആക്ഷൻ ത്രില്ലർ ആയ ചിത്രത്തിൽ തമാശയും അല്പം റൊമാൻസും വിളക്കി ചേർത്തിട്ടുണ്ട് ഫിറോസ്. ആദ്യ പകുതി മുഴുനീള ആക്ഷനാണ് പ്രാധാന്യം കൊടുത്തതെങ്കിൽ രണ്ടാം പകുതി ഒരു ഹൈസ്റ്റ് ത്രില്ലറായി അവതരിപ്പിച്ചിരിക്കുന്നു. പ്രവചനങ്ങൾക്ക് അതീതമായ ആഖ്യാന രീതി ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്.  ആർ.എച്. വിക്രം (രംഗൂൺ ഫെയിം) നിർവഹിച്ച പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മൂഡ് നില നിർത്തി. പാട്ടുകളും മോശമായവ അല്ലായിരുന്നു.

കൃഷ്ണ വേലുവിനെയും ശരവണൻ മുനിയെയും അവതരിപ്പിച്ചു. രണ്ടു പേരും തൻറെ റോളുകൾ മികച്ച രീതിയിൽ ആവിഷ്കരിച്ചു. ആനന്ദി വേലുവിന്റെ പ്രണയഭാജനമായ കാവ്യയെ അവതരിപ്പിച്ചു. നിതിൻ സത്യാ ഒരു വ്യത്യസ്ത കഥാപാത്രമായ മുന്തിരിയെ അവതരിപ്പിച്ചു. കരുണാസ്, ഷണ്മുഖരാജൻ, മധുസൂദന റാവു തുടങ്ങിയവരും തന്റെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു മുഷിപ്പും കൂടാതെ കണ്ടിരിക്കാവുന്ന ഒരുഗ്രൻ ത്രില്ലർ ആണ് ഫിറോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇദ്ദേഹം തമിഴ് സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകാൻ സാധ്യത വളരെയധികം മുന്നിൽ കാണുന്നു.

എന്റെ റേറ്റിംഗ്  7.5 ഓൺ 10 

ഈ ചിത്രത്തിൻറെ നായക കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ആദ്യം വിക്രം പ്രഭുവിന്റെ അടുത്താണ് അണിയറക്കാർ ചെന്നത്. എന്നാൽ വിക്രം പ്രഭുവിന് ഡേറ്റ് ഇല്ലാത്തതിനാൽ കൃഷ്ണയ്ക്ക് വേലു എന്ന കഥാപാത്രം തേടിയെത്തി. വിക്രം പ്രഭു ആയിരുന്നുവെങ്കിൽ ചിലപ്പോൾ മികച്ച ഒരു ബോക്സോഫീസ് വിജയം നേടാൻ കഴിഞ്ഞേനെ..  

Thursday, August 10, 2017

250. Godha (2017)

ഗോദ (2017)



Language : Malayalam
Genre : Drama | Sports
Director : Basil Joseph
IMDB : 7.5

Godha Theatrical Trailer


ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍ എല്ലാം എനിക്കിഷ്ടപ്പെട്ടവയായിരുന്നു. ഹോംലി മീല്സില്‍ അദ്ദേഹം ചെയ്ത റോളും മികച്ചതായിരുന്നു. പിന്നീടാണ്, കുഞ്ഞിരാമായണം എന്നാ ചിത്രം സുഹൃത്തായ ദീപു പ്രദീപുമായി ചെയ്യുന്നു എന്നാ വാര്‍ത്ത നല്ല സന്തോഷം നല്‍കിയിരുന്നു. ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല, അല്ലറ ചില്ലറ നര്‍മ മുഹൂര്‍ത്തങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ സമ്പൂര്‍ണ നിരാശ നല്‍കിയ ചിത്രമായിരുന്നു അത്. അതിനാല്‍ ഗോദ എന്നാ ചിത്രം റിലീസ് ആകുമ്പോള്‍ തീരെ പ്രതീക്ഷ ഞാന്‍ നല്കിയിരുന്നുമില്ല. പക്ഷെ നാട്ടില്‍ റിലീസ് ആയപ്പോഴുള്ള പ്രതികരണം എല്ലാം വീണ്ടുമൊരു പ്രതീക്ഷ തന്നു. അതിനാല്‍ ഇവിടെ ഗള്‍ഫില്‍ റിലീസ് ആയ അന്ന് തന്നെ ചിത്രം കാണുകയും ചെയ്തു.

ഗുസ്തി പാരമ്പര്യമുള്ള കണ്ണാടിക്കര എന്നാ ഗ്രാമത്തിലെ ക്യാപ്റ്റന്‍ (യഥാര്‍ത്ഥ പേര്‍ ചിത്രത്തില്‍ പറയുന്നില്ല) മകനായ  ആജ്ഞനേയ ദാസ്, പക്ഷെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് പിറകെ പോകാതെ കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിച്ചു നടക്കാന്‍ ഇഷ്ടപ്പെടുന്നു. ഗ്രാമവാസികളുടെ ഓര്‍മ്മകളിലേക്ക് മാത്രമായി മാറിപ്പോകുന്ന ഗുസ്തിയെ എങ്ങിനെയും പുനര്‍ജീവിപ്പിക്കണം എന്ന് ചിന്തിക്ക്കുന്ന ക്യാപ്ടനും കൂട്ടരും, എന്നാല്‍ ക്രിക്കറ്റ് വേര് പിടിപ്പിക്കാന്‍ ശ്രമിക്കുന്ന ലോക്കല്‍ നേതാവായ വിജയനും കൂട്ടരും തമ്മിലുള്ള സ്പര്‍ദ്ധ കൂടി വരികയും ചെയ്യുന്നു. അങ്ങിനെയിരിക്കെ ആജ്ഞനേയ ദാസിന് പഞ്ചാബ് സര്‍വകലാശാലയില്‍ ഉപരി പഠനത്തിനു അവസരം ലഭിക്കുകയും അവിടേക്ക് പോകുകയും ചെയ്യുന്നു. അവിടെ വെച്ചു അതിഥി സിംഗ് എന്ന ഗുസ്തി ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും ചെയ്യുന്നു. ചില സംഭവ വികാസങ്ങളുടെ പേരില്‍ അവര്‍ കണ്ണാടിക്കരയില്‍ എത്തുകയും, പിന്നീടുള്ള കാര്യങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞു അവതരിപ്പിച്ചിരിക്കുന്നു.

വാമീഖ ഗബ്ബി എന്ന പഞ്ചാബി പെണ്‍കുട്ടി തന്നെയാണ് സിനിമയുടെ നെടുംതൂണ്‍. ഒരു പുതുമുഖത്തിനുണ്ടാകാറുള്ള (മലയാളം) യാതൊരു പ്രശ്നങ്ങളുമില്ലാതെ തന്നെ തകര്‍ത്തഭിനയിച്ചു. ഗുസ്ഥിയാനെങ്കിലും ഡയലോഗ് ആണെങ്കിലും അവര്‍ നല്ല രീതിയില്‍ മുന്നേറി. നായകന്‍ ആയ ടോവിനോ തോമസിനെ പല തവണയും നിഷ്പ്രഭമാക്കി എന്ന് തന്നെ പറയാം. നവീന സിനിമയിലെ തിലകന്‍ അല്ലെങ്കില്‍ ലാല് അലക്സ് ആയ രേഞ്ചി പണിക്കര്‍ തന്റെ ജോലി കിര്‍ത്യമായി നിര്‍വഹിച്ചു. അമ്മയുടെ വേഷം കൈകാര്യം ചെയ്ത പാര്‍വതിയും നന്നായിരുന്നു. അജു വര്‍ഗീസ്‌, ശ്രീജിത്ത്‌ രവി, തുടങ്ങിയവര്‍ക്കാണ് അല്പമെങ്കിലും റോള്‍ സാധ്യത കൂടുതല്‍ ഉണ്ടായിരുന്നത്. മാമുക്കോയ, ഒക്കെ എന്തിനായിരുന്നുവെന്ന് എനിക്കിപ്പോഴും സംശയം. കോമഡി താരങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നുവെങ്കിലും അധികം ഒന്നും പ്രകടനം അവര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. പേരിനു കുറച്ചു കൂടുതല്‍ നടന്മാര്‍. ഇവിടെ ഒരു താരതമ്യം ഞാന്‍ നടത്തുന്നു, പഴയ കാല സത്യന്‍ അന്തിക്കാടിന്റെ ഗ്രാമീണ പശ്ചാത്തലം നിറഞ്ഞു തുളുമ്പുന്ന സിനിമകളില്‍ നിരവധി കഥാപാത്രങ്ങള്‍ ഉണ്ടാവും, അവര്‍ക്കെല്ലാം സ്ക്രീന്‍സ്പേസും പ്രാധാന്യവും വീതിച്ചു നല്‍കിയിരുന്നു. സിനിമ കഴിയുമ്പോഴും നമ്മുടെ മനസ്സില്‍ ആ കഥാപാത്രങ്ങള്‍ തങ്ങി നില്‍ക്കുകയും ചെയ്യും. പക്ഷെ ഗോദ കണ്ടിറങ്ങുമ്പോള്‍, സിനിമയിലെ പല കഥാപാത്രങ്ങളെയും നമ്മള്‍ ഓര്‍മ്മിക്കാന്‍ കൂടി കഴിയില്ല എന്നതാണ് വിഷമകരമായ സത്യം.

ഡങ്കല്‍, സുല്‍ത്താന്‍ എന്നീ ചിത്രങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാവനം അണിയറക്കാര്‍ കേരളത്തില്‍ ഗുസ്തിക്ക് പ്രാമുഖ്യം നല്‍കി ഒരു ചിത്രം അവതരിപ്പിച്ചത്. സ്പോര്‍ട്സ് ജോണ്രെയില്‍ വരുന്ന ഈ ചിത്രം അതിനോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ടോ എന്നാ കാര്യത്തില്‍ സംശയമാണ്. കണ്ടു മടുത്ത ക്ലീഷെകളും 
പ്രവചിക്കാനാകുന്ന സീനുകളും വെറുതെ കുറെ പാട്ടുകളും ഒക്കെ പലപ്പോഴും രസചരട് പോട്ടിക്കുന്നുമുണ്ട്. ഒരു racy screenplayയുടെ അഭാവം ഉടനീളം കാണാന്‍ കഴിയും.  ഷാന്‍ റഹ്മാന്റെ പാട്ടുകള്‍ ശരാശരിയില്‍ നില്‍ക്കുന്നു, അദ്ദേഹത്തിന്‍റെ ശൈലി മാറ്റിപിടിചില്ലയെങ്കില്‍ അധിക കാലം പിടിച്ചു നില്കും എന്നത് സംശയമാണ്. പശ്ചാത്തല സംഗീതം ചില ഇടങ്ങളില്‍ നന്നായിരുന്നുവെങ്കിലും, പലപ്പോഴും loud ആയതു കാതിനു ആലോസരമുണ്ടാക്കുന്നുണ്ട്. ആദ്യ പകുതിയില്‍ ഉള്ള കോമഡി നിലവാരം പുലര്‍ത്തുന്നുണ്ട്, ചിരിക്കാന്‍ വളരെയേറെ സാധ്യത നല്കിയതാനെങ്കില്‍ രണ്ടാം പകുതിയിലെ കോമഡി അത്ര കണ്ടു ഏശിയില്ല. കോമഡിയും നാട്ടിന്‍പുറത്തിന്റെ ദ്രിശ്യഭംഗിയും ചിത്രത്തിന്റെ വമീഖ കഴിഞ്ഞാലുള്ള ഹൈലൈറ്റ്. 

ഗോഥയുടെ അവസാന ഭാഗമൊക്കെ ഡങ്കല്‍ സീനുകളുമായി സാമ്യം വന്നിട്ടുണ്ടെങ്കില്‍ അത് തീര്‍ത്തും യാദ്രിശ്ചികം മാത്രമാണ്.

മൊത്തത്തില്‍ പറഞ്ഞാല്‍ വമീഖയുടെ പ്രകടനത്തിനും അല്പം കൊമടിക്കും വേണ്ടി ഒരു തവണ കണ്ടിരിക്കാന്‍ കഴിയുന്ന ഒരു ശരാശരി ചിത്രം. 

എന്‍റെ റേറ്റിംഗ് 5.2 ഓണ്‍ 10

Monday, July 10, 2017

249. Three O' Clock High (1987)

ത്രീ ഓ ക്ളോക്ക് ഹൈ (1987)




Language : English
Genre : Comedy
Director : Phil Joanou
IMDB : 7.2

Three O Clock High Theatrical Trailer

ഇന്നൽപം താമസിച്ചാണ് ഞാൻ എഴുന്നേറ്റത്, സ്‌കൂളിൽ പോകാൻ ശരിക്കും വൈകിയെങ്കിലും, എന്തെങ്കിലുമൊക്കെ ഒപ്പിച്ചു അനിയത്തി ബ്രൈയെയും കൂട്ടുകാരി ഫ്രാന്നിയെയും കൂട്ടി കാറിൽ സ്‌കൂളിലേക്ക് തിരിച്ചു. ഭാഗ്യത്തിന് ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടു അവസാനം സ്‌കൂളിൽ എത്തിച്ചേർന്നു.  അവിടെ ചെന്നപ്പോൾ പുതിയതായിട്ടു ട്രാൻസ്ഫർ നേടി വന്ന ബഡി റെവൽ എന്ന തല്ലുപിടിയൻ ചെക്കനെ പറ്റിയാണ് സ്‌കൂളിൽ സംസാരവിഷയം . ഇതിൽ നമുക്കെന്തു കാര്യം.!! അവൻ വരുവോ പോകുവോ ചെയ്യട്ടെ.. എന്തായാലും ഞാൻ ക്ലാസിൽ പോയേക്കാം. ക്ലാസ് തുടങ്ങി, എൻറെ അടുത്തുള്ള ഒഴിഞ്ഞ സീറ്റിൽ  ഒരു പുതിയ ചെക്കൻ വന്നിരുന്നു, ടീച്ചർ അവനെ ക്ലാസിൽ പരിചയപ്പെടുത്തിയത് ബഡി റെവൽ. എൻറെ മനസ്സിൽ കൂടി ഒരു വെള്ളിടി പാഞ്ഞു. പോരാത്തതിന് ടീച്ചർ ഞങ്ങളുടെ സ്‌കൂൾ ന്യൂസ്പേപ്പറിന് വേണ്ടി ഇന്റർവ്യൂ ചെയ്യുന്ന ജോലി എന്നെ ഏൽപ്പിച്ചു. ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന അവസ്ഥയായി എന്റേത്.. അവൻറെ ദേഹത്തു തൊട്ടാൽ, തൊട്ടവനെ അടിക്കുന്ന സ്വഭാവക്കാരനാണെന്നാ പറഞ്ഞു കേട്ടത്, എന്നിട്ടും ഞാൻ അവനെ അബദ്ധത്തിൽ അവൻറെ ദേഹത്തൊന്നു തട്ടി.. എന്ത് ചെയ്യാനാ.. എൻറെ അവസ്ഥ  അങ്ങിനെ ആയി പോയി. പെട്ടെന്ന് അവനെന്നെ പൊക്കി എടുത്തു ഭിത്തിയിൽ പേടിച്ചിട്ടു, എൻറെ അടുത്ത് പറഞ്ഞു, മൂന്നു മണിക്ക് സ്‌കൂൾ മുറ്റത്തു ക്ലാസ് കഴിഞ്ഞ ശേഷം നമുക്ക് ഒരു ദ്വന്ദയുദ്ധം നടത്താം എന്ന്. എൻറെ സകല ശക്തിയും ചോർന്നു പോയി, ഒരു കൊതുകു പോലും ഞാൻ അടിച്ചാൽ ചാവൂല.. ആ ഞാനാണ് ആറരയടിയിഞ്ചുള്ള ഈ കാലമാടനെ തല്ലാൻ പോകുന്നത്.. രക്ഷപെടാൻ ഉള്ള വഴികൾ അന്വേഷിച്ചു ഞാൻ നെട്ടോട്ടമോടികൊണ്ടേയിരുന്നു..

ഞാൻ ആരാണെന്നു പറഞ്ഞില്ലല്ലോ അല്ലെ, എൻറെ പേര് ജെറി മിച്ചൽ, ഹൈസ്‌കൂളിൽ പഠിക്കുന്ന ഒരു സാധു കൗമാരക്കാരൻ. ഇതെന്റെ ഒരു ദിവസത്തെ കഥ.

റിച്ചാർഡ് ക്രിസ്റ്റീൻ മതേസനും തോമസ് ഷോളോസി ചേർന്നെഴുതിയ ഈ ഹൈസ്‌കൂൾ കോമഡി സംവിധാനം ചെയ്തത് ഫിൽ യോനാ ആണ്. അദ്ദേഹത്തിന്റെ ആദ്യ ഹോളിവുഡ് സംവിധാന സംരംഭമാണിത്, എന്നാൽ യാതൊരു വിധ ക്ലേശങ്ങളുമില്ലാതെ തന്നെ അദ്ദേഹം തന്റെ ജോലി നിർവഹിച്ചിട്ടുണ്ട്. അത്യാവശ്യം നല്ല കോമഡി രംഗങ്ങളും എല്ലാം ചേർന്ന് മുഷിച്ചിലില്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടിയുടെ രാവിലെ മുതൽ മൂന്നു മണി വരെയുള്ള സംഭവങ്ങൾ ആണ് ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.അത് ഹൃദ്യമാക്കിയിട്ടുമുണ്ട്.
കുട്ടിത്തമായതും ക്ലാസ് ആയ തമാശകളാൽ രസകരമായ ഒരു ചിത്രം ആക്കി തീർക്കാൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച കാസി സീമാസ്‌കോ  സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സുഹൃത്തായ ഫ്രാനീയെ അവതരിപ്പിച്ച ആൻ റയാനും എന്ന് വേണ്ട നിരവധി പുതുമുഖങ്ങൾ (എന്നെ സംബന്ധിച്ചിടത്തോളം) വളരെയധികം പിന്തുണ നൽകി.
ഇത് പോലെ ഒരു ചിത്രത്തിൽ സംഗീതത്തിനും ക്യാമറവർക്കിനും വലിയ പ്രാധാന്യമില്ലെങ്കിലും നന്നായി തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്.

നല്ല ഒരു ചിത്രമായിരുന്നിട്ടു കൂടി ഒരു ബോക്സോഫീസ് ദുരന്തം ആകാനായിരുന്നു വിധി.

101 മിനുട്ടുകൾ രസകരമായി ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ഹൈസ്‌കൂൾ കോമഡി ചിത്രം. മിസ്സാക്കാതെ നോക്കുക.

എൻറെ റേറ്റിങ് 7.5 ഓൺ 10 

ഈ അടുത്തിറങ്ങിയ ഫിസ്റ്റ് ഫൈറ്റ് എന്ന ചിത്രത്തിൻറെ പ്രമേയവും ഏതാണ്ട് സമാനമാണ്. പക്ഷെ താരതമ്യപ്പെടുത്തി നോക്കിയാൽ എൺപത്തിയേഴിൽ പുറത്തിറങ്ങിയ ഈ ചിത്രം കാതങ്ങളോളം മുന്പിലുമായിരിക്കും.


Monday, June 5, 2017

248. Wonder Woman (2017)

വണ്ടർ വുമൺ (2017)



Language : English
Genre : Action | Drama | Fantasy | Sci-Fi
Director : Patty Jenkins
IMDB : 8.3

Wonder Woman Theatrical Trailer



തെമിസ്‌ക്യാറ രാജ്യത്തെ ആമസോണിയൻ വംശത്തിന്റെ രാജകുമാരിയാണ് ഞാൻ. യുദ്ധങ്ങളുടെ ദേവനായ എരീസിനെ വധിക്കാൻ വേണ്ടി മരിക്കുന്നതിന് തൊട്ടു മുൻപ് സീയൂസ് ദൈവം തങ്ങളെ സൃഷ്ടിച്ചതെന്ന് 'അമ്മ ഹിപ്പൊലിറ്റ എന്നോട് കുഞ്ഞുന്നാളിലേ പറഞ്ഞു തന്നിട്ടുണ്ട്. ആയുധമുറകളും മറ്റും അമ്മയറിയാതെ തന്നെ ഞാൻ ചെറിയമ്മയിൽ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്. ഏരീസ് ഒരിക്കലും തിരിച്ചു വരില്ല എന്നാണു അമ്മയിപ്പോഴും വിശ്വസിക്കുന്നത്. ഒരു നാൾ, സ്റ്റീവ് ട്രെവർ എന്ന ഒരു സൈനികൻ ഞങ്ങളുടെ തീരത്ത് വന്നു വീണു. ആദ്യമായിട്ടാണ് ഞാൻ ഒരു മനുഷ്യനെ നേരിൽ കാണുന്നത്. ആ അത്ഭുതം പ്രകടിപ്പിക്കും മുൻപ് തന്നെ ജർമൻ സൈനികർ ഞങ്ങളെ ആക്രമിച്ചു. അതിൽ നിന്നും ഞങ്ങൾ ഒരു വിധേന രക്ഷപെടുകയും ചെയ്തു. സ്റ്റീവ് പറഞ്ഞ മൂന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട കോടിക്കണക്കിനാളുകളുടെ കഥ പറഞ്ഞപ്പോൾ, ഏരീസ് ആണ് ഇതിനെല്ലാം സൂത്രധാരൻ എന്ന് എനിക്ക് തോന്നി. സ്റ്റീവിനെ രക്ഷിക്കുകയും എരീസിനെ വകവരുത്തുകയും ചെയ്യണം. പക്ഷെ പുറംലോകം എന്തെന്നറിയാത്ത എനിക്ക് അതിനു സാധിക്കുമോ?

DC Extended Universeലെ നാലാമത്തെ ചിത്രമാണ് എഴുത്തുകാരനായ സാം ഷെറിഡാന്റെ പത്നി പാറ്റി ജെൻകിൻസ് സംവിധാനം ചെയ്ത വണ്ടർ വുമൺ. ഇതിനു മുൻപ് പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളും വൻ നിരൂപക തിരസ്കാരം എട്ടു വാങ്ങിയവ ആയിരുന്നു . പക്ഷെ ഇത്തവണ ക്രിട്ടിക്കുകൾ മുഴുവനും ഡിസിയുടെ കൂടെ തന്നെയാരുന്നു. Rotten Tomatoesൽ അറുപതു ശതമാനം പോലും നേടാൻ കഴിയാതിരുന്ന മുൻ ചിത്രങ്ങളെ അപേക്ഷിച്ചു വൻപിച്ച മുന്നേറ്റം ആണ് 93% നേടി വണ്ടർ വുമൺ നടത്തിയിരിക്കുന്നത്. 

മറ്റുള്ള സിനിമകളെ അപേക്ഷിച്ചു ചിത്രത്തിൻറെ ആഖ്യാനം വളരെയധികം വേഗതയാർജിച്ചതായിരുന്നു. ഒരു മാർവൽ കോമിക്സ് ശൈലിയിലുള്ള ആഖ്യാനത്തിൽ തമാശയും, ആക്ഷനും, പ്രണയവും, ഗ്രാഫിക്‌സും മികച്ച രീതിയിൽ ഇട കലർത്തിയിരുന്നത് കൊണ്ട് ആസ്വാദ്യകരവുമായിരുന്നു. ഡയാന എന്ന വണ്ടർ വുമൺടെ കുട്ടിക്കാലം മുതലും പരിശീലനം നടത്തുന്നതെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ആക്ഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായിരുന്നു. ഗ്രാഫിക്‌സും വളരെയധികം മുന്നിട്ടു നിന്നു. മറ്റുള്ള ഡിസി ചിത്രം പോലെ തന്നെ ഇതും ഡാർക് മൂഡിലായിരുന്നുവെങ്കിലും, ഒരു ജീവസുറ്റ അവതരണം ആയിരുന്നു.
സൂപ്പർഹീറോ ചിത്രങ്ങൾക്കുള്ള സ്ഥിരം കഥ തന്നെയാണ് ഈ ചിത്രത്തിനും എന്നുള്ളതാണ് ഒരു പോരായ്മ. ചിലപ്പോഴൊക്കെ ക്യാപ്റ്റൻ അമേരിക്കയെ ഓർമ്മിപ്പിച്ചു. ഒരു മികച്ച വില്ലൻ ഇല്ലാഞ്ഞതും ഈ ചിത്രത്തിൻറെ വലിയ പോരായ്മ ആയി എനിക്ക് തോന്നി. ചിത്രത്തിൻറെ നീളം അല്പം കൂടുതൽ ആണോ എന്ന് ചില സമയത്ത് തോന്നി, എന്നിരുന്നാലും സ്ഥിരം ഡിസി സിനിമകളുടെ ലാഗ് ഈ ചിത്രത്തിലുണ്ടായിരുന്നില്ല എന്ന് വേണം പറയാം. 
ഹാക്ക്സോ റിഡ്ജ് എന്ന ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ച റുപേർട്ട് ഗ്രെഗ്‌സൺ വില്യംസ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ഉള്ളത് പറഞ്ഞാൽ പശ്ചാത്തല സംഗീതം അത്ര കണ്ടു മികവ് പുലർത്തിയിരുന്നില്ല. സ്ഥിരം കേട്ട് മറന്ന സംഗീതം ആയിരുന്നു. പക്ഷെ ഓഡിയോഗ്രാഫി നന്നായിരുന്നു.

വണ്ടർ വുമണായി വേഷമിട്ട ഗാൽ ഗടോട്ട് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. അവരെ കാസ്റ്റ് ചെയ്ത അന്ന് മുതൽ എനിക്ക് സംശയമായിരുന്നു അവർ എത്ര മാത്രം ആ റോൾ മികച്ചതാക്കും എന്നത്. പക്ഷെ അക്ഷരാർത്ഥത്തിൽ ആ കഥാപാത്രത്തെ പരിപൂർണതയിലെത്തിച്ചു. വണ്ടർവുമണിന്റെ വേഷത്തിൽ അവരെ കാണാൻവളരെയധികം സുന്ദരിയായി തന്നെ തോന്ന. ആക്ഷൻ സീനുകളിലും അവർ മികച്ചു നിന്നു. ക്രിസ് പൈൻ മറ്റൊരു പ്രധാന കഥാപാത്രത്തിൽ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ രണ്ടാമൻ എന്ന കഥാപാത്രമായിരുന്നു, പലപ്പോഴും ഗാലിന്റെ പ്രകടനത്തിൽ ഒതുങ്ങി പോവുകയും ചെയ്തു. രണ്ടു പേരുടെയും കെമിസ്ട്രി നന്നായിരുന്നു. 

മൊത്തത്തിൽ പറഞ്ഞാൽ, വളരെ കാലത്തിനു ശേഷം ഡിസി സിനിമകളിൽ എനിക്കേറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രം. 141 മിനുട്ടുകൾ അല്പം നീളം കൂടുതൽ ആണെങ്കിലും ഒരു മികച്ച entertainer തന്നെയാണ് വണ്ടർ വുമൺ. തീയറ്ററിൽ നിന്നും തന്നെ കാണുവാൻ ശ്രമിക്കുക.

എൻറെ റേറ്റിംഗ് 9.0 ഓൺ 10

Sunday, June 4, 2017

247. Power Pandi (2017)

പവർ പാണ്ടി (2017)



Language : Tamil
Genre : Family | Drama | Romance
Director : Dhanush
IMDB : 7.8

Power Pandi Theatrical Trailer 


ഒരു കാലത്ത് സിനിമയിലെ ഒരു മികച്ച സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു ഞാൻ. ഇപ്പോൾ മകനും മരുമകളും രണ്ടു കുഞ്ഞു പേരക്കിടാങ്ങളുമായി വിശ്രമ ജീവിതം നയിക്കുന്നു. പക്ഷെ, മകൻ പറയുന്നതിനനുസരിച്ചു ജീവിക്കുമ്പോഴും,  ഞാൻ എനിക്ക് വേണ്ടി ഇത് വരെ ജീവിച്ചിട്ടില്ല എന്ന സങ്കടം എന്നെ വേട്ടയാടി കൊണ്ടേയിരുന്നു. ഒരു നാൾ എനിക്ക് മകനോട് വഴക്കിടേണ്ടി വന്നു. അത് മൂലം എനിക്ക് വീട് വിട്ടിറങ്ങേണ്ടി വന്നു. എന്നിലെ എന്നെ തേടിയും, എൻറെ കൗമാരക്കാലത്തെ പ്രണയിനി തേടിയുമുള്ള യാത്ര.

ധനുഷ് - എൻറെ അഭിപ്രായത്തിൽ ഒരു സകലകലാവല്ലഭൻ തന്നെയാണ് അദ്ദേഹം. ഗായകൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, ഡാൻസർ എന്ന എല്ലാ നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം സംവിധായകൻറെ മേലങ്കി അണിയുന്ന ചിത്രമാണ് പവർ പാണ്ടി. രാജകിരൺ, രേവതി, മഡോണ, ആടുകളം നരൻ, പ്രസന്ന, ഛായാ സിങ് തുടങ്ങിയവർക്ക് പുറമെ ധനുഷും ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഉള്ളത് പറഞ്ഞാൽ ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ കഴിയുന്ന ഒരു സുന്ദരചിത്രമാണ് പവർ പാണ്ടി. വാർദ്ധക്യത്തിലെത്തിയ ഒരു മനുഷ്യൻറെ ജീവിതത്തിലൂടെ ഉള്ള യാത്ര മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് ധനുഷ്. തമിഴ് സിനിമയുടെ കെട്ടുപാടിൽ അല്ലെങ്കിൽ സേഫ് സോണിൽ നിൽക്കുന്ന ചിത്രത്തിൽ ക്യാമറവർക്കും, സംഗീതവും, ആഖ്യാനവും എല്ലാം ഇഴചേർന്നു നിൽക്കുന്നു. എല്ലാത്തിനും അതിന്റേതായ പ്രാമുഖ്യം ചിത്രത്തിൽ കൊടുക്കാൻ സംവിധായകൻ മറന്നില്ല.

രാജകിരൺ, പവർ പാണ്ടി എന്ന കഥാപാത്രത്തെ നിഷ്പ്രയാസം അവതരിപ്പിച്ചു. ആക്ഷനും കോമഡിയും വൈകാരിക സീനുകളിലും അദ്ദേഹം നിറഞ്ഞാടി.  അദ്ദേഹം സീനിൽ വരുമ്പോഴുള്ള സ്‌ക്രീൻപ്രസൻസ് വാക്കുകളിൽ ഒതുക്കിക്കൂടാൻ കഴിയുകയില്ല. പ്രസന്ന, ഛായാ സിങ് മികച്ച രീതിയിൽ തങ്ങളുടെ റോൾ അവതരിപ്പിച്ചു. കുട്ടികളും അടുത്ത വീട്ടിലെ പയ്യനെ അവതരിപ്പിച്ച കുട്ടിയും നന്നായിരുന്നു.  രേവതി, തൻറെ റോൾ തനതായ രീതിയിൽ തന്നെ അവതരിപ്പിച്ചു. ധനുഷ്, പവർപാണ്ടിയുടെ ചെറുപ്പ കാലം അവതരിപ്പിച്ചു. ചെറുതെങ്കിലും നന്നായിരുന്നു. മഡോണയും തന്റെ റോൾ നന്നായി തന്നെ ചെയ്തു

ഷോൺ റോൾഡൻറെ ഗാനങ്ങൾ ഇമ്പമുള്ളവയായിരുന്നു. അത് ചിത്രീകരിച്ച രീതിയും ഒരു പ്രേക്ഷകനെ മുഷിപ്പിക്കാതെ ആസ്വാദന താളം കൂട്ടിയുമായിരുന്നു. പശ്ചാത്തല സംഗീതവും മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ കുടുംബത്തോടെ സന്തോഷമായി കാണാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് ചിത്രം.

എൻറെ റേറ്റിംഗ് 8.9 ഓൺ 10

Saturday, May 13, 2017

246. Guardians Of The Galaxy Vol. 2 (2017)

Guardians Of The Galaxy Vol. 2 (2017)

ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി വോള്യം 2 (2017)




Language : English
Genre : Action | Adventure | Comedy | Sci-Fi
Director : James Gunn
IMDB : 8.2

Guardians Of The Galaxy Vol. 2 Theatrical Trailer


മൂന്നു വർഷം മുൻപ് മാർവലിൻറെ ഗാർഡിയൻസ് തീയറ്ററിൽ ഇറങ്ങുമ്പോൾ വെറും ട്രെയിലർ കണ്ടിട്ടുള്ള പ്രതീക്ഷ വെച്ച് മാത്രം തീയറ്ററിൽ കയറിയതാണ്. പ്രതീക്ഷകളറ്റ എനിക്ക് സിനിമ തന്നത് ഒരു പ്രത്യേക സന്തോഷവും ഉന്മേഷവും ആയിരുന്നു. ഒരു ലാഗുമില്ലാതെ മുഴുനീള സിനിമ എന്നങ്ങു ആസ്വദിച്ചു കണ്ടു. അന്ന് ഗ്രൂട്ട് ഇല്ലാണ്ടായപ്പോൾ റോക്കറ്റിൻറെ കൂട്ട് നഷ്ടപ്പെട്ടുവല്ലോ എന്നോർത്തു വിഷമിക്കുകയും ചെയ്തു. എന്നാൽ പുതുനാമ്പു വന്നത് കാണിച്ചു ആ സങ്കടം പെട്ടെന്ന് തന്നെ ഇല്ലാതാക്കി. 

രണ്ടാം ഭാഗം തുടങ്ങുന്നത് അയേഷാ എന്ന രാജ്ഞിയുടെ ലോകത്തെ വിശിഷ്ട ബാറ്ററികൾ മോഷ്ടിക്കാൻ വരുന്ന അന്യഗ്രഹജീവിയെ വക വരുത്തി ഗൊമോറയുടെ സഹോദരിയായ നെബുലയെ മോചിപ്പിക്കുക എന്നുദ്ദേശത്തോടെ നിൽക്കുന്ന ഗാർഡിയൻസിനെയുമാണ്.  അപ്പോഴാണ് കുഞ്ഞു ഗ്രൂട്ടിനെ സ്‌ക്രീനിൽ കാണിക്കുന്നത്. പിന്നണിയിൽ പൊരിഞ്ഞ യുദ്ധം നടക്കുമ്പോഴും നൃത്തം ചെയ്തു നടക്കുന്ന ഗ്രൂട്ടിൻറെ മേൽ നിന്നും നമുക്ക് കണ്ണെടുക്കാൻ കഴിയുകയില്ല. യുദ്ധത്തിന് ശേഷം റോക്കറ്റ് ആ ബാറ്ററിയിൽ ചിലതു മോഷ്ടിക്കുകയും ചെയ്യുന്നത് മൂലം ആയേഷാ രാജ്ഞിയുടെ കോപത്തിന് ഗാർഡിയൻസ് പാത്രമാകുന്നു. ആ യുദ്ധത്തിനിടയ്ക്ക് ക്വിലിൻറെ അച്ഛനായ ഈഗോ അവരുടെ രക്ഷയ്ക്കെത്തുന്നു. യുദ്ധത്തിനവസാനം ക്വിലാലിനെയും കൂട്ടരെയും ഈഗോ അയാളുടെ ഗ്രഹത്തിലേക്കു ക്ഷണിക്കുന്നു. അവിടെ പല രഹസ്യങ്ങളുടെയും ചുരുളഴിയുകയും ഒരിക്കൽ കൂടി ഗാർഡിയൻസ് പ്രപഞ്ചത്തിൻറെ രക്ഷകർ ആകുകയാണ്.

ഇത്തവണയും രക്ഷകരുടെ കഥയാണെങ്കിലും (സൂപ്പർ ഹീറോ ചിത്രങ്ങളുടെ പ്രധാന അജണ്ട അതാണല്ലോ) വളരെ മികച്ച രീതിയിൽ കഥ പറയുവാൻ ശ്രമിച്ചിട്ടുണ്ട്. VFX മികച്ചു നിന്നു, കഥാപാത്രങ്ങളെ വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാഖ്യാനം ആദ്യ ഭാഗം പോലെ തന്നെ വളരെ വേഗതയാര്ജിച്ച ഒന്ന് തന്നെയായിരുന്നു. ആക്ഷനും കോമഡിയും ഒരു പടി കൂടി മേലെ തന്നെയായിരുന്നു. ചിരിക്കാനുള്ള വക എല്ലാവരും സംഭാവന ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് റോക്കറ്റ് - ഗ്രൂട്ട് - ഡ്രാക്സ് ടീം. ഗ്രൂട്ട് സ്‌ക്രീനിൽ വന്നു കഴിഞ്ഞാൽ വേറൊന്നും കാണാൻ തോന്നില്ല. അത്രയ്ക്ക് ക്യൂട്ട് ആയിരുന്നു ബേബി ഗ്രൂട്ട്. ശരിക്കും നമുക്ക് ഗ്രൂട്ടിനെ ഇഷ്ടപ്പെട്ടു പോകും. പശ്ചാത്തല സംഗീതം നിർവഹിച്ച ടൈലർ ബെറ്റ്‌സ് പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.
നല്ല രീതിയിൽ തന്നെ കഥ മുൻപോട്ടു പ്രയാണം നടത്തിയെങ്കിലും മികച്ചൊരു വില്ലന്റെ അഭാവം ക്ളൈമാക്സിലെല്ലാം നിഴലിച്ചു. പ്രേക്ഷകനിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല എന്ന് തന്നെ പറയാം. എന്നിരുന്നാലും മൊത്തത്തിൽ ഒരു ആസ്വാദ്യകരമായ ചിത്രമായി മാറുകയും ചെയ്തു.

ക്രിസ് പ്രാറ്റ് തൻറെ ക്വിൽ അഥവാ സ്റ്റാർ-ലോർഡ് എന്ന കഥാപാത്രം മോശമാക്കിയില്ല. കോമഡിയിലും ആക്ഷനിലും സെന്റിമെൻറ്സിലും അദ്ദേഹം നന്നായി അവതരിപ്പിച്ചു.
ഗൊമോറയായി സോയി സൽടാനയും നെബുല ആയി കാരൻ ഗില്ല്യനും നല്ല പ്രകടനം കാഴ്ച വെച്ചു. ഡേവ് ബാറ്റിസ്റ്റ ഡ്രാക്സ് ആയി തകർപ്പൻ പ്രകടനം ആയിരുന്നു. കോമഡി ഒക്കെ അനായാസമായിട്ടാണ് കൈകാര്യം ചെയ്തത്.
ക്വില്ലിന്റെ അച്ഛനായ ഈഗോയെ അവതരിപ്പിച്ചത് കർട്ട് റസൽ ആയിരുന്നു. എഴുപതിനടുത്തു പ്രായം വരുന്ന കർട്ടിന്റെ ഗ്ളാമറിനൊരു കോട്ടം തട്ടിയിട്ടില്ലായെന്നു തോന്നിപ്പോകും. അഭിനയം മോശമല്ലായിരുന്നു.
റാക്കറ്റിനു ശബ്ദം കൊടുത്ത ബ്രാഡ്ലി കൂപ്പറും ബേബി ഗ്രൂട്ടിനു ശബ്ദം കൊടുത്ത വിൻ ഡീസലും തകർത്തു വാരി. യോണ്ടുവിനെ അവതരിപ്പിച്ച മൈക്കേൽ റൂക്കറിന് ഇത്തവണ അല്പം മികച്ച റോൾ ലഭിക്കുകയും അതദ്ദേഹം നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.
സിൽവസ്റ്റർ സ്റ്റാലോൺ, വിങ് റെയിംസ്, മിഷേൽ യോ, ഡേവിഡ് ഹാസൽഹോഫ്, തുടങ്ങിയവർ കാമിയോ വേഷങ്ങളിൽ വന്നു പോവുകയും ചെയ്തു.

മൊട്ടത്തത്തിൽ എനിക്കൊത്തിരി ഇഷ്ടപ്പെട്ട ചിത്രമായി മാറി ഗാർഡിയൻസ് 2, ഒന്നാം ഭാഗത്തിന്റെ അത്രയും എത്തിയോ എന്ന് ചോദിച്ചാൽ, എത്തിയില്ലെങ്കിലും, രണ്ടേകാൽ മണിക്കൂർ ജീവിതത്തിൻറെ വ്യഥകളൊന്നും ആലോചിക്കാനുള്ള സമയം തരാത്ത ഒരു അടിപൊളി ചിത്രം. തീയറ്ററിൽ നിന്നും കാണുവാൻ ശ്രമിക്കുക.

എൻറെ റേറ്റിങ് 9 ഓൺ 10 (എട്ടാണ് കൊടുക്കാൻ ഉദ്ദേശിച്ചത്, കുട്ടി ഗ്രൂട്ടിനു ഞാൻ ഒരു മാർക് കൂടി കൂടുതൽ കൊടുക്കുന്നു.. LOVE YOU GROOT)

Sunday, May 7, 2017

245. The Hurt Locker (2008)

ദി ഹർട്ട് ലോക്കർ (2008)


Language : English
Genre : Drama | War
Director : Katheryn Begalow
IMDB : 7.8

The Hurt Locker Theatrical Trailer

ഞാൻ സെർജെന്റ്  JT സാൻബോൺ, ഇപ്പോൾ ഇറാഖിൽ US Army Explosive Ordnance Disposal അഥവാ EOD ടീമിൽ ജോലി ചെയ്യുന്നു. ബോംബുകൾ കണ്ടെടുക്കുമ്പോൾ നിർവീര്യമാക്കുന്ന വളരെ വിഷമകരമായ ജോലിയാണ് ചെയ്യേണ്ടുന്നത്. ഈ മരണമണി മുഴക്കുന്ന ജോലിയിൽ തീരെ താല്പര്യമില്ല, വീട്ടിലേക്കു തിരിച്ചു പോകുന്ന നാൾ കാത്തു കഴിയുകയാണ്. അതിനിടെയിൽ ആണ്, എന്റെ ടീമിന്റെ സ്റ്റാഫ് സെർജെന്റ് മാത്ത്യു തോംപ്സൺ ബോംബ് നിർവീര്യമാക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെടുന്നത്. കണ്മുന്നിൽ നടന്ന ഈ സംഭവത്തിൽ നിന്നും മുക്തമാകാൻ എനിക്കും എന്റെ പങ്കാളി ഓവനും കഴിഞ്ഞില്ല എന്നത് ആണ് വികൃതമായ സത്യം. മാത്യുവിന് പകരമായി സ്പെഷ്യലിസ്റ് ആയി വന്നതാണ് വിൽ എന്ന് വിളിക്കുന്ന വില്യം ജെയിംസ്.
അയാളുടെ നിലപാടുകളും സാഹസികതയും ഫീൽഡിലെ ഇടപെടലുകളും  അതീവ അപകടകരമാം വിധത്തിൽ ആണ്. പ്രോട്ടോകോൾക്കെതിരായ ചെയ്തികൾ ആണ് ചെയ്തു കൂട്ടുന്നത്. അദ്ദേഹത്തിൻറെ ഈ ഒരു ക്രിയ കാരണം എനിക്കെന്റെ വീട്ടിലേക്കു ജീവനോടെ തിരിച്ചു പോകാൻ കഴിയുമോയെന്ന് അറിയില്ല.

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഇതെന്റെ കഥയാണെന്ന്. ഇതെന്റെ കഥയല്ല, ഞാൻ അല്ല ഈ കഥയിലെ നായകൻ. അത് വില്യമാണ്.

2008ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ അവാർഡും മികച്ച സംവിധായികയ്ക്കുള്ള ഓസ്കാർ അവാർഡും ഉൾപ്പടെ ആറു അക്കാദമി അവാർഡ് നേടിയ ചിത്രത്തിനെ പറ്റിയാണ് വിവരിച്ചത്. ക്രിസ് ഹെഡ്ജസ് എഴുതിയ War is a Force that Gives Us Meaning എന്ന കാതറീൻ ബിഗാലോ സംവിധാനം ചെയ്തിരിക്കുന്നത്. ഒരു യുദ്ധഭൂമിയിൽ എന്താണ് നടക്കുന്നതെന്നു നമ്മുടെ കണ്മുന്നിൽ കാണുന്നതു പോലെയാണ് കാതറിൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അൽപം മെല്ലെയാണ് കഥയുടെ ആഖ്യാനമെങ്കിലും ഓരോ നിമിഷവും ഉദ്യോഗജനകവുമായാണ് ചിത്രം അരങ്ങേറുന്നത്. കഥാപാത്രങ്ങളുടെ പ്രകടനവും ഒന്നിനൊന്നു മെച്ചം.  എടുത്തു പറയേണ്ട ഒന്നു ചിത്രത്തിൻറെ  ക്യമാറ ചലിപ്പിച്ച ബാരി ആര്കറോയ്ഡിന്റെ കരവിരുതാണ്. ഒരു യുദ്ധഭൂമിയുടെ ഒറിജിനാലിറ്റി ക്യാമറയിലൂടെ പകർന്നു നൽകി. അതിനു ചേരുന്ന രീതിയിൽ പശ്ചാത്തല സംഗീതം മാർകോ ബെൽട്രാമിയും ബക് സാൻഡർസും നൽകി. ചിത്രത്തിൻറെ മൂട് നില നിർത്തുന്നതിൽ അവർ വഹിച്ച പങ്കു വളരെ വലുത് തന്നെയായിരുന്നു.മികച്ച എഡിറ്റിങ് ആയിരുന്നു മറ്റൊരു ആകർഷക ഘടകം.

ജെറമി റെന്നെറും ആന്തണി മാക്കിയും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചതു വളരെ മികച്ച രീതിയിൽ ആയിരുന്നു. ജെറമി ഒരു പിടി മുന്നിൽ നിന്നു.  രാജ്യത്തിനു വേണ്ടി മരുഭൂമിയിൽ വെയിലും മഴയും കൊണ്ട് കഷ്ടപ്പെടുന്ന ഓരോ പട്ടാളക്കാരുടെയും പ്രതിനിധികൾ ആയിരുന്നു അവർ. തുടർച്ചയായ ഈ യുദ്ധഭൂമിയിലെ ജീവിതത്തിൽ നിന്നും കിട്ടുന്ന Stress അവരുടെ മാനസിക നിലയെ ചൂഷണം ചെയ്യുന്നതൊക്കെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ബ്രയാൻ ഗെറാഘട്ടി അവതരിപ്പിച്ച ഓവനും പ്രത്യേക പരാമർശം അർഹിക്കുന്നു. യുദ്ധം തീരെ താല്പര്യമില്ലാത്ത ഒരു പട്ടാളക്കാരൻ അദ്ദേഹത്തിൻറെ കഥാപാത്രം. റാൾഫ് ഫിയെൻസ്, ഗയ് പിയേഴ്സ്, ഡേവിഡ് മോർസേ തുടങ്ങിയ പ്രഗത്ഭർ ചെറിയ റോളുകൾ ആണെങ്കിലും നന്നായി തന്നെ ചെയ്തു,

ഒൻപതു വിഭാഗങ്ങളിൽ നോമിനേഷൻ നേടുകയും, അതിൽ ആര് പുരസ്കാരങ്ങൾ അക്കാദമി നിശയിൽ നേടിയ ചിത്രമാണ് ദി ഹർട്ട് ലോക്കർ. ഏറ്റവും മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ്, മികച്ച സൗണ്ട് മിക്സിങ്, മികച്ച സൗണ്ട് എഡിറ്റിങ് എന്നീ വിഭാഗത്തിൽ ആണ് പുരസ്കാരങ്ങൾ ലഭിച്ചത്.

കുറച്ചു ലൂപ്പ്ഹോൾസും ലോജിക്കില്ലായ്മ ഉണ്ടെങ്കിലും നഖങ്ങൾ കടിച്ചു തീർക്കാനുതകുന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലെർ ആണ് ഈ ചിത്രം. ത്രില്ലർ ജോൻറെകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്നതാണ്.

എൻറെ റേറ്റിംഗ് 8.3 ഓൺ 10

Friday, April 28, 2017

244. Bahubali 2 : The Conclusion (2017)

ബാഹുബലി 2 : ദി കൺക്ലൂഷൻ (2017)





Language : Tamil
Genre : Action | Fiction | Drama | Romance | War
Director : S.S. Rajamouli
IMDB :


Bahubali 2 : The Conclusion Theatrical Trailer



ആദ്യമേ ബാഹുബലി രണ്ടാം ഭാഗം റിലീസ് ആകുമ്പോൾ എൻറെ മനസ്സിൽ പ്രത്യേകിച്ച് ആവേശം ഒന്നും നൽകിയിരുന്നില്ല. കൊട്ടിഘോഷിച്ച ആദ്യ ഭാഗം അത്ര കണ്ടു തൃപ്തി നൽകിയിരുന്നില്ല എന്നത് തന്നെ കാരണം. ആരവങ്ങളെല്ലാം അടങ്ങിയതിനു ശേഷം തീയറ്ററിൽ പോയി കാണാം എന്ന് കരുതിയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോൾ ടിക്കറ്റും എടുത്തു കാത്തിരുന്ന സുഹൃത്തുക്കളെയാണ്. അവർ എടുത്തത് തമിഴ് ഭാഷയിലെ റിലീസിനുമാണ്. അപ്പോഴും കാണാൻ താല്പര്യമില്ലായിരുന്നു. കാരണം, ഏതു സിനിമ കാണുമ്പോഴും അതിൻറെതായ  ഭാഷയിൽ കാണുവാൻ ആണ് എപ്പോഴും താത്പര്യം.  ശരി, ടിക്കറ്റു എടുത്തത് കളയണ്ട എന്ന്  മനസില്ലാമനസോടെ തീയേറ്ററിലേക്ക് പോയി.  അർദ്ധരാത്രി പന്ത്രണ്ടു മണിക്കായിരുന്നു ഷോ.

ആദ്യ ഭാഗം നിർത്തിയെടത്തും നിന്ന് തന്നെയാണ് ഈ ചിത്രം തുടങ്ങുന്നത്. ഈ ചിത്രത്തില്‍ അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണ് പറയുന്നത്. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും, മഹേന്ദ്ര ബാഹുബലിയുടെ ജനനവും, കട്ടപ്പയും ബാഹുബലിയും തമ്മിലുള്ള സുഹൃദ് ബന്ധവും, ഭല്ലയ്ക്ക് കിരീടത്തിനു മേലുള്ള അടങ്ങാത്ത ആഗ്രഹവും ഒക്കെ ആണ് ചിത്രത്തിലൂടെ പറയുന്നത്.

വളരെ മികച്ച രീതിയിലൂടെ ആണ് ടൈറ്റില്‍ കാര്‍ഡ്സ് അവതരിപ്പിച്ചത്. ഒരു പുതുമ ഉണ്ടായിരുന്നു അത് കാണുവാന്‍. ആദ്യ പകുതി വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. സത്യം പറഞ്ഞാല്‍, ബാഹുബലി എന്ന ചിത്രം മികച്ചതെന്നു അഭിപ്രായമില്ലാത്ത എന്റെ മനസ് നിറയ്ക്കും വിധം ആയിരുന്നു അവതരണം. ഒരു perfect ഫിനാലെ ആകും എന്ന പ്രതീക്ഷ മനസിന്‌ തന്നിരുന്നു. മികച്ച ആക്ഷന്‍ സീനുകളും, മാസ് സീനുകളും, നല്ല കോമഡിയും, ഗാനങ്ങളും നിറഞ്ഞ ഒരു മികച്ച ചിത്രം ആകുമെന്ന പ്രതീക്ഷ കൂട്ടിക്കൊണ്ടെയിരുന്നു. ഇന്‍റര്‍വെല്‍ ബ്ലോക്ക് രോമാഞ്ചം ഉണ്ടാക്കുന്ന തരത്തിലുമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ കിടിലന്‍ ആദ്യ പകുതി. 

രണ്ടാം പകുതിയും വളരെ മികച്ച രീതിയില്‍ ആരംഭിച്ചു ദേവസേനയുടെയും അമരേന്ദ്ര ബാഹുബലിയുടെയും രണ്ടു മൂന്നു മാസ് സീനുകളിലൂടെ കടന്നു പോയി. മികച്ച രീതിയില്‍ മുന്‍പോട്ടു കൊണ്ട് പോയി. ക്ലൈമാക്സ് സീനിനു തൊട്ടു മുന്‍പുള്ള സീന്‍ വരെ മികച്ചു നിന്നെങ്കിലും. പിന്നീട് അത്രയും വരെ കൊണ്ട് വന്ന സംവിധാന കയ്യടക്കം കൈമോശം രാജമൌലിയ്ക്ക് നഷ്ടപ്പെട്ടതായി തോന്നി. അത്രയ്ക്കും മോശമായ ഒരു ക്ലൈമാക്സ് സീനുകളും ക്ലോസിംഗ് സീനുകളും. മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന സീനുകളുടെ (അതിശയം മൂലമല്ല എന്നും ഓര്‍ക്കണം) അരങ്ങേറ്റം ആണ് പിന്നീട് കാണാന്‍ കഴിയുന്നത്‌. മിഴുനീള മികച്ച സിനിമയുടെ വീര്യം അത്രയും നശിപ്പിക്കുന്ന അരോജകവും തലക്ക് കൈ വെച്ചിരുന്ന പോകുന്ന തട്ടിക്കൂട്ട് സീനുകള്‍ കൊണ്ട് കുത്തി നിറച്ചു.

അനുഷ്കയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അഴകെന്നു വെച്ചാല്‍ അവര്‍ സ്ക്രീനില്‍ വന്നാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അഴകില്‍ മാത്രമല്ല അവരുടെ അഭിനയവും മികച്ചു നിന്നു. അവസരത്തിനൊത്തുയര്‍ന്നു നില്‍ക്കുന്ന പ്രകടനം. ഒരു പക്ഷെ  ഇവര്‍ തന്നെയാകും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് പറയാം.  

അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസ് നല്ല രീതിയില്‍ തന്നെ ചെയ്തു. നല്ല സ്ക്രീന്‍പ്രസന്‍സും മിതത്വവും എന്നാല്‍ അവസരത്തിനൊത്ത പ്രകടനം ആയിരുന്നു. ആക്ഷനിലും എല്ലാം മികച്ചു നിന്നു. പക്ഷെ ഓവര്‍ ആക്ടിങ്ങിലൂടെ മഹേന്ദ്ര ബാഹുബലിയെന്ന കഥാപാത്രത്തിന്റെ അവതരണം മോശമാക്കി മാറ്റുകയും ചെയ്തു. സംവിധായകന്‍ പറയുന്നതല്ലേ നടന്‍ അവതരിപ്പിക്കുകയുള്ളൂ.

കട്ടപ്പ എന്നാ കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ തന്നെയാണ് ഉചിതന്‍ എന്നുറപ്പിച്ച സത്യരാജിന്റെ  പ്രകടനം. ഇടക്ക് പുളിമുരുഗനിലെ മൂപ്പന്‍ ആകാനും അദ്ദേഹം മറന്നില്ല. വികാരനിര്‍ഭരമായ സീനുകളില്‍ അദ്ദേഹത്തിന്‍റെ പ്രകടനം എടുത്തു പറയേണ്ടതോന്നാണ്. 

കുമാരവര്‍മ്മ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക്‌ സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള സുബ്ബരാജു കോമഡിയും ആക്ഷനുമായി മികച്ചു നിന്നു. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നും തന്‍റെ കയിലുണ്ടെന്നു തെളിയിച്ചു.

രമ്യാകൃഷ്ണന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാത്തതരത്തിലുള്ള പ്രകടനം. ഈ പ്രായത്തിലും അവരുടെ മുഖത്തെ തേജസും കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഊര്‍ജവും ഇവിടെ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല എന്നത് വാസ്തവം. ഒരു നോട്ടത്തിലുള്ള തീഷ്ണത.. i loved it.."എന്നാ വയസാനാലും ഉന്‍ അഴഗും സ്റ്റൈലും ഉന്നെ വിട്ടു പോഗലെ" എന്ന അവര്‍ തന്നെ പറഞ്ഞ സംഭാഷണ ശകലം ഞാന്‍ അവര്‍ക്കായി കടമെടുക്കുന്നു.

റാണാ ദാഗ്ഗുബാട്ടിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല ആദ്യ പകുതിയില്‍ എന്നാല്‍ രണ്ടാം പകുതിയില്‍ വില്ലനിസത്തിന്‍റെ ക്രൂരതയുടെ പര്യായം ആകാനും അത് നല്ല രീതിയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു. അവിശ്വസനീയമെങ്കിലും ആക്ഷന്‍ സീനുകളിലും മികച്ചു നിന്നു.

ഏക ആശ്വാസം തമന്നയ്ക്ക് അധികം സ്ക്രീന്‍സ്പേസ് കൊടുത്തില്ലയെന്നതാണ്. എന്നാലും അഞ്ചു മിനുറ്റ് ഉള്ളതും നല്ല ബോറാക്കാനും അവര്‍ മറന്നില്ല. നാസര്‍,

ഇനി സിനിമയുടെ മറ്റു ഭാഗങ്ങളിലേക്ക് വന്നാല്‍, നമ്മള്‍ പണ്ട് ബാലരമയിലും അമര്‍ ചിത്രകഥകളിലും മറ്റും വായിച്ചു പരിചയിച്ച ഒരു കഥ തന്നെയാണ് ചിത്രത്തിനുള്ളത്. രാജാവും, മന്ത്രിയും, പരിചാരകരും, സേനാപതിയും ഒക്കെ ഉള്ള ഒരു നാടന്‍ രാജാവിന്റെ കഥ. അതിത്രയും വലിയ കാന്‍വാസില്‍ അവതരിപ്പിച്ച രാജമൌലി എന്നാ സംവിധായകന് നമോവാകം. ആദ്യ ബാഹുബലി സിനിമയില്‍ നിന്നും വിഎഫ്എക്സ്, അവതരണം എന്നാ നിലയില്‍ ഈ ചിത്രം മികച്ചു  നിന്ന് നിസംശയം പറയാം. വളരെ മികച്ചു നിന്ന  വിഎഫ്എക്സ് സീനുകള്‍ ആണ്. 90 ശതമാനവും നന്നായി എന്ന് പറയാം. യാഥാര്‍ത്ഥ്യം ആണെന്ന് തോന്നിപ്പോകുന്ന സീനുകള്‍ പ്രത്യേകിച്ചും മൃഗങ്ങളെ അവതരിപ്പിച്ചതും ഒക്കെ. നല്ല അവതരണം ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. 

പ്രണയവും, തമാശയും, പാട്ടുകളും, കോപവും, വൈരവും, സങ്കടങ്ങളും എല്ലാം സമാസമം ചാലിച്ചെടുത്ത ചിത്രം. ആദ്യ ചിത്രത്തിനേക്കാള്‍ കൂടുതല്‍ വൈകാരികഭാവം ഈ ചിത്രത്തിന് കൂടുതല്‍ ആണ്. കഥാപാത്രങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിക്കപ്പെട്ടു. കലാകാരന്മാര്‍ സംവിധായകന്‍ ഉദ്ദേശിച്ചതിനു മേല്‍ കൊടുത്തിട്ടുണ്ടെന്ന് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. 
സംഗീതം കൈകാര്യം ചെയ്ത എം.എം. കീരവാണി  ചിത്രത്തിനൊരു മുതല്‍കൂട്ട് തന്നെയാണ്. സിരകളെ ത്രസിപ്പിക്കുന്ന സംഗീതവും പാട്ടുകളും. ഒട്ടും ബോറടിപ്പിക്കുകയില്ല.

ഒരു ഐതിഹാസിക യുദ്ധം ഉണ്ടായിരുന്നില്ല ഈ ചിത്രത്തില്‍. ഉള്ളത് നല്ല ബോറായി അവതരിപ്പിക്കുകയും ചെയ്തു.

കെ കെ സെന്തില്‍കുമാര്‍ കൈകാര്യം ചെയ്ത ക്യാമറ നിലവാരം പുലര്‍ത്തിയിരുന്നില്ല.. ഒരു ശരാശരി നിലവാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ വേറെ ഒരു ലെവലില്‍ ചെന്നെനെ ഈ ചിത്രം.

പ്രത്യേകിച്ച് ട്വിസ്ടുകളോ സസ്പന്‍സോ ഒന്നും ചിത്രത്തിലില്ല എന്ന് പറഞ്ഞു കൊള്ളുന്നു. തീര്‍ത്തും predictable ആയിട്ട് തന്നെയാണ് കഥ മുന്‍പോട്ടു പോകുന്നു. അതില്‍ നിന്നും അണുവിട സംവിധായകന്‍ വ്യതി ചലിക്കുന്നുമില്ല. ക്ലീഷേകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് താനും.

ലോജിക്കിലായ്മയും കണ്ടിന്യുറ്റി തെറ്റുകള്‍ നിരവധി ഉണ്ടായിരുന്നു ചിത്രത്തില്‍. ചിലപ്പോഴൊക്കെ രാജമൌലി ഇതിനൊന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ലെ എന്ന് നമ്മോടു തന്നെ ചോദിച്ചു പോകും. ഒരു സിനിമ ചെയ്യുമ്പോള്‍ അതിപ്പോള്‍ ഫിക്ഷനോ യാതാര്ത്യവുമായിക്കോട്ടേ, വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലാണ് ഒരു സംവിധായകന്റെ വിജയം. ഒരു പ്രേക്ഷകന്‍ എപ്പോള്‍ അതിനു ചോദ്യം ചെയ്യുമ്പോള്‍ തന്നെ ആ സംവിധായകന്റെ ക്രാഫ്റ്റ് നഷ്ടപ്പെടും എന്നതല്ലേ വാസ്തവം.

ഞാന്‍ തമിഴ് ആണ് കണ്ടതെന്ന് മേലെ പറഞ്ഞല്ലോ.. ലിപ് സിങ്കുകള്‍ ആസ്വാദനത്തിനു ഒരു തടയിടുന്നതായി തോന്നി. ആകെ സിങ്ക് ആയി തോന്നിയത് സത്യരാജ്, രമ്യ, നാസറിന്റെ സീനുകള്‍ ആണ്. അതൊരു കല്ലുകടി ആയി മാറുന്നുണ്ട് പല ഭാഗങ്ങളിലും.

മൊത്തത്തില്‍ പറഞ്ഞാല്‍ എനിക്ക് ആദ്യ ചിത്രത്തേക്കാളും ക്ലൈമാക്സിലെ കല്ലുകടി ഒഴിവാക്കിയാല്‍ ഒത്തിരി ഇഷ്ടപ്പെട്ട ചിത്രമാണ് ബാഹുബലി 2. ക്ലൈമാക്സ് ഒക്കെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എക്കാലവും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാകുമായിരുന്നു. വേറെ ലെവലില്‍ പോകുമായിരുന്നു. 

എന്‍റെ റേറ്റിംഗ് 7.5 ഓണ്‍ 10

Thursday, April 13, 2017

243. Kaatru Veliyidai (2017)

കാട്രു വെളിയിടൈ (2017)



Language : Tamil
Genre : Drama | Romance
Director : Mani Rathnam
IMDB : 6.8


Kaatru Veliyidai Theatrical Trailer


എയർഫോഴ്സിലെ ഒരു മികച്ച ഫൈറ്റർ ആണ് വരുൺ എന്ന ഞാൻ. വിസി എന്ന് എല്ലാവരും എന്നെ വിളിക്കും. ജീവിതത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജീവിച്ച ഞാൻ ഒരു വലിയ അപകടത്തിൽ പെട്ട് ബോധം പോയി ആശുപത്രി കിടക്കയിൽ ആദ്യം കണ്ണ് തുറക്കുമ്പോൾ ആണ് വേനൽകാലത്തിലെ മഞ്ഞുതുള്ളി പോലെ സുന്ദരമായ അവളുടെ വദനം കാണുന്നത്. സ്വതവേ സ്വാർത്ഥനും പ്ലേബോയുമായ എനിക്ക് അവളോട് അനുരാഗം തോന്നി. രണ്ടു മൂന്നു തവണ അവളെ കണ്ടുമുട്ടിയപ്പോഴാണ് അവൾ എൻറെ മൺമറഞ്ഞ സുഹൃത്തായ രവി എബ്രഹാമിന്റെ സഹോദരി ആണെന്ന് മനസിലാക്കുന്നത്. അതെനിക്ക് കൂടുതൽ സന്തോഷം നൽകി. അവൾക്കെന്നെ ജീവനായിരുന്നു, പക്ഷെ എന്റെ പിടിവാശിയും ധാർഷ്ട്യവും ഞാൻ അവളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ വരുതിയിൽ നിർത്താനാണ് ശ്രമിച്ചത്.എനിക്കവളോട് ഒത്തിരി ഇഷ്ടമാണ്, പക്ഷെ  എന്നാൽ അതിലുമുപരി ഞാൻ എന്നെയാണ് ഇഷ്ടപ്പെടുന്നത്. എനിക്കറിയാം, അവൾ  അര്ഹതപ്പെട്ടവളല്ല എന്ന്, പക്ഷെ ഇന്ന്  പാകിസ്ഥാനിലെ ഈ തടവറയിൽ കിടക്കുമ്പോൾ  മനസിലാക്കുന്നു, അവളെ ഞാൻ എന്ത് മാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നു. അവളെ ഒരു നോക്ക് കാണണമെന്ന്!! അവളോട് മാപ്പു പറയണമെന്ന്!! എനിക്കിവിടുന്നു എങ്ങിനെയും പുറത്തു ചാടിയെ മതിയാകൂ.. ഇവിടെയുള്ള എന്റെ ഏകാന്തത എന്നെ കൊല്ലുന്നു. അതിനു ഞാൻ എന്തും ചെയ്യും.

മണിരത്നം ഇത് വരെ ചെയ്തിട്ടുള്ള എല്ലാ പ്രണയചിത്രങ്ങളും ഒന്ന് വിശകലനം ചെയ്‌താൽ, ഒരു സാധാരണ spoonfeeding പൈങ്കിളി പ്രണയകഥകൾ അല്ല എന്ന് നമുക്ക് മനസിലാകും. അലപായുതേ, ഓകെ കണ്മണി, ദിൽ സെ, ബോംബെ, റോജ,  ഗീതാഞ്ജലി,മൗനരാഗം മുൻപ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള പ്രണയകഥകളാണ്. ഇതെല്ലാം കണ്ടു കഴിഞ്ഞാൽ തന്നെ മനസിലാകും, പ്രണയത്തിലുണ്ടാവുന്ന സങ്കീർണതയും പിരിമുറുക്കങ്ങളും വിരഹങ്ങളും ആകും പറയാനുണ്ടാവുക. കാർത്തിയും അദിതിയും നായകനായിക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന കാട്രു വെളിയിടൈ എന്ന ചിത്രം പറയുന്നതും മറ്റൊന്നുമല്ല. വിഷയം പ്രണയം തന്നെ. എന്നാൽ രണ്ടു വിത്യസ്ത ധ്രുവങ്ങളിൽ ഉള്ള രണ്ടു പേരുടെ പ്രണയമാണ് ഇത്തവണ അദ്ദേഹം പറയാൻ തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീയെ ആണിന്റെ കാൽക്കീഴിൽ കഴിയുന്ന ഒരു പെണ്ണ് മാത്രമാണ് എന്ന് കരുതുന്ന നായകനും, സ്വന്തമായി ഒരു വ്യക്തിത്വം കാത്തു സൂക്ഷിക്കണം എന്ന് വിചാരിക്കുന്ന നായികയും ആണ്, അവരുടെ ഇടയിൽ ഉണ്ടാവുന്ന പ്രത്യേകിച്ച് നായകൻ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വികാര പ്രണയ പരവശയായ ഒരു നായികയെയും കാണാൻ കഴിയും. ഇന്നത്തെ കാലത്തു വളരെ വിരളമായി കാണുന്ന ഒരു പെൺകുട്ടി. സിനിമാ കാഴ്ചകൾക്കിടെ പലപ്പോഴും വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന എന്നിലെ ഞാനേ കാർത്തിയുടെ വരുണിൽ കാണാൻ  കഴിഞ്ഞു. ഒരു കാരണവുമില്ലാതെ പ്രണയിനിയോട് കലഹിച്ചും നിർബന്ധം പിടിച്ചും എന്റെ ദുശാഠ്യത്തിലും എന്റെ കൂടെ നിന്ന പെൺകുട്ടി. അവളെയും കാണാൻ കഴിഞ്ഞു. വർഷങ്ങൾക്ക് ശേഷം അതെ പറ്റി ചിന്തിക്കുമ്പോഴും ഈ സിനിമ കാണുമ്പോളും എന്നെ കുറ്റബോധം വേട്ടയാടികൊണ്ടേയിരുന്നു എന്നത് മറച്ചു വെയ്ക്കാൻ കഴിയാത്ത ഒരു സത്യം.

ഇനി സിനിമയിലേക്ക് തിരിച്ചു വരാം. ഈ പ്രണയകഥ തീർച്ചയായും സമൂഹത്തിലുള്ള എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല. സിനിമാസംവിധാന രംഗത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു സംവിധായകനാണ് മണിരത്നം. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പ്രണയകഥയാണ് അദ്ദേഹം ഇത്തവണ തിരഞ്ഞെടുത്തത്. അദ്ദേഹം അത് മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. സംഭാഷണങ്ങൾ എല്ലാം തന്നെ മികച്ചു നിന്നു. പ്രണയം തോന്നിപ്പിക്കുന്ന മികച്ച സംഭാഷണങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. പക്ഷെ, അദ്ദേഹം ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധം പാകിസ്ഥാൻ ജയിലിൽ നിന്നും ചാടുന്ന കാർത്തിയെയും കൂട്ടരെയും കാണിക്കുന്നത്. ഇത്ര വലിയ ഒരു ബ്ലണ്ടർ  ആയ സീൻ ഈ അടുത്ത കാലത്തു കണ്ടിട്ടില്ല. ജയിൽ ചുമര് തുറക്കുന്നതൊക്കെ ഷോഷാങ്ക് റിഡംപ്ഷനെ ഓർമ്മിപ്പിച്ചു. പിന്നീട് പാകിസ്ഥാൻ പോലീസിനെ എല്ലാം കബളിപ്പിച്ചു ബോർഡർ കടക്കുന്നതൊക്കെ എത്ര അസഹനീയവും അവിശ്വസനീയവുമായി തോന്നി. വളരെ മോശം എന്ന് മാത്രമേ പറയേണ്ടൂ. ഇങ്ങനെയാരുന്നെങ്കിൽ, പാകിസ്ഥാൻ ജയിലുകളിൽ ഒരു ഇന്ത്യൻ സൈനികനും ജയിൽശിക്ഷ അനുഭവിക്കില്ലായിരുന്നല്ലോ..

രവി വർമൻറെ ക്യാമറ മികച്ചു നന്നു. ചിത്രത്തിലെ മറ്റൊരു നാടി ആണ് വളരെ മനോഹരമായ പല തരം ഫിൽറ്ററുകളും മറ്റും ഉപയോഗിച്ചിട്ടുള്ള ഫ്രയിമുകൾ. ജീവിതത്തിൽ ഒരിക്കളെങ്കിലും കാശ്മീരിൽ പോകണമെന്നുള്ള ആശാ ഈ ചിത്രം കാണുന്നവരിൽ ഉണ്ടാകും. അത്ര മികവുറ്റ രീതിയായിരുന്നു.  ലെ ലഡാക്കും, സെർബിയയും ആയിരുന്നു കൂടുതലും ഷൂട്ട് ചെയ്തിരുന്നത്. ഈ രണ്ടു സ്ഥലത്തിന്റെയും മനോഹാരിത ചിത്രത്തിലുടനീളം നമുക്ക് പകർന്നു തന്നു രവി വർമൻ. കഥാപാത്രത്തിന്റെ കൂടി സഞ്ചരിക്കാനും അദ്ദേഹത്തിന്റെ ക്യാമറ മറന്നില്ല.  അദിതിയുടെ സൗന്ദര്യം കാൻവാസിൽ പകർത്തി അവരെ ഇന്നോളം കണ്ടിട്ടുള്ളതിൽ സുന്ദരിയായി തോന്നിപ്പിച്ചു. പാട്ടുകളുടെ ചിത്രീകരണത്തിലും ഒരു വ്യത്യസ്തത കൊണ്ട് വരാൻ  ശ്രമിച്ചതും അഭിനന്ദനീയം തന്നെ. അഴഗിയെ എന്ന ഗാനത്തിൽ ഉപയോഗിച്ച പല തരാം ഫിൽറ്ററുകളും ആംഗിളുകളും തന്നെ ഉദാഹരണം.


എ ആർ റഹ്‌മാൻ.. ഈ മനോഹരമായ പേരുള്ള വ്യക്തി ആണ് ഈ ചിത്രത്തെ തീയറ്ററിൽ കാണുവാൻ പ്രേരിപ്പിച്ചത്. അദ്ദേഹത്തിൻറെ ചിത്രത്തിലെ പാട്ടുകൾ മാത്രമല്ല പശ്ചാത്തല സംഗീതവും തീയറ്ററിൽ നിന്നും അനുഭവിക്കേണ്ടതാണ്. ഇവിടെയും എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല. പാട്ടുകൾ സിനിമയിലൂടെനീളം ഉപയോഗിച്ച രീതിയും സന്ദര്ഭത്തിനനുയോജ്യമായി അവലംബിച്ച സംഗീതവും ചിത്രത്തിന് കൊടുത്ത ഊർജം ചില്ലറയല്ല. എല്ലാ പാട്ടുകളും കേൾക്കാൻ വളരെ രസമുള്ളതാണ്. വർണം വാരി വിതറിയ സാരട്ടു വണ്ടിയിലെയും, സെർബിയൻ കാഴ്ചകൾ കാണിച്ചു തന്ന ജുഗ്‌നിയും, ഒരു പുതു ആശയം കൈക്കൊണ്ട അഴഗിയെ, മഞ്ഞു മൂടിയ വാൻ വരുവാനും, സൽസ പാർട്ടി ഡാൻസ് ഒക്കെ നിറഞ്ഞ വിത്യസ്ത ഗാനങ്ങളുടെ ഒരു സമാഹരണം തന്നെയായിരുന്നു.

ശാം കൗശൽ നിർവഹിച്ച ആക്ഷൻ കൊറിയോഗ്രാഫി പ്രത്യേകിച്ചും ചേസിലും മറ്റും യാതൊരു വിധ നിലവാരവും പുലർത്തിയില്ല എന്നത് വിഷമകരമായ കാര്യം. എന്നാൽ ബ്രിന്ദയുടെ കൊറിയോഗ്രാഫി മികച്ചു നിൽക്കുകയും ചെയ്തു.

കാർത്തി വരുൺ എന്ന തന്റെ കഥാപാത്രം തരക്കേടില്ലാതെ ചെയ്തു. പക്ഷെ പലയിടങ്ങളിലും അദ്ദേഹത്തിൻറെ പോരായ്മ   വ്യക്തമായിരുന്നു. ആർ. മാധവൻ അല്ലെങ്കിൽ സൂര്യ ഈ വേഷം ചെയ്തിരുന്നുവെങ്കിലെന്നു ഒരു നിമിഷം ആശിച്ചു പോയി. വികാരതീവ്രത വരുന്ന സീനിലൊക്കെ അദ്ദേഹത്തിൻറെ സ്ഥിരം പ്രക്രിയയായ കണ്ണുരുട്ടൽ  തോന്നി. എന്നെ അമ്പരപ്പിച്ചു കളഞ്ഞത്  അദിതിയാണ്. മികച്ച അഭിനയം ആണ് അവർ കാഴ്ച വെച്ചത്.  ഡയലോഗ് ഡെലിവെറിയിലും അഭിനയത്തിലും അവർ കാർത്തിയെ ശരിക്കും നിഷ്പ്രഭമാക്കി കളഞ്ഞു. സൗന്ദര്യം !!! ഹോ!!! ഓരോ ഫ്രെയിമിലും അവരെ കാണാൻ ഒരു പ്രത്യേക ചേല് തന്നെയുണ്ടായിരുന്നു.

RJ ബാലാജി അധികം ഡയലോഗ് ഒന്നുമില്ലാരുന്നുവെങ്കിലും അൽപം ചിരി സിനിമക്ക് പകരാനായി. നന്നായി തന്നെ ചെയ്തു. സ്ഥിരം ചളിയിൽ നിന്നുമൊക്കെ ഒരു മുക്തി. അദിതിയുടെ ലീലയുടെ കൂട്ടുകാരിയായി വന്ന നിധി എന്ന ഡോക്ടറെ അവതരിപ്പിച്ച രുക്മിണി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അവരുടെ ഡാൻസ് നല്ല രസമുണ്ടായിരുന്നു കാണുവാൻ. കെപിഎസി ലളിത, ഡൽഹി ഗണേഷ് തുടങ്ങിയവരും തങ്ങളുടെ റോളുകൾ തരക്കേടില്ലാതെ ചെയ്യുകയും ചെയ്തു.

മൊത്തത്തിൽ പറഞ്ഞാൽ എന്റെ ജീവിതവുമായി അൽപം കലർന്ന് കിടക്കുന്നതും കുറച്ചു അപാകതകൾ ഉണ്ടെങ്കിലും എനിക്ക് കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറി കാട്രു വെളിയിടൈ. 

റഹ്‌മാൻജിയുടെ സംഗീതം, രവി വർമൻറെ ക്യാമറയും, ബ്രിന്ദയുടെ ഡാൻസ് കൊറിയോഗ്രാഫി, അദിതിയുടെ സൗന്ദര്യവും, പിന്നെ ഒരു പ്രണയകഥയ്ക്കും വേണ്ടി ഒരു തവണ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമായി മാറുന്നു കാട്രു വെളിയിടൈ.

എൻറെ റേറ്റിംഗ് 7 ഓൺ 10

Sunday, April 9, 2017

242. Angamaly Diaries (2017)

അങ്കമാലി ഡയറീസ് (2017)



Language : Malayalam
Genre : Action | Comedy | Crime
Director : Lijo Jose Pellissery
IMDB : 8.7

Angamaly Diaries Theatrical Trailer

ഒരു സിനിമ ചെയ്യുന്നത് അത്ര എളുപ്പം ഒന്നുമല്ല എന്ന് എല്ലാവർക്കും അറിയാം,  അതും സിനിമയിലെ മുഴുവൻ അഭിനേതാക്കളും പുതുമുഖങ്ങൾ ആവുമ്പോൾ സിനിമ സംവിധാനം ചെയ്യുന്നതിലുള്ള റിസ്ക് കുറച്ചു കൂടുതലായിരിക്കും. മിക്ക സംവിധായകരും പഴകി തേഞ്ഞ രീതികൾ അവലംബിക്കുമ്പോൾ വ്യത്യസ്തമായ രീതികളും മുറകളും ഉപയോഗിച്ച് സംവിധാനം ചെയ്തു തന്റേതായ മുദ്ര പതിപ്പിക്കാൻ ശ്രമിക്കുന്ന ഒരു യുവ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശേരി. അദ്ദേഹത്തിൻറെ ഇതിനു മുൻപ് ഇറങ്ങിയ ഡബിൾ ബാരൽ എനിക്ക് വളരെയധികം ഉണ്ടാക്കിയ ഒരു ചിത്രം കൂടി ആയിരുന്നു. നാട്ടിൽ നിന്നുമുള്ള പോസിറ്റീവ് നിരൂപണങ്ങളും അഭിപ്രായങ്ങളും എന്നെ ഈ സിനിമ കാണുവാൻ ഗൾഫു നാട്ടിലെ തീയറ്ററിലേക്കെത്തിച്ചു.

ഈ ചിത്രം വിൻസൻറ് പെപെ എന്ന ചെറുപ്പക്കാരനും അയാളെ ചുറ്റിപ്പറ്റിയുള്ള ജീവിതവും ആണ് റിയലിസ്റ്റിക്കായി പറയുന്നത്. വിൻസൻറ് പെപെ ആണ് നായകൻ എന്ന് പറയാമെങ്കിലും, ഈ ചിത്രത്തിലഭിനയിച്ച എൺപതിൽ പരം അഭിനേതാക്കളും നായകന്മാർ എന്നാണെന്റെ അഭിപ്രായം. അവരാണല്ലോ കഥയെ മുൻപോട്ടു നയിച്ച് കൊണ്ട് പോകുന്നത്. തങ്ങളുടെ ആദ്യ സിനിമയാണെന്ന് ലവലേശം പ്രേക്ഷകരുടെ മനസിൽ തോന്നാത്ത രീതിയിലുള്ള  അഭിനയപ്രകടങ്ങൾ ആണ് ചിത്രത്തിൻറെ പ്രധാന ആകർഷണം.

വിൻസൻറ് പെപെ ആയി ആന്റണി  വർഗീസ്, ലിച്ചി ആയി രേഷ്മ രാജൻ, വർക്കി ആയി കിച്ചു ടെല്ലസ്, ഭീമൻ ആയി വിനീത് വിശ്വം, 10ml തോമസ് ആയി ബീറ്റോ ഡേവിസ്, u-clamp രാജൻ ആയി ടിറ്റോ വിത്സൺ, അപ്പാനി രവി ആയി ശരത് കുമാർ, കുഞ്ഞൂട്ടി ആയി സിനോജ് വർഗീസ് എന്ന് വേണ്ട ഒരു മിനുട്ട് തല കാണിച്ചവർ വരെ തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. പച്ചയായ ജീവിതത്തിന്റെ ആവിഷ്കാരം അവതരിപ്പിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും കൂട്ടായി നിന്നതു കൊണ്ട് തന്നെ ചിത്രം ഒരു സമ്പൂർണ്ണ സംതൃപ്തി നൽകി. ഗിരീഷ് ഗംഗാധരന്റെ ക്യാമറ മികച്ചു നിന്നു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രയായിരുന്നു സിനിമയിലൂടെ നീളം ക്യാമറ.
ഷമീർ മുഹമ്മദിൻറെ എഡിറ്റിങ്ങും മികച്ചു നിന്നു. പ്രശാന്ത് പിള്ളയുടെ ഗാനങ്ങൾ മികച്ചു നിന്ന്. ദോ നൈന, തീയാമേ ഒക്കെ കേൾക്കാൻ നല്ല രസമുള്ള ഗാനങ്ങൾ ആയിരുന്നു. പക്ഷെ ഒരു ലോക്കൽ ചിത്രത്തിൽ എന്തിനു ഹിന്ദി ഗാനം ഉപയോഗിച്ച് എന്നതാണ് എന്റെ സംശയം. പശ്ചാത്തല സംഗീതം ചില ഇടങ്ങളിൽ മികവ് പുലർത്തിയെങ്കിലും, ചില ഇടങ്ങളിൽ അനാവശ്യമായ വാദ്യോപകരണങ്ങളുടെ ഉപയോഗം മൂലം അരോചകം ആയി തോന്നുകയും ചെയ്തു.

ചെറിയ ചെറിയ കുറ്റങ്ങളുമൊക്കെ ഉണ്ടെങ്കിലും അതൊക്കെ അവഗണിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.
വളരെയേറെ ആസ്വദിച്ച ചിത്രമായാണ് കൊണ്ടും ഞാൻ കൊടുക്കുന്ന മാർക്ക് 10ഇൽ 8.2 ആണ്.

Thursday, March 16, 2017

241. SPL2: Saat Po Long 2 (Kill Zone2 : A Time For Consequences) (2015)

എസ്പിഎൽ 2 : സാഥ് പോ ലോങ്ങ് 2 (കിൽ സോൺ 2 : എ ടൈം ഫോർ കോൺസെക്യുൻസസ്‌) (2015)



Language : Mandarin | Thai
Genre : Action | Crime | Drama
Director : Cheung Pou-Soi
IMDB : 6.7

SPL2 : A Time For Consequences Theatrical Trailer


അവയവകടത്തും അതിനോടനുബന്ധിച്ച കുറ്റകൃത്യങ്ങളും വർധിച്ചു വരുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. യാതൊരു മാർഗത്തിലും ഇതിനൊരു തടയിടാൻ കഴിയാത്തത്ര ഈ ക്രൈം ഇന്ന് ലോകത്തു വളർന്നിട്ടുണ്ട്. ഇതേ ആശയം ഉപയോഗിച്ച് നിരവധി ചിത്രങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്.  തൻറെ സ്വയലാഭത്തിനു വേണ്ടി ഏതറ്റവും വരെയും പോകുന്ന നീചന്മാരായ ആളുകൾ തിങ്ങി വസിക്കുന്ന ഒരിടമാണല്ലോ ഭൂമിയെന്നോർക്കുമ്പോഴാണ് വ്യസനം. 

എസ്പിഎൽ എന്ന ചിത്രത്തിൻറെ വിജയത്തിനു ശേഷം ആണ് ഇങ്ങനെ ഒരു സീക്വൽ വരുന്നത്. പേരിൽ മാത്രമേ തുടർച്ചയുള്ളൂവെങ്കിലും, പുതിയ കഥാപാത്രങ്ങളും കഥാസന്ദർഭവും ആണ് ചിത്രത്തിൻറെ സംവിധായകൻ ആയ ച്യൂങ് പോ സോയി തിരഞ്ഞെടുത്തത്.

ഡ്രഗ് - അവയവ കടത്തു മാഫിയയിൽ രഹസ്യമായി ചാരപ്രവർത്തി ചെയ്യുന്ന ഒരു പോലീസുകാരനായിരുന്ന കിറ്റ്, ഒരു ഏറ്റുമുട്ടലിനിടയ്ക്ക് തൻറെ രഹസ്യം പുറത്താവുന്നു.  തങ്ങളെ ചതിച്ചതിനു പകരമായി അയാളെ വേറൊരു തായിലാൻഡിലുള്ള ഒരു ജയിലിൽ പാർപ്പിക്കുന്നു. അവിടെ ചായ് എന്ന ഒരു കോൺസ്റ്റബിൾ ആണ് കിറ്റിനെ നോക്കാൻ ജയിലധികൃതർ ഏൽപ്പിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിച്ച ഒരു ചായിന്റെ കുട്ടിയെ രക്ഷപെടുത്തണമെങ്കിൽ കിറ്റ് വിചാരിച്ചാൽ മാത്രമേ നടക്കുള്ളൂ. കിറ്റാരാണെന്നു മനസിലാക്കുന്ന ചായ് അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നു. പിന്നീട് അവർ മാഫിയയെ എങ്ങിനെ കീഴ്പ്പെടുത്തുന്നതോടെ ചിത്രം അവസാനിക്കുന്നു.

വയലൻസിൻറെ അതിപ്രസരമുള്ള ആക്ഷൻ സീക്വൻസുകൾ ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. പക്ഷെ പ്രവചനാതീതമായ കഥയും തിരക്കഥയും ചിത്രത്തിന്റെ ബലഹീനതയുമാണ്. ത്രില്ലടിക്കാൻ പാകത്തിലുള്ള ആഖ്യാനത്തിൻറെ അഭാവവും ചിത്രത്തെ പിന്നോട്ടടിക്കുന്നു. പശ്ചാത്തല സംഗീതം, ക്യാമറ, ആക്ഷൻ എന്നീ നിലകളിൽ നിലവാരം പുലർത്തി.  

കിറ്റ് എന്ന പോലീസുദ്യോഗസ്ഥനായി വൂ ജിങ് അഭിനയിച്ചു. സത്യം പറഞ്ഞാൽ വൂ ജിങ്ങിനെ എനിക്കത്ര കണ്ടു മതിപ്പില്ല. അഭിനയത്തിലും ആക്ഷനിലും നല്ല ഓവർ ആക്ടിങ് ആണ്. ഈ ചിത്രത്തിലും വ്യത്യാസമായി ഒന്നുമില്ലാരുന്നു. പക്ഷെ ആക്ഷൻ ചെയ്തിരിക്കുന്നത് നന്നായി. ടോണി ജായുടെ പഴയ പ്രഭാവം ഒന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല.  ഒരു സൈഡ് ആക്ടർ എന്ന രീതിയിൽ മാത്രമാണ് എനിക്ക് തോന്നിയത്. സൈമൺ യാം പതിവ് പോലെ നന്നായി ചെയ്തു. ഴാങ് ജിൻ,  തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. പ്രധാന വില്ലൻ ഈ ചിത്രത്തിൽ കാമിയോ അപ്പിയറൻസ് ആണ് എന്നതൊരു പ്രത്യേകത ആണ്. മ്ലാനവും എന്നാൽ ശാന്തപ്രകൃതവും ഉള്ള ഒരു വില്ലൻ. ലൂയിസ് കൂ ആണ് വില്ലനായ മിസ്റ്റർ ഹാങിനെ അവതരിപ്പിച്ചത്.

മൊട്ടത്തതിൽ പറഞ്ഞാൽ വലിയ പ്രതീക്ഷ ഒന്നും വെയ്ക്കാതെ കാണുകയാണെങ്കിൽ ഇഷ്ടപ്പെടാൻ സാധ്യത ഉള്ള ചിത്രം. ആദ്യ ഭാഗവുമായി താരതമ്യം ചെയ്‌താൽ വലിയ മെച്ചം ഒന്നും തോന്നുകയുമില്ല.

എൻറെ റേറ്റിംഗ് 5.5 ഓൺ 10