വണ്ടർ വുമൺ (2017)
Language : English
Genre : Action | Drama | Fantasy | Sci-Fi
Director : Patty Jenkins
IMDB : 8.3
Wonder Woman Theatrical Trailer
തെമിസ്‌ക്യാറ രാജ്യത്തെ ആമസോണിയൻ വംശത്തിന്റെ രാജകുമാരിയാണ് ഞാൻ. യുദ്ധങ്ങളുടെ ദേവനായ എരീസിനെ വധിക്കാൻ വേണ്ടി മരിക്കുന്നതിന് തൊട്ടു മുൻപ് സീയൂസ് ദൈവം തങ്ങളെ സൃഷ്ടിച്ചതെന്ന് 'അമ്മ ഹിപ്പൊലിറ്റ എന്നോട് കുഞ്ഞുന്നാളിലേ പറഞ്ഞു തന്നിട്ടുണ്ട്. ആയുധമുറകളും മറ്റും അമ്മയറിയാതെ തന്നെ ഞാൻ ചെറിയമ്മയിൽ നിന്നും സ്വായത്തമാക്കിയിട്ടുണ്ട്. ഏരീസ് ഒരിക്കലും തിരിച്ചു വരില്ല എന്നാണു അമ്മയിപ്പോഴും വിശ്വസിക്കുന്നത്. ഒരു നാൾ, സ്റ്റീവ് ട്രെവർ എന്ന ഒരു സൈനികൻ ഞങ്ങളുടെ തീരത്ത് വന്നു വീണു. ആദ്യമായിട്ടാണ് ഞാൻ ഒരു മനുഷ്യനെ നേരിൽ കാണുന്നത്. ആ അത്ഭുതം പ്രകടിപ്പിക്കും മുൻപ് തന്നെ ജർമൻ സൈനികർ ഞങ്ങളെ ആക്രമിച്ചു. അതിൽ നിന്നും ഞങ്ങൾ ഒരു വിധേന രക്ഷപെടുകയും ചെയ്തു. സ്റ്റീവ് പറഞ്ഞ മൂന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട കോടിക്കണക്കിനാളുകളുടെ കഥ പറഞ്ഞപ്പോൾ, ഏരീസ് ആണ് ഇതിനെല്ലാം സൂത്രധാരൻ എന്ന് എനിക്ക് തോന്നി. സ്റ്റീവിനെ രക്ഷിക്കുകയും എരീസിനെ വകവരുത്തുകയും ചെയ്യണം. പക്ഷെ പുറംലോകം എന്തെന്നറിയാത്ത എനിക്ക് അതിനു സാധിക്കുമോ?
DC Extended Universeലെ നാലാമത്തെ ചിത്രമാണ് എഴുത്തുകാരനായ സാം ഷെറിഡാന്റെ പത്നി പാറ്റി ജെൻകിൻസ് സംവിധാനം ചെയ്ത വണ്ടർ വുമൺ. ഇതിനു മുൻപ് പുറത്തിറങ്ങിയ മൂന്നു ചിത്രങ്ങളും വൻ നിരൂപക തിരസ്കാരം എട്ടു വാങ്ങിയവ ആയിരുന്നു . പക്ഷെ ഇത്തവണ ക്രിട്ടിക്കുകൾ മുഴുവനും ഡിസിയുടെ കൂടെ തന്നെയാരുന്നു. Rotten Tomatoesൽ അറുപതു ശതമാനം പോലും നേടാൻ കഴിയാതിരുന്ന മുൻ ചിത്രങ്ങളെ അപേക്ഷിച്ചു വൻപിച്ച മുന്നേറ്റം ആണ് 93% നേടി വണ്ടർ വുമൺ നടത്തിയിരിക്കുന്നത്.
മറ്റുള്ള സിനിമകളെ അപേക്ഷിച്ചു ചിത്രത്തിൻറെ ആഖ്യാനം വളരെയധികം വേഗതയാർജിച്ചതായിരുന്നു. ഒരു മാർവൽ കോമിക്സ് ശൈലിയിലുള്ള ആഖ്യാനത്തിൽ തമാശയും, ആക്ഷനും, പ്രണയവും, ഗ്രാഫിക്‌സും മികച്ച രീതിയിൽ ഇട കലർത്തിയിരുന്നത് കൊണ്ട് ആസ്വാദ്യകരവുമായിരുന്നു. ഡയാന എന്ന വണ്ടർ വുമൺടെ കുട്ടിക്കാലം മുതലും പരിശീലനം നടത്തുന്നതെല്ലാം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ആക്ഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മെച്ചമായിരുന്നു. ഗ്രാഫിക്‌സും വളരെയധികം മുന്നിട്ടു നിന്നു. മറ്റുള്ള ഡിസി ചിത്രം പോലെ തന്നെ ഇതും ഡാർക് മൂഡിലായിരുന്നുവെങ്കിലും, ഒരു ജീവസുറ്റ അവതരണം ആയിരുന്നു.
സൂപ്പർഹീറോ ചിത്രങ്ങൾക്കുള്ള സ്ഥിരം കഥ തന്നെയാണ് ഈ ചിത്രത്തിനും എന്നുള്ളതാണ് ഒരു പോരായ്മ. ചിലപ്പോഴൊക്കെ ക്യാപ്റ്റൻ അമേരിക്കയെ ഓർമ്മിപ്പിച്ചു. ഒരു മികച്ച വില്ലൻ ഇല്ലാഞ്ഞതും ഈ ചിത്രത്തിൻറെ വലിയ പോരായ്മ ആയി എനിക്ക് തോന്നി. ചിത്രത്തിൻറെ നീളം അല്പം കൂടുതൽ ആണോ എന്ന് ചില സമയത്ത് തോന്നി, എന്നിരുന്നാലും സ്ഥിരം ഡിസി സിനിമകളുടെ ലാഗ് ഈ ചിത്രത്തിലുണ്ടായിരുന്നില്ല എന്ന് വേണം പറയാം.
ഹാക്ക്സോ റിഡ്ജ് എന്ന ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ച റുപേർട്ട് ഗ്രെഗ്‌സൺ വില്യംസ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. ഉള്ളത് പറഞ്ഞാൽ പശ്ചാത്തല സംഗീതം അത്ര കണ്ടു മികവ് പുലർത്തിയിരുന്നില്ല. സ്ഥിരം കേട്ട് മറന്ന സംഗീതം ആയിരുന്നു. പക്ഷെ ഓഡിയോഗ്രാഫി നന്നായിരുന്നു.
വണ്ടർ വുമണായി വേഷമിട്ട ഗാൽ ഗടോട്ട് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. അവരെ കാസ്റ്റ് ചെയ്ത അന്ന് മുതൽ എനിക്ക് സംശയമായിരുന്നു അവർ എത്ര മാത്രം ആ റോൾ മികച്ചതാക്കും എന്നത്. പക്ഷെ അക്ഷരാർത്ഥത്തിൽ ആ കഥാപാത്രത്തെ പരിപൂർണതയിലെത്തിച്ചു. വണ്ടർവുമണിന്റെ വേഷത്തിൽ അവരെ കാണാൻവളരെയധികം സുന്ദരിയായി തന്നെ തോന്ന. ആക്ഷൻ സീനുകളിലും അവർ മികച്ചു നിന്നു. ക്രിസ് പൈൻ മറ്റൊരു പ്രധാന കഥാപാത്രത്തിൽ ചിത്രത്തിലുണ്ടായിരുന്നു. പക്ഷെ രണ്ടാമൻ എന്ന കഥാപാത്രമായിരുന്നു, പലപ്പോഴും ഗാലിന്റെ പ്രകടനത്തിൽ ഒതുങ്ങി പോവുകയും ചെയ്തു. രണ്ടു പേരുടെയും കെമിസ്ട്രി നന്നായിരുന്നു.
മൊത്തത്തിൽ പറഞ്ഞാൽ, വളരെ കാലത്തിനു ശേഷം ഡിസി സിനിമകളിൽ എനിക്കേറ്റവും കൂടുതൽ സംതൃപ്തി നൽകിയ ചിത്രം. 141 മിനുട്ടുകൾ അല്പം നീളം കൂടുതൽ ആണെങ്കിലും ഒരു മികച്ച entertainer തന്നെയാണ് വണ്ടർ വുമൺ. തീയറ്ററിൽ നിന്നും തന്നെ കാണുവാൻ ശ്രമിക്കുക.
എൻറെ റേറ്റിംഗ് 9.0 ഓൺ 10
No comments:
Post a Comment