ബാഹുബലി 2 : ദി കൺക്ലൂഷൻ (2017)
Language : Tamil
Genre : Action | Fiction | Drama | Romance | War
Director : S.S. Rajamouli
IMDB :
Bahubali 2 : The Conclusion Theatrical Trailer
ആദ്യമേ ബാഹുബലി രണ്ടാം ഭാഗം റിലീസ് ആകുമ്പോൾ എൻറെ മനസ്സിൽ പ്രത്യേകിച്ച് ആവേശം ഒന്നും നൽകിയിരുന്നില്ല. കൊട്ടിഘോഷിച്ച ആദ്യ ഭാഗം അത്ര കണ്ടു തൃപ്തി നൽകിയിരുന്നില്ല എന്നത് തന്നെ കാരണം. ആരവങ്ങളെല്ലാം അടങ്ങിയതിനു ശേഷം തീയറ്ററിൽ പോയി കാണാം എന്ന് കരുതിയിരുന്ന ഞാൻ വീട്ടിലെത്തിയപ്പോൾ ടിക്കറ്റും എടുത്തു കാത്തിരുന്ന സുഹൃത്തുക്കളെയാണ്. അവർ എടുത്തത് തമിഴ് ഭാഷയിലെ റിലീസിനുമാണ്. അപ്പോഴും കാണാൻ താല്പര്യമില്ലായിരുന്നു. കാരണം, ഏതു സിനിമ കാണുമ്പോഴും അതിൻറെതായ ഭാഷയിൽ കാണുവാൻ ആണ് എപ്പോഴും താത്പര്യം. ശരി, ടിക്കറ്റു എടുത്തത് കളയണ്ട എന്ന് മനസില്ലാമനസോടെ തീയേറ്ററിലേക്ക് പോയി. അർദ്ധരാത്രി പന്ത്രണ്ടു മണിക്കായിരുന്നു ഷോ.
ആദ്യ ഭാഗം നിർത്തിയെടത്തും നിന്ന് തന്നെയാണ് ഈ ചിത്രം തുടങ്ങുന്നത്. ഈ ചിത്രത്തില്‍ അമരേന്ദ്ര ബാഹുബലിയുടെയും ദേവസേനയുടെയും കഥയാണ് പറയുന്നത്. അവര്‍ തമ്മില്‍ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും, മഹേന്ദ്ര ബാഹുബലിയുടെ ജനനവും, കട്ടപ്പയും ബാഹുബലിയും തമ്മിലുള്ള സുഹൃദ് ബന്ധവും, ഭല്ലയ്ക്ക് കിരീടത്തിനു മേലുള്ള അടങ്ങാത്ത ആഗ്രഹവും ഒക്കെ ആണ് ചിത്രത്തിലൂടെ പറയുന്നത്.
വളരെ മികച്ച രീതിയിലൂടെ ആണ് ടൈറ്റില്‍ കാര്‍ഡ്സ് അവതരിപ്പിച്ചത്. ഒരു പുതുമ ഉണ്ടായിരുന്നു അത് കാണുവാന്‍. ആദ്യ പകുതി വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. സത്യം പറഞ്ഞാല്‍, ബാഹുബലി എന്ന ചിത്രം മികച്ചതെന്നു അഭിപ്രായമില്ലാത്ത എന്റെ മനസ് നിറയ്ക്കും വിധം ആയിരുന്നു അവതരണം. ഒരു perfect ഫിനാലെ ആകും എന്ന പ്രതീക്ഷ മനസിന് തന്നിരുന്നു. മികച്ച ആക്ഷന്‍ സീനുകളും, മാസ് സീനുകളും, നല്ല കോമഡിയും, ഗാനങ്ങളും നിറഞ്ഞ ഒരു മികച്ച ചിത്രം ആകുമെന്ന പ്രതീക്ഷ കൂട്ടിക്കൊണ്ടെയിരുന്നു. ഇന്‍റര്‍വെല്‍ ബ്ലോക്ക് രോമാഞ്ചം ഉണ്ടാക്കുന്ന തരത്തിലുമായിരുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍ കിടിലന്‍ ആദ്യ പകുതി.
രണ്ടാം പകുതിയും വളരെ മികച്ച രീതിയില്‍ ആരംഭിച്ചു ദേവസേനയുടെയും അമരേന്ദ്ര ബാഹുബലിയുടെയും രണ്ടു മൂന്നു മാസ് സീനുകളിലൂടെ കടന്നു പോയി. മികച്ച രീതിയില്‍ മുന്‍പോട്ടു കൊണ്ട് പോയി. ക്ലൈമാക്സ് സീനിനു തൊട്ടു മുന്‍പുള്ള സീന്‍ വരെ മികച്ചു നിന്നെങ്കിലും. പിന്നീട് അത്രയും വരെ കൊണ്ട് വന്ന സംവിധാന കയ്യടക്കം കൈമോശം രാജമൌലിയ്ക്ക് നഷ്ടപ്പെട്ടതായി തോന്നി. അത്രയ്ക്കും മോശമായ ഒരു ക്ലൈമാക്സ് സീനുകളും ക്ലോസിംഗ് സീനുകളും. മൂക്കത്ത് വിരല്‍ വെച്ചു പോകുന്ന സീനുകളുടെ (അതിശയം മൂലമല്ല എന്നും ഓര്‍ക്കണം) അരങ്ങേറ്റം ആണ് പിന്നീട് കാണാന്‍ കഴിയുന്നത്. മിഴുനീള മികച്ച സിനിമയുടെ വീര്യം അത്രയും നശിപ്പിക്കുന്ന അരോജകവും തലക്ക് കൈ വെച്ചിരുന്ന പോകുന്ന തട്ടിക്കൂട്ട് സീനുകള്‍ കൊണ്ട് കുത്തി നിറച്ചു.
അനുഷ്കയുടെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്. അഴകെന്നു വെച്ചാല്‍ അവര്‍ സ്ക്രീനില്‍ വന്നാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. അഴകില്‍ മാത്രമല്ല അവരുടെ അഭിനയവും മികച്ചു നിന്നു. അവസരത്തിനൊത്തുയര്‍ന്നു നില്‍ക്കുന്ന പ്രകടനം. ഒരു പക്ഷെ ഇവര്‍ തന്നെയാകും ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്ന് പറയാം.
അമരേന്ദ്ര ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസ് നല്ല രീതിയില്‍ തന്നെ ചെയ്തു.
നല്ല സ്ക്രീന്‍പ്രസന്‍സും മിതത്വവും എന്നാല്‍ അവസരത്തിനൊത്ത പ്രകടനം
ആയിരുന്നു. ആക്ഷനിലും എല്ലാം മികച്ചു നിന്നു. പക്ഷെ ഓവര്‍ ആക്ടിങ്ങിലൂടെ മഹേന്ദ്ര ബാഹുബലിയെന്ന കഥാപാത്രത്തിന്റെ അവതരണം മോശമാക്കി മാറ്റുകയും ചെയ്തു. സംവിധായകന്‍ പറയുന്നതല്ലേ നടന്‍ അവതരിപ്പിക്കുകയുള്ളൂ.
കട്ടപ്പ എന്നാ കഥാപാത്രം അവതരിപ്പിക്കാന്‍ താന്‍ തന്നെയാണ് ഉചിതന്‍ എന്നുറപ്പിച്ച സത്യരാജിന്റെ പ്രകടനം. ഇടക്ക് പുളിമുരുഗനിലെ മൂപ്പന്‍ ആകാനും അദ്ദേഹം മറന്നില്ല. വികാരനിര്‍ഭരമായ സീനുകളില്‍ അദ്ദേഹത്തിന്‍റെ പ്രകടനം എടുത്തു പറയേണ്ടതോന്നാണ്.
കുമാരവര്‍മ്മ എന്ന കഥാപാത്രം അവതരിപ്പിച്ച തെലുങ്ക് സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള സുബ്ബരാജു കോമഡിയും ആക്ഷനുമായി മികച്ചു നിന്നു. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നും തന്‍റെ കയിലുണ്ടെന്നു തെളിയിച്ചു.
രമ്യാകൃഷ്ണന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കാത്തതരത്തിലുള്ള പ്രകടനം. ഈ പ്രായത്തിലും അവരുടെ മുഖത്തെ തേജസും കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഊര്‍ജവും ഇവിടെ എഴുതി പ്രതിഫലിപ്പിക്കാന്‍ കഴിയില്ല എന്നത് വാസ്തവം. ഒരു നോട്ടത്തിലുള്ള തീഷ്ണത.. i loved it.."എന്നാ വയസാനാലും ഉന്‍ അഴഗും സ്റ്റൈലും ഉന്നെ വിട്ടു പോഗലെ" എന്ന അവര്‍ തന്നെ പറഞ്ഞ സംഭാഷണ ശകലം ഞാന്‍ അവര്‍ക്കായി കടമെടുക്കുന്നു.
റാണാ ദാഗ്ഗുബാട്ടിക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല ആദ്യ പകുതിയില്‍ എന്നാല്‍ രണ്ടാം പകുതിയില്‍ വില്ലനിസത്തിന്‍റെ ക്രൂരതയുടെ പര്യായം ആകാനും അത് നല്ല രീതിയില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു. അവിശ്വസനീയമെങ്കിലും ആക്ഷന്‍ സീനുകളിലും മികച്ചു നിന്നു.
ഏക ആശ്വാസം തമന്നയ്ക്ക് അധികം സ്ക്രീന്‍സ്പേസ് കൊടുത്തില്ലയെന്നതാണ്. എന്നാലും അഞ്ചു മിനുറ്റ് ഉള്ളതും നല്ല ബോറാക്കാനും അവര്‍ മറന്നില്ല. നാസര്‍,
ഇനി സിനിമയുടെ മറ്റു ഭാഗങ്ങളിലേക്ക് വന്നാല്‍, നമ്മള്‍ പണ്ട് ബാലരമയിലും അമര്‍ ചിത്രകഥകളിലും മറ്റും വായിച്ചു പരിചയിച്ച ഒരു കഥ തന്നെയാണ് ചിത്രത്തിനുള്ളത്. രാജാവും, മന്ത്രിയും, പരിചാരകരും, സേനാപതിയും ഒക്കെ ഉള്ള ഒരു നാടന്‍ രാജാവിന്റെ കഥ. അതിത്രയും വലിയ കാന്‍വാസില്‍ അവതരിപ്പിച്ച രാജമൌലി എന്നാ സംവിധായകന് നമോവാകം. ആദ്യ ബാഹുബലി സിനിമയില്‍ നിന്നും വിഎഫ്എക്സ്, അവതരണം എന്നാ നിലയില്‍ ഈ ചിത്രം മികച്ചു നിന്ന് നിസംശയം പറയാം. വളരെ മികച്ചു നിന്ന വിഎഫ്എക്സ് സീനുകള്‍ ആണ്. 90 ശതമാനവും നന്നായി എന്ന് പറയാം. യാഥാര്‍ത്ഥ്യം ആണെന്ന് തോന്നിപ്പോകുന്ന സീനുകള്‍ പ്രത്യേകിച്ചും മൃഗങ്ങളെ അവതരിപ്പിച്ചതും ഒക്കെ. നല്ല അവതരണം ആണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
പ്രണയവും, തമാശയും, പാട്ടുകളും, കോപവും, വൈരവും, സങ്കടങ്ങളും എല്ലാം സമാസമം ചാലിച്ചെടുത്ത ചിത്രം. ആദ്യ ചിത്രത്തിനേക്കാള്‍ കൂടുതല്‍ വൈകാരികഭാവം ഈ ചിത്രത്തിന് കൂടുതല്‍ ആണ്. കഥാപാത്രങ്ങള്‍ക്കുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങള്‍ വളരെ മികച്ച രീതിയില്‍ അവതരിക്കപ്പെട്ടു. കലാകാരന്മാര്‍ സംവിധായകന്‍ ഉദ്ദേശിച്ചതിനു മേല്‍ കൊടുത്തിട്ടുണ്ടെന്ന് തന്നെയാണെന്നാണ് എന്റെ അഭിപ്രായം.
സംഗീതം കൈകാര്യം ചെയ്ത എം.എം. കീരവാണി ചിത്രത്തിനൊരു മുതല്‍കൂട്ട് തന്നെയാണ്. സിരകളെ ത്രസിപ്പിക്കുന്ന സംഗീതവും പാട്ടുകളും. ഒട്ടും ബോറടിപ്പിക്കുകയില്ല.
ഒരു ഐതിഹാസിക യുദ്ധം ഉണ്ടായിരുന്നില്ല ഈ ചിത്രത്തില്‍. ഉള്ളത് നല്ല ബോറായി അവതരിപ്പിക്കുകയും ചെയ്തു.
കെ കെ സെന്തില്‍കുമാര്‍ കൈകാര്യം ചെയ്ത ക്യാമറ നിലവാരം പുലര്‍ത്തിയിരുന്നില്ല.. ഒരു ശരാശരി നിലവാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കൂടി നല്ല രീതിയില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ വേറെ ഒരു ലെവലില്‍ ചെന്നെനെ ഈ ചിത്രം.
പ്രത്യേകിച്ച് ട്വിസ്ടുകളോ സസ്പന്‍സോ ഒന്നും ചിത്രത്തിലില്ല എന്ന് പറഞ്ഞു കൊള്ളുന്നു. തീര്‍ത്തും predictable ആയിട്ട് തന്നെയാണ് കഥ മുന്‍പോട്ടു പോകുന്നു. അതില്‍ നിന്നും അണുവിട സംവിധായകന്‍ വ്യതി ചലിക്കുന്നുമില്ല. ക്ലീഷേകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് താനും.
ലോജിക്കിലായ്മയും കണ്ടിന്യുറ്റി തെറ്റുകള്‍ നിരവധി ഉണ്ടായിരുന്നു ചിത്രത്തില്‍. ചിലപ്പോഴൊക്കെ രാജമൌലി ഇതിനൊന്നും അത്ര പ്രാധാന്യം കൊടുത്തിരുന്നില്ലെ എന്ന് നമ്മോടു തന്നെ ചോദിച്ചു പോകും. ഒരു സിനിമ ചെയ്യുമ്പോള്‍ അതിപ്പോള്‍ ഫിക്ഷനോ യാതാര്ത്യവുമായിക്കോട്ടേ, വിശ്വാസയോഗ്യമായി അവതരിപ്പിക്കുന്നതിലാണ് ഒരു സംവിധായകന്റെ വിജയം. ഒരു പ്രേക്ഷകന്‍ എപ്പോള്‍ അതിനു ചോദ്യം ചെയ്യുമ്പോള്‍ തന്നെ ആ സംവിധായകന്റെ ക്രാഫ്റ്റ് നഷ്ടപ്പെടും എന്നതല്ലേ വാസ്തവം.
ഞാന്‍ തമിഴ് ആണ് കണ്ടതെന്ന് മേലെ പറഞ്ഞല്ലോ.. ലിപ് സിങ്കുകള്‍ ആസ്വാദനത്തിനു ഒരു തടയിടുന്നതായി തോന്നി. ആകെ സിങ്ക് ആയി തോന്നിയത് സത്യരാജ്, രമ്യ, നാസറിന്റെ സീനുകള്‍ ആണ്. അതൊരു കല്ലുകടി ആയി മാറുന്നുണ്ട് പല ഭാഗങ്ങളിലും.
മൊത്തത്തില്‍ പറഞ്ഞാല്‍ എനിക്ക് ആദ്യ ചിത്രത്തേക്കാളും ക്ലൈമാക്സിലെ കല്ലുകടി ഒഴിവാക്കിയാല്‍ ഒത്തിരി ഇഷ്ടപ്പെട്ട ചിത്രമാണ് ബാഹുബലി 2. ക്ലൈമാക്സ് ഒക്കെ മികച്ച രീതിയില്‍ അവതരിപ്പിച്ചിരുന്നെങ്കില്‍ എക്കാലവും പ്രേക്ഷകരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒന്നാകുമായിരുന്നു. വേറെ ലെവലില്‍ പോകുമായിരുന്നു.
എന്‍റെ റേറ്റിംഗ് 7.5 ഓണ്‍ 10
No comments:
Post a Comment