ബീഡെവില്‍ഡ് (2010)
Language : Korean
Genre : Drama | Horror | Thriller
Director : Cheol-soo Jang
IMDB : 7.3
Bedevilled Theatrical Trailer
മുപ്പതു വര്‍ഷത്തോളമായി ഞാനീ ദ്വീപില്‍ ഇവരുടെ പീഡനവും അനുഭവിച്ചു കിടക്കുന്നു. എങ്ങിനെയെങ്കിലും ഇവിടെ നിന്നും രക്ഷപെടണം, പക്ഷെ പല തവണ അതിനു വേണ്ടി ആഗ്രഹിച്ചെങ്കിലും എന്‍റെ മകളെ മാത്രം ഓര്‍ത്ത് ഉപേക്ഷിച്ചു. എന്‍റെ ഉറ്റസഖി ഇവിടെ കുറച്ചു ദിവസത്തേക്ക് വന്നപ്പോഴെങ്കിലും ഞാന്‍ ഒന്നാശ്വസിച്ചു. അവളെന്നെ ഈ പൈശാചിക മനോഭാവമുള്ളവരുടെ ഇടയില്‍ നിന്ന് രക്ഷിക്കും എന്ന് വിശ്വസിച്ചു. പക്ഷെ എന്റെ കുഞ്ഞു മകളെ അവര്‍ നശിപ്പിക്കുന്നതിനു മുന്പ് തന്നെ എനിക്കിവിടുന്നു രക്ഷപെടണം. എന്നെ രക്ഷപെടുത്താന്‍ പറ്റിയില്ലെങ്കിലും എന്റെ മകളെ മാത്രം ഇവിടുന്നു രക്ഷപെടുത്തുമോ എന്ന് ഞാന്‍ എന്റെ കൂട്ടുകാരിയോട് കെഞ്ചി നോക്കി. അവളും അവളുടെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടച്ചു. എല്ലാ പ്രതീക്ഷയും അറ്റ ഞാന്‍ എന്‍റെ കുഞ്ഞിനേയും കൊണ്ട് ഇന്ന് രാത്രി രക്ഷപെടാന്‍ പോവുകയാണ്. പിടിക്കപ്പെടില്ല എന്ന് പ്രത്യാശിക്കുന്നു..
സ്ത്രീ എന്നാല്‍ സഹനശക്തിയുടെയും ക്ഷമയുടെയും പര്യായമാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിപ്പ ഏതു രാജ്യത്താണേലും ഏതു ഭാഷയിലാണേലും. ഭൂമിയോളം അവള്‍ ക്ഷമിക്കും, പിന്നെയും പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍ ശ്രമിച്ചാല്‍ ഉഗ്രമൂര്‍ത്തിയായി എല്ലാം കത്തിചാമ്പലാക്കും.. അങ്ങിനെയാണല്ലോ ഇപ്പോഴും വേണ്ടത്. ഇത്തരത്തിലൊരു പ്രതികാരകഥയുമായാണ് കൊറിയന്‍ എഴുത്തുകാരനായ ക്വാങ്ങ് യങ്ങ് സംവിധായകനായ ച്യൂല്‍ സൂ ജാങ്ങിലൂടെ അഭ്രപാളിയില്‍ കൊണ്ട് വന്നിരിക്കുന്നത്. കിം കി-ഡുക്കിന്റെ സഹസംവിധായകന്‍ ആയിരുന്ന ച്യൂല്‍ സൂ ജാങ്ങിന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാരുന്നു ഇത്. തന്‍റെ പ്രഥമ ചിത്രമെന്ന ഒരു സങ്കോചവും കൂടാതെ തന്നെ അദ്ദേഹം തന്റെ ജോലി നിറവേറ്റി എന്ന് പറയാം. മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമാരവര്‍ക്ക് എടുത്തു പറയേണ്ട ഒന്നാണ്. ഒത്ത പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡ് നിലനിര്‍ത്താന്‍ കഴിഞ്ഞു. കിംകിടുക്കിന്റെ ചിത്രങ്ങളില്‍ കാണുവാന്‍ കഴിയുന്ന വയലന്‍സ് ഈ ചിത്രത്തിലും കാണുവാന്‍ കഴിയും. വയലന്‍സിന്റെ ആധിക്യം മൂലം ഈ ചിത്രം ഹൊറര്‍ ജോണ്‍റെയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുനത്. പൂര്‍ണതയില്‍ കാണിക്കാതെ തന്നെ പീഡനവും മറ്റും കണ്ടിരിക്കുന്നവരുടെ മനസ്സില്‍ പതിപ്പിക്കാനും അനുഭവിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
മുഖ്യ കഥാപാത്രമായ കിം ബോകിനെ അവതരിപ്പിച്ച യോങ്ങ് ഹീ സൊ അസാമാന്യ പ്രകടനം ആണ് കാഴ്ച വെച്ചത്. തന്‍റെ നിസഹായാവസ്ഥയും പ്രതികാരവും സ്നേഹവും തുടങ്ങിയ വികാരങ്ങള്‍ അവര്‍ മനോഹരമായി അവതരിപ്പിച്ചു. ഹേ വോണ്‍ എന്നാ കിമ്മിന്റെ സഖിയെ അവതരിപ്പിച്ച സ്യോങ്ങ് മോശമല്ലായിരുന്നു. മറ്റുള്ള നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങളെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു.
പ്രതികാരകഥ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം കണ്ടിട്ടില്ലാത്തവര്‍ തീര്‍ച്ചയായും കാണുക. നിങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവവും, കണ്ടു കഴിയുമ്പോള്‍ കിം ബോക് നിങ്ങളെ വേട്ടയാടും.
എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10
No comments:
Post a Comment