പണ്ടിഗൈ (2017)
Language : Tamil
Genre : Action | Comedy | Romance | Thriller
Director : Feroz
IMDB : 7.0
Pandigai Theatrical Trailer
പന്തയം വെച്ച് ഞാൻ നഷ്ടപ്പെടുത്തിയതെല്ലാം എനിക്ക് വീണ്ടെടുക്കണം. അത് വീണ്ടെടുക്കണമെങ്കിൽ എന്റെ സുഹൃത്ത് ഇന്ന് പണ്ടികയിൽ തോക്കണം. അവൻ തോറ്റേ പറ്റുകയുള്ളൂ. അവൻ ചതിക്കില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. അവൻ ജയിച്ചാൽ, ഞാൻ ഈ ഭൂമിയിൽ നിന്ന് തന്നെ ഇല്ലാണ്ടാവും.
ഒരു ഗെയിം സെന്റർ നടത്തുന്ന മുനിക്ക് വാതുവെപ്പ് / പന്തയം വെക്കൽ ഒരു ഹോബി ആണ്. ഒരു വാതുവെപ്പിൽ തൻറെ വീട് പന്തയം വെക്കുന്ന മുനിക്ക് എല്ലാം നഷ്ടമാവുന്നതിനെ തുടർന്ന് ഒരു ഹോട്ടലിൽ വെയിറ്റർ ആയി ജോലി ചെയ്യുന്ന വേലുവിന്റെ സഹായം തേടുന്നു. വേലുവിനു വിദേശത്തു പോയി ജോലി ചെയ്തു കുറച്ചു സമ്പാദ്യം ഉണ്ടാക്കുക എന്നത് ആണ് ആഗ്രഹം. എന്നാൽ മുനിയുടെ പ്രലോഭനത്തിൽ വഴങ്ങി ദാദാ നടത്തുന്ന പണ്ടിഗൈയിൽ മത്സരിക്കാൻ പോകുന്നു. ഒരു ഫൈറ്റിനു പതിനായിരം രൂപ ആണ് വേലുവിനു കിട്ടുക. അവിടെ സ്ഥിരം ഫൈറ്റർ ആയി വേലു മാറുന്നു. എന്നാൽ അവസാനമായി ഒരു ഗുസ്തിക്കായി ഗോദയിൽ ഇറങ്ങിയ വേലുവിന്റെയും മുനിയുടെയും കണക്കു കൂട്ടൽ മുഴുവൻ തകിടം മറിയുന്നു.
നവാഗതനായ ഫിറോസ് എഴുതി സംവിധാനം ചെയ്ത ചിത്രം ആണ് പണ്ടിഗൈ. പണ്ടിഗൈ എന്നാൽ തമിഴിൽ ഉത്സവം ആണെങ്കിൽ ഇവിടെ അർത്ഥമാക്കുന്നത് ഒരു നിയമവിരുദ്ധമായ ഒരു ഗുസ്തി വാതുവെപ്പ് ക്ലബ് ആണ്. വളരെ മികച്ച രീതിയിൽ തന്നെ ഫിറോസ് തൻറെ ആദ്യ സംരംഭം അണിയിച്ചൊരുക്കിയിട്ടുണ്ട്. മുഴുനീള ഒരു ആക്ഷൻ ത്രില്ലർ ആയ ചിത്രത്തിൽ തമാശയും അല്പം റൊമാൻസും വിളക്കി ചേർത്തിട്ടുണ്ട് ഫിറോസ്. ആദ്യ പകുതി മുഴുനീള ആക്ഷനാണ് പ്രാധാന്യം കൊടുത്തതെങ്കിൽ രണ്ടാം പകുതി ഒരു ഹൈസ്റ്റ് ത്രില്ലറായി അവതരിപ്പിച്ചിരിക്കുന്നു. പ്രവചനങ്ങൾക്ക് അതീതമായ ആഖ്യാന രീതി ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ആർ.എച്. വിക്രം (രംഗൂൺ ഫെയിം) നിർവഹിച്ച പശ്ചാത്തല സംഗീതം ചിത്രത്തിൻറെ മൂഡ് നില നിർത്തി. പാട്ടുകളും മോശമായവ അല്ലായിരുന്നു.
കൃഷ്ണ വേലുവിനെയും ശരവണൻ മുനിയെയും അവതരിപ്പിച്ചു. രണ്ടു പേരും തൻറെ റോളുകൾ മികച്ച രീതിയിൽ ആവിഷ്കരിച്ചു. ആനന്ദി വേലുവിന്റെ പ്രണയഭാജനമായ കാവ്യയെ അവതരിപ്പിച്ചു. നിതിൻ സത്യാ ഒരു വ്യത്യസ്ത കഥാപാത്രമായ മുന്തിരിയെ അവതരിപ്പിച്ചു. കരുണാസ്, ഷണ്മുഖരാജൻ, മധുസൂദന റാവു തുടങ്ങിയവരും തന്റെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ചു.
മൊത്തത്തിൽ പറഞ്ഞാൽ ഒരു മുഷിപ്പും കൂടാതെ കണ്ടിരിക്കാവുന്ന ഒരുഗ്രൻ ത്രില്ലർ ആണ് ഫിറോസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇദ്ദേഹം തമിഴ് സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകാൻ സാധ്യത വളരെയധികം മുന്നിൽ കാണുന്നു.
എന്റെ റേറ്റിംഗ് 7.5 ഓൺ 10
ഈ ചിത്രത്തിൻറെ നായക കഥാപാത്രത്തിനെ അവതരിപ്പിക്കാൻ ആദ്യം വിക്രം പ്രഭുവിന്റെ അടുത്താണ് അണിയറക്കാർ ചെന്നത്. എന്നാൽ വിക്രം പ്രഭുവിന് ഡേറ്റ് ഇല്ലാത്തതിനാൽ കൃഷ്ണയ്ക്ക് വേലു എന്ന കഥാപാത്രം തേടിയെത്തി. വിക്രം പ്രഭു ആയിരുന്നുവെങ്കിൽ ചിലപ്പോൾ മികച്ച ഒരു ബോക്സോഫീസ് വിജയം നേടാൻ കഴിഞ്ഞേനെ..
No comments:
Post a Comment