പാസഞ്ചർസ് (2016)
Language : English
Genre : Adventure | Drama | Romance
Director : Morten Tyldum
IMDB : 7.0
Passengers Theatrical Trailer
2015ൽ ഓസ്കാർ അവാർഡ് ലഭിച്ച ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിൻറെ സംവിധായകൻ ആണ് മോർട്ടൻ ടൈൽടം. അദ്ദേഹം ആ ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഒരു സൈഫൈ പ്രണയചിത്രമാണ് പാസ്സഞ്ചർസ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ.
സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം 5000 യാത്രക്കാരെയും വഹിച്ചു ഹോംസ്റ്റെഡ് 2 എന്ന ഗൃഹത്തിലേക്ക് പോകുന്നു. 120 വർഷമാണ് യാത്രാദൈർഘ്യം അതിനാൽ എല്ലാ യാത്രക്കാരും ജോലിക്കാരും ഒരു ഹൈബർനേഷൻ പോടിൽ ആണ് . എന്നാൽ, 30 വർഷം പിന്നിട്ട യാത്രയ്ക്കിടയിൽ ബഹിരാകാശത്തുള്ള ഒരു താരാജാലവുമായി കൂട്ടിയിടിച്ചത് മൂലമുണ്ടായ ആഘാതത്തിൽ ഒരു പോഡ് പ്രവർത്തനരഹിതമാകുന്നു. 90 വർഷം മുൻപ് തന്നെ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്ന മെക്കാനിക്കൽ എഞ്ചിനീയർ ആയ ജിം പ്രെസ്റ്റൺ ആണ് ആ ഹതഭാഗ്യൻ. കേടായ ആ പോഡ് ശരിയാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്ന ജിം, ആ ഉദ്യമത്തിൽ പരാജയപ്പെടുന്നു. പിന്നീട്, ആശയെല്ലാം കൈവിട്ട ജിം, തനിക്കൊരിക്കലും താൻ സ്വപ്നം കണ്ട ജീവിതം അനുഭവിക്കാൻ കഴിയില്ല എന്ന യാഥാർഥ്യം തിരിച്ചറിയുന്നു. അലക്ഷ്യമായി ആ പേടകത്തിൽ തനിയെ ജീവിച്ചു കൊണ്ടിരിക്കുന്ന ജിമ്മിന് കൂട്ടായി ഒരു ആർതർ എന്ന് പേരുള്ള റോബോട്ട് ബാർടെണ്ടർ മാത്രമാണുള്ളത്. ആത്മഹത്യാ വരെ ചിന്തിച്ച ജിം അറോറ എന്ന പെണ്‍കുട്ടിയെ ഒരു പോഡില്‍ ഉറങ്ങുന്നത് കണ്ടു. ഒരു പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അറോറയെ കണ്ട മാത്ര തന്നെ ജിം പ്രണയത്തിലായി. അവരുടെ നര്‍മം കലര്‍ത്തിയുള്ള സംസാരം, ജീവിതത്തെ പറ്റിയുള്ള വീക്ഷണങ്ങള്‍ നിറഞ്ഞ വീഡിയോകള്‍ കണ്ട ജിമ്മിനു തനിക്കൊരു കൂട്ടാകുമെന്നു വിശ്വസിച്ചു. അങ്ങിനെ ജിം, അവളുടെ പോഡ് തുറക്കാം എന്ന് തീരുമാനിക്കുകയും, ആര്‍തറിനോട് പറയുകയും ചെയ്യുന്നു.
ജിം, ആ പോഡ് തുറക്കുമോ? അവര്‍ എങ്ങിനെ അതിനുള്ളില്‍ ജീവിക്കും? അവര്‍ക്ക് തങ്ങളുടെ പോഡില്‍ തിരിച്ചു കയറി, ഹോംസ്റ്റട് എന്ന സ്വപ്നതുല്യമായ ഗ്രഹത്തില്‍ എത്താന്‍ കഴിയുമോ? അവരുടെ പ്രണയം സഫലീകരിക്കുമോ? അവര്‍ എന്താണ് 90 വര്‍ഷങ്ങളില്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍. എന്നിങ്ങനെ നീളുന്നു ഒരായിരം ചോദ്യങ്ങൾ. അതിനു ചിത്രം കണ്ടു തന്നെ അറിയണം.
ആദ്യമേ, ചിത്രത്തിൽ പ്രധാനമായും ക്രിസ് എന്ന ഒരൊറ്റ കഥാപാത്രം മാത്രവും പിന്നീട് മൈക്കൽ ഷീൻ തുടർന്ന് ജെന്നിഫർ ലോറൻസും വരുന്നു. തുടക്കം മുതൽ ക്രിസ് എന്ന നടന്റെ കഴിവുകൾ ശരിക്കും പരിശോധിക്കുന്നുണ്ട്. ഒരു മുഴുനീള സിനിമയുടെ ഭൂരിഭാഗവും ക്രിസ് തന്റെ ചുമലിലേന്തുന്നുണ്ട്. അതിൽ പരിപൂർണ വിജയവും ആണദ്ദേഹം. കാരണം, നമുക്ക് ഒരു നിമിഷം പോലും ബോറടിക്കാതെയുള്ള കഥപറിച്ചിലും അഭിനയവും. ഒരു ഗ്രഹത്തിൽ ഏകാകി ആയി ജീവിക്കുക എന്നത് ഓരോ മനുഷ്യനെ സംബന്ധിച്ച് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അത് തന്റെ അഭിനയത്തിലൂടെ ക്രിസ് തെളിയിച്ചു. വികാരം, പ്രണയസീനുകളിലും അദ്ദേഹം മികച്ചു നിന്നു.
ജെന്നിഫർ ലോറൻസ്, ഒരൊന്നൊന്നര സൗന്ദര്യം തന്നെയായിരുന്നു. അഭിനയത്തിന്റെ കാര്യം പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ. അറോറ എന്ന കഥാപാത്രം എല്ലാ അർത്ഥത്തിലും മികച്ചു നിന്നു. ക്രീസുമായി നല്ല ഒരു ഓൺ സ്‌ക്രീൻ കെമിസ്ട്രി ഉണ്ടായിരുന്നു. അവരുടെ പ്രേമം തുടിച്ചു നിൽക്കുന്ന സീനുകളും ഹൃദയഭേദക രംഗങ്ങളും നന്നായി തന്നെ അവതരിപ്പിച്ചു. അത്ര പ്രയാസമേറിയ കഥാപാത്രം ആണെന്ന് തോന്നിയില്ല.
ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ രണ്ടു പേരും തന്റെ റോളുകൾക്ക് ആവശ്യമായ പ്രകടനം കാഴ്ച വെച്ചു. ഓരോ റോബോട്ട് ആയി അഭിനയിക്കുക അത്ര ചില്ലറ കാര്യമല്ലല്ലോ. അനായാസമായി മൈക്കൽ ഷീൻ അവതരിപ്പിക്കുകയും ചെയ്തു.
ജോൺ സ്പൈട്സ് എഴുതിയ കഥ, മോർട്ടൽ ടൈൽഡം സംവിധാനം ചെയ്‌തിരിക്കുന്നത്. ലോജിക്കുകൾ തൊട്ടു തീണ്ടാത്ത ഒരു കഥയാണ് ഈ ചിത്രത്തിനുള്ളത്. കൂടാതെ നിരവധി ക്ളീഷേ സീനുകളും. ഹിന്ദി സിനിമകളിലും മലയാള സിനിമകളിലും കാണാൻ കഴിയാവുന്ന ഒരു പ്രണയകഥ. ഗ്രാഫിക്സ്, മുഖ്യകഥാപാത്രങ്ങളുടെ അഭിനയവും ഒന്നും ചിത്രത്തിൻറെ കെട്ടുറപ്പിനു സഹായം ചെയ്യുന്നില്ല. എന്നാൽ കഥയുടെ പോരായ്മയെ ചോദ്യം ചെയ്യുന്നു. ഒരു വിഷ്വൽ എക്സ്പീരിയൻസ് തന്നെയാണ് ഈ ചിത്രം എന്ന കാര്യത്തിൽ തർക്കമില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ മികച്ചു നിന്നു. ചിത്രത്തിൻറെ ഒഴുക്കിനു ചേർന്ന രീതിയിൽ തന്നെയാണ് തോമസ് ന്യൂമാൻ സംഗീതം ചെയ്തത്.
ഒരു മണിക്കൂറും അന്പത്തിയാറു മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിൻറെ അവസാന ഇരുപതു മിനുട്ട് നമ്മൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സീനുകൾ അരങ്ങേറുന്നു. കുറച്ചൊക്കെ അവിശ്വസനീയമാണെങ്കിലും, പ്രതീക്ഷിക്കാത്ത ഒരു അവസാനം കൂടി ചിത്രം നൽകുന്നു.
എന്തൊക്കെ കഥയെയും പറ്റി കുറവുകൾ പറഞ്ഞാലും, അടുത്തിറങ്ങിയിരുന്ന സൂപ്പർഹീറോ ചിത്രങ്ങളേക്കാൾ മുകളിൽ നിൽക്കുന്ന ചിത്രമാണ് പാസ്സഞ്ചർസ്.
ബോറടിക്കാതെ കണ്ടിരിക്കാൻ കഴിയുന്ന ചിത്രമാണ് പാസ്സഞ്ചർസ്. വലിയ സ്‌ക്രീനിൽ കണ്ടാൽ ഇഷ്ടപ്പെടുകയും ചെയ്യും എന്നാണു എനിക്ക് തോന്നുന്നത്. വിഷ്വലി ഗുഡ്,
എന്റെ റേറ്റിംഗ് 6.9 ഓൺ 10