റോഗ് വൺ - എ സ്റ്റാർ വാർസ് സ്റ്റോറി (2016)
Language : English
Genre : Action | Adventure | Comedy | Sci-Fi
Director : Gareth Edwards
IMDB : 8.2
Rogue One Theatrical Trailer
ഞാൻ ഒരു സ്റ്റാർ വാർസ് ഫാൻ അല്ല, ഒരു ഫോളോവറും അല്ല. എന്റെ ജീവിതത്തിൽ ആകെ ഇതും ചേർത്തു മൂന്നു സ്റ്റാർ വാർസ് മാത്രമേ കണ്ടിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഈ ചിത്രം കാണാൻ തീയറ്ററിൽ പോകുമ്പോൾ ഒരു പ്രതീക്ഷ പോലും വെച്ചില്ല എന്നത് സത്യം. ഈ സിനിമയുടെ സംവിധായകനായ ഗാരത് എഡ്വാർഡ്‌സിന്റെ ഒരു സിനിമയെ ഇതിനു മുൻപ് കണ്ടിട്ടുള്ളൂ, അതാണെങ്കിൽ (ഗോഡ്സില്ല) തീരെ ഇഷ്ടപ്പെട്ടതുമില്ല.
കഥയിലേക്ക് വരാം. ശാസ്ത്രജ്ഞനായ ഗേലൻ ഭാര്യയും കുട്ടിയുമായി ലാമു എന്ന ഗ്രഹത്തിൽ ഒളിച്ചു താമസിക്കുന്നു. ആരിൽ നിന്നും ഒളിച്ചു താമസിക്കുന്നുവോ അവർ തന്നെ അത് കണ്ടു പിടിക്കുന്നു. ഡെത്ത് സ്റ്റാർ എന്ന ഗ്രഹങ്ങൾ നശിപ്പിക്കുന്ന ഒരു ആയുധം പൂർത്തീകരിക്കണം എന്ന ആവശ്യം ആയിരുന്നു അവരുടേത്. ഭാര്യയെ കണ്മുന്നിൽ വെച്ച് കൊല്ലുകയും പക്ഷെ ജെയ്ൻ എന്ന അവരുടെ കുട്ടി രക്ഷപെടുകയും ചെയ്യുന്നു. ഗെരേര എന്ന ഒരു വിപ്ലവകാരികളുടെ തലവൻ ആണ് രക്ഷപെടുത്തുന്നത്.
പതിനഞ്ചു വർഷങ്ങൾക്കു ശേഷം റിബൽ അലയന്സിന് വേണ്ടി ജെയ്നും കൂടെ ഇന്റലിജൻസ് ഓഫീസർ കാശിയാനും പിന്നെ ഒരു ഡ്രോയിഡും കൂടെ ഈടു ഗ്രഹത്തിലുള്ള ഗേലനെ കണ്ടു പിടിക്കാനായി പോകുന്നു. ഡെത് സ്റ്റാർ എന്ന ആയുധം എങ്ങിനെയും ഉപയോഗിക്കാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. അവിടെ വെച്ച് അവരുടെ ഉദ്യമത്തിന് സഹായത്തിനായി കുറച്ചു പേർ കൂടി ചേരുന്നു. ഇവരുടെ ഉദ്യമം സഫലമാവുമോ ? തിന്മയുടെ മേൽ നന്മയ്ക്കു വിജയം നേടാൻ സാധിക്കുമോ എന്ന ചോദ്യം പൂരിപ്പിക്കുന്നതാണ് ശേഷഭാഗം.
സ്ഥിരം ഉള്ള സ്റ്റാർ വാർ കഥയൊക്കെ ആണെങ്കിലും പൂർണമായും ആക്ഷന് പ്രാധാന്യം കൊടുത്താണ് അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയും രസച്ചരട് പൊട്ടാതെ കാത്തു സൂക്ഷിച്ചതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.ഒരു ഡാർക് മൂഡിൽ അവതരിപ്പിച്ച ചിത്രത്തിൽ അത്യാവശ്യത്തിനു കോമഡിയും ആക്ഷനും സെന്റിമെൻറ്സും സമന്വയിപ്പിച്ചിട്ടുണ്ട്. ഗ്രെഗ് ഫ്രേസർ നിർവഹിച്ച ക്യാമറവർക്ക് മികച്ചു നിന്നു. മൈക്കൽ ജ്യാചിനോയുടെ പശ്ചാത്തല സംഗീതം സംഭവബഹുലമായിരുന്നു. നല്ല മൂഡ് ഉണ്ടാക്കി, ചിത്രത്തിനോട് ചേർന്ന് നിന്നു.
മുഖ്യ കഥാപാത്രമായ ജെയ്‌നിനെ അവതരിപ്പിച്ചത് ഫെലിസിറ്റി ജോൺസ് ആണ്. തന്റെ കഥാപാത്രത്തിനെ നീതീകരിച്ചോ എന്ന് ചോദിച്ചാൽ, ഒരു പരിധി വരെ അവർ നന്നായി അവതരിപ്പിച്ചു എന്ന് പറയേണ്ടി വരും. കാരണം, ആക്രമണോത്സുകമായ ഒരു കഥാപാത്രമാണ് ജെയ്‌നിന്റെത്, ആ നിലയ്‌ക്കെത്തിക്കാൻ മുഴുവനും ഒരു കൃത്രിമ മുഖഭാവം ആയിരുന്നു ഫെലിസിറ്റിയുടേത്. അത് അല്പം കല്ലുകടിയായി തോന്നി.
കസിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡിയാഗോ ലൂണ. അയാൾ നന്നായി തന്നെ തൻറെ ജോലി ചെയ്തു.
ഡോണി യെൻ, ഒരു അന്ധനായ പോരാളിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇൻട്രോ ആക്ഷൻ സീൻ, ബഹു കേമം. വളരെയധികം ഇഷ്ടമായ ഒരു സീൻ തന്നെയായിരുന്നു അത്.
ഫോറസ്ററ് വിറ്റെക്കർ ചെറുതാണെങ്കിലും മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു.
മാഡ്‌സ് മിക്കൽസൻ, ശാസ്ത്രജ്ഞനും ജെയ്‌നിന്റെ അച്ഛന്റെ വേഷവും മികച്ച രീതിയിൽ അവതരിപ്പിച്ചു. പക്ഷെ സ്‌ക്രീൻസ്‌പേസ് വളരെ കുറവായിരുന്നു.
നിരവധി കഥാപാത്രങ്ങൾ വന്നു മിന്നി മാഞ്ഞു പോകുന്നുണ്ടെങ്കിലും അവരെയൊന്നും അറിയാത്തതു കൊണ്ട് പ്രതിപാദിക്കുന്നില്ല.എന്നിരുന്നാലും ആരും അവരുടെ കഥാപാത്രങ്ങൾ മോശമാക്കിയില്ല എന്ന അഭിപ്രായമാണ് എന്റേതു.
മുൻപത്തെ സ്റ്റാർ വാർസ് കണ്ടിട്ടില്ലാത്തവർക്കും കണ്ടവർക്കും ഒരു പോലെ കാണാൻ കഴിയുന്ന ഒരു ചിത്രമാണ് റോഗ് വൺ. ഒരു സൈഫൈ ആക്ഷൻ ചിത്രം എന്നതു മനസ്സിൽ വെച്ച് കാണാൻ തുടങ്ങിയാൽ തീർച്ചയായും ഇഷ്ടപ്പെടും. 133 മിനുട്ടുകളും ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർറ്റൈനർ ആണ് ഇത്.
എൻറെ റേറ്റിംഗ് 8 ഓൺ 10
No comments:
Post a Comment