Cover Page

Cover Page

Tuesday, December 13, 2016

212. The Girl With All The Gifts

ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്  (2016)


Language : English
Genre : Drama | Horror | Thriller
Director : Colm McCarthy
IMDB : 7.9

The Girl With All The Gifts Theatrical Trailer



ഈ വർഷം സോംബി ചിത്രത്തിൽ വലിയ മാറ്റം കൊണ്ട് വന്ന ഒരു ചിത്രമാണ് ട്രെയിൻ റ്റു ബുസാൻ. നിരൂപക പ്രശംസ എട്ടു വാങ്ങിയ ചിത്രം ആക്ഷനിലും ഇമോഷനിലും മികച്ചു നിന്നു. എന്നാൽ എം.ആർ. കാരി ബ്രിട്ടീഷ് എഴുത്തുകാരൻ എഴുതിയ നോവലിൻറെ ആവിഷ്കാരമാണ് ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്. വികാരങ്ങൾക്കും ഹൊറർ എലമെന്റുകൾക്കും പ്രാധാന്യം കൊടുത്ത ഒരു പോസ്റ്റ് അപ്പോകാലിപ്റ്റിക് സോംബി ഹൊറർ ചിത്രമാണ് ഇത്. വെറും ഒരു ട്രെയിലറിൻറെ പിൻബലത്തിൽ മാത്രമാണ് ഈ ബ്രിട്ടീഷ് ചിത്രം കാണാൻ തീയറ്ററിൽ കയറിയത്.

ഒരു ഫങ്കൽ ഇൻഫെക്ഷൻ മൂലം ലോകത്താകമാനമുള്ള ആളുകൾ സോംബികളായി മാറുകയും ഒരു മിലിട്ടറി സംഗീതത്തിൽ അതിനു മറുമരുന്ന് കണ്ടുപിടിക്കാൻ വേണ്ടി ഒരു ശാസ്ത്രജ്ഞ പരീക്ഷണം നടത്തുകയും ചെയ്യുന്നു. അവിടെ രണ്ടാം തലമുറയിലുള്ള സോംബി കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ അവർക്കു ചിന്തിക്കാനുള്ള കഴിവ് കൂട്ടുവാനുമായി അധ്യാപകരുണ്ട്. പക്ഷെ, ഇവരുടെ സങ്കേതം സോംബികൾ അതിക്രമിച്ചു കടക്കുന്നത് മൂലം അവർക്കു പലായനം ചെയ്യേണ്ടി വരുന്നു. ഇവിടെ നിന്നും കഥ ആകാശയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമായി മാറുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ വ്യക്തിത്വം നൽകിയിട്ടുണ്ട് ചിത്രത്തിൽ. ഓരോ റോളിനും സന്ദർഭത്തിനും അതിന്റേതായ മികവും വ്യക്തതയും നൽകിയിട്ടുമുണ്ട്.
എല്ലാറ്റിനും മുകളിൽ തന്റെ കർത്തവ്യത്തിന് പ്രാധാന്യം കൽപ്പിക്കുകയും എന്നാൽ ഒരു മനുഷ്യനു വേണ്ട എല്ലാ വികാര വിചാരങ്ങളും ഉള്ള ഒരു മിലിട്ടറി ഓഫീസർ സെർജെന്റ് എഡി പാർക്സ് ആയി പാഡി കോൺസിഡിൻ. അദ്ദേഹം നന്നായിരുന്നു. നല്ല പരിചിതമായ  അദ്ദേഹത്തിന്റേത്.


ചിന്തിക്കാൻ കഴിവുള്ള സോംബി കുട്ടിയും, അധ്യാപികയോടുള്ള സ്നേഹവും ബഹുമാനവും കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന
മെലാനിയെ അവതരിപ്പിച്ച സീനിയ നെന്നുവ എല്ലാവരെയും ഞെട്ടിക്കുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ആ കുട്ടിയുടെ അഭിനയം കണ്ടാൽ കണ്ണെടുക്കാനേ തോന്നില്ല. ഒരു പ്രത്യേക ഇഷ്ടവും തോന്നു നമുക്കാ കുട്ടിയോട്. അവൾ തന്നെയാണ് ചിത്രത്തിൻറെ പ്രധാന കഥാപാത്രവും നായികയും.

ഹെലൻ എന്ന അധ്യാപികയെ അവതരിപ്പിച്ച ജെമ്മ ആർട്ടർട്ടൻ തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു. വികാരം പ്രകടിപ്പിക്കുന്നതിലൊക്കെ മികച്ചുനിന്നു.

ഗ്ലെൻ ക്ളോസ്, കരോളിൻ എന്ന ഡോക്ടർ-ശാസ്ത്രജ്ഞയെ അവതരിപ്പിച്ചു. എങ്ങിനെയും സോംബി ഫങ്കസിനു മറുമരുന്ന് കണ്ടു പിടിക്കണം എന്ന ദൃഢചിന്തയിൽ മറ്റെല്ലാം മറക്കുന്ന ഒരു സ്വാർത്ഥയായി അവർ മികച്ച പ്രകടനം നടത്തി.
കീറാൻ എന്ന ഒരു പട്ടാളക്കാരനായി അഭിനയിച്ച ആളുടെ പേരറിയില്ലെങ്കിലും, അദ്ദേഹവും നന്നായിരുന്നു.

എടുത്തു പറയാനുള്ളത്, ഇതിൽ സോംബികളായി വേഷമിട്ട ജൂനിയർ ആർട്ടിസ്റ്റുകളാണ്. അവർ ഇല്ലെങ്കിൽ ഈ ചിത്രത്തിൻറെ ജീവൻ തന്നെ ഇല്ലാണ്ടാവും, കാരണം മിക്ക സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രകടനം മൂലം വേണ്ടത്ര പ്രയോജനം ലഭിക്കാറില്ല. ഇവിടെ അതും മികച്ചു നിന്നു.

കുറെയധികം കുട്ടികളും അഭിനേതാക്കളായി ഉണ്ടായിരുന്നു. അവരുടെ അഭിനയം മികച്ചുനിന്നതിനു കാരണം അവരെ നയിച്ച സംവിധായകൻ തന്നെയാണ് എനിക്ക് നിസംശയം പറയാം.

തുടക്കമൊക്കെ ഏതൊരു പ്രേക്ഷകനെയും ആശയക്കുഴപ്പത്തിലാക്കുന്ന മാതിരി സങ്കീർണമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുണ്ട ലൈറ്റിങ്ങും മനസിനെ വേട്ടയാടുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും നമ്മെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകും. പിരിഞ്ഞു മുറുകിയ സന്ദർഭങ്ങളും പേടിപ്പെടുത്തുന്ന ചിലപ്പോൾ ഞെട്ടിക്കുന്ന സീനുകളുടെ അകമ്പടിയോടെ വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ആഖ്യാനം ചെയ്തിട്ടുണ്ട്. ആക്ഷന് അധികം പ്രാധാന്യം കൊടുക്കാതെ ഹൊററിനും (ഒരു ഹൊറർ ചിത്രമായി പൂർണമായും പറയാൻ കഴിയില്ല) വികാരത്തിനും കഥയ്ക്കുമാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. സംവിധായകൻ ആയ ടോം മക്കാർത്തി പ്രശംസാവഹമായ ജോലി തന്നെയാണ് ചെയ്തിരിക്കുന്നത്. സൈമൺ ഡെന്നിസ് നിർവഹിച്ച ക്യാമറ മികച്ചു നിന്നു. അവസാനം വരെയും എന്ത് സംഭവിക്കും എന്ന് ചിന്തിക്കാൻ കഴിയാത്ത രീതിയിലാണ് ആഖ്യാനിച്ചിരിക്കുന്നതു. സ്ഥിരം സോംബി ചിത്രങ്ങളിൽ കാണുന്ന ക്ളീഷേകൾ പരമാവധി ഒഴിവാക്കി ആർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഈ ചിത്രത്തിൻറെ സംഗീതസംവിധായകൻ അത്ര കണ്ടു പ്രശസ്തൻ അല്ലാത്തത് കൊണ്ട് ഗൂഗിളിൽ നിന്നുമാണ് പേര് കണ്ടെടുത്തത്. ചിലിയൻ സംഗീതം സംവിധായകനായ യുവാൻ ക്രിസ്റ്റബൾ തപ്യ ഡി വീർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറെ വിഷയം ആവശ്യപ്പെടുന്ന തീവ്രത ചോർന്നു പോകാതെ തന്നെ നിർവഹിച്ചിരിക്കുന്നു. പക്ഷെ ഇടയ്ക്കിടെ അല്പം loud n noisy ആണോ എന്ന് തോന്നിപ്പോയി.

സോംബി ചിത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒരു പക്ഷെ over glorify (വ്യക്തിപരം) ചെയ്യപ്പെട്ട ട്രെയിൻ റ്റു ബുസാനിനെക്കാൾ മികച്ച ഒരു ചിത്രമാണ് ദി ഗേൾ വിത്ത് ഓൾ ദി ഗിഫ്റ്റ്സ്. ഏറ്റവും മികച്ച സോംബി ചിത്രങ്ങളിൽ എന്റെ അഭിപ്രായത്തിൽ ഈ ചിത്രത്തെ ഉൾപ്പെടുത്താൻ കഴിയും.

എന്റെ റേറ്റിങ് 8.9 ഓൺ 10

No comments:

Post a Comment