Cover Page

Cover Page

Tuesday, December 20, 2016

214. Sully (2016)

സള്ളി (2016)



Language : English
Genre : Biography | Drama
Director : Clint Eastwood
IMDB : 7.6

Sully Theatrical Trailer



മരണത്തെ മുഖാമുഖം കണ്ടിട്ടുള്ളവർ ഈ ഭൂമിയിൽ വിരളമാകാം. ഞാനും അത്ര ഘോരമല്ലായെങ്കിലും പല തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. നമ്മുടെ ഉടലിൽ ജീവൻറെ തുടിപ്പ് ഉണ്ടെന്നറിയുമ്പോൾ മനസിനുണ്ടാകുന്ന ഒരു സന്തോഷം. അറിയാവുന്ന എല്ലാ ദൈവങ്ങളോടും മാതാപിതാക്കളോടും ഒക്കെ നമ്മൾ നന്ദി പറഞ്ഞിട്ടുണ്ടാവും. ക്ലിന്റ് ഈസ്ററ് വുഡ് സംവിധാനം ചെയ്ത സള്ളിയിൽ നമുക്ക് അങ്ങിനെ നിരവധി ആളുകളെ കാണാൻ കഴിയും. പ്രവചിക്കാനാവുന്ന സന്ദർഭങ്ങളുള്ള ഒരു ചിത്രമായിട്ടു കൂടി നമ്മെ കാണുവാൻ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്ന് മാത്രമാണ് പ്രതീക്ഷ.

ജോലിക്കാരുൾപ്പടെ 155 യാത്രക്കാരെയും പേറി ക്യാപ്റ്റൻ സള്ളി തന്റെ വിമാനം ലഗോർഡിയ എയർപോർട്ടിൽ നിന്നും ഷാർലറ്റ് ഡഗ്ലസ് എയർപോർട്ടിലേക്ക് തിരിക്കുന്നു. എന്നാൽ സുഗമമായ യാത്ര എന്ന പ്രതീക്ഷക്കു മങ്ങലേൽപ്പിച്ചു പക്ഷികളുടെ കൂട്ടം വന്നു വിമാനത്തിൽ ഇടിച്ചു രണ്ടു എഞ്ചിനും തകരാറിലാകുന്നതോടെ നില പരുങ്ങലിലാവുന്നു. അടുത്തുള്ള എയർപ്പോർട്ടിലോ അല്ലെങ്കിൽ സ്വന്തം എയർപ്പോർട്ടിലോ തിരിച്ചിറക്കാം എന്ന നിർദേശം കൺഡ്രോൾ ടവറിൽ ലഭിക്കുകയും എന്നാൽ അത് അവഗണിച്ചു രക്തം കട്ട പിടിപ്പിക്കുന്ന തണുപ്പുള്ള ഹഡ്സൺ നദിയിൽ വിമാനം ഇറക്കി, എല്ലാവരെയും രക്ഷിക്കുന്നു. ഒരു നാട് മുഴുവൻ സള്ളിയെ നായകനായി വാഴ്ത്തുമ്പോഴും, അധികാരികളുടെ നിർദേശം പാടെ അവഗണിച്ച സള്ളിയെയും കോപൈലറ്റ് ജിഫ്രിയെയും പ്രതിക്കൂട്ടിലാക്കുന്നു. അവർ അതിനെ അതിജീവിക്കുമോ എന്നതാണ് കഥയുടെ ഇതിവൃത്തം.

ചെസ്‌ലി സള്ളൻബർഗർ അഥവാ സള്ളിയെ അവതരിപ്പിച്ച ടോം ഹാങ്ക്സ് ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. മികച്ച അഭിനയം ആണ് അദ്ദേഹം കാഴ്ച വെച്ചത്. തന്റെ വൈകാരിക സംഘര്ഷങ്ങളും മറ്റും അദ്ദേഹം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. ശരിക്കും പറഞ്ഞാൽ ടോം ഹാങ്ക്സ് എന്ന അതുല്യ നടന് ഈ ഒരു കഥാപാത്രം അധികം വെല്ലുവിളി ഉയർത്തുന്നില്ല എന്ന് പറയാൻ കഴിയും. എത്രയോ കഥാപാത്രങ്ങൾ അദ്ദേഹം അനശ്വരമാക്കിയിരിക്കുന്നു.
ജെഫ്‌റി എന്ന ഫസ്റ്റ് ഓഫീസറെ അവതരിപ്പിച്ച ആരോൺ എക്ക്ഹാർട് നല്ല രീതിയിൽ നടനം കാഴ്ച വെച്ച്. ഒരു പക്ഷെ ഡാർക് നൈറ്റിന് ശേഷം ആദ്യമായി ആവും അദ്ദേഹത്തിന് അഭിനയപ്രാധാന്യം ഉള്ള ഒരു റോൾ ലഭിക്കുന്നത്. അദ്ദേഹം അത് പാഴാക്കിയുമില്ല
ലോറ ലിന്നി ആണ് സള്ളിയുടെ ഭാര്യയായ ലോറിനെ അവതരിപ്പിച്ചത്. അധികം സ്‌ക്രീൻസ്‌പേസ് ഉണ്ടായിരുന്നില്ലയെങ്കിലും ഉള്ളത് നല്ല പോലെ തന്നെ അഭിനയിച്ചു തീർത്തു
മറ്റുള്ള എല്ലാ അഭിനേതാക്കളുടെ പ്രകടനത്തിലും അധികം പ്രശ്നങ്ങളൊന്നും തോന്നിയില്ല.

സള്ളിയും ജെഫ്രിയും എഴുതിയ ആത്മകഥയിൽ നിന്നും ആണ് ടോഡ് കോർമാനിക്കി സള്ളിയെന്ന ചിത്രത്തിന് കഥയെഴുതുന്നത്.അദ്ദേഹത്തിന്റെ തിരക്കഥയും ക്ലിന്റ് ഈസ്റ്റ്റ്വുഡിന്റെ കൃത്യതയാർന്ന സംവിധാനവും ഒരു ഡോക്യുമെന്ററിയിലേക്ക് ഒതുങ്ങി പോകാവുന്ന കഥയെ ഒരു ത്രില്ലർ ഡ്രാമ നിലയിൽ കൊണ്ട് വന്നു. ഒരു നിമിഷം പോലും വിരസതയ്ക്കു ഇടം കൊടുക്കാതെയുള്ള ചടുലതയും ആസ്വാദന നിലവാരവും ചിത്രത്തിനുണ്ടായിരുന്നു.
ക്ലിന്റിനു വേണ്ടി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ടോം സ്റ്റേൺ ആണ് ഈ ചിത്രത്തിനും ക്യാമറ കൈകാര്യം ചെയ്തത്. നിരവധി ഏരിയൽ ഷോട്ടുകളും ക്ളോസപ് ഷോട്ടുകളും കൊണ്ട് സമ്പന്നമായ ചിത്രം, ക്യാമറ എന്ന നിലയിൽ മികച്ചു നിന്നു.
ക്രിസ്റ്റീൻ ജേക്കബ് ആണ് സംഗീതം. വളരെ പതിഞ്ഞ താളത്തിലുള്ള പശ്ചാത്തല സംഗീതം കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. മികച്ച ഓഡിയോഗ്രാഫിയും ചിത്രത്തിൻറെ മുതൽകൂട്ടാണ്.

ഇത് വരെ നിരവധി അവാർഡ് വാരിക്കൂട്ടിയ ചിത്രം, ബോക്സോഫീസിലും വളരെ നല്ല രീതിയിൽ ചലനം സൃഷ്ടിച്ചു. വെറും 60 മില്യൺ മുതല്മുടക്കിറങ്ങിയ ചിത്രം 229 കോടിയോളം സംഭരിച്ചു. ഓസ്കാർ അവാർഡിലും സള്ളിയ്ക്കു ചലനമുണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

എന്റെ റേറ്റിംഗ് 9.0 ഓൺ 10 

No comments:

Post a Comment