അറൈവൽ (2016)
Language : English
Genre : Drama | Mystery | Sci-Fi
Director : Denis Villeneuve
IMDB : 8.4
Arrival Theatrical Trailer
ഒറ്റ വാക്കിൽ പറഞ്ഞാൽ "മനോഹരം".അതെ, അത്ര മനോഹരമായിട്ടാണ് സംവിധായകൻ ഡെന്നിസ് വിൽയുനോവ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സൈഫൈ ചിത്രം എന്നതിലുപരി വൈകാരികമായ ഡ്രാമ ആയിട്ടാണ് ഞാനീ ചിത്രത്തെ കാണുന്നത്.
ഭൂമിയിൽ പന്ത്രണ്ടു ഇടങ്ങളിലായി ബഹിരാകാശപേടകം പ്രത്യക്ഷമായതോടെ കേണൽ വെബർ ഭാഷാ പണ്ഡിതയായ ലൂയിസ് ബാങ്ക്സിനെ സമീപിക്കുന്നു. പേടകത്തിലെ അന്യഗ്രഹ ജീവികളോട് സംസാരിച്ചു (അവരുടെ ഭാഷ മനസിലാക്കി) ആഗമനോദ്ദേശ്യം മനസിലാക്കുക എന്ന ദൗത്യം ശാസ്ത്രജ്ഞനായ ഇയാൻറെ കൂടെ നിർവഹിക്കുക. ദിവസങ്ങൾ പിന്നിടുന്തോറും വന്നിറങ്ങിയ എല്ലാ രാജ്യങ്ങളുടെയും ക്ഷമ നശിക്കുകയും ആ പേടകങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടാൻ ഒരുങ്ങുന്നു. ഒരു ദുരന്തം ഒഴിവാക്കുക എന്ന കടമ്പ കൂടി ലൂയിസിന്റെ ചുമലിലേക്ക് ആകുന്നു. പിന്നീടെന്തു സംഭവിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.
അറൈവൽ എന്ന ചിത്രത്തിൽ പ്രധാനമായും മൂന്നു കഥാപാത്രങ്ങൾ ആണുള്ളത്. എന്നാൽ, അതിൽ സ്‌ക്രീൻസ്‌പേസ് കൂടുതൽ ഉള്ളത് അമി ആഡംസ് അവതരിപ്പിച്ച ലൂയിസ് എന്ന ഭാഷപണ്ഡിതയ്ക്കാണ്. അമി നല്ല കയ്യടക്കത്തോടും പക്വതയോടും അവതരിപ്പിച്ചു. വികാരങ്ങൾ എല്ലാം തന്നെ ഭംഗിയായി അവർ സ്‌ക്രീനിൽ വരച്ചു കാട്ടി. ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ഈ നടിയ്ക്ക് ലഭിക്കും എന്നാണു എൻറെ ഒരു ഊഹം. അല്ല, ഓസ്കാർ കിട്ടണം എന്ന് തന്നെയാണ് ആഗ്രഹവും. സാധാരണ ജാതിയിലുള്ള അവതരണം ആയിരുന്നില്ല ഈ സിനിമയിലെ നായികയ്ക്ക്.
ജെറെമി റെന്നെർ ഒരു നല്ല നടനാണ്. ഇയാൻ ഡോണല്ലി എന്ന കഥാപാത്രം അദ്ദേഹത്തിൻറെ കയ്യിൽ സുരക്ഷിതമായിരുന്നു. പക്ഷെ, അമിയുടെ പ്രകടനത്തിന് താങ്ങായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു ജെറീമിക്ക്. ഫോറസ്ററ് വിറ്റേക്കർ, ചെറുതാണെങ്കിലും പ്രാധാന്യമുള്ള റോൾ അവതരിപ്പിച്ചു. പിന്നുള്ള അഭിനേതാക്കൾക്ക് അധികം പ്രാധാന്യം ഒന്നുമില്ലായിരുന്നുവെങ്കിലും, അവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു തീർത്തു.
ഡെന്നിസ് വിൽയുനോവ് എന്ന സംവിധായകൻ ഇന്നുമെന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം ആദ്യമായി കണ്ടത് പ്രിസണർസ് ആയിരുന്നു. അന്നു കണ്ടത് മുതൽ ഇന്ന് കണ്ടത് വരെ മികവിന് അദ്ദേഹം കോട്ടം വരുത്തിയിട്ടുമില്ല. ആ ഒരൊറ്റ പ്രതീക്ഷയിൽ ആണ് അറൈവൽ കാണാൻ തീയറ്ററിനുള്ളിൽ കയറിയതും. എൻറെ പ്രതീക്ഷ അല്പം പോലും കളങ്കപ്പെടുത്തിയില്ല എന്നതാണ് പരമമായ സത്യം. ലൈറ്റ്‌സ് ഔട്ട്, ദി തിങ് (2011) എന്നീ ചിത്രങ്ങൾ എഴുതിയ എറിക്ക് ഹൈസ്‌റെർ ആണീ ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയിരിയ്ക്കുന്നത്. ഒരു സൈഫൈ ചിത്രം അതും അന്യഗ്രഹജീവികൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ കഥ മറ്റുള്ള പല കഥയെയും വെല്ലുന്ന രീതിയിൽ തന്നെയായിരുന്നു. അതിനു മികച്ച വിഷ്വലുകളും അതിലേറെ വൃത്തിയായി ചിട്ടപ്പെടുത്തി തിരശീലയ്ക്കു മുൻപിൽ കൊണ്ട് വന്ന ടെന്നിസിനാണ് പ്രശംസ.. കഥയാണ് ഈ ചിത്രത്തിൻറെ നായകൻ എങ്കിൽ, സംവിധായകൻ ആണ് ഉപനായകൻ. നായികയെ മേലെ പരാമർശിച്ചു കഴിഞ്ഞല്ലോ..
വിഎഫ്എക്സ് നന്നായിരുന്നു. ഒരു ചേലൊക്കെ ഉണ്ടായിരുന്നു കാണുവാൻ. ഒരു extravagant അനുഭവം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, അറൈവൽ എന്ന ചിത്രത്തിൻറെ ഒഴിവാക്കാത്ത ഘടകം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.
ബ്രാഡ്ഫോർഡ് യങ്ങിന്റെ ക്യാമറ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അധികം ബജറ്റില്ലാത്ത ചിത്രം എന്ന തോന്നൽ ഒരു നിമിഷം പോലും തോന്നില്ല.. അത്രയ്ക്ക് മികച്ച വിഷ്വലുകൾ ആണ് അദ്ദേഹം പകർത്തിയത്. എഡിറ്റിങ്ങും എടുത്തു പറയേണ്ടത് തന്നെയാണ്. ജോ വോക്കർ ആണ് എഡിറ്റർ.
ജൊഹാൻ ജോഹാൻസണിന്റ സംഗീതം ചിത്രത്തിൻറെ ആസ്വാദനതലത്തിനു തെല്ലൊന്നുമല്ല ആവേശം കൂട്ടിയത്. വേണ്ട സമയത്തു നിശബ്ദത ഉപയോഗിച്ചും, മൃദുവായും, എന്നാൽ ഘോരമായും ഉപയോഗിച്ച് ഉദ്യോഗനിമിഷങ്ങൾക്കു ആക്കം കൂട്ടി.
എൻറെ അഭിപ്രായത്തിൽ ഒരു നെഗറ്റീവ് പോലും പറയാൻ കഴിയാത്ത മികച്ച ട്വിസ്റ്റുകളും കഥാസന്ദർഭവും അഭിനയപ്രാധാന്യവും വികാരങ്ങളുടെ വേലിയേറ്റവുമുള്ള ഒരു സമ്പൂർണ ചിത്രം.
ഞാൻ കൊടുക്കുന്ന മാർക്ക് 10 ഓൺ 10.
No comments:
Post a Comment