Cover Page

Cover Page

Tuesday, November 8, 2016

203. Pulimurugan (2016)

പുലിമുരുഗൻ (2016)

Language : Malayalam
Genre : Action | Drama | Thriller
Director : Vaishakh
IMDB : 8.3

Pulimurugan Theatrical Trailer


കേട്ടറിവിനേക്കാൾ വലുതാണ് മുരുഗൻ എന്ന സത്യം. സിനിമ ഇവിടെ ഗൾഫിൽ റിലീസ് ആകുന്നതിനു മുൻപ് താറടിക്കുന്ന റിവ്യൂ മുതൽ പുകഴ്ത്തി ഉള്ള റിവ്യൂ കണ്ടിട്ടുണ്ട്. അത് കൊണ്ട് കേട്ടറിഞ്ഞ (ഭൂരിഭാഗവും നെഗറ്റീവ് റിവ്യൂ) അഭിപ്രായങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ചിത്രം കാണാൻ ഇന്നലെ തീയറ്ററിൽ കയറിയത്. ഞാൻ താമസിക്കുന്നതിന് എതിർവശത്തായാണ് ഡീർഫീൽഡ്സ് മാൾ, അവിടെയും സിനി റോയൽ മൾട്ടിപ്ലെക്സിൽ ആണ് ഞാൻ സിനിമ കാണുന്നത്. ഒരു സാധാരണ സിറ്റിയിൽ നിന്നും വിട്ടു മാറി അറബികൾ കൂടുതൽ അധിവസിക്കുന്ന എന്റെ സ്ഥലത്തു ഒരു മലയാളം ചിത്രത്തിന് 60-70% ആളുകൾ (അതിൽ അറബികളും തമിഴന്മാരും ഉണ്ട്) നിറഞ്ഞിരിക്കുന്നത് കണ്ടു എനിക്ക് ശരിക്കും അത്ഭുതമായാണ് തോന്നിയത്. ഇതേ തീയറ്ററിൽ കലി എന്ന ചിത്രം കാണുമ്പോൾ വെറും അഞ്ചു പേർ മാത്രമാണുണ്ടായത്.

ചെറുപ്പ കാലത്തു സംഭവിച്ച ദുരന്തം മൂലം നരഭോജികളായ പുലികളോട് ഒരു പ്രത്യേക വൈരം  ആണ് മുരുഗൻ വെച്ച് പുലർത്തുന്നത്. പുലിയൂർ എന്ന ഗ്രാമത്തിനെ പലപ്പോഴായി മുരുഗൻ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയിട്ടുമുണ്ട്. ഒരു തികഞ്ഞ യോദ്ധാവായ പുലിമുരുകന് കാടെല്ലാം ഒരു പാഠപുസ്തകം പോലെ കാണാപാഠമാണ്. തന്റെ അനുജന് പറ്റുന്ന ഒരു അത്യാഹിതവും അതിൻമൂലം ഉണ്ടാകുന്ന അനന്തരഫലം കാരണം പ്രതികാരത്തിനു മുരുകൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥ.

പുലിമുരുഗൻ എന്ന സിനിമ മോഹൻലാൽ എന്ന നടന്റെ മാസ് പരിവേഷം പരിപൂർണമായി ഉപയോഗിച്ച സിനിമയാണ് പുലിമുരുഗൻ. മോഹൻലാൽ നിറഞ്ഞാടി എന്ന് പറയാം. അദ്ദേഹം ഈ പ്രായത്തിലും തന്റെ കഥാപാത്രത്തിനോട് കാണിക്കുന്ന അഭിനിവേശവും ആത്മാർത്ഥതയും ഒക്കെ ഇന്നത്തെ യുവജനങ്ങൾ കണ്ടു പേടിക്കേണ്ട ഒന്ന് തന്നെയാണ്. ആക്ഷൻ ഒക്കെ നല്ല വൃത്തിയായി തന്നെ ചെയ്തു. ആ മെയ്വഴക്കം പ്രശംസനീയം തന്നെയാണ്. (ചില ആക്ഷൻ സീനുകളിൽ ഡ്യൂപ് ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല). ചില ആക്ഷൻ സീനുകളിൽ എനിക്ക് വന്ന രോമാഞ്ചം..അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.. മൊത്തത്തിൽ ഒരു മോഹൻലാൽ ഷോ തന്നെയായിരുന്നു പുലിമുരുഗൻ.
ഡി ഫോർ ഡാൻസ് ഫെയിം അജാസ് ചെയ്ത മുരുകന്റെ ചെറുപ്പ കാലം ഒരു മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. അജാസ് തൻറെ കഥാപാത്രം നല്ല മികവോടെ തന്നെ അവതരിപ്പിച്ചു.

ലാൽ, ബലരാമൻ എന്ന അമ്മാവൻ കഥാപാത്രത്തിൽ ശരിക്കും നിറഞ്ഞാടി. നല്ല രസമുണ്ടായിരുന്നു അദ്ദേഹത്തിൻറെ റോൾ. കോമഡിയും നല്ല രീതിയിൽ കൈകാര്യം ചെയ്തു.ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു റോളിൽ ഒന്നാണ് ലാൽ ചെയ്ത ബലരാമൻ. ബലരാമന്റെ ചെറുപ്പ കാലം ചെയ്ത ആ യുവാവ്.. പേരറിയില്ല. അദ്ദേഹവും കുഴപ്പമില്ലാതെ തന്നെ കൈകാര്യം ചെയ്തു.

എറ്റവും വലിയ കാസ്റ്റിംഗ് അബദ്ധം ആയിരുന്നു ഈ സിനിമയിലെ മൈന എന്ന കഥാപാത്രം. വേട്ടൈയാട് വിളൈയാട് എന്ന ചിത്രത്തിൽ അഭിനയിച്ച കമാലിനി മുഖർജിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ പുലിമുരുകനിലെ അവരുടെ പ്രകടനം കണ്ടു ശരിക്കും മനം മടുത്തു പോയി. ഭയങ്കര ബോർ തന്നെയായിരുന്നു. ഭാവപ്രകടനങ്ങൾ നടത്തുന്നതിലൊക്കെ വലിയ പരാജയവുമായിരുന്നു.

നമിതയുടെ റോൾ അനാവശ്യമായിരുന്നു. അവർക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വേഷവിധാനവും അല്പം പോരായിരുന്നു. കാടിനോടടുത്തു കിടക്കുന്ന ഒരു ഗ്രാമത്തിൽ ഇങ്ങനെയൊക്കെ വേഷം ചെയ്തു നടക്കുമോ എന്ന സംശയം ബാക്കി കിടക്കുന്നു.

സുരാജ് വെഞ്ഞാറമ്മൂടും നോബിയും കോമഡി കൈകാര്യം ചെയ്തുവെങ്കിലും, ചിരി വരുത്താൻ പാകത്തിനുള്ള മരുന്ന് രണ്ടു പേരുടെയും ഇടയിൽ അന്യം നിന്നിരുന്നു. അതിലും കൂടുതൽ കോമഡി ലാലിന്റെ കഥാപാത്രത്തിൽ നിന്നും ഉണ്ടായിരുന്നു.

ജഗപതി ബാബു, കിഷോർ, സുധീർ കരമന, വിനു മോഹൻ, അഞ്ജലി അനീഷ്, എംഎസ് ഗോപകുമാർ, ബാല, തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ ഉണ്ട്. ഇവരിലൊക്കെ അല്പമെങ്കിലും മനസ്സിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ നന്ദു അവതരിപ്പിച്ച റേഞ്ചർ ദിവാകരനും, ബാല അവതരിപ്പിച്ച ശിവ എന്ന കഥാപാത്രവുമാണ്. വിനു മോഹൻ തന്റെ നിഷ്കളങ്ക റോൾ ചെയ്തു എന്ന് പറഞ്ഞാലും അല്പം ഓവർ ആയി പോയി.

അന്യഭാഷയിൽ നിന്നും നിരവധി പേര് ഈ ചിത്രത്തിൽ അഭിനയിച്ചത് ചിലപ്പോൾ പുലിമുരുകന്റെ ഡബ്ബിങ് വേര്ഷന് മൈലേജ് കൂട്ടാനാണെന്നുറപ്പ്.

മോഹൻലാൽ എന്ന നടനൊപ്പം എന്ന പോലെ അല്ലെങ്കിൽ ഈ സിനിമയ്ക്ക് മറ്റൊരു മുതൽക്കൂട്ടാകുന്നതു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. വളരെയധികം യോജിച്ചു നിൽക്കുന്നുണ്ടായിരുന്നു. തുടക്കം മുതൽ ഒരു മാസ് സിനിമയുടെ ഓളം നിലനിർത്താൻ അദ്ദേഹത്തിൻറെ സംഗീതത്തിന് കഴിഞ്ഞു. എന്നാൽ ഇടയിൽ അദ്ദേഹത്തിൻറെ തന്നെ സംഗീതത്തിന്റെ പിന്തുടർച്ച കേൾക്കാൻ കഴിഞ്ഞത് അല്പം അലോസരം ആയി.

പീറ്റർ ഹെയിൻറെ ആക്ഷൻ മികച്ചു നിന്നു. പുതുമയുള്ള കൊറിയോഗ്രാഫി ഒന്നുമല്ലെങ്കിലും മോഹൻലാൽ എന്ന നടൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പുതുമ തോന്നിപ്പിച്ചു. കുറച്ചൊക്കെ അവിശ്വസനീയം ആയ ഫൈറ്റ് ഉണ്ടായിരുന്നെങ്കിലും ഫിനാലെ ആക്ഷനും കിഷോറുമായുള്ള ആക്ഷനും മികച്ചു നിന്നു.

ഗ്രാഫിക്സ് എല്ലാം മികച്ചു നിന്നു. ഇത്രയും ചെറിയ ബജറ്റിൽ ഇത്രയധികം പെർഫെക്ഷനോട് പുലിയെയും മറ്റും അവതരിപ്പിക്കാൻ കഴിഞ്ഞത്, ടെക്നിക്കൽ ക്രൂവിന്റെ മിടുക്കു തന്നെയാണ്. (ബ്രഹ്മാണ്ഡ പടമായ ബാഹുബലിയിലെ കാള എന്ത് പോരായിരുന്നു എന്ന് കണ്ടവർക്കെല്ലാം അറിയാമല്ലോ).

ക്യാമറവർക് വളരെയധികം മികച്ചു നിന്നു. കാടിന്റെയും ഗ്രാമത്തിന്റെയും മനോഹാരിത മികച്ച രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ഒരു നിമിഷം മുരുഗൻ താമസിക്കുന്ന വീട്ടിൽ താമസിച്ചാൽ കൊള്ളാമെന്നൊരു ആശയുണ്ടായി എന്റെ മനസ്സിൽ.. ഷാജി കുമാർ ആയിരുന്നു ക്യാമറാമാൻ.

ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ എന്ന് പറഞ്ഞാൽ പൊള്ളയായ, കണ്ടു മടുത്ത കഥയാണ്. പിന്നെ ഒരു മാസ് ചിത്രത്തിന് വലിയ കഥ ഒന്നും ആവശ്യപ്പെടുന്നില്ലല്ലോ എന്ന ഒരു ആശ്വാസം ഉണ്ട്.
സ്ഥിരം പാറ്റേണിലുള്ള കഥ ഉദയകൃഷ്ണയുടേതാണ്. ഉദയകൃഷ്ണയ്ക്കു ഒരു കണക്കിന് പറഞ്ഞാൽ അഭിമാനിക്കാം, തന്റെ കഥ വെച്ച് മലയാളത്തിലെ സർവകാല റെക്കോർഡും ഈ ചിത്രം ഭേദിച്ചു എന്നതിൽ.
എഡിറ്റിങ് വളരെ മോശം ആയിരുന്നു പുലിമുരുഗന്റെതു. ജോൺകുട്ടിയുടെ എഡിറ്റിങ് പരിതാപകരമായിരുന്നു. നിരവധി സീനുകൾ ഒഴിവാക്കി ഒരു 25 മിനുട്ട് കുറച്ചിരുന്നുവെങ്കിൽ ചിത്രം ഇതിലും ആസ്വാദ്യകരമായേനെ. വിവേക് ഹർഷൻ, ശ്രീകാർപ്രസാദ് എന്നിവരെ ഈ അവസരത്തിൽ ഓർത്ത് പോകുന്നു. വളരെ അധികം നീല കൂടുതലും നല്ല ലാഗും തോന്നി ചിത്രത്തിന്.

ഒരു സാധാരണ സ്ക്രിപ്റ്റും കൊണ്ടാണ് ഇത്രയും വലിയ ബജറ്റിൽ സിനിമ സംവിധാനം ചെയ്യാനിറങ്ങിയ വൈശാഖിനെ ഞാൻ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. സ്ക്രിപ്റ്റിലെ പോരായ്മ, മോഹൻലാൽ എന്ന നായകനിൽ ഉള്ള വിശ്വാസം ആകാം ഇതിനു ചിലപ്പോൾ കാരണം. എന്നിരുന്നാലും വൈശാഖ് തന്നിൽ നിർമ്മാതാവ് ഏൽപ്പിച്ച ജോലി വളരെ ഭംഗിയായി ചെയ്തു എന്ന് പറയാൻ കഴിയും. സ്ക്രിപ്റ്റിലെ ന്യൂനതയും ചില ഭാഗങ്ങളിൽ നൽകുന്ന വിരസതയും ഒഴിച്ച് നിർത്തിയാൽ നല്ല ഒരു മാസ് ചിത്രം തന്നെ സൃഷ്ടിച്ചു വൈശാഖ്. ഒരു സംവിധായകൻ എന്ന നിലയ്ക്ക് വെറും ചില്ലറകാര്യവുമല്ല അത്.

സത്യം പറഞ്ഞാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ നൂറു കോടി ഒക്കെ ഈ പടത്തിനു അർഹമാണോ എന്ന ഒരു ചോദ്യം മനസിലുയർന്നു. പിന്നെ, ഇതിലും വളരെ മോശമായ പടങ്ങൾ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ 100 കോടിയുടെ മേൽ കിട്ടുന്നില്ലേ. അങ്ങിനെ വെച്ച് നോക്കിയാൽ അമ്മാതിരി പടങ്ങളിലും മേലെ നിൽക്കുന്നുണ്ട് നമ്മുടെ മലയാള സിനിമയുടെ പരിമിതിയിൽ നിന്നും പുറത്തു വന്ന പുലിമുരുഗൻ എന്ന ചിത്രം.

മലയാളത്തിന് അഭിമാനിക്കാം, നമ്മുടെ സിനിമാ വ്യവസായത്തിൽ നിന്നും ഒരു സിനിമ നൂറു കോടി ക്ലബ്ബിൽ കയറി എന്നത്.
ന്യൂനതകളും കുറവുകളും നിരവധി ഉണ്ടെങ്കിലും ഒരു തവണ അൽപസ്വല്പം വിരസത ഇടയ്ക്കു കയറി വരുമെങ്കിലും ആസ്വദിച്ചു കാണുവാൻ കഴിയുന്ന ഒരുത്സവകാല മാസ് ചിത്രം തന്നെയാണ് പുലിമുരുഗൻ. ഇത് ചിലപ്പോൾ ചെറിയ സ്‌ക്രീനിൽ കാണുമ്പോൾ ഒരിക്കലും ആ ഫീൽ തരികയുമില്ല...

എന്റെ റേറ്റിങ് 07.1 ഓൺ 10

ഇനിയും നല്ല ചിത്രങ്ങൾ വരട്ടെ, കാശ് മുടക്കി കാണുന്ന പ്രേക്ഷകനെ ആഹ്ലാദിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നല്ല കാമ്പുള്ള ചിത്രങ്ങൾ. ചിത്രങ്ങൾ നിർമ്മിച്ചാൽ മാത്രം പോരാ, അത് കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാലേ വിജയവും നേടാൻ കഴിയൂ. ഒരു സാധാരണ  കഥയുള്ള ചിത്രമായ പുലിമുരുകന് ബോക്സോഫീസ് കാൽക്കീഴിലാക്കാൻ കഴിയുമെങ്കിലും, നല്ല മാർക്കറ്റിങ് ഉണ്ടെങ്കിൽ, നല്ല ചിത്രങ്ങൾ വിജയം കൊയ്യാൻ കഴിയും.

No comments:

Post a Comment