Cover Page

Cover Page

Wednesday, November 16, 2016

206. Hacksaw Ridge (2016)

ഹാക്ക്സോ റിഡ്‌ജ് (2016)



Language : English
Genre : Action | Biography | Drama | History | War
Director : Mel Gibson
IMDB : 8.7

Hacksaw Bridge Theatrical Trailer


 
ഡെസ്മണ്ട് ഡോസ് - ഈ പേര് ഈ ചിത്രം ഇറങ്ങുന്നത് വരെയും അന്യം നിന്ന ഒന്നായിരുന്നു. ഇദ്ദേഹം ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. മേൽ ഗിബ്‌സൺ എന്ന സംവിധായകനിൽ അർപ്പിച്ച പ്രതീക്ഷ എന്നെ ഡെസ്മണ്ട് ഡോസ് എന്ന ധീരനായ ഒരു പട്ടാളക്കാരനെ പരിചയപ്പെടുത്തി.ഒരു തോക്കു പോലും  ഏന്താതെ അമേരിക്കയ്ക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തു 75 മുറിവേറ്റ പട്ടാളക്കാരെ രക്ഷപെടുത്തി ധീരനായ പോരാളി.

ഒരു സുപ്രധാന നിമിഷത്തെ അബദ്ധം മൂലം, താനിനി തോക്കു കൈ കൊണ്ട് തൊടില്ലയെന്നും അത് മൂലം ഒരാളുടെ ജീവൻ അപഹരിക്കില്ല എന്നും പ്രതിജ്ഞയെടുത്ത ഡെസ്മണ്ട് ഡോസ് രണ്ടാം ലോക മഹായുദ്ധ സമയത്തു എങ്ങിനെയും രാജ്യത്തെ സേവിക്കണം എന്ന ലക്ഷ്യത്തോടെ പട്ടാളത്തിൽ ചേരുന്നു. അവിടെ പല യാതനകൾ അനുഭവിക്കേണ്ടി വന്നെങ്കിലും തന്റെ ദൃഢനിശ്ചയത്തിൽ അദ്ദേഹം ഉറച്ചു നിന്നു. ജപ്പാനിലെ യോകിനാവായിൽ Maeda Escarpment (ഹാക്ക്സൊ റിഡ്ജ് എന്നു അമേരിക്കൻ പടയാളികൾ വിളിക്കുന്ന ഒരു പർവത ശ്രിംഖല) എന്ന സ്ഥലത്തു നടക്കുന്ന യുദ്ധത്തിലേക്ക് ഡോസിനെ ഒരു മെഡിക്ക് ആയി അയക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം ഒരു കോരിത്തരിപ്പോടു കൂടി മാത്രമേ നമുക്ക് കണ്ടിരിക്കാനാകൂ..

എന്ത് പറയാൻ ആണ് ഈ ചിത്രത്തെ പറ്റി. ഒറ്റ വാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ. ആദ്യ പകുതിയിൽ ഒരു കുടുംബചിത്രം മാതിരി ഡോസിന്റെ വളർന്ന കാലഘട്ടവും പ്രണയവും കുടുംബവും പട്ടാളത്തിലുള്ള ട്രെയിനിങ്ങുമാണ് എങ്കിൽ രണ്ടാം പകുതി അത്യധികം ആവേശഭരിതമായതും അതിഘോരവുമായ യുദ്ധത്തിലുള്ള ഡോസിന്റെ ജീവിതവുമാണ് കാട്ടുന്നത്. യുദ്ധം കൊണ്ട് മനുഷ്യർക്കുണ്ടാകുന്ന പ്രത്യേകിച്ചു പ്റട്ടാളക്കാർക്കുണ്ടാകുന്ന കഷ്ടപ്പാടുകളും മറ്റുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. രണ്ടു പകുതികളും നമുക്ക് വളരെയധികം ഇഷ്ടപ്പെടും. ആദ്യ പകുതി മധുരമേറിയതും രണ്ടാം പകുതി വളരെ ഘോര വയലൻസും നിറഞ്ഞ ഒരു സമ്പൂർണ ചിത്രം എന്നും വിശേഷിപ്പിക്കാം.

ആൻഡ്രൂ നൈറ്റും റോബർട്ട് ഷെങ്കനും എഴുതിയ കഥ മെൽ ഗിബ്‌സൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ സംവിധാന മികവ് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിൻറെ സംവിധാന മികവ് അറിയണമെങ്കിൽ ബ്രേവ്ഹാർട്ട്, അപോകലിപ്റ്റോ, പാഷൻ ഓഫ് ദി ക്രൈസ്ട് എന്നീ വിഖ്യാത ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയാവും. മികവുറ്റ സംവിധാനം ആണ് ചിത്രത്തിൻറെ മുതൽകൂട്ട്. ഒരു നിമിഷം പോലും നമ്മെ വേറെ ഒരു കാര്യവും ചിന്തിക്കാൻ വിടാത്ത രീതിയിലുള്ള ആഖ്യാനവും തിരക്കഥയും. ഈ രണ്ടു വിഭാഗങ്ങളിലുപരി ചിത്രത്തിൻറെ കാസ്റ്റിംഗ് പെർഫെക്ട് എന്നു വിശേഷിപ്പിക്കാം. ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ പതിയുന്ന ഒന്നായി മാറ്റാൻ കാസ്റ്റിംഗ് ഡയറക്ടറിന് കഴിഞ്ഞു. അവരെ തിരഞ്ഞെടുത്തത് കൊണ്ടാണല്ലോ, ആ കഥാപാത്രങ്ങൾക്ക് നമ്മുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്.

അതിഘോര വയലൻസ് ആണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുന്നത്. ശക്തിയില്ലാത്ത മനസുമായി കണ്ടാൽ ചിലപ്പോൾ.. ദഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. മേൽ ഗിബ്സന്റെ മുൻപുള്ള ചിത്രങ്ങൾ ഇഷ്ടപ്പെട്ടിട്ടുള്ളവർക്കു ധൈര്യമായി മുഴുവനും കാണാൻ സാധിക്കും.

സംഗീതവും വളരെ മികച്ചതായിരുന്നു, ഒരു യുദ്ധ ചിത്രത്തിന് വേണ്ട രീതിയിൽ തന്നെ സംഗീതം തയാറാക്കിയിട്ടുണ്ട്. പുതുമ ഉള്ള സംഗീതം അല്ലായെങ്കിലും തന്നെ ഏല്പിച്ച ചുമതല റുപേർട് ഗ്രെഗ്‌സൺ വില്യംസ് വൃത്തിയായി നിർവഹിച്ചിട്ടുണ്ട്.

ക്യാമറാമാനായ സൈമൺ ദുഗ്ഗന്റെ നാലാമത്തെ ചിത്രമാണിത്. മുൻപ് വാർക്റാഫ്റ്റ്‌, ദി ഗ്രേറ്റ് ഗാറ്സ്ബി, 300 ഭാഗം 2  എന്നീ ചിത്രങ്ങൾക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. അദ്ദേഹത്തിൻറെ ക്യാമറവർക്കും മോശം പറയേണ്ട ഒന്നായി തോന്നിയില്ല.

പോരായ്മ തോന്നിയ ഒരു കാര്യം പറയുക ആണെങ്കിൽ ചിത്രത്തിൻറെ ഗ്രാഫിക്‌സും ഒക്കെ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു മികച്ച ചിത്രമായി വിശേഷിപ്പിക്കാൻ കഴിയുമായിരുന്നു. വിഎഫ്എക്‌സിൽ ചെറിയ തോതിൽ ഒരു പാളിച്ച ഉണ്ടായി. പക്ഷെ ചിത്രത്തിൻറെ പൂർണതയും ഉദ്ദേശിച്ച കാര്യം നടത്തിയതും ബജറ്റും വെച്ച് നോക്കുക ആണെങ്കിൽ നമുക്കതു ക്ഷമിക്കാവുന്ന കാര്യം മാത്രമാകുന്നു.

മുൻ സ്പൈഡർമാനെ അവതരിപ്പിച്ച ആൻഡ്രൂ ഗാർഫീൽഡ് ആണ് ചിത്രത്തിൽ ഡെസ്മണ്ട് ഡോസിനെ അവതരിപ്പിച്ചത്. ഒരു ചെറിയ പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും, ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഒന്നെഴുന്നേറ്റു നിന്നു കൈയ്യടിക്കണം എന്നു തോന്നിപ്പോയി. എന്ത് ഭംഗിയായി ആണ് അദ്ദേഹം ഡോസിനെ തിരശീലയിൽ ആടിത്തകർത്തത്. ഒരിക്കൽ പോലും ഇത് സ്‌പൈഡർമാൻ ആണ് എന്ന തോന്നൽ മനസ്സിൽ ഉണ്ടായില്ല. അമ്മാതിരി സ്‌ക്രീൻ പ്രസൻസ് ആയിരുന്നു. വളരെ മികച്ച ഒരു റോൾ തന്നെയാണ്. ഒരു അവാർഡിനുള്ള നോമിനേഷനും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

സാം വർത്തിങ്ങ്ടൻ, അവതാറിന്‌ ശേഷം മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു വേഷം ചെയ്തു. ക്യാപ്റ്റൻ ഗ്ലോവർ ആയി മികച്ച പ്രകടനം കാഴ്ച വെച്ചു. കൊമേഡിയൻ ആയ വിൻസ് വോൻ സെർജെന്റ് ഹോവാൾ ആയി നല്ല അഭിനയം ആണ് നടത്തിയത്. ലുക്ക് ബ്രെസി സ്‌മിറ്റി റൈക്കാർ എന്ന പട്ടാളക്കാരന്റെ റോൾ തന്മയത്വത്തോടെ ചെയ്തു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തിലൊന്നുമായി മാറി. മാട്രിക്സ് വില്ലൻ എന്നു പറഞ്ഞാൽ എല്ലാവർക്കുമറിയുന്ന ഹ്യൂഗോ വീവിങ് മദ്യപനായ ഡോസിന്റെ അച്ഛനായി അസാധാരണ പ്രകടനം കാഴ്ച വെച്ചു. വളരെ മികച്ച റോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. സ്‌ക്രീൻ സ്‌പേസ് കുറവായിരുന്നുവെങ്കിലും തെരേസ പാമർ വളരെ മികച്ചതാക്കി. ഒരു ഗ്രാമീണ സുന്ദരിയായി തോന്നി. നിരവധി പേർ ഉൾപ്പെട്ട ചിത്രത്തിൽ ഓരോ കലാകാരന്മാരും അവരവരുടെ റോൾ മികച്ചതാക്കി. മേൽ ഗിബ്‌സൺ എന്ന സംവിധായകന്റെ മിടുക്കും ഇവിടെ പരാമർശിച്ചേ മതിയാകൂ..

ഡിവിഡി/ബ്ലൂറേ ഒക്കെ ഇറങ്ങുന്നത് വരെ കാത്തു നിൽക്കാതെ തീയറ്ററിൽ കാണണേണ്ട ഒരു ചിത്രമാണ് ഹാക്ക്സോ റിഡ്ജ്.. യുദ്ധ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ചിത്രം.

എന്റെ റേറ്റിംഗ് 9.4  ഓൺ 10

ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആകുമോ എന്നു സംശയമുണ്ട്, എന്നിരുന്നാലും word of mouthലൂടെ കളക്ഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. വിജയം സുനിശ്ചിതം. ഈ വർഷത്തെ ഓസ്കാറിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ സാധ്യത ഉള്ള ചിത്രം എന്നാണെന്റെ മുൻവിധി.

No comments:

Post a Comment