Cover Page

Cover Page

Monday, November 28, 2016

209. Allied (2016)

അലൈഡ് (2016)


Language : English
Genre : Action | Drama | Romance | War
Director : Robert Zemeckis
IMDB : 7.2

Allied Theatrical Trailer



ഹോട്ടലാണെന്നു കയറി ബാർബർഷോപ്പിൽ കയറിയ അവസ്ഥ ആയിരുന്നു എന്റേത് ബ്രാഡ് പിറ്റും മരിയോൻ കൊട്ടിലാർഡും ചേർന്നഭിനയിച്ച അലൈഡ് എന്ന ചിത്രത്തിന് കയറുമ്പോൾ. കാരണം മറ്റൊന്നുമല്ല നല്ല കിടിലൻ ട്രെയിലറും അതിനൊത്ത പശ്ചാത്തല സംഗീതവും പിന്നെ സിനിമാ സംവിധാന രംഗത്തെ അതികായരിൽ ഒരാളായ റോബർട്ട് സെമെക്കിസ് എന്ന സംവിധായകനും എന്നിൽ ഒരു ആക്ഷൻ ചിത്രം ആണെന്നുള്ള പ്രതീതി ഉണർത്തി. അങ്ങിനെ റിലീസിന്റെ രണ്ടാം ദിവസം ആക്ഷൻ ത്രില്ലർ ആണെന്ന് വിചാരിച്ചു തീയറ്ററിനുള്ളിൽ കയറിയ എനിക്ക് ലഭിച്ചത് ഒരു ശരാശരിക്കു തൊട്ടു മുകളിൽ നിൽക്കുന്ന പ്രണയകഥയും.

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ജർമ്മൻ അംബാസഡറെ മൊറോക്കോയിൽ വെച്ച് വധിക്കുക എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ വേണ്ടി കനേഡിയൻ ആയ മാക്‌സും ഫ്രഞ്ച് ആയ മരിയോനും ഒന്നിക്കുന്നു. അവിടെ വെച്ച് രണ്ടു പേരും പ്രണയത്തിലാകുന്നു. പിന്നീട് വിവാഹം കഴിച്ചു അന്ന എന്ന പെൺകുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നു. പക്ഷെ അവരുടെ സന്തോഷം അധിക കാലം നീണ്ടു നിൽക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ മാക്സ് അറിയുന്നത് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഭാര്യ ഒരു ജർമ്മൻ രഹസ്യ ദൂത ആണെന്ന്. കറയറ്റ രാജ്യസ്നേഹവും ഭാര്യയോടുള്ള സ്നേഹവും തുലാസിലാടുന്നതാണ് പ്രമേയം. ആരെ തിരഞ്ഞെടുക്കും എന്ന ചിന്ത നായകനെ പോലെ തന്നെ പ്രേക്ഷകന്റെ മനസിലും തിര തല്ലുന്നു. 

ഈസ്റ്റേൺ പ്രോമിസസ്, ലോക്കെ തൂങ്ങിയ ചിത്രങ്ങൾ എഴുതിയ തിരക്കഥാകൃത്ത് സ്റ്റീവൻ നൈറ്റ് ആണ് ഈ ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത കഥയാണെങ്കിലും, തിരക്കഥയ്ക്ക് ഒരു ഒഴുക്ക് ലഭിച്ചില്ല എന്നതാണ് ഒരു പ്രശ്നം. അത് നമുക്ക് പെട്ടെന്ന് തന്നെ മനസിലാക്കുകയും ചെയ്യും. സംവിധാനം മികവുറ്റതാണെന്നും പറയാൻ കഴിയില്ല. തുടക്കത്തിൽ ഒരു ഉടനീള ആക്ഷൻ ഡ്രാമ ചിത്രമെന്ന് തോന്നിപ്പിച്ചെങ്കിലും പക്ഷെ പതിയെ അതൊരു പ്രണയ ചിത്രമായി മാറും. വളരെ മികച്ച സീനുകൾ അണിനിരത്തിയിട്ടുണ്ട് സെമെക്കിസിലെ ടെക്‌നീഷ്യൻ. ഒരു സീൻ, എടുത്തു പറയുകയാണെങ്കിൽ യുദ്ധഭൂമിക്കു നടുവിൽ ഗർഭിണിയായ മരിയൻ അന്ന എന്ന പെൺകുഞ്ഞിനെ പ്രസവിക്കതു. വളരെയധികം വിശ്വാസയോഗ്യമായ ഒരു സീൻ ആയിരുന്നു. ചില ഘട്ടത്തിൽ ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സിൽ അൽപം ജിജ്ഞാസ ജനിപ്പിക്കാനുമായി.

അലൻ സിൽവസ്ട്രി ആയിരുന്നു സംഗീതം. വളരെ മികച്ച രീതിയിൽ തന്നെ പശ്ചാത്തല സംഗീതം നൽകി. സൗണ്ട് ഡിസൈനും നന്നായിരുന്നു. ഗ്രാഫിക്സ്, ലോക്കെഷൻ, കാലഘട്ടത്തിനു സമാനമായ അന്തരീക്ഷം എല്ലാം മികച്ചു നിന്നു.

ബ്രാഡ് പിറ്റ്, തന്റെ റോൾ മികച്ചതാക്കി. വൈകാരിക സീനുകളിൽ അദ്ദേഹത്തിൻറെ കഴിവിന്റെ പരമാവധി ചൂഷണം വിജയം കൈവരിക്കാൻ കഴിഞ്ഞു സംവിധായകന്. മാറിയാണ് കൊട്ടിലാർഡ് മോഷമൊന്നുമല്ലായിരുന്നു. ബ്രാഡിന്റെ അതേ അളവിൽ തന്നെ പ്രകടനം നടത്തി. കാണാനും സുന്ദരിയായിരുന്നു. അവരുടെ കഥാപാത്രത്തിന്റെ ആഴം അറിഞ്ഞു തന്നെ അത് തിരശീലയിൽ കൊണ്ട് വന്നു. കണ്ടിരിക്കുന്ന പ്രേക്ഷകന് പലപ്പോഴും മരിയൻ എന്ന സ്ത്രീയെ മനസിലാക്കാൻ പ്രയാസപ്പെടേണ്ടി തന്നെ വരും.

മൊത്തത്തിൽ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ഒന്നും ഇടം പിടിക്കില്ലായെങ്കിലും, ഒരു ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു പ്രണയകഥ.

എന്റെ ആസ്വാദനനിലവാരം പരിഗണിച്ചു ഞാൻ കൊടുക്കുന്നത് 6.9 ഓൺ 10

No comments:

Post a Comment