എസ്രാ (2017)
Language : Malayalam
Genre : Drama | Horror | Mystery
Director : Jay K
IMDB : 8.3
ഞാൻ ഒരു കഥ പറയാം. പുതുതായി കല്യാണം കഴിഞ്ഞ വധൂവരന്മാർ നഗരത്തിൽ നിന്നും അല്പം മാറി ഒരു ഒഴിഞ്ഞ ബംഗ്ളാവിൽ താമസം ആരംഭിക്കുന്നു. നായകൻ പകൽ സമയത്തു ജോലിക്കു പോകുകയും, വൈകുന്നേരം വീട്ടിൽ തിരിച്ചു വരികയും ആണ് പതിവ്. ഭാര്യ, വീടിൻറെ പരിസരത്തു കൂടി നടന്നു പോകുമ്പോഴാണ് ഒരു പാലമരം ശ്രദ്ധയിൽ പെടുന്നത്. അതിൽ ഒരു ആനി നിൽക്കുന്നത് കണ്ടു, ഊരിയെടുക്കാൻ ശ്രമിക്കുന്നു. ആ ശ്രമത്തിൽ അവർ വിജയം കണ്ടെത്തുകയും ചെയ്യുന്നു. പക്ഷെ അവർ ഊരിയെടുക്കുന്ന ആണി മൂലം ഒരു പ്രേതത്തെ ആണ് തുറന്നു വിടുന്നതെന്നവർ അറിയുന്നില്ല. പിന്നീട് ബംഗ്ളാവിൽ അനിഷ്ട സംഭവങ്ങൾ ഒരു ഘോഷയാത്ര തന്നെ അരങ്ങേറുന്നു. പ്രേതബാധ ബാധിച്ച നായകനെ ഒഴിപ്പിക്കാൻ ഒരു മന്ത്രവാദി വരുന്നു. തനിയെ ചലിക്കുന്ന ഫാൻ, ആടുന്ന കസേര, മുറികളിൽ എല്ലാം ഇരുട്ട്, കറണ്ടുണ്ടെങ്കിലും ലൈറ്റ് ഇടാതെ ടോർച്ച് മാത്രം ഉപയോഗിച്ച് രഹസ്യങ്ങൾ തിരയുന്ന നായകൻ, ഇങ്ങനെ പല സംഭവങ്ങൾക്കുമൊടുവിൽ ഒരു മന്ത്രവാദി വരികയാണ് സൂർത്തുക്കളെ ഒരു മന്ത്രവാദി വരികയാണ്. അപ്പോഴാണ് ആ പ്രേതത്തിന്റെ പിന്നിൽ ഒരു ഫ്‌ളാഷ്ബാക്ക് കത്തി നിൽക്കുന്നു എന്ന്. സവർണ്ണനായ ഫ്‌ളാഷ്ബാക്കിലെ നായകൻ അവർണ്ണയായ പെൺകുട്ടിയെ സ്നേഹിക്കുന്നതും, സവർണ്ണകുടുംബം, ഇവിടെ വില്ലൻ അച്ഛൻ മൂലം അവർണ്ണ കുടുംബം ബുദ്ധിമുട്ടുകൾ അനുഭവിച്ചു അവസാനം നായികയെ പൈശാചികമായും മൃഗീയമായും കൊല്ലപ്പെടുന്നു. പ്രതികാരദാഹിയായ അവളുടെ ആത്മാവിനെയാണ് നമ്മുടെ നായിക അഴിച്ചു വിട്ടത്. ഇനി, വീണ്ടും തിരിച്ചു പ്രേതത്തെ തളക്കുന്ന സീനിലേക്ക് വരാം. മന്ത്രവാദി വരുന്നു, കർമ്മങ്ങൾ ചെയ്യുന്നു. പ്രേതത്തെ ആവാഹിക്കുന്നു. ഒഴിപ്പിക്കുന്നു. എല്ലാവരും സന്തോഷമായി പിരിയുന്നു. കാലാകാലങ്ങളായി റിലീസ് ചെയ്യപ്പെട്ട ഹൊറർ ചിത്രങ്ങളുടെ കഥാതന്തു ആണിത്. സിനിമ സരസമാക്കാൻ വേണ്ടി ഒരു കോമഡി ട്രാക്കും കൂടെ ഓടുന്നു.
ഇനി മേലെ പറഞ്ഞ പാലാ മരം ഒരു ഡ്യുബുക് ബോക്‌സായും, ആണി ഊരിയെടുക്കുന്നതു പാലയ്ക്കു പകരം പാവയും ആക്കാം. സവർണ്ണനു പകരം ജൂതനും അവർണനു പകരം നസ്രാണി പെണ്ണും ആകുന്നു. മന്ത്രവാദിക്കു പകരം ഒരു ജൂതപുരോഹിതനുമാകുന്നു. ഇത്രയും മാറ്റങ്ങൾ വരുമ്പോഴേക്കും പുതുമുഖ സംവിധായകൻ ജെയ് കെ സംവിധാനം ചെയ്ത എക്കാലത്തെയും മികച്ച ഹൊറർ മലയാള ചിത്രം എന്ന് കൊട്ടിഘോഷിച്ച എസ്രാ എന്ന ചിത്രമാകുന്നു. റിലീസിന് മുൻപ് സംവിധായകൻ ജെയ് കെ പറഞ്ഞിരുന്നു, ഇതൊരു സാധാരണ ഹൊറർ ചിത്രമല്ല, ഒരു ഹൊറർ-പ്രണയ ചിത്രമാണെന്ന്, ഈ ചിത്രത്തിന് ശക്തമായ ഒരു തിരക്കഥയുണ്ടെന്നും,ഹൊററിനും ത്രില്ലിനും ഒരു പോലെ പ്രാമുഖ്യമുള്ള സിനിമ ആണെന്നും .
ഇനി നമുക്ക് പ്രിത്വിരാജ് നായകനായി ജെ കെ എന്ന പുതുമുഖ സംവിധായകൻ സംവിധാനം ചെയ്ത എസ്രാ എന്ന ചിത്രത്തിലേക്ക് വരാം, ജയ് കെ മുഖാമുഖത്തിൽ പറഞ്ഞത് പോലെ ഒരു ശക്തമായ കഥയും തിരക്കഥയും ഇല്ല എന്നതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ. അടിത്തറയുണ്ടെങ്കിലല്ലേ ഒരു മനോഹരമായ സൗധം പണികഴിപ്പിക്കാൻ സാധിക്കുകയുള്ളൂ. പൂർണമായും ഹൊറർ എന്ന ജോൺറെയിൽ വരുന്ന എസ്രയിൽ പേടിപ്പിക്കാൻ അല്ലെങ്കിൽ പ്രേക്ഷകനെ (ഇവിടെ ഞാൻ) ഭീതിയുടെ മുൾമുനയിൽ നിർത്താൻ കഴിയുന്ന ഒന്നും തന്നെയില്ലായിരുന്നു.
സ്ഥിരം ഹൊറർ സിനിമകളിൽ കാണുന്ന എല്ലാ ക്ളീഷേ സാമാനങ്ങളും ഈ ചിത്രത്തിൽ കാണാൻ കഴിയും. രണ്ടു പേർക്ക് മാത്രം താമസിക്കാൻ വേണ്ടി ഒരു വലിയ ബംഗ്ളാവ്. അവിടെ ഉൾവശം മുഴുവൻ ഭീതി ജനിപ്പിക്കാൻ വേണ്ടിയുള്ള അലങ്കാരങ്ങൾ, ദുരൂഹത നിറഞ്ഞ നോട്ടവും സ്വഭാവവും നിറഞ്ഞ ഒരു വേലക്കാരി (എന്തിനോ വേണ്ടി തിളച്ച ഒരു സാമ്പാർ മാത്രമായിരുന്നു അവർ). കറണ്ടുണ്ടെങ്കിലും ടോർച് മാത്രം ഉപയോഗിക്കുന്ന നായകൻ, പൂർണ നിശബ്ദതയിൽ പെട്ടെന്നുണ്ടാവുന്ന സീൽക്കാരവും, ഞെട്ടിപ്പിക്കാൻ ശ്രമിക്കുന്ന ശബ്ദ കോലാഹലങ്ങളും, ശവമടക്കുന്ന സമയം മഴയും, സെമിത്തേരിയിൽ ചെല്ലുമ്പോൾ ഒരിക്കൽ പോലും അടിക്കാത്ത കാറ്റും, പ്രേതം വരുന്ന സമയം നിർത്തിയിരിക്കുന്ന ഫാനും, ലൈറ്റ് മിന്നുന്നതും അണയുന്നതും (എനിക്കു തോന്നിപ്പോയത് ആ പ്രേതം പ്രേതമാവുന്നതിനു മുൻപ് വല്ല ഇലക്ട്രിഷ്യനുമായിരുന്നു എന്നാണു) എല്ലാം ഈ ചിത്രത്തിലും കാണാൻ കഴിയും. ഇവിടെയൊന്നും ഞാൻ പുതുമ കണ്ടില്ല എന്നതാണ് സത്യം.
മേലെ പറഞ്ഞ കൂട്ടുകളും പിന്നെ ഡാർക് ഷെഡുമുണ്ടെന്നു കരുതി ഹൊറർ (ഇവിടെ ഭയം) ജനിപ്പിക്കാൻ കഴിയുമോ.. ഇടയ്ക്കിടക്ക് ജംപ് സ്കേറിനു സംവിധായകൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും യാതൊരു രീതിയിലും ഇമ്പാക്ട് സൃഷ്ടിക്കാൻ കഴിഞ്ഞില്ല എന്ന് പറയുന്നതാണ് സത്യം.
ലോജിക്കില്ലായ്മയുടെ ഒരു ഘോഷയാത്ര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തിൽ. കാര്യം, സൂപ്പർനാച്ചുറൽ ചിത്രമൊക്കെയാണ് എന്നാലും ഒരു ഹൊറർ ത്രില്ലർ സിനിമ ഒക്കെ പറയാൻ ശ്രമിക്കുമ്പോൾ അല്പം ലോജിക്കോക്കെ നോക്കി കണ്ടു ചെയ്യണ്ടേ എൻറെ ജയ് കെ. ഓപ്പണിങ് സീൻ മുതൽക്ക് തന്നെ ലോജിക്കില്ലായ്മയ്ക്ക് തിരി കൊളുത്തിയിട്ടുണ്ട് സംവിധായകൻ. ലോജിക്കുകളെ പാട്ടി വേറൊരു അവസരത്തിൽ പറയാം. ഇവിടെ, ഡ്യുബുക്ക് ബോക്സ് തൊടുന്ന സെബാട്ടി എന്ന കഥാപാത്രത്തെ അന്നേ രാത്രി തന്നെ വക വരുത്തുന്നുണ്ട് നമ്മുടെ പ്രേതം. ഒരു പ്രേതത്തെ അടക്കി വെച്ചിരിക്കുന്ന (ആവാഹിച്ചു) ആ പെട്ടിയിൽ (GHOST CURRENT STATUS : INACTIVE), എങ്ങിനെ പ്രേതത്തിനു ഒരാളെ വക വരുത്താൻ കഴിയും. പിന്നീട് സാമച്ചനും റാബിയനും ഇതേ കാര്യം പറയുന്നുമുണ്ട്. ആ പെട്ടി തുറന്നാൽ മാത്രമേ, പ്രേതം ആക്റ്റീവ് ആവുകയുള്ളൂ എന്നും. അതിനു ശേഷം അതെ പെട്ടി വീട്ടിൽ കൊണ്ട് വരുന്ന പ്രിയയെ, അത് തൊടുന്നത് മൂലമോ തുറക്കുന്നത് മൂലമോ പ്രേതം വക വരുത്താൻ ശ്രമിക്കുന്നില്ല. ഡ്യുബുക്ക്, കണ്ണാടി ഉള്ളിടത്ത് കൂടുതൽ ശക്തി പ്രാപിക്കുമെന്നു പറയുന്നു, അതിനാൽ പ്രിത്വിരാജ് വീട് മൊത്തം കണ്ണാടികളിൽ ചായം പൂശുകയും മറച്ചു വെയ്ക്കുകയും ചെയ്യുന്നു. കാറിൽ കണ്ണാടിയുണ്ട്, പോകുന്ന വഴിക്കു കണ്ണാടി ഉണ്ട്, ഇവിടെയൊന്നും പ്രേതം ഒന്നും ചെയ്യുന്നില്ല എന്നതാണ്. മറിച്ചു ശാന്തസ്വഭാവത്തിലുള്ള പ്രേതമാകുന്നു. അങ്ങിനെ നീണ്ടു നിവർന്നു കിടക്കുകയാണ്, അതിനെ പറ്റി പറയുകയാണെങ്കിൽ പേജുകൾ നിരവധി വേണ്ടി വരും. പലപ്പോഴും കല്ലുകടി ആകുന്നതും ഇതു കൊണ്ടൊക്കെ തന്നെയാണ്. എന്റെ ഒത്തിരിയൊത്തിരി ചോദ്യങ്ങൾക്കു ഉത്തരം കിട്ടാതെ അവസാനിക്കുകയാണ് ചിത്രം. അവസാനം വരുന്ന ട്വിസ്റ്റൊന്നും അത്ര കണ്ടു എഫക്ടീവ് ആയ മാതിരി എനിക്ക് തോന്നിയില്ല. അവിടെയും ലോജിക്കുകളുടെ പ്രശ്നം കയറി വരുന്നു.
സ്ഥിരം കണ്ട ഹൊറർ സിനിമകളുടെ ക്ളീഷേകൾ ഈ ചിത്രത്തിലും തുടർന്നു എന്ന് പറയുന്നതാണ് സത്യം. (ഹോളിവുഡുമായി താരതമ്യം ചെയ്യുകയാണെന്ന് പറയരുത്, 1408 എന്ന ചിത്രത്തിൽ ഒരു പ്രേതം പോലുമില്ലാതെ, തുടക്കം മുതൽ അവസാനം വരെയും ഒരു ഭയം നിലനിർത്തുന്നുണ്ട്. അവിടെയാണ് മേക്കിങ് എന്ന് പറയുന്നത്.. ഇന്ത്യൻ ഫിലിം ഹൊറർ ഹിസ്റ്ററിയിലെ ഒരു നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന മായയിൽ കൂടി ആ മേക്കിങ് ക്വളിറ്റി കാണാൻ കഴിയും)
സുജിത് വാസുദേവിന്റെ ക്യാമറ മികച്ചു നിന്നു. നല്ല ഫ്രെയിമുകൾ, ഡാർക് ഷേഡിലുള്ള ഫ്രെയിംസ് ഒരു ഹൊറർ ചിത്രത്തിന്റെ ത്രിൽ നൽകാൻ സാധിച്ചു. ലൈറ്റിംഗ് ഒക്കെ അസാധ്യം. മികച്ച ലൈറ്റിങ് ആണ് ക്യാമറവർക്കിനെ ഇത്രത്തോളം സഹായിച്ചത്. വിഷ്വൽസ് തന്നെയാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്. എഡിറ്റിംഗ് മികച്ചു നിന്നിരുന്നു, നല്ല രീതിയിൽ തന്നെ ചിത്രം മുൻപോട്ടു പോകാൻ ഉതകമായി.
സുഷിൻ ശ്യാം നിർവഹിച്ച പശ്ചാത്തല സംഗീതം ഒരർത്ഥത്തിൽ നന്നായിരുന്നു. പക്ഷെ അനാവശ്യ ശബ്ദകോലാഹലങ്ങളും പിന്നെ ക്ളീഷേ ശബ്ദലേഖനവും (ചിലയിടത്ത് മാത്രം)ആസ്വാദനത്തിനു മങ്ങലേൽപ്പിച്ചു. പക്ഷെ തീം മ്യൂസിക് എനിക്ക് വളരെയധികം ഇഷ്ടമായി. രാഹുൽ രാജ് സംഗീതം നൽകിയ ലൈലാകമേ വളരെയധികം ഇഷ്ടമായി. ആ പാട്ടിന്റെ വിഷ്വലുകളും നന്നായിരുന്നു. സുഷിന് ശ്യാമിൻറെ പാട്ടുകൾ നന്നായിരുന്നു. ഈ ചിത്രത്തിൽ സംവിധായകൻ അവസരോചിതമായി തന്നെയാണ് പാട്ടുകൾ ഉപയോഗിച്ചിരിക്കുന്നത്.
നായകൻ ആയ പ്രിത്വിരാജ്, തുടക്കത്തിൽ പക്വതയാർന്ന പ്രകടനം കാഴ്ച വെച്ചുവെങ്കിലും ക്ളൈമാക്സിൽ അദ്ദേഹത്തിൻറെ ദൗർബല്യം പ്രകടമായിരുന്നു. ഓവർ ആക്ടിങ് ആക്കി വളരെ മോശമാക്കി.
പ്രിയ ആനന്ദ് തന്റെ റോൾ മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു. മേനി പ്രദർശനം കുറെയൊക്കെ അനാവശ്യമായിരുന്നു (ഹോററുണ്ടെങ്കിൽ സെക്സ് നിർബന്ധമാണെന്നുള്ള കാര്യം സംവിധായകൻ മറന്നില്ല).
ടോവിനോ തോമസിനെ ഈ ചിത്രത്തിൽ ഉൾപ്പെടുത്തിയത്, അദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഫാൻബേസിന്റെ പേരിലാണെന്നുറപ്പാണ്. ഒരു കാമ്പുമില്ലാത്ത കഥാപാത്രം. പ്രകടനം നടത്താനും അദ്ദേഹത്തിനു സന്ദർഭങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇത്തരം റോളുകളിൽ ഒതുങ്ങി കൂടാനുള്ളതല്ല ടോവിനോ തോമസ്.
സുജിത് ശങ്കർ മാർക്കസ് എന്ന പ്രധാനപ്പെട്ട ജൂത പുരോഹിതന്റെ കഥാപാത്രം ചെയ്തു. ഉള്ളത് പറഞ്ഞാൽ, ഒരു ഭാവമാറ്റമില്ലാത്ത മുഖം, നല്ല ബോറായിരുന്നു. സണ്ണി വെയ്ൻ ആയിരുന്നു അദ്ദേഹത്തിന് ശബ്ദം നൽകിയത്. നല്ല പാളിച്ച ഉണ്ടായിരുന്നു. അതിൻറെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നിപ്പോയി.
ഫ്‌ളാഷ്ബാക്കിൽ അഭിനയിച്ച എല്ലാവരും നല്ല മോശം പ്രകടനമാണ് നടത്തിയത്. നാടകീയത എല്ലാവരുടെയും അഭിനയത്തിൽ പ്രകടമായിരുന്നു. സുദേവ് നായർ, ആൻ ശീതൾ, പിന്നെ ആൻ-ൻറെ അച്ഛനുമമ്മയുമായി അഭിനയിച്ചവർ, എസ്രായുടെ അച്ഛൻ ആയി അഭിനയിച്ചവർ. എല്ലാവരും മത്സരിച്ചു വെറുപ്പിച്ചു.തമ്മിൽ ഭേദം തൊമ്മൻ എന്നാണെങ്കിൽ സുദേവ് ഭേദമായിരുന്നു.
വിജയരാഘവൻ, അലന്സിയർ, ബാബു ആൻറണി, താരാ കല്യാൺ, പ്രതാപ് പോത്തൻ തങ്ങളുടെ കഥാപാത്രങ്ങൾ മോശമില്ലാത്ത തന്നെ ചെയ്തു.
പൂർണതയില്ലാത്ത സ്ക്രിപ്റ്റും ഹോംവർക്കും ചെയ്യാതെ ഇത്തരം ഒരു സാഹസം ചെയ്യാൻ മുതിരരുതായിരുന്നു എന്നാണ് എന്റെ അഭിപ്രായം.
ടാഗ് ലൈൻ ആയ "YOUR WORST FEAR COMES TRUE" യാതൊരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്ത ഈ ചിത്രത്തിന് ഞാൻ കൊടുക്കുന്നത് 03 ഓൺ 10.
ഇത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങൾക്കിഷ്ടപ്പെടാം, ഇഷ്ടപ്പെടാതിരിക്കാം അതിനുള്ള സ്വാതന്ത്ര്യം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്.
സന്തോഷ് പണ്ഡിറ്റിൻറെ പഞ്ച് ഡയലോഗ് ആണ് എനിക്കീ സിനിമ കഴിഞ്ഞപ്പോൾ പെട്ടെന്നോർമ്മ വന്നത് "ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ടെന്നു കരുതി ഹൊറർ സിനിമയിൽ ഹൊറർ ഉണ്ടാവണമെന്നില്ല, പണി പാളും.