Cover Page

Cover Page

Thursday, June 9, 2016

167. The Keeper Of Lost Causes (Kvinden I Buret) (2013)

ദി കീപർ ഓഫ് ലോസ്റ്റ്‌ കോസസ് (ക്വിണ്ടൻ ഇ ബ്യുററ്റ്) (2013)




Language : Danish
Genre : Crime | Drama | Mystery | Thriller
Director : Mikkel Nørgaard
IMDB : 7.1

The Keeper Of Lost Causes Theatrical Trailer



ഞാൻ കാണുന്ന ആദ്യത്തെ ഡാനിഷ് ചിത്രമാണ് ക്വിണ്ടൻ ഇ ബ്യൂരറ്റ്. ആദ്യത്തെ സിനിമ തന്ന ഫീൽ എന്തായാലും മോശം ആയില്ല എന്ന് തന്നെ പറയാൻ കഴിയും.  പൊതുവെ ഡാനിഷ്/ സ്വീഡിഷ്/ നോർവീജിയൻ ചിത്രങ്ങളെ സ്കാൻഡിനേവിയൻ ചിത്രങ്ങളായി ആണ് കണക്കാക്കാറ്, അങ്ങിനെ നോക്കുകയാണെങ്കിൽ ആദ്യവും അല്ല.

ജസ്സി ആട്ളർ ഒൽസൻ 2007ൽ എഴുതിയ ക്വിണ്ടൻ ഇ ബ്യൂരറ്റ് എന്നാ ക്രൈം നോവലിൻറെ ചലച്ചിത്ര ആഖ്യാനം ആണ് അതേ പേരിലുള്ള ഈ ചിത്രം. ഡിപ്പാർട്ട്മെൻറ് ഖ്യു (Department Q) എന്നാ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ തുടക്കം ഈ നോവലിൽ നിന്നുമാണ് അത് പോലെ തന്നെ സിനിമയും. മൈക്കൽ നൊർഗാർദ് സംവിധാനം ചെയ്തിരിക്കുന്നു.

കാൾ മോർക്ക് എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് (ചിലപ്പോൾ ഈ കഥാപാത്രം ഷെർലക് ഹോംസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാകണം) കഥ പുരോഗമിക്കുന്നത്. സ്വതവേ എടുത്തു ചാട്ടക്കാരനായ കാൾ തൻറെ സ്വഭാവം മൂലം തൻറെ ഒരു സുഹൃത്തിന്റെ ജീവൻ ബലി കൊടുക്കേണ്ടി വരുകയും, മറ്റൊരു സുഹൃത്തിനു ചലനശേഷി നഷ്ടപ്പെടുകയും എന്തിനു കാൾ തന്നെ മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുകയും ചെയ്യുന്നു. വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം പോലീസിൽ തിരിച്ചെത്തിയ കാളിനെ കൊലപാതകാന്യേഷകനിൽ നിന്നും ഡിപ്പാർട്ട്മെൻറ് ഖ്യുവിലെ ഓഫീസ് പദവി ആണ്. വളരെക്കാലമായി കെട്ടിക്കിടക്കുന്ന കേസുകൾ തിരഞ്ഞു പിടിച്ചു അത് എഴുതി തള്ളണം അതായിരുന്നു കിട്ടിയ ജോലി. കൂടെ അസദ് എന്നാ ഒരു അസിസ്റ്റന്റും. അവർ ആദ്യം തിരഞ്ഞെടുത്ത കേസ്, ഒരു സ്ത്രീയുടെ തിരോധാനത്തെ പറ്റിയായിരുന്നു. പ്രഥമ നിഗമനത്തിൽ ആത്മഹത്യ എന്നായിരുന്നുവെങ്കിലും സാക്ഷികളുടെ മോഴികളിലെ വൈരുധ്യം കാളിനുള്ളിൽ സംശയം ജനിപ്പിച്ചു. വർഷങ്ങൾക്കു മുൻപുള്ള കേസ്? പ്രത്യേകിച്ച് തെളിവുകൾ ഒന്നുമില്ല. ആത്മഹത്യയോ, കൊലപാതകമോ?? എന്നിങ്ങനെ സംശയത്തിൻറെ വിത്തുകൾ കാളിന്റെ മനസ്സിൽ കുന്നു കൂടി. അവർ ചുരുളഴിയാത്ത രഹസ്യങ്ങൾ തേടി പോകുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം.

ഇതൊരു ആക്ഷൻ ചിത്രമല്ല മറിച്ചു ഒരുദ്യോകജനകമായ ഒരു കുറ്റാന്യേഷണകഥയാണ്.  പലപ്പോഴും നമുക്കൊരു തുമ്പും കിട്ടാതെ ഉള്ള ഒരു കഥപറച്ചിൽ രീതിയാണ് അവലമ്പിച്ചിരിക്കുന്നത്. കഥ അത്ര പുതുമയുള്ളതുമല്ല, എന്നാൽ ഒട്ടും മടുപ്പുളവാക്കാതെ വളരെ വേഗതയുള്ള കഥാഖ്യാനം നടത്തിയതിലൂടെ  സംവിധായകൻറെ കഴിവ്  നമുക്ക് മനസിലാക്കാൻ കഴിയും. സംഭാഷണങ്ങളും ക്യാമറയും ലൈറ്റിങ്ങും മികച്ചു നിന്നു. ഇതിൽ ഒരു കാർ ആക്സിഡന്റ്റ് ഉണ്ട്, ആ അപകടത്തിന്റെ പ്രേക്ഷകനെ അറിയിക്കാൻ ക്യാമറാമാനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. ചില സീനുകൾ മനം മടുപ്പിക്കുന്ന തരത്തിൽ ഉണ്ടെങ്കിലും, കഥയുടെ ഒഴുക്കിൽ അതനിവാര്യവുമാണ്. പശ്ചാത്തലസംഗീതം മികച്ചു നിന്നു. കഥ പറയുന്ന രീതിയോട് ചേർന്ന് നിൽക്കുന ഒന്ന് തന്നെയായിരുന്നു അത്. എനിക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു. ക്ലൈമാക്സ് ഊഹിക്കാൻ കഴിയും എന്നതാണ് ഒരു പോരായ്മ എന്നാൽ അവസാനം വരെയും നമ്മളെ പിടിചിരുത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്നാണു എന്റെ ഒരു അനുമാനം.

CRIME MYSTERY THRILLER ഇഷ്ടമുള്ളവർക്ക് തീർച്ചയായും കാണാവുന്ന ഒരു ചിത്രമാണ് ഇത്.

എൻറെ റേറ്റിംഗ് 7.7 ഓൺ 10

ഞാൻ ഈ അടുത്തു കണ്ട ഒരു ചിത്രം ഏകദേശം ഇതേ മാതിരി ആയിരുന്നു, അന്യേഷണ കഥയിൽ നിന്നും പെട്ടെന്ന് മാറി ഒരു പ്രതികാരകഥയാകുന്ന ആ രീതി, അതിനുള്ള കാരണം ഒക്കെ ശരിക്കും വിശ്വാസയോഗ്യവും ഒരേ തരത്തിൽ ഉള്ളവയുമായിരുന്നു എന്നത് ഒരു സത്യാവസ്ഥ.


166. 13 Hours: The Secret Soldiers of Benghazi (2016)

13 ഹൗർസ് : ദി സീക്രട്ട് സോൾജ്യർസ് ഓഫ് ബെങ്കാസി (2016)



Language : English
Genre : Action | War
Director : Michael Bay
IMDB : 7.2


13 Hours: The Secret Soldiers Of Bengazhi Theatrical Trailer


 പലരും ഈ ആക്ഷൻ ചിത്രത്തെ പറ്റി കേട്ടിട്ടുണ്ടാവില്ല എന്തിനു ഞാൻ തന്നെ കേൾക്കുന്നത് അമേരിക്കയിലുള്ള എന്റെ സുഹൃത്ത്‌ നല്ല അഭിപ്രായം പറയുമ്പോഴാണ്. അപ്പോൾ തന്നെ ഐഎംഡിബിയിൽ തിരഞ്ഞു, സംവിധാനം മൈക്കൽ ബേ (അപ്പോൾ തന്നെ ഉള്ള ഒരു ജിജ്ഞാസ പോയി) എങ്കിലും റേറ്റിംഗ് 7.2. .ഐഎംഡിബി മിക്കവാറും ചതിക്കാറുമുണ്ടല്ലോ. എന്തായാലും യാതൊരു പ്രതീക്ഷയും കൂടാതെ ഞാൻ സിനിമ കാണുവാൻ തുടങ്ങി.

2012 സെപ്റ്റമ്പർ 11ൽ ലിബിയയിൽ യുഎസ് വളപ്പിൽ നടന്ന ഭീകരാക്രമണത്തെ ആസ്പദമാക്കി മിച്ചൽ സക്കൊഫ് എഴുതിയ 13 ഹൗർസ് എന്ന പുസ്തകത്തിന്റെ അനുരൂപീകരണം ആണീ സിനിമ. ഗദ്ദാഫിയുടെ മരണത്തിനു ശേഷം ലിബിയയുടെ ക്രമസമാധാനം താറുമാറാകുകയും അവിടെയുള്ള അമേരിക്കൻ എംബസികൾ എല്ലാം പിൻ‌വലിക്കുന്നു. എന്നാൽ അത്ര കണ്ടു രഹസ്യമല്ലാത്ത CIAയുടെ ഒരു ഔട്ട്‌പോസ്റ്റ്‌ അവിടെ തുടർന്ന് പോരുന്നു. ഈ താവളം സംരക്ഷിക്കുന്നത് GRS (ഗ്ലോബൽ റെസ്പോൺസ് സ്റ്റാഫ്) എന്ന മുൻ പട്ടാളക്കാരാൽ രൂപപ്പെട്ട ഒരു പ്രൈവറ്റ് കമ്പനി ആണ്. അതെ സമയം ലിബിയൻ യു.എസ്. അംബാസഡർ ജെ. ക്രിസ്റ്റഫർ സ്റ്റീവൻസ് ലിബിയയിൽ എത്തിച്ചേരുന്നു. ഒരു മിനിമം സെക്യൂരിറ്റി ബംഗ്ലാവിലാണ് താമസം. പക്ഷെ ഒരു രാത്രി അവരുടെ ബംഗ്ലാവ് ഒരു പറ്റം തീവ്രവാദികൾ ആക്രമിക്കുകയും, GRS അവിടെ എത്തി അവരെ ചെറുത്തോടിക്കുകയും ചെയ്യുന്നു. ഭീകരരുടെ അടുത്ത ലക്‌ഷ്യം തങ്ങളുടെ ഔട്ട്‌പോസ്റ്റ്‌ ആണെന്ന് മനസിലാക്കുന്ന അവർ അതിനെ എങ്ങിനെ ചെറുത്തു നിൽക്കുന്നു എന്നതാണ് കഥ.

മാസ് സീനുകളാൽ സമ്പന്നമാണ് 13 ഹൗർസ്. തുടക്കം ഒക്കെ കാണുമ്പോൾ ഇത് മൈക്കൾ ബേയുടെ ചിത്രം ആണോ എന്ന് സംശയം തോന്നും പക്ഷെ ഇത്തിരി നേരം കഴിയുമ്പോൾ ഉറപ്പാവും... അതെ, ഞാൻ കാണുന്നത് മൈക്കൾ ബെ ചിത്രം തന്നെയാണെന്ന്. അദ്ദേഹത്തിന്റെ സിനിമയിൽ ധാരാളമായി കണ്ടു വരുന്ന ഒന്നാണല്ലോ വിവിധ ഇനം സ്ഫോടനങ്ങളും, കാചേസും ഒക്കെ. ഇതിലും ആ കാര്യങ്ങളിൽ വലിയ മാറ്റം ഒന്നുമില്ല.. എന്നിരുന്നാലും അദ്ദേഹത്തിൻറെ മുൻകാല ചിത്രങ്ങളെ അപേക്ഷിച്ച് 13 ഹൗർസ് കുറച്ചു കൂടി യാഥാർത്തിക രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യ ഇരുപതു മിനുട്ട് മെല്ലെപ്പോക്ക് ആണെങ്കിലും സംഭവത്തിന്റെ പിരിമുറക്കം നമ്മളിലേക്ക് എത്തിക്കാൻ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. പിന്നീട് പടം ശരിക്കും ഗിയർ മാറി ഒരു ആക്ഷൻ മോഡിലേക്ക് എത്തുന്നു. പിന്നെയങ്ങോട്ട് ഒരു യുദ്ധം തന്നെയാണ്. ക്യാമറവർക്ക് കസറി (പക്ഷെ ചില ഇടങ്ങളിൽ അത് മൈക്കൾ ബേയുടെ പഴയ പടങ്ങളുടെ ശൈലിയിലായിരുന്നുവെന്നു തോന്നി). എന്നിരുന്നാലും, രാജ്യത്തിന്‌ വേണ്ടി സ്വന്തം കുടുംബവും ഒക്കെ വിട്ടകന്നു തിരിച്ചൊരു മടങ്ങിപ്പോക്ക് ഉണ്ടാകുമോ എന്നാ ഉൾപാചിലുള്ള  പട്ടാളക്കാരൻറെ വൈകാരിക തലങ്ങളും ഒരു തരത്തിൽ വരെ ഹൃദയസ്പർശിയായി കാണിക്കാനും മൈക്കൽ ബേ മറന്നില്ല. ഇവിടെയാണ്‌ അദ്ദേഹം തന്റെ പഴയ ബോംബു സിനിമകളിൽ നിന്നും ഇത്തിരി മാറ്റം കാണിക്കുന്നത്. 

അഭിനേതാക്കൾ എല്ലാവരും നല്ല പ്രകടനങ്ങൾ കാഴ്ച വെച്ചു. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ജെയിംസ് ബാഡ്ജ് ഡെൽ അവതരിപ്പിച്ച റോൺ എന്ന വ്യക്തിത്വമുള്ള കഥാപാത്രത്തിനെയാണ്. ജാക്ക് ഡി സിൽവയെ ജോൺ ക്രാസിൻസ്കി അവതരിപ്പിച്ചു. ഇവരിലൂടെ ആണ് കഥ മുൻപോട്ടു പോകുന്നത്. അത് കൊണ്ട് മാത്രം എടുത്തു പറയുന്നു.

 മറ്റുള്ള യുദ്ധചിത്രങ്ങളുടെ നിലവാരത്തിൽ എത്തിയില്ലയെങ്കിലും ഈ ചിത്രം ഒരു നല്ല ആസ്വാദന നിലവാരം ഉള്ള ഒന്ന് തന്നെയാണു. 

എന്റെ റേറ്റിംഗ് 7.5 ഓൺ 10

റിഡ്ലി സ്കോട്ട്, സ്റ്റീവൻ സ്പീൽബർഗ്, ഡേവിഡ്‌ ആയർ തുടങ്ങിയ പ്രഗത്ഭർ ഈ ചിത്രം സംവിധാനം ചെയ്തിരുന്നുവെങ്കിൽ വേറെ ഒരു ലവലിൽ എത്തിയേനെ എന്നാണു എന്റെ ഒരു അഭിപ്രായം.


Wednesday, June 8, 2016

165. The 5th Wave (2016)

ദി ഫിഫ്ത് വേവ് (2016)



Language : English
Genre : Action | Mystery | Sci-Fi
Director : J. Blakeson
IMDB : 5.1

The Fifth Wave Theatrical Trailer


ഹോളിവുഡിലെ ഒരു ക്ലീഷേ ണ് post apocalypic സിനിമകൾ. അതിൽ ഒരു ചിത്രം കൂടി ഇവിടെ ചേർക്കപ്പെട്ടിരിക്കുന്നു. ഫാൻറസി നോവലുകളിലൂടെ പ്രശസ്തനായ റിക്ക് യാൻസി എഴുതിയ ദി ഫിഫ്ത് വേവ് എന്നാ നോവലിനെ ആസ്പദമാക്കി ജെ ബ്ലേക്ക് സംവിധാനം ചെയ്ത ഒരു പോസ്റ്റ്‌ അപോകലിപ്ടിക് ത്രില്ലർ ആണ് അതെ പേരിലുള്ള ഈ ചിത്രം. ലീവ് ഷ്രീബർ, ക്ലോയി ഗ്രേസ് മാർട്ടിനസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ യുവാക്കളുടെ ചിത്രം ചെറുതല്ലാത്ത വിജയം ബോക്സോഫീസിൽ കൈ വരിച്ചിരുന്നു.

ഇനി കഥയിലേക്ക് കടക്കാം, ശാന്തമായ ഓഹൈയോയിൽ ഹൈസ്കൂൾകുട്ടിയായ കാസി തന്റെ കുടുംബത്തോടെ സന്തോഷത്തോടെ ജീവിച്ചു വരുമ്പോൾ അവരുടെ പട്ടണത്തിനു മേൽ ഒരു അന്യഗ്രഹപേടകം വന്നു നിൽക്കുന്നു (മിക്കവാറും alien invasions അമേരിക്കയിലാണല്ലോ സംഭവിക്കുന്നത്‌). ആദ്യത്തെ അലയടിച്ചതിൽ കരണ്ടിനാൽ പ്രവർത്തിക്കുന്നതെല്ലാം പ്രവർത്തനരഹിതം ആകുന്നു, അത് മൂലം ഭൂമി ഇരുട്ടിലെക്കാഴുന്നു. രണ്ടാം അലയിൽ, സുനാമിയും ഭൂമികുലുക്കവും മൂലം ഉള്ള നഷ്ടങ്ങൾ സംഭവിക്കുന്നു.മൂന്നാം തരംഗം ഒരു വൈറസ് ആയിരുന്നു, അതിൽ പെട്ട് നിരവധി പേർ കൊല്ലപ്പെടുന്നു. നാലാം ലയിൽ, ശേഷിച്ച ജീവനുകളെ കൊന്നൊടുക്കാൻ വേണ്ടി ഉള്ള ശ്രമവും. അഞ്ചാം അല എന്താണെന്നറിയണം എങ്കിൽ ചിത്രം കാണുക. നാലാം അലകൾക്കിടെ വേർപെട്ടു പോയ സഹോദരനെ തേടിയിറങ്ങുന്ന കാസിയുടെ ഒരു സാഹസിക യാത്ര ആണ് ചിത്രത്തിൻറെ പ്രധാന ഇതിവൃത്തം.

കാസി ആയി അഭിനയിച്ചത് ക്ലോയി ഗ്രേസ് മാർട്ടിനസ്. വളരെയധികം മോശം അഭിപ്രായം നിരൂപകർക്കിടയിൽ ഉണ്ടായിരുന്ന ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചതും ഈ കുട്ടി തന്നെ. നല്ല അഭിനയം ആണ് ക്ലോയി കാഴ്ച വെച്ചിരുന്നത്, പക്ഷെ ചിത്രത്തിൻറെ ഒഴുക്കിലായ്മ അവരുടെ അഭിനയത്തിനു രക്ഷിക്കാൻ കഴിഞ്ഞില്ല. കഥ ഏകദേശം ഹംഗർ ഗേംസുമായി നല്ല സാദ്രിശ്യം തോന്നുമെങ്കിലും ആ ചിത്രത്തിൻറെ നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ല. ,പിന്നെ ആദ്യ പകുതിയിൽ ദുരന്തങ്ങൾ ഒക്കെ പെട്ടെന്ന് തീർക്കാൻ സംവിധായകാൻ ശ്രമിച്ചത് കൊണ്ട് ആദ്യത്തെ നാലലകളുടെ വ്യാപ്തി എനീലെ പ്രേക്ഷകനിലേക്കെത്തിയില്ല. അത് കൊണ്ട് തന്നെ ഒരു പോസ്റ്റ്‌ അപോകലിപ്ടിക് മൂടിലേക്ക്‌ വരാനും കഴിഞ്ഞില്ല. കഥയിൽ ത്രില്ലറിന് വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു, പക്ഷേ സംവിധായകൻ അത് ഫവത്തായി വിനിയോഗം ചെയ്തില്ല. എനിക്ക് പശ്ചാത്തല സംഗീതം ഇഷ്ടപ്പെട്ടു. അലകളുടെ ശബ്ദം വരുന്നതൊക്കെ നല്ല രസമായിരുന്നു. CGI കുഴപ്പമില്ലായിരുന്നു.

ഒരു തവണ വേണമെങ്കിൽ കാണാവുന്ന ഒരു ചിത്രം അതിനു മേലെ ഒന്നും അവകാശപ്പെടാൻ ഇല്ല ഈ ചിത്രത്തിന്. 

 എൻറെ റേറ്റിംഗ് 4.5 ഓൺ 10

ഒരു രണ്ടാം ഭാഗത്തിൻറെ സാധ്യത ഇട്ടിട്ടാണ്‌ ചിത്രം അവസാനിക്കുന്നത്. ഉണ്ടാവുമോ എന്നത് കണ്ടറിയാം. [നോവൽ ട്രൈലോജി ആണ് എന്നത് മറക്കുന്നില്ല]

Sunday, June 5, 2016

164. The Body (El Cuerpo) (2012)

ദി ബോഡി (എൽ ക്യുർപൊ) (2012)



Language : Spanish (Spain)
Genre : Drama | Mystery | Thriller
Director : Oriol Paulo
IMDB : 7.5


The Body Theatrical Trailer


സമ്പന്നയായ മെയ്ക്ക ഒരു നാൾ ഹൃദയസ്തംഭനം മൂലം മരണപ്പെടുന്നു. പക്ഷെ അതേ രാത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുൻപ് തന്നെ അവരുടെ മൃതശരീരം മോർച്ചറിയിൽ നിന്നും കാണാതാവുകയും ചെയ്യുന്നു. ഈ കേസ് അന്യേഷിക്കാനായി ജെം പീന എന്ന ഡിറ്റക്ടീവ് അവിടെ ആ രാത്രിയിൽ തന്നെ തമ്പടിക്കുന്നു. എന്നാൽ, തന്റെ അന്വേഷണം പുരോഗമിക്കവേ ചില അപ്രിയ സത്യങ്ങളും പുറത്തു വരുന്നു. മേയ്ക്ക മരിച്ചോ അതോ മെയ്ക്ക ജീവനോടെ തന്നെ ഇരിക്കുന്നുവോ? മരിച്ചുവെങ്കിൽ അത് സാധാരണ മരണമോ അതോ കൊലപാതകമോ??? ഇങ്ങനെ സംശയങ്ങളുടെ ഒരു കൂമ്പാരം ചിത്രത്തിൻറെ അവസാനം വരെ പ്രേക്ഷകന്റെയും അതിൽ അഭിനയിക്കുന്നവരുടെയും ഉണ്ടാവും.പുതുതായി കാണുന്ന ഒരു പ്രേക്ഷകന്റെ ജിജ്ഞാസ നഷ്ടപ്പെടും എന്നുള്ളത് കൊണ്ട് ഞാൻ കതയിലോട്ടു അധികം കടക്കുന്നില്ല.

ഒരു മൈൻഡ് ഗേം ശ്രേണിയിൽ പെടുത്താവുന്ന ഒരു ചിത്രമാണ് എൽ ക്യൂർപൊ. ഓരോ നിമിഷവും പ്രേക്ഷകൻറെ മനസ്സിൽ സംശയത്തിൻറെ തീ കോരിയിടാൻ കഴിയുന്ന കഥാഖ്യാനം അത് അവസാനം വരെയും ഒരു സൂചന പോലും കൊടുക്കാതെ തന്നെ മുൻപോട്ടു കൊണ്ട് പോകാൻ കഴിഞ്ഞു സംവിധായകൻ ആയ ഒരിയോ പോളോയ്ക്ക്. ശരിക്കും പറഞ്ഞാൽ അദ്ദേഹം തന്നെയാണ് താരം. ഒരു ഘട്ടത്തിൽ ഹൊറർ ശൈലിയും നിഗൂഡമായ രീതിയും അവലമ്പിച്ചിരിക്കുന്നത് രസച്ചരട് പൊട്ടിക്കാതെ കൊണ്ട് പോകാൻ കാരണമാകുന്നു. truly engaging. ചിത്രം നടക്കുന്നത് ഒരു രാത്രിയും ഒരേ സ്ഥലത്ത് വെച്ചും മാത്രമായതു കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. നല്ല മികവുറ്റ ക്യാമറവർക്ക് ആയിരുന്നു, പക്ഷെ ഒരേ സ്റ്റൈൽ ഷോട്ടുകൾ നിരന്തരമായി വന്നു കൊണ്ടിരിക്കുന്നതിൽ ഒരു ചെറിയ അപാകത തോന്നി. ഹോണ്ടിംഗ് ആയിട്ടുള്ള പശ്ചാത്തല സംഗീതം നല്ല രീതിയിൽ ചിത്രത്തെ സഹായിച്ചിട്ടുണ്ട്. 

സംവിധാനം മികവുറ്റത് എന്ന് പറയാൻ കഴിയില്ലയെങ്കിലും, ഇതു ശരിക്കും പറഞ്ഞാൽ അഭിനേതാക്കളുടെ ചിത്രം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. അഭിനയമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതാണ്‌ എൽ ക്യൊർപൊ. വളരെ ചുരുക്കം കഥാപാത്രങ്ങളിൽ ചുറ്റപ്പെട്ടു നിർമ്മിച്ചതായതിനാൽ കഥാപാത്രത്തെ ഓർത്തെടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.
 പീന എന്ന ഡിറ്റക്ടീവിനെ അവതരിപ്പിച്ച നടൻ അസാധാരണമായ അഭിനയം തന്നെ കാഴ്ച വെച്ചത്. ചില സീനുകളിൽ മാസ് തന്നെ ആയിരുന്നു. അലെക്സ് എന്ന മേയ്ക്കയുടെ ഭര്ത്താവ് കഥാപാത്രവും മികവുറ്റത് തന്നെ. മെയ്ക്ക, കാർല എന്നാ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടികൾ മികച്ചു നിന്ന്. അതിൽ കാർല അത്യധികം സുന്ദരിയായി തോന്നി.

ത്രില്ലർ ചിത്രങ്ങൾ തിരഞ്ഞെടുക്കുക ആണെങ്കിൽ ഈ ചിത്രം ഉറപ്പായിട്ടും എൻറെ ലിസ്റ്റിൽ ഉണ്ടാവും. ഒരു nail-biting thriller നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ മടിക്കാതെ തന്നെ ഈ ചിത്രം കാണുക.. നിങ്ങളെ ഇത് അമ്പരപ്പിക്കും.

എൻറെ റേറ്റിംഗ് 9.0 ഓൺ 10

ഈ ചിത്രം കന്നടയിൽ കോപി ചെയ്തു നിർമ്മിച്ച്‌ ഹിറ്റായതാണ്. അർജുൻ,ശ്യാം എന്നിവർ ആയിരുന്നു അഭിനേതാക്കൾ. രാജേഷ് പിള്ളയുടെ വേട്ട ഏകദേശം ഇതേ രൂപത്തിൽ തന്നെയാണ് തയാറാക്കിയിരിക്കുന്നു. എൽ ക്യൊർപൊ പഴുതുകൾ ഇല്ലാത്ത രീതിയിൽ ആണ് ചെയ്തിരിക്കുന്നതെങ്കിൽ വേട്ട, നിറയെ പഴുതുകൾ ഉള്ള ഒരു സാധാരണ ചിത്രമായി ഒതുങ്ങി.

Thursday, June 2, 2016

163. The Bullet Vanishes (Xiao Shi De Zǐ Dan) (2012)

ദി ബുള്ളറ്റ് വാനിഷസ് (2012)



Language : Cantonese | Mandarin
Genre : Drama | Mystery | Thriller
Director : Lo Chi-Leong
IMDB : 6.6 

The Bullet Vanishes Theatrical Trailer


കഥകൾ തിരഞ്ഞെടുക്കുമ്പോഴും എഴുതുമ്പോഴും ഇങ്ങനെ വേണം, അത് ആസ്വദിക്കുന്ന ഒരാൾക്ക്‌ കഥയുടെ പോക്കിനെ പറ്റി യാതൊരു തുമ്പും കൊടുക്കാൻ കഴിയരുത്‌. സർ ആർതർ കോനാൻ ഡോയിൽ, എഡ്ഗർ അലൻ പോ, ഡാൻ ബ്രൌൺ എന്ന് തുടങ്ങിയ നിരവധി എഴുത്തുകാരുടെ ശൈലി അങ്ങിനെയാണ്. അവരുടെ നോവൽ വായിക്കുമ്പോഴും അല്ലെങ്കിൽ ഒരു ചിത്രം കാണുമ്പോഴും പ്രേക്ഷകനെ/വായനക്കാരനെ ആവേശത്തിൻറെ മുൾമുനയിൽ നിർത്തും. അത്തരത്തിൽ ഉള്ള ഒരു പുതുമയുള്ള കഥയും അതിലേറെ ഒരു ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു അന്യേഷണ കഥയാണ് ദി ബുള്ളറ്റ് വാനിഷസ് എന്ന മന്ദാരിൻ ഭാഷയിലുള്ള ഹൊങ്ങ്കൊങ്ങ് ചിത്രം.

1930ൽ ടിയാൻചെങ്ങ് പട്ടണത്തിലെ ഒരു ബുള്ളറ്റ് നിർമ്മാണ ഫാക്ടറിയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡിറ്റക്റ്റീവ് സൊങ്ങ്, പോലീസിലെ  ഗൌഴി എന്നിവർ അന്യേഷിക്കുന്നതായാണ് കഥ. വെടിയേറ്റ്‌ മരിച്ച സ്ത്രീയുടെ മേൽ ഒരു ബുള്ളറ്റ്  ലഭിക്കാത്ത, ഒരു തുമ്പ് പോലും ഇല്ലാത്ത കേസ് അന്യേഷിക്കണം എന്ന ദൗത്യം അവർ  ഏറ്റെടുത്തത്.

ചിത്രത്തിൻറെ കഥ 1930ഇൽ നടക്കുന്നതായിട്ടാണ്, അതിനാൽ സെറ്റും വസ്ത്രധാരണവും ലൈറ്റിങ്ങും ഒക്കെ അതിനനുസരിച്ചു തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് ആ കാലത്തെ കാഴ്ചകൾ കാണുന്നത് മാതിരി തോന്നും. പഴയ കാലത്തെ കുറ്റാന്യേഷണം ആയതു കൊണ്ട് പതിയെ ആണ് മുൻപോട്ടു പോകുന്നതെന്ന് കരുതണ്ട. നല്ല വേഗതയുള്ള കഥാഖ്യാനം നമ്മളെ ഓരോ നിമിഷം ചിന്തിപ്പിക്കുകയും ഉള്ളിൽ ആശ്ചര്യം ജനിപ്പിക്കുകയും ചെയ്യുന്നു. പശ്ചാത്തലസംഗീതവും അതിനു ഒരു കൂട്ടായി വർത്തിക്കുന്നു. ഒരു സ്റ്റൈലിഷ് ത്രില്ലർ ആക്കാൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്, അതിൽ പൂർണ്ണമായും സംവിധായകൻ വിജയിച്ചിട്ടുണ്ട്. ആക്ഷൻ സീനുകളും വളരെ നന്നായിരുന്നു. ചിത്രത്തിൻറെ എടുത്തു പറയേണ്ട ഒരു കാര്യം, അത് മേകിംഗ് ആണ്. വളരെ മികവുറ്റ മേകിങ്ങും വിഷ്വൽ എഫക്റ്റ്സും ചിത്രത്തിൻറെ മാറ്റ് കൂട്ടുക തന്നെ ചെയ്തു.

നിക്കോളാസ് സെയും ലാവ് ചിങ്ങ് വാനും ആണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അവർ പെട്ടെന്ന് തന്നെ നമ്മുടെ മനസ്സിൽ കയറിപ്പറ്റുകയും ചെയ്യും. ഓരോ കഥാപാത്രങ്ങളെയും വളരെ തന്മയത്വത്തോടെ അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ട്. 

ഒരു പുതുമയുള്ള കഥയെ ഇത്രയ്ക്ക് രസകരമായി അവതരിപ്പിക്കുകയും ഒരു മുഷിച്ചിലും ഉണ്ടാക്കാതെ അവസാനിപ്പിക്കുകയും ചെയ്ത ഈ നല്ല ത്രില്ലറിനെ എനിക്കൊരുപാടിഷ്ടമായി. നിങ്ങക്കും ഇഷ്ടമാകും എന്നത് തീർച്ച.

എൻറെ റേറ്റിംഗ് 8.0 ഓൺ 10

Saturday, May 28, 2016

162. Warcraft (2016)

വാർക്രാഫ്റ്റ് (2016)




Language : English
Genre : Action | Fantasy
Director : Duncan Jones
IMDB : 8.2

Warcraft Theatrical Trailer


സ്കൂളിലും കോളജിലും പഠിക്കുമ്പോൾ സ്ഥിരമായി കളിച്ചിരുന്ന ഗെയിമുകൾ ആയിരുന്നു വാർക്രാഫ്റ്റും (Warcraft) ഏജ് ഓഫ് എമ്പൈർസും (Age of Empires). അതിലൊന്നു സിനിമയാക്കും എന്ന് കേട്ടപ്പോൾ വലുതായി ഞാൻ പ്രതീക്ഷ ഒന്നും കൊടുത്തില്ല. കാരണം മിക്ക ഗേമുകളും സിനിമയാക്കി നശിപ്പിച്ച പാരമ്പര്യം ആണല്ലോ ഹോളിവുഡിന്. ഇത് അത് പോലെ ആകുമെന്ന് കരുതി, അത് കൊണ്ട് തന്നെ റിലീസ് ആയ അന്ന് കാണാൻ യാതൊരു താല്പര്യവുമുണ്ടായില്ല. പൊതുവെ ഉള്ള റിവ്യൂ മൂലം കണ്ടേക്കാം എന്ന് കരുതി 2-ഡി ടിക്കറ്റ് കരസ്ഥമാക്കി (3-ഡി ചിത്രങ്ങളുടെ ആരാധകനല്ല ഞാൻ).

അസെരോത് സാമ്രാജ്യം ഇന്ന് ഒരു യുദ്ധത്തിൻറെ ഭീഷണിയാണ്. ഡ്രെനർ എന്ന ഗ്രഹത്തിൽ നിന്നും ഓർക്കുകൾ (orcs) അസെരോത് കീഴടക്കാൻ വേണ്ടി എത്തിയിരിക്കുകയാണ്. അസെരോത്തിൽ മനുഷ്യരും മറ്റും സമാധാനത്തോടെ കഴിഞ്ഞിരുന്ന അവർ തങ്ങളുടെ തകർച്ച ഒഴിവാക്കണമെങ്കിൽ യുദ്ധം ചെയ്തെ മതിയാവൂ.. മനുഷ്യരും ഓർക്കുകളും തമ്മിലുള്ള യുദ്ധം ആണ് ഈ ചിത്രം. കഥ കുറച്ചു കൊമ്പ്ലക്സ് ആയതു കൊണ്ട് അധികം വിവരിക്കാൻ കഴിയുകയില്ല.ഗേം കളിച്ചവർക്ക് ഇതിലുള്ള കുലങ്ങളെയും വംശങ്ങളെയും പറ്റി അറിയാൻ കഴിയും. അല്ലാത്തവർ സിനിമയുടെ ഒഴുക്കിനൊത്തു മുൻപോട്ടു പോകുന്നതാവും നല്ലത്.

ആദ്യമേ പറയട്ടെ, എന്റെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ച ചിത്രമാണിത്. ഒരു തരി പ്രതീക്ഷ പോലുമില്ലാതെ കാണാൻ തുടങ്ങിയ എനിക്ക് ചിത്രത്തിൻറെ കഥാഗതിയും, കഥാപാത്രങ്ങളും (കൂടുതലും motion capture ആണ്), ഗ്രാഫിക്സും, ആക്ഷനും എന്നെ കണ്ണഞ്ചിപ്പിച്ചു തന്നെ കളഞ്ഞു. നല്ല വേഗതയേറിയ കഥയും അതിനൊത്ത തിരക്കഥയും. ഗ്രാഫിക്സ് ഒക്കെ അന്യായം തന്നെയായിരുന്നു.ചില സമയത്തൊക്കെ ലോഡ് ഓഫ് ദി റിങ്ങ്സ് സ്റ്റൈൽ തോന്നിയെങ്കിലും, ചിത്രം ഗേമിൽ നിന്ന് അവലംബിച്ചതായോണ്ട് എനിക്ക് മുഷിച്ചിൽ തോന്നിയില്ല. ചിത്രത്തിൻറെ ഏറ്റവും മികച്ച ഒരു സംഗതി പറയുക ആണെങ്കിൽ,  കഥാപാത്രങ്ങൾ ആണ് ചിത്രത്തിൻറെ കഥാഗതി നിർണയിക്കുന്നത് എന്നതാണ്. പശ്ചാത്തല സംഗീതം നന്നായിരുന്നു. അതിലുപരി, സൌണ്ട് ഡിസൈൻ ഒരു രക്ഷയുമില്ല. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കിയത്. അവരുടെ ക്രൂവിന് ഒരു സലാം. സോർസ് കോഡ്‌ സംവിധാനം ചെയ്ത ഡങ്കൻ ജോൺസ് ആണ് സംവിധാനം ചെയ്തിരിക്കുന്നു. അദ്ദേഹം അത് മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തു.

കഥാപാത്രങ്ങളിൽ ചിലത് പരിചയപ്പെടുത്തുകയാണെങ്കി,
വൈകിങ്ങിലൂടെ പ്രശസ്തനായ ട്രാവിസ് ഫിമ്മൽ, ലോതർ എന്നാ നായകനെ അവതരിപ്പിച്ചു. അദ്ദേഹം നല്ല രീതിയിൽ തന്റെ റോൾ ചെയ്തു ഫലിപ്പിച്ചു.

ടോബി കെബ്ബെൽ അവതരിപ്പിച്ച ടുറോറ്റൻ അല്ലെങ്കിൽ ചീഫ്റ്റൻ ഹോർഡ് കൂട്ടത്തിലെ നല്ലവനായ ഒരു ഓർക് കൂട്ടത്തിന്റെ തലവൻ. തന്റെ ജനതയ്ക്ക് നല്ലത് മാത്രം ചിന്തിക്കുന്ന ഒരു ഓർക്. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.

പോള പാറ്റൻ (mi 4 fame) ഗരോണ എന്ന പാതി മനുഷ്യനും ഓർക്കുമായ യുവതിയെ നന്നായി തന്നെ അവതരിപ്പിച്ചു. ഒരു ഘട്ടത്തിൽ ഇവരിലാണ് കഥ ഊന്നിയിരിക്കുന്നത്.

ഡോമിനിക് കൂപർ, രൂത്ത് നെഗ സ്ട്രോങ്ങ്‌വിണ്ടിന്റെ രാജാവും രാജ്ഞിയും. ഒരു ജനത മൊത്തം അവരെ ആശ്രയിച്ചു നില്ക്കുന്നു.

മായാജാലം സ്വായത്തമാക്കിയ സംരക്ഷകൻ  മെട്വി എന്നാ കഥാപാത്രത്തെ അവതരിപ്പിച്ച ബെൻ ഫൊസ്റ്റർ മികച്ചു നിന്നു. 

ഇനിയും നിരവധി ഉണ്ടെങ്കിലും, അവരിലെല്ലാം കൂടിയാണ് കഥ മുൻപോട്ടു കൊണ്ട് പോകുന്നത്. കഥാപാത്രങ്ങളെ പെട്ടെന്ന് തന്നെ നമ്മിൽ  രേഖപ്പെടുത്തുന്നത് മൂലം നമുക്ക് ഒരു ആശയക്കുഴപ്പത്തിന് ഇടയുണ്ടാകുന്നില്ല.


എന്തോ, എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.. കാരണം ശരിക്കും ഒരു പോപ്‌കോൺ ആക്ഷൻ ഫാൻടസി ചിത്രം എന്നാ നിലയിൽ എന്നെ പൂർണമായും തൃപ്തിപ്പെടുത്തി ഈ ചിത്രം. 3ഡി കുറച്ചു കൂടി എഫക്റ്റീവ് എന്ന് തോന്നി. ചിലപ്പോൾ ഞാൻ ഒരിക്കൽ കൂടി 3ഡി എങ്ങിനെ ഉണ്ടാവും എന്നരീയാൻ പോകാൻ സാധ്യതയുണ്ട്.

എൻറെ റേറ്റിംഗ് 8.4 ഓൺ 10

161. Eagle Eye (2008)


ഈഗിൾ ഐ (2008)





Language : English
Genre : Action | Drama | Mystery | Sci-Fi | Thriller
Director : D.J. Caruso
IMDB : 6.6

Eagle Eye Theatrical Trailer



നിങ്ങൾ ജീവിച്ചു കൊണ്ടിരിക്കുന്ന സാധാരണ ജീവിതം നിഘൂഡരഹസ്യങ്ങൾ നിറഞ്ഞതായി മാറുമ്പോൾ എന്ത് ചെയ്യും? നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും രഹസ്യമായി പിന്തുടർന്ന് കഴിഞ്ഞാലോ?? അത്തരത്തിലെ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ് ഡി.ജെ.കാരുസോ സംവിധാനം ചെയ്ത ഈഗിൾ ഐ. 2008ൽ പുറത്തിറങ്ങിയ ഈ ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആയിരുന്നു.

ജെറിയുടെ ഇരട്ട സഹോദരനും എയർഫോർസിലെ ലഫ്റ്റെൻടും  ആയിരുന്ന  ഏതൻ ഒരു നാൾ അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. സംസ്കാരം കഴിഞ്ഞു തൻറെ എടിഎമ്മിൽ നിന്നും കാശ് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ അതിൽ 751,000 ഡോളറുകൾ കണ്ടു ജെറി ആശ്ചര്യപ്പെടുന്നു, തുടർന്ന് വീട്ടിലെത്തുമ്പോൾ, വീട്ടിൽ നിറയെ ആയുധശേഖരണവും കണ്ടു അന്ധാളിച്ചു നിൽക്കുന്ന ജെറിയ്ക്കു ഒരു സ്ത്രീയുടെ ഫോൺകോൾ വരുന്നു, തന്നെ അറസ്റ്റ് ചെയ്യാൻ FBI വരുന്നു എന്നായിരുന്നു അതിനാൽ എത്രയും പെട്ടെന്ന് ഓടി രക്ഷപെടണം എന്നുമായിരുന്നു നിർദേശം. എന്നാൽ ആ നിർദേശം പാടെ അവഗണിക്കുന്ന ജെറിയെ FBI അറസ്റ്റ് ചെയ്യുന്നു. എങ്ങിനെ? എന്തിനു? എന്ന ചോദ്യങ്ങളാണ് ഈ ചിത്രത്തെ മുൻപോട്ടു നയിക്കുന്നത്.

വർഷങ്ങൾ മുൻപ് ഈ ചിത്രം കാണുമ്പോൾ, ഇന്ന് ഒരു സിനിമ കാണാൻ വെയ്ക്കുന്ന പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. ഒരു സാധാരണ ത്രില്ലർ പ്രതീക്ഷിച്ചു കാണാൻ തുടങ്ങിയ എന്നിൽ ഒരു ആശ്ചര്യത്തിന്റെ മുള പൊട്ടി എന്നുള്ളത് ഒരു സത്യമാണ്. ഒരു നിമിഷം പോലും നമ്മുടെ ശ്രദ്ധ മാറ്റാൻ കഴിയാത്ത രീതിയിലുള്ള സംവിധാനം. നല്ല വേഗതയേറിയ തിരക്കഥ ആയതു കൊണ്ട് ഒരിടത്തും ബോറടി ഉണ്ടായില്ല. പശ്ചാത്തല സംഗീതം ചിത്രത്തിൻറെ രീതിയോട് വളരെയേറെ ചേർന്ന് നിന്ന്.ക്യാമറവർക്ക് ചടുലമായിരുന്നു.ചില ഇടത്ത് ലോജിക് നമ്മളെ കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നുവെങ്കിലും ഒരു സിനിമ എന്നാ രീതിയിൽ അതെല്ലാം കണ്ണടച്ചു കളയുന്നതിൽ തെറ്റില്ല എന്നാണു എൻറെ അഭിപ്രായം. ലോജിക് ചിന്തിക്കാനുള്ള സമയം തരുന്നില്ല എന്നത് വേറൊരു പരമാർത്ഥം.

ഷിയ ലെബോഫ്, മിഷേൽ മോനഗൻ, ജുല്ലിയൻ മൂർ, ബില്ലി ബോബ് ത്രോണ്ടൻ, റൊസാരിയോ ഡോസൻ തുടങ്ങിയ പ്രമുഖർ അണി നിരന്ന ചിത്രത്തിൽ ബില്ലി ബോബിൻറെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഷിയയും മിഷേലും നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രണ്ടു പേരും നന്നായി തന്നെ ചെയ്തു. അഭിനേതാക്കൾ ആരും തന്നെ മോശമാക്കിയില്ല.

മൊത്തത്തിൽ ഒരു നല്ല ഫാസ്റ്റ് പേസ്‌ഡ് ത്രില്ലർ (ലോജിക്കുകളെ വഴി മാറി പോകൂ എന്ന രീതിയിൽ കാണുകയാണെങ്കിൽ നിങ്ങളെ ഇത് വിസ്മയിപ്പിക്കും)

എന്റെ റേറ്റിംഗ് 8.2 ഓൺ 10 


Monday, May 23, 2016

160. Cold Eyes (Gamsijadeul) (2013)

കോൾഡ് ഐസ് (ഗാംസിജെദ്യുൾ) (2013)



Language : Korean
Genre : Action | Crime | Drama | Thriller
Director : Jo Ui-Seok & Kim Byeong-Seo
IMDB : 7.2

Cold Eyes Theatrical Trailer


ഐസ് ഇൻ ദി സ്കൈ,ഹോങ്ങ് കോങ്ങിൽ 2007ൽ പുറത്തിറങ്ങി വിജയം നേടിയ ഒരു ത്രില്ലറാണ്. അതെന്താ ഇവിടെ പറയാൻ കാര്യം എന്നല്ലേ. 2013ൽ ഈ ചിത്രം കൊറിയയിലേക്ക് കയറ്റുമതി ചെയ്തു കോൾഡ് ഐസ് എന്ന പേരിൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ഒരു Surveillance ടീമിനെ ചുറ്റിപ്പറ്റി ഉടലെടുത്ത ചിത്രത്തിൻറെ സംവിധായകർ ജോയി സ്യോക് കിം ബ്യോന്ഗ് സ്യോ എന്നിവർ ആണ്.

അതിബുധിമതിയും തികഞ്ഞ നിരീക്ഷണപാടവവും ഓർമ്മശക്തിയുമുള്ള യൂൻജൂ ഡിറ്റക്റ്റീവ് ഹ്വാങ്ങ് നയിക്കുന്ന പൊലീസിൻറെ surveillance യൂണിറ്റിൽ പരീക്ഷയിൽ പാസായി ചേരുന്നു. അവളുടെ ആദ്യത്തെ കൃത്യം അതിബുദ്ധിമാനും പഴുതുകളില്ലാതെ വലിയ ബാങ്കുകളിൽ മോഷണം നടത്തുന്ന ജയിംസിനെയും കൂട്ടരെയും പിന്തുടർന്ന് പിടിക്കുക എന്നതാണ്. ഒരു തുമ്പുമില്ലാത്ത കേസിൽ നിന്നും അവരെ പിടിക്കാൻ കഴിയുമോ എന്ന് കാണേണ്ടത് തന്നെയാണ്.

ഡാർക്ക് മോഡിലുള്ള ഈ ത്രില്ലർ ആവേശത്തിൻറെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞു എന്ന് ഞാൻ ഒരു സംശയവുമില്ലാതെ തന്നെ പറയാൻ കഴിയും. അത്രയ്ക്ക് തകർപ്പൻ തിരക്കഥ.അടുത്ത സീനിൽ എന്ത് നടക്കും എന്നും പറയാൻ കഴിയാത്ത അത്ര വിധം ഒരുക്കിയിരിക്കുന്നു.  ആക്ഷൻ രംഗങ്ങൾ അനവധി ഇല്ലാത്ത ഒരു ആക്ഷൻ ചിത്രമാണിത് എന്നതും ഒരു വ്യത്യസ്തത പുലർത്തുന്നു. എന്നാൽ ഉള്ളത് കിടിലനും. തുടക്കം മുതൽ അവസാനം വരെയുള്ള cat n mouse ഗേമിൽ ആര് ജയിക്കും എന്ന ചോദ്യം പ്രേക്ഷകൻറെ മനസ്സിൽ ഉരുത്തിരിയുന്നു. അസാധാരണമായ ക്യാമറവർക്ക്, സ്യോളിൻറെ സൌന്ദര്യം അങ്ങിനെ തന്നെ ആവാഹിച്ചെടുത്തിരിക്കുന്നതു കൂടാതെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന ആങ്കിളുകളും കാണാൻ രസം കൂട്ടും.  കത്രിക ചലിപ്പിച്ച അദ്ദേഹവും  (പേരറിയില്ല) ചിത്രത്തിൻറെ വേഗത കൂട്ടി എന്ന് പറയാം. മികച്ച ഒരു ക്ലൈമാക്സ് ഈ ചിത്രത്തിനുണ്ട് എന്നത് വേറെ കാര്യം.

കൊറിയൻ സിനിമകളിലെ നല്ല ചിത്രങ്ങളുടെ നായക സാന്നിധ്യം ആണ് വൂ സുങ്ങ് ജങ്ങ്. അദ്ദേഹം ആദ്യമായി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. പതിവ് പോലെ തൻറെ റോൾ ഭംഗിയാക്കി. നായിക ഹാൻ ഹ്യോ ജോ വളരെ ക്യൂട്ട് ആയിരുന്നു. നല്ല അഭിനയവും. എന്തോ കൊറിയൻ സുന്ദരികൾ മറ്റുള്ളവരിൽ നിന്നും നല്ല വ്യത്യസ്തത തോന്നാറുണ്ട്. ഡിറ്റക്ടീവ് ഹ്വാങ്ങ് ആയി അഭിനയിച്ച സോൾ ക്യൂങ്ങ് ജോ, തന്റെ റോൾ നന്നായി തന്നെ അവതരിപ്പിച്ചു. എല്ലാ കഥാപാത്രങ്ങൾക്കും അവരുടെതായ സ്ക്രീൻ സ്പേസ് കൊടുത്തിട്ടുണ്ട് സംവിധായകർ. എല്ലാവരും നൽകാവുന്നതിന്റെ മേലെ പ്രകടനവും നടത്തിയിട്ടുണ്ട്.

ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ , ഒരിക്കൽ പോലും ഒഴിവാക്കാൻ പാടില്ലാത്ത ചിത്രങ്ങളിൽ ഒന്ന്. നിങ്ങളെ ഇത് നിരാശരാക്കില്ല എന്ന് ഞാൻ ഉറപ്പു.

എന്റെ റേറ്റിംഗ് 9 ഓൺ 10

ഒറിജിനൽ ചിത്രമായ ഐസ് ഓൺ ദി സ്കൈയിൽ അഭിനയിച്ച സൈമൺ ലൗ ഈ ചിത്രത്തിൻറെ അവസാനം ഒരു കാമിയൊ റോൾ ചെയ്തിട്ടുണ്ട്.

Sunday, May 22, 2016

159. Maruthu (2016)

മരുത് (2016)



Language : Tamil
Genre : Action | Drama | Family | Romance
Director : Muthaiah
IMDB : 

Maruthu Theatrical Trailer


മുത്തൈയ്യ ഇത് വരെ മൂന്നു സിനിമ സംവിധാനം ചെയ്തിട്ടുണ്ട് അങ്ങനെ പറയുന്നതിലും ഭേദം ഒരു സിനിമ മൂന്നു പേരെ നായകരാക്കി സംവിധാനം ചെയ്തു എന്ന് പറയുന്നതാവും. ആദ്യ ചിത്രം അമ്മ-മകൻ, രണ്ടാം ചിത്രം മരുമകൻ-ഭാര്യാപിതാവ്, ദാ ഇപ്പോൾ മുത്തശ്ശി-കൊച്ചുമകൻ ബന്ധം പിന്നെ ഇടയിൽ ഒരു കാമുകി / ഭാര്യ പിന്നെ എണ്ണാൻ കഴിയാത്ത അത്രയും വില്ലന്മാർ. എല്ലാം ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ തന്നെ, പുട്ടിനു പീര എന്നാ രീതിയിൽ പാട്ടുകളും. 

മരുത് ഒരു ചുമട്ടു തൊഴിലാളിയാണ്. അപ്പത്തായും (അമ്മൂമ്മ) സുഹൃത്ത് ശക്തിയുമൊത്തു സന്തോഷമായി ഗ്രാമത്തിൽ ജീവിക്കുന്നു. തെറ്റ് കണ്ടാൽ അതിലിടപെടുന്ന കോപക്കാരനായ യുവാവ്‌ ആണ് മരുത്. ഭാഗ്യലക്ഷ്മിയെ ഒരു നാൾ കണ്ടു മുട്ടി പ്രനയത്തിലുമാകുന്നു. അവിടുത്തെ ലോക്കൽ ഗുണ്ടയും എംഎൽഎ സ്ഥാനത്തിനു വേണ്ടി മത്സരിക്കാൻ പോകുന്ന റോളെക്സ് പാണ്ട്യനുമായി ഭാഗ്യലക്ഷ്മിക്ക് വേണ്ടി കൊമ്പ് കോർക്കുന്നു. പിന്നീടു അവർ തമ്മിലുള്ള യുദ്ധമാണ് സുഹൃത്തുക്കളെ യുദ്ധമാണ് നടക്കാൻ പോകുന്നത്. ഈ യുദ്ധത്തിൽ ആര് ജയിക്കും എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലാകുമല്ലോ.

നായകനെ വാനോളം പുകഴ്ത്തുന്ന സ്ഥിരം ക്ലീഷേ അല്ലാത്ത സീൻ ഉണ്ട്. അതിനു പുറകെ പുതിയ രീതിയാണെന്ന് തോന്നുന്നു, ഒരു ടപ്പാങ്കുത്തു ഇൻട്രോ സൊങ്ങ് ഉണ്ട്. നായകൻ നായികയെ കാണുന്നു, പിന്നീട് നായികയെ വളയ്ക്കാൻ വേണ്ടി നടക്കുന്നു കുറെ ടോപ്‌ ക്ലാസ് സീനുകൾ ഉണ്ട്. ബോറടിച്ചു ചാകാൻ ഇതൊന്നും പോരാ എന്നുണ്ടെങ്കിൽ കുറെ പാട്ടുകളും ഉണ്ട്. എങ്ങിനെയാണോ എന്നറിയില്ല, നമ്മളൊക്കെ ഇത്രയും ഡീസൻറ് ആയി നടന്നിട്ട് ഒരു പെണ്ണ് പോലും തിരിഞ്ഞു നോക്കില്ല. തമിഴിലെ നായകന്മാർ അണ്ടർവെയറും അല്പ്പം സ്വല്പം റൌഡിസവുമായി നടന്നാൽ പ്രേമിക്കാൻ നൂറു പെമ്പിള്ളേരാ, എന്താ വിരോധാഭാസം. വില്ലൻ നല്ല ഗെറ്റപ്പ് ഉണ്ട്, പുതിയ ആളാണെന്നു തോന്നുന്നു, ഇവിടുത്തെ കീഴ്വഴക്കങ്ങൾ ഒന്നും അറിയില്ല എന്ന് തോന്നുന്നു. എന്തൊക്കെ ജാഡ കാണിച്ചു കൊലമാസ് വില്ലനായാലും നായകൻറെ ചവിട്ടും ഇടിയും വാങ്ങാനാണല്ലോ വിധി എന്നറിയാതെ ആണെന്ന് തോന്നുന്നു പുള്ളി അഭിനയിച്ചു കൂട്ടിയത്. എന്തായാലും ആളുടെ ശബ്ദവും എടുപ്പും ഒക്കെ ഒരു ഗ്രാമത്തിലെ വില്ലനും ചേരും. എനിക്കിപ്പോഴും ഓർമ്മയുണ്ട്, പശുപതി എന്ന നടൻ ധൂളിലൂടെ വില്ലനായി തുടക്കം കുറിച്ചത്. അമ്മാതീ ലുക്ക്‌. കൊച്ചുമകനെ പൊക്കി പറയാൻ ഈ ചിത്രത്തിലും ഒരു അമ്മൂമ്മ ഉണ്ട്. ആക്ഷൻ  വലിയ തരക്കേടില്ലായിരുന്നു. റബർ ഘടിപ്പിച്ച മണ്ണും, തല്ലു വാങ്ങാൻ വേണ്ടി തങ്ങളുടെ ഊഴം കാത്തു നിൽക്കുന്ന അടിയാളുകളും ഒന്നും ക്ലീഷേയുടെ ഭാഗമല്ലാത്തതു കൊണ്ട് കാണാൻ നല്ല രസം ആയിരുന്നു.
ഡി ഇമാൻറെ പാട്ടുകൾ കുഴപ്പമില്ലായിരുന്നു, പശ്ചാത്തല സംഗീതവും തരക്കേടില്ലായിരുന്നു.

വിശാൽ ഈ സ്ഥിരം ടൈപ് ചിത്രങ്ങൾ തിരഞ്ഞെടുക്കാതിരിക്കുന്നതാവും നല്ലത്. കണ്ടു മടുത്ത കഥ, അതിലും കണ്ടു മടുത്ത നായക കഥാപാത്രം. എന്നാൽ വിശാലിൻറെ കൈകളിൽ മരുത് എന്ന കഥാപാത്രം ഭദ്രമായിരുന്നു. മനോരമ കാലാവശേഷം ആയപ്പോൾ ബാക്കി വെച്ച മുത്തശ്ശി കഥാപാത്രത്തിന് പുതിയ ഒരാളെ കണ്ടെത്തി എന്നാ ആശ്വാസം ഉണ്ട് ഇതിലെ കുളപ്പുള്ളി ലീല എന്ന മലയാളി ചെയ്ത കഥാപാത്രം. സൂരി, തരക്കേടില്ല. അവസാനത്തെ സെൻറി സീൻ സൂരി നല്ലതാക്കി. ശ്രീദിവ്യ ഗ്രാമീണ സുന്ദരി കഥാപാത്രം നന്നാക്കി. രാധാരവി ഇതിലൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞിൽ അറുപതുകളിലെ സ്ഥിരം കണ്ടു മടുത്ത കഥയും അതിലുമുപരി തേഞ്ഞു പഴകിയ സംവിധാനവും കൊണ്ട് ഒരു തട്ടിക്കൂട്ട് ചിത്രം എന്നതിലുപരി മറ്റൊന്നും മരുതിനു തരാൻ കഴിയുന്നില്ല.
മണ്ണിൻറെ ഗന്ധമുള്ള ആക്ഷൻ ചിത്രം ഇഷ്ടപ്പെടുന്നവർക്ക് മാത്രം ചെലപ്പോൾ ഇഷ്ടമായെക്കാം.

എന്റെ റേറ്റിംഗ് 3.9 ഓൺ 10

Saturday, May 21, 2016

158. Unit 7 (Grupo 7) (2012)

യൂണിറ്റ് 7 (ഗ്രൂപോ 7) (2012)




Language : Spanish (Spain)
Genre : Action | Crime | Drama
Director : Alberto Rodriguez
IMDB : 6.5

Grupo 7 Theatrical Trailer


മയക്കു മരുന്നിനാൽ മൂടപ്പെട്ട സ്പെയിൻ എക്സ്പോ 92 പ്രദർശനത്തിനു വേണ്ടി ഒരുങ്ങുകയാണ്. 1992നു മുൻപ് മയക്കുമരുന്ന് മുഴുവൻ നിർമാർജനം ചെയ്യാൻ വേണ്ടി ഗ്രൂപോ 7 അല്ലെങ്കിൽ യൂനിറ്റ് 7 എന്ന ഒരു പോലീസ് ഗ്രൂപ്പിനെ  അവിടുത്തെ ഭരണകൂടം രൂപീകരിക്കുന്നു. റാഫേൽ, ഏഞ്ചൽ, മറ്റെയൊ, മിഗ്വേൽ എന്ന 4 പേർ അടങ്ങുന്നതാണ് ഗ്രൂപ്പോ 7. വ്യത്യസ്ത സ്വഭാവങ്ങളുള്ള ഇവർ  യുവാവായ ഏഞ്ചൽ ഡിറ്റക്ടീവ് ആകണം എന്ന ഒരു ലക്ഷ്യത്തോട് കൂടിയും ആക്രമണ സ്വഭാവം ഉള്ള എന്നാൽ നല്ല ഒരു പോലീസ് ഓഫീസറുമായ റാഫേൽ, തമാശക്കാരായ എന്നാൽ ജോലിയിൽ അർപ്പണമനോഭാവമുള്ള മറ്റെയൊയും മിഗ്വേലും, തങ്ങളുടെ ഉദ്യമം സാക്ഷാത്കരിക്കാൻ ഏതു അറ്റവും വരെ പോകാൻ തയാറാവുന്നു. പക്ഷെ, അതിനവർ ഒത്തിരി വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്നു. 

ഞാൻ ഈ ചിത്രം കാണാൻ എനിക്ക് പ്രചോദനം നൽകിയത് സംവിധായകനായ അൽബെർട്ടോ റോഡ്രിഗെസ് സംവിധാനം ചെയ്ത La Isla Manama (Marshland)  എന്നാ ചിത്രം കണ്ടതിനു ശേഷമാണ്. വളരെ നല്ല രീതിയിൽ ഈ ചിത്രം അവതരിക്കപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ ഒരു മുഴുനീള ആക്ഷൻ ചിത്രത്തിൻറെ പ്രതീതി നൽകുന്നുവെങ്കിലും അത് പതിയെ ചിത്രത്തിൻറെ മുഖ്യകഥാപാത്രങ്ങളായ റാഫേലിൻറെയും ഏഞ്ചലിന്റെയും ജീവിതത്തിലൂടെ കടന്നു പോകുന്നു. രണ്ടു പേരുടെയും സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ പിന്നീട് സിനിമയുടെ വിഷയം ആകുന്നതു. ഏഞ്ചലിന്റെ അഭിലാഷം അവനിൽ ഒരു ലഹരിയായി മാറുകയും. ആക്രമണകാരിയായ റാഫേൽ ഒരു പെൺകുട്ടി ജീവിതത്തിൽ വരുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളും സംവിധായകൻ  പിന്നീട് ചിത്രം വിഷയം ആക്കുന്നു. കഥാപാത്രങ്ങളെ പ്രേക്ഷകൻറെ മനസ്സിൽ രേഖപ്പെടുത്താൻ അധികം സമയം എടുത്തില്ലെന്ന് മാത്രമല്ല, കഥ പറച്ചിലിന് കൂടെ തന്നെ അത് നിർവഹിച്ചിരിക്കുന്നു. പക്ഷെ എനിക്ക് പെട്ടെന്ന് ദഹിക്കാതെ പോയത് ചിത്രത്തിൻറെ പര്യവസാനം പെട്ടെന്ന് പൂർത്തീകരിച്ചത് പോലെ തോന്നി.

ക്യാമറവർക്ക് മികച്ചു നിന്നു, സ്പെയിനിലെ പ്രാന്തപ്രദേശങ്ങളും, ചേരിയും ഒക്കെ മനോഹരമായി ഒപ്പിയെടുക്കാൻ ക്യാമാറാമാന് കഴിഞ്ഞു. പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അനാവശ്യമായിട്ട് ബഹലങ്ങളൊന്നും ഇല്ലായിരുന്നു സംഗീതത്തിൽ.

മുഖ്യ കഥാപാത്രങ്ങളായ എഞ്ചലെയും റാഫെലിനെയും യഥാക്രമം അവതരിപ്പിച്ച മരിയോ കാസസ്, അന്ടോനിയോ ദോ ലെ ടോരെ നൂറു ശതമാനവും അവരുടെ റോളുകളിൽ നീതി പുലർത്തി. ഒരു സാഹസികനും കുടുംബസ്ഥനും എന്നാൽ വളരെയധികം അഭിലാഷങ്ങളും മനസിലുള്ള എഞ്ചലിൻറെ കഥാപാത്രം മരിയോയുടെ കയ്യിൽ ഭദ്രമായിരുന്നു. എഞ്ചലിൻറെ  ഭാര്യയായി അഭിനയിച്ചത് സുന്ദരിയായ ഇന്മ ക്വെസ്റ്റ ആണ്. വളരെ കുറഞ്ഞ സമയം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും നല്ല രീതിയിൽ അഭിനയിച്ചു. ഇവരുടെ പങ്കാളികൾ ആയ പോലീസുകാരെ അവതരിപ്പിച്ച ജൊഖ്വിൻ നൂനസും ഹോസെ മന്വെലും നല്ല അഭിനയം കാഴ്ച വെച്ച്. ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ വന്നു പോകുന്ന അഭിനേതാക്കൾ ആരും മോശം അഭിനയം കാഴ്ച വെച്ചതായി തോന്നിയില്ല.

അധികം മോശമല്ലാത്ത കഥയിൽ തരക്കേടില്ലാത്ത വേഗതയിൽ സമ്മാനിച്ച നല്ല ഒരു പോലീസ്  ആക്ഷൻ  ചിത്രമാണിത്. പോലീസ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊന്നു കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.4 ഓൺ 10